വീണ്ടും ഹാട്രിക്കുമായി ദീപക് ചഹാര്‍, ഇത്തവണ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍

ബംഗ്ലാദേശിനെതിരെയുള്ള ഹാട്രിക്ക് നേട്ടം സ്വന്തമാക്കി 48 മണിക്കൂറിനുള്ളില്‍ വീണ്ടുമൊരു ഹാട്രിക്കുമായി ദീപക് ചഹാര്‍. ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടി വിദര്‍ഭയ്ക്കെതിരെയാണ് ദീപക് ചഹാറിന്റെ ഈ നേട്ടം. തന്റെ മൂന്നോവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് നേടിയ ദീപക് ചഹാറിന്റെ മികവില്‍ 99/9 എന്ന നിലയില്‍ വിദര്‍ഭയെ പിടിച്ച് കെട്ടുവാന്‍ രാജസ്ഥാന് സാധിച്ചു. മഴ മൂലം 13 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു.

ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന മൂന്ന് പന്തിലാണ് താരത്തിന്റെ ഹാട്രിക്ക് നേട്ടം. ദര്‍ശന്‍ നല്‍കണ്ടേ, ശ്രീകാന്ത് വാഗ്, അക്ഷയ് വാഡ്കര്‍ എന്നിവരെയാണ് ചഹാര്‍ പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കിയത്.

രണ്ടാം ഏകദിനം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, മാറ്റങ്ങളില്ലാതെ ഇന്ത്യ

ആദ്യ ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം പരമ്പരയില്‍ തിരിച്ചു വരവ് നടത്തുവാനായി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. നാഗ്പൂരിലെ രണ്ടാം ഏകദിനത്തിലും ടോസ് വിരാട് കോഹ്‍ലിയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് മാറ്റങ്ങളാണുള്ളത്. ഷോണ്‍ മാര്‍ഷും നഥാന്‍ ലയണും ടീമിലേക്ക് എത്തുമ്പോള്‍ ആഷ്ടണ്‍ ടര്‍ണറും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും പുറത്ത് പോകുന്നു. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് തുണയാകുമെന്ന പ്രതീക്ഷയില്‍ ഓസ്ട്രേലിയ രണ്ട് സ്പിന്നര്‍മാരെയാണ് കളിക്കാന്‍ ഇറക്കുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്ബ്, ഗ്ലെന്‍ മാക്സ്വെല്‍, ഷോണ്‍ മാര്‍ഷ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ആഡം സംപ

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അമ്ബാട്ടി റായിഡു, കേധാര്‍ ജാഥവ്, എംഎസ് ധോണി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ മത്സരത്തില്‍ കേരളം വീണ്ടും തിരിച്ചു വരികയയായിരുന്നു. 102 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദര്‍ഭ നേടിയത്.

സന്ദീപ് വാര്യറുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വാലറ്റത്തില്‍ ഉമേഷ് യാദവും(17*) കാലെയും(12) നടത്തിയ ചെറുത്ത് നില്പാണ് വിദര്‍ഭയുടെ ലീഡ് നൂറ് കടക്കുവാന്‍ സഹായിച്ചത്. തലേ ദിവസം 171/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് അടുത്ത രണ്ട് വിക്കറ്റും ഒരു റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമായി.

എട്ട്, ഒമ്പത്, പത്ത് വിക്കറ്റുകളുടെ സഹായത്തോടെയാണ് 208 എന്ന സ്കോറിലേക്ക് ടീം നീങ്ങിയത്. അവസാന മൂന്ന് വിക്കറ്റുകളും കൂടി 36 റണ്‍സ് നേടിയത് വിദര്‍ഭയെ തുണയ്ക്കുമോ എന്നതാണ് വരും ദിവസകങ്ങളില്‍ കാണേണ്ടത്. അവസാന 8 വിക്കറ്റുകള്‍ വെറും 38 റണ്‍സിനാണ് വിദര്‍ഭ നഷ്ടപ്പെടുത്തിയത്.

170/2 എന്ന നിലയില്‍ നിന്ന് 172/7 എന്ന തകര്‍ച്ചയിലേക്ക് വിദര്‍ഭയെ തള്ളിയിട്ടത് തന്നെ ഈ സീസണിലെ കേരളത്തിന്റെ ബൗളിംഗ് മികവിന്റെ സൂചനയാണ്. സന്ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പുറമെ ബേസില്‍ തമ്പി മൂന്നും നിധീഷ് എംഡി രണ്ടും വിക്കറ്റ് നേടി.

കേരള ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിച്ച പിച്ചില്‍ മെച്ചപ്പെട്ട ബാറ്റിംഗുമായി വിദര്‍ഭ, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് കേരളം

കേരളത്തിനെതിരെ വലിയ സ്കോര്‍ നേടുവാനൊരുങ്ങി വിഭര്‍ഭ. ആദ്യ സെഷനില്‍ തന്നെ കേരളത്തിനു ചുരുട്ടിക്കെട്ടിയ ശേഷം വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നിന്ന് 171/5 എന്ന നിലയിലാണ്. ഫൈസ് ഫസല്‍ 75 റണ്‍സ് നേടി പുറത്തായി. ഫസലിനെയും അഥര്‍വ ടൈഡേയെയും(23) സന്ദീപ് വാര്യര്‍ പുറത്താക്കിയപ്പോള്‍ നൈറ്റ് വാച്ച്മാന്‍ രജനീഷ് ഗുര്‍ബാനിയെ ബേസില്‍ തമ്പി പുറത്താക്കി. 65 റണ്‍സിന്റെ ലീഡാണ് വിഭര്‍ഭയുടെ കൈവശം ഇപ്പോളുള്ളത്.

ഒരു ഘട്ടത്തില്‍ 170/2 എന്ന നിലയിലായിരുന്നു എന്ന വിഭര്‍ഭയ്ക്ക് ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. വസീം ജാഫര്‍(34), സഞ്ജയ് രാമസ്വാമി(19) എന്നിവരാണ് പുറത്തായ താരങ്ങള്‍. സന്ദീപിനു നിധീഷ് എംഡിയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു.

നാളെ നൂറ് റണ്‍സ് ലീഡിനു താഴെ വിദര്‍ഭയെ പുറത്താക്കാനായാല്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി മത്സരത്തില്‍ തിരിച്ചുവരവിനു ആവശ്യമുണ്ട്.

ഉമേഷ് യാദവിന്റെ 7 വിക്കറ്റ് നേട്ടമാണ് കേരളത്തിനെ 106 റണ്‍സില്‍ ഒതുക്കുവാന്‍ വിദര്‍ഭയെ സഹായിച്ചത്. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റും നേടി. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് പുറത്താകാതെ 37 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി.

 

കേരളത്തിന്റെ നടുവൊടിച്ച് ഉമേഷ് യാദവ്, വിഷ്ണു വിനോദിന്റെ മികവില്‍ നൂറ് കടന്നു

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കേരളം. ഉമേഷ് യാദവിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ സ്ഥിതി ദയനീയമാക്കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിദര്‍ഭ 28.4 ഓവറില്‍ കേരള ഇന്നിംഗ്സിനു അവസാനം കുറിയ്ക്കുകയായിരുന്നു. പുറത്താകാതെ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളം നൂറ് കടന്നത്. ടോപ് സ്കോററും താരം തന്നെയാണ്. 50 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കമാണ് 37 റണ്‍സ് വിഷ്ണു വിനോദ് നേടിയത്.

സച്ചിന്‍ ബേബി(22), ബേസില്‍ തമ്പി(10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. വിഭര്‍ഭയ്ക്കായി മൂന്ന് വിക്കറ്റുമായി രജനീഷ് ഗുര്‍ബാനിയും മികച്ച പിന്തുണ ഉമേഷിനു നല്‍കി.

വസീം ജാഫര്‍ ഉള്‍പ്പെടുന്ന ശക്തമായ വിദര്‍ഭ ബാറ്റിംഗ് നിരയ്ക്കെതിരെ ഇനി മത്സരം വിജയിക്കണമെങ്കില്‍ കേരളം അത്ഭുതങ്ങള്‍ കാണിക്കേണ്ടതുണ്ട്.

തുടക്കം പാളി, ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടമായി കേരളം

രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിനു മോശം തുടക്കം. പത്തോവറുകള്‍ പൂര്‍ത്തിയാക്കുമ്പോളേക്കും കേരളത്തിനു 4 വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ഉമേഷ് യാദവ് മൂന്നും രജനീഷ് ഗുര്‍ബാനി ഒരു വിക്കറ്റും നേടിയപ്പോള്‍ പത്തോവറുകള്‍ക്ക് ശേഷം കേരളം 28/4 എന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണു പകരം അരു‍ണ്‍ കാര്‍ത്തിക് കേരള ടീമില്‍ എത്തിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ എത്തുന്നത്.

പ്രായം കൂടും തോറും വീര്യം കൂടും വസീം ജാഫര്‍

രഞ്ജി ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് വസീം ജാഫര്‍. 1996/97 സീസണില്‍ രഞ്ജി അരങ്ങേറ്റം കുറിച്ച വസീം രഞ്ജിയില്‍ റണ്‍ അടിച്ച് കൂട്ടി മുന്നേറുകയാണ്. ഇപ്പോള്‍ മറ്റൊരു ഏഷ്യന്‍ റെക്കോര്‍ഡ് കൂടി വസീം സ്വന്തമാക്കിയിരിക്കുകയാണ്. 40 വയസ്സ് കഴിഞ്ഞ ശേഷം ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റില്‍ ഒന്നിലധികം ഇരട്ട ശതകം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും ഏഷ്യന്‍ താരവുമെന്ന നേട്ടമാണ് ഇന്നലെ ഉത്തരാഖണ്ഡില്‍ നേടിയ ഇരട്ട ശതകത്തിലൂടെ വസീം ജാഫര്‍ സ്വന്തമാക്കിയത്.

ഇന്നലെ ഉത്തരാഖണ്ഡിനെതിരെ 206 റണ്‍സ് നേടി വസീം പുറത്തായപ്പോള്‍ കഴിഞ്ഞ വര്‍ഷം റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ 286 എന്ന പടുകൂറ്റന്‍ ഇരട്ട ശതകമാണ് വസീം നേടിയത്.

ആദിത്യ താക്കറേ ജൂനിയര്‍ ലോകകപ്പ് ടീമിലേക്ക്

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കായി തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ആദിത്യ താക്കറേ ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നു. ഇന്ത്യന്‍ ടീമിലെ ഇഷാന്‍ പോറെല്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് തീരുമാനം. 2004ല്‍ വിദര്‍ഭയുടെ ഇപ്പോളത്തെ നായകന്‍ ഫൈസ് ഫസല്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും അന്ന് പരിശീലനത്തിനിടെ പരിക്കേറ്റ് താരം മടങ്ങുകയായിരുന്നു. വിദര്‍ഭയില്‍ നിന്ന് യൂത്ത് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ താരമാണ് അദിത്യ.

ഓസ്ട്രേലിയയ്ക്കതെരിയുള്ള മത്സരത്തിനിടെയാണ് പോറെലിനു പരിക്കേറ്റത്. ആദിത്യയുടെ സ്വിംഗ് ബൗളിംഗ് ന്യൂസിലാണ്ടില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യൂത്ത് ഏഷ്യ കപ്പില്‍ ടീമില്‍ ഇടം പിടിച്ച ആദിത്യ എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിയുകയായിരുന്നു. അക്ഷയ് 4 വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി വിക്കറ്റ് നേടി. ചരിത്ര രഞ്ജി കിരീടം സ്വന്തമാക്കാന്‍ 29 റണ്‍സാണ് വിദര്‍ഭയ്ക്ക് നേടേണ്ടത്.

ഒമ്പതാം വിക്കറ്റില്‍ ഒത്തുകൂടിയ വികാസ് മിശ്ര-ആകാശ് സുദന്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. 2 വിക്കറ്റ് മാത്രം ശേഷിക്കെ 18 റണ്‍സ് പിന്നിലായിരുന്ന ഡല്‍ഹിയ്ക്കെതിരെ ഇന്നിംഗ്സ് വിജയം വിദര്‍ഭ ലക്ഷ്യം വെച്ചുവെങ്കിലും 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ലീഡ് തിരിച്ചു പിടിക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചു. 34 റണ്‍സ് നേടിയ വികാസ് മിശ്ര പുറത്തായപ്പോള്‍ ഡല്‍ഹിയുടെ പക്കല്‍ 27 റണ്‍സ് ലീഡാണ് ഉണ്ടായിരുന്നത്. ഒരു റണ്‍ കൂടി നേടുന്നതിനിടയില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 18 റണ്‍സ് നേടിയ ആകാശ് സുദന്‍ ആണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍.

64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version