വിംബിൾഡൺ പുരുഷ വിഭാഗത്തിൽ 2 ദിവസത്തെ ക്ലാസിക് പോരാട്ടത്തിന് ഒടുവിൽ ആന്റി മറെയെ മറികടന്നു അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് മൂന്നാം റൗണ്ടിൽ. അഞ്ചു സെറ്റ് പോരാട്ടത്തിൽ ഇന്നലെ 3 സെറ്റുകൾ കളിച്ചപ്പോൾ 2 സെറ്റുകൾ മറെ നേടിയിരുന്നു എന്നാൽ ഇന്ന് അവസാന 2 സെറ്റുകളും നേടി സിറ്റിപാസ് മത്സരം സ്വന്തം പേരിലാക്കി. 3 ടൈബ്രേക്കുകൾ കണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും ഓരോ തവണ മാത്രമാണ് ബ്രേക്ക് വഴങ്ങിയത്. മറെ 13 ഏസുകൾ ഉതിർത്തപ്പോൾ സിറ്റിപാസ് 16 ഏസുകൾ ആണ് ഉതിർത്തത്.
7-6, 6-7, 6-4, 7-6, 6-4 എന്ന സ്കോറിന് ആണ് സിറ്റിപാസ് മത്സരം ജയിച്ചത്. സെന്റർ കോർട്ടിൽ നാട്ടുകാർക്ക് മുന്നിൽ അതുഗ്രൻ പോരാട്ടം തന്നെയാണ് ഇതിഹാസ താരം ആന്റി മറെ സമ്മാനിച്ചത്. അതേസമയം മൂന്നാം റൗണ്ടിൽ മുൻ ഗ്രാന്റ് സ്ലാം ജേതാവ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ എത്തി. ടൈബ്രേക്കറിൽ എത്തിയ അവസാന സെറ്റിൽ മാത്രമാണ് ജ്യോക്കോവിച് അൽപ്പം വെല്ലുവിളി നേരിട്ടത്. 6-3, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു നിലവിലെ ചാമ്പ്യന്റെ ജയം.