2030 കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും


2030-ലെ നൂറാം വാർഷിക കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2010-ൽ ഡൽഹിയിൽ ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു ആഗോള കായിക മത്സരമാണിത്. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ തീരുമാനം അംഗീകരിച്ചു.


അഹമ്മദാബാദിൽ നടക്കുന്ന 2030 കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സ്, നീന്തൽ, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ്, ബോക്സിംഗ്, ക്രിക്കറ്റ് ടി20, ബാഡ്മിന്റൺ, ഹോക്കി എന്നിവ ഉൾപ്പെടെ 15 മുതൽ 17 വരെ കായിക ഇനങ്ങളാകും ഉണ്ടാകുക. 2028-ലോ 2029-ന്റെ തുടക്കത്തിലോ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊന്നണിയുന്ന താരങ്ങളും, ഇന്ത്യൻ കായിക സംസ്കാരവും

2022 ലെ കോമണ് വെൽത്ത് ഗെയിംസിന് ഇന്നലെ തിരശീല വീണു. ബമിംഹാമിൽ വച്ച് നടന്ന ഇത്തവണത്തെ ഈ കായിക മാമാങ്കം ഇന്ത്യൻ ജനതക്ക് വലിയ ആഹ്ലാദമാണ് നൽകിയത്.

ട്രാക്ക് ആൻഡ് ഫീൽഡിൽ, സ്റ്റീപ്പിൾ ചേസിൽ നൈജീരിയ കഴിഞ്ഞ 6 ഗെയിംസിൽ നിലനിർത്തി പോന്ന കുത്തക ഇന്ത്യയുടെ അവിനാശ് സാബ്‌ളെ പൊളിച്ചതും, ട്രിപ്പിൾ ജമ്പിൽ കേരളത്തിൽ നിന്നുള്ള എൽദോസും അബ്ദുള്ളയും നേടിയ മെഡലുകളും, ജാവലിനിൽ അന്നു റാണി നേടിയ മെഡലും വലിയ ആവേശമായി.

ബോക്സിങ്, ഗുസ്തി, ഭാരോദ്വഹനം, ടേബിൾ ടെന്നീസ്, ബാഡ്മിന്റൻ തുടങ്ങിയ കായിക വിഭാഗങ്ങൾ ഇന്ത്യൻ കളിക്കാർ അടക്കിവാണു എന്നു പറയേണ്ടിയിരിക്കുന്നു. ഹോക്കിയിലും, ക്രിക്കറ്റിലും മെഡലുകൾ നേടിയെങ്കിലും, അവസാന നിമിഷങ്ങളിൽ ഏറ്റ തിരിച്ചടികൾ താൽക്കാലികമാണെന്നു ആശ്വസിക്കാം.

മൊത്തം 61 മെഡലൽ നേടിയ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചത് വലിയ കാര്യം തന്നെ. മെഡലുകളുടെ എണ്ണത്തിൽ ഇതിലും കൂടുതൽ മെഡലുകൾ നേടിയ വർഷങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷെ ഇത്തവണ വിജയിച്ച മേഖലകളിൽ നേടിയ ആധിപത്യം വലുതാണ്.

മെഡൽ നേടുന്ന കളിക്കാരേയും അവരുടെ കുടുംബങ്ങളെയും പത്രക്കാരും ചാനലുകാരും പൊതിയുമ്പോൾ, അവരുടെ ആഹ്ലാദം നമ്മളിലേക്കും പടരുന്നു. ഓരോ കളിക്കാരന്റെ കഥയിലും ദൃഢനിശ്ചയത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, ത്യാഗത്തിന്റെയും ഏടുകൾ ഒരുപാട് പറയാനുണ്ടാകും. അവ കേട്ട് നമ്മൾ ഈ ആഹ്ലാദ നിമിഷങ്ങളിൽ കണ്ണീരണിയും.

ഭൂരിഭാഗം കളിക്കാരുടെയും കഥകളിൽ കുടുംബത്തിൻ്റെ ദാരിദ്ര്യവും കഷ്ടപ്പാടും കടന്നു വരുന്നത് കാണാം. ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിയാൻ മോഹവുമായി ഈ കളിക്കാർ അധികാരികളുടെ പടിക്കൽ വരി നിൽക്കേണ്ടി വരുന്നതും, അപമാനങ്ങൾ ഏറ്റ് വണ്ടേണ്ടി വരുന്നതുമായ കഥകൾ നാം കേൾക്കാറുണ്ട്. പരിശീലനത്തിന്, താമസത്തിന്, ഭക്ഷണത്തിന് ഇവയ്ക്കെല്ലാം വേണ്ട സൗകര്യങ്ങൾക്ക് വേണ്ടി കളിക്കാർ കെഞ്ചുന്ന കാഴ്ചകളാണ് ഇന്നും പതിവ്‌. ഇത്രയെല്ലാം ബുദ്ധിമുട്ടി രാജ്യത്തിന് വേണ്ടി മെഡൽ നേടുന്ന കയികതാരങ്ങളെ നമിക്കുകയാണ് വേണ്ടത്.

എന്തു കൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിലും നമ്മുടെ രാജ്യത്ത് കളിക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്? രാജ്യത്തിന് മറ്റേത് മേഖലയേക്കാളും കൂടുതലായി യശസ്സ് നൽകിയ കായികതാരങ്ങളെ നമ്മൾ എന്തു കൊണ്ട് മൂന്നാംകിട പൗരന്മാരായി കണക്കാക്കുന്നു? രാജ്യത്തെ സ്പോർട്സ് നയങ്ങളിൽ കാതലായ മാറ്റം വരുത്തുന്നതിന് മുൻപ് കായിക താരങ്ങളോടുള്ള ജനങ്ങളുടെയും ഭരണകൂടത്തിന്റെയും സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു.

സ്പോർട്സ് മേഖലയിൽ ഒരു കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കിയെടുത്ത്, പഞ്ചായത്ത് തലത്തിൽ നിന്ന് തന്നെ നിക്ഷേപങ്ങൾ നടത്തി തുടങ്ങണം. സ്‌കൂളുകളിൽ ക്ലാസ്സ്‌റൂമുകൾ മാത്രം മതി എന്ന പഴഞ്ചൻ ചിന്താഗതി മാറ്റണം. ഗ്രാസ്സ്‌റൂട് സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുത്താൽ ഇന്നുള്ള നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് എത്താൻ അധികം സമയം വേണ്ട. നമ്മുടെ കായിക താരങ്ങൾ അതിന് തയ്യാറാണ്, രാജ്യം അതിന് തായ്യാറാണോ എന്ന് ഗൗരവത്തോടെ ചിന്തിക്കണം.

Story Highlight: Article on Commonwealth Games 2022

കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് ഇല്ലാതിരുന്നിട്ടും വിസ്മയിപ്പിക്കുന്ന പ്രകടനവും ആയി ഇന്ത്യ നാലാമത്

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഷൂട്ടിങും എന്നും മികവ് കാട്ടുന്ന അമ്പയ്ത്തും ഈ വർഷം ഇല്ലായിരുന്നിട്ടും വിസ്മയിപ്പിക്കുന്ന പ്രകടനം ബിർമിങ്ഹാമിൽ പുറത്തെടുത്തു ഇന്ത്യ. 2021 ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ് മത്സരങ്ങൾ കോവിഡ് കാരണം റദ്ദാക്കുക ആയിരുന്നു. ഈ നേട്ടങ്ങൾ മെഡൽ പട്ടികയിൽ പിന്നീട് ഉൾപ്പെടുത്താൻ ആയിരുന്നു തീരുമാനം എന്നാൽ കോവിഡ് ഇതിനു വിലങ്ങു തടിയായി. 2018 ൽ ഗോൾഡ് കോസ്റ്റിൽ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും അടക്കം 66 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആണ് എത്തിയത്. ഇതിൽ 7 സ്വർണം അടക്കം 16 മെഡലുകൾ ആണ് ഇന്ത്യ ഷൂട്ടിങിൽ മാത്രം നേടിയത്. അവിടെയാണ് നിലവിൽ ഷൂട്ടിങ് ഇല്ലാതിരുന്നിട്ടും 22 സ്വർണം അടക്കം 61 മെഡലുകൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്.

അതിനാൽ തന്നെ ഇത്തവണ നാലാം സ്ഥാനത്ത് ആയെങ്കിലും ഇന്ത്യൻ നേട്ടത്തിന്റെ മാറ്റ് കൂടുതൽ തന്നെയാണ്. ഇതിനു പുറമെ ജാവലിൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ അഭാവവും ഇന്ത്യക്ക് വിനയായി. 61 മെഡലുകളിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഇന്ത്യ ഇത്തവണ നേടി. പരമ്പരാഗത കരുത്ത് ആയ ഗുസ്തിയിൽ 6 സ്വർണം അടക്കം 12 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. മത്സരിച്ച എല്ലാ വിഭാഗത്തിലും ഗുസ്തിയിൽ ഇന്ത്യൻ ടീം മെഡൽ കണ്ടത്തി. ഇന്ത്യയുടെ എന്നത്തേയും കരുത്ത് ആയ ദാരോദ്വഹനത്തിൽ 10 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. 3 സ്വർണം ദാരോദ്വഹനത്തിൽ ഇന്ത്യ നേടി. ഗോൾഡ് കോസ്റ്റിൽ നിന്നും മികവിലേക്ക് ഉയർന്നു ഇന്ത്യൻ താരങ്ങൾ ഈ രണ്ടു ഇനങ്ങളിലും. 3 സ്വർണം അടക്കം 7 മെഡലുകൾ ഇന്ത്യ തങ്ങളുടെ പ്രധാന ശക്തിയായ ബോക്‌സിങിലും കരസ്ഥമാക്കി.

ബാഡ്മിന്റണിൽ ലഭ്യമായ 8 മെഡലുകളിൽ ആറു എണ്ണവും ഇന്ത്യൻ താരങ്ങൾ നേടി നൽകി. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സ്വർണം നേടിയപ്പോൾ വനിത സിംഗിൾസിൽ പി.വി.സിന്ധുവും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. പുരുഷ ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും നേടി. പുരുഷ സിംഗിൾസിൽ കിഡമ്പി ശ്രീകാന്ത് വെങ്കലം നേടിയപ്പോൾ വനിത ഡബിൽസിലും ഇന്ത്യൻ താരങ്ങൾ വെങ്കലം നേടി. ലോൺ ബോളിൽ ചരിത്രത്തിൽ ആദ്യമായി വനിത ടീം സ്വർണം സമ്മാനിച്ചപ്പോൾ പുരുഷ ടീം വെള്ളി നേടി. ജൂഡോയിലും സ്ക്വാഷിലും രണ്ടു മെഡലുകൾ വന്നപ്പോൾ വനിത ക്രിക്കറ്റ് ടീം വെള്ളിയും വനിത ഹോക്കി ടീം വെങ്കലവും പുരുഷ ഹോക്കി ടീം വെള്ളിയും ഇന്ത്യക്ക് സമ്മാനിച്ചു. ഓസ്‌ട്രേലിയയോട് നിർഭാഗ്യം കൊണ്ടാണ് വനിത ക്രിക്കറ്റ്, ഹോക്കി എന്നിവയിൽ ഇന്ത്യൻ ടീം ഫൈനലിലും സെമിയിലും തോറ്റത്. 3 സ്വർണം അടക്കം 5 മെഡലുകൾ ആണ് ഇന്ത്യ ടേബിൾ ടെന്നീസിൽ നിന്നു നേടിയത്. ഇതിൽ വ്യക്തിഗത സ്വർണം അടക്കം 3 സുവർണ നേട്ടത്തിലും ഒരു വെള്ളി നേട്ടത്തിലും 40 കാരനായ ഇന്ത്യൻ ഇതിഹാസം ശരത് കമാൽ ഭാഗമായി.

നീരജ് കൊളുത്തിയ തീ അത്‌ലറ്റിക്സിൽ ഇന്ത്യൻ താരങ്ങളിൽ മൊത്തം പടരുന്നത് ആണ് അത്ലറ്റിക്സിൽ കാണാൻ ആയത്. 8 മെഡലുകൾ ആണ് ഇന്ത്യൻ അത്ലെറ്റുകൾ ട്രാക്കിൽ നിന്നു നേടിയത്. പുരുഷ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ അത്ലറ്റിക്സിൽ സ്വർണവും ഇന്ത്യക്ക് സമ്മാനിച്ചു. ഈ ഇനത്തിൽ തന്നെ മറ്റൊരു മലയാളി താരം അബ്ദുള്ള അബൂബക്കർ വെള്ളി നേടിയപ്പോൾ കേരളത്തിന്റെ ആകെ അഭിമാന നിമിഷം ആയി അത്. കോമൺവെൽത്ത് ഗെയിംസിലെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കെനിയൻ ആധിപത്യം ഒറ്റക്ക് വെല്ലുവിളിച്ച അവിനാഷ് സേബിൾ ഇന്ത്യക്ക് സ്വർണം പോലൊരു വെള്ളിയാണ് സമ്മാനിച്ചത്. വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടിയപ്പോൾ പുരുഷ ലോങ് ജംപിൽ വെറും മില്ലി മീറ്ററുകളുടെ വ്യത്യാസത്തിൽ ആണ് മലയാളി താരം മുരളി ശ്രീശങ്കറിന് സ്വർണം നഷ്ടമായത്. പുരുഷ ഹൈജംപിൽ തേജ്വസിൻ ശങ്കറും, വനിത ജാവലിൻ ത്രോയിൽ അനു റാണിയും, പുരുഷന്മാരുടെ 10,000 മീറ്റർ നടത്തത്തിൽ സന്ദീപ് കുമാറും ആണ് ഇന്ത്യക്ക് അത്ലറ്റിക്സിൽ വെങ്കലം സമ്മാനിച്ചത്. ഇന്ത്യൻ അത്ലറ്റിക്സിന്റെ ഭാവി ശരിയായ പാതയിൽ ആണെന്ന് കോമൺവെൽത്ത് ഗെയിംസ് അടിവരയിട്ടു പറഞ്ഞു.

ഇതിനു പുറമെ പാര പവർ ലിഫ്റ്റിങ്, പാര ടേബിൾ ടെന്നീസ് എന്നിവയിലും ഇന്ത്യൻ താരങ്ങൾ മെഡൽ നേടി. പാര പവർ ലിഫ്റ്റിങ് ഹെവി വെയിറ്റിൽ സുധീർ സ്വർണം നേടിയപ്പോൾ വനിത ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ സ്വർണവും സോനൽ ബെൻ പട്ടേൽ വെങ്കലവും നേടി. ഷൂട്ടിങ് ഇല്ലാതെ ഇന്ത്യൻ ടീം പ്രകടനം എങ്ങനെ ആവും എന്നു ഉറ്റു നോക്കിയ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രകടനം ആണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ പുറത്ത് എടുത്തത്. ഗുസ്തി, ദാരോദ്വഹനം, ബോക്സിങ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിൽ ഇന്ത്യ കരുത്ത് നിലനിർത്തിയപ്പോൾ അത്ലറ്റിക്സിൽ നീരജ് ചോപ്രക്ക് ശേഷം ഇന്ത്യ ഉണർന്നു എന്ന സൂചന തന്നെയാണ് ഇംഗ്ലണ്ടിൽ നിന്നു ലഭിക്കുന്നത്. 67 സ്വർണ മെഡലുകൾ അടക്കം 178 മെഡലുകളും ആയി ഓസ്‌ട്രേലിയ എന്നത്തേയും പോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 57 സ്വർണ മെഡലുകൾ അടക്കം 176 മെഡലുകൾ നേടിയ ഇംഗ്ലണ്ട് രണ്ടാമത് എത്തി. 26 സ്വർണ മെഡലുകൾ അടക്കം 92 മെഡലുകൾ നേടിയ കാനഡ ആണ് മെഡൽ പട്ടികയിൽ ഇന്ത്യക്ക് മുകളിൽ മൂന്നാം സ്ഥാനത്ത്. സംശയം ഇല്ലാതെ ഇന്ത്യൻ സ്പോർട്സ് മുന്നോട്ട് തന്നെയാണ് പോകുന്നത് എന്നാണ് ഈ കോമൺവെൽത്ത് ഗെയിംസ് അടിവരയിട്ടു പറയുന്നത്.

സഹോദരൻ അർഷദ് നദീമിനു അഭിനന്ദനങ്ങൾ, അർഷദ് നദീമിനെ അഭിനന്ദിച്ചു നീരജ് ചോപ്ര

കോമൺവെൽത്ത് ഗെയിംസിൽ 90 മീറ്റർ എറിഞ്ഞു പുതിയ റെക്കോർഡ് സൃഷ്ടിച്ചു സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷദ് നദീമിനു അഭിനന്ദനങ്ങളും ആയി ഇന്ത്യൻ താരം നീരജ് ചോപ്ര. പുതിയ റെക്കോർഡിനും സ്വർണ മെഡലിനും അഭിനന്ദനങ്ങൾ സഹോദരൻ അർഷദ് നദീമിന്, വരുന്ന മത്സരങ്ങൾക്ക് ആശംസകൾ എന്നാണ് നീരജ് ഇൻസ്റ്റഗ്രാമിൽ അർഷദിന്റെ പോസ്റ്റിന്റെ അടിയിൽ കുറിച്ചത്.

ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. എന്നാൽ അതിനു ശേഷം പരിക്ക് കാരണം നീരജ് കോമൺവെൽത്ത് ഗെയിംസിൽ നിന്നു പിന്മാറുക ആയിരുന്നു. നീരജ് ജയിച്ച രണ്ടു തവണയും ഒരു മെഡൽ നേടാനും നദീമിനു ആയിരുന്നില്ല. 90.18 മീറ്റർ എറിഞ്ഞ അർഷദ് നദീം ഈ വർഷം 90 മീറ്റർ താണ്ടുന്ന മൂന്നാമത്തെ താരമാണ്. പരിക്കിൽ നിന്നു ഉടൻ നീരജ് തിരിച്ചെത്തും എന്നാണ് സൂചന.

ഹോക്കിയിൽ ഇന്ത്യ നിഷ്പ്രഭം, ഇന്ത്യന്‍ വല നിറയെ ഗോളുകളുമായി ഓസ്ട്രേലിയയ്ക്ക് സ്വര്‍ണ്ണം, ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ ഫൈനലില്‍ നിരാശയായി ഇന്ത്യയുടെ പ്രകടനം. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോൽവി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ഇന്ത്യ അഞ്ച് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകള്‍ കൂടി നേടി ഓസ്ട്രേലിയ സ്വര്‍ണ്ണമുറപ്പാക്കി. ഓസ്ട്രേലിയയ്ക്കായി നഥാന്‍ എഫ്രാമസും ജേക്കബ് ആന്‍ഡേഴ്സണും 2 വീതം ഗോളുകള്‍ നേടിയപ്പോള്‍ ടോം വിക്ക്ഹാം, ബ്ലേക്ക് ഗ്ലോവേഴ്സ്, ഫ്ലിന്‍ ഒഗിലിവ് എന്നിവര്‍ ഗോള്‍ പട്ടിക തികച്ചു.

ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം നേടി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം നേടി ഇന്ത്യൻ സഖ്യമായ സ്വാതിക് സായിരാജ് റാൺകി റെഡി, ചിരാഗ് റെഡി സഖ്യം. ലോക റാങ്കിംഗിൽ 19 സ്ഥാനക്കാരായ ഇംഗ്ലീഷ് സഖ്യം ബെൻ ലൈൻ, ഷോൺ വെന്റി സഖ്യത്തെ ആണ് ഇന്ത്യൻ യുവ സഖ്യം മറികടന്നത്.

നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ആധികാരിക ജയം. ആദ്യ സെറ്റ് 21-15 നു നേടിയ ഇന്ത്യൻ സഖ്യം രണ്ടാം സെറ്റ് 21-13 നു നേടി സ്വർണം ഉറപ്പാക്കി. ബാഡ്മിന്റണിൽ പുരുഷ സിംഗിൾസ്, വനിത സിംഗിൾസ് സ്വർണവും ഇന്ത്യൻ താരങ്ങൾ ആണ് നേടിയത്.

ശരത് കമാലിന് സ്വര്‍ണ്ണം, പോള്‍ ഡ്രിംഗ്ഹാളിനെ തീപാറും പോരാട്ടത്തിൽ വീഴ്ത്തി സത്യന് വെങ്കലം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണ്ണവും വെങ്കലവും നേടി ഇന്ത്യ. സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിൽ ലിയാം പിച്ച്ഫോര്‍ഡിനെ ശരത് കമാൽ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ പോള്‍ ഡ്രിംഗ്ഹാളിനെതിരെ 4-3ന്റെ വിജയവുമായി സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം സ്വന്തമാക്കി.

ശരത് കമാൽ ആദ്യ ഗെയിം 11-13ന് പിന്നിൽ പോയ ശേഷം മത്സരത്തിൽ തന്റെ വ്യക്തമായ മേൽക്കൈ നേടിയാണ് വിജയം കുറിച്ചത്. സ്കോര്‍: 11-13, 11-7, 11-2, 11-6, 11-8.

ആദ്യ മൂന്ന് ഗെയിം ജയിച്ച് സത്യന്‍ വെങ്കലം അനായാസം നേടുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഡ്രിംഗ്ഹാളിന്റെ തിരിച്ചുവരവ് മത്സരത്തിൽ കാണുന്നത്. അവസാന ഗെയിമിൽ 11-9ന് ആണ് വിജയം സത്യന്‍ സ്വന്തമാക്കിയത്.

സ്കോര്‍: 11-9, 11-3, 11-5, 8-11, 9-11, 10-12, 11-9.

ലക്ഷ്യം നിറവേറ്റി ലക്ഷ്യ സെന്‍, കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് മലേഷ്യയുടെ സെ യോംഗ് എന്‍ജിയെയാണ് ലക്ഷ്യ ഫൈനൽ പോരാട്ടത്തിൽ നേരിട്ടത്. 2-1 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സ്വര്‍ണ്ണ മെഡൽ നേടിയത്.

ആദ്യ ഗെയിമിൽ ലക്ഷ്യയ്ക്ക് കാലിടറിയെങ്കിലും രണ്ടാം ഗെയിമിൽ താരം അതിശക്തമായ തിരിച്ചുവരവ് നടത്തി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിൽ 9-5ന് മുന്നിലെത്തിയ ലക്ഷ്യ ബ്രേക്കിന്റെ സമയത്ത് 11-7ന് മുന്നിലായിരുന്നു. ലക്ഷ്യ പിന്നീട് 17-11ന് മുന്നിലെത്തിയെങ്കിലും മലേഷ്യന്‍ താരം ലീഡ് കുറച്ച് കൊണ്ടുവന്ന് സ്കോര്‍ 19-16 എന്ന നിലയിലാക്കി. എന്നാൽ അടുത്ത രണ്ട് പോയിന്റുകള്‍ നേടി സ്വര്‍ണ്ണം ലക്ഷ്യ ഉറപ്പിക്കുകയായിരുന്നു.

 

സ്കോര്‍: 19-21, 21-9, 21-16.

പി.വി സിന്ധു ഇന്ത്യയുടെ അഭിമാനം! കനേഡിയൻ താരത്തെ തോൽപ്പിച്ചു സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 19 മത്തെ സ്വർണം സമ്മാനിച്ചു പി.വി സിന്ധു. വനിത ബാഡ്മിന്റൺ സിംഗിൾസിൽ കനേഡിയൻ താരം മിഷേല ലിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫൈനലിൽ തോൽപ്പിച്ചത്. ആദ്യ സെറ്റ് 21-15 നും രണ്ടാം സെറ്റ് 21-13 നും നേടി ആധികാരികമായി ആണ് സിന്ധു സ്വർണം നേടിയത്.

കോമൺവെൽത്ത് ഗെയിംസിൽ 27 കാരിയായ സിന്ധുവിന്റെ ആദ്യ സ്വർണം ആണ് ഇത്. 2014 ൽ വെങ്കലവും 2018 ൽ വെള്ളിയും നേടിയ താരം ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ചു ഇത്തവണ സ്വർണം സ്വന്തമാക്കുക ആയിരുന്നു. രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവ് ആയ സിന്ധു ഇനി ഒളിമ്പിക് സ്വർണം ആവും ലക്ഷ്യം വക്കുക.

താഹ്‍ലിയയ്ക്ക് അനുമതി നിഷേധിക്കാതിരുന്നതിൽ ഇന്ത്യയ്ക്ക് സന്തോഷം – ഹര്‍മ്മന്‍പ്രീത് കൗര്‍

കോവിഡ് ബാധിച്ച താഹ്‍ലിയ മഗ്രാത്തിന് ഫൈനലില്‍ കളിക്കുവാന്‍ ഐസിസി അനുമതി നൽകിയപ്പോള്‍ ഫൈനലിലെ എതിരാളികളായ ഇന്ത്യയും ഇതിന് സമ്മതം മൂളുകയായിരുന്നു. താഹ്‍ലിയോടൊപ്പം കളിക്കാനാകില്ലെന്ന തീരുമാനം ഇന്ത്യ എടുക്കാതിരുന്നതിൽ തനിക്ക് സന്തോഷം ഉണ്ടെന്നാണ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയത്. കാരണം ഫൈനൽ നഷ്ടമായിരുന്നുവെങ്കിൽ അത് താരത്തിന് കനത്ത പ്രഹരം ആകുമായിരുന്നുവെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.

താരത്തിന് കാര്യമായ അസ്വാസ്ഥ്യങ്ങളൊന്നുമില്ലായിരുന്നുവെന്നും അതിനാൽ തന്നെ ഇന്ത്യ താരത്തിനൊപ്പം കളിക്കുവാന്‍ തയ്യാറാകുകയായിരുന്നുവെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിക്കേണ്ട ഘട്ടമായിരുന്നു ഇതെന്നും ഹര്‍മ്മന്‍പ്രീത് വ്യക്തമാക്കി.

കോവിഡ് ബാധിച്ച താഹ്‍ലിയ മഗ്രാത്തിനൊപ്പം കളിച്ചതിൽ പരിഭവമില്ല – മെഗാന്‍ ഷൂട്ട്

ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കായി ഇറങ്ങിയ താഹ്‍ലിയ മഗ്രാത്ത് കോവിഡ് ബാധിതയായിരുന്നുവെങ്കിലും മത്സരിക്കുവാന്‍ ഐസിസിയുടെ അനുമതി ലഭിച്ചിരുന്നു. താരത്തിനൊപ്പം കളിക്കുന്നതിൽ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ലെന്ന് മെഗാന്‍ ഷൂട്ട് പറഞ്ഞു.

താഹ്‍ലിയ ഓസ്ട്രേലിയയ്ക്കായി ടൂര്‍ണ്ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമായിരുന്നു. താഹ്‍ലിയയുടെ കാര്യത്തിൽ ഏവര്‍ക്കും വിഷമം തോന്നിയെന്നും എന്നാൽ കളിക്കുവാന്‍ അനുമതി ലഭിച്ചപ്പോള്‍ താഹ്‍ലിയയ്ക്കും ടീമംഗങ്ങള്‍ക്കും സന്തോഷം ആയിരുന്നുവെന്നും മെഗാന്‍ ഷൂട്ട് വ്യക്തമാക്കി.

മത്സരത്തിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണ്ണം നേടുകയായിരുന്നു.

പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഇന്ത്യ ഏഴാമത്

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെ ഫൈനലിൽ ഏഴാമതായി ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത് ആയി ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് സമയം മെച്ചപ്പെടുത്താൻ ആയെങ്കിലും മെഡൽ നേട്ടത്തിന് അരികിൽ പോലും എത്താൻ ആയില്ല.

ഫൈനലിൽ നിർമൽ ടോമിന് പകരം നാഗനാഥൻ പാണ്ടിയാണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്. മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ കൂടി അടങ്ങിയ ഇന്ത്യൻ ടീം 3:05:51 മിനിറ്റിനുള്ളിൽ ആണ് ഓട്ടം പൂർത്തിയാക്കിയത്.

Exit mobile version