എതിരാളി പരിക്കേറ്റു പിന്മാറി, അൽകാരസ് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അർജന്റീനയുടെ സെബാസ്റ്റ്യൻ ബീസ് മൂന്നാം സെറ്റിൽ പരിക്കേറ്റു പിന്മാറിയതോടെയാണ് മൂന്നാം സീഡ് രണ്ടാം റൗണ്ടിൽ എത്തിയത്. മികച്ച പോരാട്ടം കണ്ട ആദ്യ രണ്ടു സെറ്റും 7-5, 7-5 എന്ന സ്കോറിന് സ്പാനിഷ് താരം നേടിയിരുന്നു. മൂന്നാം സെറ്റിൽ അൽകാരസ് 2-0 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് അർജന്റീന താരം മത്സരത്തിൽ നിന്നു പിന്മാറിയത്.

ഫ്രഞ്ച് താരം ബെനോയിറ്റ് പൈരിയെ 6-0, 7-6, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ബ്രിട്ടീഷ് ഒന്നാം നമ്പറും ഏഴാം സീഡും ആയ കാമറൂൺ നോറിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 13 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ നോറി 7 തവണ ബ്രൈക്ക് ചെയ്തു. സ്റ്റീവ് ജോൺസണെ 6-3, 6-2, 6-2 എന്ന സ്കോറിന് തകർത്തു 17 സീഡ് ഗ്രിഗോർ ദിമിത്രോവ്, ജിറി വെസ്ലിയെ 6-4, 6-1, 6-1 എന്ന സ്കോറിന് തകർത്തു 20 സീഡ് ഡാൻ ഇവാൻസ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

യു.എസ് ഓപ്പണിൽ അനായാസ ജയവുമായി ഇഗയും സബലങ്കയും മുഗുരുസയും രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ജാസ്മിൻ പൗളോനിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പോളണ്ട് താരം തകർത്തത്. ഏഴു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഇഗ 6-3, 6-0 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ബ്രിട്ടീഷ് താരം കാതറിൻ ഹാരിസണിനെ 6-1, 6-3 എന്ന സ്കോറിന് തകർത്തു ആറാം സീഡ് അര്യാന സബലങ്കയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആറു തവണ എതിരാളിയുടെ സർവീസ് സബലങ്ക ബ്രൈക്ക് ചെയ്തു.

സ്വിസ് താരം വിക്ടോറിയ ഗോലുബികിനെ 6-2, 6-2 എന്ന സ്കോറിന് തോൽപ്പിച്ചു അമേരിക്കയുടെ എട്ടാം സീഡ് ജെസിക്ക പെഗ്യുലയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്ലാര തൗസനെ 6-3, 7-6 എന്ന സ്കോറിന് ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ പിന്നിൽ നിന്ന ശേഷം തിരിച്ചു വന്നായിരുന്നു മുഗുരുസയുടെ ജയം. അതേസമയം 16 സീഡ് യെലേന ഒസ്റ്റപെങ്കോ ആദ്യ റൗണ്ടിൽ പുറത്തായി. ചൈനീസ് താരം ക്വിൻവാൻ ചെങിനെതിരെ 6-3, 3-6, 6-4 എന്ന സ്കോറിന് ആണ് ഒസ്റ്റപെങ്കോ പരാജയം വഴങ്ങിയത്. മത്സരത്തിൽ 20 ഏസുകൾ ആണ് ചൈനീസ് താരം ഉതിർത്തത്.

ന്യൂ യോർക്കിൽ കൊളംബിയൻ വിപ്ലവം!

ആദ്യ ദിവസം തന്നെ യുഎസ് ഓപ്പണിലിൽ വമ്പൻ അട്ടിമറി, നാലാം സീഡ് സിസിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു 94ആം സീഡ് ഡാനിയേൽ ഇലാഹി ഗലാൻ. 6/0, 6/1, 3/6, 7/5 എന്ന സ്കോറിലാണ് ഈ 30കാരനായ കൊളംബിയൻ ഒന്നാം നമ്പർ താരം ലൂയി ആംസ്ട്രോങ് സ്റ്റേഡിയത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടിയത്.

സ്കോറുകൾ സൂചിപ്പിക്കുന്ന പോലെ, ആദ്യ രണ്ട് സെറ്റുകളിൽ അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റിൽ വഴി തെറ്റിയ ഗ്രീക്ക് കപ്പൽ പോലെയായിരിന്നു സിസിപ്പാസ്. മൂന്നാം സെറ്റിൽ പായ വലിച്ചു കെട്ടി തന്റെ യാനത്തെ നേരെയാക്കിയെങ്കിലും, നാലാമത്തെ സെറ്റിൽ ഡാനിയേൽ തന്റെ വിജയം ചുണ്ടിലേക്ക് അടുപ്പിച്ചു.

ഇന്നില്ല വിരമിക്കൽ- സെറീന!

ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിൽ, ആർതർ ആഷേ സ്റ്റേഡിയം ഇന്ന് ആളുകളെ കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു. യുഎസ് ഓപ്പണിൽ ഒരു ഒന്നാം റൗണ്ട് കളി കാണാൻ ഇത്രയും തിരക്ക് ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ല.

ഇത് ഒരു സാധാരണ കളിയായിരുന്നില്ല, ലോക ടെന്നീസ് റാണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കളിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റാണ്, പ്രജകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ സെറീന നേരിട്ടുള്ള സെറ്റുകൾക്ക് 6/3, 6/3 എന്ന സ്കോറിൽ മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ തകർത്തു കൊണ്ടു വിരമിക്കാൻ സമായമായില്ല എന്ന് വിളിച്ചു പറഞ്ഞു. വിരമിക്കൽ മത്സരം കാണാൻ എത്തിയ കാണികളിൽ ആരും അതിൽ നിരാശരായില്ല. അവർക്ക് സെറീന ഇനിയും തുടർന്ന് കളിക്കുന്നത് കാണാനാണ് ഇഷ്ടം.

സെറീനയുടെ മകൾ ഒളിമ്പിയ അടക്കമുള്ള കുടുംബാംഗങ്ങൾ സ്റ്റേഡിയത്തിൽ സന്നിഹതരായിരുന്നു. 23000 ത്തിലേറെ കാണികൾക്ക് എന്ന പോലെ അവർക്കും ഇത് ഒരു വികാരനിർഭരമായ നിമിഷങ്ങളായിരുന്നു. ലക്ഷക്കണക്കിന് ചെറിയ പെണ്കുട്ടികളെ ടെന്നീസ് സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഈ ലോക ചാമ്പ്യൻ കോർട്ടിനോട് വിട പറയുന്നത് സങ്കടം തന്നെയാണ്. പക്ഷെ ഒരു സെറീന ടെന്നീസിനും, സ്പോർട്സിനും, വനിതകൾക്കും കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കൊടുത്തു കൊണ്ടിരുന്ന പ്രചോദനം വാക്കുകൾക്ക് അതീതമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞാലും, വിരമിച്ചു മാറി നിന്നാലും, 23 ഗ്രാൻഡ്സ്ലാം വിജയിച്ച ഈ ക്വീൻ ഇനിയും അത് തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ സിമോണ ഹാലപ്പ് പുറത്ത്, കൊക്കോ ഗോഫ്, മരിയ സക്കാരി എന്നിവർ മുന്നോട്ട്

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഏഴാം സീഡ് സിമോണ ഹാലപ്പ് പുറത്ത്.

യോഗ്യത കളിച്ചു യു.എസ് ഓപ്പണിൽ എത്തിയ യുക്രെയ്ൻ താരം ദാരിയ സ്നിഗർ ആണ് ഹാലപ്പിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 നു കൈവിട്ട ഹാലപ്പ് എന്നാൽ രണ്ടാം സെറ്റ് 6-0 നു നേടി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഹാലപ്പിന്റെ തിരിച്ചു വരാനുള്ള ശ്രമങ്ങൾ അതിജീവിച്ച യുക്രെയ്ൻ താരം 6-4 നു സെറ്റ് നേടി രണ്ടാം റൗണ്ട് ഉറപ്പിച്ചു. അടുത്ത് കനേഡിയൻ ഓപ്പൺ ജേതാവ് ആയ ഹാലപ്പിന്റെ തുടർച്ചയായ ഏഴ് മത്സരങ്ങളുടെ വിജയക്കുതിപ്പിന് 124 റാങ്കുകാരിയായ ദാരിയ അന്ത്യം കുറിക്കുക ആയിരുന്നു.

ജർമ്മൻ താരം തത്ജാന മരിയയുടെ വെല്ലുവിളി അതിജീവിച്ചു മൂന്നാം സീഡ് മരിയ സക്കാരി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ അവസാന സെറ്റിൽ വിംബിൾഡൺ സെമിഫൈനലിസ്റ്റിന് ഒരവസരവും നൽകാതെ സക്കാരി 6-0 നു നേടുക ആയിരുന്നു. ഫ്രഞ്ച് താരം ഹാർമണി ടാനിനെ 6-0, 3-6, 6-1 എന്ന മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ച മുൻ യു.എസ് ഓപ്പൺ ചാമ്പ്യൻ കാനഡയുടെ ബിയാങ്ക ആന്ദ്രീസ്കുവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഫ്രഞ്ച് താരം ലിയോലിയ ജീൻജീനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത പന്ത്രണ്ടാം സീഡ് കൊക്കോ ഗോഫും രണ്ടാം റൗണ്ടിൽ എത്തി. സമ്പൂർണ ആധിപത്യം മത്സരത്തിൽ പുലർത്തിയ ഗോഫ് 6-2, 6-3 എന്ന സ്കോറിന് ആണ് ജയം നേടിയത്. 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫ് 8 ഏസുകളും ഉതിർത്തു. എതിരാളിയെ 6-0, 6-0 എന്ന സ്കോറിന് തകർത്ത പന്തിനഞ്ചാം സീഡ് ബ്രസീലിയൻ താരം ബിയാട്രിസ് ഹദ്ദാദ്, 17 സീഡ് ഫ്രഞ്ച് താരം കരോളിന ഗാർസിയ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Story Highlight : Simona Halep out of US Open in first round, Coco Gauff, Maria Sakkari into second round.

അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവ്, അർജന്റീനൻ താരത്തെ വീഴ്ത്തി മറെയും മുന്നോട്ട്

ആദ്യ റൗണ്ടിൽ അനായാസ ജയവുമായി മെദ്വദേവ് അടക്കമുള്ള പ്രമുഖർ

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ഡാനിൽ മെദ്വദേവ്. അമേരിക്കൻ താരം സ്റ്റെഫാൻ കോസ്ലോവിനെ 6-2, 6-4, 6-0 എന്ന സ്കോറിന് ആണ് മെദ്വദേവ് തകർത്തത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത നിലവിലെ ജേതാവ് 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം 24 സീഡ് അർജന്റീനൻ താരം ഫ്രാൻസിസ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ ബ്രിട്ടീഷ് ഇതിഹാസ താരം ആന്റി മറെയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ആദ്യ സെറ്റിൽ തുടക്കത്തിൽ പതറിയെങ്കിലും തുടർന്ന് തീർത്തും ഏകപക്ഷീയമായ പ്രകടനം ആണ് മറെയിൽ നിന്നു ഉണ്ടായത്. 7-5, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു മറെയുടെ ജയം. ആദ്യ റൗണ്ടിൽ തന്നെ 16 സീഡ് സ്പാനിഷ് താരം ബാറ്റിസ്റ്റ അഗ്യുറ്റിനെ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെ.ജെ വോൾഫ് അട്ടിമറിച്ചു. 14 ഏസുകൾ മത്സരത്തിൽ ഉതിർത്ത വോൾഫ് 6-3, 6-3, 6-3 എന്ന സ്കോറിന് ആണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്.

ബ്രിട്ടീഷ് താരം കെയിൽ എഡ്‌മണ്ടിനെ 6-3, 7-5, 6-2 എന്ന നേരിട്ടുള്ള സ്കോറിന് വീഴ്ത്തിയ അഞ്ചാം സീഡ് കാസ്പർ റൂഡും അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം സെറ്റിൽ അൽപ്പം വിയർത്തു എങ്കിലും ആധികാരിക പ്രകടനം ആണ് റൂഡ് നടത്തിയത്. ചിലിയൻ താരം നിക്കോളാസ് ജാരിയെ 6-2, 6-3, 6-3 എന്ന സ്കോറിന് മറികടന്ന പതിമൂന്നാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരേറ്റിനിയും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

Story Highlight : US Open Medvedev, Murray wins first round easily.

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ കളിക്കാൻ വില്യംസ് സഹോദരിമാർ

വില്യംസ് സഹോദരിമാർ ഒരുമിക്കുന്നത് 4 വർഷങ്ങൾക്ക് ശേഷം

യു.എസ് ഓപ്പൺ വനിത ഡബിൾസിൽ വൈൽഡ് കാർഡ് നേടി സെറീന വില്യംസ്, വീനസ് വില്യംസ് സഖ്യം. ഇതോടെ ഇതിഹാസ താരങ്ങൾ അവസാനമായി ന്യൂയോർക്കിൽ ഒരുമിച്ച് കളിക്കാൻ ഇറങ്ങും. ഇതിനകം ഇത് തന്റെ അവസാന ടൂർണമെന്റ് ആണെന്ന് ഇതിനകം തന്നെ 40 കാരിയായ സെറീന പ്രഖ്യാപിച്ചിട്ടുണ്ട്.

14 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണവും നേടിയ വില്യംസ് സഹോദരിമാർ 2018 ഫ്രഞ്ച് ഓപ്പണിനു ശേഷം ഇത് ആദ്യമായാണ് ഒരുമിക്കുന്നത്. സിംഗിൾസിലും ഇരുവരും കളിക്കാൻ ഇറങ്ങുന്നുണ്ട്. നിലവിൽ 608 റാങ്കുകാരിയായ സെറീന ആദ്യ റൗണ്ടിൽ ഡാങ്ക കോവിനിചിനെ നേരിടുമ്പോൾ 1445 റാങ്കുകാരിയായ വീനസ് ആലിസൻ വാനിനെ ആണ് നേരിടുക.

യു.എസ് ഓപ്പൺ – ‘ലാസ്റ്റ് ഡാൻസി’നു ഒരുങ്ങി സെറീന വില്യംസ്, കിരീടം നിലനിർത്താൻ എമ്മ, ജയിക്കാൻ ഉറച്ച് ഇഗ | Report

യു.എസ് ഓപ്പൺ – സ്വന്തം മണ്ണിൽ കരിയർ അവസാനിപ്പിക്കാൻ ഇതിഹാസതാരം സെറീന വില്യംസ്.

ഈ വർഷത്തെ യു.എസ് ഓപ്പണിൽ ആരു കിരീടം നേടിയാലും അതിനെക്കാൾ എല്ലാം അത് അറിയപ്പെടുക സെറീന വില്യംസിന്റെ അവസാന ടൂർണമെന്റ് എന്ന നിലയിൽ തന്നെയാവും. 22 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കൈവരിച്ച തന്റെ ഐതിഹാസിക കരിയറിന് ശേഷം യു.എസ് ഓപ്പണിൽ ഇറങ്ങുമ്പോൾ കിരീതപ്രതീക്ഷ ഇല്ലെങ്കിലും എങ്ങാനും ഒരു സ്വപ്ന നേട്ടം പിറന്നാലോ എന്ന നേരിയ സ്വപ്നം ആരാധകർ വച്ചു പുലർത്തുന്നുണ്ട്. ആദ്യ റൗണ്ടിൽ കടുത്ത വെല്ലുവിളി തന്നെയാവും 80 റാങ്കുകാരിയായ ഡാൻക കോവിനിചിയിൽ നിന്നു പക്ഷെ സെറീന നേരിടുക. രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആണെങ്കിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റ് എന്ന വലിയ വെല്ലുവിളിയും സെറീനയെ കാത്തിരിക്കുന്നുണ്ട്. അതിനാൽ തന്നെ തന്റെ പഴയ മികവിന്റെ നിഴൽ മാത്രമായ സെറീനയിൽ നിന്നു വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ ലാസ്റ്റ് ഡാൻസിൽ സെറീന വിശ്വരൂപം കാണിക്കുമോ എന്നു കണ്ടറിയാം.

സീസണിൽ ഉടനീളം മികവ് തുടർന്ന ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക് വിംബിൾഡൺ നിരാശ മറക്കാൻ ആവും യു.എസ് ഓപ്പണിൽ ഇറങ്ങുക. ഹാർഡ് കോർട്ടിൽ അതിശക്തയായ ഇഗ സീസണിലെ മികവിലേക്ക്‌ ഉയർന്നാൽ താരത്തെ ആർക്കും പിടിച്ചു കെട്ടുക എളുപ്പം ആവില്ല. ആദ്യ റൗണ്ടിൽ ഇറ്റാലിയൻ ജാസ്മിൻ പൗളോനിയെ നേരിടുന്ന ഇഗക്ക് രണ്ടാം റൗണ്ടിൽ 2018 ലെ ജേതാവ് സ്ലൊയെൻ സ്റ്റീഫൻസിനെ ആവും നേരിടേണ്ടി വരിക. നാലു ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആണ് ഇഗയുടെ ക്വാർട്ടറിൽ ഇടം പിടിച്ചത്. ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ, പതിനാറാം സീഡ് യലേന ഒസ്റ്റപെങ്കോ, 21 സീഡ് പെഡ്ര ക്വിറ്റോവ എന്നിവർക്ക് പുറമെ എട്ടാം സീഡ് ജെസിക്ക പെഗ്യുല, 24 സീഡ് അമാന്ത അനിസിമോവ, എൽസി മെർട്ടൻസ് എന്നിവരും ഈ ക്വാട്ടറിൽ ആണ്. എങ്കിലും സെമിഫൈനലിൽ അനായാസം ഇഗ എത്തേണ്ടത് തന്നെയാണ്. 19 കാരിയായ ചൈനീസ് താരം ചെങ് ക്വിൻവനിനെ ആദ്യ റൗണ്ടിൽ നേരിടുന്ന ഒസ്റ്റപെങ്കോ കടുത്ത പോരാട്ടം ആവും നേരിടുക.

രണ്ടാം സീഡ് ആയ അന്നറ്റ് കോണ്ടവെയിറ്റ് ആദ്യ റൗണ്ടിൽ ജെസിക്ക ക്രിസ്റ്റിയനെ നേരിടുമ്പോൾ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് ആവും താരത്തെ കാത്തിരിക്കുക. ഈ ക്വാർട്ടറിൽ ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുറും, ഒരിക്കൽ കൂടി മാഡിസൺ ബ്രിഗൾ ആണ് ഒൻസിന്റെ ആദ്യ റൗണ്ടിലെ എതിരാളി. അത്ഭുതം സംഭവിച്ചില്ലെങ്കിൽ അന്നറ്റ്, ഒൻസ് ക്വാർട്ടർ ഫൈനൽ ആവും കാണാൻ സാധിക്കുക. എന്നാൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും 14 സീഡും ആയ ലൈയ്ല ഫെർണാണ്ടസ്, സാൻ ജോസ് കിരീടം നേടിയ പത്താം സീഡ് ദാരിയ കസറ്റ്കിന, 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡും ആയ ബാർബറ ക്രജികോവ എന്നിവരും ഈ ക്വാർട്ടറിൽ ശ്രദ്ധിക്കേണ്ടവർ തന്നെയാണ്. കരിയറിലെ അവസാന ടൂർണമെന്റിൽ സെറീന വില്യംസിൽ തന്നെയാവും ആദ്യ റൗണ്ടിൽ എല്ലാ കണ്ണുകളും.

മൂന്നാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരി ആദ്യ റൗണ്ടിൽ വിംബിൾഡൺ സെമിഫൈനലിൽ എത്തി അത്ഭുതം കാണിച്ച താത്‌ജാന മരിയയെ ആണ് നേരിടുക. ടൂർണമെന്റിൽ ഏറ്റവും കടുത്ത ക്വാർട്ടർ ആണ് ഇത്. ടൊറന്റോ ഓപ്പൺ ജേതാവും ഏഴാം സീഡും ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്, പന്ത്രണ്ടാം സീഡ് അമേരിക്കൻ യുവതാരം കൊക്കോ ഗോഫ്, സിൻസിനാറ്റി ഓപ്പൺ ജേതാവും 17 സീഡും ആയ കരോളിന ഗാർസിയ, സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനലിൽ എത്തിയ 20 സീഡ് മാഡിസൺ കീയ്സ്, മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കു എന്നിവർ എല്ലാം ഈ ക്വാർട്ടറിൽ ആണ് ഉൾപ്പെടുന്നത്. യോഗ്യത കളിച്ചു വരുന്ന താരങ്ങളെ ആവും ഹാലപ്, ഗാർസിയ, ഗോഫ് എന്നിവർ ആദ്യ റൗണ്ടിൽ നേരിടുക. ആന്ദ്രീസ്കു യോഗ്യത കളിച്ചു എത്തിയ ഹാൻ ടാനിനെ ആദ്യ റൗണ്ടിൽ നേരിടുമ്പോൾ കീയ്സ് യാറ്റ്റമ്സ്കയെ ആണ് നേരിടുക.

നാലാം സീഡ് ആയ പൗള ബഡോസ ആദ്യ റൗണ്ടിൽ ലസിയ സുരെങ്കോയെ ആണ് നേരിടുക. ഈ ക്വാർട്ടറിൽ ആണ് നിലവിലെ ജേതാവ് എമ്മ റാഡുകാനുവും ഇടം പിടിച്ചത്. തന്റെ തുടർച്ചയായ 63 മത്തെ ഗ്രാന്റ് സ്‌ലാം കളിക്കാൻ ഇറങ്ങുന്ന ആലീസ് കോർണറ്റ് ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ആയ എമ്മയുടെ എതിരാളി. രണ്ടു തവണ യു.എസ് ഓപ്പൺ ജയിച്ച നയോമി ഒസാക്ക ആദ്യ റൗണ്ടിൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 19 സീഡും ആയ ഡാനിയേല കോളിൻസിനെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ എമ്മ, നയോമി പോരാട്ടത്തിനും സാധ്യതയുണ്ട്. നിലവിലെ വിംബിൾഡൺ ജേതാവും 25 സീഡും ആയ എലേന റിബാക്കിന ആദ്യ റൗണ്ടിൽ യോഗ്യത കളിച്ചു വരുന്ന താരത്തെ ആണ് നേരിടുക. രണ്ടാം റൗണ്ടിൽ വൈൽഡ് കാർഡ് ആയി ടൂർണമെന്റിന് എത്തിയ ഇതിഹാസതാരം വീനസ് വില്യംസ് ചിലപ്പോൾ കസാഖിസ്ഥാൻ താരത്തിന് എതിരാളി ആയേക്കും. 2021 ലെ യു.എസ് ഓപ്പൺ സെമിഫൈനലിസ്റ്റും ആറാം സീഡും ആയ ആര്യാന സബലങ്ക, 2019 ലെ സെമിഫൈനലിസ്റ്റും 12 സീഡും ആയ ബലിന്ത ബെനചിച്, മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്ക, 2016 ലെ ഫൈനൽ കളിച്ച 22 സീഡ് കരോളിന പ്ലിസ്കോവ എന്നിവർ ഇതേ ക്വാർട്ടറിൽ തന്നെയാണ്. അതിനാൽ തന്നെ അട്ടിമറികൾ കാണാവുന്ന ഒരു ക്വാർട്ടർ തന്നെയാണ് ഇത്.

സമീപകാലത്ത് ഇഗ സ്വിറ്റെക് ആധിപത്യം വനിത ടെന്നീസിൽ ഒരു സ്ഥിരത നൽകിയെങ്കിലും ഈ കഴിഞ്ഞ വിംബിൾഡൺ ആ പ്രതീക്ഷകൾ തകിടം മറിച്ചു. ഒരിക്കൽ കൂടി ഒരു അപ്രതീക്ഷിത ഗ്രാന്റ് സ്‌ലാം ജേതാവിനെ വനിത ടെന്നീസിൽ കാണാൻ സാധിച്ചു. അതിനാൽ തന്നെ ഇഗക്ക് വലിയ സാധ്യത കൽപ്പിക്കുന്ന സമയത്തും ന്യൂയോർക്കിൽ എന്തും സംഭവിക്കാം എന്ന കാര്യം ആരാധകർക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ വർഷം കണ്ട ടീനേജ് ഫൈനൽ പോലൊരു അത്ഭുതം പോലെ എന്തെങ്കിലും ന്യൂയോർക്ക് കരുതി വച്ചു കാണണം. എന്നാൽ ഉറപ്പായിട്ടും കിരീട നേട്ടത്തെക്കാൾ ടെന്നീസ് ആരാധകർ ഉറ്റു നോക്കുക സെറീന വില്യംസ് എന്ന ടെന്നീസിലെ എക്കാലത്തെയും മഹത്തായ താരം തന്റെ അവസാന ടൂർണമെന്റിൽ സ്വന്തം മണ്ണിൽ എന്ത് മാജിക് കാണിക്കും എന്നത് തന്നെയാവും.

Story Highlight : US Open women’s draw and preview.

ജ്യോക്കോവിച്ച് ഇല്ലാത്ത യു.എസ് ഓപ്പൺ, യുവതലമുറയോട് പൊരുതാൻ റാഫേൽ നദാൽ | Report

യു.എസ് ഓപ്പൺ – ഡാനിൽ മെദ്വദേവ് ഒന്നാം സീഡ്, റാഫേൽ നദാൽ രണ്ടാം സീഡ്.

കൂടുതൽ ശക്തരായ യുവതലമുറയെ തോൽപ്പിച്ചു റാഫേൽ നദാൽ തന്റെ 23 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും അഞ്ചാം യു.എസ് ഓപ്പണും നേടുമോ എന്നത് തന്നെയാവും ഈ യു.എസ് ഓപ്പൺ ഉയർത്തുന്ന പ്രധാന ചോദ്യം. ഒരിക്കൽ കൂടി വാക്സിനേഷൻ എടുക്കില്ല എന്ന നിലപാട് നൊവാക് ജ്യോക്കോവിച്ചിന് വില്ലനായപ്പോൾ താരം ടൂർണമെന്റിൽ നിന്നു പിന്മാറി. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി വാക്സിനേഷൻ എടുക്കാത്ത സെർബിയൻ താരത്തിന് നിഷേധിച്ച അധികൃതർ ടെന്നീസ് അധികൃതരുടെയും ആരാധകരുടെയും ആവശ്യത്തിന് ചെവി കൊടുത്തില്ല. ഹാർഡ് കോർട്ടിലെ ഏറ്റവും വലിയ ശക്തൻ ജ്യോക്കോവിച്ച് ഇല്ല എന്നത് തന്നെ നദാലിന് ആശ്വാസം പകരുന്ന വസ്തുതയാണ്.

യു.എസ് ഓപ്പൺ കിരീടം നേടാൻ ഏറ്റവും സാധ്യത ഉറപ്പായിട്ടും ഒന്നാം സീഡ്, നിലവിലെ ജേതാവ് ഡാനിൽ മെദ്വദേവിനു തന്നെയാണ്. റഷ്യൻ പതാകക്ക് കീഴിയിൽ ആയിരിക്കില്ല താരം കളിക്കുക എന്നു മാത്രം. ആദ്യ റൗണ്ടിൽ കോസ്ലോവ് ആണ് താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ നിക് കിർഗിയോസ്, ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആന്ദ്ര റൂബ്ലേവ്, ഫെലിക്‌സ് ആഗർ അലിയാസ്മെ എന്നിവർ ആവും സെമി വരെ മെദ്വദേവിനു വലിയ വെല്ലുവിളി ആവാൻ സാധ്യതയുള്ള എതിരാളികൾ. സെമിയിൽ സിൻസിനാറ്റി സെമിയിൽ തന്നെ തോൽപ്പിച്ച സ്റ്റെഫനോസ് സിറ്റിപാസ് ആയേക്കും മെദ്വദേവിന്റെ എതിരാളി. ഫൈനലിൽ നദാൽ, അൽകാരസ് എന്നിവരിൽ ഒരാൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. അമേരിക്കയിൽ കിരീടം നിലനിർത്താൻ എതിരാളികൾക്ക് ഒപ്പം കാണികളെയും ഒരിക്കൽ കൂടി മെദ്വദേവ് മറികടക്കേണ്ടത് ഉണ്ട്.

നാലു തവണ ജേതാവ് ആയ നദാൽ ന്യൂയോർക്കിൽ രണ്ടാം സീഡ് ആണ്. വിംബിൾഡൺ സെമി കളിക്കാതെ പരിക്കേറ്റു പിന്മാറിയ നദാൽ തിരിച്ചു വരവിൽ സിൻസിനാറ്റിയിൽ ആദ്യ റൗണ്ടിൽ ചോരിചിനോട് തോറ്റു പുറത്ത് പോയിരുന്നു. ആദ്യ റൗണ്ടിൽ യോഗ്യത മത്സരം ജയിച്ചു വരുന്ന ഹിജിക്കാതയെ നേരിടുന്ന നദാലിന് നാലാം റൗണ്ടിൽ ഷ്വാർട്സ്മാൻ ക്വാർട്ടർ ഫൈനലിൽ റൂബ്ലേവ് എന്നിവർ മികച്ച വെല്ലുവിളി നൽകും. ഫൈനലിൽ എത്താൻ കാർലോസ് അൽകാരസ്, യാനിക് സിന്നർ എന്നീ യുവതാരങ്ങൾ എന്ന വലിയ വെല്ലുവിളിയും നദാലിന് ഉണ്ട്. ഫൈനലിൽ 2019 ലെ എതിരാളി മെദ്വദേവ്, സിറ്റിപാസ് എന്നിവരിൽ ഒരാൾ എതിരാളി ആയി വരാൻ തന്നെയാണ് കൂടുതൽ സാധ്യത. ശാരീരിക ക്ഷമത നദാൽ എത്രത്തോളം കൈവരിക്കും എന്നത് തന്നെയായിരിക്കും താരത്തിന്റെ വിധി എഴുതുന്ന പ്രധാന ഘടകം.

മൂന്നാം സീഡ് ആണ് യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ന്യൂയോർക്കിൽ. ആദ്യ മത്സരത്തിൽ ബേസിനെ നേരിടുന്ന അൽകാരസിന് കടുത്ത പോരാട്ടം ആണ് മുന്നിലുള്ളത്. മൂന്നാം റൗണ്ടിൽ സിൻസിനാറ്റി ജേതാവ് ആയ ബോർണ ചോറിച്, നാലാം റൗണ്ടിൽ മാരിൻ ചിലിച്, ക്വാർട്ടർ ഫൈനലിൽ വിംബിൾഡണിൽ തനിക്ക് വില്ലൻ ആയ യാനിക് സിന്നർ എന്നിവർ ആയിരിക്കും അൽകാരസിനെ കാത്തിരിക്കുന്ന എതിരാളികൾ. നാലാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് ആദ്യ റൗണ്ടിൽ യോഗ്യത നേടി വരുന്ന താരത്തെയാണ് നേരിടുക. മുൻ സെമിഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനിയെ നാലാം റൗണ്ടിൽ നേരിടേണ്ടി വന്നേക്കാം എന്നത് ഗ്രീക്ക് താരത്തിന് വലിയ വെല്ലുവിളിയാണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ്, സെമിയിൽ ഒന്നാം സീഡ് മെദ്വദേവ്, ഫൈനലിൽ രണ്ടാം സീഡ് നദാൽ, മൂന്നാം സീഡ് അൽകാരസ് ഇങ്ങനെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്താൻ സിറ്റിപാസ് വലിയ വെല്ലുവിളി ആണ് അതിജീവിക്കേണ്ടത്.

പരിക്കിൽ നിന്നു മോചിതനായി എത്തുന്ന 2020 ലെ ചാമ്പ്യൻ ഡൊമനിക് തീം വൈൽഡ് കാർഡ് ആയി ടൂർണമെന്റ് കളിക്കും. ആദ്യ മത്സരത്തിൽ പന്ത്രണ്ടാം സീഡ് പാബ്ലോ കരെനോ ബുസ്റ്റയാണ് തീമിന്റെ എതിരാളി. ആന്റി മറെ, മുൻ ജേതാവ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിന് ഉണ്ട്. 25 സീഡ് ആയ സിൻസിനാറ്റി ജേതാവ് ബോർണ ചോറിച്ചിന് ആ മികവ് യു.എസ് ഓപ്പണിൽ തുടരാൻ ആവുമോ എന്നു കണ്ടറിയണം. 2020 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായി സീഡ് ചെയ്യപ്പെട്ട നിക് കിർഗിയോസിന്റെ പ്രകടനം ആണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രകടനം. 23 സീഡ് ആയ കിർഗിയോസ് നല്ല ഫോമിലും ആണ്. വിംബിൾഡൺ ഫൈനലിൽ എത്തിയ മികവ് താരം ആവർത്തിച്ചാൽ അത് ആരാധകർക്ക് വലിയ വിരുന്നു തന്നെയാവും സമ്മാനിക്കുക.

Story Highlight : US Open men’s draw and preview.

വാക്സിൻ വീണ്ടും വിന!! ജോക്കോവിച് യു എസ് ഓപ്പണിൽ നിന്ന് പിന്മാറി

നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിൽ കളിക്കില്ല എന്ന് ഉറപ്പായി. COVID-19-നെതിരെ വാക്സിനേഷൻ എടുത്തിട്ടില്ല എന്നതിനാൽ അമേരിക്കയിൽ പ്രവേശിക്കാൻ ജോക്കോവിചിനാകില്ല എന്ന് അധികൃതർ പറഞ്ഞിരുന്നും അതുകൊണ്ട് ഈ വർഷത്തെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി ജോക്കോവിച്ച് വ്യാഴാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ഇവന്റിനുള്ള നറുക്കെടുപ്പ് വെളിപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആണ് ഈ പ്രഖ്യാപനം.

മറ്റു കളിക്കാർക്ക് ആശംസകൾ നേർന്ന ജോക്കോവിച് വീണ്ടും മത്സരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും എന്നും പറഞ്ഞു.

ജോക്കോവിച്ചിന്റെ മൂന്ന് സ്ലാം ട്രോഫികൾ വന്ന കളം ആണ് അമേരിക്ക. 2011, 2015, 2018 വർഷങ്ങളിൽ ആയിരുന്നു താരം യുഎസ് ഓപ്പൺ ചാമ്പ്യൻ ആയത്. തിങ്കളാഴ്ച ആരംഭിക്കുന്ന യു എസ് ഓപ്പണിൽ ജോക്കോവിചിന്റെ അഭാവം വലിയ രീതിയിൽ കാണാൻ ആകും.

സെർബിയയിൽ നിന്നുള്ള 35 കാരനായ ജോക്കോവിച്ച് 21 പ്രധാന ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള താരമാണ്. കഴിഞ്ഞ ജനുവരിയിൽ ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണും വാക്സിൻ കാരണം നഷ്‌ടമായിരുന്നു.

യു.എസ് ഓപ്പൺ കളിക്കാൻ സാഷയില്ല, പിന്മാറി ലോക രണ്ടാം നമ്പർ താരം | Exclusive

പരിക്കിൽ നിന്നു പൂർണ മോചിതൻ അല്ലാത്ത താരം യു.എസ് ഓപ്പൺ കളിക്കില്ല.

യു.എസ് ഓപ്പൺ കളിക്കാൻ ഇല്ലെന്നു അറിയിച്ചു ലോക രണ്ടാം നമ്പർ താരം അലക്‌സാണ്ടർ സാഷ സെരവ്. ഈ വർഷം ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ റാഫേൽ നദാലിന് എതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കിൽ നിന്നു പൂർണ മോചിതൻ ആയിട്ടില്ല സെരവ് ഇത് വരെ.

ഈ കാരണം കൊണ്ടാണ് താരം യു.എസ് ഓപ്പണിൽ നിന്നു പിന്മാറ്റം പ്രഖ്യാപിച്ചത്. മുമ്പ് യു.എസ് ഓപ്പൺ ഫൈനലിൽ ജർമ്മൻ താരം എത്തിയിരുന്നു എങ്കിലും ഡൊമനിക് തീമിനോട് പരാജയപ്പെടുക ആയിരുന്നു. അങ്ങനെയെങ്കിൽ യു.എസ് ഓപ്പണിനു ശേഷം നടക്കുന്ന ഡേവിസ് കപ്പിൽ ആവും താരം കളത്തിലേക്ക് തിരിച്ചു വരിക.

യു എസ് ഓപ്പൺ 2022, ട്രൂലി ഓപ്പൺ

ഇക്കൊല്ലത്തെ ടെന്നീസ് ഗ്രാൻഡ്സ്ലാമുകളിൽ ഏറ്റവും തുറന്ന സമീപനം ഉള്ള ടൂർണമെന്റായി മാറുകയാണ് യുഎസ് ഓപ്പൺ 2022. കോവിഡാനന്തര കാലഘട്ടത്തിലെ ഈ ടെന്നീസ് മേജർ, യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങളിൽ നിന്ന് രക്ഷനേടിയ വാർത്തകൾ നേരത്തെ വന്നിരിന്നു.

അമേരിക്കൻ സെന്റർ ഫോർ ഡിസീസസിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപനമാണ് ആഗസ്റ്റ് 29ന് തുടങ്ങാനിരിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റിന് പുത്തൻ ഉണർവ്വ് നൽകിയിരിക്കുന്നത്. ഇനി വാക്സിൻ എടുക്കാത്തവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ വിലക്കുകളില്ല. വാക്സിൻ സ്റ്റാറ്റസ് കാരണം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നോവാക്കിന്‌ ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ടൂർണമെന്റ് അധികാരികൾ ഇനിയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, യുഎസിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇക്കൊല്ലത്തെ ഈ വിംബിൾഡൺ ചാമ്പ്യൻ. യുഎസിന് മുന്നോടിയായുള്ള മോൻട്രിയൽ, സിൻസിനാറ്റി തുടങ്ങിയ അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും, നോവക്കിന്‌ ആത്മവിശ്വാസക്കുറവില്ല.

റഷ്യൻ താരങ്ങളെ വിലക്കില്ല എന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ കൊല്ലത്തെ ചാംപ്യനും, ലോക ഒന്നാം നമ്പർ താരവുമായ മെദ്വദേവ് പങ്കെടുക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചത്തെ മോൻട്രിയൽ ടെന്നീസ് ടൂർണമെന്റിൽ കിരിയോസിനോട് തോറ്റത് മെദ്വദേവിന് തിരിച്ചടിയായി.

ഉദരത്തിലെ പേശികളിൽ ഉണ്ടായ പരിക്ക് മൂലം വിംബിൾഡൺ മുതൽ കളിയിൽ നിന്ന് മാറി നിന്നിരുന്ന നദാൽ യുഎസ് ഓപ്പണിൽ ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ നദാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു.

ആൻഡി മറെയും സിൻസിനാറ്റിയിൽ എത്തിക്കഴിഞ്ഞു. യുഎസ് ഓപ്പണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണിത്. എങ്കിലും ഒന്നാം റൗണ്ടിൽ എതിരാളിയായി വരുന്നത് സ്വിസ് താരം വാവ്രിങ്കയാണ് എന്നത് അമേരിക്കയിൽ ആൻഡിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നതിന്റെ സൂചനയാണ്.

ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറിൽ വച്ചു പരിക്കേറ്റ് പുറത്തായ സ്വേരേവ് അമേരിക്കയിലേക്ക് പ്‌ളെയിൻ കയറാൻ തന്നെയാണ് ശ്രമം. തിരിച്ചു വരവിന് ഇതിലും പറ്റിയ ടൂർണമെന്റ് വേറെയില്ല എന്ന തീരുമാനത്തിലാണ് താരം.

ഇവരെയെല്ലാം കൂടാതെ സിസിപ്പാസ്, അൽക്കറാസ്, ബാറ്റിസ്റ്റ അഗുട്, സിന്നർ, റൂഡ്, ഹുർകസ്, നോറി, ഓഗർ അലിയാസിമേ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതുതലമുറ താരങ്ങളുടെ ഒരു പട തന്നെ ന്യൂയോർക്കിലെ ക്വീൻസ് പാർക്കിലെ ബില്ലീ ജീൻ കിംഗ്‌ ടെന്നീസ് സെന്ററിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കാൻ തയ്യാറായി വരുന്നുണ്ട്. ഇപ്പഴും കളം നിറഞ്ഞു കളിക്കുന്ന വാവ്രിങ്ക, മോൻഫിൽസ്, ചിലിക്, തീം തുടങ്ങിയവരും ഉണ്ടാകും ന്യൂയോർക്കിൽ.

എങ്കിലും കാണികളുടെ ശ്രദ്ധ ഇക്കൊല്ലം ഓസ്‌ട്രേലിയൻ താരം നിക് കിരിയോസിലായിരിക്കും. കഴിഞ്ഞ കുറെ കൊല്ലങ്ങളായി കാണികളുടെ (കളിക്കാരുടെയും, ടെന്നീസ് അധികാരികളുടെയും) കണ്ണിലെ കരടായിരുന്ന നിക്ക് ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്! ഈ ലൈവ് വയർ കളിക്കാരനെ കാണാൻ സ്റ്റേഡിയം നിറഞ്ഞു കവിയും എന്നു തന്നെയാണ് എല്ലാവരും ഇപ്പോൾ വിശ്വസിക്കുന്നത്. ഒമ്പതോളം ടൂർണമെന്റുകളിൽ വിജയിച്ചു വരുന്ന കിരിയോസ് മോൻട്രിയലിൽ ക്വാർട്ടറിൽ പുറത്തായത് തിരിച്ചടിയായി.

ഇക്കൊല്ലത്തെ അവസാന ഗ്രാൻഡ്സ്ലാമിൽ പക്ഷെ ഫെഡറർ ഉണ്ടാകില്ല എന്ന സങ്കടം ടെന്നീസ് ആരാധകർക്കുണ്ട്. ഒരു വിടവാങ്ങൽ കളി മാത്രമായിട്ടാണെങ്കിലും ഈ ചാമ്പ്യൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. 2021 വിംബിൾഡണ് ശേഷം മുട്ടിന് ഏറ്റ പരിക്ക് മൂലം സർജറി ചെയ്ത ഫെഡറർ ഇത് വരെ ടെന്നീസിലേക്ക് മടങ്ങിയിട്ടില്ല. കഴിഞ്ഞാഴ്ച്ച 41 വയസ്സ് തികഞ്ഞ ഈ വിശ്വചാമ്പ്യൻ ഗ്രാൻഡ്സ്ലാമിലേക്ക് തിരികെ വരുന്ന കാര്യത്തിൽ ടെന്നീസ് വിദഗ്ധർക്ക് ഭിന്നാഭിപ്രായമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞു നടക്കാനിരിക്കുന്ന യൂറോപ് vs റെസ്റ്റ് ഓഫ് വേൾഡ് ടൂർണമെന്റായ ലേവർ കപ്പിലാകും ഫെഡറർ തിരിച്ചു വരിക എന്നൊരു ശ്രുതിയുണ്ട്.

ഇത്രയധികം ലോകതാരങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പൺ, ടെന്നീസിന്റെ പുതിയൊരു വസന്തകാലത്തിന്റെ തുടക്കമാകും എന്നു വിശ്വസിക്കാം. എല്ലാ കളിക്കാർക്കും കളിക്കാൻ അവസരം ലഭിക്കുന്ന ഈ ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ തുറന്ന സമീപനം, കളിയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്താൻ മറ്റ് കളികളുടെ അധികാരികൾക്കും പ്രചോദനമാകട്ടെ.

Story Highlight: Us open 2022 truly open

Exit mobile version