വെസ്റ്റ്ഹാമിനെ വീഴ്ത്തി എവർടൺ; റെലെഗെഷൻ സോണിൽ നിന്നും പുറത്ത്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നിർണായക വിജയവുമായി എവർടൺ. വെസ്റ്റ്ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൊമിനിക് കാൾവെർട് ലൂയിന്റെ ഏക ഗോളിന്റെ പിൻബലത്തിൽ ഷോൺ ഡൈഷും സംഘവും മൂന്ന് പോയിന്റ് കാരസ്ഥമാകുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ പതിനാറാം സ്ഥാനത്താണ് എവർടൺ. വെസ്റ്റ്ഹാം ഒൻപതാമത് തുടരുകയാണ്.

ആദ്യ പകുതിയിൽ എവർടണായിരുന്നു ചെറിയ മുൻതൂക്കം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആവർക്കായില്ല. തുടക്കത്തിൽ മികച്ച നീക്കങ്ങൾ നടത്തിയ വെസ്റ്റ്ഹാം പിന്നീട് പിറകോട്ടു പോയി. പക്വെറ്റയുടെ പാസിൽ ബോക്സിനുള്ളിൽ ബോവന് ലഭിച്ച മികച്ച അവസരം ലക്ഷ്യം കാണാൻ ആയില്ല. ഹാരിസന്റെ ഷോട്ട് അരെയോള കൈക്കലാക്കി. മാക്നീലിന്റെ ക്രോസിൽ നിന്നും ഒനാനയുടെ ഹെഡർ ശ്രമവും ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരം സൃഷ്ടിച്ചു. വാർഡ് പ്രോസിന്റെ ഫ്രീകിക്കിൽ നിന്നും ബോവന്റെ ഹെഡർ പോസ്റ്റിൽ നിന്നും അകന്ന് പോയി. 51ആം മിനിറ്റിൽ എവർടൻ ലീഡ് എടുത്തു. ഹാരിസന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ എതിർ താരങ്ങളെ മറികടന്ന് കാൾവേർട് ലുയിനാണ് ഗോൾ കണ്ടെത്തിയത്. ബോവന്റെ ലോങ് റേഞ്ച് ശ്രമം ഫലം കാണാതെ പോയി. ഡോക്കോറെയുടെ ഹെഡർ ശ്രമവും ലക്ഷ്യം കണ്ടില്ല. കാൾവെർട് ലൂയിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ എതിർ ബോക്സിന് ചുറ്റും തമ്പടിച്ച വെസ്റ്റ്ഹാം സമനില ഗോളിനായി ശ്രമം ശക്തമാക്കി. എന്നാൽ എവർടൻ പ്രതിരോധം ഉറച്ചു നിന്നതോടെ വെസ്റ്റ്ഹാമിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

സമനിലയിൽ പിരിഞ്ഞു ന്യൂകാസിലും വോൾവ്സും; തുല്യ ശക്തികളുടെ പോരാട്ടത്തിനോടുവിൽ പോയിന്റ് പങ്കിട്ടു

രണ്ടു തവണ ലീഡ് വഴങ്ങിയിട്ടും മത്സരം വിട്ടുകൊടുക്കാതെ വോൾവ്സിന്റെ ആവേശോജ്വല പോരാട്ടം കണ്ട മത്സരത്തിന് ഒടുവിൽ സമനില വഴങ്ങി ന്യൂകാസിൽ. വോൾവ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. കല്ലം വിൽസൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലെമിനയും ഹ്വാങും വോൾവ്സിന് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ ന്യൂകാസിലിന്റെ ആറാം സ്ഥാനം ഭീഷണിയിൽ ആയി. വോൾവ്സ് 12ആമതാണ്.

തുടക്കം മുതൽ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു മത്സരം. ലോങ്സ്റ്റെഫിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയപ്പോൾ കുയ്നയുടെ ഷോട്ട് പോപ്പ് കൈക്കലാക്കി. 22ആം മിനിറ്റിൽ ന്യൂകാസിൽ ലീഡ് എടുത്തു. ഗോർഡോന്റെ ക്രോസിലൂടെ എത്തിയ ബോളിൽ കീപ്പർക്ക് പിഴച്ചപ്പോൾ വിൽസൺ വല കുലുക്കുകയായിരുന്നു. എന്നാൽ വോൾവ്സ് കീപ്പർ സായെ ലോങ്സ്റ്റാഫ് ഫൗൾ ചെയ്തെന്ന സംശയം തോന്നിയതിനാൽ വാർ ചെക്കിന് ശേഷമാണ് ഗോൾ അനുവദിച്ചത്. പിന്നീടും ഇരു ഭാഗത്തും അവസരങ്ങൾ പിറന്നു. 36ആം മിനിറ്റിൽ വോൾവ്സ് സമനില നേടി. നെറ്റോയുടെ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ലെമിനയാണ് വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ ന്യൂകാസിൽ ലീഡ് വീണ്ടെടുത്തു. സ്കാറിനെ ഹ്വാങ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. നീണ്ട വാർ ചെക്കിന് ശേഷം പെനാൽറ്റി ശരിവെച്ചപ്പോൾ കിക്ക് എടുത്ത വിൽസണിന്റെ ഷോട്ടിൽ കീപ്പർക്ക് കൈവെക്കാൻ ആയെങ്കിലും പന്ത് വലയിൽ എത്തുന്നത് തടയാൻ സാധിച്ചില്ല.

രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചു. എങ്കിലും പതിയെ വോൾവ്സ് മത്സരത്തിൽ ചെറിയ മേധാവിത്വം നേടിയെടുത്തു. 71ആം മിനിറ്റിൽ ഹ്വാങ്ങിലൂടെ അവർ വീണ്ടും സ്‌കോർ നില തുല്യമാക്കി. പ്രതിരോധ താരം ടോറ്റി ഡ്രിബ്ബിൽ ചെയ്തു കയറി നൽകി അവസരം ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം ഹ്വാങ് അതിമനോഹരമായി വലയിൽ എത്തിച്ചു. ട്രിപ്പിയറുടെ ക്രോസിൽ നിന്നും സ്കാറിന്റെ ഹെഡർ അകന്ന് പോയി. അവസാന നിമിഷം ഗോളിനായി ന്യൂകാസിൽ ശ്രമം നടത്തിയെങ്കിലും വോൾവ്സ് ഉറച്ചു നിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

അവസാന നിമിഷം മുംബൈയെ സമനിലയിൽ തളച്ച് ഹൈദരാബാദിന്റെ തിരിച്ചു വരവ്

ഐഎസ്എൽ ഇന്ന് നടന്ന പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു മുംബൈ എഫ്സിയും ഹൈദരാബാദും. പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ലീഡ് എടുത്ത മുംബൈ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഹൈദരാബാദ് സമനില ഗോൾ കണ്ടെത്തി. ഇരു ടീമുകളും നേടിയ ഗോളുകൾ സെൽഫ് ഗോളുകൾ ആയിരുന്നു. മൂന്ന് തുടർ തോൽവികൾ നേരിട്ട ഹൈദരാബാദിന്റെ ആദ്യ പോയിന്റ് ആണ് ഇന്ന് നേടിയത്. എങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ് അവർ. മുംബൈ അഞ്ചാമതാണ്.

മുംബൈക്ക് ആയിരുന്നു തുടക്കത്തിൽ മേധാവിത്വം. അഞ്ചാം മിനിറ്റിൽ വിക്രം പ്രതാപിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. എന്നാൽ ഹൈദരാബാദ് താരം ജോ നോൾസിനെ ഫൗൾ ചെയ്തതിന് മുംബൈ കീപ്പർക്ക് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോകേണ്ടി വന്നതോടെ മത്സരം മാറി മറിഞ്ഞു. കോർണറിൽ നിന്നും ആകാശ് മിശ്രയുടെ ശ്രമം കീപ്പർ തടഞ്ഞു. ജോ നോൾസിന്റെ ലോങ് റേഞ്ച് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. നിഖിൽ പൂജാരിയുടെ ക്രോസിൽ നിന്നും ആരോൺ ഡിസിൽവ ഓപ്പൺ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിലും ആളെണ്ണം തിരിച്ചടി ആയെങ്കിലും ഹൈദരാബാദ് ലീഡ് നേടുന്നത് തടയാൻ തുടക്കത്തിൽ മുംബൈക്കായി. 75ആം മിനിറ്റിൽ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് അവർ ലീഡ് എടുക്കുകയും ചെയ്തു. ബോക്സിനുളിൽ എതിർ തരങ്ങൾക്കിടയിലൂടെ ഗ്രെഗ് സ്റ്റുവർട്ട് നൽകിയ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത ബിപിൻ പോസ്റ്റിന് കണക്കാക്കി നൽകിയ പന്ത് മനോജ് മുഹമ്മദിന്റെ കാലുകളിൽ തട്ടി വലയിലേക്ക് പതിച്ചു. ഇതോടെ മത്സരം മുംബൈയുടെ വഴിക്കെന്ന് തോന്നിച്ചു. ഹൈദരാബാദിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനും സാധിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഹൈദരാബാദ് കാത്തിരുന്ന ഗോൾ എത്തി. ജോനോൾസിന്റെ ക്രോസ് നൽകാനുള്ള ശ്രമം റ്റിരിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് മുംബൈക്ക് തിരിച്ചു വരാനുള്ള സമയവും ഉണ്ടാവാതിരുന്നതോടെ ഒരു ടീമുകളും പോയിന്റ് പങ്കു വെച്ചു.

ഐ ലീഗ്; ഇഞ്ചുറി ടൈം ഗോളിൽ സമനില വഴങ്ങി ഗോകുലത്തിന് തുടക്കം

കോഴിക്കോട് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം കേരളക്ക് സമനില തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ കാശിയുമായാണ് ഗോകുലം പോയിന്റ് പങ്കു വെച്ചത്. രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. സാഞ്ചസ്, നൗഫൽ എന്നിവർ ഗോകുളത്തിന്റെ ഗോൾ നേടിയപ്പോൾ ലാൽറിന്റിക, ആസിഫ് ഖാൻ എന്നിവർ ഇന്റർ കാശിക്ക് വേണ്ടിയും വല കുലുക്കി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഗോകുലം ലീഡ് എടുത്തു. ബോക്‌സിന്റെ വലത് ഭാഗത്ത് നിന്നും ശ്രീകുട്ടൻ നൽകിയ പാസ് ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് അനായാസം വലയിലേക്ക് തട്ടിയിട്ടു. സാഞ്ചസിനെ മറ്റൊരു മികച്ചൊരു ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. 29ആം മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ നേടി. മാരിയോ വിലർ പൊസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ഒന്ന് ടച്ച് ചെയ്യേണ്ട ചുതലയെ ജോർദാൻ ലമേലക്ക് ഉണ്ടായിരുന്നുള്ളൂ. കോർണറിൽ നിന്നും അമിനോ ബോബയുടെ ഹെഡർ ശ്രമം പൊസിറ്റിലിടിച്ചു മടങ്ങി. ഇന്ററിന്റെ പീറ്റർ ഹാക്കിയുടെ ഹെഡർ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിലും ഇരു ടീമുകളും ഒരു പോലെ മുന്നേറ്റം തുടർന്നു. 54ആം മിനിറ്റിൽ ഗോകുലം ലീഡ് തിരിച്ചു പിടിച്ചു. പിറകിൽ നിന്നെത്തിയ ലോങ് ബോൾ നൗഫൽ മുന്നോട്ട് കയറി വന്ന കീപ്പർക്ക് മുകളിലൂടെ വലയിലേക്ക് എത്തിച്ചു. ഇതോടെ ഇന്റർ സമനില ഗോളിനായി നീക്കം തുടങ്ങി. ജോർഡൻ ലമേലയുടെ തകർപ്പൻ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ഗോകുലം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്നും മാർക്കോ വിഡാൽ ഉയർത്തി നൽകിയ പന്ത് കൈകലാക്കുന്നതിൽ കീപ്പർക്ക് പിഴച്ചപ്പോൾ അവസരം മുതലെടുത്തു ആസിഫ് ബോൾ വലയിലേക്ക് തട്ടിയിട്ടു. ഇതോടെ ഗോകുലത്തിന്റെ പുതിയ സീസൺ സമനിലയോടെ ആരംഭം കുറിച്ചു

ജൂഡ് തന്നെ താരം; എൽ ക്ലാസിക്കോയിൽ തകർപ്പൻ തിരിച്ചു വരവ് ജയവുമായി റയൽ മാഡ്രിഡ്

ലീഡ് വഴങ്ങിയ ശേഷം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഡ്രിഡിന്റെ ജയം. ജൂഡ് ബെല്ലിങ്ഹാം തന്നെ റയലിന്റെ രണ്ടു ഗോളുകളും നേടിയപ്പോൾ ഗുണ്ടോഗൻ ബാഴ്‌സയുടെ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്താനും റയലിനായി.

ആദ്യ പകുതിയിൽ ബാഴ്‌സക്ക് ആയിരുന്നു മുൻതൂക്കം. പ്രതീക്ഷകൾക്ക് വിപരീതമായി ശക്തമായ റയൽ മധ്യനിരയെ പിടിച്ചു കെട്ടാനും അവസരങ്ങൾ ഒരുക്കാനും ബാഴ്‌സ മിഡ്ഫീൽഡിനായി. ഫെർമിൻ ലോപസ്, ഗുണ്ടോഗൻ, കാൻസലോ എന്നിവരുടെ പ്രകടനം നിർണായകമായി. വിനിഷ്യസിന് അരോഹോ തടയിട്ടു. ആറാം മിനിറ്റിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ലീഡ് എടുത്തു. ഫെറാൻ ടോറസുമായി പാസ് ചെയ്തു മുന്നേറാനുള്ള ഗുണ്ടോഗന്റെ ശ്രമം തടയിടാൻ റയൽ പ്രതിരോധം ശ്രമിച്ചെങ്കിലും അലാബയുടെ ടാക്കിൽ ബോസ്‌കിലേക്ക് ഓടിക്കയറിയ ജർമൻ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ പന്തെത്തിച്ചു. കെപ്പയേയും മറികടന്ന് ഗുണ്ടോഗൻ പന്ത് വലയിൽ എത്തിച്ചു. താരത്തിന്റെ ബാഴ്‌സക്ക് വേണ്ടിയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ഫെർമിൻ ലോപസിന്റെ മികച്ചൊരു ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. അതേ സമയം റയലിൽ നിന്നും കാര്യമായ അവസരങ്ങൾ ഉണ്ടായില്ല. റുഡിഗറുടെ ലോങ് റേഞ്ചറും ക്രൂസിന്റെ മികച്ചൊരു പാസിൽ കർവഹാളിന്റെ ഷോട്ട് സൈഡ് നെറ്റിൽ അവസാനിച്ചതും ആയിരുന്നു റയലിന്റെ മികച്ച അവസരങ്ങൾ.

രണ്ടാം പകുതിയിൽ മാഡ്രിഡ് തിരിച്ചു വരവിന്റെ സൂചനകൾ നൽകി. തുടക്കത്തിൽ റോഡ്രിഗോക്ക് ലഭിച്ച അവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഇനിഗോയുടെ ഹെഡർ ശ്രമം പോസ്റ്റിലിടിച്ചു മടങ്ങിയപ്പോൾ പിറകെ അരോഹോയുടെ ശ്രമം കെപ്പ തടഞ്ഞു. ക്രൂസിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞു. കാൻസലോയുടെ ഷോട്ട് റയൽ പ്രതിരോധം തടയിട്ടു. ചൗമേനിയുടെ ഷോട്ടും കീപ്പർ കൈക്കലാക്കി. പകരക്കാരനായി മോഡ്രിച്ച് എത്തിയതോടെ മാഡ്രിഡ് പൂർണമായും ആധിപത്യം പുലർത്തി. 68ആം മിനിറ്റിൽ റയൽ സമനില ഗോൾ കണ്ടെത്തി. റയലിന്റെ മുന്നേറ്റം ക്ലിയർ ചെയ്യനുള്ള ശ്രമം ബോക്സിന് പുറത്തു അവസരം കാത്തിരുന്ന ബെല്ലിങ്ഹെലിന്റെ കാലുകളിലേക്ക് പന്തെത്തിച്ചപ്പോൾ താരത്തിന്റെ തകർപ്പൻ ഒരു ലോങ് റേഞ്ചർ റ്റെർ സ്റ്റഗന് യാതൊരു അവസരവും നൽകാതെ വലയിലേക്ക് തന്നെ പതിച്ചു. പിന്നീട് റാഫിഞ്ഞയും ലെവെന്റോവ്സ്കിയും കളത്തിൽ എത്തിയതോടെ ബാഴ്‌സയും പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇതോടെ ഇരു ഭാഗത്തേക്കും പന്ത് തുടർച്ചായി എത്തി. ഇഞ്ചുറി ടൈമിൽ ജൂഡ് തന്നെ റയലിന്റെ വിജയ ഗോൾ കണ്ടെത്തി. കർവഹാളിന്റെ ക്രോസിൽ കൃത്യമായി ബോക്സിലേക്ക് എത്തിയ താരത്തെ തടയാൻ പ്രതിരോധ താരങ്ങൾക്ക് പിഴച്ചപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. ഇതോടെ റയൽ മൂന്ന് പോയിന്റും സ്വന്തമാക്കി.

ഗോൾ കണ്ടെത്താനാവാതെ ചെൽസി; ബ്രെന്റ്ഫോർഡിനെതിരെ തോൽവി

ലഭിച്ച അവസരങ്ങൾ മുതലെടുക്കുന്നത്തിൽ അമ്പേ പരാജയപ്പെട്ട ചെൽസിക്ക് പ്രീമിയർ ലീഗിൽ മറ്റോരു തോൽവി. പ്രീമിയർ ലീഗിൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോച്ചറ്റിനോയും സംഘവും അടിയറവ് പറഞ്ഞത്. പിന്നൊക്ക്, എംബ്വെമോ എന്നിവർ ഗോൾ കണ്ടെത്തി. ഇതോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി 11ആം സ്ഥാനത്താണ് ചെൽസി. ബ്രെന്റ്ഫോർഡ് പത്താം സ്ഥാനത്തേക്ക് കയറി.

ആദ്യ പകുതിയിൽ അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ ഇരുന്നത് ചെൽസിക്ക് ലീഡ് എടുക്കുന്നതിന് തടസമായി. കൗണ്ടർ നീക്കത്തിൽ പാമറുടെ പാസ് ബോസ്‌കിനുള്ളിൽ സ്റ്റെർലിങ്ങിന് നിയന്ത്രിക്കാൻ സാധിക്കാതെ പോയപ്പോൾ മഡ്വെക്കെയുടെ മികച്ചൊരു ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. പാമർ തന്നെ ഒരുക്കിയ മറ്റൊരു അവസരത്തിൽ ത്രൂ ബോൾ പിടിച്ചെടുത്തു കുക്കുറെയ്യ പോസിറ്റിന് തൊട്ടു മുൻപിൽ നിന്നും തൊടുത്ത ഷോട്ട് പക്ഷെ കീപ്പർക്ക് നേരെ ആയിരുന്നു. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പിറകെ സ്റ്റർലിങ്ങിന്റെ ഷോട്ടും പോസിറ്റിൽ നിന്നും അകന്ന് പോയി. ബ്രെന്റ്ഫോർഡ് താരം റോർസ്ലെവ് സ്റ്റർലിങ്ങിനെ ഫൗൾ ചെയ്തതിന് ചെൽസി താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പല കൗണ്ടർ അറ്റാക്ക് നീക്കങ്ങളും ബ്രെന്റ്ഫോർഡും നടത്തി എങ്കിലും ഒന്നും അപകടം സൃഷ്ടിക്കാതെ കടന്ന് പോയി.

രണ്ടാം പകുതിയിൽ ബ്രെന്റ്ഫോർഡ് കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി. ബോക്സിനുള്ളിൽ നിന്നും യാനെൽറ്റിന് ലഭിച്ച സുവർണാവസരം പക്ഷെ സാഞ്ചസ് കൃത്യമായി തടുത്തത് ചെൽസിക്ക് ആശ്വാസമായി. എന്നാൽ 58ആം മിനിറ്റിൽ ബ്രെന്റ്ഫോർഡ് തന്നെ മത്സരത്തിൽ ലീഡ് എടുത്തു. എംബ്വെമോയുടെ ക്രോസിലേക്ക് ഉയർന്ന് ചാടി പിന്നോക്ക് തൊടുത്ത ഷോട്ട് വലയിലേക്ക് കയറുമ്പോൾ ചെൽസി പ്രതിരോധത്തിന് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ. പിന്നീടും പന്തിലുള്ള ആധിപത്യം ചെൽസിക്ക് തന്നെ ആയിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആദ്യ പകുതിയിൽ നിന്നും അവർ പിറകോട്ടു പോയി. റീസ് ജെയിംസ് നൽകിയ മികച്ചൊരു ക്രോസിലേക്ക് ചെൽസി താരങ്ങൾക്ക് എത്താൻ സാധിച്ചില്ല. മത്സരം മുഴുവൻ സമയത്തിലേക്ക് കടക്കുമ്പോൾ ലഭിച്ച അവസരങ്ങൾ ബ്രെന്റ്ഫോർഡിനും ലക്ഷ്യത്തിൽ എതിക്കാനായില്ല. ആദ്യ ഷോട്ട് സാഞ്ചസ് തടുത്തപ്പോൾ റീബൗണ്ടിൽ എംബ്വെമോയുടെ ശ്രമം സൈഡ് നെറ്റിൽ അവസാനിച്ചു. അവസാന മിനിറ്റിൽ ബ്രെന്റ്ഫോർഡ് ലീഡ് ഇരട്ടിയാക്കി. ചെൽസിക്ക് ലഭിച്ച കോർണറിന് കീപ്പറും എതിർ ബോക്സിലേക്ക് എത്തിയപ്പോൾ കൗണ്ടർ നീക്കം മുതലെടുത്താണ് സന്ദർശകർ ഗോൾ കണ്ടെത്തിയത്. എംബ്വെമോ ആണ് ഗോൾ നേടിയത്. ഇതോടെ മത്സരം ബ്രെന്റ്ഫോർഡ് സ്വന്തമാക്കി.

പരിക്കിന്റെ കാലം കഴിഞ്ഞു; മാനുവൽ ന്യൂയർ കളത്തിലേക്ക് തിരിച്ചെത്തുന്നു

ഒടുവിൽ ബയേണിന്റെ ഗോൾ വലക്ക് കാവലായി മാനുവൽ ന്യൂയർ തിരിച്ചെത്തുന്നു. പരിക്ക് ഭേദമായ താരം ഈ വാരം ബയേണിന്റെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുമെന്ന് തോമസ് ടൂക്കൽ പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് നിർണായ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ഫ്‌ലോറിയൻ പ്ലെറ്റെൻബർഗും ന്യൂയർ ഈ വാരം കളത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു.

37കാരനായ താരം ഏകദേശം 350ഓളം ദിവസങ്ങൾക്ക് ശേഷമാണ് ബയേണിന്റെ ജേഴ്‌സി അണിയാൻ പോകുന്നത്. ലോകകപ്പിന് ശേഷമുള്ള അവധിയിൽ വിനോദസഞ്ചാരത്തിനിടെ പരിക്കേറ്റ താരത്തിന്റെ അഭാവം ബയേണിന് തിരിച്ചടി നൽകിയിരുന്നു. ഇത്തവണ ഉൾറിക് ആണ് ബയേണിന്റെ കീപ്പർ ആയി വന്നിരിക്കുന്നത്. താരം മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ച്ച വെക്കുന്നത് എങ്കിലും ന്യൂയർ തിരിച്ചു വരുന്നതോടെ വഴി മാറി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ ആയ ഗ്നാബറി, റാഫേൽ ഗ്വെരെറോ എന്നിവരും തിരിച്ചു വരവിന്റെ പാതയിലാണ് എന്നത് ബയേണിന് വലിയ ആത്മവിശ്വാസം നൽകും.

ഒന്നാമതെത്താൻ റയൽ, തോൽവി അറിയാതെ ബാഴ്‌സ; ആവേശപോരാട്ടമാകാൻ സീസണിലെ ആദ്യ എൽ ക്ലാസിക്കോ

സീസണിലെ ആദ്യ എൽ ക്ലാസികോക്ക് ബാഴ്‌സലോണയുടെ നിലവിലെ സ്റ്റേഡിയമായ മോൻഡ്വിക് തട്ടകം ഒരുക്കുമ്പോൾ പോയിന്റ് ടേബിളിൽ മുന്നോട്ട് കുതിക്കാൻ ഉന്നം വെച്ച് റയൽ മാഡ്രിഡും ബാഴ്‌സയും. ഒരു പോയിന്റ് മാത്രമാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ന് പുലർച്ചെ ജയം കണ്ട ജിറോണ തന്നെയാണ് ലീഗിൽ ഒന്നാമത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡ് തിരികെ എത്താനുള്ള സുവർണാവസരമാണ് ആൻസലോട്ടിക്കും സംഘത്തിനും എങ്കിൽ തോൽവി അറിയാതെയുള്ള കുതിപ്പ് തുടർന്ന് മുന്നോട്ടു കുതിക്കാൻ ആവും സാവിയുടെ ഉന്നം. ജയിച്ചാലും ഒന്നമതെത്താൻ ബാഴ്‌സക്ക് സാധിക്കില്ലെങ്കിലും എൽ ക്ലാസിക്കോ ഫലം സീസണിൽ നിർണായകമാകും എന്ന കാര്യത്തിൽ സംശയമില്ല. ശനിയാഴ്ച്ച വൈകീട്ട് ഏഴേ നാല്പത്തിയഞ്ചിനാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

സീസണിൽ മുന്നേ കുതിക്കുന്ന റയലിന്റെ മധ്യനിരയിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്ന ജൂഡ് ബെല്ലിങ്ഹാം തന്നെയാണ് മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സീസണിൽ റെക്കോർഡ് ഗോൾ സ്കോറിങ് നടത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ ആദ്യ എൽ ക്ലാസിക്കോയിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ്. കൂടാതെ റോഡ്രിഗോയും ഗോൾ കണ്ടെത്തി കഴിഞ്ഞത് ആൻസലോട്ടിക്ക് ആശ്വാസം പകരും. പലപ്പോഴും ഗോളടിയിൽ ബെല്ലിങ്ഹാമിനെ മാത്രം ആശ്രയിക്കുന്നത് വമ്പൻ മത്സരങ്ങളിൽ തിരിച്ചടി ആവാതിരിക്കാൻ മറു തന്ത്രങ്ങൾ മെനയാനും ആൻസലോട്ടി ശ്രമിച്ചേക്കും. മുഖ്യ താരങ്ങൾ ഒന്നും ബാഴ്‌സ മധ്യ നിരയിൽ ഉണ്ടായേക്കില്ല എന്നതിനാൽ മത്സരം ഈ മേഖലയിൽ നിയന്ത്രിക്കാനും റയൽ തയ്യാറായേക്കും. ക്രൂസും മോഡ്രിച്ചും വാൽവെർടെയും ചൗമേനിയും കമാവിംഗയും ചേരുന്ന റയൽ മിഡ്ഫീൽഡിൽ ആരെയൊക്കെ ആൻസലോടി ആദ്യ ഇലവനിൽ ഇറക്കും എന്നതും കണ്ടറിയേണ്ടതാണ്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മെന്റി തന്നെ എത്തും എന്ന് ആൻസലോട്ടി സൂചന നൽകിയതോടെ പതിവ് സൂപ്പർ സബ്ബ് റോളിൽ തന്നെ ആവും കമാവിംഗ എത്തുക. പിൻനിരയിൽ എഡർ മിലിറ്റാവോയുടെ അഭാവത്തിലും റുഡിഗർ, അലാബ എന്നിവരും റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാളും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. നാച്ചോയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പോസ്റ്റിന് കീഴിൽ കെപ്പ തന്നെ എത്തും. വിനിഷ്യസ്, റോഡ്രിഗോ എന്നിവരെ മുൻ നിർത്തിയുള്ള പതിവ് ശൈലി തന്നെ ആവും ആൻസലോട്ടി മത്സരത്തിൽ പരീക്ഷിക്കുക. പരിക്കേറ്റിരുന്ന അർദ ഗുലർ പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും ടീമിൽ ഉൾപ്പെട്ടിട്ടില്ല. പതിവ് പോലെ വിനിഷ്യസിന്റെ കുതിപ്പുകൾ തന്നെ ആവും റയൽ മുന്നേറ്റങ്ങളുടെ ആണിക്കല്ലാകാൻ പോകുന്നത്.

അതേ സമയം പരിക്കിന്റെ പിടിയിൽ ശ്വാസം മുട്ടുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ മത്സരങ്ങളിൽ യുവതാരങ്ങളുടെ മികവിൽ ജയം കണ്ട ടീമിന് വമ്പൻ പോരാട്ടത്തിൽ എന്ത് തന്ത്രം മെനയാൻ സാധിക്കും എന്നത് നിർണായകമാണ്. റയലിന്റെ അതി ശക്തമായ മധ്യനിരക്ക് ഒപ്പം നിൽക്കാൻ ഗവിക്കും റോമേയുവിനും ഒപ്പം ഗുണ്ടോഗന്റെ പരിചയസമ്പത്തും കൂടി ചേരുമ്പോൾ ബാഴ്‌സക്ക് സാധിച്ചേക്കും. സീസണിൽ തകർപ്പൻ ഫോമിലാണ് എന്ന് ഗവി പല തവണ തെളിയിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ പെഡ്രിയുടെ അഭാവം ടീമിൽ അത്ര പ്രകടമവില്ല എന്നാവും സാവിയും കരുതുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ആരൊക്കെ എത്തുമെന്ന് ടീം പ്രഖ്യാപിക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ. പരിക്ക് മാറി ലെവെന്റോവ്സ്കി ആദ്യ ഇലവനിൽ എത്തിയേക്കും എന്ന് തന്നെയാണ് അവസാന വട്ട സൂചനകൾ. അതേ സമയം റാഫിഞ്ഞ, ഡിയോങ് എന്നിവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇവരെ കളത്തിൽ ഇറക്കാൻ മെഡിക്കൽ ടീമിന്റെ അനുമതിക്ക് വേണ്ടി അവസാന നിമിഷം വരെ കാത്തിരിക്കാൻ ആണ് സാവിയുടെ തീരുമാനം എന്നറിയുന്നു. വലത് ബാക്ക് സ്ഥാനത്ത് ആരെത്തും എന്നും ഇതിന് ശേഷമേ അറിയാൻ സാധിക്കൂ. പതിവ് പോലെ വിനിഷ്യസിനെ പൂട്ടേണ്ടത് അത്യാവശ്യം ആണെങ്കിലും കാൻസലോയെ തന്നെ ഈ സ്ഥാനത്ത് ആശ്രയിക്കാൻ സാവി തുനിഞ്ഞെക്കും. കഴിഞ്ഞ മുഖാമുഖങ്ങളിൽ എല്ലാം അരോഹോ ഈ ചുമതല വഹിച്ചു വരികയായിരുന്നു. അത് കൊണ്ട് പ്രതിരോധത്തിൽ കാര്യമായി സംഭാവന ചെയുന്ന റാഫിഞ്ഞക്ക് കളത്തിൽ ഇറങ്ങാൻ കഴിഞ്ഞാൽ കാൻസലോയെ തന്നെ റൈറ്റ് ബാക്ക് സ്ഥാനത്ത് എത്തിച്ച് ബാഴ്‌സക്ക് തന്ത്രം മെനയാം. സീസണിൽ മികച്ച പ്രകടനം നടത്തുന്ന ജാവോ ഫെലിക്സിന്റെ സാന്നിധ്യവും മത്സരത്തിൽ നിർണായകമാവും. എതിർ ബോസ്‌കിനുള്ളിൽ അപകടം വിതക്കാനുള്ള താരത്തിന്റെ കഴിവ് റയലിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. ഇനിഗോ മാർട്ടിനസും ക്രിസ്റ്റൻസനും ഫോമിൽ ആണെങ്കിലും കഴിഞ്ഞ മത്സരം കൂടുതൽ സമയം കളത്തിൽ ഉണ്ടായ ഇനിഗോക്ക് സാവി വിശ്രമം അനുവദിച്ചെക്കും. താരം പകരക്കാരനായും എത്തിയേക്കും. ഫെർമിൻ ലോപസ് ആണ് മറ്റൊരു ശ്രദ്ധേയ താരം. പ്രീ സീസൺ എൽ ക്ലാസിക്കോയിൽ ഒന്നാന്തരമോരു ഗോളുമായി വരവരിയിച്ച താരം, ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ബാഴ്‌സക്ക് വേണ്ടി തകർപ്പൻ കളി കെട്ടഴിച്ച ശേഷമാണ് എത്തുന്നത്. അപ്രതീക്ഷിത സ്ഥാനങ്ങളിൽ നിന്നും ഷോട്ട് ഉതിർക്കാൻ കഴിവുള്ള താരത്തെ സാവിക്ക് നിർണായക അവസരങ്ങളിൽ പകരക്കാരനായി കളത്തിൽ ഇറക്കാനും സാധിക്കും. ലമീൻ യമാലിനും ലോകത്തിന് മുന്നിൽ തന്റെ പ്രതിഭ അറിയിക്കാനുള്ള മറ്റൊരു അവസരമാണ് ഈ എൽ ക്ലാസിക്കോ. എല്ലാത്തിനും പുറമെ പോസ്റ്റിന് കീഴിൽ ക്യാപ്റ്റൻ റ്റെർ സ്റ്റഗന്റെ ഫോമും ടീമിന് ഊർജം പകരും.

പരിക്കേറ്റ താരങ്ങളിൽ ചിലക്കെങ്കിലും തിരിച്ചു വരാൻ സാധിച്ചാൽ അത് ബാഴ്‌സക്ക് നല്കുന്ന ഊർജം ചെറുതാകില്ല. റാഫിഞ്ഞയുടെയും ഡിയോങ്ങിന്റെയും സാന്നിധ്യം തന്നെ ഇതിൽ നിർണായകം. സാവിയുടെ മുഴുവൻ തന്ത്രങ്ങളെയും സ്വാധീനിക്കാൻ കെൽപ്പുള്ളവരാണ് ഇവർ. ഡി യോങ് മദ്യനിരയിൽ എത്തിയാൽ കരുത്തുറ്റ റയൽ മിഡ്ഫീൽഡിന് ഒപ്പത്തിനൊപ്പം നിൽക്കാൻ ബാഴ്‌സക്ക് സാധിക്കും. അല്ലാത്ത പക്ഷം ഒരു പക്ഷെ മത്സര ഗതി തീരുമാനിക്കുന്നതും മധ്യനിര തന്നെ ആവും. ഗോളടിയാണ് റയൽ ശ്രദ്ധിക്കേണ്ട മേഖല. പല നിർണായ ഘട്ടങ്ങളിലും ബെല്ലിങ്ഹാമിന്റെ മികവ് കൊണ്ട് രക്ഷപ്പെട്ട ടീം സെവിയ്യക്കെതിരെ ഗോൾ നേടാനാവാതെ പതറിയതും ആൻസലോട്ടിക്ക് വിഷമം സൃഷ്ടിക്കും. അതേ സമയം അത്ലറ്റിക് ക്ലബ്ബിനെതിരെ മാർക് ഗ്യുവിന്റെ ഗോളിൽ രക്ഷപ്പെട്ട ബാഴ്‌സക്ക് ലെവെന്റോവ്സ്കിയുടെ തിരിച്ചു വരവ് വലിയ ഊർജമാകും. കൂടാതെ റാഫിഞ്ഞ കൂടി എത്തിയാൽ മുന്നെത്തിൽ ഗോൾ കണ്ടെത്താനുള്ള സാധ്യതകൾ കൂടും. പതിവ് പോലെ വാൽവെർടെ, ചൗമേനി, ക്രൂസ്, മോഡ്രിച്ച് എന്നിവരുടെ ബോക്സിന് പുറത്തു നിന്നും ഗോൾ തേടിയുള്ള ഷോട്ടുകൾക്കും ആൻസലോടി അനുമതി നൽകും. ഇതോടെ റോമേയുവിനും ഗുണ്ടോഗനും കാര്യമായി തന്നെ ഇവർക്ക് തടയിടാൻ മെനക്കെടേണ്ടി വരും. ആദ്യ ഇലവനിൽ എത്തിയാലും ലെവെന്റോവ്സ്കി മുഴുവൻ സമയം കളിക്കില്ലെ ബാക്കിയുള്ള സമയം സാവി എന്ത് തന്ത്രമാണ് മനസിൽ കാണുന്നത് എന്നതും ഉറ്റു നോക്കേണ്ടതാണ്. പതിവ് പോലെ സ്പോട്ടിഫൈയുടെ എൽ ക്ലാസിക്കോ സ്‌പെഷ്യൽ ജേഴ്‌സി ആയാവും ബാഴ്‌സ ഇറങ്ങുക. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ആരാവും പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുക എന്ന് നിശ്ചയിക്കാൻ കെൽപ്പുള്ള മത്സരം ആണ് ഇതെന്നതിനാൽ ഇരു ടീമുകളും മുഴുവൻ ശക്തിയും സംഭരിച്ച് തന്നെ മത്സരത്തിന് അണിനിരക്കും.

ഇഞ്ചുറി ടൈമിലെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ; വമ്പൻ തിരിച്ചു വരവുമായി നോർത്ത് ഈസ്റ്റ്, ജംഷദ്പൂരിന് നിരാശ

തോൽവി മുന്നിൽ കണ്ട സന്ദർഭങ്ങളിൽ നിന്നും നിമിഷ നേരം മത്സരം കൈപ്പിടിയിൽ ഒതുക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ വമ്പൻ തിരിച്ചു വരവ്. ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ വീണ രണ്ടു ഗോളുകളുടെ ബലത്തിൽ ജംഷദ്പൂരിനെ അവർ വീഴ്ത്തുകയായിരുന്നു. സബാക്കോ, ഇബ്‌സൻ മെലോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ ഡാനി ചുക്വു ആണ് ജംഷദ്പൂരിന് വേണ്ടി വല കുലുക്കിയത്. ഇതോടെ തുടർ സമനിലകൾക്ക് ശേഷം വീണ്ടും വിജയ വഴിയിൽ എത്താനും നോർത്ത് ഈസ്റ്റിനായി. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് അവർ. ജംഷദ്പൂർ ആറാമതാണ്.

തുടക്കത്തിൽ തന്നെ എതിർ പ്രതിരോധത്തിന്റെ പിഴവിൽ ചുക്വു ഗോളിന് അടുത്തെത്തിയെങ്കിലും കീപ്പർ സമയോചിതമായി ഇടപെട്ടു. അലൻ സ്റ്റവാനോവിച്ചിനെ കീപ്പർ ഫൗൾ ചെയ്തതിന് 19ആം മിനിറ്റിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുക്കാൻ വന്ന ചുക്വുവിന്റെ ഷോട്ട് കീപ്പർ മിർഷാദ് തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തിൽ താരം വല കുലുക്കുക തന്നെ ചെയ്തു. പിന്നീട് നോർത്ത് ഈസ്റ്റ് പലപ്പോഴും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എല്ലാം എതിർ ബോക്സിലെത്തി വിഫലമായി പോയി. പലപ്പോഴും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാനും അവർക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റിന്റെ സമനില ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. ഗനിയുടെ ക്രോസിൽ നിന്നും ആശീർ അഖ്തറിന്റെ മികച്ചൊരു ഹെഡർ പോസ്റ്റിനരികിലൂടെ കടന്ന് പോയി. പിന്നീട് അഷീറിന്റെ ലോങ് റേഞ്ച് ഷോട്ടും പോസ്റ്റിനിരുമി കടന്ന് പോയി. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് സബാക്കോയുടെ ഹെഡറും കൈകളിൽ അവസാനിച്ചു. നിരവധി അവസരങ്ങൾ പാഴായി പോകുന്നതിനിടെ ഇഞ്ചുറി ടൈമിൽ സബാക്കോ തന്നെ സമനില ഗോൾ നേടി. ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ജംഷദ്പൂരിന് പിഴച്ചപ്പോൾ സബാക്കോ പന്ത് വലയിലേക്ക് തട്ടിയിട്ടു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് ഗോൾ വന്നത്. പിറകെ ഫിലിപ്പോറ്റോവിനെ ലാൽദിൻപുയ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ നോർത്ത് ഈസ്റ്റിന് മത്സരത്തിൽ ആദ്യമായി ലീഡ് നേടാനുള്ള അവസരം കൈവന്നു. കിക്ക് എടുത്ത ഇബ്‌സൻ മെലോ ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിച്ചപ്പോൾ ആതിഥേയ ഫാൻസിന്റെ ആരവം ആർത്തിരമ്പി. ഇതോടെ മത്സരം നോർത്ത് ഈസ്റ്റ് മത്സരം കൈക്കലാക്കി.

വാതുവെപ്പ്; ടോണാലിക്ക് പത്ത് മാസം വിലക്ക്

വാതുവെപ്പ് കേസിൽ അകപ്പെട്ട ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലിക്ക് പത്ത് മാസം ഫുട്ബോളിൽ നിന്നും വിലക്ക്. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ഗബ്രിയേലെ ഗ്രാവിനയാണ് വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. വിലക്കിന് പുറമെ എട്ട് മാസത്തോളം വാതുവെപ്പ് ആസക്തിയിൽ നിന്നും മുക്തി നേടാനുള്ള റീഹാബ് ചികിത്സക്കും താരം വിധേയനാകെണ്ടതുണ്ട്. ഇതോടെ അടുത്ത സീസൺ തുടക്കത്തോടെ മാത്രമേ ടോണാലി കളത്തിലേക്ക് മടങ്ങി എത്തുകയുള്ളൂ എന്നുറപ്പായി. കൂടാതെ ഇറ്റലി യൂറോ കപ്പിന് യോഗ്യത നേടിയാലും താരത്തിന് ടൂർണമെന്റ് നഷ്ടമാവുകയും ചെയ്യും.

നേരത്തെ കേസിൽ ആദ്യം അകപ്പെട്ട ഫാഗിയോലിക്ക് ഏഴ് മാസത്തെ വിലക്ക് വിധിച്ചിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലിൽ കേസിൽ ഉൾപ്പെട്ട ടോണാലി തുടക്കം മുതൽ തന്നെ അന്വേഷണവുമായി സഹകരിക്കാനും വാതുവെപ്പിൽ നിന്നും പുറത്തു കടക്കാനുള്ള തന്റെ താൽപര്യവും വ്യക്തമാക്കി. ചട്ടങ്ങൾ പാലിച്ചിട്ടാണെങ്കിൽ വർഷങ്ങൾ നീണ്ടേക്കാവുന്ന ശിക്ഷ വരെ വിധിക്കമായിരുന്നു എന്ന് ഗ്രാവിന ചൂണ്ടിക്കാണിച്ചു. എന്നാൽ കുറ്റക്കാരന്റെ ഹരജി മുഖവിലക്കെടുക്കാൻ അനുമതി ഉണ്ടെന്നും ഇത് പ്രകാരം ഫുട്ബാൾ അസോസിയേഷൻ പ്രോസിക്യൂട്ടരുമായി താരം ധാരണയിൽ എത്തിയത് താൻ അംഗീകരിച്ചെന്നും ഗ്രാവിന പറഞ്ഞു. വിലക്കിന് പുറമെ എട്ട് മാസം റീഹാബ് ചികിത്സ, പതിനാറ് ബോധവൽക്കരണ പൊതുപരിപാടികൾ എന്നിവയും ടോണാലി പങ്കെടുക്കണം. താരം എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിച്ചെന്ന് ഗ്രാവിന അറിയിച്ചു. താരം ചികിത്സയും ആരംഭിച്ചു കഴിഞ്ഞു.

ഇത്തവണ ഫെർമിന്റെ ഊഴം; ചാമ്പ്യൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ തുടർ ജയങ്ങളുമായി ബാഴ്‌സലോണ മുന്നോട്ട്. ഗ്രൂപ് എച്ചിൽ നടന്ന മത്സരത്തിൽ ശക്തർ ഡോനെസ്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്‌സലോണ കീഴടക്കിയത്. ഫെർമിൻ ലോപ്പസും ഫെറാൻ ടോറസും ജേതാക്കൾക്കായി ലക്ഷ്യം കണ്ടു. സുദാകൊവ് ശക്തറിന്റെ ആശ്വാസ ഗോൾ നേടി. മൂന്നിൽ മൂന്ന് ജയവുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബാഴ്‌സലോണ. സമീപകാല മത്സരങ്ങളിൽ യുവതാരങ്ങളുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ജയിക്കുന്ന ബാഴ്‌സ ഇന്നും അതാവർത്തിച്ചു.

നിരവധി താരങ്ങൾ പരിക്കും സസ്‌പെൻഷനുമായി പുറത്തായതിനാൽ മുൻ നിരയിൽ ഫെറാനും ഫെലിക്സിനും ഒപ്പം ലമീനേയും മധ്യനിരയിൽ ഫെർമിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. ആദ്യ പകുതിയിൽ നേടിയ ഗോളുകളിൽ ഫെർമിന്റെ നീക്കങ്ങൾ നിർണായമാവുകയും ചെയ്തു. ഒരു ഗോൾ നേടിയ താരം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബോക്സിനുള്ളിൽ എതിർ താരങ്ങളെ മറികടന്ന് ഫെർമിൻ തൊടുത്ത ഷോട്ട് കീപ്പർ തടഞ്ഞു. ഫെലിക്സിന്റെ ത്രൂ ബോൾ ഫെറാൻ ടോറസിന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. കാൻസലോയുടെ ഷോട്ടും കീപ്പർ തടഞ്ഞു. 28ആം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഗുണ്ടോഗൻ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഫെർമിൻ തൊടുത്ത ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി എങ്കിലും അവസരം മുതലെടുത്ത ഫെറാൻ ടോറസ് വല കുലുക്കി. ഓഫ്‌സൈഡ് കൊടി ഉയർന്നിരുന്നതിനാൽ വാർ ചെക്കിലൂടെയാണ് ഗോൾ അനുവദിച്ചത്. പിന്നീട് 36ആം മിനിറ്റിൽ ഫെർമിൻ തന്നെ ഗോൾ കണ്ടെത്തി. ഫെറാൻ ടോറസ് നൽകിയ പാസ് കൃത്യമായി ഓടിയെടുത്തു ബോക്സിന് തൊട്ടു പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് പോസ്റ്റിലിച്ചു വലയിലേക്ക് തന്നെ പതിച്ചു. 36ആം മിനിറ്റിൽ ആയിരുന്നു രണ്ടാം ഗോൾ പിറന്നത്.

രണ്ടാം പകുതിയും ബാഴ്‌സ മികച്ച രീതിയിൽ ആരംഭിച്ചു. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. ഫെറാൻ ടോറസ് വല കുലുക്കിയത് ഓഫ്സൈഡ് വിധിച്ചു. ഫെർമിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 62ആം മിനിറ്റിൽ മത്സരഗതിക്ക് എതിരായി സുദാകൊവ് ശക്തറിന് വേണ്ടി ലക്ഷ്യം കണ്ടു. ബാഴ്‌സക്ക് ലഭിച്ച അവസരം പാഴായപ്പോൾ ആരംഭിച്ച കൗണ്ടർ നീക്കത്തിൽ നിന്നും അസരോവിയുടെ പാസ് സ്വീകരിച്ചാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ ശക്തർ കൂടുതൽ ഊർജത്തോടെ മത്സരത്തിലേക്ക് തിരിച്ചു വന്നു. പലപ്പോഴും ബാഴ്‌സ ബോക്സിലേക്ക് എത്തിയ നീക്കങ്ങൾ പക്ഷെ അവർക്ക് ഫലവത്താക്കാൻ മാത്രം സാധിച്ചില്ല. സ്റ്റേപാനെങ്കോക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം തെറ്റി അകന്നു. ഗുണ്ടോഗന്റെ തകർപ്പൻ ക്രോസിൽ നിന്നും യമാലിന്റെ ശ്രമം പിഴച്ചു. ഇതോടെ ബാഴ്‌സലോണ മത്സരം സ്വന്തമാക്കി.

എഫ്എഫ്പിയിൽ വീഴ്ച്ച; എവർടണ് വൻ തിരിച്ചടി, 12 പോയന്റ് വെട്ടിച്ചുരുക്കാൻ പ്രീമിയർ ലീഗ് ശുപാർശ

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിൽ വൻ വീഴ്ച്ച വരുത്തിയ എവർടൺ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. വരുമാനത്തിലെ വീഴ്ച്ച കണ്ടെത്തിയതിന് പിറകെ അന്വേഷണം നേരിടുന്ന എവർടണ്, കുറ്റം തെളിയുന്ന പക്ഷം 12 പോയിന്റ് വരെ പ്രിമിയർ ലീഗിൽ നഷ്ടമായേക്കുമെന്ന് “ദ് ടെലിഗ്രാഫ്” റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗ് തന്നെയാണ് ഔദ്യോഗികമായി ഈ നടപടി ശുപാർശ ചെയ്തിരിക്കുന്നത് എന്നും ടെലിഗ്രാഫ് പറയുന്നു. ഇതോടെ നിലവിൽ 16ആം സ്ഥാനത്ത് ഉള്ള ക്ലബ്ബിന് വലിയ തിരിച്ചടി തന്നെ ആവും നടപടി എന്ന കാര്യം സംശയമില്ല.

പ്രിമിയർ ലീഗിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രകാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വരുത്താവുന്ന സാമ്പത്തിക നഷ്ടത്തിനേക്കാൾ വളരെ കൂടുതൽ ആണ് എവർടൺ വരുത്തിയിരിക്കുന്നത്. 105 മില്യൺ പൗണ്ട് ആണ് പരിധി എങ്കിൽ ഈ കാലയളവിൽ മാത്രം 304മില്യൺ പൗണ്ടിന്റെ ഭീമമായ നഷ്ടമാണ് ക്ലബ്ബ് ഉണ്ടാക്കിയത്. പിന്നീട് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ ഈ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. കുറ്റം തെളിയുന്ന പക്ഷം കമ്മീഷൻ തന്നെയാണ് വിധി പറയുക എങ്കിലും 12 പോയിന്റ് എടുത്തു മാറ്റുന്ന നടപടി ആണ് പ്രിമിയർ ലീഗ് തന്നെ മുന്നോട്ടു വെച്ചിരിക്കുന്നത് എന്നാണ് ടെലിഗ്രാഫ്‌ ഭാഷ്യം. കനത്ത തുക പിഴ ആയി നൽകുകയോ ട്രാൻസ്ഫർ ബാൻ അടക്കമുള്ള നടപടികളോ എല്ലാം പരിഗക്കുന്നതാണ്. എന്നാൽ കേസിൽ തങ്ങളുടെ നിരപരാധിത്വത്തിൽ ഊന്നി നിൽക്കാൻ തന്നെയാണ് എവർടണിന്റെ നീക്കം. കൊറോണ കാലം അടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു വെക്കാൻ ആണ് അവർ ശ്രമിക്കുന്നത്. നേരത്തെ മാർച്ചിൽ പ്രീമിയർ ലീഗ് തന്നെയാണ് തങ്ങളുടെ റൂളിലെ W.82.2 വിൽ എവർടൻ പിഴവു വരുത്തിയതായി വെളിപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ നിന്ന് തന്നെ പുറത്തു പോവുന്നതിന് വഴിവെച്ചേക്കും എന്നതിനാൽ നടപടികളെക്കാൾ ക്ലബ്ബ് ഭയപ്പെടുന്നതും പോയിന്റ് വെട്ടിക്കുറക്കൽ തന്നെ ആവും എന്നുറപ്പാണ്.

Exit mobile version