ജർമ്മനിക്ക് തിരിച്ചടി, വെർണർ ലോകകപ്പിനില്ല !

ഖത്തർ ലോകകപ്പിനായൊരുങ്ങുന്ന ജർമ്മൻ ടീമിന് തിരിച്ചടി. സൂപ്പർ താരം തീമോ വെർണർ പരിക്ക് കാരണം ലോകകപ്പിൽ കളിക്കില്ല. ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗിന് വേണ്ടി ശാക്തറിനെതിരെ കളിച്ച വെർണർക്ക് പരിക്കേറ്റിരുന്നു. ജർമ്മൻ ക്ലബ്ബായ ലെപ്സിഗ് വെർണർക്ക് ഇടം കാലിൽ പരിക്കാണെന്നും ഈ വർഷം മുഴുവനും പുറത്തിരിക്കേണ്ടി വരുമെന്നും അറിയിക്കുകയും ചെയ്തു.

ജർമ്മനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന താരമാണ് തീമോ വെർണർ. ജർമ്മനിക്ക് വേണ്ടി കഴിഞ്ഞ എട്ടുകളികളിലും വെർണർ സ്റ്റാർട്ട് ചെയ്തിരുന്നു. ജർമ്മൻ ദേശീയ ടീമിനായി 55 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വെർണർ 24 ഗോളുകളും അടിച്ചിട്ടുണ്ട്‌. ജപ്പാനെതിരെ നവംബർ 23നാണ് ഹാൻസി ഫ്ലികിന്റെയും സംഘത്തിന്റെയും ആദ്യ മത്സരം.

ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ

ഐഎസ്എല്ലിൽ ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ. അവാസന മിനുട്ടുകളിൽ 10പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനോട് പൊരുതി ചെന്നൈയിൻ സമനില പിടിച്ചു. ബെംഗളൂരു എഫ്സിക്കായി റോയ് കൃഷ്ണ ഗോളടിച്ചപ്പോൾ പ്രശാന്താണ് ചെന്നൈയിന്റെ ഗോളടിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തിൽ ചെന്നൈയിന്റെ ഗോൾകീപ്പർ മജുംദാർ ചുവപ്പ് കണ്ട് പുറത്ത് പോയി. എങ്കിലും പൊരുതിയ ചെന്നൈയിൻ ബെംഗളൂരുവിന്റെ അറ്റാക്കിന് പൂട്ടിടുകയായിരുന്നു. ഈ സമനിലയോട് കൂടി ചെന്നൈയിൻ പോയന്റ് നിലയിൽ രണ്ടാമതെത്തി. അതേ സമയം ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ബെംഗളൂരു മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

 

തുടക്കം മുതൽ തന്നെ അക്രമിച്ച് കളിച്ച ബെംഗളൂരു റോയ് കൃഷ്ണയിലൂടെ ലക്ഷ്യം കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രശാന്തിലൂടെ ഗോൾ മടക്കാൻ ചെന്നൈയിനായി. രണ്ടാം പകുതിയിൽ ഇരു ടീമുകളിൽ നിന്നും അറ്റാക്കിംഗ് ഫുട്ബോൾ കുറവായിരുന്നെങ്കിലും ഗോൾ കീപ്പർ മജുംദാറിന്റെ ചുവപ്പ് ബെംഗളൂരു എഫ്സിക്ക് അനുകൂലമാണ് കളിയെന്ന് തോന്നിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം ഉറച്ചു നിന്നു. കളിയവസാനിക്കാൻ മുൻപേ ചെന്നൈയിന് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

നോർത്ത് ഈസ്റ്റിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്സി !

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ തോൽപ്പിച്ചത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഒഗ്ബചെ, നർസാറി, ഹെരേര എന്നിവരാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി ഹൈദരാബാദ് എഫ്സി പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി.

കളിയുടെ തുടക്കത്തിൽ തന്നെ ബർതലമോവ് ഒഗ്ബചെയുടെ ഗോളിൽ ഹൈദരാബാദ് എഫ്സി മുന്നിലെത്തി. രണ്ടാം പകുതിയിൽ ഒഗ്ബചെ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും മറ്റൊരു സുവർണ്ണാവസരം ബാറിൽ തട്ടി പുറത്ത് പോവുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ തന്നെയാണ് നർസറിയും ഹെരേരയും ഗോളടിച്ചത്. അരിന്ദം ഭട്ടാചാര്യയുടെ വെടിക്കെട്ട് പെർഫോമൻസാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തോൽവി മൂന്നിൽ ഒതുക്കിയത്.

ഇഞ്ചുറി ടൈം വിന്നറുമായി എഡു ബേഡിയ, എഫ്സി ഗോവക്ക് വിജയത്തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവക്ക് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ എഫ്സി ഗോവ പരാജയപ്പെടുത്തിയത്‌. ഇഞ്ചുറി ടൈമിൽ എഡു ബേഡിയ നേടിയ ഗോളാണ് എഫ്സി ഗോവയെ വിജയത്തിലേക്ക് നയിച്ചത്. ബ്രണ്ടൻ ഫെർണാണ്ടസ് ആണ് ഗോവക്ക് വേണ്ടി മറ്റൊരു ഗോളടിച്ചത്. പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത് ക്ലീറ്റൻ സിൽവയാണ്. ഈസ്റ്റ് ബംഗാളിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

കളിയുടെ ആരംഭത്തിൽ തന്നെ ലീഡ് നേടാൻ എഫ്സി ഗോവക്കായി. ഏഴാം മിനുട്ടിൽ ബ്രെണ്ടൻ ഫെർണാണ്ടസിലൂടെ ഗോവ ഗോളടിച്ചു‌. ഗോളിന് വഴിയൊരുക്കിയത് വാസ്കസും. പിന്നീട് സമനില ഗോൾ പിടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾ ആയിരുന്നു കണ്ടത്. ഒടുവിൽ രണ്ടാം പകുതിയിൽ ക്ലീറ്റണിന്റെ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. രണ്ടാം കളിയിലെങ്കിലും ജയം തോൽവി വഴങ്ങാതിരിക്കാൻ പരമാവധി ഈസ്റ്റ് ബംഗാൾ ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോളാക്കി മാറ്റി എഡു ബേഡിയ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ തകർത്തു. ഈ ജയത്തോടെ നാലാം സ്ഥാനത്താണ് എഫ്സി ഗോവ. രണ്ട് പരാജയങ്ങളുമായി ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തും.

ആറ് ഗോൾ ത്രില്ലർ!, ഹൈദരാബാദും മുംബൈയും സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പിറന്നത് ആറ് ഗോൾ ത്രില്ലർ. ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് സമനിലയോടെ തുടക്കം. മുംബൈ സിറ്റി എഫ്സി ഹൈദരാബാദ് എഫ്സി മത്സരം 3-3ന് അവസാനിച്ചു‌. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഹാവോ വിക്ടർ ഇരട്ട ഗോളുകളും നർസാറി ഒരു ഗോളുമടിച്ചു. മുംബൈ സിറ്റിക്കായി സ്കോട്ടിഷ് സ്ട്രൈക്കർ ഗ്രെഗ് സ്റ്റെവാർട്ടും അൽബർട്ടോ നൊഗുവേരയും ഗോളടിച്ചു‌. ചിങ്കൽസെന സിംഗിന്റെ സെൽഫ് ഗോളും മുംബൈ സിറ്റിക്ക് തുണയായി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ മുംബൈ സിറ്റിക്ക് സാധിച്ചു. കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ പെരെയ്രയുടെ അറ്റാക്ക് ലക്ഷ്യം കണ്ടില്ല‌. എങ്കിലും ചിംഗ്ലൻസനയുടെ സെൽഫ് ഗോളിൽ മുബൈ ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് മുൻപേ വിക്ടറിന്റെ പെനാൽറ്റിയിലുടെ ഹൈദരാബാദ് ഗോൾ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നർസാറി ഗോളടിച്ച് ഹൈദരാബാദിന് ലീഡ് നൽകി. സ്റ്റെവാർട്ടിലൂടെ മുംബൈ ഗോളടിച്ചപ്പോൾ വീണ്ടും വിക്ടറിലൂടെ ഹൈദരാബാദ് മുൻപിലെത്തി‌. നൊഗുവേരയുടെ ഗോൾ പിറന്നപ്പോൾ ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു.

മോശം തുടക്കത്തിൽ നിന്നും തിരിച്ച് വന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 279 വിജയലക്ഷ്യം

രണ്ടാം ഏകദിനത്തിൽ മോശം തുടക്കത്തിൽ നിന്നും തിരിച്ച് വന്ന് ദക്ഷിണാഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 26 റൺസെടുത്തിട്ടുണ്ട്. ശിഖർ ധവാന്റെ വിക്കറ്റ് പാർനെലാണ് വീഴ്ത്തിയത്.

തുടക്കത്തിൽ തന്നെ ഡി കോക്കിനേയും മലാനേയും നഷ്ടപ്പെട്ടെങ്കിലും 279 വിജയലക്ഷ്യം ഉയർത്താൻ ദക്ഷിണാഫ്രിക്കക്കായി. മൂന്ന് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൗളിംഗിന്റെ നെടും തൂണായത്.

5 റൺസെടുത്ത രണ്ടാം ഓവറിൽ സിറാജ് പുറത്താക്കി. രണ്ടാം വിക്കറ്റ് പോവുന്നത് ഒൻപതാം ഓവറിലാണ് 25 റൺസെടുത്ത മലാൻ ഷഹ്ബാസിന്റെ ഓവറിൽ പുറത്തായി. പിന്നീട് മാർക്രവും (79) ഹെൻഡ്രിക്സും(74) ആണ് ദക്ഷിണാഫ്രിക്ക യുടെ ഇന്നിംഗ്സ് പടുത്തുയർത്തിയത്. 129 റൺസിന്റെ പാർട്ട്ണർഷിപ്പ് ഇരു താരങ്ങളും ചേർന്നുയർത്തി. ഹെൻഡ്രിക്സിനെ സിറാജും മാർക്രത്തിനെ വാഷിങ്ടൻ സുന്ദറും പുറത്താക്കി. 30 റൺസെടുത്ത ക്ലാസെനെ കുൽദീപും 16 റൺസെടുത്ത ശർദ്ധുൽ താക്കുറും പുറത്തേക്കയച്ചു. ക്യാപ്റ്റൻ കേശവ് മഹാരാജിന്റെ വിക്കറ്റും മുഹമ്മദ് സിറാജിനായിരുന്നു.

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

ബ്രസീലിയൻ കരുത്തിൽ റയൽ മാഡ്രിഡ്, മൂന്നിൽ മൂന്ന് ജയം !

ചാമ്പ്യൻസ് ലീഗിൽ മൂന്നിൽ മൂന്ന് ജയവുമായി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ശാക്തറിനെ പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡിന് വേണ്ടി ബ്രസീലിയൻ താരങ്ങളായ റോഡ്രീഗോയും വിനീഷ്യസ് ജൂനിയറും ഗോളടിച്ചപ്പോൾ ഒലക്സാണ്ടർ സുബ്കോവാണ് ശാക്തറിന്റെ ആശ്വാസ ഗോൾ നേടിയത്. 2014-15 സീസണിന് ശേഷം ആദ്യമായാണ് റയൽ ആദ്യ മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ജയിക്കുന്നത്.

Credit: Twitter

കളിയുടെ 13ആം മിനുട്ടിൽ ഗോളടിച്ച് റോഡ്രിഗോ റയലിന് ലീഡ് നൽകി. ഏറെ വൈകാതെ വിനീഷ്യസും റയലിനായി ഗോളടിച്ചു. ഈ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗോയാണ്. ബ്രസീലിയൻ താരങ്ങളുടെ സാമ്പതാളമാണ് നിലവിലെ ചാമ്പ്യന്മാർക്ക് ജയം നൽകിയത്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ആഞ്ചലോട്ടിയുടെ റയൽ നിരക്ക് രണ്ടാം പകുതിയിൽ സ്കോർ ചെയ്യാനായില്ല. കെരീം ബെൻസിമ കളിയിൽ നിറം മങ്ങിയതും റയലിന് തിരിച്ചടിയായി. ഗ്രൂപ്പ് എഫിൽ ലെപ്സിഗിനെക്കാളിലും ഒരു പോയന്റ് അധികമുള്ള ശാക്തർ രണ്ടാം സ്ഥാനത്താണ്.

ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി മെസ്സി, പിഎസ്ജിക്ക് സമനില

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് സമനില. ലയണൽ മെസ്സിയുടെ വിന്റേജ് ഗോൾ മത്സരത്തിൽ ഒരു പിഎസ്ജി സെൽഫ് ഗോളിലൂടെ ബെൻഫിക്ക സമനില പിടിച്ചു. എൻസോ ഫെർണാണ്ടസിന്റെ ക്രോസ് സ്വന്തം പോസ്റ്റിലേക്ക് ഡാനിലോ ഹെഡ് ചെയ്തതാണ് പിഎസ്ജിക്ക് വിനയായത്. ഇതോട് കൂടി ഗ്രൂപ്പ് എച്ചിൽ ഇരു ടീമുകൾക്കും മൂന്ന് കളികളിൽ നിന്നും ഏഴ് പോയന്റാണ് ഇപ്പോളുള്ളത്‌.

 

കളിയിടെ 22ആം മിനുട്ടിൽ വിന്റേജ് മെസ്സി ഗോളിലൂടെ പിഎസ്ജി മുന്നിലെത്തി. നെയ്മർ- എമ്പപ്പെ -മെസ്സി ത്രയത്തിന്റെ ഫുട്ബോൾ മാജിക്കിലൂടെ മികച്ചൊരു ഗോൾ പിറന്നു. മെസ്സിയുടെ കർളിംഗ് ഷോട്ടിന് വഴിയൊരുക്കിയത് നെയ്മർ ജൂനിയറാണ്. ഇതോട് കൂടി മെസ്സി ചാമ്പ്യൻസ് ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോളടിക്കുന്ന ആദ്യ താരമായി മാറി.

കളിയുടെ രണ്ടാം പകുതിയിൽ പിഎസ്ജി ശക്തമായ തിരിച്ച് വരവിന് ശ്രമിച്ചിരുന്നു. അൻപതാം മിനുട്ടിൽ നെയ്മറിന്റെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. ഹക്കികിയും എമ്പപ്പെയും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബെൻഫിക്കക്ക് വേണ്ടി ഓട്ടോമെന്തിക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ഇനി ഇരു ടീമുകളും പാരീസിൽ വെച്ച് ഏറ്റുമുട്ടും.

സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകൻ

സ്പാനിഷ് ഇതിഹാസം സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകനാവും. ചാമ്പ്യൻസ് ലീഗിലെ പോർട്ടോക്കെതിരായ 2-0 പരാജയത്തിന് ശേഷം ബയേർ പരിശീലകൻ ജെറാർഡോ സിയോനിയെ പുറത്താക്കിയിരുന്നു. 16 ഗോളുകൾ വഴങ്ങി ബുണ്ടസ് ലീഗയിൽ 17ആം സ്ഥാനത്താണ് ബയേർ ലെവർകൂസൻ. മുൻ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് താരമായ സാബി അലോൺസോ ആദ്യമായാണ് ഒരു സീനിയർ ടീമിന്റെ പരിശീലകനാവുന്നത്.

ഇതിന് മുൻപ് റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെയും റയൽ സോസിദാദ് ബി ടീമിന്റെയും പരിശീലകനായിരുന്നു. മുൻ ചെൽസി പരിശീലകൻ തോമസ് ടൂഷലിന്റെ പേരായിരുന്നു ബയേർ ലെവർകൂസന്റെ പരിശീലകനായി ഉയർന്ന് കേട്ടത്. ടൂഷൽ പരിശീലക സ്ഥാനം നിരസിച്ചതിനെ തുടർന്നാണ് സാബി അലോൺസോ ബയേർ ലെവർകൂസൻ പരിശീലകനാവുന്നത് എന്നാണ് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

” ഫാറ്റിയുടേത് ഹാൻഡ് ബോൾ തന്നെ, സാവി പറയുന്ന കാര്യങ്ങൾ കണ്ടിട്ടില്ല ” – ഇൻസാഗി

ബാഴ്സലോണക്കെതിരായ നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം പ്രതികരണവുമായി ഇന്റർ പരിശീലകൻ ഇൻസാഗി. ആൻസി ഫാറ്റിയുടേത് ഹാൻഡ് ബോൾ തന്നെയാണെന്നും ഗോൾ അനുവദിക്കാതിരുന്നത് ന്യായമാണെന്നും ഇൻസാഗി പറഞ്ഞു. മത്സരത്തിന് ശേഷം ബാഴ്സലോണ പരിശീലകൻ സാവി പറയുന്ന കാര്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും ഇൻസാഗി കൂട്ടിച്ചേർത്തു. സാവിയൊരു മികച്ച താരവും മികച്ച പരിശീലകനുമാണെന്നും ഇൻസാഗി പറഞ്ഞു.

എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ ഇന്ററിനോട് പരാജയപ്പെട്ടത്. അതിന് പിന്നാലെ റഫറിയിംഗിനെതിരെ സാവി രംഗത്ത് വന്നിരുന്നു. “റഫറിമാരുടെ തീരുമാനങ്ങൾ നിർണായകമാണ്. അത് കൊണ്ട് തന്നെ അവർ സ്വയം വിശദീകരണം നൽകുന്നതാണ് നല്ലത്‌”‌, റഫറിമാരുടെ തീരുമാനങ്ങളുടെ മാനദണ്ഡം തനിക്ക് മനസിലാകുന്നില്ല, ഫാറ്റിയുടെ മേൽ ഹാൻഡ് ബോൾ വിളിച്ചപ്പോൾ, ഇന്ററിനെതിരെ സമനസഹചര്യത്തിൽ അതുണ്ടായില്ലെന്നും സാവി കൂട്ടിച്ചേർത്തു.

ജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ററിന് അടുത്ത മത്സരത്തിൽ ഒരു സമനില പിടിച്ചാലും ഗ്രൂപ്പ് കടക്കാം‌. ബോൾ പൊസഷൻ ബാഴ്സക്ക് ആയിരുന്നെങ്കിലും ഗോളടിക്കുകയും മികച്ച പ്രതിരോധത്തിലൂടെ ബാഴ്സലോണയുടെ അക്രമണനിരയെ പിടിച്ച് കെട്ടാനും ഇന്ററിന് സാധിച്ചിരുന്നു.

” ഈ വർഷത്തെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നു” – മാനെ

ഈ വർഷത്തെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നുവെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർ താരം സഡിയോ മാനെ. ബാലൻ ഡെ ഓറിനെ കുറിച്ചുള്ള മറുപടിയായാണ് മാനെയുടെ പ്രതികരണം. റയലിനോടൊപ്പം ബെൻസിമക്ക് മികച്ച സീസണായിരുന്നു‌. യുവേഫ ചാമ്പ്യൻസ് ലീഗ് നേടാനും അദ്ദേഹത്തിന് സാധിച്ചു, അത് കൊണ്ട് തന്നെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നു എന്നാണ് മാനെയുടെ പ്രതികരണം.

താൻ രാജ്യത്തിന് വേണ്ടി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടിയിട്ടുണ്ടെങ്കിലും ഇത്തവണ ബാലൻ ഡെ ഓറിന് അർഹൻ ബെൻസിമ ആണെന്നും മാനെ കൂട്ടിച്ചേർത്തു. 46മത്സരങ്ങളിൽ 44 ഗോളുകളും 15അസിസ്റ്റുമായാണ് കെരീം ബെൻസിമ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ബെൻസിമ യുവേഫ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയിരുന്നു. യുവേഫയുടെ മികച്ച പുരുഷതാരമായി ബെൻസിമയെ തിരഞ്ഞെടുത്തിരുന്നു.

Exit mobile version