രണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 79/1 എന്ന നിലയിലാണ്. റോറി ബേണ്‍സും ഡൊമിനിക് സിബ്ലേയും നേടിയ 72 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. 42 റണ്‍സ് നേടിയ റോറി ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി റോസ്ടണ്‍ ചേസ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 204 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 318 റണ്‍സ് നേടി 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നിട്ടുണ്ട്.

വിന്‍ഡീസിന്റെ കൈയ്യില്‍ ഇപ്പോള്‍ 35 റണ്‍സ് ലീഡ് മാത്രമേയുള്ളു. 31 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയും 1 റണ്‍സുമായി ഡോ ഡെന്‍ലിയുമാണ് ക്രീസില്‍.

മൂന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ കടന്ന് കൂടി ഇംഗ്ലണ്ട്

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് നേടി ഇംഗ്ലണ്ട്. റോറി ബേണ്‍സ് പത്ത് റണ്‍സും ഡൊമിനിക് സിബ്ലേ 5 റണ്‍സും നേടിയാണ് 10 ഓവറുകളെ അതിജീവിച്ചത്. 318 റണ്‍സ് നേടി 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ട് 99 റണ്‍സ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഷെയിന്‍ ഡോവ്‍റിച്ചിന് അര്‍ദ്ധ ശതകം, 318 റണ്‍സിന് ഓള്‍ഔട്ടായി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ വിന്‍ഡീസ് 318 റണ്‍സിന് ഓള്‍ഔട്ട്. 204 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 114 റണ്‍സ് ലീഡ് ടീം നേടിയിട്ടുണ്ട്.

ക്രെയിഗ് ബ്രാത്ത്‍വൈറ്റിന്റെയും(65) ഷെയിന്‍ ഡോവ്റിച്ചിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം റോഷ്ടണ്‍ ചേസ്(47), ഷമാര്‍ ബ്രൂക്ക്സ്(39) എന്നിവരുടെ പ്രകടനങ്ങളാണ് വിന്‍ഡീസിന് കരുത്ത് പകര്‍ന്നത്. ഷെയിന്‍ ഡോവ്റിച്ച് 61 റണ്‍സ് നേടി ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റായി വീണു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ 3 വിക്കറ്റും ഡൊമിനിക് ബെസ്സ് 2 വിക്കറ്റും നേടി. മാര്‍ക്ക് വുഡിന് ഒരു വിക്കറ്റ് ലഭിച്ചു.

വിന്‍ഡീസ് കുതിയ്ക്കുന്നു, ഇംഗ്ലണ്ടിനെ മറികടക്കുവാന്‍ 45 റണ്‍സ് കൂടി

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ മികച്ച നിലയില്‍ വിന്‍ഡീസ്. 57/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന് സ്കോര്‍ 102 റണ്‍സില്‍ നില്‍ക്കവെ ഷായി ഹോപിനെ(16) നഷ്ടമായി. സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സിനാണ് വിക്കറ്റ് ലഭിച്ചത്.

അതിന് ശേഷം ക്രെയിഗ് ബ്രാത്‍വൈറ്റ് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും ബെന്‍ സ്റ്റോക്സിന് വിക്കറ്റ് നല്‍കി മടങ്ങി. ഉച്ച ഭക്ഷണത്തിനി പിരിയുമ്പോള്‍ വിന്‍ഡീസ് 159/3 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 45 റണ്‍സ് കൂടിയാണ് ടീം നേടേണ്ടത്.

27 റണ്‍സുമായി ഷമാര്‍ ബ്രൂക്ക്സും 13 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്. 65 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍.

ജോണ്‍ കാംപെലിനെ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കവുമായി വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ തങ്ങളുടെ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. ഇംഗ്ലണ്ടിനെ 204 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് ഓപ്പണ്‍ ജോണ്‍ കാംപെല്ലിനെ നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുവാന്‍ സന്ദര്‍ശകര്‍ക്കായി.

ഒന്നാം വിക്കറ്റില്‍ ക്രെയിഗ് ബ്രാത്‍വൈറ്റും ജോണ്‍ കാംപെല്ലും ചേര്‍ന്ന് 43 റണ്‍സ് നേടി വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും 28 റണ്‍സ് നേടിയ കാംപെല്ലിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം 57 റണ്‍സില്‍ അവസാനിപ്പിക്കുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചു.

20 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 3 റണ്‍സ് നേടി ഷായി ഹോപുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 26.3 ഓവറുകള്‍ അവശേഷിക്കെ വെളിച്ചക്കുറവ് മൂലമാണ് രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തിയത്. 14 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കരീബിയന്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ വിന്‍ഡീസ് 147 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്

വിന്‍ഡീസിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 106/5 എന്ന നിലയിലാണ്. ഷാനണ്‍ ഗബ്രിയേലും ജേസണ്‍ ഹോള്‍ഡറുമാണ് ഇംഗ്ലണ്ടിന് കനത്ത പ്രഹരങ്ങളേല്പിച്ചത്.

റോറി ബേണ്‍സ്(30), ഡൊമിനിക് സിബ്ലേ(0), ജോ ഡെന്‍ലി(18) എന്നിവരെ ഷാനണ്‍ ഗബ്രിയേല്‍ മടക്കിയയച്ചപ്പോള്‍ സാക്ക് ക്രോളി(10), ഒല്ലി പോപ്(12) എന്നിവരെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ആറാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റോക്സ് 21 റണ്‍സും ജോസ് ബട്ലര്‍ 9 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

ഒന്നാം ദിവസം എറിഞ്ഞത് 17.4 ഓവര്‍, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ്

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ നിരാശാജനകമായ ആദ്യ ദിവസം. മഴ കവര്‍ന്ന ആദ്യ ദിവസത്തില്‍ വെറും 17.4 ഓവര്‍ ആണ് കളി നടന്നത്. മഴ കാരണം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും നഷ്ടമാകുകയും ടോസ് വൈകിയുമാണ് നടന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ഡൊമിനിക്കിനെ ഷാനണ്‍ ഗബ്രിയേല്‍ ആണ് പുറത്താക്കിയത്.

രണ്ട് ഓവറുകള്‍ക്ക് ശേഷം മഴ കളി തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പല തവണ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ആദ്യ ദിവസത്തെ കളി അവസാനിച്ച ഘട്ടത്തില്‍ 17.4 ഓവറില്‍ നിന്ന് ഇംഗ്ലണ്ടിന് 35 റണ്‍സാണ് നേടാനായത്. റോറി ബേണ്‍സ് ജോ ഡെന്‍ലി എന്നിവരാണ് ക്രീസിലുള്ളത്.

ബേണ്‍സ് 20 റണ്‍സും ഡെന്‍ലി 14 റണ്‍സുമാണ് നേടിയിട്ടുള്ളത്.

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

സൗത്താംപ്ടണില്‍ വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. ഇന്നത്തെ ആദ്യ സെഷന്‍ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ നേരത്തെ പുറത്ത് വന്ന വിവരം ശരിവയ്ക്കുന്ന തരത്തില്‍ സ്റ്റുവര്‍ട് ബ്രോഡ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

West Indies (Playing XI): John Campbell, Kraigg Brathwaite, Shamarh Brooks, Shai Hope, Roston Chase, Jermaine Blackwood, Shane Dowrich(w), Jason Holder(c), Alzarri Joseph, Kemar Roach, Shannon Gabriel

England (Playing XI): Rory Burns, Dominic Sibley, Joe Denly, Zak Crawley, Ben Stokes(c), Ollie Pope, Jos Buttler(w), Dominic Bess, Jofra Archer, Mark Wood, James Anderson

ഫിറ്റ്നെസ്സ് തെളിയിച്ച ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച് ഷാനണ്‍ ഗബ്രിയേല്‍. പരിക്ക് മൂലം ഏറെ കാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഷാനണ്‍ ഗബ്രിയേല്‍. ഇത്തവണ കൊറോണ കാരണം വലിയ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരം റിസര്‍വ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് സന്നാഹ മത്സരത്തില്‍ ഫിറ്റ്നെസ്സ് തെളിയിക്കുകയാണെങ്കില്‍ താരത്തെ പ്രധാന സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.

ഇന്റര്‍ സ്ക്വാഡ് മത്സരത്തില്‍ മൂന്ന് ഇന്നിംഗ്സില്‍ നിന്നായി ഷാനണ്‍ ഗബ്രിയേല്‍ 122 റണ്‍സ് വിട്ട് നല്‍കി 8 വിക്കറ്റാണ് നേടിയത്. ഇന്ത്യയ്ക്കെതിരെയുള്ള 2019 സെപ്റ്റംബറിലെ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

കോവിഡ് യോദ്ധാക്കള്‍ക്കുള്ള ഐക്യദാര്‍ഢ്യം, ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പര അറിയുക “റെയിസ് ദി ബാറ്റ്” ടെസ്റ്റ് സീരീസ് ആയി

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയെ വിളിക്കുക #raisethebat ടെസ്റ്റ് സീരീസ് എന്നായിരിക്കുമെന്ന് അറിയിച്ച് ബോര്‍ഡ്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണി ചേര്‍ന്ന മുന്‍ നിര പോരാളികള്‍ക്കുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് ഈ നീക്കം. ജൂലൈ എട്ടിന് ഏജീസ് ബൗളിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

ചില പ്രാദേശിക ക്ലബ്ബുകള്‍ നിര്‍ദ്ദേശിച്ച ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരന്ന ചില ആളുകളുടെ പേരുകള്‍ ഇംഗ്ലണ്ട് തങ്ങളുടെ പരിശീലക ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം പോരാളികള്‍ക്ക് വേണ്ടി തങ്ങളാല്‍ ചെയ്യാവുന്ന ഒരു കാര്യമെന്ന നിലയിലാണ് പരമ്പരയ്ക്ക് ഈ നാം നല്‍കിയതെന്ന് “റെയിസ് ദി ബാറ്റ് ” പരമ്പരയെക്കുറിച്ച് ഇംഗ്ലണ്ട് ചീഫ് ടോം ഹാരിസണ്‍ വ്യക്തമാക്കി.

അഭിമാനത്തോടെയാവും തങ്ങള്‍ അവരുടെ പേര് അണിയുക എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കഷ്ടസമയത്ത് ഒരുമിച്ച് നിന്ന ഇവരുടെ സേവനങ്ങളെ ബഹുമാനിക്കുവാനുള്ള അവസരമാണിതെന്നും ഏവരും അത് വിനിയോഗിക്കുമെന്നും ജോ റൂട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്ന ആഗ്രഹം പണ്ട് മുതലെ ഉണ്ട് – റോഷ്ടണ്‍ ചേസ്

ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്നുള്ള ആഗ്രഹം തനിക്ക് പണ്ട് മുതലെയുണ്ടെന്ന് പറഞ്ഞ് റോഷ്ടണ്‍ ചേസ്. തന്റെ അഞ്ച് ശതകങ്ങളില്‍ ഒരെണ്ണം മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് പുറത്തെങ്കിലും തനിക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ശതകം നേടുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചേസ് വ്യക്തമാക്കി.

വിന്‍ഡീസില്‍ ഇംഗ്ലണ്ടിനെതിരെ താന്‍ ശതകം നേടിയിട്ടുണ്ട്, അതേ സമയം അത് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ ശതകങ്ങള്‍ നേടുമ്പോള്‍ ഒരു ബാറ്റ്സ്മാനെ കൂടുതല്‍ ബഹുമാനത്തോടെ ആളുകള്‍ പരിഗണിക്കുമെന്നും നിങ്ങളുടെ നിലവാരം ഉയര്‍ന്നുവെന്ന് വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് ചേസ് വ്യക്തമാക്കി.

ഒരു ശതകമെങ്കിലും ഇംഗ്ലണ്ടി‍ല്‍ നേടാനായില്ലെങ്കില്‍ തന്റെ പ്രകടനത്തില്‍ താന്‍ സ്വയം സന്തുഷ്ടനാകില്ലെന്നും വിന്‍ഡീസ് താരം വ്യക്തമാക്കി. ബാറ്റ് കൊണ്ട് മികച്ച സീരീസും ആവശ്യത്തിലധികം റണ്‍സ് നേടുകയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ചേസ് സൂചിപ്പിച്ചു.

റണ്‍സ് സ്കോര്‍ ചെയ്താല്‍ വിന്‍ഡീസിന് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാം – ക്രെയിഗ് ബ്രാത്‍വൈറ്റ്

ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ വിന്‍ഡീസ് ആദ്യം ചെയ്യേണ്ടത് റണ്‍സ് സ്കോര്‍ ചെയ്യുകയാണെന്ന് പറഞ്ഞ് ഓപ്പണിംഗ് താരം ക്രെയിഗ് ബ്രാത്‍വൈറ്റ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ തവണ 134, 95 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിനെ ലീഡ്സില്‍ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ അതെല്ലാം ചരിത്രമാണെന്നും അത് മൂന്ന് വര്‍ഷം മുമ്പ് നടന്നതാണെന്നും ഇത്തവണ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ടീം റണ്‍സ് സ്കോര്‍ ചെയ്യണമെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

തന്റെ ഫോം അടുത്തിടെ മോശമായിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ കഴിയുമെന്നും താരം വ്യക്തമാക്കി. ഇത്തവണ ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ തന്നെ തന്നില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി.

ടീം റണ്‍സ് സ്കോര്‍ ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള ബൗളിംഗ് നിര തങ്ങള്‍ക്കുണ്ടെന്നും ബ്രാത്‍വൈറ്റ് വ്യക്തമാക്കി. അച്ചടക്കത്തോടെ ബാറ്റിംഗ് നിര മത്സരത്തെ സമീപിക്കണമെന്നും ബ്രാത്‍വൈറ്റ് സൂചിപ്പിച്ചു.

Exit mobile version