യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ തോല്‍വിയേറ്റു വാങ്ങി അങ്കിത റെയ്‍ന

യുഎസ് ഓപ്പൺ പ്രധാന ഡ്രോയിൽ യോഗ്യത നേടുകയെന്ന അങ്കിത റെയ്‍നയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ലോക റാങ്കിംഗിൽ 195ാം സ്ഥാനത്തുള്ള ജാമി ലോബിനോട് മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിൽ തോല്‍വിയേറ്റ് വാങ്ങിയാണ് അങ്കിത പുറത്തായത്. സ്കോര്‍: 3-6, 6-2, 4-6. ലോക റാങ്കിംഗിൽ 192ാം സ്ഥാനമാണ് അങ്കിതയുടേത്.

യോഗ്യത റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ വിജയിച്ചിരുന്നുവെങ്കിൽ പ്രധാന ഡ്രോയിലേക്ക് ഇന്ത്യന്‍ താരത്തിന് യോഗ്യത ലഭിയ്ക്കുമായിരുന്നു. സുമിത് നഗാൽ, പ്രജ്നേഷ് ഗുണ്ണേശ്വരന്‍, രാംകുമാര്‍ രാമനാഥന്‍ എന്നിവരാണ് യോഗ്യത റൗണ്ടിൽ കളിക്കുന്ന മറ്റു താരങ്ങള്‍.

ഒടുവിൽ പുരുഷ ടെന്നീസിൽ പുതിയ ഒരു ഗ്രാന്റ് സ്‌ലാം ജേതാവ് പിറക്കും!

ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷം ടെന്നീസ് പുരുഷ വിഭാഗത്തിൽ ഈ വർഷം യു.എസ് ഓപ്പണിൽ ഒരു പുതിയ ജേതാവ് ഉണ്ടാവും എന്നുറപ്പായി. ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്, മാരിൻ സിലിച്ച്, ആന്റി മറെ എന്നിവർ ടൂർണമെന്റിൽ നിന്നു പുറത്ത് പോയതോടെയാണ് പുതിയ ഗ്രാന്റ് സ്‌ലാം ജേതാവ് യു.എസ് ഓപ്പണിൽ പിറക്കും എന്നുറപ്പായത്. ഫെഡറർ, നദാൽ എന്നിവർ കളിക്കാത്ത ടൂർണമെന്റിൽ നിലവിൽ അവശേഷിക്കുന്ന ഒരു താരവും ഒരു ഗ്രാന്റ് സ്‌ലാം കിരീടം പോലും നേടിയിട്ടില്ല. 2014 ലിൽ യു.എസ് ഓപ്പൺ ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ആയിരുന്നു ഏറ്റവും അവസാനം ആദ്യമായി ഗ്രാന്റ് സ്‌ലാം നേടിയ താരം. അതേസമയം ഏതാണ്ട് നാലു വർഷങ്ങൾക്ക് ശേഷം ഇതിഹാസ താരങ്ങൾ ആയ ‘ബിഗ് 3’ ക്ക് പുറമെ ഒരു ഗ്രാന്റ് സ്‌ലാം ജേതാവിനെയും പുരുഷ വിഭാഗത്തിൽ ലോകത്തിനു ലഭിക്കും.

2016 ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ സ്വിസ് താരം സ്റ്റാനിസ്ലാവ് വാവറിങ്കക്ക് ശേഷം നടന്ന എല്ലാ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്ച് എന്നിവർ മാത്രം ആണ് നേടിയത്. ഫെഡററിന്റെ അരങ്ങേറ്റത്തിനു ശേഷം 56 തവണയാണ് ഗ്രാന്റ് സ്‌ലാമിൽ ഈ മൂന്നു താരങ്ങളും കൂടി നേടിയത് എന്നത് ഇവർ മൂന്നു പേരും ടെന്നീസിൽ എത്ര മാത്രം ആധിപത്യം പുലർത്തുന്നു എന്നതിന്റെ തെളിവ് ആണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ആവട്ടെ 3 പ്രാവശ്യം ഗ്രാന്റ് സ്‌ലാം നേടിയ വാവറിങ്ക, 3 പ്രാവശ്യം കിരീടം നേടിയ ആന്റി മറെ ഒരു പ്രാവശ്യം ഗ്രാന്റ് സ്‌ലാം നേടിയ മാരിൻ സിലിച്ച് എന്നിവർ ഒഴിച്ചാൽ ബാക്കി എല്ലായിപ്പോഴും കിരീടം ഇവർ മൂന്നു പേർക്കും സ്വന്തം. 2006 നു ശേഷം ആവട്ടെ വെറും 4 താരങ്ങൾ മാത്രം ആണ് ബിഗ് 3 ക്ക് പിറകെ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയിട്ടുള്ളത്.

അതിനാൽ തന്നെ തങ്ങളുടെ ആദ്യ കിരീടം ഉയർത്താൻ ടെന്നീസിലെ യുവ തലമുറ താരങ്ങൾ തമ്മിൽ കടുത്ത പോരാട്ടം തന്നെ നടക്കും എന്നുറപ്പാണ്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച രണ്ടാം സീഡ് ഡൊമനിക് തീം ആണ് കൂട്ടത്തിൽ കൂടുതൽ പരിചയസമ്പന്നൻ. 27 വയസ്സുള്ള തീമിനു 2 ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ആനുഭവസമ്പത്തും കൂടെയുണ്ട്. കളിമണ്ണ് കോർട്ട് താരമെന്ന ചീത്തപ്പേര് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തി മാറ്റിയ ഡാനിഷ് താരം മുമ്പ് 3 തവണ കൈവിട്ട കിരീടം ആണ് ലക്ഷ്യം വക്കുക. മികച്ച ഫോമിൽ ആണ് ഇത് വരെ തീം. യുവ കനേഡിയൻ താരവും പതിനഞ്ചാം സീഡുമായ ഫെലിക്‌സ് ആഗർ അലിയാസമെ ആണ് നാലാം റൗണ്ടിൽ ഇന്ന് രാത്രി തീമിന്റെ എതിരാളി.

അതേസമയം കഴിഞ്ഞ വർഷം റാഫേൽ നദാലിന് മുന്നിൽ 5 സെറ്റ് പോരാട്ടത്തിൽ അടിയറവ് പറഞ്ഞ കിരീടം തിരിച്ചു പിടിക്കാൻ ആവും മൂന്നാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ് ഇപ്രാവശ്യം ശ്രമിക്കുക. മികച്ച ഫോമിലുള്ള മെദ്വദേവ് ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല. നാലാം റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ മറികടന്ന് അവസാന എട്ടിലേക്ക് മുന്നേറാൻ ആവും റഷ്യൻ താരം ഇന്ന് ശ്രമിക്കുക. നാലാം റൗണ്ടിൽ നാലാം സീഡ് ബോർണ കോരിച്ചിനെ നേരിടാൻ ഒരുങ്ങുന്ന ജർമ്മൻ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടർ സെരവ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കൂടിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ ഗ്രാന്റ് സ്‌ലാമുകളിൽ പതറുന്ന സ്വഭാവം സെരവിനു വെല്ലുവിളി ആണ്.

ഉജ്ജ്വല ഫോമിലുള്ള ആറാം സീഡ് മറ്റിയോ ബരേറ്റിനി, പത്താം സീഡ് ആന്ദ്ര റൂബ്ലേവ് എന്നിവർ ഇന്ന് നേർക്കുനേർ വരുന്നതിനാൽ ഒരാൾ മാത്രമേ ക്വാർട്ടർ ഫൈനലിൽ എത്തുകയുള്ളൂ. മികച്ച ഫോമിലുള്ള പത്രണ്ടാം സീഡ് ഡെന്നിസ് ഷപോവലോവിനെയും കിരീടപോരാട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത പേരാണ്. തങ്ങൾക്ക് ലഭിച്ച സുവർണാവസരം ഇവരിൽ ആരു മുതലാക്കും അല്ലെങ്കിൽ കളയും എന്നു കാത്തിരുന്നു തന്നെ കാണാം. ബിഗ് 3 ആധിപത്യം കണ്ട ഒന്നര പതിറ്റാണ്ട് കാലത്തിനു ശേഷം പുരുഷ ടെന്നീസിൽ പുതിയ ജേതാവ് ഉണ്ടാവുന്നത് ആരാധകർക്ക് വലിയ ഉണർവ് പകർന്നേക്കും.

യു. എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡ് പ്ലിസ്കോവ

സീഡ് ചെയ്യാത്ത ഉക്രൈൻ താരം അഹെലിന കലിനിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഒന്നാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായി ഗ്രാന്റ് സ്‌ലാമിൽ ഒന്നാമത് ആയി സീഡ് ചെയ്യപ്പെട്ട ചെക് താരം ആർതർ ആഷെയിൽ എതിരാളിക്ക് വലിയ അവസരം ഒന്നും നൽകിയില്ല. ആദ്യ സെറ്റിൽ 2 ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും എതിരാളിയെ ബ്രൈക്ക് ചെയ്തു 6-4 നു ചെക് താരം സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ആവട്ടെ എതിരാളിക്ക് ഒരവസരവും പ്ലിസ്കോവ നൽകിയില്ല. 6-0 നു സെറ്റ് സ്വന്തമാക്കിയ താരം ഏതാണ്ട് ഒരു മണിക്കൂർ നീണ്ട മത്സരം കയ്യിലാക്കി. അതേസമയം ജർമ്മൻ താരവും മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ആയ ആഞ്ചലിക്ക കെർബറും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരത്തെ 6-4, 6-4 എന്ന സ്കോറിന് ആണ് കെർബർ മറികടന്നത്. ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളും ജയിച്ച കെർബർ എതിരാളിയുടെ വെല്ലുവിളി മറികടന്നു. 12 സീഡ് ചെക് താരം മാർക്കറ്റ വോണ്ടറോസോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സിമോണ ഹാലെപ്

യുഎസ് ഓപ്പണില്‍ നിന്ന് മറ്റൊരു താരം കൂടി പിന്മാറുന്നു. ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ് ആണ് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന കൊറോണ കേസുകളാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. നേരത്തെ തന്നെ പല പ്രമുഖ താരങ്ങളും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

ഹാലെപ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പല ഘടകങ്ങളും നിലവിലെ സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ യുഎസ് ഓപ്പണില്‍ പങ്കെടുക്കാനായി ന്യൂ യോര്‍ക്കിലേക്ക് യാത്ര ചെയ്യുവാനാകില്ല എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. താന്‍ അതിന് പകരം യൂറോപ്പില്‍ തന്നെ നിന്ന് പരിശീലനം തുടരുവാനാണ് തീരുമാനം എന്നും താരം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രേഗ് ഓപ്പണില്‍ താരം കിരീടം നേടിയത്. എലിസ് മെര്‍ടെന്‍സിനെയാണ് താരം ഫൈനലില്‍ പരാജയപ്പെടുത്തിയത്.

യഎസ് ഓപ്പണ്‍, സെമിയില്‍ കീഴടങ്ങി സൗരഭ് വര്‍മ്മ

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. തായ്‍ലാന്‍ഡിന്റെ താനോംഗ്സാക് സീന്‍സോംബൂന്‍സുകിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരഭ് പരാജയപ്പെട്ടത്. 40 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 9-21, 18-21 എന്ന സ്കോറിന് സൗരഭിന് കാലിടറി. ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരം നിഷ്പ്രഭമായപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതിയാണ് സൗരഭ് കീഴടങ്ങിയത്.

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും റോജര്‍ വാസ്സെലിനും. ചാര്‍ഡി- മാര്‍ട്ടിന്‍ കൂട്ടുകെട്ടിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ബൊപ്പണ്ണയുടെ ടീം ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്കോര്‍: 7-6, 4-6, 6-3. കോര്‍ട്ട് 17ല്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റ് പൊരുതി നേടിയ ഇന്ത്യന്‍-ഫ്രഞ്ച് കൂട്ടുകെട്ട് രണ്ടാം സെറ്റില്‍ പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് ബൊപ്പണ്ണയും വാസ്സെലിനും നടത്തിയത്.

ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരങ്ങളായ റോബര്‍ട്ട് ഫരാഹ്-ജുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ എന്നിവരാണ് ഇന്ത്യന്‍-ഫ്രഞ്ച് ജോഡികളുടെ എതിരാളികള്‍.

കോർട്ടിലെ വസ്ത്രം മാറൽ, യുഎസ് ഓപ്പൺ അധികൃതർ മാപ്പ് പറഞ്ഞു

ഫ്രഞ്ച് വനിതാ താരം അലീസെ കോർനെറ്റിന് കോർട്ട് വാർണിങ് കൊടുത്ത സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ ടെന്നീസ് അധികൃതർ മാപ്പ് പറഞ്ഞു. ചൂട് അധികമുള്ള കാരണം രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയ്ക്കുള്ള പത്ത് മിനിറ്റ് ഹീറ്റ് ബ്രേക്കിന് ശേഷം അറിയാതെ വസ്ത്രം തിരിച്ചിട്ട് കളിക്കാൻ ഇറങ്ങിയ അലീസെ അബദ്ധം മനസ്സിലാക്കിയ ശേഷം കോർട്ടിൽ നിന്നുതന്നെ വസ്ത്രം ഊരി ശരിയാക്കി ഇട്ടപ്പോൾ ചെയർ അമ്പയർ താക്കീത് നൽകുകയായിരുന്നു. ഇതാണ് വിവാദത്തിലേക്ക് വഴിവച്ചത്.

കോർട്ടിൽ വസ്ത്രം മാറുന്ന പുരുഷന്മാർക്ക് ഇല്ലാത്ത എന്ത് വാർണിങ് ആണ് സ്ത്രീകൾക്ക് എന്ന രീതിയിൽ ശക്തമായ പ്രതിഷേധവുമായി ആന്റി മറെയുടെ അമ്മയും മുൻ ടെന്നീസ് കോച്ചുമായ ജൂഡി മറെ രംഗത്തെത്തിയിരുന്നു. എന്നാൽ വാർണിങ് മാത്രമാണെന്നും ഫൈനോ, പെനാൽറ്റിയോ ഒന്നും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടില്ല എന്നാണ് യുഎസ് ഓപ്പൺ അധികൃതർ ഉന്നയിച്ച വാദം. വനിതാ ടെന്നീസ് അസോസിയേഷൻ ഇതിനെ അനീതിയെന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. മത്സരത്തിൽ അലീസെ ആദ്യ സെറ്റ് നേടിയ ശേഷം പരാജയപ്പെട്ടിരുന്നു.

ആദ്യ റൗണ്ടില്‍ പുറത്തായി യൂക്കി ബാംബ്രി

യുഎസ് ഓപ്പണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ താരം യൂക്കി ബാംബ്രിയ്ക്ക് യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയം. ലോക 75ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ പിയറി ഹെര്‍ബര്‍ട്ടിനോട് നേരിട്ടുള്ള സെറ്റുകളിലാണ് യൂക്കിയുടെ പരാജയം. ആദ്യ സെറ്റില്‍ അനായാസം കീഴടങ്ങിയ ശേഷം പിന്നീടുള്ള സെറ്റുകളില്‍ പൊരുതി നോക്കിയെങ്കിലും യൂക്കിയ്ക്ക് ഒരു സെറ്റ് പോലും നേടാനായില്ല.

സ്കോര്‍: 3-6, 6-7, 5-7

ഒന്നാം സീഡ് ഹാലെപ് പുറത്ത്

വർഷത്തിലെ അവസാന ഗ്രാൻഡ്സ്ലാം ടൂര്ണമെന്റായ യുഎസ് ഓപ്പണ് അട്ടിമറിയോടെ തുടക്കം. ഒന്നാം സീഡും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ സിമോണ ഹാലെപ് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. കായ് കനേപ്പിയാണ് 6-2,6-4 എന്ന സ്കോറിന് സിമോണയെ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ വില്ല്യംസ് സഹോദരിമാർ, സ്റ്റീഫൻസ്‌, അസരങ്ക, സ്വിറ്റോലിന, പ്ലിസ്‌കോവ, മുഗുരുസ എന്നിവർ ജയിച്ചു

പുരുഷ വിഭാഗത്തിൽ സ്റ്റാൻ വാവ്‌റിങ്ക എട്ടാം സീഡായ ഗ്രിഗോർ ദിമിത്രോവിനെ ആദ്യ റൗണ്ടിൽ ഒരിക്കൽ കൂടെ അട്ടിമറിച്ചു. ഇക്കൊല്ലത്തെ വിംബിൾഡൺ ടൂർണമെന്റിലും വാവ്‌റിങ്ക ദിമിത്രോവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയിരുന്നു. 2016 ലെ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് സ്റ്റാൻ.

തന്റെ അവസാന ടൂർണമെന്റ് കളിക്കുന്ന ഡേവിഡ് ഫെററർ ഒന്നാം സീഡ് നദാലുമായുള്ള മത്സരത്തിനിടെ പരിക്ക് മൂലം പിന്മാറി. മറ്റുമത്സരങ്ങളിൽ ഡെൽപോട്രോ, ആന്റി മറെ, ഇസ്‌നർ, റയോനിച്ച്, ഷാപവലോവ്, ആൻഡേഴ്‌സൻ, ഡൊമിനിക് തിം മുതലായ പ്രമുഖർ ജയത്തോടെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

Exit mobile version