2 മാച്ച് പോയിന്റുകൾ രക്ഷിച്ചു ജയിച്ചു ഇഗ അവസാന എട്ടിൽ, അസരങ്കയെ വീഴ്ത്തി സ്വിറ്റോലിന

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സ്വിസ് താൻ ബെലിന്ത ബെനചിചിന്റെ കനത്ത വെല്ലുവിളി ആണ് അവസാന പതിനാറിൽ പോളണ്ട് താരം മറികടന്നത്. മൂന്നു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ശേഷം ആണ് ഇഗ തിരിച്ചു വന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ബെനചിച് ആണ് നേടിയത്.

തുടർന്ന് രണ്ടാം സെറ്റിൽ ഇഗയുടെ സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ ആണ് സ്വിസ് താരത്തിന് ലഭിച്ചത്. എന്നാൽ ഈ മാച്ച് പോയിന്റുകൾ രക്ഷിച്ച ഇഗ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി സെറ്റിൽ ജയം പിടിച്ചെടുത്തു. തുടർന്ന് മൂന്നാം സെറ്റിൽ തനത് ശൈലി പുറത്ത് എടുത്ത ഇഗ സെറ്റ് 6-3 നു നേടി കരിയറിലെ ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. അതേസമയം 19 സീഡ് വിക്ടോറിയ അസരങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയും അവസാന എട്ടിൽ എത്തി.

ആദ്യ സെറ്റ് 6-2 നഷ്ടമായ സ്വിറ്റോലിന രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-4 നു സ്വന്തമാക്കി. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ജയം കണ്ടാണ് താരം ക്വാർട്ടർ ഫൈനലിൽ എത്തിയത്. 11-9 നു ആണ് താരം ടൈബ്രേക്കറർ ജയിച്ചത്. അമ്മയായതിനു ശേഷം തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഉക്രൈൻ താരത്തിന് ഇത്. ഉക്രൈൻ, ബലാറസ് താരങ്ങൾ തമ്മിലുള്ള പോരാട്ടം പക്ഷെ പരസ്പര ബഹുമാനം നിറഞ്ഞത് തന്നെയായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടു സബലങ്ക, അസരങ്കയും മുന്നോട്ട്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ ജയം കണ്ടു രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. ഫ്രഞ്ച് താരം ഗ്രചവെക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് സബലങ്ക ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ അസരങ്ക രണ്ടാം സെറ്റ് 7-5 നു നേടി മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം സെറ്റിൽ താളം കണ്ടത്തിയ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത താരം നാലു തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്.

മൂന്നാം റൗണ്ടിൽ 11 സീഡ് ദാരിയയെ 6-2, 6-4 എന്ന സ്കോറിന് തകർത്ത 19 സീഡ് വിക്ടോറിയ അസരങ്ക വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത സാസ്നോവിചിനെ 6-2, 6-2 എന്ന സ്കോറിന് തകർത്ത ഒമ്പതാം സീഡ് ചെക് താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അനായാസ ജയവുമായി 25 സീഡ് മാഡിസൺ കീയ്സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഉക്രൈൻ താരവും 26 സീഡും ആയ അൻഹെലിന കലിനിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മുൻ യു.എസ് ഓപ്പൺ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മുഗുരുസയെ വീഴ്ത്തി ക്വിറ്റോവയും അനായാസ ജയവുമായി അസരങ്കയും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി മൂന്നു തവണ ഫൈനലിസ്റ്റും 26 സീഡും ആയ വിക്ടോറിയ അസരങ്ക. പെട്ര മാർടിചിനെ 6-3, 6-0 എന്ന സ്കോറിന് ആണ് മൂന്നാം റൗണ്ടിൽ അസരങ്ക തകർത്തത്. 5 തവണ എതിരാളിയുടെ സർവീസ് അസരങ്ക ബ്രൈക്ക് ചെയ്തു. ചൈനീസ് താരം യുവാനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു എട്ടാം സീഡും അമേരിക്കൻ താരവും ആയ ജെസിക്ക പെഗ്യുലയും അവസാന പതിനാറിൽ എത്തി. രണ്ടാം സെറ്റ് ടൈബ്രൈക്കറിൽ നഷ്ടമായെങ്കിലും ആദ്യ സെറ്റ് 6-2 നു നേടിയ പെഗ്യുല അവസാന സെറ്റ് 6-0 നു ആണ് നേടിയത്.

ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയെ 21 സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി. ഉഗ്രൻ പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 7-5 നു കൈവിട്ട ചെക് താരം രണ്ടാം സെറ്റ് 6-3 നു നേടി തിരിച്ചറിച്ചു. സൂപ്പർ ടൈബ്രൈക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ്(7-6/12-10) ജയം കണ്ടാണ് ചെക് താരം അവസാന പതിനാറിൽ ഇടം നേടിയത്. മത്സരത്തിൽ 12 തവണ സർവീസ് ഇരട്ട പിഴവ് വരുത്തിയ ക്വിറ്റോവ 14 ഏസുകളും തൊടുത്തു. നാലാം റൗണ്ടിൽ ജെസിക്ക പെഗ്യുലയെ ആണ് പെട്ര ക്വിറ്റോവ നേരിടുക.

രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി അസരങ്കയും മെർട്ടൻസും അട്ടിമറി ജയവും ആയി ഗാർസിയ

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി പത്താം സീഡ് വിക്ടോറിയ അസരങ്ക. ഈ വർഷത്തെ യു.എസ് ഓപ്പൺ ഫൈനൽ കളിച്ച അസരങ്ക തന്റെ സമീപകാലത്തെ മികവ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിലും തുടർന്നു. സീഡ് ചെയ്യാത്ത ഡാങ്ക കോവിനിചിനെ നേരിട്ടുള്ള സ്കോറിന് ആണ് അസരങ്ക തകർത്തത്. 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത അസരങ്ക വെറും 3 പോയിന്റുകൾ മാത്രം ആണ് എതിരാളിക്ക് നൽകിയത്. 6-1, 6-2 എന്ന സ്കോറിന് ആദ്യ റൗണ്ടിൽ നേടിയ ജയം മറ്റൊരു ഗ്രാന്റ് സ്‌ലാമിൽ കൂടി മികവ് തുടരാൻ ബെലാറസ് താരത്തിന് പ്രചോദനം നൽകും. മോശം കാലാവസ്ഥ കാരണം ഇടക്ക് മത്സരം നിർത്തി വെക്കേണ്ടി വന്നത് അസരങ്കയെ ക്ഷുഭിതയാക്കുന്നതും മത്സരത്തിൽ കണ്ടു.

സീഡ് ചെയ്യാത്ത റഷ്യൻ താരം മാർഗരിറ്റ ഗാസ്പയരിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബെൽജിയം താരം എൽസി മെർട്ടൻസ് മറികടന്നത്. 16 സീഡ് ആയ മെർട്ടൻസ് 4 തവണ മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത് മത്സരം 6-2, 6-3 എന്ന സ്കോറിന് സ്വന്തമാക്കി. അതേസമയം 17 സീഡ് അന്നറ്റ് കോന്റവെയിറ്റിനെ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം കരോളിൻ ഗാർസിയ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-4 നു നേടിയ ഗാർസിയ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ ആദ്യം പിറകിൽ പോയ ഫ്രഞ്ച് താരം നിർണായക ബ്രൈക്ക് കണ്ടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. അവസാന സെറ്റ് 6-4 നു സ്വന്തമാക്കിയ ഗാർസിയ കോന്റവെയിറ്റിനെ അട്ടിമറിച്ച് സ്വന്തം മണ്ണിൽ രണ്ടാം റൗണ്ട് ഉറപ്പിച്ചു.

അവിശ്വസനീയം അസരങ്ക! പിന്നിൽ നിന്ന ശേഷം സെറീനയെ തകർത്തു വിക ഫൈനലിൽ

അവിശ്വസനീയം എന്നല്ലാതെ ആ പ്രകടനത്തെ വിളിക്കാൻ ആവില്ല, അത്രക്ക് അസാധാരണ പ്രകടനവും ആയി സീഡ് ചെയ്യാതെ വിക്ടോറിയ അസരങ്ക യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നു. അതും താൻ ഇത് വരെ ഗ്രാന്റ് സ്‌ലാമുകളിൽ 10 ശ്രമങ്ങളിൽ തോല്പിക്കാത്ത മൂന്നാം സീഡ് സാക്ഷാൽ സെറീന വില്യംസിനെ അട്ടിമറിച്ച് കൊണ്ട്. 23 മത്തെ വട്ടം ആണ് സെറീനയും അസരങ്കയും ടെന്നീസ് കളത്തിൽ നേർക്കുനേർ വന്നത്. രണ്ടു അമ്മമാർ തമ്മിലുള്ള ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ പോരാട്ടം. ആദ്യ സെറ്റിലെ ആദ്യ സർവീസിൽ തന്നെ 2 ഇരട്ടപ്പിഴവുകൾ വരുത്തിയ അസരങ്ക ആദ്യം തന്നെ ബ്രൈക്ക് വഴങ്ങി. സെറീന തന്റെ ഏറ്റവും മികച്ച ടെന്നീസ് തന്നെ കളിച്ചപ്പോൾ അസരങ്കക്ക് ആദ്യ സെറ്റിൽ മറുപടിയെ ഉണ്ടായില്ല.

സെറ്റിൽ വീണ്ടുമൊരിക്കൽ കൂടി ബ്രൈക്ക് നേടിയ സെറീന ബ്രൈക്ക് പോയിന്റ് രക്ഷിക്കുകയും ചെയ്തു. ആദ്യ സെറ്റ് 6-1 നു നേടിയ സെറീന മത്സരത്തിൽ തന്റെ ആധിപത്യം വ്യക്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ ആക്രമിച്ചു മികവോടെ കളിക്കുന്ന അസരങ്കയെ ആണ് മത്സരത്തിൽ കണ്ടത്. സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത അസരങ്ക സെറീനയുടെ പോരാട്ടത്തെ നന്നായി നേരിട്ടു. അപാരമായി കളിച്ച വിക ഒരിക്കൽ കൂടി സെറീനയെ സെറ്റിൽ ബ്രൈക്ക് ചെയ്ത് സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും അസരങ്ക തന്റെ മികവ് തുടരുന്നത് ആണ് മത്സരത്തിൽ കണ്ടത്.

അതിനിടയിൽ മൂന്നാം സെറ്റിലെ ആദ്യ സർവീസിന് ഇടയിൽ ഇടത് കാലിനു പരിക്ക് ഏറ്റ സെറീന വൈദ്യസഹായം തേടാൻ ഇടവേളയും എടുത്തു. ഈ സർവീസിൽ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച അസരങ്ക സെറീനയുടെ പോരാട്ടം മറികടന്നു ബ്രൈക്ക് സ്വന്തമാക്കി. പിന്നീട്‌ സകലവും മറന്നു പൊരുതിയ അസരങ്കയെ മറികടക്കാനുള്ള സെറീനയുടെ ഒരു ശ്രമവും നടന്നില്ല. നല്ല സർവീസുകൾ ഉതിർത്ത അസരങ്ക ബ്രൈക്കിനുള്ള അവസരവും നൽകിയില്ല. മത്സരത്തിനു ആയി സർവ് ചെയ്യുമ്പോൾ ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും അതുഗ്രൻ സർവീസുകളിലൂടെ അസരങ്ക തിരിച്ചു വന്നു. ഒരു ഏസിലൂടെ മത്സരം സ്വന്തം പേരിലാക്കി അസരങ്ക ആനന്ദകണ്ണീർ പൊഴിച്ചു. 6-3 നു തന്നെയാണ് ഈ സെറ്റും അസരങ്ക നേടിയത്.

റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം എന്ന സെറീനയുടെ സ്വപ്നത്തിനായുള്ള കാത്തിരിപ്പ്‌ ഇതോടെ ഇനിയും നീളും. തന്റെ അഞ്ചാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് ആണ് അസരങ്ക യോഗ്യത നേടിയത്. മൂന്നാമത്തെ യു.എസ് ഓപ്പൺ ഫൈനലിലേക്കും. മുമ്പ് രണ്ടു ഫൈനലുകളിലും സെറീനയോട് തോൽക്കാൻ ആയിരുന്നു അസരങ്കയുടെ വിധി. സീഡ് ചെയ്യാതെ ടൂർണമെന്റിന് എത്തിയ അസരങ്ക അമ്മയായ ശേഷം ഗ്രാന്റ് സ്‌ലാം ജയിക്കുക എന്ന അപൂർവ നേട്ടം ആവും ഫൈനലിൽ ലക്ഷ്യം വക്കുക. ഫൈനലിൽ നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ആണ് അസരങ്കയുടെ എതിരാളി. ഈ കഴിഞ്ഞ സിൻസിനാറ്റി ഓപ്പണിന്റെ ഫൈനലിൽ ഇരു താരങ്ങളും നേർക്കുനേർ വന്നപ്പോൾ ഒസാക്ക പരിക്കേറ്റു പിന്മാറിയതിനെ തുടർന്നു അസരങ്ക ജയം കണ്ടിരുന്നു. മികച്ച ഫോമിലുള്ള രണ്ടു താരങ്ങൾ തമ്മിലുള്ള ഫൈനൽ മികച്ച മത്സരം ആവും എന്നുറപ്പാണ്.

മെർട്ടൻസിനെ നാണം കെടുത്തി അസരങ്ക യു.എസ് ഓപ്പൺ സെമിഫൈനലിൽ, സെമിയിൽ സെറീന എതിരാളി

യു.എസ് ഓപ്പണിൽ തന്റെ അതിശയിപ്പിക്കുന്ന കുതിപ്പ് തുടർന്നു മുൻ ലോക ഒന്നാം നമ്പർ താരം ആയ വിക്ടോറിയ അസരങ്ക. സമീപകാലത്ത് ടെന്നീസ് കളത്തിൽ അധികം ഒന്നും നേട്ടങ്ങൾ ഇല്ലാതിരുന്ന അസരങ്ക സിൻസിനാറ്റി ഓപ്പൺ ജയിച്ച ആത്മാവിശ്വാസവുമായി ആയിരുന്നു യു.എസ് ഓപ്പണിൽ എത്തിയത്. 2013 ഫ്രഞ്ച് ഓപ്പണിന് ശേഷം ഇത് ആദ്യമായാണ് അസരങ്ക ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. പതിനാറാം സീഡ് എലിസി മെർട്ടൻസിനെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തുക ആയിരുന്നു അസരങ്ക.

വെറും 73 മിനിറ്റ് നീണ്ടു നിന്ന ക്വാർട്ടർ ഫൈനലിൽ ഒരു ഘട്ടത്തിൽ പോലും എതിരാളിക്ക് ഒരവസരവും അസരങ്ക നൽകിയില്ല. ആദ്യ സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ മെർട്ടൻസിനു ഒരു പോയിന്റ് പോലും അസരങ്ക മത്സരത്തിൽ നൽകിയില്ല. മെർട്ടൻസിനെ നാലു തവണ ബ്രൈക്ക് ചെയ്ത അസരങ്ക ആദ്യ സെറ്റ് 6-1 നു നേടിയപ്പോൾ രണ്ടാം സെറ്റിൽ ബേഗൽ നേടി 6-0 ത്തിനു എതിരാളിയെ നാണം കെടുത്തി.

7 വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ ഇറങ്ങുന്ന ബെലാറസ് താരത്തിന് സെമിയിൽ സാക്ഷാൽ സെറീന വില്യംസ് ആണ് എതിരാളി. വലിയ സുഹൃത്തുക്കൾ കൂടിയായ ഇരുവരും ടൂർണമെന്റിലെ അവശേഷിക്കുന്ന അമ്മമാർ കൂടിയാണ്. ക്വാർട്ടർ ഫൈനലിൽ അമ്മമാരുടെ പോരാട്ടത്തിൽ പിരങ്കോവയെ മറികടന്ന് ആയിരുന്നു സെറീന സെമിയിൽ എത്തിയത്. ഈ ഫോമിൽ അസരങ്ക കളിച്ചാൽ സെറീന, അസരങ്ക സെമിഫൈനൽ ഏറ്റവും മികച്ച മത്സരം ആവും എന്നുറപ്പാണ്.

Exit mobile version