തോമസ് പാർട്ടി വിയ്യറയലിൽ ചേരും

മുൻ ആഴ്‌സണൽ താരം തോമസ് പാർട്ടി വിയ്യറയലിൽ ചേരും. ആഴ്‌സണലും ആയുള്ള കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയി ആവും സ്പാനിഷ് ടീമിന് ഒപ്പം ചേരുക. നിലവിൽ താരം സ്പാനിഷ് ക്ലബ്ബിൽ മെഡിക്കൽ പൂർത്തിയാക്കിയത് ആയാണ് റിപ്പോർട്ട്. 2 വർഷത്തെ കരാറിന് ആണ് ഘാന താരം സ്പാനിഷ് ടീമിൽ ചേരുക. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാം എന്നത് ആണ് പാർട്ടിയെ വിയ്യറയലിലേക്ക് അടുപ്പിച്ചത്.

മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ പാർട്ടി 2022 മുതൽ ക്രിമിനൽ അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ്. നിലവിൽ ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിങ്ങനെയുള്ള കേസുകൾ ബ്രിട്ടീഷ് പോലീസ് താരത്തിന് എതിരെ എടുത്തിട്ടുണ്ട്. താരം ഇതൊക്കെ നേരത്തെ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ വരുന്ന അഞ്ചാം തിയതി വിചാരണക്ക് ആയി വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ പാർട്ടി ഹാജരാവുകയും ചെയ്യും. ഈ വിവാദങ്ങൾക്ക് ഇടയിൽ ആണ് താരം പുതിയ ക്ലബിൽ ചേരുന്നത്.

വിയ്യാറയൽ നാപ്പോളി താരം റാഫാ മരിനെ ലോണിൽ സ്വന്തമാക്കി


സ്പാനിഷ് പ്രതിരോധ താരം റാഫാ മരിനെ 2025–26 സീസണിലേക്ക് ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ വിയ്യാറയൽ നാപ്പോളിയുമായി കരാർ അന്തിമമാക്കി. ഇരു ക്ലബ്ബുകളും തമ്മിലുള്ള എല്ലാ രേഖകളും ഒപ്പിട്ടതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. നാപ്പോളിക്ക് 1 ദശലക്ഷം യൂറോ ലോൺ ഫീസായി ലഭിക്കും. അടുത്ത വേനൽക്കാലത്ത് 15 ദശലക്ഷം യൂറോയ്ക്ക് ഈ നീക്കം സ്ഥിരമാക്കാനുള്ള ഓപ്ഷൻ വിയ്യാറയലിനുണ്ട്.

മരിനെ പിന്നീട് വിയ്യാറയൽ വിൽക്കുകയാണെങ്കിൽ, നാപ്പോളിക്ക് 10% സെൽ-ഓൺ ക്ലോസും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ഭാവിയിൽ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്നു.

മുൻ ആഴ്‌സണൽ താരം നിക്കോളാസ് പെപെ വിയ്യറയലിൽ

ഐവറികോസ്റ്റിന്റെ മുൻ ആഴ്‌സണൽ താരം നിക്കോളാസ് പെപെ സ്പാനിഷ് ലാ ലീഗ ക്ലബ് വിയ്യറയലിൽ ചേർന്നു. ഫ്രാൻസിലെ ലില്ലെയിൽ നിന്നു ആഴ്‌സണൽ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ താരം ആയിരുന്ന പെപെക്ക് പക്ഷെ പ്രീമിയർ ലീഗിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല.

നിക്കോളാസ് പെപെ

തുടർന്ന് കഴിഞ്ഞ സീസണിൽ താരം തുർക്കി ക്ലബ് ട്രാബ്‌സോനോപോറിൽ ആണ് കളിച്ചത്. എന്നാൽ അവർ താരവും ആയി ഈ വർഷം കരാർ പുതിക്കിയില്ല. ഇതോടെ ഫ്രീ ട്രാൻസ്ഫർ ആയിട്ടാണ് താരം വിയ്യറയലിൽ ചേരുന്നത്. തങ്ങളുടെ മുന്നേറ്റനിര താരം അലക്സാണ്ടർ സോർലോത്തിനെ അത്ലറ്റികോ മാഡ്രിഡിന് വലിയ തുകക്ക് വിറ്റ വിയ്യാറയൽ മുന്നേറ്റം ശക്തമാക്കാൻ ആണ് ശ്രമിക്കുന്നത്.

4-1ന് മുന്നിൽ നിന്ന റയൽ മാഡ്രിഡ് 4-4ന്റെ സമനിലയിൽ!! നാലു ഗോളുമായി സൊർലോത്ത്

ലാലിഗയിലെ ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില. ഇന്ന് വിയ്യറയലിനെ നേരിട്ട റയൽ മാഡ്രിഡ് ഒരു ഘട്ടത്തിൽ 4-1ന്റെ ലീഡിൽ ഉണ്ടായിരുന്നതാണ്. ആ ലീഡിൽ നിന്നാണ് 4-4 എന്ന സമനിലയിലേക്ക് കളി എത്തിയത്. നാലു ഗോളുകളുമായി അലക്സാണ്ടർ സ്ലോത്താണ് റയലിനെതിരെ ഗംഭീര പ്രകടനം കാഴ്ചവച്ച് വിയ്യറയലിന് സമനില നേടികൊടുത്തത്.

തുടക്കത്തിൽ 14ആം മിനുട്ടിൽ ആർദ ഗുളറിലൂടെ ആണ് റയൽ ഗോളടി തുടങ്ങിയത്. 30ആം മിനുട്ടിൽ ഹൊസേലുവിലൂടെ ലീഡ് ഇരട്ടിയാക്കി. 39ആം മിനുട്ടിൽ സൊർലോത്തിലൂടെ വിയ്യറയൽ ഒരു ഗോൾ മടക്കി. 40ആം മിനുട്ടിൽ ലുകസ് വസ്കസും 45ആം മിനുട്ടിൽ ആർദ ഗുലറും കൂടെ ഗോൾ നേടിയതോടെ റയൽ 4-1ന്റെ ലീഡിൽ എത്തി.

രണ്ടാം പകുതിയിൽ ആയിരുന്നു വിയ്യറയലിന്റെ തിരിച്ചുവരവ്. 48ആം മിനുട്ടിൽ സൊർലോതിന്റെ രണ്ടാം ഗോൾ. സ്കോർ 4-2. പിറകെ 52ആം മിനുട്ടിലും 56ആം മിനുട്ടിലും സൊർലോത് വീണ്ടും ഗോൾ നേടി. സ്കോർ 4-1ൽ നിന്ന് 8 മിനുട്ട് കൊണ്ട് 4-4 എന്നായി. അവസാന മൂന്ന് ഗോളുകളും സൊർലോതിന് ഒരുക്കി നൽകിയത് മൊറേനോ ആയിരുന്നു.

ഈ സമനിലയോടെ റയൽ മാഡ്രിഡ് 94 പോയിന്റിൽ നിൽക്കുകയാണ്. ഇനിയും ഒരു ലീഗ് മത്സരം കൂടെ റയലിന് ഉണ്ട്.

അവസാന നിമിഷങ്ങളിൽ ബാഴ്സലോണയെ തകർത്ത് വിയ്യാറയൽ

ബാഴ്സലോണയുടെ ദുരിതം തുടരുന്നു. ഇന്ന് ലാലിഗയിൽ അവർ പരാജയപ്പെട്ടു. എട്ടു ഗോൾ പിറന്ന ത്രില്ലർ മത്സരത്തിൽ വിയ്യറയൽ ആണ് ബാഴ്സലോണയെ തോൽപ്പിച്ചത്‌. 83ആം മിനുറ്റ് വരെ 3-2ന് മുന്നിൽ നിന്ന ബാഴ്സലോണ പിന്നെ തകർന്നടിയുക ആയിരുന്നു. ഇന്ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 41ആം മിനുട്ടിൽ മൊറേനോയിലൂടെ വിയ്യറയലാണ് ലീഡ് എടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അഖോമാച് സന്ദർശകരുടെ ലീഡ് 2 ആക്കി ഉയർത്തി. അവിടെ നിന്ന് ബാഴ്സലോണ തിരിച്ചടിച്ചു. 60ആം മിനുട്ടിൽ ഗുണ്ടോഗനും 68ആം മിനുട്ടിൽ പെഡ്രിയും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി. 71ആം മിനുട്ടിൽ ബാഴ്സക്ക് അനുകൂലമായി ഒരു സെൽഫ് ഗോളും വന്നു. അവർ 0-2ൽ നിന്ന് 3-2ന് മുന്നിൽ എത്തി.

ബാഴ്സലോണ ജയത്തിലേക്ക് പോവുകയാണ് എന്ന് കരുതിയ സമയത്ത് 84ആം മിനുട്ടിൽ ഗുദെസിലൂടെ വിയ്യറയൽ സമനില നേടി. സ്കോർ 3-3. കളിയുടെ 90ആം മിനുട്ടിൽ സൊർലോതിലൂടെ വിയ്യറയലിന്റെ നാലാം ഗോൾ. പിന്നാലെ മൊരാലസിന്റെ വക വിജയം ഉറപ്പിച്ച അഞ്ചാം ഗോളും. സ്കോർ 3-5.

ഈ പരാജയം ബാഴ്സലോണയെ ലീഗിൽ 44 പോയിന്റുമായി മൂന്നാമത് നിർത്തുകയാണ്. അവർ ഒന്നാമതുള്ള റയലിനെക്കാൾ 10 പോയിന്റ് പിറകിലാണ് ഇപ്പോൾ ഉള്ളത്.

പച്ചേറ്റ പുറത്ത്; വിയ്യാറയലിലൂടെ പരിശീലകനായി തിരിച്ചെത്താൻ മാർസെലിനോ

വിയ്യാറയൽ പരിശീലകൻ ജോസെ റോഹോ മാർട്ടിൻ “പച്ചേറ്റ” പുറത്ത്. സീസണിൽ മോശം പ്രകടനം തുടരുന്ന ടീം അവസാന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനോടും തോൽവി വഴങ്ങിയതോടെയാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. 12 മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും 3 ജയവുമായി ലാ ലീഗയിൽ 13ആം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്പ ലീഗിൽ വ്യാഴാഴ്ച മക്കബി ഹൈഫക്കെതിരെ നേടിയ ജയവും കോച്ചിനെ തുണച്ചില്ല. മത്സര ശേഷം ആസ്വദിച്ചു പന്ത് തട്ടാൻ ടീമിന് കഴിയുന്നില്ലെന്ന് ആത്മാവിമർഷനവും അദ്ദേഹം നടത്തി.

അതേ സമയം മുൻ വലൻസിയ കോച്ച് മാർസെലിനോയെയാണ് പകരക്കാരനായി വിയ്യാറയൽ ഉന്നമിട്ടിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനൊയും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഒളിമ്പിക് മാഴ്സെയുടെ കോച്ചിങ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയ അദ്ദേഹം നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. മാഴ്സെയിൽ ടീം മാനേജ്‌മെന്റിമെതിരായ ആരാധക രോഷം കാരണമായിരുന്നു അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്. വലൻസിയ, അത്ലറ്റിക് ക്ലബ്ബ് ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള മാർസെലിനൊ മുൻപ് 2013 മുതൽ 2016വരെ വിയ്യാറയലിന്റെയും പരിശീലകൻ ആയിരുന്നു. സീസൺ ആരംഭിച്ച ശേഷം വിയ്യാറയൽ പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകൻ ആണ് പച്ചേറ്റ. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം കിക്കെ സെറ്റിയനെ പുറത്താക്കിയാണ് പച്ചേറ്റയെ ക്ലബ്ബ് തന്ത്രങ്ങളോതാൻ എത്തിക്കുന്നത്. എന്നാൽ അദ്ദേഹത്തിനും കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു പോയില്ല.

റൗൾ ഇല്ല; വിയ്യാറയൽ പരിശീലകൻ ആയി പച്ചേറ്റ

പരിശീലക സ്ഥാനത്തേക്ക് കിക്കെ സെറ്റിയന് പകരക്കാരനെ എത്തിച്ച്‌ വിയ്യാറയൽ. മുൻ വയ്യഡോളിഡ് പരിശീകൻ ജോസെ റോഹോ മർട്ടിൻ എന്ന “പച്ചേറ്റ” യെയാണ് അവർ തന്ത്രങ്ങൾ ഓതാൻ എത്തിച്ചിരിക്കുന്നത്. ഈ സീസണിലേക്ക് മാത്രമാണ് കോച്ചിന് നിലവിൽ കരാർ നൽകിയിരുന്നത് എന്നാണ് സൂചന. നേരത്തെ റൗൾ ഗോൺസാലസിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും അവസാന നിമിഷം പച്ചേറ്റക്ക് തന്നെ മുൻതൂക്കം ലഭിച്ചു. അസിസ്റ്റന്റ് കോച്ചുമാരേയും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ട്രെയിനിങ് സെഷനിൽ തന്നെ പുതിയ കോച്ചുമാർ ടീമിനോടൊപ്പം ചേരും.

പരിശീലകൻ എന്ന നിലയിൽ നിരവധി ടീമുകൾക്ക് തന്ത്രം ഓതിയ പരിചയം പച്ചെറ്റക്കുണ്ട്. റയൽ വയ്യഡോളിഡിനെ ആയിരുന്നു ഇതിന് മുൻപ് പരിശീലിപ്പിച്ചത്. അവരെ ഒന്നാം ഡിവിഷനിലേക്ക് എത്തിക്കാൻ സാധിച്ചെങ്കിലും കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ടീമിന്റെ മോശം പ്രകടനം. കാരണം പുറത്താക്കപ്പെട്ടു. മാഡ്രിഡ് കാസ്റ്റിയ്യ പരിശീലകൻ ആയ റൗൾ ഗോൺസാലസിനെയും വിയ്യാറയൽ കാര്യമായി പരിഗണിച്ചിരുന്നു. ചർച്ചകൾക്ക് മാഡ്രിഡ് അനുമതിയും നൽകി. ഇതിഹാസ താരത്തിന്റെ ആദ്യ സീനിയർ ടീം തട്ടകം വിയ്യാറയൽ ആവുമെന്ന് കരുതി എങ്കിലും അവസാന നിമിഷം കാര്യങ്ങൾ അവസാന നിമിഷം മാറി മറിഞ്ഞു. സുപ്രധാന താരങ്ങളെ നഷ്ടമായ വിയ്യാറയലിനെ വിജയ പാതയിൽ തിരിച്ചെത്തിക്കുക എന്ന യത്നമാണ് പച്ചേറ്റക്ക് മുൻപിൽ ഉള്ളത്.

റയൽ മാഡ്രിഡ് ഇതിഹാസം റൗൾ വിയ്യറയലിന്റെ പരിശീലക സ്ഥാനത്തേക്ക്

റയൽ മാഡ്രിഡ് ഇതിഹാസം റൗൾ വിയ്യറയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യത. വിയ്യറയലിന്റെ പരിശീലക സ്ഥാനം സെറ്റിയൻ കഴിഞ്ഞ ദിവസൻ ഒഴിഞ്ഞിരുന്നു. പകരക്കാരനാകാൻ വില്ലാറിയൽ റൗൾ ഗോൺസാലസിനെ സമീപിച്ചിട്ടുണ്ട്. അവരുടെ ഓഫർ റൗൾ ഇപ്പോൾ പരിഗണിക്കുന്നതായി മാർക റിപ്പോർട്ട് ചെയ്യുന്നു.

മുമ്പ് പല ക്ലബുകളും റൗളിനെ സമീപിച്ചപ്പോളും അദ്ദേഹം ആ ഓഫറുകൾ നിരസിച്ച് റയലിന്റെ റിസേർവ്സ് ടീമിന്റെ ചുമതലയിൽ തുടരുകയാണ് ചെയ്തത്‌. എന്നാൽ ഈ പുതിയ ഓഫർ റൗൾ സ്വീകരിച്ചേക്കും. റയൽ മാഡ്രിഡ് ടീമിന്റെ മുഖ്യ പരിശീലകനാവുക ആണ് റൗളിന്റെ പ്രധാന ലക്ഷ്യം. അതിനു മുമ്പ് ലാലിഗയിൽ പരിചയസമ്പത്ത് നേടാൻ വിയ്യറയൽ ജോലി ഉപകരിക്കും എന്ന് റൗൾ വിശ്വസിക്കുന്നു. 

2018മുതൽ റൗൾ റയൽ മാഡ്രിഡ് യൂത്ത് ടീമിനൊപ്പം ഉണ്ട്. റയൽ മാഡ്രിഡ് ഇതിഹാസ താരമായ റൗൾ റയൽ മാഡ്രിഡിനൊപ്പം 550ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മോശം തുടക്കം; കിക്കെ സെറ്റിയനെ പുറത്താക്കി വിയ്യാ റയൽ

സീസണിൽ മോശം തുടക്കം കുറിച്ചതിന് പുറമെ പരിശീലകൻ കിക്കെ സെറ്റിയനെ പുറത്താക്കി വിയ്യാ റയൽ. നാല് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്ന് തോൽവിയും ഒരേയൊരു ജയവുമായി പതിനഞ്ചാം സ്ഥാനത്താണ് വിയ്യാ റയൽ. ടീമിന്റെ ഡിഓഎഫ് ആയ മിഗ്വെൽ അഞ്ചെൽ ടെനാ താൽക്കാലികമായി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും ക്ലബ്ബ് അറിയിച്ചു. വിഷമഘട്ടത്തിൽ ടീമിലേക്ക് കോച്ചിന് നന്ദി പറയാനും വിയ്യാറയൽ മറന്നില്ല. “കഴിഞ്ഞ സീസണിൽ നിർണായക ഘട്ടത്തിൽ എത്തി ടീമിൽ മാറ്റം കൊണ്ടു വരാൻ സെറ്റിയനും സംഘത്തിനും ആയി. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ലീഗിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി തരാനും അദ്ദേഹത്തിനായി”, ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിച്ചേക്കും.

അവസാന മത്സരത്തിൽ കാഡിസിനോട് കൂടി തോറ്റതാണ് സെറ്റിയന് തിരിച്ചടി ആയത്. കൂടാതെ ബെറ്റിസ്, ബാഴ്‌സലോണ എന്നിവരോടും പരാജയപ്പെട്ടു. മയ്യോർക്കയെ മാത്രമാണ് ഇതുവരെ കീഴടക്കാൻ സാധിച്ചത്. അതേ സമയം പ്രമുഖ താരങ്ങൾ ആയ നിക്കോൾ ജാക്സൻ, ലെസ്ലെ ഉഗോച്ചുക്വു, പാവോ ടോറസ് എന്നിവരെ നഷ്ടമായ ടീം കൃത്യമായ പകരക്കാരെ എത്തിക്കാത്തതും ടീമിന്റെ പ്രകടനത്തിൽ നിർണായകമായി. മധ്യനിരയിൽ നിന്നും അലക്‌സ് ബയേനയെ കൂടുതലും മുൻനിരയിലേക്ക് കൊണ്ടു വരേണ്ട സ്ഥിതിയും ഉണ്ടായി. നേരത്തെ ബാഴ്‌സലോണ വിട്ട ശേഷം ചെറിയൊരു ഇടവേളക്ക് ശേഷമാണ് സെറ്റിയൻ വിയ്യാറയലിലൂടെ കോച്ചിങ്ങിലേക്ക് മടങ്ങി എത്തുന്നത്. തുടക്കത്തിൽ കോച്ചിന്റെ ശൈലിയിൽ താരങ്ങൾ അടക്കം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തുടർന്ന് ടീം മികച്ച പ്രകടനം തന്നെ ലീഗിൽ കാഴ്ചവെച്ചു.

ഡെനിസ് സുവാരസ് വീണ്ടും വിയ്യാറയൽ ജേഴ്സിയിൽ

സ്പാനിഷ് താരം ഡെനിസ് സുവാരസ് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വിയ്യാറയലിലേക്ക് തിരിച്ചെത്തി. സെൽറ്റ വീഗൊയുമായി കരാർ അവസാനിച്ച താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി വിയ്യാറയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തേക്കാണ് ഇരുപത്തിയൊൻപതുകാരൻ സെറ്റിയന്റെ സ്ക്വാഡിലേക്ക് എത്തുന്നത്.

സുവരസിന്റെ സെൽറ്റയുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുമെങ്കിലും പുതുക്കേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് തന്നെ താരവുമായി ധാരണയിൽ എത്താൻ വിയ്യാറയലിനായി. ശേഷം ജനുവരിയിൽ സെൽറ്റ, സുവരസിനെ എസ്പാന്യോളിന് ലോണിൽ കൈമാറി. മുൻപ് ബാഴ്‌സക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള താരം ബാഴ്‌സ ബിയിൽ നിന്നും ലോണിൽ വിയ്യാറയലിന് വേണ്ടി 2015-16 സീസണിൽ ജേഴ്‌സി അണിഞ്ഞു. അന്നത്തെ മിന്നും പ്രകടനമാണ് ബാഴ്‌സ സീനിയർ ടീമിലേക്ക് താരത്തെ എത്തിച്ചത്. പിന്നീടാണ് സെൽറ്റ വിഗോയിലേക്ക് ചേക്കേറുന്നത്. ലീഗിൽ മതിയായ അനുഭവസമ്പത്തുള്ള താരത്തെ എത്തിക്കാൻ കഴിഞ്ഞത് വിയ്യാറയലിന് നേട്ടമാണ്. സെൽറ്റ ജേഴ്‌സിയിൽ മൂന്ന് സീസണുകളിലായി നൂറോളം മത്സരങ്ങൾ ഈ മധ്യനിര താരം പന്തു തട്ടി.

പൗ ടോറസിന് ആയി ഉനയ് എമറെ രംഗത്ത്, ബയേണിനും താരത്തിൽ താൽപ്പര്യം

വിയ്യറയൽ പ്രതിരോധ താരം പൗ ടോറസിന് ആയി ആസ്റ്റൺ വില്ല രംഗത്ത്. മുൻ വിയ്യറയൽ പരിശീലകൻ ആയ വില്ല പരിശീലകൻ ഉനയ് എമറെക്ക് താരത്തിൽ വലിയ താൽപ്പര്യം ഉണ്ട്. താരത്തിന്റെ വലിയ ആരാധകൻ ആയ എമറെ താരത്തെ ഇംഗ്ലീഷ് ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമം നടത്തുക ആണ്.

അതേസമയം താരത്തിൽ ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണികും താരത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ട്. പ്രതിരോധ താരം ലൂകാസ് ഹെർണാണ്ടസ് ക്ലബ് വിടുക ആണെങ്കിൽ ഇടത് കാലൻ ആയ പ്രതിരോധ താരം എന്ന നിലയിൽ പൗ ടോറസിനെ ടീമിൽ എത്തിക്കാൻ ആവും ബയേണിന്റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ.

റൗൾ ആബിയോൾ വിയ്യറയലിൽ കരാർ പുതുക്കി

വിയ്യറയലിന്റെ വെറ്ററൻ താരം റൗൾ ആബിയോൾ ഒരു സീസൺകൂടെ ക്ലബിൽ തുടരും. 2024 ജൂൺ വരെ ഒരു കരാർ താരം ഒപ്പിവെച്ചതായി വിയ്യറയൽ ഇന്ന് അറിയിച്ചു. 37കാരനായ താരം വിയ്യാറയലിൽ എത്തിയ ശേഷം അവർക്കായി മൊത്തം 155 ഔദ്യോഗിക മത്സരങ്ങൾ കളിച്ചു. 2021 ലെ യുവേഫ യൂറോപ്പ ലീഗ് കിരീട നേട്ടത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ വിയ്യറയലിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്കും അദ്ദേഹം നയിച്ചു.

തന്റെ കരിയറിൽ റയൽ മാഡ്രിഡ്, എസ്‌എസ്‌സി നാപോളി, വലൻസിയ സിഎഫ്, ഗെറ്റാഫെ സിഎഫ് തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി 700-ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. രണ്ട് യൂറോ കപ്പുകളും (2008, 2012), ഒരു ലോകകപ്പും (2010) നേടിയ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പാനിഷ് ദേശീയ ടീമിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു.

Exit mobile version