വിംബിൾഡൺ വനിത വിഭാഗത്തിൽ രണ്ടാം റൗണ്ടിലേക്ക് എളുപ്പത്തിൽ മുന്നേറി മൂന്നാം ആര്യാന സബലങ്ക. ഹംഗേറിയൻ താരം ഹന്ന ഉഡ്വാർഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. 8 ഏസുകൾ ഉതിർത്ത ബലാറസ് താരം നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്തു.6-3, 6-1 എന്ന സ്കോറിന് ആയിരുന്നു താരത്തിന്റെ ജയം.
നിരവധി മത്സരങ്ങൾ മഴ കാരണം മാറ്റി വക്കുന്നത് കണ്ട ഇന്ന് മുൻ ചാമ്പ്യൻ ആന്റി മറെ അനായാസം രണ്ടാം റൗണ്ടിൽ എത്തി. കളി കാണാൻ എത്തിയ ഫെഡറർക്ക് മുന്നിൽ നാട്ടുകാരൻ ആയ റയാൻ പെനിസ്റ്റണിനെ 6-3, 6-0, 6-1 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറെ തകർത്തത്. അതേസമയം മറ്റൊരു ബ്രിട്ടീഷ് താരവും പന്ത്രണ്ടാം സീഡും ആയ കാമറൂൺ നോരി ചെക് താരം തോമസ് മകാകിനെ നാലു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു രണ്ടാം റൗണ്ടിൽ എത്തി.
വിംബിൾഡൺ ആദ്യ റൗണ്ടിൽ രാജകീയ ജയവുമായി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഫ്രഞ്ച് താരം ജെറമി ചാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത അൽകാരസ് 7 തവണയാണ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തത്. ആദ്യ സെറ്റിൽ ബേഗൽ നേടിയ അൽകാരസ് തുടക്കം മുതൽ തന്നെ നയം വ്യക്തമാക്കി. 6-0,6-2,7-5 എന്ന സ്കോറിന് ആണ് സ്പാനിഷ് താരം ജയം കണ്ടത്തിയത്.
എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറും അനായാസം വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ ഏസുകൾ ഉതിർത്ത സിന്നർ 6 തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്. അർജന്റീനൻ താരം യുവാൻ മാനുവലിനെ 6-2, 6-2, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്. വനിത സിംഗിൾസിൽ അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മൂന്നാം സീഡും നിലവിലെ ജേതാവും ആയ എലേന റൈബാകിനയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം 6-1, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് കസാഖ് താരം ജയം കണ്ടത്തിയത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത റൈബാകിന നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു.
ഏഴാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫ് വിംബിൾഡൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. യോഗ്യത കളിച്ചു ടൂർണമെന്റിൽ എത്തിയ 2020 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് അമേരിക്കൻ താരം സോഫിയ കെനിൻ ആണ് ഗോഫിനെ അട്ടിമറിച്ചത്. മൂന്നു സെറ്റ് പോരാട്ടത്തിൽ ആയി കെനിൻ ഗോഫിനു മേൽ ജയം കണ്ടത്.
ആദ്യ സെറ്റ് 6-4 നു നേടിയ കെനിനു എതിരെ രണ്ടാം സെറ്റ് അതേ സ്കോറിന് തന്നെ നേടി ഗോഫ് തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-2 നു നേടിയ കെനിൻ മത്സരം സ്വന്തം പേരിൽ ആക്കുക ആയിരുന്നു. 12 ഏസുകൾ ഉതിർത്ത ഗോഫിനെ നാലു തവണയാണ് കെനിൻ ബ്രേക്ക് ചെയ്തത്. 2020 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ ശേഷം നിറം മങ്ങിയ കെനിന്റെ മികച്ച തിരിച്ചു വരവ് കൂടിയാണ് ഇത്.
വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത ചൈനീസ് താരം ഷു ലിനിനെ 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഇഗ തകർത്തത്. മത്സരത്തിൽ 5 തവണയാണ് എതിരാളിയുടെ സർവീസ് ഇഗ ബ്രേക്ക് ചെയ്തത്. നാലാം സീഡ് അമേരിക്കൻ താരം ജെസീക്ക പെഗുല നാട്ടുകാരിയായ ലോറൻ ഡേവിസിനെ 6-2, 6-7, 6-3 എന്ന സ്കോറിന് ആണ് ജെസീക്ക തോൽപ്പിച്ചത്.
അമേരിക്കൻ താരം കാറ്റിയെ 6-4, 6-3 എന്ന സ്കോറിന് മറികടന്നു അഞ്ചാം സീഡ് കരോളിൻ ഗാർസിയയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചൈനീസ് താരം യുവാനെ മറികടന്നു 19 സീഡ് ആയ വിക്ടോറിയ അസറിങ്കയും രണ്ടാം റൗണ്ടിൽ എത്തി. അനായാസ ജയത്തോടെ 14 സീഡ് ബെലിന്ത ബെനചിചും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം മുൻ ജേതാവ് വീനസ് വില്യംസ് ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയോട് 6-4, 6-3 എന്ന സ്കോറിന് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച്. സീഡ് ചെയ്യാത്ത അർജന്റീനൻ താരം പെഡ്രോ കാചിനെ 6-3, 6-3, 7-6 എന്ന സ്കോറിന് ആണ് നൊവാക് തോൽപ്പിച്ചത്. ഇടക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അവസാന സെറ്റിൽ ടൈബ്രേക്കിൽ എത്തിയത് ഒഴിച്ചാൽ മത്സരത്തിൽ വലിയ വെല്ലുവിളി നൊവാക് നേരിട്ടില്ല. വിംബിൾഡൺ സെന്റർ കോർട്ടിൽ കഴിഞ്ഞ 10 വർഷം ആയി നൊവാക് പരാജയം അറിഞ്ഞിട്ടില്ല. സെന്റർ കോർട്ടിൽ സെർബിയൻ താരത്തിന്റെ തുടർച്ചയായ 40 മത്തെ ജയം ആയിരുന്നു ഇത്.
നാലാം സീഡ് കാസ്പർ റൂഡ് ഫ്രഞ്ച് താരം ലോറന്റ് ലോകോലിയെ നാലു സെറ്റ് മത്സരത്തിൽ ആണ് മറികടന്നത്. 6-1, 5-7, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു റൂഡിന്റെ ജയം. അതേസമയം ഏഴാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ഓസ്‌ട്രേലിയൻ താരം മാക്‌സ് പർസലിനെ 6-3, 7-5, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് തകർത്തത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് റൂബ്ലേവ് പുലർത്തിയത്. 11 സീഡ് കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയസ്മെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. അമേരിക്കൻ താരം മൈക്കിൾ മോ 7-6, 6-7, 7-6, 6-4 എന്ന സ്കോറിന് ആണ് ഫെലിക്‌സിനെ തോൽപ്പിച്ചത്. 3 ടൈബ്രേക്കറുകൾ ആണ് മത്സരത്തിൽ കണ്ടത്. യുവാൻ പാബ്ലോയെ 6-3, 6-1, 7-5 എന്ന സ്കോറിന് മറികടന്നു 14 സീഡ് ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയും രണ്ടാം റൗണ്ടിൽ എത്തി.
ഓസ്‌ട്രേലിയൻ ടെന്നീസ് താരവും 2022 വിംബിൾഡൺ ഫൈനലിസ്റ്റുമായ നിക്ക് കിരിയോസ് വിംബിൾഡൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിശീലനത്തിനിടെ കൈക്ക് ഏറ്റ പരിക്ക് ആണ് കിരിയോസിന് വിനയായത്. ഡേവിഡ് ഗോഫിനുമായുള്ള കിർഗിയോസിന്റെ ആദ്യ റൗണ്ട് മത്സരത്തിന് ഒരു ദിവസം മുമ്പാണ് കിരിയോസ് താൻ പിന്മാറുന്നതായി പ്രഖ്യാപിച്ചത്
“ഈ വർഷം വിംബിൾഡണിൽ നിന്ന് ഞാൻ പിന്മാറേണ്ടിവരുമെന്ന് പറയുന്നതിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്,” “എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തയ്യാറാകാനും വീണ്ടും വിംബിൾഡൺ കോർട്ടിൽ കയറാനും ഞാൻ കഠിനമായി ശ്രമിച്ചു,” 28 കാരൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കാലിന് പരിക്കേറ്റതിനെത്തുടർന്ന് നീണ്ടകാലമായി കിരിയോസ് പുറത്തായിരുന്നു. താരം പരിക്ക് മാറി തിരികെ വരികെയാണ് പുതിയ പരിക്ക് പ്രശ്നമായത്. ഈ വർഷമാദ്യം, ഓസ്‌ട്രേലിയൻ അത്‌ലറ്റിന് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നിരുന്നു., ഒന്നിലധികം ടൂർണമെന്റുകളിൽ നിന്ന് അദ്ദേഹത്തിന് ഇത് കാരണം വിട്ടുനിൽക്കേണ്ടി വന്നിരുന്നു.
ലോകത്തിലെ ഏറ്റവും മഹത്തായ ടെന്നീസ് ടൂർണമെന്റ് ആയ വിംബിൾഡൺ എന്നും തങ്ങളുടെ കടുത്ത വസ്ത്ര നിയന്ത്രണങ്ങൾ കൊണ്ടു കൂടി പ്രസിദ്ധമാണ്. കാലം ഇത്ര മാറിയിട്ടും വെള്ള വസ്ത്രങ്ങൾ മാത്രമെ താരങ്ങൾ അണിയാൻ പാടുള്ളൂ എന്ന നിയമം കർശനമായി അവർ പാലിക്കുന്നുണ്ട്. അടിവസ്ത്രം അടക്കം എല്ലാം വെള്ളനിറത്തിൽ ആവണം എന്ന കർശന നിയമം ആണ് വിംബിൾഡണിൽ ഉണ്ടായിരുന്നത്. നിലവിൽ ആ നിയമത്തിനു ഒരു ഇളവ് നൽകാൻ ആണ് വിംബിൾഡൺ തീരുമാനം.
പലപ്പോഴും മാസമുറ സമയത്ത് അടക്കം വെള്ള അടിവസ്ത്രം ഇട്ടു കളിക്കുക വനിത താരങ്ങൾക്ക് ബുദ്ധിമുട്ട് ആണെന്ന വിമർശനം പണ്ട് മുതലെ ഉണ്ടായിരുന്നു. ഇതിനു എതിരെ സ്ത്രീ സംഘടനകളിൽ നിന്നു വലിയ പ്രതിഷേധങ്ങൾ ഉണ്ടായതും ആണ്. തുടർന്ന് ആണ് കാലത്തിനു ഒപ്പം മാറാനുള്ള നിർദ്ദേശം വിംബിൾഡണിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്ത സീസൺ മുതൽ വനിത താരങ്ങൾക്ക് നിറമുള്ള അടിവസ്ത്രം ഇട്ടു വിംബിൾഡണിൽ കളിക്കാൻ സാധിക്കും. വിംബിൾഡണിന്റെ പല കടും പിടുത്തങ്ങളും നോക്കിയാൽ ചരിത്രപരമായ മാറ്റം തന്നെയാണ് ഇത്. നേരത്തെ ഈ അടുത്ത് വനിത താരങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വെളുത്ത നിറമുള്ള ഷോർട്ട്സ് മാഞ്ചസ്റ്റർ സിറ്റി വനിത ടീം മാറ്റിയിരുന്നു.
ഇംഗ്ലണ്ട് ദേശീയ ടീം ഫൈനലിൽ എത്തിയാലും വിംബിൾഡണിലെ പുരുഷ ഫൈനൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പുരുഷ ഫൈനലിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷം ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരവും നടക്കും. സാധാരണ പുരുഷ ഫൈനലുകൾ മൂന്നും നാലും മണിക്കൂറുകൾ സമയത്തോളം നടക്കാറുണ്ട് എന്നതിനാൽ തന്നെ വേൾഡ്കപ്പ് ഫുട്‌ബോളിന്റെ ഫൈനൽ വിംബിൾഡൺ കാണാൻ വരുന്നവർക്ക് കാണാൻ സാധിക്കാതെ വന്നേക്കും.
1966 ൽ ചാമ്പ്യന്മാരായ ശേഷം ഒരിക്കൽ കൂടെ ജയിക്കാനുള്ള സുവർണ്ണാവസരമാണ് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന് ഇത്തവണത്തെ റഷ്യൻ വേൾഡ്കപ്പ്. ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റു പോയെന്നും ഒരാൾ പോലും ഇതിന്റെ പേരിൽ ഒരു പരാതി പോലും ഉന്നയിച്ചിട്ടില്ല എന്നതും വേണം എന്നുള്ളവർക്ക് ഫ്രീവൈഫൈയിൽ ശബ്ദമില്ലാതെ മത്സരം ആസ്വദിക്കാവുന്നതാണെന്നും ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബിന്റെ തലവൻ റിച്ചാർഡ് ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു.
വന്മരങ്ങൾ കട പുഴകി വീഴുന്ന ഫുട്‌ബോൾ വേൾഡ് കപ്പ് ട്രെന്റ് വിംബിൾഡൺ ടെന്നീസിനേയും ബാധിച്ചെന്ന് വേണം കരുതാൻ. വനിതാ വിഭാഗത്തിൽ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് വെറും ഒരേയൊരു താരമാണ്! ഏഴാം സീഡ് പ്ലിസ്ക്കോവ. പുരുഷന്മാരിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ പത്തിൽ നിന്ന് ഇതുവരെ കൊഴിഞ്ഞത് ആറ് താരങ്ങളാണ്. ടൂർണമെന്റ് ഇപ്പോഴും പ്രീ ക്വാർട്ടർ മത്സരങ്ങളോളം മാത്രം ചെറുപ്പമാണെന്ന് ഓർക്കണം.
വർഷത്തിലെ ആകെ നാലു ഗ്രാൻഡ്സ്ലാമുകളിൽ മൂന്നിൽ നിന്നും വ്യത്യസ്തമാണ് വിംബിൾഡണിലെ സീഡിംഗ് സിസ്റ്റം. ആദ്യ ഗ്രാൻഡ്സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പൺ, രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ, നാലാമത്തേതും അവസാനത്തേതുമായ യുഎസ് ഓപ്പൺ എന്നിവയിലൊക്കെ യഥാക്രമം എടിപി, ഡബ്ള്യുടിഎ റാങ്കിങ് അനുസരിച്ച് പുരുഷൻമാരുടെയും, വനിതകളുടെയും സീഡിംഗ് തീരുമാനിക്കുമ്പോൾ വിംബിൾൺ പിന്തുടരുന്നത് വേറിട്ട രീതിയാണ്. വിംബിൾഡണിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിലെ ഫോം വരെ ഇവിടെ കണക്കിലെടുക്കും എന്നതാണ് പ്രത്യേകത. ഏറ്റവും പഴക്കമുള്ള പുൽകോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമിന് അതിന്റെതായ ചില പാരമ്പര്യ സമ്പ്രദായങ്ങളുണ്ട്. ഫ്രഞ്ച് ഓപ്പൺ ജയിച്ച് ചരിത്രം സൃഷ്ടിച്ച് നിൽക്കുന്ന ഒന്നാം നമ്പറായ റാഫേൽ നദാൽ ടൂർണമെന്റിൽ രണ്ടാം സീഡ് ആയതും, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റോജർ ഫെഡറർ ഒന്നാം സീഡായതും, പ്രൊഫഷണൽ മത്സരങ്ങളിലേക്ക് തിരികെ എത്തിയ റാങ്കിങ്ങിൽ പുറകെ സെറീനയ്ക്ക് 25 സീഡ് നൽകിയതും പിന്തുടരുന്ന രീതിയിലെ പ്രത്യേകത കൊണ്ടാണ്.
ഒരു ടൂർണമെന്റിൽ ആകെ നൽകുന്ന 32 സീഡുകളിൽ സെറീനയെ ഉൾപ്പെടുത്തിയത് മൂലം സീഡില്ലാ താരമായി കളിക്കേണ്ടി വന്ന സിബുൽക്കോവയെ പോലുള്ള താരങ്ങൾ ഈ വേറിട്ട സീഡിങ്ങിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. പരിക്കിൽ നിന്ന് മുക്തരായി എത്തിയ നല്ല കളിക്കാരെ ആദ്യ റൗണ്ടിൽ ഇപ്പഴത്തെ റാങ്കിങ്ങിന് മുന്നിൽ നിൽക്കുന്ന കളിക്കാരെ നൽകിയ ഡ്രോക്കെതിരെ ആദ്യ റൗണ്ടിൽ പുറത്തായ ദിമിത്രോവും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് മുന്നേ വെള്ള വസ്ത്രമെന്ന ചിട്ടയായ രീതിക്കെതിരെ അഭിപ്രായ വ്യത്യാസം അറിയിച്ച റോജർ ഫെഡററെ പോലുള്ള കളിക്കാരെ പോലും അവഗണിച്ച പാരമ്പര്യമുള്ള വിംബിൾഡണിൽ ഒന്നും മാറാൻ പോകുന്നില്ല എന്നതാണ് സത്യം.