സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ഇരട്ട ശതകത്തിനടുത്ത് താരം

ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സിന്റെ ബലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. 120 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ സ്റ്റോക്സ് നേടിയ 260 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.

സിബ്ലേയെയും ഒല്ലി പോപ്പിനെയും പുറത്താക്കി റോസ്ടണ്‍ ചേസ് മത്സരത്തില്‍ വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോക്സ് തന്റെ മിന്നും പ്രകടനം തുടര്‍ന്നു. 172 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന താരത്തിന് കൂട്ടായി 12 റണ്‍സുമായി ജോസ് ബട്‍ലറാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിനായി 4 വിക്കറ്റ് നേടിയത് റോസ്ടണ്‍ ചേസ് ആണ്.

Exit mobile version