അവിശ്വസനീയം ഈ സ്വിറ്റോലിന! ലോക ഒന്നാം നമ്പർ ഇഗയെ അട്ടിമറിച്ചു വിംബിൾഡൺ സെമിഫൈനലിൽ

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ഉക്രൈൻ താരം ഏലീന സ്വിറ്റോലിന. ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെകിനെ അവിശ്വസനീയം ആയ പോരാട്ടത്തിൽ അട്ടിമറിച്ചു ആണ് താരം തന്റെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ഉറപ്പിച്ചത്. വിംബിൾഡണിൽ താരത്തിന്റെ രണ്ടാം സെമിഫൈനൽ ആണ് ഇത്. പ്രസവത്തിനു തിരിച്ചു വന്ന സ്വിറ്റോലിനയുടെ അവിസ്മരണീയ തിരിച്ചു വരവ് ആണ് ഇത്.

14 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു വന്ന ഇഗയെ 3 സെറ്റ് പോരാട്ടത്തിൽ ആണ് സ്വിറ്റോലിന മറികടന്നത്. ആദ്യ സെറ്റ് 7-5 നു നേടിയ ഉക്രൈൻ താരത്തിനു എതിരെ രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൂടെ ഇഗ നേടി. എന്നാൽ മൂന്നാം സെറ്റിൽ ഇഗയെ തീർത്തും അപ്രസക്തമാക്കി സ്വിറ്റോലിന, 6-2 നു സെറ്റ് നേടിയ താരം അവിശ്വസനീയ റിസൾട്ട് കരസ്ഥമാക്കി. സെമിഫൈനലിൽ മറ്റൊരു അട്ടിമറിയും ആയി വരുന്ന മാർകെറ്റ വോണ്ടറൗസോവയെ ആണ് സ്വിറ്റോലിന നേരിടുക.

ജെസിക്ക പെഗ്യുലയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത ചെക് താരം വിംബിൾഡൺ സെമിയിൽ

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറൗസോവ. നാലാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗ്യുലയെ അട്ടിമറിച്ചു ആണ് ചെക് താരം വിംബിൾഡൺ അവസാന നാലിലേക്ക് മുന്നേറിയത്. 2019 ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും ഒളിമ്പിക് വെള്ളി മെഡൽ ജേതാവും ആയ ചെക് താരത്തിന്റെ ആദ്യ വിംബിൾഡൺ സെമിഫൈനൽ ആണ് ഇത്.

ആദ്യ സെറ്റ് 6-4 നു ചെക് താരം നേടിയപ്പോൾ 6-2 നു രണ്ടാം സെറ്റ് നേടി ജെസിക്ക തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 4-1 നു അമേരിക്കൻ താരം മുന്നിട്ട് നിൽക്കുമ്പോൾ ആണ് മഴ എത്തിയത്. തുടർന്ന് ഇടവേളക്ക് ശേഷം ഒന്നാം നമ്പർ കോർട്ടിൽ റൂഫ് അടച്ച ശേഷം തുടർച്ചയായി 5 ഗെയിമുകൾ നേടിയ ചെക് താരം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിലാക്കി. തീർത്തും അപ്രതീക്ഷതമായ ജയത്തിനു ശേഷം കണ്ണീരോടെയാണ് ചെക് താരം റിസൾട്ട് സ്വീകരിച്ചത്.

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് ആദ്യമായി മുന്നേറി അൽകാരസ്, ക്വാർട്ടറിൽ റൂണെ എതിരാളി

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് കരിയറിൽ ആദ്യമായി മുന്നേറി ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ്. മുൻ വിംബിൾഡൺ ഫൈനലിസ്റ്റ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു ആണ് സ്പാനിഷ് താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിൽ നാലു തവണ ഇറ്റാലിയൻ താരത്തിന്റെ സർവീസ് അൽകാരസ് ഭേദിച്ചു. 3-6, 6-3, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം.

ക്വാർട്ടർ ഫൈനലിൽ തന്റെ സുഹൃത്തും മുൻ ഡബിൾസ് പങ്കാളിയും ആയ ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണെ ആണ് അൽകാരസിന്റെ എതിരാളി. 21 സീഡ് ഗ്രിഗോർ ദിമിത്രോവിനെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം തിരിച്ചു വന്നാണ് റൂണെ മത്സരത്തിൽ ജയം കണ്ടത്. രണ്ടും മൂന്നും സെറ്റുകളിൽ കടുത്ത ടൈബ്രേക്കർ പോരാട്ടം ഡാനിഷ് താരം അതിജീവിച്ചു. നാലാം സെറ്റിൽ 6-3 നു ജയം കണ്ട റൂണെ മത്സരം സ്വന്തം പേരിലാക്കി. 1958 നു ശേഷം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഡാനിഷ് താരം ആണ് റൂണെ. 20 കാരുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ തീപാറും എന്നുറപ്പാണ്.

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഒൻസ്-റിബാക്കിന പോരാട്ടം, കഴിഞ്ഞ വർഷത്തെ ഫൈനൽ ആവർത്തനം

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ ഏലേന റിബാക്കിനയും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയ ആറാം സീഡ് ഒൻസ് യാബ്യുറും നേർക്കുനേർ വരും. ആറാം സീഡ് ആയ ഒൻസ് 2 തവണ വിംബിൾഡൺ ജേതാവ് ആയ ഒമ്പതാം സീഡ് പെട്ര ക്വിറ്റോവയെ 6-0, 6-3 എന്ന സ്കോറിന് തകർത്തു ആണ് അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്.

വിംബിൾഡണിൽ മികവ് കാണിക്കുന്ന ക്വിറ്റോവയെ തീർത്തും തകർത്തു കളയുന്ന പ്രകടനം ആണ് ഒൻസ് പുറത്ത് എടുത്തത്. മത്സരത്തിൽ 6 തവണ ക്വിറ്റോവയുടെ സർവീസ് ഒൻസ് ബ്രേക്ക് ചെയ്തു. അതേസമയം എതിരാളിയായ 13 സീഡ് ബ്രസീലിയൻ താരം ബിയാട്രിസ് മയിയ പരിക്കേറ്റു കണ്ണീരോടെ പുറത്ത് പോയതോടെ ആണ് റിബാക്കിന അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെറ്റിൽ 4-1 നു കസാഖ് താരം മുന്നിട്ട് നിൽക്കുമ്പോൾ ആണ് ബിയാട്രിസ് പിന്മാറിയത്. ക്വാർട്ടർ ഫൈനലിൽ ഒൻസ് കഴിഞ്ഞ ഫൈനലിന് പ്രതികാരം ചെയ്യുമോ അല്ല റിബാക്കിന ജയം തുടരുമോ എന്നു കണ്ടറിയാം.

16 കാരിയെ തിരിച്ചു വന്നു തോൽപ്പിച്ചു മാഡിസൺ കീയ്സ്, അനായാസ ജയവുമായി സബലങ്ക

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സ്. 16 കാരിയായ റഷ്യൻ താരം മിറ ആന്ദ്രീവക്ക് എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ 4-1 നു പിറകിൽ നിന്ന ശേഷമാണ് കീയ്സ് തിരിച്ചു വന്നു ജയിച്ചത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ എത്തിച്ചു സ്വന്തമാക്കിയ അമേരിക്കൻ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിലാക്കി. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

ക്വാർട്ടർ ഫൈനലിൽ ബലാറസ് താരവും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ ആണ് കീയ്സ് നേരിടുക. 21 സീഡ് റഷ്യൻ താരം അലക്സാൻഡ്രോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. തീർത്തും ആധിപത്യം പുലർത്തിയ മത്സരത്തിൽ 6-4, 6-0 എന്ന സ്കോറിന് ആണ് സബലങ്ക ജയം കണ്ടത്. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത സബലങ്ക 4 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

2 ദിവസത്തെ പോരാട്ടത്തിന് ഒടുവിൽ ജ്യോക്കോവിച്, ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 25 മത്തെ ജയം

ലോക രണ്ടാം നമ്പറും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച് വിംബിൾഡൺ അവസാന എട്ടിൽ എത്തി. ഇന്നലെ പൂർത്തിയാക്കാൻ ആവാത്ത മത്സരത്തിൽ 17 സീഡ് ഉമ്പർട്ട് ഹുർകാഷിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് ജ്യോക്കോവിച് മറികടന്നത്. വിംബിൾഡൺ നൂറാം മത്സരത്തിൽ 90 മത്തെ ജയം ആയി സെർബിയൻ താരത്തിന് ഇത്. ഇന്നലെ ആദ്യ രണ്ടു സെറ്റുകളും ടൈബ്രേക്കറിലൂടെ ജ്യോക്കോവിച് നേടുക ആയിരുന്നു. രണ്ടു ടൈബ്രേക്കറിലും പിന്നിൽ തിരിച്ചു വന്നാണ് ആണ് നൊവാക് ജയം കണ്ടത്. ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 15 മത്തെ ടൈബ്രേക്കർ ജയം ആയിരുന്നു നൊവാക്കിന് ഇത്.

ഇന്ന് മൂന്നാം സെറ്റിൽ അവസാന ജ്യോക്കോവിച്ചിന്റെ അവസാന സർവീസ് ആദ്യമായി ബ്രേക്ക് ചെയ്ത പോളണ്ട് താരം സെറ്റ് 7-5 നു നേടി മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ അടുത്ത സെറ്റിൽ ആദ്യമായി എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത ജ്യോക്കോവിച് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 33 ഏസുകൾ ഉമ്പർട്ട് ഉതിർത്തപ്പോൾ ജ്യോക്കോവിച് 18 ഏസുകൾ ആണ് ഉതിർത്തത്. കരിയറിലെ 56 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ജ്യോക്കോവിചിന് ഇത്. ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 25 മത്തെ ജയവും വിംബിൾഡൺ സെന്റർ കോർട്ടിൽ തുടർച്ചയായ 32 മത്തെ ജയവും കൂടിയായി താരത്തിന് ഇത്. ക്വാർട്ടർ ഫൈനലിൽ ആന്ദ്ര റൂബ്ലേവ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.

സിറ്റിപാസിനെ ഞെട്ടിച്ചു അമേരിക്കൻ താരം! ക്വാർട്ടർ ഫൈനലിൽ മെദ്വദേവ് എതിരാളി

അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത 27 കാരനായ അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സ്. 5 സെറ്റ് പോരാട്ടത്തിൽ ആണ് തന്റെ കരിയറിലെ ഏറ്റവും വലിയ ജയം കുറിച്ച അമേരിക്കൻ താരം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു സിറ്റിപാസ് നേടിയപ്പോൾ ടൈബ്രേക്കറിലൂടെ നേടിയ ഉബാങ്ക്സ് മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ സിറ്റിപാസ് മത്സരത്തിൽ ആധിപത്യം തിരിച്ചു പിടിച്ചു. എന്നാൽ നാലും അഞ്ചും സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് നേടിയ അമേരിക്കൻ താരം മത്സരം സ്വന്തം പേരിൽ കുറിച്ചു.

അവസാന രണ്ടു സെറ്റുകളിൽ നിർണായക ബ്രേക്ക് കണ്ടത്താൻ അമേരിക്കൻ താരത്തിന് ആയി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് ക്രിസ്റ്റഫർ ഉബാങ്ക്സിന് ഇത്. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം കറുത്ത വർഗ്ഗക്കാരൻ ആയ അമേരിക്കൻ താരം ആയി ക്രിസ്റ്റഫർ ഉബാങ്ക്സ് മാറി. കരിയറിൽ ആദ്യമായി ആണ് താരം ആദ്യ 5 റാങ്കിൽ ഉള്ള താരത്തെ തോല്പിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് അമേരിക്കൻ താരത്തിന്റെ എതിരാളി. ചെക് താരം ജിറിയെ മറികടന്നു ആണ് മെദ്വദേവ് ക്വാർട്ടറിൽ എത്തിയത്. 6-4, 6-2 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുമ്പോൾ പരിക്കേറ്റ എതിരാളി മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു.

2 മാച്ച് പോയിന്റുകൾ രക്ഷിച്ചു ജയിച്ചു ഇഗ അവസാന എട്ടിൽ, അസരങ്കയെ വീഴ്ത്തി സ്വിറ്റോലിന

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സ്വിസ് താൻ ബെലിന്ത ബെനചിചിന്റെ കനത്ത വെല്ലുവിളി ആണ് അവസാന പതിനാറിൽ പോളണ്ട് താരം മറികടന്നത്. മൂന്നു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ശേഷം ആണ് ഇഗ തിരിച്ചു വന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ബെനചിച് ആണ് നേടിയത്.

തുടർന്ന് രണ്ടാം സെറ്റിൽ ഇഗയുടെ സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ ആണ് സ്വിസ് താരത്തിന് ലഭിച്ചത്. എന്നാൽ ഈ മാച്ച് പോയിന്റുകൾ രക്ഷിച്ച ഇഗ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി സെറ്റിൽ ജയം പിടിച്ചെടുത്തു. തുടർന്ന് മൂന്നാം സെറ്റിൽ തനത് ശൈലി പുറത്ത് എടുത്ത ഇഗ സെറ്റ് 6-3 നു നേടി കരിയറിലെ ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. അതേസമയം 19 സീഡ് വിക്ടോറിയ അസരങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയും അവസാന എട്ടിൽ എത്തി.

ആദ്യ സെറ്റ് 6-2 നഷ്ടമായ സ്വിറ്റോലിന രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-4 നു സ്വന്തമാക്കി. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ജയം കണ്ടാണ് താരം ക്വാർട്ടർ ഫൈനലിൽ എത്തിയത്. 11-9 നു ആണ് താരം ടൈബ്രേക്കറർ ജയിച്ചത്. അമ്മയായതിനു ശേഷം തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഉക്രൈൻ താരത്തിന് ഇത്. ഉക്രൈൻ, ബലാറസ് താരങ്ങൾ തമ്മിലുള്ള പോരാട്ടം പക്ഷെ പരസ്പര ബഹുമാനം നിറഞ്ഞത് തന്നെയായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

കരിയറിൽ ആദ്യമായി റൂബ്ലേവ് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ, സിന്നറും അവസാന എട്ടിൽ

കസാഖിസ്ഥാൻ താരം അലക്സാണ്ടർ ബുബ്ലികിനു എതിരെ അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടം അതിജീവിച്ചു റഷ്യയുടെ ഏഴാം സീഡ് ആന്ദ്ര റൂബ്ലേവ് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. വളരെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ അഞ്ചാം സെറ്റിൽ റൂബ്ലേവിന്റെ തീർത്തും അവിശ്വസനീയം ആയ ഷോട്ടും കാണാൻ ആയി. ആദ്യ രണ്ടു സെറ്റുകളിൽ ഓരോ തവണ ബ്രേക്ക് കണ്ടത്തി 7-5, 6-3 എന്ന സ്കോറിന് സെറ്റുകൾ സ്വന്തമാക്കിയ റൂബ്ലേവ് എളുപ്പം ജയിക്കും എന്നു കരുതിയ മത്സരത്തിൽ പക്ഷെ മൂന്നും നാലും സെറ്റുകൾ കടുത്ത ടൈബ്രേക്കർ പോരാട്ടത്തിലൂടെ ബുബ്ലിക് കരസ്ഥമാക്കി. എന്നാൽ അഞ്ചാം സെറ്റിൽ നിർണായക ബ്രേക്ക് നേടിയ റൂബ്ലേവ് 6-4 നു സെറ്റ് നേടി കരിയറിൽ ആദ്യമായി വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറി. മത്സരത്തിൽ റൂബ്ലേവ് 21 ഏസുകൾ ഉതിർത്തപ്പോൾ 39 ഏസുകൾ ആണ് ബുബ്ലിക് ഉതിർത്തത്.

അതേസമയം സീഡ് ചെയ്യാത്ത കൊളംബിയൻ താരം ഡാനിയേൽ ഗാലനു എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട എട്ടാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ വിംബിൾഡൺ ക്വാർട്ടറിൽ എത്തി. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ 2 തവണ എത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് സിന്നർ. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ 7-6 നു നേടിയ സിന്നർ രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് സ്വന്തമാക്കി. തികച്ചും ആധികാരിക പ്രകടനം ആണ് സിന്നറിൽ നിന്നുണ്ടായത്. അതിനിടെയിൽ 26 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു സീഡ് ചെയ്യാത്ത റഷ്യൻ താരം റോമൻ സഫിയുല്ലിൻ അവസാന എട്ടിൽ എത്തി. 3-6, 6-3, 6-1, 6-3 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ അട്ടിമറി ജയം.

വിംബിൾഡൺ പുരുഷ ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ സഖ്യം പുറത്ത്

വിംബിൾഡൺ പുരുഷ ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ സഖ്യമായ സാഖേത് മയ്നെനി, യൂക്കി ബാംബ്രി സഖ്യം പുറത്ത്. സീഡ് ചെയ്യാത്ത ഇന്ത്യൻ സഖ്യം സീഡ് ചെയ്യാത്ത സ്പാനിഷ്, ഫ്രഞ്ച് സഖ്യം ആയ അലഹാൻഡ്രോ ഡേവിഡനോവിച് ഫോകിന, അഡ്രിയാൻ മന്നറിനോ സഖ്യത്തിനോട് ആണ് പരാജയപ്പെട്ടത്.

മികച്ച പോരാട്ടം ആണ് ഇന്ത്യൻ സഖ്യം മത്സരത്തിൽ നടത്തിയത്. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-4 നു നേടി ഇന്ത്യൻ സഖ്യം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ എന്നാൽ 6-4 നു സെറ്റ് നേടിയ സ്പാനിഷ്, ഫ്രഞ്ച് സഖ്യം മത്സരം സ്വന്തം പേരിലാക്കി. ചൈനീസ് സഖ്യം വിംബിൾഡണിൽ നിന്നു അസുഖം കാരണം പിന്മാറിയതോടെയാണ് ഇന്ത്യൻ സഖ്യത്തിന് ടൂർണമെന്റിൽ കളിക്കാൻ അവസരം കിട്ടിയത്.

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി 16 കാരി,പെഗ്യുലയും മുന്നോട്ട്

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി കരിയറിലെ തന്റെ രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്ലാം കളിക്കുന്ന റഷ്യൻ താരം മിറ ആന്ദ്രീവ. നാട്ടുകാരിയായ 22 സീഡ് അനസ്താഷിയ പോട്ടപോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആന്ദ്രീവ തോൽപ്പിച്ചത്. 6 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത 16 കാരി 6-2, 7-5 എന്ന സ്കോറിന് ആണ് സ്വപ്നജയം നേടിയത്. നാട്ടുകാരിയായ 32 സീഡ് ബോസ്കോവയെ 2-6, 6-4, 6-3 എന്ന സ്കോറിന് തോൽപ്പിച്ചു സീഡ് ചെയ്യാത്ത ചെക് താരം മാർക്കറ്റ വോണ്ടറോസോവയും അവസാന പതിനാറിൽ എത്തി.

ഉക്രൈൻ താരം ലെസിയ സുരെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗ്യുലയും അവസാന പതിനാറിലേക്ക് മുന്നേറി. 6-1, 6-3 എന്ന സ്കോറിന് ആയിരുന്നു പെഗ്യുലയുടെ ജയം. മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് അമേരിക്കൻ താരം ബ്രേക്ക് ചെയ്തു. അതേസമയം പുരുഷ സിംഗിൾസിൽ ഇന്നലെ നിർത്തി വച്ച മത്സരത്തിൽ 21 സീഡ് ഗ്രിഗോർ ദിമിത്രോവ് പത്താം സീഡ് ഫ്രാൻസസ് ടിയെഫോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അവസാന പതിനാറിലേക്ക് മുന്നേറി. 13 ഏസുകൾ ഉതിർത്ത ദിമിത്രോവ് 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-2, 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു ദിമിത്രോവിന്റെ ജയം.

വിംബിൾഡൺ മിക്സഡ് ഡബിൾസിൽ രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്

വിംബിൾഡൺ മിക്സഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, കാനഡയുടെ ഗബ്രിയേല ദാബ്രിവോസ്കി സഖ്യം രണ്ടാം റൗണ്ടിൽ പുറത്ത്. മുൻ വിംബിൾഡൺ ജേതാക്കൾ ആയ ക്രൊയേഷ്യൻ, തായ്‌വാൻ സഖ്യമായ ഇവാൻ ഡോഡിഗ്, ലതീഷ ചാൻ സഖ്യത്തോട് മൂന്നു സെറ്റ് പോരാട്ടത്തിൽ ബോപ്പണ്ണ സഖ്യം പരാജയപ്പെടുക ആയിരുന്നു.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ബോപ്പണ്ണ സഖ്യം ആണ് നേടിയത്. എന്നാൽ രണ്ടാം സെറ്റ് 6-3 നു നേടിയ ഇവാൻ ചാൻ സഖ്യം മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റ് 6-4 നു ജയിച്ച അവർ മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ബോപ്പണ്ണ സഖ്യത്തിന്റെ സർവീസ് നാലു തവണയാണ് എതിരാളികൾ ബ്രേക്ക് ചെയ്‌തത്‌. ഇനി മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ കളിക്കാൻ ഇല്ല.

Exit mobile version