ചാമ്പ്യന്മാർ പുറത്ത് പോവുമ്പോൾ

2016 വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വർഷം ആയിരുന്നു. ആ കൊല്ലം അവർ അണ്ടർ 19 വേൾഡ് കപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കി. അന്താരാഷ്ട്ര ടീം തങ്ങളുടെ കഴിഞ്ഞകാലത്തിന്റെ നിഴലിൽ പോലും നില്ക്കാൻ യോഗ്യത ഇല്ലാതെ വലയുമ്പോൾ ആയിരുന്നു ഈ രണ്ട് ജയങ്ങളും എന്നത് വെസ്റ്റിൻഡീസ് ടീമിന് ഒരു പുത്തനുണർവ് തന്നെയാകുമെന്നാണ് പലരും കരുതിയത്.

രണ്ട് വർഷങ്ങൾ മുന്നോട്ട്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് മുന്നേ ഉണ്ടായിരുന്നപോലെയോ അതിലും മോശമോ ആയ പ്രകടനങ്ങൾ ഇന്നും തുടരുന്നു. അന്ന് അണ്ടർ 19 ലോകകപ്പ് കളിച്ചതിൽ അൽസാരി ജോസഫ്, ഷിംറോൺ ഹെറ്റ്മയർ എന്നിവർ മാത്രം ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറി. അന്ന് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന പലരുടെയും ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ കരിയർ പച്ചതൊട്ടില്ല. ചിലരൊക്കെ അത് കളിച്ചിട്ട് കൂടെയില്ല.

അന്ന് U19 വേൾഡ് കപ്പ് നേടുമ്പോൾ ഉണ്ടായിരുന്ന കിർസ്റ്റൻ കല്ലിച്ചരൺ സാക്ഷി നിൽക്കുമ്പോൾ തന്നെ വെസ്റ്റിൻഡീസ് 2018 U19 വേൾഡ് കപ്പ് നിന്നും പുറത്ത് പോയിരിക്കുന്നു. ചാമ്പ്യൻമാരിൽ നിന്നും ഫസ്റ്റ് റൗണ്ടിലെ പുറത്താകൽ.

എൺപതുകളിലും തൊണ്ണൂറകളിലും കളിച്ചിരുന്ന ടീമിൽ നിന്നും ഏറെ മാറിയിരുന്നു 2000ന്റെ തുടക്കത്തിൽ കളിച്ച ടീം. പിന്നെയുണ്ടായിരുന്ന ലാറ, സർവാൻ, ചന്ദർപോൾ പോലുള്ളവർ ടീമിനെ വലിയ നാണക്കേട് ഒന്നുമില്ലാതെ കുറച്ച് നാൾ കൊണ്ടുനടന്നു. പിന്നെ പതിയെ എല്ലാം കീഴ്പോട്ട് പോകാൻ ആരംഭിച്ചു. ഗെയ്ൽ, ഡ്വെയ്ൻ ബ്രാവോ ഒക്കെ പ്രധാന താരങ്ങൾ ആയിരുന്നു ഒരു സമയത്ത്. എന്നാൽ ടി20യും, ലീഗുകളും ആരംഭിച്ചപ്പോൾ അവരൊക്കെ അതിലെ കേമന്മാർ ആയിമാറി. ആ സമയത്തെ വെസ്റ്റിൻഡീസ് ടീം കുറെ സൂപ്പർസ്റ്റാറുകൾ ഉള്ള ഒരു കൂട്ടം അണ്ടർ പെർഫോർമേഴ്സ് മാത്രമായി മാറി.

ഇന്നത്തെ ടീമിന്റെ അവസ്ഥ പരിതാപകരമാണ്. സ്ഥിരതയുള്ളവർ എന്ന് പറയാൻ വിരലിൽ എണ്ണാൻ പറ്റുന്നവർ പോലും ഇല്ല. ഒരു എവിൻ ലൂയിസും, ഡാരൻ ബ്രാവോയും മാത്രം വിചാരിച്ചിട്ട് എന്താവാൻ.

അണ്ടർ 19 വേൾഡ് കപ്പ് രണ്ട് കൊല്ലം മുന്നേ നൽകിയ ആ പ്രതീക്ഷയുടെ പുത്തൻ നാമ്പ് മുതലെടുക്കാൻ കഴിയുന്നതിന് മുമ്പേ തന്നെ ഇൗ വേൾഡ് കപ്പിൽ ഒന്നുമാകാതെ മടക്കം.

വെസ്റ്റിൻഡീസിന്റെ വഴി പിന്തുടരുന്ന ശ്രീലങ്കയുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്ന് വരെ എന്നറിയാതെ പ്രവർത്തിക്കുന്ന രണ്ടു യന്ത്രങ്ങളെ പോലെ ഇൗ ടീമുകൾ തോൽവി വാരിക്കൂട്ടുന്നു. ഇനിയൊരു മടങ്ങിവരവ് അസാധ്യമല്ല. പക്ഷേ അത് എവിടെ നിന്നും വരും?

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെനിയയെ 96നു പുറത്താക്കി നിലവിലെ ചാമ്പ്യന്മാര്‍മാക്ക് ആശ്വാസ ജയം

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം. ഗ്രൂപ്പ് എയില്‍ കെനിയയെ 222 റണ്‍സിനു പരാജയപ്പെടുത്തിയാണ് വെസ്റ്റിന്‍ഡീസ് തങ്ങളുടെ ആദ്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് അലിക് അതാനസേ(116*), കിമാനി മെലിയുസ്(60), യീം യംഗ്(57) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 319/7 എന്ന സ്കോര്‍ നേടുകയായിരുന്നു. കെനിയയ്ക്കായി അവീത് ദേശായി മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയെ ഭാസ്കര്‍ യാദ്രാം(5), ജെവോര്‍ റോയല്‍(4) എന്നിവരുടെ ബൗളിംഗ് മികവില്‍ വെസ്റ്റിന്‍ഡീസ് 96 റണ്‍സിനു പുറത്താക്കി. വെറും 24.4 ഓവര്‍ മാത്രമാണ് കെനിയന്‍ ബാറ്റിംഗിനു പിടിച്ച് നില്‍ക്കാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദത്തില്‍ പതറാതെ ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ പുറത്ത്

ഏറെ വിവാദമായ ക്രിക്കറ്റിനു കളങ്കമെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഭവത്തിനു ശേഷം പതറാതെ മുന്നോട്ട് നീങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റിനു 282 റണ്‍സ് നേടുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ജീവേശന്‍ പിള്ളെയെ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന നിയമം പറഞ്ഞ് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 77/3 എന്ന നിലയിലായിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിലനില്‍ക്കുവാന്‍ ഏത് രീതിയിലും ജയം അനിവാര്യമായിരുന്നതിനാലാവും വെസ്റ്റിന്‍ഡീസ് ഇത്തരം നടപടികള്‍ക്ക് മുതിര്‍ന്നത്.

പിന്നീട് 112/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന് വാന്‍ഡിലേ മാക്വേടുവിന്റെയും വാലറ്റത്തില്‍ ഒട്ടനവധി താരങ്ങളുടെ ചെറു സംഭാവനകളുടെയും ബലത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു. പത്ത് പന്ത്രണ്ട് പന്തില്‍ നിന്ന് 20ലധികം റണ്‍സ് നേടിയ ഒന്ന് രണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റക്കാരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ സംഘത്തിനെ 45.3 ഓവറില്‍ 206 റണ്‍സിനു ഓള്‍ഔട്ട് ആക്കുമ്പോള്‍ 76 റണ്‍സിന്റെ വിജയം മാത്രമല്ല ന്യായത്തിന്റെ വിജയം കൂടിയാണ് ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തമാക്കിയത്. 76 റണ്‍സ് നേടിയ അലിക് അതനാസേ ആണ് വെസ്റ്റിന്‍ഡീസിനായി ടോപ് സ്കോറര്‍ ആയത്. കിര്‍സ്റ്റന്‍ കാലിചരന്‍ 44 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ഹെര്‍മ്മന്‍ റോള്‍ഫെസ് 4 വിക്കറ്റ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ, ജേഡ് ഡി ക്ലെര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇരുവരും തന്നെയായിരുന്നു ബാറ്റിംഗില്‍ ചെറു സംഭാവനകളാല്‍ ശ്രദ്ധേയമായ പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ച് വാന്‍ഡിലെ മാക്വേടുവിനു പിന്തുണ നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിക്കറ്റ് ലോകം ലജ്ജിച്ചു, “നിയമപ്രകാരമുള്ള” ഈ പുറത്താക്കലില്‍

ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന് കാണിച്ച് ദക്ഷിണാഫ്രിക്കയുടെ ജീവേശന്‍ പിള്ളയെ പുറത്താക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം തലകുനിക്കുകയായിരുന്നു. നിയമ പുസ്തകത്തില്‍ വരച്ചിട്ടുള്ളതാണെങ്കിലും ക്രിക്കറ്റിന്റെ സ്പിരിറ്റിനു വിരുദ്ധമായിരുന്നു ആ തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. തിരികെ കീപ്പര്‍ക്ക് പന്ത് കൈ കൊണ്ടെടുത്ത് കൊടുത്തതിനു താരത്തെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ നിയമപ്രകാരം വിധിക്കുമ്പോളും തീരുമാനം അമ്പയര്‍മാരിലേക്ക് എത്തിച്ചതിനു വെസ്റ്റിന്‍ഡീസിനു മാന്യത കൈവിട്ട കൂട്ടര്‍ എന്ന പേര് ചാര്‍ത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

ഷോട്ട് കളിക്കാന്‍ ശ്രമിച്ച പിള്ളെയുടെ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ പന്ത് വിക്കറ്റിനടുത്തേക്ക് നീങ്ങുന്നു. പന്തിന്റെ ചലനം നിലച്ച ശേഷം പന്ത് കൈകൊണ്ടെടുത്ത് തിരികെ കീപ്പര്‍ക്ക് നല്‍കുമ്പോള്‍ ജീവേശന്‍ പിള്ള ഒരിക്കലും ഇത്തരമൊരു പുറത്താകല്‍ ചിന്തിച്ച് കാണില്ല. കീപ്പറിന്റെ അപ്പീലിംഗില്‍ അമ്പയര്‍മാര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു നല്‍കുന്നു. പിന്നീട് എല്ലാം ചരിത്രം മാത്രം. ക്രിക്കറ്റിലെ നിയമ പുസ്തകത്തിലെ നിയമം 37.4 പ്രകാരം ജീവേശന്‍ പിള്ള ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചതിനു പുറത്താക്കപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അനായാസ ജയവുമായി ആതിഥേയര്‍, വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റ് ജയം

U-19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ദിവസത്തെ നാലാം മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. വെസ്റ്റിന്‍ഡീസിന്റെ 233 റണ്‍സ് 63 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്. രണ്ടാം വിക്കറ്റില്‍ 163 റണ്‍സ് കൂട്ടുകെട്ട് നേടി ജേകബ് ഭൂല-ഫിന്‍ അലന്‍ കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. ഫിന്‍ അലന്‍ 115 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജേകബ് 83 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനു ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 27.2 ഓവറില്‍ 123 റണ്‍സ് നേടിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സേ അവര്‍ക്ക് നേടാനായുള്ളു. ഓപ്പണര്‍ കീഗന്‍ സിമ്മണ്‍സ് 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കിമാനി മെലിയസ് 78 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി രചിന്‍ രവീന്ദ്ര, മാത്യൂ ഫിഷര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും ഫെലിക്സ് മുറേ 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം കുടിപ്പിച്ചത്. മണ്‍റോയുടെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 243 റണ്‍സ് നേടുകയായിരുന്നു.

10 സിക്സും 3 ബൗണ്ടറിയും സഹിതം 53 പന്തില്‍ നിന്നാണ് 104 റണ്‍സ് മണ്‍റോ നേടിയത്. 5 ബൗണ്ടറിയും 2 സിക്സും സഹിതം 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗുപ്ടിലും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് നേടിയത്. 20ാം ഓവറിന്റെ ആദ്യ പന്തിലാണ് മണ്‍റോ പുറത്തായത്. ടോം ബ്രൂസ്(23), കെയിന്‍ വില്യംസണ്‍(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബേ ഓവലില്‍ മാനം രക്ഷിക്കാനായി വെസ്റ്റിന്‍ഡീസ്, ലക്ഷ്യം ആദ്യ ജയം

ബേ ഓവലില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റും ഏകദിനങ്ങളും തോറ്റ വെസ്റ്റിന്‍ഡീസിനു ടി20 പരമ്പര സമനിലയിലാക്കുവാനുള്ള അവസരമാണ് ഇന്നത്തേത്. പുതുവര്‍ഷ ദിവസം നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സെത്ത് റാന്‍സിനു പകരം ട്രെന്റ് ബൗള്‍ട്ട് ന്യൂസിലാണ്ട് ഇലവനില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്പ്സ്, ടോം ബ്രൂസ്, അനാരു കിച്ചന്‍, മിച്ചല്‍ സാന്റനര്‍, ഡഗ് ബ്രേസ്‍വെല്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്

വെസ്റ്റിന്‍ഡീസ്: ചാഡ്വിക് വാള്‍ട്ടണ്‍, ക്രിസ് ഗെയില്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, റോവമന്‍ പവല്‍, ആഷ്‍ലി നഴ്സ്, റയാദ് എമ്രിറ്റ്, ജെറോം ടെയിലര്‍, സാമുവല്‍ ബദ്രീ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ടി20 ഉപേക്ഷിച്ചു

കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിനു ശേഷം മത്സരത്തിലേക്ക് തിരികെ വരുകയായിരുന്ന വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്കുമേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ ന്യൂസിലാണ്ട് – വെസ്റ്റീന്‍ഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഉപേക്ഷിച്ചു. മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ന്യൂസിലാണ്ട് 9 ഓവറില്‍ 102/4 എന്ന നിലയിലായിരുന്നു. കെയിന്‍ വില്യംസണ്‍(17*), അനാരു കിച്ചന്‍(1*) എന്നിവരായിരുന്നു ക്രീസില്‍.

നേരത്തെ കോളിന്‍ മണ്‍റോ 23 പന്തില്‍ നേടിയ 66 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലാണ്ട് തകര്‍പ്പന്‍ തുടക്കമാണ് നേടിയത്. 78/1 എന്ന നിലയില്‍ നിന്ന് 97/4 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഏറെ വൈകാതെ മഴ വില്ലനായി എത്തി. ഷെള്‍ഡണ്‍ കോട്രെല്‍, സാമുവല്‍ ബദ്രീ, കെസ്രിക് വില്യംസ്, ആഷ്‍ലി നഴ്സ് എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version