സന്തോഷ് ട്രോഫി, മൂന്നാം മത്സരവും വിജയിച്ച് കേരളം ക്വാർട്ടർ ഫൈനലിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കേരളം ഒഡീഷയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

മത്സരത്തിന്റെ 42ആം മിനുട്ടിൽ അജ്സലിലൂടെ ആയിരുന്നു കേരളം ലീഡ് എടുത്തത്. അജസൽ ഗ്രൂപ്പിലെ ആദ്യ 2 മത്സരങ്ങളിലും കേരളത്തിനായി ഗോൾ നേടിയിരുന്നു. ആദ്യ പകുതി കേരളം 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ നസീബിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഒഡീഷയ്ക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ആയില്ല. നേരത്തെ കേരളം ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും തോൽപ്പിച്ചിരുന്നു. ഇനി 22ആം തീയതി കേരളം ഡെൽഹിയെ നേരിടും.

ബംഗാൾ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി

ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ രാജസ്ഥാനെ 2-0ന് തോൽപ്പിച്ച് ബംഗാൾ സന്തോഷ് ട്രോഫിക്കായുള്ള 78-ാമത് സീനിയർ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒരു ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ റബിലാൽ മാണ്ഡി ബംഗാളിന്റെ സ്‌കോറിംഗ് തുറന്നു, രണ്ടാം പകുതിയുടെ തുടക്കത്തിൽ നരോ ഹരി ശ്രേഷ്ഠ ലീഡ് ഇരട്ടിയാക്കി ബംഗാളിൻ്റെ തുടർച്ചയായ മൂന്നാം ജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി 32 തവണ ചാമ്പ്യന്മാർ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഗ്രൂപ്പ് എയിലെ മറ്റൊരു പോരാട്ടത്തിൽ ജമ്മു & കശ്മീർ മണിപ്പൂരിനെ 1-1 സമനിലയിൽ തളച്ച് ഫൈനൽ റൗണ്ടിലെ ആദ്യ പോയിൻ്റ് നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നൗറോയിബാം റൊമെൻ സിംഗ് മണിപ്പൂരിന് ഹെഡ്ഡറിലൂടെ ലീഡ് നൽകിയെങ്കിലും ആകിഫ് ജാവൈദ് മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ സമനില പിടിച്ചു. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുള്ള മണിപ്പൂരിന് നേരത്തെ യോഗ്യത നേടാനുള്ള അവസരം നഷ്ടമായി, അവരുടെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ ഭാവി ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്; ഗ്രൂപ്പുകൾ തെളിഞ്ഞു, കേരളത്തിനൊപ്പം ഗോവയും അരുണാചലും

77ആം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടം തെളിയുമ്പോൾ കേരളത്തിന്റെ സ്ഥാനം ഗ്രൂപ്പ് എയിൽ. എഐഎഫ്എഫ് ഔദ്യോഗിക കുറിപ്പിലൂടെയാണ് വിവരങ്ങൾ പുറത്തു വിട്ടത്. ടൂർണമെന്റ് സ്ഥാപിതമായ ശേഷം ആദ്യമായി അരുണാചലിലേക്ക് വിരുന്നെത്തുമ്പോൾ മാറിയ ഫോർമാറ്റും മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും എന്നാണ് കണക്ക് കൂട്ടൽ. ആറു ടീമുകൾ അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരിക്കുക. ശേഷം ഇരു ഗ്രൂപ്പിൽ നിന്നും ആദ്യ നാല് ടീമുകൾ പ്രീ ക്വർട്ടറിലേക്ക് പ്രവേശിക്കും. നേരത്തെ ആദ്യ രണ്ടു ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുന്ന രീതിയിൽ ആയിരുന്ന ടൂർണമെന്റ് ഫോർമാറ്റ്. ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെന്റ് ദൈർഘ്യം.

ഗ്രൂപ്പ് എയിൽ കേരളത്തിനൊപ്പം ആതിഥേയരായ അരുണാചൽ പ്രദേശ്, മേഘാലയ, അസം, സർവീസസ്, ഗോവ എന്നിവർ അണിനിരക്കും. ഗ്രൂപ്പ് ബിയിൽ നിലവിലെ ജേതാക്കളായ കർണാടകയും, മഹാരാഷ്ട്ര, ഡൽഹി, മണിപ്പൂർ, മിസോറാം, റെയിൽവേയ്‌സ് എന്നീ ടീമുകളും ഉണ്ട്. നേരത്തെ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളും, മൂന്ന് മികച്ച രണ്ടാം സ്ഥാനക്കാരും കൂടെ ആതിഥേയരായ അരുണാചൽ പ്രദേശ്, നിലവിലെ ഫൈനലിസ്റ്റുകൾ ആയ കർണാടക, മേഘാലയ എന്നിവരും ആണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. കേരളം മികച്ച രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. യോഗ്യതാ റൗണ്ടിൽ ഗോവയോട് തോൽവി പിണഞ്ഞതാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് വിലങ്ങു തടി ആയത്. എങ്കിലും യോഗ്യതാ ഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂടിയിരുന്ന ടീം ഫൈനൽ റൗണ്ടിലും മികച്ച പ്രകടനം നടത്താൻ ആവുമെന്ന പ്രതീക്ഷയിലാവും.

സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ലക്ഷദ്വീപ്

സന്തോഷ് ട്രോഫി സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്രയോട് എതിരില്ലാത്ത 4 ഗോളുകൾക്ക് ലക്ഷദ്വീപ് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു എത്തിയ ലക്ഷദ്വീപിനു അന്തമാൻ നിക്കോബാർ ദ്വീപുകളെ 8-0 നു തകർത്തു എത്തിയ മഹാരാഷ്ട്ര വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല.

എട്ടാം മിനിറ്റിൽ അദ്വതിനിലൂടെ മുന്നിൽ എത്തിയ മഹാരാഷ്ട്ര രണ്ടാം പകുതിയിൽ ആണ് ബാക്കി മൂന്നു ഗോളുകളും നേടിയത്. അർമാഷ് നാസിർ അൻസാരി, നിഖിൽ കദം, ഹിമാശു പാട്ടിൽ എന്നിവർ ആണ് ആതിഥേയരുടെ മറ്റു ഗോളുകൾ നേടിയത്. കരുത്തരായ മഹാരാഷ്ട്രക്ക് എതിരെ ഇടക്ക് തങ്ങളുടെ പോരാട്ടവീര്യം കാണിക്കാൻ മത്സരത്തിൽ ലക്ഷദ്വീപിന് ആയിരുന്നു. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്ര ആന്ധ്രാ പ്രദേശിനെയും ലക്ഷദ്വീപ് അന്തമാൻ നിക്കോബാറിനെയും ആണ് നേരിടുക.

സന്തോഷ് ട്രോഫിയിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു ലക്ഷദ്വീപ്

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ തെലുങ്കാനയെ ഗോൾ രഹിത സമനിലയിൽ തളച്ചു ലക്ഷദ്വീപ്. മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആയില്ല. മികച്ച രീതിയിൽ കളിച്ച ലക്ഷദ്വീപ് തങ്ങളുടെ പോരാട്ടവീര്യം ആദ്യ മത്സരത്തിൽ തന്നെ പുറത്ത് എടുത്തു.

മഹാരാഷ്ട്ര, ത്രിപുര, ആന്ധ്രാ പ്രദേശ്, അന്തമാൻ നിക്കോബാർ എന്നിവർ ആണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. മറ്റന്നാൾ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ അടുത്ത കളിയിലെ എതിരാളികൾ. നേരത്തെ സന്തോഷ് ട്രോഫിൽ മുഖാമുഖം വന്നപ്പോൾ മഹാരാഷ്ട്ര ലക്ഷദ്വീപിനെ വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു. കരുത്തർ അടങ്ങിയ ഗ്രൂപ്പിൽ തങ്ങളുടെ മികവും പോരാട്ട വീര്യവും പുറത്ത് എടുക്കാൻ തന്നെയാവും ദ്വീപിലെ കളിക്കാർ ഇറങ്ങുക.

പത്തേമാരിയിലെ മമ്മൂട്ടിയും ഇന്ത്യൻ ഫുട്ബാളും

2023 സീസണിലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ വച്ചു നടക്കും. ഇതിനായുള്ള കരാർ ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനും സൗദി അധികാരികളും കഴിഞ്ഞ ദിവസം ഒപ്പ് വച്ചു.

ഇന്ത്യൻ യുവ കളിക്കാർക്ക് കൂടുതൽ ഉയരങ്ങളിൽ എത്തിപ്പിടിക്കാനുള്ള സ്വപ്നം കാണാനും, സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളെ ഫുട്ബോളുമായി അടുപ്പിക്കാനും ആണത്രേ ഈ നീക്കം. ആദ്യമായി ചോദിക്കട്ടെ, ആർ യൂ സീരിയസ്?

ഇന്ത്യയിൽ ഫുട്ബോൾ പ്രചരിപ്പിക്കുകയും, ഈ കളിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സൗദിയിൽ ഫുട്ബാൾ മത്സരം നടത്തേണ്ട കാര്യമെന്താണ്! ഇന്ത്യയിലെ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ എല്ലാ കാലത്തും മോശമായിരുന്നു എന്നു അവകാശപ്പെട്ടൽ അതിൽ തർക്കം ഉണ്ടായേക്കാം. പക്ഷെ അക്കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം AIFF ന്റേതാണ് എന്നു പറഞ്ഞാൽ അതിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.

നമുക്ക് ഈ തീരുമാനം ഒന്ന് പരിശോധിച്ചു നോക്കാം. കളി കാണാൻ ആളുകൾ എത്താത്തതാണോ ഇവർക്ക് പ്രശ്നം? ഹബീബി, കം ടു മലപ്പുറം! കേരളത്തിൽ, പ്രത്യേകിച്ചു മലബാർ പ്രദേശത്തു നിങ്ങൾ സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്തി നോക്കൂ, സ്റ്റേഡിയം നിറഞ്ഞു കവിയും. കഴിഞ്ഞ തവണയും കൂടി നമ്മൾ ഇത് കണ്ടതാണല്ലോ. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും കേരള സർക്കാർ ചെയ്തു തരും. ഫുട്ബാൾ കളിയെ അറിയുന്ന, കളി ശ്വാസത്തിലും കോശത്തിലും കൊണ്ട് നടക്കുന്ന മലയാളികളെ കളിയാക്കുന്ന നടപടിയായി ഇത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ ഓപ്പനിങ് ഗെയിം ഈ അധികാരികൾ വന്നൊന്ന് കണ്ട് നോക്ക്, ഫ്രീ ടിക്കറ്റ് കിട്ടുന്നതല്ലേ. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള കാണികൾ ഇന്ന് വാട്ടർ അതോറിറ്റിയുടെ സ്റ്റോക്ക് യാർഡായിരുന്ന ആ പഴയ മൈതാനത്തു ഒത്ത്കൂടും, ഈ മനോഹര കളിക്കായി.

യുവ ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനവും, പരിചയവും ലഭിക്കാൻ സൗദിയിലെ ഈ കളികൾ കൊണ്ട് സാധിക്കുമെന്നാണ് മറ്റൊരു വാദം. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്? അവിടെ പോയി നമ്മുടെ ടീമുകൾ പരസ്പരമാണ് കളിക്കുക, ഇവിടെ കളിച്ചാലും അത് തന്നെയാണ് സംഭവിക്കുക. ഇനി അതല്ല, അവിടെ ഗ്രൗണ്ടുകൾ മെച്ചപ്പെട്ടതാണ്, സൗകര്യങ്ങൾ കൂടുതലുണ്ട് എന്നാണെങ്കിൽ, മിസ്റ്റർ, അത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കലാണ് നിങ്ങളുടെ ജോലി!

ഇനി ഈ വാദങ്ങളെല്ലാം സമ്മതിച്ചു കൊടുത്താൽ തന്നെ, എന്ത് കൊണ്ടാണ് സൗദി തിരഞ്ഞെടുത്തത്? ജിസിസിയിൽ തന്നെ ചെന്നെത്താൻ ഏറെ ബുദ്ധിമുട്ടും, സാംസ്കാരികമായി ഒട്ടേറെ നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് സൗദി. നമ്മുടെ കളിക്കാരും, സപ്പോർട്ട് സ്റ്റാഫും അടങ്ങിയ വലിയ ഒരു സംഘത്തെ അങ്ങോട്ട് അയക്കുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കണം. അവിടത്തെ സാംസ്കാരിക നിബന്ധനകൾ അനുസരിച്ചു ഒരു മാസത്തോളം അവിടെ കഴിയുന്നത് യുവ കളിക്കാർക്ക് ഉത്തമമായ ഒരു അനുഭവമാണോ എന്നും ആലോചിച്ചു നോക്കണം. അങ്ങനെ അയക്കണം എന്നുണ്ടെങ്കിൽ തന്നെ എന്തു കൊണ്ട് താരതമ്യേന സൗഹൃദപരമായ അന്തരീക്ഷമുള്ള ദുബായിലേക്കോ ഖത്തറിലേക്കോ ആയിക്കൂടാ? ഖത്തറിൽ ഈ വർഷം നടക്കുന്ന വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ നമ്മുടെ കുട്ടികൾ കളിച്ചു സന്തോഷിക്കട്ടെ എന്ന് കരുതാമായിരുന്നില്ലേ?

ഇന്ത്യൻ ഫുട്ബാളിന് പുതിയ ആഭ്യന്തര ലീഗുകൾ വന്നതിൽ പിന്നെ ഒരു ഉണർവ്വ് ഉണ്ടായിട്ടുണ്ട്. അതിൽ ഈ അസ്സോസിയേഷനുകൾക്ക് വലിയ പങ്കില്ല. ഇനി വേണ്ടത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളാണ്, കൂടുതൽ കളിക്കളങ്ങളാണ്, കൂടാതെ നമ്മുടെ കളിക്കാർക്ക് കളിപരിചയം കൂടാനായി കുറഞ്ഞ പക്ഷം ഏഷ്യൻ ക്ലബ്ബ്കളുമായി കളിക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ്. അതിനായി നമ്മുടെ ടീമുകൾക്ക് വേണ്ട പിന്തുണ നൽകുക, അതിന് വേണ്ട കരാറുകൾ ജിസിസി അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പിടുക. അല്ലാതെ ഇന്ത്യൻ കാണികളുടെ മനസ്സിൽ ഇപ്പോഴും രാജകീയ പരിവേഷമുള്ള സന്തോഷ് ട്രോഫിയെ കടൽ കടത്തുകയല്ല വേണ്ടത്.

ഈ കരാറിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. പക്ഷെ സൗദിയിലെ പുതിയ നയങ്ങൾ വിരൽ ചൂണ്ടുന്നത് ഇത് അവരുടെ ഓപ്പൺ പോളിസിയുടെ ഭാഗമായുള്ള പദ്ധതിയാണെന്നാണ്. അടച്ചു പൂട്ടിയ ഒരു രാജ്യം എന്ന നിലയിൽ നിന്നും ഒരു തുറന്ന സമൂഹമെന്ന നിലയിലേക്കുള്ള സമീപനത്തിന്റെ പരസ്യം എന്ന നിലയ്ക്കാകും ഈ ടൂർണമെന്റ് നടത്തുക. ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്ന സൗദിക്ക് ഒരു പുതിയ മുഖം നൽകാനുള്ള ശ്രമം കൂടിയാകും ഇതു. AIFF നെ സംബന്ധിച്ചു ഇതൊരു ചാകരയാണ്. സാമ്പത്തിക ഞെരുക്കം നേരിടുന്ന അവർ ഇത് നല്ലൊരു അവസരമായി കണ്ടു, അത്ര തന്നെ. കുടുംബം രക്ഷപ്പെടാനായി മൂത്തമോനെ ഗൾഫിലേക്ക് കയറ്റി വിടുന്ന പോലെയാണ് ഇത്. അവസാനം, എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റി തിരികെ വരുന്ന, സ്വന്തമായി ഒന്നും സമ്പാദിക്കാത്ത ഗൾഫുകാരന്റെ ഗതിയാകുമോ ഇന്ത്യൻ ഫുട്ബാളിനും!

കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയ മുഹമ്മദ് ഷഹീഫ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം

കേരളം ഈ കഴിഞ്ഞ സന്തോഷ് ട്രോഫി ഉയർത്തിയപ്പോൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഡിഫൻഡർ മുഹമ്മദ് ഷഹീഫ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. താരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. താരം എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പുവെച്ചോ എന്ന് വ്യക്തമല്ല. ഇപ്പോൾ ട്രയൽസിലാണ് എന്നാണ് സൂചന. ഇവാൻ വുകമാനോവിച് അടക്കമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് ടീമിന് ഇഷ്ടപ്പെട്ടാൽ ഷഹീഫിന് കേരള ബ്ലാസ്റ്റേഴ്സ് കരാർ നൽകും എന്നാണ് റിപ്പോർട്ടുകൾ.

ഷഹീഫ് പറപ്പൂർ എഫ് സിക്കായി കഴിഞ്ഞ കെ പി എല്ലിൽ കളിച്ചിരുന്നു. അവിടെ നടത്തിയ പ്രകടനമാണ് യുവതാരത്തെ കേരള സന്തോഷ് ട്രോഫി ടീമിൽ എത്തിച്ചത്‌. തുരൂർ കൂട്ടായി സ്വദേശിയാണ് ലെഫ്റ്റ് വിങ് ബാൽക് ആയ ഷഹീഫ്. അറ്റാക്കിലും ഡിഫൻസിലും ഒരു പോലെ മികവുള്ള താരമാണ്. സന്തോഷ് ട്രോഫിയിൽ മേഘാലയക്ക് എതിരായ മത്സരത്തിൽ കേരളത്തിനായി ഗോളും നേടിയിരുന്നു.

Story Highlight: Santosh Trophy winning left-back Muhammed Saheef training with Kerala Blasters FC

“ഐ എസ് എല്ലിൽ കളിക്കണം” “മുമ്പും നന്നായി കളിച്ചിരുന്നു, ഗോളടിച്ചത് കൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കിട്ടുന്നത്” – ജിജോ ജോസഫ് | അഭിമുഖം

കേരളത്തിന്റെ മികച്ച താരം എന്നല്ല ഈ സന്തോഷ് ട്രോഫിയുടെ തന്നെ താരമായി മാറിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ ജിജോ ജോസഫ്. ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടി കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന ജിജോ ജോസഫ് ഇന്ന് ഫാൻപോർട്ടുമായി സംസാരിച്ചു. സെവൻസ് മൈതാനങ്ങളിൽ നിന്ന് കേരള ക്യാപ്റ്റൻ വരെയുള്ള യാത്രയെ കുറിച്ചും ഐ എസ് എൽ പോലുള്ള വലിയ ലീഗിൽ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും ജിജോ മനസ്സ് തുറന്നു.

Q : 2013ൽ ഗോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജിജോ അന്ന് ഗോൾ ഇലവനും കേരളത്തിന്റെ സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മത്സരത്തിൽ ഗോൾ ഇലവനായി ഇറങ്ങിയത് ഓർമ്മയുണ്ട്. അന്ന് പി രാഹുലും ഷിബിൻ ലാലും ഒക്കെ ഉള്ള കേരള ടീമിന്റെ മിഡ്ഫീൽഡിനെ വട്ടംകറക്കിയ ജിജോ ഇന്ന് ആ മീഡ്ഫീൽഡിനെ നയിക്കുകയാണ്. എന്ത് തോന്നുന്നു കേരളത്തിന്റെ ക്യാപ്റ്റൻ ആയി മാറിയ ഈ യാത്രയെ കുറിച്ച്?

ജിജോ : ക്യാപ്റ്റൻ ആയതിൽ വലിയ സന്തോഷം ഉണ്ട്. കേരളത്തിന്റെ ക്യാപ്റ്റൻ ആവുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. ഈ യാത്ര ഒരു കിരീടത്തിൽ അവസാനിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്‌

Q : ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. എന്താണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ എന്ന നിലയിൽ പറയാൻ ഉള്ളത്?

ജിജോ : കളിയെ കുറിച്ച് പറയുക ആണെങ്കിൽ ഇതുവരെ ഞങ്ങൾ നല്ല പ്രകടനങ്ങൾ നടത്തിയാണ് നിൽക്കുന്നത്. ഒരോ കളിക്കാരും വ്യക്തിഗതമായും നല്ല ആത്മവിശ്വാസത്തിലാണ് ഉള്ളത്. ഇനി സെമി ഫൈനലിലും ഈ പ്രകടനം കാഴ്ചവെക്കുക ആണെങ്കിൽ ഫൈനലിൽ എത്താൻ ആകുമെന്നും തുടർന്ന് കിരീടം ഉയർത്താൻ ആകും എന്ന് തന്നെയുമാണ് ഞാൻ വിശ്വസിക്കുന്നത്.

Q : അഞ്ചു ഗോളുകൾ ഇതിനകം തന്നെ അടിച്ചു കഴിഞ്ഞു, ടുട്ടുവിനെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അറിയാത്ത താരമല്ല. അവരുടെ സ്നേഹം മുമ്പും താങ്കൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കിട്ടുന്ന വലിയ സ്വീകാര്യത, സമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേരുടെ സ്റ്റാറ്റസുകളിൽ സ്റ്റോറികളിൽ ഒക്കെ ജിജോ ആണ്. സന്തോഷം തോന്നുന്നുണ്ടൊ, ആൾക്കാരുടെ സ്നേഹവും അവരുടെ ഈ പ്രതീക്ഷയും സമ്മർദ്ദം കൂട്ടുന്നുണ്ടോ?

ജിജോ : എനിക്ക് വളരെ അധികം സന്തോഷം ഉണ്ട്. ഞാൻ സെവൻസിലൂടെ ആണ് അറിയപ്പെട്ടിരുന്നത്. സന്തോഷ് ട്രോഫി കളിക്കും മുമ്പ് സെവൻസിൽ ഞാൻ വലിയ തരക്കേടില്ലാതെ കളിച്ചിരുന്നതാണ്. അങ്ങനെയാണ് എന്നെ കൂടുതൽ പേർ അറിഞ്ഞിരുന്നത്. പിന്നെ സന്തോഷ് ട്രോഫി കളിച്ചപ്പോൾ സന്തോഷ് ട്രോഫിയിൽ അവസരം കിട്ടി എന്ന് എല്ലാവരും അറിഞ്ഞു. അത് കഴിഞ്ഞ് തുടർച്ചയായി അഞ്ചാറ് വർഷം സന്തോഷ് ട്രോഫി കളിച്ചപ്പോൾ ഒന്നും എന്നെ ആരും അറിഞ്ഞിരുന്നില്ല.

നന്നായി കളിക്കും എന്ന് പറയും അത്രയെ ഉള്ളൂ. സോഷ്യൽ മീഡിയ ഒന്നും ഇത്ര സജീവമായിരുന്നില്ല അപ്പോഴൊന്നും. അതുകൊണ്ട് ഇത്ര വലിയ പിന്തുണയും പ്രൊമോഷനും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗോൾ സ്കോർ ചെയ്തത് കൊണ്ടാണ് എന്റെ പേര് ഇങ്ങനെ നിൽക്കാൻ കാരണം. മുമ്പുള്ള സന്തോഷ് ട്രോഫികളിൽ ഒക്കെ നന്നായി കളിച്ചിരുന്നു. ഇതിനേക്കാൾ നന്നായി പെർഫോം ചെയ്തിരുന്നെങ്കിലും ഗോൾ നേടിയിരുന്നില്ല.

ഇപ്പോൾ ഞാൻ ഗോളടിച്ച് തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. അതിൽ വളരെ സന്തോഷം ഉണ്ട്.

കാണികളുടെ ഭാഗത്ത് നിന്ന് എനിക്ക് സമ്മർദ്ദം അങ്ങനെ തോന്നാറില്ല. അവരുടെ പിന്തുണ തന്നെയാണ് ഞങ്ങളുടെ വിജയം. അത് ഞാൻ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഇനി ആരാധകരുടെ പ്രതികരണം നേരെ വിപരീതമായാലും തന്നെ അത് ബാധിക്കാതെ നോക്കാറുണ്ട്. പുറത്ത് നിന്നുള്ള വിമർശനങ്ങൾ കൊണ്ട് തളർന്നു പോകുന്ന ഒരു ആൾ അല്ല ഞാൻ. പുറത്ത് നിന്നുള്ള പ്രതികരണങ്ങൾ അധികം മനസ്സിൽ വെക്കാറില്ല. ചെറുപ്പം മുതൽ എന്റേതായി രീതിയിൽ മുന്നോട്ട് പോകാൻ ആണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് ആരാധകരുടെ പ്രതീക്ഷ ഒരു സമ്മർദ്ദമായി തോന്നാറില്ല. എന്തായാലും അവരുടെ പിന്തുണ പ്രകടനങ്ങളിൽ വലിയ ഘടകം തന്നെയാണ്. അത് പറയാതിരിക്കാൻ പറ്റില്ല.

Q : ഇപ്പോൾ സെമിയിൽ എത്തിയവർ ഒക്കെ ടൂർണമെന്റിൽ നല്ല പ്രകടനം കാഴ്ചവെച്ചവരാണ്. ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമുകളുമാണ്, കേരളത്തിന്റെ കിരീട പ്രതീക്ഷകളെ കുറിച്ച് എന്താണ് ജിജോയ്ക്ക് പറയാനുള്ളത്?

ജിജോ : കിരീട പ്രതീക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ഞങ്ങൾ എല്ലാവരും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഞങ്ങൾ നന്നായി കളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആ റിസൾട്ട് കിട്ടുന്നുമുണ്ട്. ഈ കളിയും ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും ഭാഗ്യവും എല്ലാമുണ്ടെങ്കിൽ കിരീടം തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം.


Q : ഇപ്പോൾ കെ പി എല്ലിൽ കെ എസ് ഇ ബിക്ക് വേണ്ടിയാണ് കളിച്ചത്. എങ്കിലും എസ് ബി ഐയുടെ താരമാണ്. സന്തോഷ് ട്രോഫിയിലെ പ്രകടനം രാജ്യത്തെ പ്രധാന ക്ലബുകളുടെ ഒക്കെ സ്കൗട്ടുകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ജിജോയെ ഐ എസ് എല്ലിലോ ഐ ലീഗിലോ കാണാൻ ഞങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആകുമോ? ഇത്തരം അഭ്യൂഹങ്ങളെ കുറിച്ചുള്ള പ്രതികരണം എന്താണ്.

ജിജോ : മുമ്പ് തന്നെ എനിക്ക് കുറേ ഓഫറുകൾ വന്നിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കളിച്ച് തുടങ്ങുന്ന കാലത്ത് തന്നെ എനിക്ക് പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട്. ആ സമയത്ത് ഡിപാർട്മെന്റ് ടീമുണ്ടായിരുന്നു. ഡിപാർട്മെന്റ് ടീമിനൊപ്പം ടൂർണമെന്റുകൾ കളിച്ചിരുന്നു. ഇപ്പോൾ എസ് ബി ഐക്ക് ടീമും ടൂർണമെന്റുകളും ഒന്നുമില്ല. അതാണ് കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചത്. നിലവിൽ ഐ എസ് എല്ലിൽ ഏതേലും ക്ലബിൽ അവസരം ലഭിക്കുക ആണെങ്കിൽ കളിക്കാൻ വിടും എന്നും കളിക്കാൻ പറ്റും എന്നുമാണ് ഡിപാർട്മെന്റ് പറയുന്നത്. ഇത്തവണ ലഭിക്കുന്ന ഓഫറുകൾ നോക്കിയിട്ട് ഡിപാർട്മെന്റുമായി സംസാരിച്ച് ഐ എസ് എല്ലിൽ കളിക്കാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് സാധിക്കട്ടെ. എല്ലാവരുടെ പ്രാർത്ഥനയും ഇതിനായുണ്ടാകണം.

അടിക്ക് തിരിച്ചടിയെന്ന പോലെ കർണാടക ഒഡീഷ പോരാട്ടം!!

സന്തോഷ് ട്രോഫിയിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒഡീഷയും കർണാടയും സമനിലയിൽ പിരിഞ്ഞു. 6 ഗോൾ ത്രില്ലറിൽ അടിക്കു തിരിച്ചടി എന്ന പോലെ ആയിരുന്നു കളി. ഇന്ന് കളി നന്നായി തുടങ്ങിയത് കർണാടക ആയിരുന്നു എങ്കിലും ഒഡീഷ ആണ് ലീഡ് എടുത്തത്. 15ആം മിനുട്ടിൽ ചന്ദ്ര മുദിലി നൽകിയ ലോ ക്രോസ് ജാമിർ ഓറം വലയിൽ എത്തിക്കുക ആയിരുന്നു.

ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ച് കർണാടക ലീഡിൽ എത്തി. 29ആം മിനുട്ടിൽ പ്രശാന്ത് നൽകിയ ക്രോസിൽ നിന്ന് സുധീർ ആണ് സമനില നേടിയത്. 33ആം മിനുട്ടിൽ ഭാവു നിശാർ ലീഡിലും എത്തിച്ചു. ഒരു വലിയ ഡിഫ്ലക്ഷന്റെ ഫലം ആയിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ സുധീർ തന്നെ വീണ്ടും കർണാടകയ്ക്കായി ഗോൾ നേടി. 62ആം മിനുട്ടിൽ അവർ 3-1ന് മുന്നിൽ. കളി കർണാടക ജയിക്കുക ആണെന്ന് തോന്നിപ്പിച്ച സ്ഥലത്ത് നിന്ന് ഒഡീഷ തിരിച്ചടിച്ചു. 65ആം മിനുട്ടിൽ ബികാഷ് കുമാറിലൂടെ ഒഡീഷയുടെ രണ്ടാം ഗോൾ. പിന്നാലെ ചന്ദ്ര മദുലിയുടെ സ്ട്രൈക്കിലൂടെ ഒഡീഷയുടെ സമനിലയും.

സന്തോഷ് ട്രോഫി; മെഡിക്കല്‍ സംവിധാനങ്ങള്‍ പരിശോധിച്ചു

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഡി.എം.ഒ. ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സനന്ദര്‍ശിച്ച് പരിശോധന നടത്തി. നിലവില്‍ സന്തോഷ് ട്രോഫി മത്സരങ്ങളുടെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലെ നിലവിലുള്ള എക്യുപ്‌മെന്റുകളുടെ ഗുണനിലവാരം പരിശോധിച്ച് ഇനി ആവശ്യമായ എക്യുപ്‌മെന്റുകളുടെയും മറ്റു സൗകര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി.

രണ്ട് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ സംവിധാനങ്ങളുടെ ഒരു മോക്ക് ഡ്രില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും നടത്തും. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റിയാല്‍ എങ്ങിനെ നേരിടണം എന്ന് കാണിക്കുന്നതാകും മോക് ഡ്രില്‍. രണ്ട് സ്റ്റേഡിയങ്ങളിലും മത്സരസമയത്ത് രണ്ട് മെഡിക്കല്‍ ടീമുകളുണ്ടാകും. ഒരു സംഘം സ്റ്റേഡിയത്തിന് അകത്ത് മെഡിക്കല്‍ റൂമിലും ഒരു സംഘം ഗ്രൗണ്ടിലുമായി നിലയപറപ്പിക്കും.

മെഡിക്കല്‍ സേവനവുമായി ബന്ധപ്പെട്ട മേല്‍നേട്ട ചുമതലക്കായി നോഡല്‍ ഓഫിസറെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും ഒാഫീസ് കാര്യങ്ങള്‍ക്കായി ക്ലര്‍ക്കിനെയും ചുമതലപ്പെടുത്തിട്ടുണ്ട്.

ഡെപ്യുട്ടി ഡി.എം.ഒ. ഡോ. അഹമ്മദ് അഫ്‌സല്‍, ഡോ. ഫിറോസ് ഖാന്‍ (ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍), ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ (ആര്‍.എം.ഒ, മഞ്ചേരി മെഡിക്കല്‍ കോളേജ്), ഡോ. ജോണി ചെറിയാന്‍ (വൈ. ചെയര്‍മാന്‍, മെഡിക്കല്‍ കമ്മിറ്റി), ഡോ. സെയ്യിദ് നസീറുള്ള(പി.എച്ച്.സി., മെറയൂര്‍) തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍തം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ 9.00 മണിക്ക് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂറ്റീവ് അംഗം ഹൃഷിക്കോശ് കുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ ചടങ്ങ് മുന്‍സിപ്പിള്‍ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍ക്കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 4.30 ന് വിളംബര ജാഥ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി മേഖല സ്വീകരണ പരിപാടി ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പിള്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു
കൊണ്ടോട്ടിയില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വിളംബര ജാഥ 5.30 യോടെ അരീക്കോടെത്തി. അരീക്കോട്ടെ പഴയകാല താരങ്ങളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അരീക്കോട്ടേയും പരിസരപ്രദേശങ്ങളിലെയും 24 സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. പിന്നീട് നടന്ന ഷൂട്ടൗട്ട് മത്സരത്തില്‍ അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും നിരവധി പഴയകാല താരങ്ങളും അക്കാദമിയിലെ കുട്ടികളും പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. അരീക്കോട്ടെ സമാപന ചടങ്ങിന് കെ.എഫ്എ സംസ്ഥാന വൈസ് പ്രസിഡണ്ട് കാഞ്ഞിരാല അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല ബാബു,സി സുഹ്ദ് മാസ്റ്റര്‍, നൗഷിര്‍ കല്ലട,മുന്‍ കേരള ക്യാപ്റ്റന്‍ കുരികേശ് മാത്യു, മുന്‍ എം.എസ്.പി കമാന്‍ഡ് യൂ ഷറഫലി,എം.എസ്.പി അസിസ്റ്റന്റ് കമന്റ് ഹബീബ് റഹ്‌മാന്‍.മുന്‍ അസിസ്റ്റന്റ് കമന്റ് സകീര്‍,ഡി.എഫ്.എ എക്‌സിക്യൂട്ടീവ് അംഗം എന്‍ അബ്ദുല്‍ സലാം ,നാസര്‍ മഞ്ചേരി, മനോജ്,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂറ്റീവ് അംഗം ഹൃഷിക്കേഷ് കുമാര്‍,സിജി,സി ലത്തീഫ് , എ അബ്ദുല്‍ നാസര്‍,റഫീഖ് ഈപ്പന്‍, കെ.വി സൈനുല്‍ ആബിദ്, എന്നിവര്‍ പങ്കെടുത്തു. രണ്ടാം ദിനം അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തില്‍ സമാപിച്ചു.

മൂന്നാം ദിനമായ നാളെ രാവിലെ 9.00 മണിക്ക് ജാഥ നിലമ്പൂരില്‍ നിന്ന് ആരംഭിക്കും. നിലമ്പൂര്‍ സ്വീകരണ പരിപാടി പി.വി. അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10.30 ന് ജാഥ വണ്ടൂരെത്തും. വണ്ടൂരിലെ സ്വീകരണ പരിപാടി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 3.00 മണിക്ക് പെരിന്തല്‍മണ്ണയും 4 മണിക്ക് മങ്കടയും കടന്ന് 5.30 യോടെ വിളംബര ജാഥ മഞ്ചേരി സമാപിക്കും. സമാപന പരിപാടിയില്‍ എം.എല്‍.എ. യു.എ. ലത്തീഫ്, ജില്ലാ കലക്ടര്‍ പ്രേംകുമാര്‍ ഐ.എ.എസ്, മുന്‍ സ്‌ന്തോഷ് ട്രോഫി താരങ്ങള്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ജാഥ നാളെ അവസാനിക്കും.

01-04-2022 വിളംബര ജാഥ നാളെ

നിലമ്പൂര്‍ 9.00 എ.എം
വണ്ടൂര്‍ 10.30 എ.എം
പെരിന്തല്‍മണ്ണ 03.00 എ.എം
മങ്കട 4.00 പി.എം
മഞ്ചേരി 5.30 പി.എം സമാപനം

സന്തോഷ് ട്രോഫി ഫിക്സ്ചർ എത്തി, കേരളത്തിന്റെ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ, കിരീടം നേടാൻ ഉറച്ച് കേരളം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ നടക്കും എന്ന് ഉറപ്പായി. ഏപ്രിൽ 16 മുതൽ ടൂർണമെന്റ് ആരംഭിക്കും. ഇൻ ഔദ്യോഗികമായി ഫിക്സ്ചർ പുറത്തു വിട്ടു. നേരത്തെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ഒമിക്രോൺ വ്യാപനം കാരണം ആണ് നീട്ടിവെച്ചിരുന്നത്. ഏപ്രിൽ 16ന് ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 2വരെ നീണ്ടു നിൽക്കും.

മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് എയിൽ ഉള്ള കേരളത്തിന്റെ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്‌.

കേരളം ഗ്രൂപ്പ് എ യിൽ ആണ് പോരിനിറങ്ങുക. മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എ യിലുള്ളത്. ഗുജറാത്ത്, കർണാടക, ഒഡീഷ, സെർവിസ്സ് , മണിപ്പൂർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി.

10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാകും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

കേരളത്തിന്റെ മത്സരങ്ങൾ;
16 ഏപ്രിൽ; കേരളം vs രാജസ്ഥാൻ
18 ഏപ്രിൽ; കേരളം vs വെസ്റ്റ് ബംഗാൾ
20 ഏപ്രിൽ; കേരളം vs മേഘാലയ
22 ഏപ്രിൽ; കേരളം vs പഞ്ചാബ്

ഫിക്സ്ചറുകൾ;

Exit mobile version