സെറീന വില്യംസ് ടെന്നീസ് കോർട്ട് വിട്ടു

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഇനി ടെന്നീസ് കോർട്ടിൽ ഉണ്ടാകില്ല. ഇന്ന് യുഎസ് ഓപ്പണിൽ അവർ പരാജയപ്പെട്ടതോടെ ഐതിഹാസികമായ ആ കരിയറിന് അവസാനമായി‌ ഓസ്‌ട്രേലിയയുടെ അജ്‌ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടാണ് ഇന്ന് സെറീന ടൂർണമെന്റിലെയും കരിയറിലെയും യാത്ര അവസാനിപ്പിച്ചത്‌.

യു എസ് ഓപ്പണിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞ മാസം സെറീന പറഞ്ഞിരുന്നു. 40 കാരിയായ സെറീന വില്യംസിനെ 7-5, 6-7 (4/7) 6-1 എന്ന സ്കോറിന് ആണ് ടോംലാനോവിച്ച് പരാജയപ്പെടുത്തിയത്.

27 വർഷൻ നീണ്ട കരിയറിൽ 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ താരമാണ് സെറീന.

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറുന്ന ആദ്യ നോർവെ താരമായി കാസ്പർ റൂഡ്

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ 29 സീഡ് അമേരിക്കൻ താരം ടോമി പോളിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി ചരിത്രം എഴുതി അഞ്ചാം സീഡ് കാസ്പർ റൂഡ്. ജയത്തോടെ യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ എത്തുന്ന ആദ്യ നോർവെ താരമായി റൂഡ് മാറി. ആദ്യ മൂന്ന് സെറ്റുകൾ ടൈബ്രൈക്കറിലേക്ക് നീണ്ട മത്സരത്തിൽ ഒന്നും മൂന്നും സെറ്റുകൾ റൂഡ് നേടിയപ്പോൾ രണ്ടാം സെറ്റ് ടോമി നേടി.

നാലാം സെറ്റ് 7-5 നു നേടിയ അമേരിക്കൻ താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ എന്നാൽ അമേരിക്കൻ താരത്തിന് ഒരവസരവും റൂഡ് നൽകിയില്ല. സെറ്റ് 6-0 നു നേടിയ താരം നോർവെ ചരിത്രം എഴുതി അവസാന പതിനാറിലേക്ക് മുന്നേറി. അർജന്റീന താരം പെഡ്രോയെ നാലു സെറ്റ് മത്സരത്തിൽ തോൽപ്പിച്ചു വരുന്ന ഫ്രഞ്ച് താരം കോരന്റീൻ മൗറ്റെയാണ് റൂഡിന്റെ അടുത്ത റൗണ്ടിലെ എതിരാളി.

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഒൻസ്, അമേരിക്കൻ പോരാട്ടം ജയിച്ചു കൊക്കോ ഗോഫും നാലാം റൗണ്ടിൽ

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുർ. കരിയറിൽ ഇത് ആദ്യമായാണ് ഒൻസ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ എത്തുന്നത്. അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഒൻസ് മറികടന്നത്. മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്തു ഒൻസ്. ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം തിരിച്ചു വന്ന ആഫ്രിക്കൻ താരം രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് സ്വന്തമാക്കി അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. ദൽമ ഗാൽഫിയെ 6-2, 6-0 എന്ന സ്കോറിന് തകർത്തു വരുന്ന റഷ്യയുടെ 18 സീഡ് വെറോണിക കുണ്ടർമെറ്റോവയാണ് ഒൻസിന്റെ നാലാം റൗണ്ടിലെ എതിരാളി.

അമേരിക്കൻ പോരാട്ടത്തിൽ 20 സീഡ് മാഡിസൺ കീയ്സിനെ 6-2, 6-3 എന്ന സ്കോറിന് തകർത്ത 12 സീഡ് കൊക്കോ ഗോഫും അവസാന പതിനാറിൽ സ്ഥാനം പിടിച്ചു. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫ് തീർത്തും ആധികാരിക ജയം ആണ് നേടിയത്. കരിയറിൽ ആദ്യമായാണ് യു.എസ് ഓപ്പൺ അവസാന എട്ടിൽ ഗോഫ് എത്തുന്നത്. ഇതോടെ 1998 നു ശേഷം നാലു ഗ്രാന്റ് സ്‌ലാമുകളിലും നാലാം റൗണ്ടിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗോഫ് മാറി. കനേഡിയൻ താരം റബേക്കയെ 6-2, 6-4 എന്ന സ്കോറിന് തകർത്തു വരുന്ന ഷാങ് ഷു ആണ് ഗോഫിന്റെ നാലാം റൗണ്ടിലെ എതിരാളി.

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ ആന്റി മറെ പൊരുതി വീണു

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ 13 സീഡ് മറ്റെയോ ബരെറ്റിനിയോട് പൊരുതി കീഴടങ്ങി ഇതിഹാസതാരം ആന്റി മറെ. നാലു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് മറെ പരാജയം സമ്മാനിച്ചത്. ആദ്യ സെറ്റിൽ ബ്രൈക്ക് പോയിന്റ് കണ്ടത്താൻ ആയെങ്കിലും ഇത് മുതലെടുക്കാൻ മറെക്ക് ആവാതിരുന്നതോടെ ബ്രൈക്ക് കണ്ടത്തിയ ബരെറ്റിനി സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റും ഇറ്റാലിയൻ താരം 6-4 നു നേടിയതോടെ മറെ പ്രതിസന്ധിയിലായി. എന്നാൽ മൂന്നാം സെറ്റ് ടൈബ്രൈക്കറിലേക്ക് നീട്ടിയ ബ്രിട്ടീഷ് താരം ആ സെറ്റ് ടൈബ്രൈക്കറിൽ സ്വന്തമാക്കി മത്സരം നാലാം സെറ്റിലേക്ക് നീട്ടി.

നാലാം സെറ്റിലും പൊരുതി നോക്കിയെങ്കിലും സെറ്റ് 6-3 നു നേടിയ ഇറ്റാലിയൻ താരം മറെയുടെ പോരാട്ടം അതിജീവിക്കുക ആയിരുന്നു. 18 ഏസുകൾ ഉതിർത്ത ബരെറ്റിനിയുടെ സർവീസ് 2 തവണ ബ്രൈക്ക് ചെയ്യാൻ മറെക്ക് ആയെങ്കിലും 5 തവണ സർവീസ് ബ്രൈക്ക് മറെ വഴങ്ങി. നാലാം റൗണ്ടിൽ ഡേവിഡോവിച് ഫോകിന ആണ് ബരെറ്റിനിയുടെ എതിരാളി. 27 സീഡ് കാരൻ ഖാചനോവും നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിട്ടീഷ് താരം ജാക് ഡ്രേപ്പർ പരിക്കേറ്റു പിന്മാറിയതോടെയാണ് ഖാചനോവ് നാലാം റൗണ്ടിൽ എത്തിയത്. 6-3, 4-6, 6-5 എന്ന നിലയിൽ മൂന്നാം സെറ്റിൽ ഖാചനോവ് മുന്നിട്ട് നിൽക്കുമ്പോൾ ആണ് ബ്രിട്ടീഷ് താരം മത്സരത്തിൽ നിന്നു പിന്മാറിയത്.

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ രണ്ടു മാച്ച് പോയിന്റ് രക്ഷിച്ചു സബലങ്കയുടെ ജയം, മുഗുരുസയും മൂന്നാം റൗണ്ടിൽ

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ അവിശ്വസനീയ തിരിച്ചു വരവ് നടത്തി ആറാം സീഡ് ആര്യാന സബലങ്ക. കയിയ കനെപിക്ക് എതിരെ ആദ്യ സെറ്റ് 6-2 നു കൈവിട്ട സബലങ്ക രണ്ടാം സെറ്റിൽ 5-1 നു പിറകിൽ ആയിരുന്നു. തുടർന്ന് രണ്ടു മാച്ച് പോയിന്റ് രക്ഷിച്ചു സെറ്റ് ടൈബ്രൈക്കറിൽ നേടിയ താരം മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റ് 6-4 നു നേടി തിരിച്ചു വരവ് പൂർത്തിയാക്കി സബലങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ക്ലാര ബുരൽ ആണ് സബലങ്കയുടെ എതിരാളി. നാട്ടുകാരിയായ മേരി ബൗസ്കോവയെ 6-3, 6-2 എന്ന സ്കോറിന് മറികടന്ന ചെക് താരവും 22 സീഡും ആയ കരോളിന പ്ലിസ്കോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

ചെക് താരം ലിന്റയെ 6-0, 6-4 എന്ന സ്കോറിന് തകർത്താണ് ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസ മൂന്നാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് സ്പാനിഷ് താരം ബ്രൈക്ക് ചെയ്തു. മൂന്നാം റൗണ്ടിൽ 21 സീഡ് ചെക് താരം പെട്ര ക്വിറ്റോവയാണ് മുഗുരുസയുടെ എതിരാളി. എതിരാളി പരിക്കേറ്റു പിന്മാറിയതോടെയാണ് ക്വിറ്റോവ മൂന്നാം റൗണ്ടിൽ എത്തിയത്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ക്രിസ്റ്റീനയെ 6-2, 7-5 എന്ന സ്കോറിന് തകർത്തു അമേരിക്കൻ താരവും 19 സീഡും ആയ ഡാനിയേല കോളിൻസും മൂന്നാം റൗണ്ടിൽ എത്തി. ആദ്യ റൗണ്ടിൽ ഒസാക്കയെ വീഴ്ത്തി ആയിരുന്നു താരം രണ്ടാം റൗണ്ടിൽ എത്തിയത്.

അനായാസ ജയവുമായി അൽകാരസ്, നോറി, റൂബ്ലേവ്, സിന്നർ തുടങ്ങിയവർ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ അനായാസ ജയവുമായി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ മൂന്നാം റൗണ്ടിൽ. അർജന്റീനൻ താരം ഫെഡറികോ കോറിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത അൽകാരസ് 6-2, 6-1, 7-5 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി. പോർച്ചുഗീസ് താരം ജാവോ സൗസയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബ്രിട്ടീഷ് താരവും ഏഴാം സീഡും ആയ കാമറൂൺ നോറി മറികടന്നത്. 6-4, 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് ഒന്നാം നമ്പർ താരത്തിന്റെ ജയം.

ജപ്പാൻ താരം സൂ വൂവിനെ 6-3, 6-0, 6-4 എന്ന സ്കോറിന് തകർത്ത ഒമ്പതാം സീഡ് ആന്ദ്ര റൂബ്ലേവും മൂന്നാം റൗണ്ടിൽ എത്തി. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത റൂബ്ലേവ് ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. അമേരിക്കൻ താരം ക്രിസ്റ്റഫറിനെ 6-4, 7-6, 6-2 എന്ന സ്കോറിന് മറികടന്ന 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ, സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ 6-3, 7-6, 6-3 എന്ന സ്കോറിന് മറികടന്ന 15 സീഡ് മാരിൻ ചിലിച് എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരം ബ്രാണ്ടൻ നകഷിമയോട് 7-6, 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് പരാജയപ്പെട്ട 17 സീഡ് ഗ്രിഗോർ ദിമിത്രോവ്, അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയോട് നേരിട്ടുള്ള സ്കോറിന് പരാജയപ്പെട്ട 25 സീഡ് ബോർണ ചോരിച് എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി.

ലൈൻ ജഡ്ജസ് ഇല്ലാത്ത യു എസ് ഓപ്പൺ

ന്യൂയോർക്കിലെ ബില്ലി ജീൻ ടെന്നീസ് സെന്ററിൽ നടക്കുന്ന വർഷത്തെ അവസാന ഗ്രാൻഡ്സ്ലാം ആയ യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസ് അല്ലെങ്കിൽ അമ്പയേഴ്സിനെ കാണാനില്ല. എന്നാൽ ബോൾ ഔട്ട് വിളിക്കുന്നത് കേൾക്കുന്നുമുണ്ട്!

ടെക്‌നോളജിയുടെ കളിയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ വന്നാൽ ജോലി പോകും എന്ന ചില നാടുകളിലെ മുദ്രാവാക്യങ്ങളിൽ നിന്ന് നാം ഇന്ന് വളരെ മുന്നോട്ടു പോയിരിക്കുന്നു. എങ്ങനെ ടെക്‌നോളജി ഉപയോഗിച്ചു കാര്യങ്ങൾ എളുപ്പത്തിലാക്കാം, കൃത്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്.

ടെന്നീസിലെ ആദ്യ ടെക്‌നോളജി മാറ്റം കോർട്ട് സർഫേസ്‌ ആയിരുന്നു. ക്ലേ കോർട്ടിൽ നിന്നും, ഗ്രാസ് കോർട്ടിൽ നിന്നും ഹാർഡ് കോർട്ടിലേക്ക് മാറി. പിന്നീട് റാക്കറ്റിലായി മാറ്റങ്ങളുടെ വിശേഷം. മര റാക്കറ്റിൽ നിന്നു ലാമിനേറ്റഡ് മരത്തിലേക്കും, സ്റ്റീലിലേക്കും, അലുമിനിയത്തിലേക്കും, അവസാനം 1980ൽ ഗ്രഫൈറ്റിലേക്കും റാക്കറ്റുകൾ മാറി. ഇപ്പഴും പുതിയ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ടാണ് മുൻകാലത്തെ ചാമ്പ്യന്മാരുടെ ഷോട്ടുകളുടെ കരുത്തും സ്പീഡും ഇന്നത്തേതുമായി താരതമ്യം ചെയ്യരുത് എന്നു പറയുന്നത്.

കളിയുടെ വേഗത കൂടിയതോടെയാണ് കോർട്ടുകളിലെ തർക്കങ്ങൾ കൂടിയത്. ലൈൻ ജഡ്ജസിന്റെ കോളുകൾ കളിക്കാരും കാണികളും ചോദ്യം ചെയ്തു തുടങ്ങി. ഇതിന് ഒരു പരിധി വരെ ആശ്വാസമായത് 2000 ആണ്ട് കഴിഞ്ഞാണ്. കോർട്ടിലെ ലൈൻ കോളുകൾ കളിക്കാർക്ക് ചോദ്യം ചെയ്യാനും, കൃത്യത ഉറപ്പ് വരുത്താനും ഇത് വഴി സാധിച്ചു. പക്ഷെ എന്നിട്ടും തർക്കങ്ങൾ തുടർന്ന്.

അതേ തുടർന്നാണ് കഴിഞ്ഞ മൂന്നോ നാലോ കൊല്ലങ്ങളായി എല്ലാ ബോളുകളും ഹോക്ക് ഐ വഴി തീരുമാനിക്കാൻ പറ്റുമോ എന്ന ഗവേഷണങ്ങൾ നടന്നത്. അങ്ങനെ 2021 യു എസ് ഓപ്പൺ ടൂർണമെന്റിൽ ആദ്യമായി ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഹോക്ക് ഐ മാത്രമായി കളികൾ നടത്തി. ബോൾ പുറത്തു ലാൻഡ്‌ ചെയ്യുമ്പോൾ സ്പീക്കറിലൂടെ ഔട്ട് വിളി ഉയരും!

ഹോക്ക് ഐ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ഇല്ലാത്തത് കൊണ്ടും, എല്ലാവരോടും ഒരേ നയമാണ് സ്വീകരിക്കുന്നത് എന്നത് കൊണ്ടും കളിക്കാർക്ക് സ്വീകാര്യമായി. കഴിഞ്ഞ കൊല്ലത്തെ വിജയകരമായ ഉപയോഗത്തെ തുടർന്ന് ഇക്കൊല്ലവും യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസിനെ ഒഴിവാക്കിയിട്ടുണ്ട്. കോർട്ടിലെ ഡ്രാമകൾ കുറയുമെങ്കിലും കളിയുടെ വിശ്വാസ്യത കൂടും എന്നതിനാൽ ഇത് ഇനി എല്ലാ ടൂർണമെന്റുകളിലും ഒരു സ്ഥിരം ഏർപ്പാടായി ഉടൻ മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ ഫെലിക്‌സ് വീണു, മെദ്വദേവ്, റൂഡ്, നിക് തുടങ്ങിയവർ മുന്നോട്ട്

യു.എസ് ഓപ്പണിൽ വീണ്ടും ഒരു വമ്പൻ അട്ടിമറി, ഇത്തവണ ആറാം സീഡ് കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെ രണ്ടാം റൗണ്ടിൽ പുറത്തായി. കരിയറിലെ തന്റെ ഏറ്റവും മികച്ച ജയം സ്വപ്ന പ്രകടനവും ആയി നേടിയ ബ്രിട്ടീഷ് താരം ജാക് ഡ്രേപർ ഫെലിക്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുക ആയിരുന്നു. ഓരോ സെറ്റിലും ഫെലിക്‌സിന്റെ ഓരോ സർവീസ് വീതം ബ്രൈക്ക് ചെയ്ത ബ്രിട്ടീഷ് താരം 6-4, 6-4, 6-4 എന്ന സ്കോറിന് ജയം സ്വന്തമാക്കുക ആയിരുന്നു. തന്റെ എല്ലാ നല്ലതും മോശം മുഖവും കാണിച്ച മത്സരത്തിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൻസിയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്നു 23 സീഡ് നിക് കിർഗിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 7-6, 6-4, 4-6, 6-4 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയൻ താരത്തിന്റെ ജയം. മത്സരത്തിൽ 30 ഏസുകൾ ആണ് നിക് ഉതിർത്തത്. പലപ്പോഴും സ്വന്തം ടീമിനോട് രൂക്ഷമായി കയർക്കുന്ന നിക്കിനെ ആണ് മത്സരത്തിൽ കാണാൻ ആയത്.

കിരീടം നിലനിർത്താൻ ഇറങ്ങിയ ഒന്നാം സീഡ് ഡാനിൽ മെദ്വദേവ് ഫ്രഞ്ച് താരം ആർതറെ നേരിട്ടുള്ള സ്കോറിന് തകർത്തു മൂന്നാം റൗണ്ട് ഉറപ്പിച്ചു. 5 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത മെദ്വദേവ് 6-2, 7-5, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഏതാണ്ട് തന്റെ പൂർണ മികവിലേക്ക് മത്സരത്തിൽ മെദ്വദേവ് ഉയർന്നു. ഡച്ച് താരം ടിം വാൻ റിജ്തോവനോട് ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു ജയിച്ചു അഞ്ചാം സീഡ് കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ എത്തി. നന്നായി തുടങ്ങിയ ഡച്ച് താരത്തിന് ഇടക്ക് ഏറ്റ ചെറിയ പരിക്ക് വിനയായി. 6-7, 6-4, 6-4, 6-4 എന്ന സ്കോറിന് റൂഡ് ജയം കണ്ടു. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത ഡച്ച് താരത്തിന്റെ സർവീസ് റൂഡ് നാലു തവണ ബ്രൈക്ക് ചെയ്തു. 27 സീഡ് കാരൻ ഖാചനോവ്, 29 സീഡ് ടോമി പോൾ എന്നിവരും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മൂന്നാം സീഡ് മരിയ സക്കറി യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ പുറത്ത്, ഒൻസ്, കൊക്കോ തുടങ്ങിയവർ മുന്നോട്ട്

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡ് ആയ ഗ്രീക്ക് താരം മരിയ സക്കറിയെ ചൈനീസ് താരം ഷി വാങ് രണ്ടാം റൗണ്ടിൽ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ 7-5, 7-5 എന്ന സ്കോറിന് നേടി ആണ് ചൈനീസ് താരം ജയം പിടിച്ചെടുത്തത്. ഇറ്റാലിയൻ താരം കാമില ജോർജിയെ 6-4, 5-7, 7-6 എന്ന സ്കോറിന് വീഴ്ത്തി 20 സീഡ് മാഡിസൺ കീയ്സ്, നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച 18 സീഡ് വെറോണിക എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അമേരിക്കൻ താരം എലിസബത്ത് മാണ്ടിലികിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് അമേരിക്കൻ താരത്തിന്റെ പോരാട്ടം അതിജീവിച്ചു 7-5 നു നേടിയ ഒൻസ് രണ്ടാം സെറ്റ് 6-2 നു ആണ് നേടിയത്. റോമാനിയൻ താരം എലേന ഗബ്രിയേല റൂസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 12 സീഡ് കൊക്കോ ഗോഫ് മറികടന്നത്. ആദ്യ സെറ്റ് 6-2 നു നേടിയ അമേരിക്കൻ താരം രണ്ടാം സെറ്റ് ടൈബ്രൈക്കറിലൂടെ നേടി മൂന്നാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

തിരിച്ചു വന്നു ജയിച്ചു യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ആന്റി മറെ

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ബ്രിട്ടീഷ് ഇതിഹാസതാരം ആന്റി മറെ. അമേരിക്കൻ താരം എമിലിയോ നവക്ക് എതിരെ ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്നാണ് മറെ ജയം കണ്ടത്‌. രണ്ടാം സെറ്റ് മുതൽ സമ്പൂർണ ആധിപത്യം കണ്ട മറെ 6-3, 6-1, 6-0 എന്ന സ്കോറിന് ആണ് തുടർന്നുള്ള സെറ്റുകൾ ജയിച്ചത്. മത്സരത്തിൽ എട്ട് തവണ എതിരാളിയുടെ സർവീസ് മറെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

ഫ്രഞ്ച് താരം ഹ്യൂഗോ ഗ്രനിയറിന് എതിരെ സമാനമായാണ് ഇറ്റാലിയൻ താരവും 13 സീഡും ആയ മറ്റെയോ ബരെറ്റിനി ജയിച്ചത്. ആദ്യ സെറ്റ് 6-2 നു കൈവിട്ട ഇറ്റാലിയൻ താരം രണ്ടാം സെറ്റ് 6-1 നു നേടി തിരിച്ചടിച്ചു. തുടർന്ന് മൂന്നും നാലും സെറ്റുകൾ ടൈബ്രൈക്കറിലൂടെ സ്വന്തമാക്കിയാണ് ബരെറ്റിനി മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ബുബ്ലികിനെ ഇതേപോലെ 4-6, 6-4, 6-3,7-6 എന്ന സ്കോറിന് തിരിച്ചു വന്നു തോൽപ്പിച്ച 12 സീഡ് പാബ്ലോ ബുസ്റ്റയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

വമ്പൻ അട്ടിമറി കണ്ടു യു എസ് ഓപ്പൺ, നിലവിലെ ജേതാവ് എമ്മ റാഡുകാനു, നയോമി ഒസാക്ക എന്നിവർ ആദ്യ റൗണ്ടിൽ പുറത്ത്

യു എസ് ഓപ്പൺ ആദ്യ റൗണ്ടിൽ നിലവിലെ ജേതാവ് എമ്മ റാഡുകാനു പുറത്ത്. പരിച്ചയാസമ്പന്നയായ ഫ്രഞ്ച് താരം ആലീസ് കോർണറ്റ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 11 സീഡ് ആയ ബ്രിട്ടീഷ് താരത്തെ അട്ടിമറിച്ചത്. എമ്മക്ക് എതിരെ ആധികാരിക പ്രകടനവും ആയി ഫ്രഞ്ച് താരം 6-3, 6-3 എന്ന സ്കോറിന് മത്സരം ജയിച്ചു. ബ്രിട്ടീഷ് താരത്തിന് കനത്ത നിരാശയായി ഈ ഫലം. 19 സീഡ് അമേരിക്കയുടെ ഡാനിയേല കോളിൻസിനോട് 7-6, 6-3 എന്ന സ്കോറിന് പരാജയപ്പെട്ട മുൻ ജേതാവ് നയോമി ഒസാക്കയും ആദ്യ റൗണ്ടിൽ പുറത്തായി. ടൈബ്രൈക്ക് വരെ എത്തിയ ആദ്യ സെറ്റിൽ ഒസാക്ക പൊരുതിയെങ്കിലും അമേരിക്കൻ താരത്തിന് മുന്നിൽ ഒസാക്ക കീഴടങ്ങി.

അതേസമയം നാലാം സീഡ് സ്പാനിഷ് താരം പൗള ബഡോസ യുക്രെയ്ൻ താരം ലെസിയയെ മറികടന്നു രണ്ടാം റൗണ്ടിൽ എത്തി. ആദ്യ 6-3 നു കൈവിട്ട ശേഷമാണ് രണ്ടും മൂന്നും സെറ്റുകൾ 7-6, 6-3 എന്ന സ്കോറിന് നേടി പൗള മത്സരത്തിൽ ജയം കണ്ടത്. ആന്ദ്രയ പെറ്റ്കോവിച്ചിനെ 6-2, 4-6, 6-4 എന്ന സ്കോറിന് മറികടന്നു 13 സീഡ് ബലിന്ത ബെനചിച്, 26 സീഡ് വിക്ടോറിയ അസരങ്ക എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വൈൽഡ് കാർഡ് ആയി എത്തിയ ഇതിഹാസ താരം വീനസ് വില്യംസ് ആദ്യ റൗണ്ടിൽ ജർമ്മൻ താരം ആലിസണിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ഫ്രഞ്ച് താരം ക്ലാര ബുരലിന് മുന്നിൽ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെട്ട വിംബിൾഡൺ ജേതാവ് എലേന റിബാക്കിനയും ആദ്യ റൗണ്ടിൽ പുറത്തായി.

ആദ്യ സെറ്റ് കൈവിട്ട ശേഷം ജയം കണ്ടു നദാൽ, ഗ്രാന്റ് സ്‌ലാമുകളിൽ തുടർച്ചയായ ഇരുപതാം ജയം

ഗ്രാന്റ് സ്‌ലാം മത്സരങ്ങളിൽ ഈ സീസണിലെ അപരാജിത കുതിപ്പ് തുടർന്ന് രണ്ടാം സീഡ് റാഫേൽ നദാൽ. യു.എസ് ഓപ്പൺ ആദ്യ റൗണ്ട് ജയത്തോടെ ഗ്രാന്റ് സ്‌ലാം മത്സരങ്ങളിൽ തുടർച്ചയായ ഇരുപതാം ജയം ആണ് നദാൽ കുറിച്ചത്. ഓസ്‌ട്രേലിയൻ താരം റിങ്കി ഹിജിക്കാതയെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് 22 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ നദാൽ മറികടന്നത്. പൂർണ മികവിലേക്ക്‌ ഉയരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച നദാൽ എതിരാളിയുടെ സർവീസ് 5 തവണ ബ്രൈക്ക് ചെയ്തു. 4-6, 6-2, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ തോൽക്കാത്ത പതിവ് താരം ഇന്നും തുടർന്നു.

സെർബിയൻ താരം ലാസ്ലോ ഡറെയെ അഞ്ചു സെറ്റ് പോരാട്ടത്തിൽ മറികടന്ന ഒമ്പതാം സീഡ് ആന്ദ്ര റൂബ്ലേവും രണ്ടാം റൗണ്ടിൽ എത്തി. കടുത്ത പോരാട്ടം നേരിട്ട റൂബ്ലേവ് 7-6, 6-3 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നേടിയെങ്കിലും മൂന്നും നാലും സെറ്റുകൾ 6-3, 6-4 എന്ന സ്കോറിന് കൈവിട്ടു. എന്നാൽ അവസാന സെറ്റിൽ നിർണായക ബ്രൈക്ക് നേടിയ റൂബ്ലേവ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ജർമ്മൻ താരം ഓസ്കാർ ഓട്ടയെ 6-4, 6-2, 6-4 എന്ന അനായാസ ജയവുമായി എട്ടാം സീഡ് ഉമ്പർട്ട് ഹുർകാഷും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 18 ഏസുകൾ ആണ് ഹുർകാഷ് മത്സരത്തിൽ ഉതിർത്തത്.

ജർമ്മൻ താരം ഡാനിയേൽ ആൾട്മെയറിന്റെ കടുത്ത വെല്ലുവിളി ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ നേരിട്ടത്. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം 6-2, 6-1 എന്ന സ്കോറിന് സിന്നർ രണ്ടും മൂന്നും സെറ്റുകൾ സിന്നർ നേടി. എന്നാൽ നാലാം സെറ്റ് 6-3 നു ജർമ്മൻ താരം നേടിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റ് 6-1 നു നേടി സിന്നർ മത്സരം ജയിക്കുക ആയിരുന്നു. 14 സീഡ് ഡീഗോ ഷ്വാർട്സ്മാൻ, 15 സീഡും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ മാരിൻ ചിലിച്, 19 സീഡ് ഡെന്നിസ് ഷപവലോവ്, 22 സീഡ് ഫ്രാൻസസ് ടിയഫോ, 25 സീഡ് ബോർണ ചോരിച് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Exit mobile version