സാഷയെ വീഴ്ത്തി മറ്റെയോ ബരെറ്റിനി വിംബിൾഡൺ അവസാന പതിനാറിൽ

19 സീഡ് ജർമ്മൻ താരം സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു 2021 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനി അവസാന പതിനാറിൽ. സീഡ് ചെയ്യാതെ എത്തിയ ഇറ്റാലിയൻ താരം രണ്ടു ടൈബ്രൈക്കറുകൾ ജയിച്ചു ആണ് മത്സരം സ്വന്തമാക്കിയത്. 6-3, 7-6, 7-6 എന്ന സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. മത്സരത്തിൽ 12 ഏസുകൾ സാഷ ഉതിർത്തപ്പോൾ ബരെറ്റിനി 15 എണ്ണം ഉതിർത്തു.

അവസാന പതിനാറിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ് ആണ് ബരെറ്റിനിയുടെ എതിരാളി. തുടർച്ചയായ 5 ദിവസം കളിച്ച ക്ഷീണം മറികടന്ന പ്രകടനം ആണ് ബരെറ്റിനി ഇന്ന് പുറത്ത് എടുത്തത്. അതേസമയം 5 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടം ജയിച്ചു ആറാം സീഡ് ആയ ഡാനിഷ് താരം ഹോൾഗർ റൂണെ അവസാന പതിനാറിൽ എത്തി. 31 സീഡ് ആയ സ്പാനിഷ് താരം അൽഹാൻഡ്രോ ഡേവിഡോവിച് ഫോകിനയെ 6-3, 4-6, 3-6, 6-4, 7-6(10-8) എന്ന സ്കോറിന് ആണ് ഡാനിഷ് താരം തോൽപ്പിച്ചത്. അവസാന സെറ്റ് ടൈബ്രേക്കറിൽ 2-6, 5-8 എന്ന സ്കോറിൽ പിറകിൽ നിന്ന ശേഷമാണ് റൂണെ അവിശ്വസനീയ തിരിച്ചു വരവ് നടത്തിയത്.

ബ്രിട്ടീഷ് താരത്തെ തകർത്തു എലേന റിബാക്കിന വിംബിൾഡൺ അവസാന പതിനാറിൽ

നിലവിലെ വിംബിൾഡൺ ജേതാവും മൂന്നാം സീഡും ആയ കസാഖിസ്ഥാൻ താരം എലേന റിബാക്കിന അവസാന പതിനാറിൽ. ബ്രിട്ടീഷ് താരം കേറ്റി ബോൽട്ടറിനു എതിരെ ഒരു ദയയും ഇല്ലാത്ത പ്രകടനം ആണ് കസാഖ് താരം പുറത്ത് എടുത്തത്.

വെറും ഒരു മണിക്കൂറിൽ താഴെ 6-1, 6-1 എന്ന സ്കോറിന് റിബാക്കിന മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 5 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത റിബാക്കിന 7 തവണ ഏസുകൾ ഉതിർക്കുകയും ചെയ്തു. വിംബിൾഡണിൽ താരം നേടുന്ന തുടർച്ചയായ പത്താം ജയം ആയിരുന്നു ഇത്.

ആന്ദ്രീസ്കുവിന്റെ വെല്ലുവിളി അതിജീവിച്ചു ഒൻസ്, അനായാസം സബലങ്ക

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി ആറാം സീഡ് ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഒൻസിന് കനത്ത വെല്ലുവിളി ആണ് മത്സരത്തിൽ ഉയർത്തിയത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ബ്രേക്ക് വഴങ്ങി 3-1 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്ന ഒൻസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കി. ലഭിച്ച 3 തവണയും ബിയാങ്കയുടെ സർവീസ് ഒൻസ് ബ്രേക്ക് ചെയ്തു. അവസാന പതിനാറിൽ 2 തവണ വിംബിൾഡൺ ജേതാവ് ആയ പെട്ര ക്വിറ്റോവ ആണ് ഒൻസിന്റെ എതിരാളി.

അതേസമയം റഷ്യൻ താരം അന്ന ബ്ലിങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ആര്യാന സബലങ്ക തകർത്തത്. 9 ഏസുകൾ ഉതിർത്ത സബലങ്ക 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു സബലങ്കയുടെ ജയം. ഉക്രൈൻ താരം മാർത്തയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അമേരിക്കയുടെ മാഡിസൺ കീയ്സും അവസാന പതിനാറിൽ എത്തി. 6-4, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.

നാലു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ അൽകാരസ്, അനായാസം സിറ്റിപാസും അവസാന പതിനാറിൽ

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഗാർഫിയ. 25 സീഡും ചിലി താരവും ആയ നിക്കോ ജാറിയെ ഏതാണ്ട് നാലു മണിക്കൂർ നീണ്ട നാലു സെറ്റ് പോരാട്ടത്തിൽ ആണ് അൽകാരസ് തോൽപ്പിച്ചത്. 6-3, 6-7, 6-3, 7-5 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത അൽകാരസ് 5 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു.

നാലാം സെറ്റിൽ 3-0 നും 15-40 നും പിറകിൽ നിന്ന ശേഷം ബ്രേക്ക് പോയിന്റ് രക്ഷിച്ചാണ് അൽകാരസ് സെറ്റ് 7-5 നു ജയിച്ചു മത്സരം സ്വന്തം പേരിലാക്കിയത്. സെർബിയൻ താരം ലാസ്ലോയെ 6-4, 7-6, 6-4 എന്ന സ്കോറിന് തകർത്ത അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് അവസാന പതിനാറിലേക്ക് അനായാസം മുന്നേറി. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത സിറ്റിപാസ് 3 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു. അമേരിക്കൻ താരം ക്രിസ്റ്റഫർ എബാങ്ക്സും 16 സീഡ് ടോമി പോളിനെ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചു ചെക് താരം ജിറി ലെഹകയും അവസാന പതിനാറിലേക്ക് മുന്നേറി.

തിരിച്ചു വന്നു ജയിച്ചു മെദ്വദേവ് അവസാന പതിനാറിൽ, ക്വിറ്റോവയും മുന്നോട്ട്

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ്. ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് മെദ്വദേവ് മത്സരത്തിൽ ജയം കണ്ടത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ റഷ്യൻ താരം തുടർന്നുള്ള സെറ്റുകൾ 6-3, 6-4, 6-4 എന്ന സ്കോറിന് ജയിച്ചു ആണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.

മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത മെദ്വദേവ് 3 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. വനിത സിംഗിൾസിൽ ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ ക്രൊയേഷ്യൻ താരം നഥാലിയ കോസ്റ്റിചിനെ 6-3, 7-5 എന്ന സ്കോറിന് തകർത്തു അവസാന പതിനാറിൽ എത്തി. സൊരാന സിർസ്റ്റിയെ 6-2, 6-2 എന്ന സ്കോറിന് തകർത്തു 13 സീഡ് ബ്രസീലിന്റെ ബിയാട്രിസ് ഹദാദ് മയിയയും മികച്ച ജയത്തോടെ 21 അലക്സാൻഡ്രോവും അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.

അനായാസം അവസാന പതിനാറിലേക്ക് മുന്നേറി ഇഗ, ഗാർസിയ പുറത്ത്

വിംബിൾഡൺ അവസാന പതിനാറിലേക്ക് അനായാസം മുന്നേറി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ക്രൊയേഷ്യൻ താരവും 30 സീഡും ആയ പെട്ര മാർട്ടിചിനെ 6-2, 7-5 എന്ന സ്കോറിന് ആണ് ഇഗ മൂന്നാം റൗണ്ടിൽ തകർത്തത്. മത്സരത്തിൽ 2 തവണ ബ്രേക്ക് വഴങ്ങിയ ഇഗ 5 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു. കിരീടം ലക്ഷ്യം വച്ചു കുതിക്കുന്ന ഇഗ മികവ് തുടരുകയാണ്. അവസാന പതിനാറിൽ 14 സീഡ് സ്വിസ് താരം ബെലിന്ത ബെനചിച്നെ ആണ് ഇഗ നേരിടുക. പോളണ്ട് താരം ലിനറ്റെയെ 6-3, 6-1 എന്ന സ്കോറിന് മറികടന്നു ആണ് ബെനചിച് അവസാന പതിനാറിൽ എത്തിയത്.

32 സീഡ് ചെക് താരം മേരി ബൗസ്കോവയോട് മൂന്നു സെറ്റ് പോരാട്ടത്തിൽ 6-7, 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെട്ട അഞ്ചാം സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയ വിംബിൾഡൺ മൂന്നാം റൗണ്ടിൽ പുറത്തായി. അതേസമയം സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം എലിസത്തായെ 6-4, 6-0 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത നാലാം സീഡും യു.എസ് താരവും ആയ ജെസിക്ക പെഗ്യുലയും അവസാന പതിനാറിൽ എത്തി. സോഫിയ കെനിനെ വീഴ്ത്തി ഏലീന സ്വിറ്റോലിന, 20 സീഡ് ഡോണ വെകിച്ചിനെ വീഴ്ത്തി വോണ്ടറൗസോവ എന്നിവരും അവസാന പതിനാറിൽ എത്തി. അതേസമയം ചൈനീസ് താരം ബായിയെ 6-1, 6-1 എന്ന സ്കോറിന് തകർത്തു ആറാം സീഡ് ടുണീഷ്യൻ താരം ഒൻസ് യാബ്യുർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

2 ദിവസത്തെ മാരത്തോൺ പോരാട്ടത്തിൽ മറെയെ തോൽപ്പിച്ചു സിറ്റിപാസ്,അനായാസം ജ്യോക്കോവിച്

വിംബിൾഡൺ പുരുഷ വിഭാഗത്തിൽ 2 ദിവസത്തെ ക്ലാസിക് പോരാട്ടത്തിന് ഒടുവിൽ ആന്റി മറെയെ മറികടന്നു അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് മൂന്നാം റൗണ്ടിൽ. അഞ്ചു സെറ്റ് പോരാട്ടത്തിൽ ഇന്നലെ 3 സെറ്റുകൾ കളിച്ചപ്പോൾ 2 സെറ്റുകൾ മറെ നേടിയിരുന്നു എന്നാൽ ഇന്ന് അവസാന 2 സെറ്റുകളും നേടി സിറ്റിപാസ് മത്സരം സ്വന്തം പേരിലാക്കി. 3 ടൈബ്രേക്കുകൾ കണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും ഓരോ തവണ മാത്രമാണ് ബ്രേക്ക് വഴങ്ങിയത്. മറെ 13 ഏസുകൾ ഉതിർത്തപ്പോൾ സിറ്റിപാസ് 16 ഏസുകൾ ആണ് ഉതിർത്തത്.

7-6, 6-7, 6-4, 7-6, 6-4 എന്ന സ്കോറിന് ആണ് സിറ്റിപാസ് മത്സരം ജയിച്ചത്. സെന്റർ കോർട്ടിൽ നാട്ടുകാർക്ക് മുന്നിൽ അതുഗ്രൻ പോരാട്ടം തന്നെയാണ് ഇതിഹാസ താരം ആന്റി മറെ സമ്മാനിച്ചത്. അതേസമയം മൂന്നാം റൗണ്ടിൽ മുൻ ഗ്രാന്റ് സ്ലാം ജേതാവ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ എത്തി. ടൈബ്രേക്കറിൽ എത്തിയ അവസാന സെറ്റിൽ മാത്രമാണ് ജ്യോക്കോവിച് അൽപ്പം വെല്ലുവിളി നേരിട്ടത്. 6-3, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു നിലവിലെ ചാമ്പ്യന്റെ ജയം.

ബെൽജിയം താരം ഡേവിഡ് ഗോഫിനെ നാലു സെറ്റ് പോരാട്ടത്തിൽ 6-3, 6-7, 7-6, 6-2 എന്ന സ്കോറിന് മറികടന്നു ഏഴാം സീഡ് ആന്ദ്ര റൂബ്ലേവും അവസാന പതിനാറിൽ എത്തി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സിനോട് പരാജയപ്പെട്ട 12 സീഡും ബ്രിട്ടീഷ് ഒന്നാം നമ്പറും ആയ കാമറൂൺ നൂറി രണ്ടാം റൗണ്ടിൽ പുറത്തായി. കാസ്പർ റൂഡിനെ അട്ടിമറിച്ചു മൂന്നാം റൗണ്ടിൽ എത്തിയ മറ്റൊരു ബ്രിട്ടീഷ് താരം ലിയാം ബ്രോഡി 26 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിനോട് പരാജയപ്പെട്ടു വിംബിൾഡണിൽ നിന്നു പുറത്തായി.

ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടു സബലങ്ക, അസരങ്കയും മുന്നോട്ട്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ ജയം കണ്ടു രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. ഫ്രഞ്ച് താരം ഗ്രചവെക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ അസരങ്ക രണ്ടാം സെറ്റ് 7-5 നു നേടി മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം സെറ്റിൽ താളം കണ്ടത്തിയ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത താരം നാലു തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്.

മൂന്നാം റൗണ്ടിൽ 11 സീഡ് ദാരിയയെ 6-2, 6-4 എന്ന സ്കോറിന് തകർത്ത 19 സീഡ് വിക്ടോറിയ അസരങ്ക വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത സാസ്നോവിചിനെ 6-2, 6-2 എന്ന സ്കോറിന് തകർത്ത ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അനായാസ ജയവുമായി 25 സീഡ് മാഡിസൺ കീയ്സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഉക്രൈൻ താരവും 26 സീഡും ആയ അൻഹെലിന കലിനിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മുൻ യു.എസ് ഓപ്പൺ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മൂന്നാം റൗണ്ടിലേക്ക് മുന്നേറി അൽകാരസ്, സാഷയും സിന്നറും മുന്നോട്ട്

വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഓസ്‌ട്രേലിയൻ താരം അലക്സാണ്ടർ മുള്ളറിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തോൽപ്പിച്ചത്. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത സ്പാനിഷ് താരം 2 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-4, 7-6, 6-3 എന്ന സ്കോറിന് മത്സരം ജയിച്ച അൽകാരസിന് രണ്ടാം സെറ്റിൽ ടൈബ്രേക്കർ നേരിട്ടത് ഒഴിച്ചാൽ കാര്യമായ വെല്ലുവിളി ഒന്നും നേരിട്ടില്ല.

അതേസമയം സ്പാനിഷ് താരം റോബർട്ടോയെ 6-3, 7-6, 6-4 എന്ന സ്കോറിന് മറികടന്ന ആറാം സീഡ് ഹോൾഗർ റൂണെയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ക്വന്റൻ ഹലയ്സിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം 3-6, 6-2, 6-3, 6-4 എന്ന സ്കോറിന് തോൽപ്പിച്ചു എട്ടാം സീഡ് യാനിക് സിന്നർ നാലാം റൗണ്ടിലേക്ക് മുന്നേറി. ജപ്പാനീസ് താരത്തെ മറികടന്നു 19 സീഡ് സാഷ സെരവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്നാം റൗണ്ടിൽ 15 സീഡ് അലക്‌സ് ഡിമിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് ഞെട്ടിച്ച മുൻ വിംബിൾഡൺ ഫൈനലിസ്റ്റ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി ആണ് സാഷയുടെ എതിരാളി. മൂന്നാം റൗണ്ടിൽ 14 സീഡ് ലോറൻസോ മുസേറ്റി 17 സീഡ് ഉമ്പർട്ട് ഹുർകാശിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു വിംബിൾഡണിൽ നിന്നു പുറത്തായി.

വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി എലേന റിബാക്കിന

വിംബിൾഡൺ രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു കസാഖ് താരവും നിലവിലെ ജേതാവും ആയ മൂന്നാം സീഡ് എലേന റിബാക്കിന. ഫ്രഞ്ച് താരം ആലീസ് കോർണറ്റെയെ 6-2, 7-6 എന്ന സ്കോറിന് ആണ് കസാഖ് താരം മറികടന്നത്. ഇടക്ക് തെന്നി വീണ എതിരാളിയെ ഓടി വന്നു നോക്കാനും റിബാക്കിന മറന്നില്ല. സ്പാനിഷ് താരം ക്രിസ്റ്റീനയെ 6-1, 6-4 എന്ന സ്കോറിന് തകർത്ത നാലാം സീഡ് അമേരിക്കയുടെ ജെസീക്ക പെഗുലയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മുൻ യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് ആയ ലൈയ്ല ഫെർണാണ്ടസിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു അഞ്ചാം സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വിക്ടോറിയ അസരങ്ക, ബെലിന്ത ബെനചിച്, ഡോണ വെകിച് എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ രണ്ടാം റൗണ്ടിൽ പത്താം സീഡ് ബാർബറോ ക്രജികോവ പരിക്കേറ്റു പിന്മാറി.

വമ്പൻ അട്ടിമറി കാസ്പർ റൂഡ് വിംബിൾഡൺ രണ്ടാം റൗണ്ടിൽ പുറത്ത്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ വമ്പൻ അട്ടിമറി. നാലാം സീഡും ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും ആയ നോർവീജിയൻ താരം കാസ്പർ റൂഡ് രണ്ടാം റൗണ്ടിൽ പുറത്ത്. 29 കാരനായ ബ്രിട്ടീഷ് വൈൾഡ് കാർഡ് ലിയാം ബ്രോഡി ആണ് 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ റൂഡിനെ അട്ടിമറിച്ചത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത റൂഡിന്റെ സർവീസ് 6 തവണയാണ് ബ്രോഡി ബ്രേക്ക് ചെയ്തത്. ആദ്യ സെറ്റ് ബ്രോഡി 6-4 നു നേടിയപ്പോൾ രണ്ടും മൂന്നും സെറ്റുകൾ 6-3, 6-4 സ്കോറിന് നേടി റൂഡ് തിരിച്ചടിച്ചു. എന്നാൽ 6-3, 6-0 എന്ന സ്കോറിനു നാലും അഞ്ചും സെറ്റുകൾ നേടിയ ബ്രിട്ടീഷ് താരം സെന്റർ കോർട്ടിൽ കരിയറിലെ ഏറ്റവും വലിയ ജയം കുറിച്ചു.

നാട്ടുകാരനായ കാരറ്റ്സേവിനെ വീഴ്ത്തി ഏഴാം സീഡായ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ്, സ്വിസ് താരവും മുൻ ഗ്രാന്റ് സ്ലാം ജേതാവും ആയ സ്റ്റാൻ വാവറിങ്കയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മൂന്നാം റൗണ്ടിൽ ജ്യോക്കോവിച് ആണ് വാവറിങ്കയുടെ എതിരാളി. ആദ്യ രണ്ടു സെറ്റുകൾ നേടിയ ശേഷം സ്വീഡിഷ് താരം മിഖേൽ യമറിനോട് 5 സെറ്റ് പോരാട്ടത്തിൽ പരാജയപ്പെട്ട ഒമ്പതാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സും രണ്ടാം റൗണ്ടിൽ പുറത്തായി. പത്താം സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയഫോ അതേസമയം അനായാസ ജയവുമായി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

ആരാധകർക്ക് ആവേശം പകർന്നു വിംബിൾഡൺ സെന്റർ കോർട്ടിൽ റോജർ ഫെഡറർ എത്തി

ആരാധകർക്ക് വലിയ ആവേശം പകർന്നു റോജർ ഫെഡറർ വിംബിൾഡൺ സെന്റർ കോർട്ടിൽ എത്തി. ഇന്നലെ നടന്ന ആന്റി മറെ, റൈബകാനിയ തുടങ്ങിയവരുടെ മത്സരം കാണാൻ ഫെഡറർ ഉണ്ടായിരുന്നു.

റോയൽ ബോക്സിൽ കുടുംബത്തിനോട് ഒപ്പം ആയിരുന്നു ഫെഡറർ എത്തിയത്. നീണ്ട കയ്യടികളോടെ ആണ് വിംബിൾഡൺ ആരാധകർ ഇതിഹാസ താരത്തെ വരവേറ്റത്.

Exit mobile version