ടോസ് നേടി ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് തിര‍ഞ്ഞെടുത്തു, അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍ ടീമില്‍

മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ്. ടീമില്‍ ഒരു മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍ ടീമില്‍ എത്തുന്നു. പരമ്പരയില്‍ ഇപ്പോള്‍ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം ഓരോ മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുകയാണ്.

അതെ സമയം ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രോളി ടീമിന് പുറത്ത് പോകുകയാണ്. അതിനാല്‍ തന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി. സാം കറനും ടീമില്‍ അവസരമില്ല. പകരം ജോഫ്ര ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്സണും ടീമിലേക്ക് എത്തുന്നു.

റുഥ് സ്ട്രോസ് ഫൗണ്ടേഷന് പിന്തുണ, മൂന്നാം ടെസ്റ്റില്‍ താരങ്ങള്‍ ചുവന്ന തൊപ്പിയണിയും

ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തെ വിളിക്കുന്നത് ദി റുഥ് സ്ട്രോസ് ഫൗണ്ടേഷന്‍ ടെസ്റ്റെന്നാണ്. സര്‍ ആന്‍ഡ്രൂ സ്ട്രോസിന്റെ ഭാര്യയായ റുഥിന്റെ അനുസ്മരണത്തിന് വേണ്ടിയുള്ള ഫൗണ്ടേഷനോടുള്ള പിന്തുണയായി ഇംഗ്ലണ്ടും വിന്‍ഡീസും മൂന്നാം ടെസ്റ്റില്‍ ചുവന്ന തൊപ്പിയണിഞ്ഞാവും അണിനിരക്കുക.

തൊപ്പിയ്ക്ക് കൂടാതെ ലോഗോകളിലും ഷര്‍ട്ടിലും സ്റ്റംപുകളിലും ബൗണ്ടറി ഹോര്‍ഡിംഗുകളിലുമെല്ലാം ചുവപ്പിന്റെ അംശങ്ങള്‍ കാണാനാകും. ക്യാന്‍സര്‍ ബാധിച്ചായിരുന്നു റുഥ് സ്ട്രോസിന്റെ മരണം. അതിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആയിരുന്നു ആന്‍ഡ്രൂ സ്ട്രോസ് ഇത്തരത്തില്‍ ഒരു സന്നദ്ധ സംഘടന രൂപം നല്‍കുന്നത്.

ഇംഗ്ലണ്ട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയിരുന്ന സ്ട്രോസ് തന്റെ ഭാര്യയുടെ അന്ത്യ സമയങ്ങളില്‍ കൂട്ടിരിക്കുവാനായി പദവിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. ഇത്തവണ കാണികള്‍ ഇല്ലാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക പ്രയാസകരമാകുമെന്നാണ് സ്ട്രോസ് പറയുന്നത്.

വിസ്ഡന്‍ ട്രോഫിയ്ക്ക് വിട, ഇനി ഇംഗ്ലണ്ട് വിന്‍ഡീസ് പരമ്പര റിച്ചാര്‍ഡ്സ്-ബോത്തം ട്രോഫിയ്ക്കായി

ഈ വര്‍ഷത്തെ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ശേഷം വിസ്ഡന്‍ ട്രോഫി റിട്ടയര്‍ ചെയ്യിപ്പിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ബോര്‍ഡുകള്‍. ഇനി ടീമുകള്‍ ഏറ്റുമുട്ടുന്നത് റിച്ചാര്‍ഡ്സ്-ബോത്തം ട്രോഫിയ്ക്ക് വേണ്ടിയാകുമെന്നും ഇവര്‍ സംയുക്തമായി തീരുമാനിച്ചു.

1963ല്‍ ആണ് വിസ്ഡന്‍ ട്രോഫി കൊണ്ടുവരുന്നത്. വിഡ്സന്‍ ആല്‍മനാകിന്റെ നൂറാം പതിപ്പ് ആഘോഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ട്രോഫി ഇനി ലോര്‍ഡ്സിലെ എംസിസി മ്യൂസിയത്തില്‍ സൂക്ഷിക്കും. തനിക്കും തന്റെ അടുത്ത സുഹൃത്തായ ഇയാന്‍ ബോത്തമിനും ഇത് വലിയ അംഗീകാരം ആണെന്നാണ് വിവിയിന്‍ റിച്ചാര്‍ഡ്സ് ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

വിസ്ഡന്‍ ട്രോഫി വനന്തിന് ശേഷം ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ 27 പരമ്പരകളാണ് നടന്നിട്ടുള്ളത്. അതില്‍ 14 തവണ പരമ്പര വിജയം സ്വന്തമാക്കിയത് വിന്‍ഡീസ് ആണ്. ഇംഗ്ലണ്ടിന് 9 തവണ ട്രോഫി സ്വന്തമാക്കാനായപ്പോള്‍ 4 തവണ പരമ്പര സമനിലയില്‍ അവസാനിച്ചു.

ഹോപും ബൗളര്‍മാരും മൂന്നാം ടെസ്റ്റില്‍ ഫോമിലാവുമെന്ന് വിശ്വസിക്കുന്നു – ജേസണ്‍ ഹോള്‍ഡര്‍

ഷായി ഹോപും ബൗളര്‍മാരും മാഞ്ചെസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ അവസരത്തിനൊത്തുയരുമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഇവരുടെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി തങ്ങള്‍ക്ക് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. മോശം ഫോമിലാണെങ്കില്‍ ഷായി ഹോപിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ 14 അംഗ ടീമിനെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡര്‍. എന്നാല്‍ തന്റെ അന്തിമ ഇലവന്റെ സൂചനയൊന്നും താരം നല്‍കിയില്ല. മോശം ഫോമിലുള്ള ഷായി ഹോപും തന്റെ പേസര്‍മാരുടെ ഫിറ്റ്നെസ്സ് പ്രശ്നങ്ങളുമാണ് ടീമിനെ അലട്ടുന്ന ഘടകങ്ങളെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഷായി ഹോപിന് എന്തെല്ലാം അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അന്താരാഷ്ട്ര തലത്തില്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ താരമാണ് അദ്ദേഹം. ലോകത്തിലെ ഏകദിനത്തിലെ ഏറ്റവും മികച്ച താരമാണ് ഷായി ഹോപ്. അദ്ദേഹത്തിന് ടെസ്റ്റിലും റണ്‍സ് കൊണ്ടു വരാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

നിരാശ നല്‍കുന്ന ഫലം, മത്സരം സ്വയം കൈവിട്ടത് – ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടിനോട് മാഞ്ചസ്റ്ററില്‍ ഏറ്റ പരാജയം ഏറ്റവും നിരാശ നല്‍കുന്ന ഫലമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ടീം സ്വയം മത്സരം കൈവിടുകയായിരുന്നുവെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് സ്ഥാനത്ത് നിന്ന് പിന്നീട് വിക്കറ്റുകള്‍ കൈവിട്ടതാണ് മത്സരം അടിയറവ് പറയുവാന്‍ കാരണമായി ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടത്.

ഇന്നിംഗ്സ് തീര്‍ച്ചയായും തങ്ങള്‍ക്ക് നാലാം ദിവസം നീട്ടിക്കൊണ്ടു പോകുവാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കിലും ടീം സ്വയം അത് കൈവിടുകയായിരുന്നുവെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ടീം സ്വയം വിഷമ സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

113 റണ്‍സ് വിജയം, പരമ്പരയില്‍ ഒപ്പമെത്തി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരെ മാഞ്ചസ്റ്ററിലെ 113 റണ്‍സ് വിജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തി ഇംഗ്ലണ്ട്. 312 റണ്‍സ് വിജയ ലക്ഷ്യം തേടിയറങ്ങിയ വിന്‍ഡീസ് 70.1 ഓവറില്‍ 198 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 62 റണ്‍സ് നേടി ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 55 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 35 റണ്‍സും നേടി പൊരുതിയെങ്കിലും വിന്‍ഡീസ് ചെറുത്ത്നില്പിന് അധികം ആയുസ്സുണ്ടായില്ല.

സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ക്രിസ് വോക്സ്, ഡൊമിനിക് ബെസ്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്. സാം കറനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

വിജയ പ്രതീക്ഷയില്‍ ഇംഗ്ലണ്ട്, ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി വെസ്റ്റ് ഇന്‍ഡീസ്

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിന്‍ഡീസിന് 312 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ഇംഗ്ലണ്ട് ഇതുവരെ മൂന്ന് വിക്കറ്റാണ് നേടിയട്ടുള്ളത്. 74 ഓവറുകള്‍ അവശേഷിക്കെ ഏഴ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടീമിന് വിജയം ഉറപ്പിക്കാനാകും. അതെ സമയം 74 ഓവറുകള്‍ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്.

സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കിയിരിക്കുന്നത്. ക്രെയിഗ് ബ്രാത്‍വൈറ്റ്(12), ജോണ്‍ കാംപെല്‍(4), ഷായി ഹോപ്(7) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഷമാര്‍ ബ്രൂക്ക്സ്, റോസ്ടണ്‍ ചേസ് എന്നിവരാണ് ക്രീസിലുള്ളത്.

25/3 എന്ന നിലയിലുള്ള വിന്‍ഡീസിന് വിജയത്തിനായി 287 റണ്‍സാണ് നേടേണ്ടത്. മത്സരം സമനിലയിലാക്കി പരമ്പരയിലെ ലീഡ് നിലനിര്‍ത്താനാകുമോ എന്നതാകും വിന്‍ഡീസിന്റെ ലക്ഷ്യം.

സ്റ്റോക്സിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍, വിന്‍ഡീസിന് ജയിക്കുവാന്‍ 312 റണ്‍സ്

മാഞ്ചസ്റ്ററില്‍ വിന്‍ഡീസിന് 312 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഇംഗ്ലണ്ട്. മത്സരത്തിന്റെ അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് വേറിട്ട് നിന്നത്. 36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ സ്റ്റോക്സ് 78 റണ്‍സാണ് നേടിയത്.

19 ഓവറില്‍ 129/3 എന്ന നിലയിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. 12 റണ്‍സ് നേടിയ ഒല്ലി പോപ് ആയിരുന്നു സ്റ്റോക്സിനൊപ്പം ക്രീസിലുണ്ടായിരുന്നത്.

വിന്‍ഡീസ് 287 റണ്‍സിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 37/2 എന്ന നിലയില്‍

ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമായെങ്കിലും നാലാം ദിവസം ആവേശകരമായ കാഴ്ചകളാണ് കണ്ടത്. വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 242/4 എന്ന ശക്തമായ നിലയില്‍ നിന്ന് 287 റണ്‍സിന് ഓള്‍ഔട്ട് ആകുന്നതാണ് കണ്ടത്. സ്റ്റുവര്‍ട് ബ്രോഡും ക്രിസ് വോക്സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസിന്റെ പതനം ഉറപ്പാക്കിയത്.

45 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയിലാണ് വിന്‍ഡീസിന് 6 വിക്കറ്റ് നഷ്ടമാകുന്നത്. അതിനിടയ്ക്ക് ടീം ഫോളോ ഓണിന് വിധേയനാകുമോ എന്ന ഭയവും ഉണ്ടായിരുന്നു. 75 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷമാര്‍ ബ്രൂക്ക്സ് 68 റണ്‍സും റോഷ്ടണ്‍ ചേസ് 51 റണ്‍സും നേടുകയായിരുന്നു.

ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 37/2 എന്ന നിലയിലാണ്. ഓപ്പണിംഗില്‍ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിനെയും ജോസ് ബട്ലറെയും പരീക്ഷിച്ച് സ്കോറിംഗ് വേഗത കൂട്ടുവാനാണ് ശ്രമിച്ചതെങ്കിലും ആദ്യ ഓവറില്‍ തന്നെ ബട്‍ലറുടെ വിക്കറ്റ് ടീമിന് നഷ്ടമായി. കെമര്‍ റോച്ചിനായിരുന്നു വിക്കറ്റ്.

സാക്ക് ക്രോളിയുടെ വിക്കറ്റും റോച്ചിനാണ് ലഭിച്ചത്. താരം 11 റണ്‍സ് നേടി. നാലാം ദിവസം അവസാനിക്കുമ്പോള്‍ 219 റണ്‍സ് ലീഡുമായി നില്‍ക്കുന്ന ഇംഗ്ലണ്ടിനായി 16 റണ്‍സുമായി സ്റ്റോക്സും 8 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് പൊരുതുന്നു, മത്സരം നീങ്ങുന്നത് സമനിലയിലേക്ക്

ഇംഗ്ലണ്ടിന്റെ 469/9 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 178/3 എന്ന നിലയില്‍. മത്സരത്തിന്റെ മൂന്നാം ദിവസം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെട്ടതോടെ മത്സരം ഏറെക്കുറെ സമനിലയില്‍ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. 291 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ പക്കലുള്ളത്.

ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് 65 റണ്‍സും ഷമാര്‍ ബ്രൂക്ക്സ് 34 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 4ാം വിക്കറ്റില്‍ 55 റണ്‍സാണ് ഇരുവരും നേടിയിട്ടുള്ളത്. 32 റണ്‍സ് നേടിയ അല്‍സാരി ജോസഫ്, 25 റണ്‍സ് നേടിയ ഷായി ഹോപ് എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

ഇംഗ്ലണ്ടിനായി സാം കറന്‍ രണ്ടും ഡൊമിനിക്ക് ബെസ്സ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

ഒരൊറ്റ പന്ത് പോലും എറിയാതെ മാഞ്ചസ്റ്ററിലെ മൂന്നാം ദിവസം പാഴായി

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിവസം മഴ കാരണം ഉപേക്ഷിച്ചു. ഒറ്റ പന്ത് പോലും എറിയാനാകാതെ ആണ് മത്സരത്തിന്റെ ഇന്നത്തെ കളി ഉപേക്ഷിക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. മത്സരത്തില്‍ ശക്തമായ നിലയിലുള്ള ഇംഗ്ലണ്ടിന് ആണ് ഇന്നത്തെ സാഹചര്യത്തില്‍ കടുത്ത നിരാശയുണ്ടാകുക. ഇനി രണ്ട് ദിവസം അവശേഷിക്കെ വിന്‍ഡീസിനെ രണ്ട് തവണ ഓള്‍ഔട്ട് ആക്കിയാല്‍ മാത്രമേ ഇംഗ്ലണ്ടിന് പരമ്പര സമനിലയിലാക്കുവാനാകൂ.

വിന്‍ഡീസിനാകട്ടേ ഈ മത്സരം ഇനി വിജയിക്കുവാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 270 റണ്‍സ് നേടി ഫോളോ ഓണ്‍ ഒഴിവാക്കുക എന്നതാവും വിന്‍ഡീസ് ലക്ഷ്യം വയ്ക്കുന്നത്. മത്സരത്തില്‍ സന്ദര്‍ശകര്‍ 14 ഓവര്‍ നേരിട്ട് 32/1 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇനിയുള്ള ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്ററില്‍ മഴ കാരണം ആദ്യ സെഷന്‍ ഉപേക്ഷിച്ചു

മഴ കാരണം മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു. മത്സരത്തില്‍ ഇംഗ്ലണ്ട് 469/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ദിവസം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടപ്പെട്ട് അതിജീവിക്കുകയായിരുന്നു. 32 റണ്‍സാണ് വിന്‍ഡീസ് നേടിയത്.

437 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ് ഇപ്പോളും 14 റണ്‍സുമായി അല്‍സാരി ജോസഫും 6 റണ്‍സ് നേടി ക്രെയിഗ് ബ്രാത്‍വൈറ്റുമാണ് വിന്‍ഡീസിനായി ക്രീസിലുള്ളത്.

Exit mobile version