തിരിച്ചു വന്നു സബലങ്കയെ വീഴ്ത്തി യു.എസ് ഓപ്പൺ കിരീടം നേടി 19 കാരി കൊക്കോ ഗോഫ്!!!

യു.എസ് ഓപ്പൺ വനിത വിഭാഗം കിരീടം അമേരിക്കയുടെ 19 കാരി ആറാം സീഡ് കൊക്കോ ഗോഫ് ഉയർത്തി. പുതിയ ലോക ഒന്നാം നമ്പറും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് കൊക്കോ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം എന്ന സ്വപ്നം സ്വന്തം മണ്ണിൽ യാഥാർത്ഥ്യം ആക്കിയത്. 1999 ൽ കിരീടം നേടിയ സാക്ഷാൽ സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ കിരീടം ഉയർത്തുന്ന ആദ്യ ടീനേജറും ആയി കൊക്കോ ഇതോടെ.

കിരീട നേട്ടത്തോടെ ലോക മൂന്നാം റാങ്കിലേക്കും കൊക്കോ ഉയരും. മത്സരത്തിൽ ആദ്യ സെറ്റിൽ തനിക്ക് പൂർണമായും എതിരായ കാണികളെ ചൊടിപ്പിച്ചു സബലങ്കയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ സബലങ്ക സെറ്റ് 6-2 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ കൊക്കോ തിരിച്ചടിച്ചു. ബ്രേക്ക് കണ്ടത്തിയ അമേരിക്കൻ താരം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം സെറ്റിലെ ഫോമിൽ ആയിരുന്ന കൊക്കോ മൂന്നാം സെറ്റിൽ ഇരട്ട ബ്രേക്ക് നേടി 3-0 നു മുന്നിൽ എത്തി.

എന്നാൽ ഇടക്ക് വൈദ്യസഹായം തേടിയ സബലങ്ക ഒരു ഇരട്ട ബ്രേക്ക് തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. എന്നാൽ തൊട്ടടുത്ത സർവീസിൽ വീണ്ടും ഇരട്ട ബ്രേക്ക് കണ്ടത്തിയ കൊക്കോ തുടർന്നുള്ള തന്റെ സർവീസ് നിലനിർത്തി 2 മണിക്കൂർ പോരാട്ടത്തിന് ശേഷം യു.എസ് ഓപ്പൺ കിരീടം സ്വന്തം പേരിൽ കുറിച്ചു. തനിക്കായി ആർത്തു വിളിച്ച ആരാധകരെയും സെലിബ്രിറ്റി കാണികളെയും നിരാശപ്പെടുത്താതെ കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കിയ കൊക്കോ ആനന്ദ കണ്ണീർ വാർക്കുന്നതും തുടർന്നു കാണാൻ ആയി.

ആദ്യ സെറ്റ് 6-0 നു നഷ്ടമായ ശേഷം തിരിച്ചു വന്നു ജയിച്ചു ആര്യാന സബലങ്ക യു.എസ് ഓപ്പൺ ഫൈനലിൽ

യു.എസ് ഓപ്പണിൽ അമേരിക്കൻ ഫൈനൽ എന്ന സ്വപ്നം തകർത്തു ബലാറസ് താരവും പുതിയ ലോക ഒന്നാം നമ്പറും ആയ ആര്യാന സബലങ്ക ഫൈനലിൽ. സെമിഫൈനലിൽ രണ്ടാം സീഡ് ആയ സബലങ്ക 17 സീഡ് അമേരിക്കൻ താരം മാഡിസൺ കീയ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. അവിശ്വസനീയം ആയ തിരിച്ചു വരവ് ആണ് സബലങ്ക നടത്തിയത്. ആദ്യ സെറ്റിൽ സബലങ്ക നിലം തൊട്ടില്ല. 6-0 നു സെറ്റ് കീയ്സ് നേടി. രണ്ടാം സെറ്റിൽ ബ്രേക്ക് കണ്ടത്തിയ കീയ്സ് 5-3 നു മുന്നിൽ എത്തി.

ആരാധകർ മുഴുവൻ തനിക്ക് എതിരായപ്പോൾ നിരാശ കൊണ്ടു ഇടക്ക് തന്റെ ശാന്ത സ്വഭാവം കൈവിടുന്നു സബലങ്കയും രണ്ടാം സെറ്റിൽ കണ്ടു. എന്നാൽ തിരിച്ചു വന്ന സബലങ്ക രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ 7-1 നു ജയം കണ്ട സബലങ്ക മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. തുടർന്ന് കടുത്ത പോരാട്ടം തന്നെയാണ് മൂന്നാം സെറ്റിലും കണ്ടത്. ഇരുവരും വിട്ട് കൊടുക്കാതെ പൊരുതിയപ്പോൾ മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർന്ന് 10-5 നു ടൈബ്രേക്കർ ജയിച്ച സബലങ്ക ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലും ആദ്യ യു.എസ് ഓപ്പൺ ഫൈനലും ആണ് സബലങ്കക്ക് ഇത്. ഫൈനലിൽ അമേരിക്കയുടെ 19 കാരി കൊക്കോ ഗോഫിനെ ആണ് സബലങ്ക നേരിടുക.

തിരിച്ചു വന്നു സബലങ്കയെ വീഴ്ത്തി കരോളിന മുകോവ സിൻസിനാറ്റി ഫൈനലിൽ

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുകോവ. സെമിഫൈനലിൽ രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ചെക് താരം തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷമാണ് മുകോവ തിരിച്ചു വന്നത്.

രണ്ടാം സെറ്റ് 6-3 നു നേടിയ ചെക് താരം കൂടുതൽ ആധിപത്യം കാണിച്ചു മൂന്നാം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 5 തവണയാണു എതിരാളിയുടെ സർവീസ് മുകോവ ബ്രേക്ക് ചെയ്തത്. ജയത്തോടെ കരിയറിൽ ആദ്യമായി റാങ്കിങിൽ ആദ്യ പത്തിൽ താരം എത്തി. കൂടാതെ കരിയറിലെ ആദ്യ ഡബ്യു.ടി.എ 1000 ഫൈനൽ ആണ് മുകോവക്ക് ഇത്. ഫൈനലിൽ കൊക്കോ ഗോഫിനെ ആണ് ചെക് താരം നേരിടുക.

പ്രിയപ്പെട്ടവൾ ഒൻസ്! അറബ് സ്വപ്നങ്ങൾ പേറി ഒൻസ് മറ്റൊരു വിംബിൾഡൺ ഫൈനലിൽ

തുടർച്ചയായ രണ്ടാം വർഷം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. ആറാം സീഡ് ആയ ഒൻസ് രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയെ വമ്പൻ തിരിച്ചു വരവ് നടത്തി തോൽപ്പിച്ചു ആണ് ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ 5 ഗ്രാന്റ് സ്ലാമുകളിൽ ഒൻസ് മൂന്നാമത്തെ ഫൈനലിലേക്ക് ആണ് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സബലങ്കയാണ് നേടിയത്.

തുടർന്ന് രണ്ടാം സെറ്റിൽ ബ്രേക്ക് വഴങ്ങിയ ഒൻസ് ഒരു ഘട്ടത്തിൽ 4-2 നു പിറകിൽ ആയിരുന്നു. എന്നാൽ അവിടെ നിന്നു വമ്പൻ തിരിച്ചു വരവ് ആണ് ഒൻസ് നടത്തിയത്. ഇരട്ട ബ്രേക്കുകൾ നേടി സെറ്റ് 6-4 നു നേടിയ ഒൻസ് മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-4 നു നേടിയ താരം ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. കഴിഞ്ഞ വർഷം റിബാക്കിനയോട് തോൽവി വഴങ്ങി നഷ്ടമായ കിരീടം ഇത്തവണ നേടാൻ ആവും ഫൈനലിൽ ഒൻസ് ശ്രമിക്കുക. ഫൈനലിൽ സീഡ് ചെയ്യാത്ത ചെക് താരം മാർകെറ്റ വോണ്ടറൗസോവ ആണ് വിംബിൾഡൺ നേടുന്ന ആദ്യ അറബ് താരം എന്ന റെക്കോർഡ് തേടുന്ന ഒൻസിന്റെ എതിരാളി.

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ആര്യാന സബലങ്ക

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക മറികടന്നത്. 2023 ലെ താരത്തിന്റെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനലും കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനലും ആണ് ഇത്.

ആദ്യ സെറ്റ് അനായാസം 6-2 നു നേടിയ സബലങ്ക രണ്ടാം സെറ്റിൽ ബ്രേക്ക് ആദ്യം തന്നെ വഴങ്ങി. തുടർന്ന് 2-4 നു പിറകിൽ നിന്ന ശേഷം തിരിച്ചു വരുന്ന സബലങ്കയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. തുടർന്ന് 6-4 നു സെറ്റ് നേടിയ താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ നാലു തവണയാണ് എതിരാളിയെ സബലങ്ക ബ്രേക്ക് ചെയ്തത്.

16 കാരിയെ തിരിച്ചു വന്നു തോൽപ്പിച്ചു മാഡിസൺ കീയ്സ്, അനായാസ ജയവുമായി സബലങ്ക

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സ്. 16 കാരിയായ റഷ്യൻ താരം മിറ ആന്ദ്രീവക്ക് എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ 4-1 നു പിറകിൽ നിന്ന ശേഷമാണ് കീയ്സ് തിരിച്ചു വന്നു ജയിച്ചത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ എത്തിച്ചു സ്വന്തമാക്കിയ അമേരിക്കൻ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിലാക്കി. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

ക്വാർട്ടർ ഫൈനലിൽ ബലാറസ് താരവും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ ആണ് കീയ്സ് നേരിടുക. 21 സീഡ് റഷ്യൻ താരം അലക്സാൻഡ്രോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. തീർത്തും ആധിപത്യം പുലർത്തിയ മത്സരത്തിൽ 6-4, 6-0 എന്ന സ്കോറിന് ആണ് സബലങ്ക ജയം കണ്ടത്. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത സബലങ്ക 4 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

ആന്ദ്രീസ്കുവിന്റെ വെല്ലുവിളി അതിജീവിച്ചു ഒൻസ്, അനായാസം സബലങ്ക

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി ആറാം സീഡ് ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഒൻസിന് കനത്ത വെല്ലുവിളി ആണ് മത്സരത്തിൽ ഉയർത്തിയത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ഒൻസ് രണ്ടാം സെറ്റ് 6-3 നു നേടി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ബ്രേക്ക് വഴങ്ങി 3-1 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്ന ഒൻസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കി. ലഭിച്ച 3 തവണയും ബിയാങ്കയുടെ സർവീസ് ഒൻസ് ബ്രേക്ക് ചെയ്തു. അവസാന പതിനാറിൽ 2 തവണ വിംബിൾഡൺ ജേതാവ് ആയ പെട്ര ക്വിറ്റോവ ആണ് ഒൻസിന്റെ എതിരാളി.

അതേസമയം റഷ്യൻ താരം അന്ന ബ്ലിങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ആര്യാന സബലങ്ക തകർത്തത്. 9 ഏസുകൾ ഉതിർത്ത സബലങ്ക 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു സബലങ്കയുടെ ജയം. ഉക്രൈൻ താരം മാർത്തയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അമേരിക്കയുടെ മാഡിസൺ കീയ്സും അവസാന പതിനാറിൽ എത്തി. 6-4, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം.

ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടു സബലങ്ക, അസരങ്കയും മുന്നോട്ട്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ ജയം കണ്ടു രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. ഫ്രഞ്ച് താരം ഗ്രചവെക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ അസരങ്ക രണ്ടാം സെറ്റ് 7-5 നു നേടി മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം സെറ്റിൽ താളം കണ്ടത്തിയ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത താരം നാലു തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്.

മൂന്നാം റൗണ്ടിൽ 11 സീഡ് ദാരിയയെ 6-2, 6-4 എന്ന സ്കോറിന് തകർത്ത 19 സീഡ് വിക്ടോറിയ അസരങ്ക വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത സാസ്നോവിചിനെ 6-2, 6-2 എന്ന സ്കോറിന് തകർത്ത ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അനായാസ ജയവുമായി 25 സീഡ് മാഡിസൺ കീയ്സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഉക്രൈൻ താരവും 26 സീഡും ആയ അൻഹെലിന കലിനിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മുൻ യു.എസ് ഓപ്പൺ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

എളുപ്പത്തിൽ ജയിച്ചു സബലങ്കയും മറെയും വിംബിൾഡൺ രണ്ടാം റൗണ്ടിൽ

വിംബിൾഡൺ വനിത വിഭാഗത്തിൽ രണ്ടാം റൗണ്ടിലേക്ക് എളുപ്പത്തിൽ മുന്നേറി മൂന്നാം ആര്യാന സബലങ്ക. ഹംഗേറിയൻ താരം ഹന്ന ഉഡ്വാർഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. 8 ഏസുകൾ ഉതിർത്ത ബലാറസ് താരം നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്തു.6-3, 6-1 എന്ന സ്കോറിന് ആയിരുന്നു താരത്തിന്റെ ജയം.

നിരവധി മത്സരങ്ങൾ മഴ കാരണം മാറ്റി വക്കുന്നത് കണ്ട ഇന്ന് മുൻ ചാമ്പ്യൻ ആന്റി മറെ അനായാസം രണ്ടാം റൗണ്ടിൽ എത്തി. കളി കാണാൻ എത്തിയ ഫെഡറർക്ക് മുന്നിൽ നാട്ടുകാരൻ ആയ റയാൻ പെനിസ്റ്റണിനെ 6-3, 6-0, 6-1 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറെ തകർത്തത്. അതേസമയം മറ്റൊരു ബ്രിട്ടീഷ് താരവും പന്ത്രണ്ടാം സീഡും ആയ കാമറൂൺ നോരി ചെക് താരം തോമസ് മകാകിനെ നാലു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു രണ്ടാം റൗണ്ടിൽ എത്തി.

മാച്ച് പോയിന്റ് രക്ഷിച്ചു അവിശ്വസനീയ തിരിച്ചു വരവുമായി കരോളിന മുചോവ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ രണ്ടാം സീഡ് ആര്യാന സബലങ്കയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുചോവ ഫൈനലിൽ. മൂന്നു മണിക്കൂർ 13 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷമാണ് ചെക് താരം മത്സരത്തിൽ ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ മുചോവ പക്ഷെ രണ്ടാം സെറ്റ് അതേ രീതിയിൽ തന്നെ കൈവിട്ടു.

മൂന്നാം സെറ്റിൽ സബലങ്കയുടെ ആധിപത്യം ആണ് ആദ്യം കാണാൻ ആയത്. 5-2 നു മുന്നിലെത്തിയ രണ്ടാം സീഡിന് ഒരു പോയിന്റ് മാത്രം അകലെ ഫൈനൽ ഉണ്ടായിരുന്നു. എന്നാൽ തന്റെ സർവീസിൽ മാച്ച് പോയിന്റ് രക്ഷിച്ച മുചോവ അവിശ്വസനീയ തിരിച്ചു വരവാണ് പിന്നീട്‌ നടത്തിയത്. തുടർന്ന് ഒരു ഗെയിം പോലും നൽകാതെ 7-5 നു സെറ്റ് നേടിയ ചെക് താരം ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. കഴിഞ്ഞ സീസണിൽ കണ്ണീരോടെ റോളണ്ട് ഗാരോസ് കളം വിട്ട താരത്തിന് ഇത് വലിയ നേട്ടം തന്നെയാണ്. ഫൈനലിൽ ഇഗ സ്വിയാറ്റക്, ബിയാട്രിസ് ഹദ്ദാദ് മയിയ മത്സര വിജയിയെ ആണ് മുചോവ നേരിടുക.

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം സബലെങ്ക സ്വന്തമാക്കി

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സബലെങ്ക സ്വന്തമാക്കി. കസാക്കിസ്ഥാന്റെ എലീന റൈബാകിനയെ പരാജയപ്പെടുത്തിയാണ് ബെലാറസിന്റെ അരിന സബലെങ്ക കിരീടത്തിൽ മുത്തമിട്ടത്.

മെൽബൺ പാർക്കിൽ നടന്ന വനിതാ സിംഗിൾസ് ഫൈനലിലൊരു സെറ്റിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സെബലങ്ക വിംബിൾഡൺ ചാമ്പ്യൻ റൈബാകിനയെ 4-6, 6-3, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ചത്‌. 2 മണിക്കൂറും 28 മിനിറ്റും മത്സരം നീണ്ടു നിന്നു. റൈബാകിനയെ നാലു തവണ നേരിട്ട സബലെങ്കയുടെ നാലാമത്തെ വിജയം കൂടിയാണിത്.

സബലെങ്ക തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിലേക്ക്

അഞ്ചാം സീഡ് അരിന സബലെങ്ക പോളണ്ടിന്റെ മഗ്ദ ലിനറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഓസ്‌ട്രേലിയൻ ഓപ്പണിലെ ഫൈനലിലേക്ക് മുന്നേറി. റോഡ് ലാവർ അരീനയിൽ നടന്ന ആദ്യ സെറ്റിൽ ടൈ ബ്രേക്ക് നേടിയ സബലെങ്ക തന്റെ നാലാം മാച്ച് പോയിന്റിൽ ആണ് ഫൈനൽ ഉറപ്പിച്ചത്‌. 7-6(1), 6-2 എന്നായിരുന്നു സ്കോർ. ബെലാറഷ്യൻ താരത്തിന് ഇത് ആദ്യ ഗ്രാൻഡ് സ്ലാംഫൈനൽ ആണ്‌.

2022ലെ വിംബിൾഡൺ ജേതാവ് എലീന റൈബാകിനയെ ആകും ജനുവരി 28ന് നടക്കുന്ന ഫൈനലിൽ സബലെങ്ക നേരിടുക. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ വിക്ടോറിയ അസരെങ്കയെ 7-6(4), 6-3 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് എലീന ഫൈനലിൽ എത്തി‌യത്.

Exit mobile version