പെട്ര ക്വിറ്റോവ വിരമിക്കുന്നു; 2025 യുഎസ് ഓപ്പണോടെ കരിയർ അവസാനിപ്പിക്കും


രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ പെട്ര ക്വിറ്റോവ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2025 സീസൺ തന്റെ അവസാനത്തേതായിരിക്കുമെന്നും, ഈ വർഷം അവസാനം നടക്കുന്ന യുഎസ് ഓപ്പണായിരിക്കും തന്റെ അവസാന മത്സരം എന്നും അവർ സ്ഥിരീകരിച്ചു.


വനിതാ ടെന്നീസിലെ പ്രിയങ്കരിയായ 35 വയസ്സുകാരിയായ ചെക്ക് താരം, സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്.

നിലവിൽ 572-ആം റാങ്കിലുള്ള ക്വിറ്റോവ, 2011-ൽ തന്റെ ആദ്യ വിംബിൾഡൺ കിരീടം നേടിയ അതേ വർഷം തന്നെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ ലോക രണ്ടാം നമ്പർ സ്ഥാനത്ത് എത്തിയിരുന്നു. 2014-ൽ വീണ്ടും ഗ്രാസ് കോർട്ട് മേജർ നേടി. 2019 ഓസ്ട്രേലിയൻ ഓപ്പണിൽ റണ്ണർ അപ്പായും അവർ ഫിനിഷ് ചെയ്തിരുന്നു



31 കരിയർ കിരീടങ്ങൾക്ക് പുറമെ, 2016 റിയോ ഒളിമ്പിക്സിൽ ക്വിറ്റോവ ഒരു ഒളിമ്പിക്സ് വെങ്കല മെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിനായി ആറ് ഫെഡ് കപ്പ് വിജയങ്ങളിൽ അവർക്ക് നിർണായക പങ്കുണ്ടായിരുന്നു.
2016-ൽ ഒരു ആക്രമണത്തിൽ കളിക്കുന്ന കൈക്ക് പരിക്കേറ്റതിനെത്തുടർന്ന് അവരുടെ കരിയർ ഏതാണ്ട് അവസാനിക്കാറായതായിരുന്നു. ആ ദാരുണമായ സംഭവത്തിന് ശേഷമുള്ള അവരുടെ തിരിച്ചുവരവ് കായിക ലോകത്തെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നായി ഓർമ്മിക്കപ്പെടുന്നു.


തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകാനായി 2024 സീസണിൽ അവർ വിട്ടുനിന്നു. തിരിച്ചെത്തിയതിന് ശേഷം 2025-ൽ 1–6 എന്ന റെക്കോർഡാണുള്ളത്, റോമിൽ മാത്രമാണ് അവരുടെ ഏക വിജയം.

തിരിച്ചു വന്നു ജയിച്ചു മെദ്വദേവ് അവസാന പതിനാറിൽ, ക്വിറ്റോവയും മുന്നോട്ട്

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ്. ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് മെദ്വദേവ് മത്സരത്തിൽ ജയം കണ്ടത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ റഷ്യൻ താരം തുടർന്നുള്ള സെറ്റുകൾ 6-3, 6-4, 6-4 എന്ന സ്കോറിന് ജയിച്ചു ആണ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്.

മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത മെദ്വദേവ് 3 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. വനിത സിംഗിൾസിൽ ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ ക്രൊയേഷ്യൻ താരം നഥാലിയ കോസ്റ്റിചിനെ 6-3, 7-5 എന്ന സ്കോറിന് തകർത്തു അവസാന പതിനാറിൽ എത്തി. സൊരാന സിർസ്റ്റിയെ 6-2, 6-2 എന്ന സ്കോറിന് തകർത്തു 13 സീഡ് ബ്രസീലിന്റെ ബിയാട്രിസ് ഹദാദ് മയിയയും മികച്ച ജയത്തോടെ 21 അലക്സാൻഡ്രോവും അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.

സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ പെട്ര ക്വിറ്റോവ കരോളിന ഗാർസിയയെ നേരിടും | Report

കരിയറിൽ തന്റെ 40 മത്തെ ഡബ്യു.ടി.എ ഫൈനലിലേക്ക് മുന്നേറി ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ.

കരിയറിൽ തന്റെ 40 മത്തെ ഡബ്യു.ടി.എ ഫൈനലിലേക്ക് മുന്നേറി ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ. കരിയറിൽ ആദ്യമായി സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ എത്തിയ ക്വിറ്റോവക്ക് ഇത് പന്ത്രണ്ടാം ഡബ്യു.ടി.എ 1000 ഫൈനൽ കൂടിയാണ്. ഫൈനലിൽ അമേരിക്കൻ താരം മാഡിസൺ കീയ്സിനെ ആണ് പെട്ര ക്വിറ്റോവ തോൽപ്പിച്ചത്.

ആദ്യ സെറ്റ് ടൈബ്രൈക്കറിൽ നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് ക്വിറ്റോവ നേടുകയായിരുന്നു. മത്സരത്തിൽ 10 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തി 2 തവണ ബ്രൈക്ക് വഴങ്ങിയ ക്വിറ്റോവ എതിരാളിയെ 5 തവണയാണ് ബ്രൈക്ക് ചെയ്തത്.

ഫൈനലിൽ യോഗ്യത റൗണ്ട് കളിച്ചു ടൂർണമെന്റിൽ എത്തിയ ഫ്രഞ്ച് താരം കരോളിന ഗാർസിയ ആണ് ക്വിറ്റോവയുടെ എതിരാളി. സെമിയിൽ ആറാം സീഡ് ആര്യാന സബലങ്കയെ അട്ടിമറിച്ച കരോളിനക്ക് ഇത് പന്ത്രണ്ടാം ഡബ്യു.ടി.എ ഫൈനലും മൂന്നാം ഡബ്യു.ടി.എ 1000 ഫൈനലും ആണ്. 2017 നു ശേഷം ആദ്യമായി ആണ് ഫ്രഞ്ച് താരം ഡബ്യു.ടി.എ 1000 ഫൈനലിൽ എത്തുന്നത്.

6-2, 4-6, 6-1 എന്ന സ്കോറിന് മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു കരോളിന ഗാർസിയയുടെ ജയം. 8 ഏസുകൾ ഉതിർത്ത ഫ്രഞ്ച് താരം 6 തവണ സബലങ്കയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

Story Highlight : Petra Kvitova will face Caroline Garcia in Cincinnati open final.

അട്ടിമറികൾ കണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ, ബിയാങ്കയും, ക്വിറ്റോവയും പുറത്ത്, സെറീന മൂന്നാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി പത്താം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത സെർബിയൻ താരം നിന സ്റ്റോജനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന തകർത്തത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ സെറീന സെറ്റ് 6-3 നു നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ സമഗ്രാധിപത്യം കണ്ടത്തിയ സെറീന ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ സെറ്റ് 6-0 നു നേടി മത്സരം സ്വന്തമാക്കി. ഏഴാം സീഡ് ആര്യാന സബലങ്കയും രണ്ടാം റൗണ്ടിൽ അനായാസ ജയം കണ്ടത്തി. റഷ്യൻ താരം ഡാരിയക്ക് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സബലങ്ക രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. റഷ്യൻ താരം സമസോനോവയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സ്പാനിഷ് താരവും 14 സീഡുമായ ഗബ്രീൻ മുഗുരുസയും മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

വമ്പൻ അട്ടിമറികളും ഇന്ന് വനിതാ വിഭാഗത്തിൽ കാണാൻ ആയി. എട്ടാം സീഡും മുൻ യു.എസ് ഓപ്പൺ ജേതാവും ആയ കനേഡിയൻ താരം ബിയാങ്ക ആന്ദ്രീസ്കു ഏഷ്യൻ താരം സെ സു വെയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങിയത്. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം പരിക്കിൽ നിന്നു ഗ്രാന്റ് സ്‌ലാം മൈതാനത്ത് തിരിച്ചു വന്ന ബിയാങ്കക്ക് മത്സരത്തിൽ പിടിച്ചു നിൽക്കാൻ ആയില്ല. 2 ബ്രൈക്ക് നേടിയെങ്കിലും 6 തവണ ബ്രൈക്ക് വഴങ്ങിയ ബിയാങ്ക 6-3, 6-2 എന്ന സ്കോറിന് ആണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. റൊമാനിയൻ താരം സൊരാന ക്രിസ്റ്റിയോട് 3 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-1 നേടി തിരിച്ചു വരാൻ ക്വിറ്റോവ ശ്രമിച്ചു എങ്കിലും മൂന്നാം 6-1 നു നേടിയ എതിരാളി മത്സരം സ്വന്തം പേരിലാക്കി. ഫ്രഞ്ച് താരം ഫിയോന ഫെരോയോട് തോറ്റ 17 സീഡ് എലേന റൈബാകിനയും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായി.

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ക്വിറ്റോവയും ബെർട്ടൻസും

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് കിക്കി ബെർട്ടൻസ്. ഉക്രൈൻ താരം കത്രീന സവസ്റ്റാകയുടെ വെല്ലുവിളി അതിജീവിച്ച് ആണ് ബെർട്ടൻസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നഷ്ടമായ ബെർട്ടൻസ് പതുക്കെ മത്സരത്തിൽ ആധിപത്യം നേടുന്നത് ആണ് പിന്നീട് കണ്ടത്. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ബെർട്ടൻസ് രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ഉജ്ജ്വല ഫോമിലേക്ക് ഉയർന്ന ബെർട്ടൻസ് ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകാതെ 6-0 നു സെറ്റ് നേടിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

ഫ്രഞ്ച് താരം ഒഷേന ഡോഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ഏഴാം സീഡ് ആയ ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3 ആദ്യ സെറ്റ് നേടിയ ക്വിറ്റോവ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് നേടി 7-5 നു സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു. ജർമ്മൻ താരം ആന്ദ്രയ പെറ്റ്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു സെറ്റാന പിരങ്കോവയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പണിലെ സ്വപ്നകുതിപ്പ് ആവർത്തിക്കാൻ ആവും പിരങ്കോവയുടെ ശ്രമം.

അട്ടിമറികൾ, അട്ടിമറികൾ! ക്വിറ്റോവ, മാർട്ടിച്, കെർബർ യു.എസ് ഓപ്പൺ ക്വാർട്ടർ കാണാതെ പുറത്ത്.

യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ പതിവ് പോലെ അപ്രതീക്ഷിത റിസൾട്ടുകൾ തുടർക്കഥ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് ആണ് ആറാം സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ നാലാം റൗണ്ടിൽ അട്ടിമറിച്ചത്. 3 സെറ്റിൽ 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ മികച്ച പോരാട്ടം ആണ് ഇരുതാരങ്ങളും പുറത്ത് എടുത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം 6-3 നു രണ്ടാം സെറ്റ് നേടി ക്വിറ്റോവ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ മറ്റൊരു ടൈബ്രേക്കർ ജയിച്ച് മത്സരം സ്വന്തമാക്കിയ അമേരിക്കൻ താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

അതേസമയം എട്ടാം സീഡ് ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ചും യു.എസ് ഓപ്പണിൽ നിന്നു പുറത്തായി. ഇരുപത്തി മൂന്നാം സീഡ് യൂലിയ പുറ്റിനെറ്റ്സെവയാണ് ക്രൊയേഷ്യൻ താരത്തെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നത്. ആദ്യ സെറ്റ് 6-3 നു നേടിയ യൂലിയ രണ്ടാം സെറ്റ് 6-2 നു കൈവിട്ടു എങ്കിലും മൂന്നാം സെറ്റിൽ മത്സരം തിരിച്ചു പിടിച്ചു. മൂന്നാം സെറ്റിൽ ആദ്യം ആധിപത്യം നേടിയ എതിരാളിക്ക് എതിരെ തിരിച്ചു വരാനുള്ള എല്ലാ ശ്രമവും നടത്തിയ മാർട്ടിച് പക്ഷെ അവസാനം 6-4 നു സെറ്റും മത്സരവും കൈവിടുക ആയിരുന്നു. അതേസമയം മുൻ ജേതാവ് ആയ ജർമ്മൻ താരം ആഞ്ചലിക്ക കെർബറെ ഇരുപത്തി എട്ടാം സീഡ് ജെന്നിഫർ ബ്രാഡി നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 6-1, 6-4 എന്ന സ്കോറിന് ആണ് ബ്രാഡി പതിനേഴാം സീഡ് ആയ കെർബർക്ക് മേൽ ജയം കണ്ടത്.

നാലാം റൗണ്ട് ഉറപ്പിച്ചു പെട്ര ക്വിറ്റോവയും കെർബറും

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുളക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വിറ്റോവ ജയം കണ്ടത്. സർവീസിൽ പ്രശ്നങ്ങൾ നേരിട്ട ചെക് താരം 5 ഇരട്ടപ്പിഴവുകൾ വരുത്തിയപ്പോൾ 2 തവണ ബ്രൈക്കും വഴങ്ങി, എന്നാൽ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത പെട്ര 6-4, 6-3 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി.

അതേസമയം അമേരിക്കൻ യുവതാരം ആൻ ലിയെ ആണ് പതിനേഴാം സീഡും മുൻ ജേതാവും ആയ ആഞ്ചലിക്ക കെർബർ മറികടന്നത്. ആദ്യ സർവിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ കെർബർ ലിയുടെ പരിചയക്കുറവ് നന്നായി മുതലാക്കി. മികച്ച ആദ്യ സർവീസുകളും ആയി കളം നിറഞ്ഞ കെർബർ 6-3, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ആദ്യ സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ച് എത്തിയ മുപ്പത്തി രണ്ടാം സീഡ് ഫ്രഞ്ച് താരം കരോളിന ഗാർസിയയെ തോൽപ്പിച്ച് ഇരുപത്തി എട്ടാം സീഡ് അമേരിക്കയുടെ ജെന്നിഫർ ബ്രോഡിയും നാലാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-3 എന്ന സ്കോറിന് ആണ് ബ്രോഡി ജയം കണ്ടത്.

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡ് പെട്ര ക്വിറ്റോവ അടക്കമുള്ള പ്രമുഖർ

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ചെക് താരവും ആറാം സീഡുമായ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത ഇരിന കമേലിയക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പെട്ര ക്വിറ്റോവ ജയം കണ്ടത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ക്വിറ്റോവ 6-3, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം എട്ടാം സീഡ് പെട്ര മാർട്ടിച്ചും യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചെക് താരം ആദ്യ മാർട്ടിൻകോവക്ക് എതിരെ ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷമാണ് ക്രൊയേഷ്യൻ താരം ജയം കണ്ടത്. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 നും ആണ് മാർട്ടിച്ച് ജയിച്ചത്.

21 ബ്രൈക്ക് പോയിന്റുകളിൽ 5 എണ്ണം മാത്രമാണ് മത്സരത്തിൽ ജയിക്കാൻ ആയത് എന്നത് ക്രൊയേഷ്യൻ താരത്തിന് ആശങ്ക ആയേക്കും. 11 സീഡ് എലേന റെബാകിന സീഡ് ചെയ്യാത്ത കത്രീനക്ക് 6-3, 6-0 എന്ന സ്കോറിന് ജയം കണ്ട് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം അമേരിക്കൻ താരവും 13 സീഡുമായ ആലിസൻ റിസ്ക് ജർമ്മൻ താരം മരിയക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട് രണ്ടാം റൗണ്ടിലെത്തി. 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു റിസ്ക്കിന്റെ ജയം. 14 സീഡ് അന്നറ്റ് കോണ്ടവെറ്റ്, 19 സീഡ് ഡയാന, 23 സീഡ് യൂലിയ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

കത്തിയിൽ തീരുന്നതല്ല ക്വിവിറ്റോവയെന്ന കോർട്ടിലെ കവിത

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ 2019 എഡീഷനിൽ വനിതാ സിംഗിൾസിൽ ഫൈനലിൽ എത്തിയ പെട്ര ക്വിവിറ്റോവ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ പുതിയതല്ല. ഒരു കവിത പോലെ മനോഹരമായ, ഇടം കൈ കൊണ്ടുള്ള ക്രോസ് കോർട്ട് ഷോട്ടുകളാൽ, വിംബിൾഡൺ പോലുള്ള സ്വപ്നവേദികളിൽ അവർ രചിച്ച ചരിത്രങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല. ഇടക്കെപ്പഴോ നിറം മങ്ങി പോയിരുന്നെങ്കിലും ആദ്യ പത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു 2017 വർഷത്തിൽ ക്വിവിറ്റോവ.

പക്ഷേ അറ്റകുറ്റപ്പണിയ്ക്ക് എന്ന വ്യാജേന വീട്ടിലെത്തിയ ഒരു മോഷ്ടാവിന്റെ കത്തി അരിഞ്ഞു വീഴ്ത്തിയത് അവരുടെ ടെന്നീസ് എന്ന സ്വപ്ന ചിറകുകളെ തന്നെയാണ്. ആക്രമിക്കുന്നവർക്ക് മുന്നിൽ എളുപ്പത്തിൽ കീഴ്പ്പെടാതെ, പ്രതിരോധിക്കാൻ ശീലിച്ച ഏതൊരു കായിക താരത്തേയും പോലെ അവരും പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ അതിനവർ നൽകിയ വില ഒരുപക്ഷേ അവരുടെ ടെന്നീസ് എന്ന കരിയർ തന്നെയാകുമായിരുന്നു. ഇടം കൈയ്യിലെ അഞ്ച് വിരലുകൾക്കും സാരമായി പരിക്കേറ്റ് ഇനി ടെന്നീസ് സാധ്യമല്ല എന്നു കരുതി 5 മാസം ഒന്നും ചെയ്യാനാകാതെ അവർ വീട്ടിലിരുന്നു. മോണിക്ക സെലസിനെ പോലുള്ളവരുടെ അനുഭവ കഥകൾ ഒരുനിമിഷം അവരുടെ മനസ്സിലൂടെ മിന്നി മറഞ്ഞിരിക്കണം.

ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളേയും അതിജീവിയ്ക്കുക എന്ന പാഠമാണ് ഏതൊരു കായിക വിനോദവും നമ്മെ പഠിപ്പിക്കുന്നത്. സാധ്യമല്ല എന്ന് മനസ്സ് പറയുമ്പോഴും സാധ്യമാണ് എന്നവരുടെ ഹൃദയം മന്ത്രിച്ചു കൊണ്ടേയിരുന്നിരിക്കണം. കോർട്ടിലെ അതേ പോരാട്ട വീര്യം അവരുടെ ഉള്ളിൽ അണയാതെ ജ്വലിച്ചിരിക്കണം. മാച്ച് പോയിന്റുകൾക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി ജയിച്ചു വരുന്നവരെ പോലെ, എഴുതി തള്ളിയവർക്ക് വിജയത്തോടെ മറുപടി നല്കുന്നവരെ പോലെ അവർ തിരിച്ചു വന്നു. എളുപ്പമായിരുന്നില്ല ഒന്നും. പരാജയങ്ങൾ അവരെ തളർത്തിയില്ല, കൂടുതൽ ആവേശത്തോടെ പരിശീലനം ചെയ്തു, ജയപരാജയങ്ങൾ അല്ല, കോർട്ടിൽ ഇറങ്ങുന്ന ഓരോ നിമിഷവും അവരുടെ വിജയമായി കണ്ടു. പുനർജന്മം എന്ന പോലെ തന്റെ രണ്ടാം കരിയറിൽ അവർ വിജയങ്ങൾ എത്തിപ്പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ‘കുത്തിൽ’ വിരാമമിടാൻ സാധ്യമല്ലാത്ത, ക്വിവിറ്റോവയുടെ പോരാട്ടം ഒരു കവിത പോലെ ഒഴുകി കൊണ്ടേയിരിക്കും. ഒരുപാട് ആളുകൾക്ക് പ്രചോദനമായി എന്നും ജ്വലിച്ചു കൊണ്ടേയിരിക്കും. ഇനിയില്ലെന്ന് ഉറപ്പിക്കുമ്പോൾ ഇവരെ ഓർക്കുക അത് നിങ്ങളെ മാറ്റിചിന്തിപ്പിച്ചേക്കും. ക്വിവി പുതിയ ആകാശത്തിൽ സ്വച്ഛന്ദം പറന്നു കൊണ്ടേയിരിക്കട്ടെ

Exit mobile version