ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നേടി സാം കറന്‍

ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന് ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 32/1 എന്ന നിലയില്‍. 14 ഓവറുകള്‍ കടന്ന് കൂടിയ ടീമിന് ഓപ്പണര്‍ ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായി. 12 റണ്‍സ് നേടിയ താരത്തെ സാം കറന്‍ ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ 16 റണ്‍സുമായി അല്‍സാരി ജോസഫ്-ക്രെയിഗ് ബ്രാത്‍വൈറ്റ് കൂട്ടുകെട്ടാണ് ക്രീസിലുള്ളത്. അല്‍സാരി ജോസഫ് 14 റണ്‍സും ക്രെയിഗ് ബ്രാത്‍വൈറ്റ് 6 റണ്‍സുമാണ് നേടിയിട്ടുള്ളത്.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ഇരട്ട ശതകത്തിനടുത്ത് താരം

ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സിന്റെ ബലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. 120 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ സ്റ്റോക്സ് നേടിയ 260 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.

സിബ്ലേയെയും ഒല്ലി പോപ്പിനെയും പുറത്താക്കി റോസ്ടണ്‍ ചേസ് മത്സരത്തില്‍ വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോക്സ് തന്റെ മിന്നും പ്രകടനം തുടര്‍ന്നു. 172 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന താരത്തിന് കൂട്ടായി 12 റണ്‍സുമായി ജോസ് ബട്‍ലറാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിനായി 4 വിക്കറ്റ് നേടിയത് റോസ്ടണ്‍ ചേസ് ആണ്.

ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. സ്കോര്‍ 29ല്‍ നില്‍ക്കവെയാണ് ഓപ്പണര്‍ റോറി ബേണ്‍സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്ടണ്‍ ചേസ് ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15 റണ്‍സാണ് ബേണ്‍സ് നേടിയത്.

നേരത്തെ മത്സരത്തിലെ ടോസ് ജേസണ്‍ ഹോള്‍ഡര്‍ നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം ലഞ്ച് ഉണ്ടാകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ലഞ്ചിന് മുമ്പത്തെ അവസാനത്തെ ഓവറിലാണ് ഇംഗ്ലണ്ടിന് വിക്കറ്റ് കൈമോശം വന്നത്.

അതെ സമയം ന്യൂബോളില്‍ വലിയ നേട്ടം കൊയ്യുവാന്‍ വിന്‍ഡീസ് പേസര്‍മാര്‍ക്ക് ആയിരുന്നില്ല. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ റോസ്ടണ്‍ ചേസ് ആണ് വിക്കറ്റ് നേടിയത്.

ഗബ്രിയേലിന്റെയും അല്‍സാരി ജോസഫിന്റെയും നാലാം ദിവസത്തെ അവസാന സെഷനിലെ ബൗളിംഗ് പ്രകടനമാണ് മത്സരം മാറ്റിയത്

ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും നാലാം ദിവലത്തെ അവസാന സെഷനില്‍ നടത്തിയ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. ഇവരുവരും ഒപ്പം ചേര്‍ന്ന് എറിഞ്ഞ സ്പെല്ലാണ് നാലാം ദിവസം വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്തിയത്. വളരെ പെട്ടെന്ന് 5 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത്. അതോടെ വിന്‍ഡീസിന് 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം നേടിയാല്‍ മതിയെന്ന സ്ഥിതി വരികയായിരുന്നു.

ആ സെഷനിലെ ഇരുവരുടെയും പ്രകടനം കാണുവാന്‍ ആനന്ദകരമായ കാര്യമാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. പരിക്കില്‍ നിന്ന് തിരികെ എത്തി ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുത്ത ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനം ഏറെ പ്രശംസനീയമാണെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇതെല്ലാം ഇവരുടെ കഠിന പ്രയത്നത്തെയാണ് കാണിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാലാഴ്ചത്തെ പരിശ്രമത്തിന് ലഭിച്ച ഉപഹാരമാണ് ഈ വിജയം – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ഏറെ മഹത്തരമെന്ന് പറഞ്ഞ് വിന്‍ഡീസ കോച്ച് ഫില്‍ സിമ്മണ്‍സ്. കഴിഞ്ഞ് നാല് മുതല്‍ അഞ്ച് ആഴ്ച താരങ്ങള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്ക് എത്തി മികച്ച നിലവാരമുള്ള ടെസ്റ്റ് മത്സരം ആണ് തന്റെ താരങ്ങള്‍ നേടിയതെന്നും ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

അവസാന മണിക്കൂറിലേക്ക് മത്സരം കടന്നപ്പോളും വിജയം ആര്‍ക്ക് വേണമങ്കിലും പിടിയിലൊതുക്കാവുന്ന തരത്തിലായിരുന്നുവെന്നും ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടു. ആ നിലയില്‍ നിന്ന് വിജയം പിടിച്ചെടുത്തത് വിന്‍ഡീസിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും അടുത്ത മത്സരത്തിലും സമാനമായ പ്രകടനം പുറത്തെടുക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടു.

തന്റെ സ്വതസിദ്ധമായ ശൈലിയെ അടക്കി നിര്‍ത്തുവാന്‍ പ്രയാസമില്ലായിരുന്നു

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ജെര്‍മൈന്‍ ബ്ലാക്ക്വുഡ്. താരത്തിന് തന്റെ ശതകം നഷ്ടമായെങ്കിലും ടീമിന്റെ വിജയം ഒരുക്കുന്നതിലെ നിര്‍ണ്ണായക പങ്കാണ് ബ്ലാക്ക്വുഡ് വഹിച്ചത്. 200 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 27/3 എന്ന നിലയില്‍ പ്രതിരോധത്തില്‍ നല്‍ക്കുമ്പോളാണ് 95 റണ്‍സുമായി ബ്ലാക്ക്വുഡ് വിജയ ശില്പിയായത്.

തന്റെ സ്വതസിദ്ധമായ ശൈലിയെ പിടിച്ചുകെട്ടുക എന്നത് ഏറെ പ്രയാസകരമായ കാര്യമല്ലായിരുന്നുവെന്നും താന്‍ ഏറെ കാലമായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ തന്നെ ശ്രദ്ധയോടെ കളിക്കുമെന്ന് താന്‍ തീരുമാനിച്ചിരുന്നതായും താരം വ്യക്തമാക്കി. ശതകം നേടാനാകാതെ പുറത്താകേണ്ടി വന്നതില്‍ ഏറെ ദുഖമുണ്ടെന്നും താരം വ്യക്തമാക്കി.

നൂറോ ഇരുനൂറോ പന്തുകള്‍ താന്‍ നേരിടുകയാണെങ്കില്‍ തനിക്ക് റണ്‍സ് നേടാനാകുമെന്ന് വിശ്വാസം ഉണ്ടായിരുന്നുവെന്നും ജെര്‍മൈന്‍ ബ്ലാക്ക്വുഡ് വ്യക്തമാക്കി.

ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല

ഷാനണ്‍ ഗബ്രിയേല്‍ സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് വ്യക്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജേസണ്‍ ഇത് സ്ഥിരമായി പുറത്തെടുക്കുന്ന പ്രകടനമാണെന്നും താരം പരിക്ക് മാറി തിരികെ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന്റെ ഗുണം ടീമിനു പ്രകടമായി തന്നെ കാണുന്നുണ്ടെന്നും വിജയത്തിന് ശേഷം ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ടീമിന്റെ റിസര്‍വ്വിന്റെ ഭാഗമായിട്ടാണ് ആദ്യം പരമ്പരയ്ക്കായി ഗബ്രിയേലിനെ ഉള്‍പ്പെടുത്തിയത്. പരിശീലന മത്സരത്തില്‍ ഫിറ്റ്നെസ്സ് തെളിയിച്ചതോടെ താരത്തെ അവസാന ഇലവനില്‍ സ്ഥാനം നല്‍കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റില്‍ താരം സജീവമാകുന്നത്.

ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് താരം നേടിയത്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും വിക്കറ്റാണ് താരം നേടിയത്.

ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്, വിജയ ശില്പിയായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്

ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ മനോഹരമായ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. 200 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങി 27 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജെര്‍മൈന്‍ ബ്ലാക്ക്വുഡും റോസ്ടണ്‍ ചേസും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്പാണ് വിന്‍ഡീസ് വിജയത്തിന്റെ അടിത്തറ.

73 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മുന്നോട്ട് നീങ്ങിയ വിന്‍ഡീസിന് വേണ്ടി ചേസ് 37 റണ്‍സ് നേടി. ബ്ലാക്ക്വുഡിനൊപ്പം 20 റണ്‍സുമായി ഷെയിന്‍ ഡോവ്റിച്ചും നിര്‍ണ്ണായക സംഭാവന നടത്തി. വിജയത്തിന് 11 റണ്‍സ് അകലെ തന്റെ ശതകത്തിന് അഞ്ച് റണ്‍സിപ്പുറം ബ്ലാക്ക്വുഡ് പുറത്താകുകയായിരുന്നു.

വിജയ സമയത്ത് നേരത്തെ പരിക്കേറ്റ് റിട്ടയര്‍ ചെയ്ത ജോണ്‍ കാംപെല്ലും(8*) ജേസണ്‍ ഹോള്‍റുമായിരുന്നു(14*) ക്രീസില്‍

റോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 37 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 108/4 എന്ന നിലയിലാണ്. വിജയത്തിനായി 92 റണ്‍സ് കൂടി ടീം നേടേണ്ടതുണ്ട്. 27/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ റോസ്ടണ്‍ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

സ്കോര്‍ നൂറ് റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസിന് കനത്ത തിരിച്ചടി നല്‍കി ജോഫ്ര ചേസിന്റെ വിക്കറ്റ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ കൈവശമുള്ള വിന്‍ഡീസ് ജയം കരസ്ഥമാക്കുമോ അതോ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നേടുവാനാകുമോ എന്നതാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

ജോഫ്രയ്ക്ക് മുന്നില്‍ അടി പതറി വിന്‍ഡീസ്, മൂന്ന് വിക്കറ്റ് നഷ്ടം

തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് മോശം തുടക്കം. ജോഫ്ര ആര്‍ച്ചറുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ പതറിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ജോഫ്ര രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടിയാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഇതിനിടെ ഓപ്പണര്‍ ജോണ്‍ കാംപെല്‍ പരിക്കേറ്റ് പുറത്തായതും വിന്‍ഡീസിന് തിരിച്ചടിയാണ്.

അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ വിന്‍ഡീസ് 35/3 എന്ന നിലയിലാണ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(4), ഷായി ഹോപ്(9), ഷമാര്‍ ബ്രൂക്ക്സ്(0) എന്നിവരുടെ വിക്കറ്റ് ടീമിന് നഷ്ടമായപ്പോള്‍ റോസ്ടണ്‍ ചേസ്(12*) ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(1*) എന്നിവരാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ട് 313 റണ്‍സിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 200 റണ്‍സ്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ വിജയം കുറിക്കുവാന്‍ വിന്‍ഡീസിന് 200 റണ്‍സ്. ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 313 റണ്‍സിന് അവസാനിപ്പിക്കുകയായിരുന്നു വിന്‍ഡീസ്. തലേ ദിവസത്തെ സ്കോറായ 284/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മാര്‍ക്ക് വുഡിനെ ആണ് ആദ്യം നഷ്ടമായത്. ഷാനണ്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്.

ജോഫ്ര ആര്‍ച്ചര്‍ വാലറ്റത്തില്‍ നിന്ന് നേടിയ 23 റണ്‍സാണ് ഇംഗ്ലണ്ടിനെ 300 കടക്കുവാന്‍ സഹായിച്ചത്. ജോഫ്രയെ പുറത്താക്കി തന്റെ ഇന്നിംഗ്സിലെ അഞ്ചാം വിക്കറ്റാണ് ഗബ്രിയേല്‍ നേടിയത്.

മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍

സാക്ക് ക്രോളിയുടെയും ഡൊമിനിക് സിബ്ലേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ശക്തമായ പിന്തുണയില്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികച്ച നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഇതുവരെ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ വിന്‍ഡീസിനെതിരെ 170 റണ്‍സിന്റെ ലീഡാണ് ടീം കൈവശപ്പെടുത്തിയിട്ടുള്ളത്.

റോറി ബേണ്‍സും(42) ഡൊമിനിക് സിബ്ലേയും നല്‍കിയ 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് തുടക്കത്തിന് ശേഷം ജോ ഡെന്‍ലി(29)യെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റും നേടിയത് റോസ്ടണ്‍ ചേസ് ആയിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടി അധികം വൈകുന്നതിന് മുമ്പ് സിബ്ലേയെ പുറത്താക്കി ഷാനണ്‍ ഗബ്രിയേല്‍ ഇംഗ്ലണ്ടിന് മൂന്നാം പ്രഹരം നല്‍കി. 38 റണ്‍സ് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ക്രോളി-സിബ്ലേ കൂട്ടുകെട്ട് നേടിയിരുന്നു.

പിന്നീട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനൊപ്പം സാക്ക് ക്രോളി നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടി ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രോളിയെയും സ്റ്റോക്സിനെയും പുറത്താക്കി വിന്‍ഡീസ് തിരിച്ചടിച്ചത്. ക്രോളി 76 റണ്‍സും ബെന്‍ സ്റ്റോക്സ് 46 റണ്‍സുമാണ് നേടിയത്. സ്റ്റോക്സിനെ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ അല്‍സാരി ജോസഫിനാണ് ക്രോളിയുടെ വിക്കറ്റ്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ്, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 5 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും 1 റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ക്രീസിലുള്ളത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫലം ഏറെക്കുറെ പ്രതീക്ഷിക്കാമെന്ന നിലയിലാണ് കളി എത്തി നില്‍ക്കുന്നത്.

Exit mobile version