മൂന്നു മണിക്കൂർ പോരാട്ടത്തിൽ ഒസാക്കയെ വീഴ്‌ത്തി അനിസിമോവ യു.എസ് ഓപ്പൺ ഫൈനലിൽ

വിംബിൾഡൺ ഫൈനലിൽ ഇഗ സ്വിറ്റെകിനോട് 6-0, 6-0 എന്ന സ്കോറിന് ഹൃദയഭേദകമായി പരാജയപ്പെട്ട ശേഷം തിരിച്ചു വന്നു യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരം അമാന്ത അനിസിമോവ. ക്വാർട്ടർ ഫൈനലിൽ ഇഗയെ തോൽപ്പിച്ചു പ്രതികാരം ചെയ്ത എട്ടാം സീഡ് ആയ താരം സെമിഫൈനലിൽ 23 സീഡ് ജപ്പാൻ താരം നയോമി ഒസാക്കയെ ഉഗ്രൻ പോരാട്ടത്തിന് ശേഷമാണ് മറികടന്നത്. ഒസാക്കയെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെടുത്തി അനിസിമോവ. ഒസാക്ക ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നേരിടുന്ന കരിയറിലെ ആദ്യ തോൽവിയാണ് ഇത്.

ആക്രമിച്ചു കളിച്ച അനിസിമോവ മത്സരത്തിൽ പേടിയില്ലാതെയാണ് പോരാടിയത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 46 വിന്നറുകൾ ആണ് അമേരിക്കൻ താരം ഇന്ന് ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കിൽ 7-6 നു നഷ്ടമായ ശേഷം തിരിച്ചു വന്ന അനിസിമോവ രണ്ടാം സെറ്റ് അതേ സ്കോറിന് തന്നെ ടൈബ്രേക്കിൽ തിരിച്ചു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തിയ അനിസിമോവ സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ഒസാക്കയുടെ സർവീസ് 6 തവണ അനിസിമോവ ബ്രേക്ക് ചെയ്തു. സ്വന്തം നാട്ടിൽ ആദ്യ ഗ്രാന്റ് സ്ലാം കിരീട നേട്ടം ആവും അനിസിമോവ ഫൈനലിൽ ഒന്നാം സീഡ് ആയ സബലങ്കക്ക് എതിരെ ലക്ഷ്യം വെക്കുക.

നവോമി ഒസാക്ക യു.എസ്. ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി


നീണ്ട ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ നവോമി ഒസാക്ക, 2025-ലെ യു.എസ്. ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ച് തന്റെ തിരിച്ചുവരവിൽ ഒരു വലിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ കരോലിന മുച്ചോവയെ 6-4, 7-6(3) എന്ന സ്കോറിന് കീഴടക്കിയാണ് ഒസാക്കയുടെ മുന്നേറ്റം. 23-ാം സീഡായ ഈ ജാപ്പനീസ് താരം ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ പോരാട്ടവീര്യം കാണിച്ചു.

ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലുകളിൽ 5-0 എന്ന മികച്ച റെക്കോർഡ് നിലനിർത്താനും ഒസാക്കക്ക് സാധിച്ചു. സെമിയിൽ മുൻ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക്കിനെ അട്ടിമറിച്ച അമൻഡ അനിസിമോവയാണ് ഒസാക്കയുടെ എതിരാളി.


നാല് വർഷം മുൻപ് യു.എസ്. ഓപ്പൺ കിരീടം നേടിയതിന് ശേഷം ഒസാക്കയുടെ ആദ്യ സെമിഫൈനൽ പ്രവേശനമാണിത്.

യു.എസ് ഓപ്പൺ – ‘ലാസ്റ്റ് ഡാൻസി’നു ഒരുങ്ങി സെറീന വില്യംസ്, കിരീടം നിലനിർത്താൻ എമ്മ, ജയിക്കാൻ ഉറച്ച് ഇഗ | Report

യു.എസ് ഓപ്പൺ – സ്വന്തം മണ്ണിൽ കരിയർ അവസാനിപ്പിക്കാൻ ഇതിഹാസതാരം സെറീന വില്യംസ്.

ഈ വർഷത്തെ യു.എസ് ഓപ്പണിൽ ആരു കിരീടം നേടിയാലും അതിനെക്കാൾ എല്ലാം അത് അറിയപ്പെടുക സെറീന വില്യംസിന്റെ അവസാന ടൂർണമെന്റ് എന്ന നിലയിൽ തന്നെയാവും. 22 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കൈവരിച്ച തന്റെ ഐതിഹാസിക കരിയറിന് ശേഷം യു.എസ് ഓപ്പണിൽ ഇറങ്ങുമ്പോൾ കിരീതപ്രതീക്ഷ ഇല്ലെങ്കിലും എങ്ങാനും ഒരു സ്വപ്ന നേട്ടം പിറന്നാലോ എന്ന നേരിയ സ്വപ്നം ആരാധകർ വച്ചു പുലർത്തുന്നുണ്ട്. ആദ്യ റൗണ്ടിൽ കടുത്ത വെല്ലുവിളി തന്നെയാവും 80 റാങ്കുകാരിയായ ഡാൻക കോവിനിചിയിൽ നിന്നു പക്ഷെ സെറീന നേരിടുക. രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആണെങ്കിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റ് എന്ന വലിയ വെല്ലുവിളിയും സെറീനയെ കാത്തിരിക്കുന്നുണ്ട്. അതിനാൽ തന്നെ തന്റെ പഴയ മികവിന്റെ നിഴൽ മാത്രമായ സെറീനയിൽ നിന്നു വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ ലാസ്റ്റ് ഡാൻസിൽ സെറീന വിശ്വരൂപം കാണിക്കുമോ എന്നു കണ്ടറിയാം.

സീസണിൽ ഉടനീളം മികവ് തുടർന്ന ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക് വിംബിൾഡൺ നിരാശ മറക്കാൻ ആവും യു.എസ് ഓപ്പണിൽ ഇറങ്ങുക. ഹാർഡ് കോർട്ടിൽ അതിശക്തയായ ഇഗ സീസണിലെ മികവിലേക്ക്‌ ഉയർന്നാൽ താരത്തെ ആർക്കും പിടിച്ചു കെട്ടുക എളുപ്പം ആവില്ല. ആദ്യ റൗണ്ടിൽ ഇറ്റാലിയൻ ജാസ്മിൻ പൗളോനിയെ നേരിടുന്ന ഇഗക്ക് രണ്ടാം റൗണ്ടിൽ 2018 ലെ ജേതാവ് സ്ലൊയെൻ സ്റ്റീഫൻസിനെ ആവും നേരിടേണ്ടി വരിക. നാലു ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആണ് ഇഗയുടെ ക്വാർട്ടറിൽ ഇടം പിടിച്ചത്. ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ, പതിനാറാം സീഡ് യലേന ഒസ്റ്റപെങ്കോ, 21 സീഡ് പെഡ്ര ക്വിറ്റോവ എന്നിവർക്ക് പുറമെ എട്ടാം സീഡ് ജെസിക്ക പെഗ്യുല, 24 സീഡ് അമാന്ത അനിസിമോവ, എൽസി മെർട്ടൻസ് എന്നിവരും ഈ ക്വാട്ടറിൽ ആണ്. എങ്കിലും സെമിഫൈനലിൽ അനായാസം ഇഗ എത്തേണ്ടത് തന്നെയാണ്. 19 കാരിയായ ചൈനീസ് താരം ചെങ് ക്വിൻവനിനെ ആദ്യ റൗണ്ടിൽ നേരിടുന്ന ഒസ്റ്റപെങ്കോ കടുത്ത പോരാട്ടം ആവും നേരിടുക.

രണ്ടാം സീഡ് ആയ അന്നറ്റ് കോണ്ടവെയിറ്റ് ആദ്യ റൗണ്ടിൽ ജെസിക്ക ക്രിസ്റ്റിയനെ നേരിടുമ്പോൾ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് ആവും താരത്തെ കാത്തിരിക്കുക. ഈ ക്വാർട്ടറിൽ ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുറും, ഒരിക്കൽ കൂടി മാഡിസൺ ബ്രിഗൾ ആണ് ഒൻസിന്റെ ആദ്യ റൗണ്ടിലെ എതിരാളി. അത്ഭുതം സംഭവിച്ചില്ലെങ്കിൽ അന്നറ്റ്, ഒൻസ് ക്വാർട്ടർ ഫൈനൽ ആവും കാണാൻ സാധിക്കുക. എന്നാൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും 14 സീഡും ആയ ലൈയ്ല ഫെർണാണ്ടസ്, സാൻ ജോസ് കിരീടം നേടിയ പത്താം സീഡ് ദാരിയ കസറ്റ്കിന, 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡും ആയ ബാർബറ ക്രജികോവ എന്നിവരും ഈ ക്വാർട്ടറിൽ ശ്രദ്ധിക്കേണ്ടവർ തന്നെയാണ്. കരിയറിലെ അവസാന ടൂർണമെന്റിൽ സെറീന വില്യംസിൽ തന്നെയാവും ആദ്യ റൗണ്ടിൽ എല്ലാ കണ്ണുകളും.

മൂന്നാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരി ആദ്യ റൗണ്ടിൽ വിംബിൾഡൺ സെമിഫൈനലിൽ എത്തി അത്ഭുതം കാണിച്ച താത്‌ജാന മരിയയെ ആണ് നേരിടുക. ടൂർണമെന്റിൽ ഏറ്റവും കടുത്ത ക്വാർട്ടർ ആണ് ഇത്. ടൊറന്റോ ഓപ്പൺ ജേതാവും ഏഴാം സീഡും ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്, പന്ത്രണ്ടാം സീഡ് അമേരിക്കൻ യുവതാരം കൊക്കോ ഗോഫ്, സിൻസിനാറ്റി ഓപ്പൺ ജേതാവും 17 സീഡും ആയ കരോളിന ഗാർസിയ, സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനലിൽ എത്തിയ 20 സീഡ് മാഡിസൺ കീയ്സ്, മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കു എന്നിവർ എല്ലാം ഈ ക്വാർട്ടറിൽ ആണ് ഉൾപ്പെടുന്നത്. യോഗ്യത കളിച്ചു വരുന്ന താരങ്ങളെ ആവും ഹാലപ്, ഗാർസിയ, ഗോഫ് എന്നിവർ ആദ്യ റൗണ്ടിൽ നേരിടുക. ആന്ദ്രീസ്കു യോഗ്യത കളിച്ചു എത്തിയ ഹാൻ ടാനിനെ ആദ്യ റൗണ്ടിൽ നേരിടുമ്പോൾ കീയ്സ് യാറ്റ്റമ്സ്കയെ ആണ് നേരിടുക.

നാലാം സീഡ് ആയ പൗള ബഡോസ ആദ്യ റൗണ്ടിൽ ലസിയ സുരെങ്കോയെ ആണ് നേരിടുക. ഈ ക്വാർട്ടറിൽ ആണ് നിലവിലെ ജേതാവ് എമ്മ റാഡുകാനുവും ഇടം പിടിച്ചത്. തന്റെ തുടർച്ചയായ 63 മത്തെ ഗ്രാന്റ് സ്‌ലാം കളിക്കാൻ ഇറങ്ങുന്ന ആലീസ് കോർണറ്റ് ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ആയ എമ്മയുടെ എതിരാളി. രണ്ടു തവണ യു.എസ് ഓപ്പൺ ജയിച്ച നയോമി ഒസാക്ക ആദ്യ റൗണ്ടിൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 19 സീഡും ആയ ഡാനിയേല കോളിൻസിനെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ എമ്മ, നയോമി പോരാട്ടത്തിനും സാധ്യതയുണ്ട്. നിലവിലെ വിംബിൾഡൺ ജേതാവും 25 സീഡും ആയ എലേന റിബാക്കിന ആദ്യ റൗണ്ടിൽ യോഗ്യത കളിച്ചു വരുന്ന താരത്തെ ആണ് നേരിടുക. രണ്ടാം റൗണ്ടിൽ വൈൽഡ് കാർഡ് ആയി ടൂർണമെന്റിന് എത്തിയ ഇതിഹാസതാരം വീനസ് വില്യംസ് ചിലപ്പോൾ കസാഖിസ്ഥാൻ താരത്തിന് എതിരാളി ആയേക്കും. 2021 ലെ യു.എസ് ഓപ്പൺ സെമിഫൈനലിസ്റ്റും ആറാം സീഡും ആയ ആര്യാന സബലങ്ക, 2019 ലെ സെമിഫൈനലിസ്റ്റും 12 സീഡും ആയ ബലിന്ത ബെനചിച്, മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്ക, 2016 ലെ ഫൈനൽ കളിച്ച 22 സീഡ് കരോളിന പ്ലിസ്കോവ എന്നിവർ ഇതേ ക്വാർട്ടറിൽ തന്നെയാണ്. അതിനാൽ തന്നെ അട്ടിമറികൾ കാണാവുന്ന ഒരു ക്വാർട്ടർ തന്നെയാണ് ഇത്.

സമീപകാലത്ത് ഇഗ സ്വിറ്റെക് ആധിപത്യം വനിത ടെന്നീസിൽ ഒരു സ്ഥിരത നൽകിയെങ്കിലും ഈ കഴിഞ്ഞ വിംബിൾഡൺ ആ പ്രതീക്ഷകൾ തകിടം മറിച്ചു. ഒരിക്കൽ കൂടി ഒരു അപ്രതീക്ഷിത ഗ്രാന്റ് സ്‌ലാം ജേതാവിനെ വനിത ടെന്നീസിൽ കാണാൻ സാധിച്ചു. അതിനാൽ തന്നെ ഇഗക്ക് വലിയ സാധ്യത കൽപ്പിക്കുന്ന സമയത്തും ന്യൂയോർക്കിൽ എന്തും സംഭവിക്കാം എന്ന കാര്യം ആരാധകർക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ വർഷം കണ്ട ടീനേജ് ഫൈനൽ പോലൊരു അത്ഭുതം പോലെ എന്തെങ്കിലും ന്യൂയോർക്ക് കരുതി വച്ചു കാണണം. എന്നാൽ ഉറപ്പായിട്ടും കിരീട നേട്ടത്തെക്കാൾ ടെന്നീസ് ആരാധകർ ഉറ്റു നോക്കുക സെറീന വില്യംസ് എന്ന ടെന്നീസിലെ എക്കാലത്തെയും മഹത്തായ താരം തന്റെ അവസാന ടൂർണമെന്റിൽ സ്വന്തം മണ്ണിൽ എന്ത് മാജിക് കാണിക്കും എന്നത് തന്നെയാവും.

Story Highlight : US Open women’s draw and preview.

മാധ്യമങ്ങളെ അവഗണിച്ചാൽ ടൂർണ്ണമെന്റിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി ഒസാക്ക

മാധ്യമങ്ങളെ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ നവോമി ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ച് ഫ്രഞ്ച് ഓപ്പൺ അധികാരികൾ. ഇന്ന് $15000 പിഴ താരത്തിനെതിരെ വിധിച്ചിരുന്നു. മാനസിക സമ്മർദ്ധം ചൂണ്ടിക്കാണിച്ചാണ് താരം മാധ്യമങ്ങളെ കാണുന്നതിൽ നിന്ന് പിന്മാറിയത്. ഞായറാഴ്ച റൊമാനിയയുടെ പാട്രിക്ക മരിയ ടിഗിനെതിരെയുള്ള മത്സരത്തിന് ശേഷം താരം മാധ്യമങ്ങളെ അവഗണിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച താരം സോഷ്യൽ മീഡിയയിലുടെ താൻ നിർബന്ധമായിട്ട് പങ്കെടുക്കേണ്ട മത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് താരം പറഞ്ഞിരുന്നു.

അധികാരികളുടെ മുന്നറിയിപ്പ് വന്ന് അധികം വൈകുന്നതിന് മുമ്പ് താരം ടൂർണ്ണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

ടെന്നീസിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുവാനും ഇപ്പോൾ നടക്കുന്ന വിവാദം അവസാനിക്കുവാനും താൻ ടൂർണ്ണമെന്റിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്നും താരം പറഞ്ഞു. യുഎസ് ഓപ്പൺ 2018 മുതൽ താൻ ഡിപ്രഷനുമായി താൻ പലപ്പോഴും പൊരുതുന്ന ഒരു സാഹചര്യമുണ്ടായിരുന്നുവെന്നും താൻ ഒരു സ്വാഭാവിക പബ്ലിക്ക് സ്പീക്കർ അല്ലെന്നും താരം പറഞ്ഞു.

മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് തനിക്ക് വലിയ സമ്മർദ്ദം അനുഭവപ്പെടാറുണ്ടെന്നും സ്ട്രെസ്ഡ് ആവുന്നതും പതിവാണെന്നും അതിനാലാണ് താൻ മാധ്യമങ്ങളെ കാണേണ്ടതില്ലെന്നും തീരുമാനിച്ചതെന്നും താരം പറഞ്ഞു.

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ നാലാം ഗ്രാന്റ് സ്‌ലാം കിരീടം ചൂടി നയോമി ഒസാക്ക

ഓസ്‌ട്രേലിയൻ ഓപ്പൺ വനിത വിഭാഗത്തിൽ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക ജേതാവ്. 22 സീഡ് അമേരിക്കൻ താരം ജെന്നിഫർ ബ്രോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഒസാക്ക തന്റെ നാലാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം കൂടിയാണ് ഒസാക്കക്ക് ഇത്. സെറീന വില്യംസിനെ സെമിഫൈനലിൽ വീഴ്ത്തി എത്തിയ ഒസാക്കക്ക് ഫൈനലിൽ വെല്ലുവിളി ആവാൻ ഒരു ഘട്ടത്തിലും ബ്രോഡിക്ക് ആയില്ല. മുഗുരുസക്ക് എതിരായ മത്സരത്തിൽ മാച്ച് പോയിന്റ് രക്ഷിച്ച് കടന്നു കൂടിയ ഒസാക്ക കിരീടം അർഹിച്ചത് തന്നെയായിരുന്നു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ഒസാക്ക ലഭിച്ച 5 അവസരങ്ങളിൽ 4 തവണയും ബ്രോഡിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ലഭിച്ച നാലു അവസരങ്ങളിൽ രണ്ടു ബ്രൈക്ക് മാത്രം കണ്ടത്താനെ ബ്രാഡിക്ക് ആയുള്ളൂ. ഫൈനലിൽ മികച്ച തുടക്കം ലഭിച്ച ഒസാക്ക മത്സരത്തിൽ ഒരു ഘട്ടത്തിലും കാര്യമായ1 വെല്ലുവിളി നേരിട്ടില്ല. ആദ്യ സെറ്റിൽ രണ്ടു തവണ ബ്രൈക്ക് കണ്ടത്തിയ ഒസാക്ക സെറ്റ് 6-4 നു സ്വന്തമാക്കി കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി.

രണ്ടാം സെറ്റിൽ തുടക്കത്തിൽ ബ്രാഡിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക ഇരട്ട ബ്രൈക്കുകൾ കണ്ടത്തി 4-0 നു മുന്നിലെത്തി. തുടർന്ന് ബ്രാഡി ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു പൊരുതി നിൽക്കാൻ ശ്രമിച്ചു എങ്കിലും സെറ്റ് 6-3 നു നേടിയ ഒസാക്ക 2021 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തം പേരിലാക്കി. വരാനിരിക്കുന്ന സീസണിലും താൻ സമാനമായ മികവ് പുലർത്തും എന്ന ശക്തമായ സൂചനയാണ് ജപ്പാൻ താരം സീസണിലെ ആദ്യ ഗ്രാന്റ് സ്‌ലാമിൽ നൽകിയത്. 2018 മുതൽ ഓരോ വർഷവും ഓരോ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ഒസാക്ക ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ എത്തിയ ശേഷം കിരീടം ഉയർത്തുക എന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. സാക്ഷാൽ മോണിക്ക സെലസിന് ശേഷം ആദ്യമായി കളിച്ച ആദ്യ നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളും ജയിക്കുന്ന താരം കൂടിയായി ഒസാക്ക മാറി. ഓസ്‌ട്രേലിയൻ, യു.എസ് ഓപ്പൺ ഹാർഡ് കോർട്ടിലെ കിരീടനേട്ടങ്ങളുടെ മികവ് വിംബിൾഡൺ പുൽ മൈതാനത്തും, ഫ്രഞ്ച് ഓപ്പൺ കളിമണ്ണ് മൈതാനത്തും ആവർത്തിക്കാൻ ആവും ഒസാക്ക വരും വർഷങ്ങളിൽ ശ്രമിക്കുക.

സെറീനക്ക് വീണ്ടും കാത്തിരിപ്പ്! സെറീനയെ തകർത്തു നയോമി ഒസാക്ക ഫൈനലിൽ!

റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനു ഒപ്പം എത്താൻ സെറീന വില്യംസ് ഇനിയും കാത്തിരിക്കേണ്ടി വരും. മുമ്പ് എട്ടു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയപ്പോഴും കിരീടം ഉയർത്തിയ സെറീനക്ക് പക്ഷെ ഇത്തവണ ആ പ്രകടനം ആവർത്തിക്കാൻ ആയില്ല. മൂന്നാം സീഡ് ആയ ജപ്പാന്റെ നയോമി ഒസാക്കക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സെറീനക്ക് ആയില്ല. ഇത് വരെ കളിച്ച എല്ലാ സെമിഫൈനലുകളും ഗ്രാന്റ് സ്‌ലാമുകളിൽ ജയിച്ച റെക്കോർഡ് ഒസാക്ക തുടർന്നപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെറീനയുടെ തോൽവി. വർഷങ്ങൾക്ക് ശേഷം ആണ് സെറീന ആദ്യ മുന്നിലുള്ള ഒരു താരത്തോട് തോൽവി വഴങ്ങുന്നത്. ആദ്യ സെറ്റിൽ മികച്ച തുടക്കം ആണ് സെറീനക്ക് ലഭിച്ചത്‌. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ ഒസാക്ക മത്സരത്തിൽ പതുക്കെ തിരിച്ചു വന്നു.

മത്സരത്തിൽ എട്ട് ഇരട്ടപ്പിഴവുകൾ വരുത്തിയ ഒസാക്കയുടെ പിഴവുകൾ മുതലാക്കാൻ സെറീനക്ക് ആയില്ല. ഒരിക്കൽ കൂടി ബ്രൈക്ക് വഴങ്ങിയ സെറീനക്ക് ആദ്യ സെറ്റ് 6-3 നു നഷ്ടമായി. രണ്ടാം സെറ്റിൽ സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ വലിയ മുൻതൂക്കം കണ്ടത്തി. എന്നാൽ വിട്ട് കൊടുക്കാൻ തായ്യാറല്ലായിരുന്ന സെറീന തിരിച്ചു ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ തിരിച്ചു വരുമെന്ന സൂചന നൽകി. എന്നാൽ തൊട്ടടുത്ത സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഒസാക്ക സെറീനയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. തുടർന്ന് സർവീസ് നിലനിർത്തി 6-4 സെറ്റ് നേടിയ ഒസാക്ക ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ 7 ബ്രൈക്ക് പോയിന്റുകളിൽ 2 എണ്ണം മാത്രമാണ് സെറീനക്ക് മുതലാക്കാൻ ആയത് അതേസമയം ലഭിച്ച 4 അവസരവും ബ്രൈക്ക് ആക്കി മാറ്റിയ ഒസാക്ക അവസരങ്ങൾ ഒന്നും കളഞ്ഞു കുളിച്ചില്ല. സമീപകാലത്ത് ഗ്രാന്റ് സ്‌ലാം വേദികളിൽ നേരിടുന്ന വെല്ലുവിളിയുടെ തുടർച്ച ആയി പ്രായം തലർത്തുന്ന സെറീനക്ക് ഇത്. അതേസമയം നാലാം ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന ഒസാക്കക്ക് ഇനി ഒരു മത്സരം മാത്രം ദൂരം ആണ് അതിനുള്ളത്. ഫൈനലിൽ ജെന്നിഫർ ബ്രാഡി കരോളിന മുചോവ മത്സരവിജയിയെ ആണ് ഒസാക്ക നേരിടുക.

ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി മുൻ ജേതാവ് നയോമി ഒസാക്ക. 2019 ൽ മെൽബണിൽ കിരീടം ഉയർത്തിയ ഒസാക്ക അട്ടിമറികളും ആയി കരുയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം അവസാന പതിനാറിൽ എത്തിയ ഏഷ്യൻ താരം സെയ് സു വെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന നാലിൽ ഇടം പിടിച്ചത്. മൂന്നാം സീഡ് ആയ ഒസാക്ക മത്സരത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നും നേരിട്ടില്ല. 67 മിനിറ്റിനുള്ളിൽ മത്സരം തീർത്ത ഒസാക്ക തുടർച്ചയായ പത്തൊമ്പതാം ജയം ആണ് ഇന്ന് കുറിച്ചത്. മത്സരത്തിൽ ഏഴു ഏസുകൾ ഉതിർത്ത ജപ്പാൻ താരം ഇരു സെറ്റിലും ആയി രണ്ട് വീതം ബ്രൈക്ക് പോയിന്റുകളും കണ്ടത്തി.

നന്നായി സർവീസ് ചെയ്ത ഒസാക്ക ലക്ഷ്യം കണ്ട ആദ്യ സർവീസുകളിൽ 89 ശതമാനവും പോയിന്റുകൾ ആക്കി മാറ്റി. ഏതാണ്ട് 60 ശതമാനം അടുത്ത് രണ്ടാം സർവീസിലും പോയിന്റുകൾ നേടാൻ ജപ്പാൻ താരത്തിന് ആയി. കൂടാതെ മികച്ച റിട്ടേണുകൾ കയ്യിലുണ്ടായിരുന്നതും ഒസാക്കയുടെ ജയത്തിൽ വലിയ പങ്ക് വഹിച്ചു. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. മികച്ച ഫോമിലുള്ള ഒസാക്ക മറ്റൊരു ഗ്രാന്റ് സ്‌ലാം കിരീടം തന്നെയാണ് ഓസ്‌ട്രേലിയയിൽ ലക്ഷ്യമിടുന്നത്. സെമിയിൽ സെറീന വില്യംസ്, സിമോണ ഹാലപ്പ് മത്സരവിജയി ആവും ഒസാക്കയുടെ എതിരാളി. കരിയറിൽ ഇത് വരെ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലോ, സെമിയിലോ, ഫൈനലിലോ തോറ്റിട്ടില്ല എന്ന റെക്കോർഡ് തുടരാൻ ആവും ഒസാക്ക ടൂർണമെന്റിൽ ഇനിയും ശ്രമിക്കുക.

മുഗുരുസയുടെ വെല്ലുവിളി അതിജീവിച്ച് ഒസാക്കയും സബലങ്കയെ വീഴ്ത്തി സെറീനയും ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം സീഡ് ജപ്പാൻ താരം നയോമി ഒസാക്ക ക്വാർട്ടർ ഫൈനലിൽ കടന്നു. 14 സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് ഒസാക്ക ജയം കണ്ടത്. മത്സരത്തിൽ മുഗുരുസ മികച്ച പോരാട്ടം ആണ് ഒസാക്കക്ക് നൽകിയത്. ആദ്യ സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ ഒസാക്ക മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് നിർണായകമായ മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം പുറത്തെടുത്ത മുഗുരുസയെ അവസാന നിമിഷം വീഴ്‌ത്തിയ ഒസാക്ക 7-5 നു സെറ്റ് നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ഒസാക്ക 4 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 4 തവണ ബ്രൈക്ക് വഴങ്ങിയ ഒസാക്ക 5 തവണ എതിരാളിയുടെ സർവീസും ബ്രൈക്ക് ചെയ്തു.

ഏഴാം സീഡ് ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് പത്താം സീഡ് സെറീന വില്യംസ് മറികടന്നത്. ഇരുതാരങ്ങളും 4 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ സെറീന 8 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത് ഒപ്പം
9 ഏസുകളും അമേരിക്കൻ താരം ഉതിർത്തു. ആദ്യ സെറ്റ് 6-4 നു ജയിച്ച സെറീനക്ക് എതിരെ രണ്ടാം സെറ്റ് 6-2 നു നേടി സബലങ്ക അതിശക്തമായി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ മത്സരം തിരിച്ചു പിടിച്ച സെറീന 6-4 നു നിർണായക സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ബിയാങ്ക ആന്ദ്രീസ്കുവിനെ അടക്കം വീഴ്ത്തിയ സു വെയ് തന്റെ അട്ടിമറി പരമ്പര തുടരുകയാണ്. നാലാം റൗണ്ടിൽ 19 സീഡ് ചെക് താരം മാർക്കറ്റ വോണ്ടറോസോവയെ 6-4, 6-2 എന്ന സ്കോറിന് ആണ് സീഡ് ചെയ്യാത്ത ഏഷ്യൻ താരം അട്ടിമറിച്ചത്.

അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും വില്യംസ് സഹോദരിമാരും

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ മികച്ച ജയവുമായി മുൻ ജേതാവ് ആയ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക. സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്താഷിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക തകർത്തത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. അതേസമയം പത്താം സീഡ് ആയ ഇതിഹാസ താരം സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ലൗറ സിഗമണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ആണ് റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ലക്ഷ്യമിടുന്ന സെറീന തകർത്തത്.

കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ലോകത്തെ ഞെട്ടിച്ച പോളിഷ് താരം ഇഗ സ്വിയാറ്റകും ഒന്നാം റൗണ്ടിൽ അനായാസ ജയം കണ്ടു. സീഡ് ചെയ്യാത്ത അരക്സ റൂസിനെ 6-1, 6-3 എന്ന സ്കോറിന് ആണ് 15 മത്തെ സീഡ് ആയ ഇഗ മറികടന്നത്. ബെൽജിയം താരം ക്രിസ്റ്റ്യൻ ഫ്ലിപ്ക്ൻസിനെ 7-5, 6-2 എന്ന സ്കോറിന് മറികടന്ന മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇതിഹാസ താരവും ആയ വീനസ് വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബർണാഡ പെരയോട് 6-0, 6-4 എന്ന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 23 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി.

വംശീയതക്ക് എതിരെ കായിക ലോകത്തിന്റെ ശബ്ദമായി നയോമി ഒസാക്ക!

യു.എസ് ഓപ്പണിൽ ആദ്യ മത്സരത്തിൽ മാസ്കിൽ ഒരു പേര് പ്രിന്റ് ചെയ്തു വന്നു ജപ്പാൻകാരി ആണെങ്കിലും എല്ലാ അർത്ഥത്തിലും അമേരിക്കകാരി തന്നെയായ ഒസാക്ക ഒരു പ്രഖ്യാപനം നടത്തി. യു.എസ് ഓപ്പണിൽ താൻ കളിക്കാൻ ഇറങ്ങുന്നത്, ജയിക്കും വരെ 7 മത്സരങ്ങൾ കളിക്കുമെങ്കിൽ ഓരോ ദിവസവും മാസ്കിൽ ഒരു പേരുമായി ആയിരിക്കും താൻ എത്തുക എന്ന്. ആ പേരുകൾ പോലീസ് അതിക്രമത്തിന്, വംശീയ അധിക്ഷേപത്തിനു, എല്ലാ തലത്തിലും ‘സിസ്റ്റമാറ്റിക് റേസിസം’ എന്നു തന്നെ വിളിക്കാവുന്ന ഇൻസ്റ്റിറ്റൂഷണൽ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയരായ, കൊല്ലപ്പെട്ട 7 പേരുകൾ. ബ്രെയോണ ടൈലറും, ജോർജ് ഫ്ലോയിഡും മുതൽ താമിർ റൈസ് വരെയുള്ളവർ. സെമിഫൈനലിന് ശേഷം അവരുടെ അമ്മമാരിൽ ചിലർ ഒസാക്കക്ക് നന്ദി പറഞ്ഞു വീഡിയോ ചെയ്തപ്പോൾ അത് കണ്ടു കണ്ണീർ വാർക്കുന്ന ഒസാക്കയെയും ലോകം കണ്ടു. ‘നിങ്ങൾ ഈ പ്രവർത്തി കൊണ്ട് എന്ത് സന്ദേശം ആണ് നൽകുന്നത്?’ എന്നു ഫൈനൽ മത്സരശേഷം അവതാരകൻ ചോദിച്ചപ്പോൾ ‘എന്ത് സന്ദേശം ആണ് നിങ്ങൾക്ക് ലഭിച്ചത്’ എന്നു തിരിച്ചു ചോദിച്ചാണ് തനിക്ക് പറയാനുള്ളത് താൻ പ്രവർത്തിയിലൂടെ വ്യക്തമാക്കി എന്നു ഒസാക്ക പറഞ്ഞത്.

യു.എസ് ഓപ്പണിന് മുമ്പ് നടന്ന സിൻസിനാറ്റി ഓപ്പണിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താൻ കളിക്കാൻ ഇല്ല എന്നു പ്രഖ്യാപിച്ച ആൾ ആണ് ഒസാക്ക. താൻ ടെന്നീസ് കളിക്കുന്നത് കാണുന്നതിനും പ്രധാനം മറ്റ് കാര്യങ്ങൾക്ക് ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച ആളാണ് ഒസാക്ക എന്ന ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരം എന്നറിയുക. 22 വയസ്സ് ആണ് ഒസാക്കക്ക്, വംശീയത പരസ്യമായി വ്യക്തമാക്കുന്ന, ഫേസ് ക്രീമുകകളുടെ പരസ്യങ്ങൾ അഭിനയിച്ച് കാശ് വാരുന്ന, ജാതി പരസ്യമായി സാമൂഹിക മാധ്യമങ്ങളിൽ പ്രകടമാക്കി താൻ അതിൽ അഭിമാനിക്കുന്നു എന്നു പറയുന്ന സാമൂഹികമായി ഒരു ഉത്തരവാദിത്വവും കാണിക്കാത്ത സൂപ്പർ സ്റ്റാർ കൂട്ടങ്ങളെ ഒക്കെ ആണ് ഇന്ത്യക്കാർക്ക് പരിചയം. അവിടെ ആണ് 22 കാരി ഒസാക്ക ലോകത്തിനു മാതൃക ആവുന്നത്, 22 വയസ്സിനു അപ്പുറം ആണ് ഒസാക്കയുടെ പക്വത. അലി മുതൽ ലെബ്രോൺ വരെ പറയാനുള്ളത് എന്ത് താഗ്യം സഹിച്ചും, ആരാധകരുടെ പ്രതിഷേധം ഒക്കെ വിഷയം ആവാതെ ഉറക്കെ വിളിച്ചു പറയുന്ന ഒരുപാട് താരങ്ങളെ ലോകം കണ്ടിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കില്ല എന്നു പറഞ്ഞ, തന്റെ ജനതയെ അടിച്ചമർത്തുന്നവർക്ക് ഒപ്പം മറ്റൊരു ജനതയെ ആക്രമിക്കാൻ താൻ ഇറങ്ങില്ലെന്നു പറഞ്ഞു അമേരിക്കൻ സർക്കാരിനെ വെല്ലുവിളിച്ച് ഉറച്ച് നിന്ന മുഹമ്മദ് അലി ഇന്നും കായിക ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപനം ആണ് നടത്തിയത്. അങ്ങനെ എന്നും സാമൂഹിക പ്രശ്നങ്ങളിൽ എന്നും ഇടപെട്ട് നിന്ന സമീപകാലത്തെ വംശീയ അധിക്ഷേപങ്ങൾക്ക് നേരെ, പലവിധ കാര്യങ്ങൾക്ക് നേരെയും ശക്തമായ നിലപാട് എടുത്ത ഒരുപാട് താരങ്ങളെ ലോകം കണ്ടിട്ടുണ്ട്. അതേസമയം കളത്തിലെ മാത്രം പ്രകടനം മാത്രം മതി പുറത്ത് തങ്ങൾക്ക് അത്ര രാഷ്ട്രീയമോ, സാമൂഹിക പ്രശ്നങ്ങളിലോ അടക്കമുള്ള കാര്യങ്ങളിൽ എന്തിന് ഇടപെടണം എന്നു ചോദിക്കുന്ന താരങ്ങളേയും ലോകം കണ്ടിട്ടുണ്ട്. അവരിൽ ചിലർ പിന്നീട് മാറി ചിന്തിക്കുന്നതും ലോകം കണ്ടു. പണ്ട് 2 പതിറ്റാണ്ട് മുമ്പ് ഒരു വലിയ രാഷ്ട്രീയ ശബ്ദം ഉയർത്തേണ്ട സമയത്ത്, റിപ്പബ്ലിക്കൻ ആയ ഒരു വംശീയ വാദിക്ക് എതിരെ പ്രചാരണം നടത്താൻ ആളുകൾ ആവശ്യപ്പെട്ടപ്പോൾ റിപ്പബ്ലിക് പാർട്ടിക്കാരും നൈക്കി ഷൂസുകൾ വാങ്ങുന്നുണ്ട് എന്ന വിവാദപ്രസ്താവന നടത്തി രാഷ്ട്രീയം തന്റെ ഇടമല്ല എന്നു വ്യക്തമാക്കി വിവാദം ക്ഷണിച്ചു വരുത്തിയ അതെ സാക്ഷാൽ മൈക്കിൾ ജോർദാൻ തന്നെയാണ് കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി ഈ വർഷം 100 മില്യൺ ഡോളർ മാറ്റി വച്ച് മാതൃക ആവുന്നത്.

അതിനാൽ തന്നെ ഒസാക്ക എന്ന 22 കാരി ടെന്നീസ് കളത്തിൽ ടെന്നീസിലെ ഏറ്റവും വലിയ വേദിയിൽ അടിച്ചമർത്തവന്റെ ശബ്ദം ആവുമ്പോൾ എണീറ്റ് നിന്നു തന്നെ കയ്യടിക്കണം. 7 മത്സരങ്ങളിൽ ഒസാക്ക മാസ്കിൽ എഴുതി ഇട്ട ബ്രെയോണ ടൈലർ, എലിയ മക്ളൈയിൻ, അഹ്മദ് ആർബെറി, ട്രൈവോൻ മാർട്ടിൻ, ജോർജ് ഫ്ലോയിഡ്, ഫിലാണ്ടോ കാസ്റ്റില, താമിർ റൈസ് എന്നീ 7 പേരുകൾക്ക് അപ്പുറം ആയിരങ്ങൾ ദിവസവും വംശീയ അധിക്ഷേപങ്ങൾക്ക് വിധേയരാവുന്നുണ്ട്. തൊലി നിറവും, വിശ്വാസവും, വ്യത്യാസങ്ങളും, അപരനോടുള്ള ഭയവും ഒക്കെ ലോകത്തെ വിഭജിച്ച് നിർത്തുന്നുണ്ട്. അവിടെ നിരന്തരം എല്ലാവരാലും അക്രമിക്കപ്പെടുന്ന ഒരു വലിയ വിഭാഗങ്ങളും ഉണ്ട്. അവർക്ക് വേണ്ടി അവരുടെ ശബ്ദം ആവുക ആണ് ഒസാക്ക, സിസ്റ്റമാറ്റിക് വംശീയതക്ക് എതിരെ കളിക്കാൻ ഇറങ്ങാതെ സമരം ചെയ്യുന്ന കായിക താരങ്ങളെ കാണുന്ന ലോകം ആണ് ഇന്നത്തേത്. വംശീയതക്ക് എതിരെ കായികലോകം മുഴുവൻ മുന്നിൽ വരുന്ന. ഇത്രയും മതി എന്നു ഉറക്കെ പറയുന്ന ഒസാക്ക അടക്കമുള്ള താരങ്ങൾ ലോകത്തിനു പ്രചോദനം ആവുകയാണ്. എന്നും ബഹുമാനം തന്നെയാണ് ഇത്തരം മാതൃകയും ആയി നീതിക്ക് ആയി ശബ്ദം ഉയർത്തുന്ന താരങ്ങളോട് എന്നും. അതിനാൽ തന്നെ കളത്തിനു പുറത്തെ ഹീറോയിസം കളത്തിലും ആവർത്തിച്ച ഒസാക്ക വളരെ വളരെ പ്രിയപ്പെട്ട ഒരാൾ ആവുന്നുണ്ട്. മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം യു.എസ് ഓപ്പൺ കിരീടവും ഉയർത്തിയ ഒസാക്കക്ക് അഭിനന്ദനങ്ങൾ.

ഒസാക്ക! വീണ്ടുമൊരു യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

മൂന്നു വർഷത്തിനിടയിൽ മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക. നാലാം സീഡും 2018 ലെ യു.എസ് ഓപ്പൺ ജേതാവും ആയ ഒസാക്ക അപ്രതീക്ഷിതമായി സെമിയിൽ എത്തിയ ഇരുപത്തി എട്ടാം സീഡ് അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ ആണ് സെമിയിൽ മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ഒസാക്കക്ക് ഒപ്പം പിടിച്ചു നിൽക്കാൻ പലപ്പോഴും ബ്രാഡിക്ക് ആയി. ആദ്യ സെറ്റിൽ ബ്രൈക്ക് പോയിന്റ് രക്ഷിച്ച ഒസാക്ക സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ഒരു താരങ്ങളും സർവീസ് കൈവിടാതിരുന്നപ്പോൾ 48 മിനിട്ടുകൾക്ക് ശേഷം ആയിരുന്നു ടൈബ്രേക്കറിലേക്ക് സെറ്റ് എത്തിയത്.

ടൈബ്രേക്കറിൽ ബ്രാഡി പിഴവുകൾ വരുത്തിയപ്പോൾ ഇത് മുതലെടുത്ത ഒസാക്ക ആദ്യ സെറ്റ് സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ വീണ്ടുമൊരു ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ബ്രാഡി ഇത്തവണ ഒസാക്കയുടെ സർവീസ് ഭേദിക്കുക തന്നെ ചെയ്തു. 6-3 നു രണ്ടാം സെറ്റ് കയ്യിലാക്കിയ അമേരിക്കൻ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ തികച്ചും വ്യത്യസ്തമായ ഒസാക്കയെ ആണ് കാണാൻ സാധിച്ചത്. ആദ്യം മുതലെ ബ്രാഡിയുടെ സർവീസുകൾക്ക് ഒസാക്ക പ്രശ്നങ്ങൾ സൃഷ്ടിച്ചു.

ഇതിന്റെ ഫലമായി മൂന്നാം സെറ്റിലെ ബ്രാഡിയുടെ രണ്ടാമത്തെ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക സെറ്റിൽ മുൻതൂക്കം നേടി. തുടർന്നും ഒസാക്ക ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും ബ്രാഡി പ്രതിരോധിച്ചു. എന്നാൽ തന്റെ സർവീസ് നിലനിർത്തിയ ഒസാക്ക സെറ്റ് 6-3 നു നേടി ഫൈനലിലേക്ക് മുന്നേറി. തന്റെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഒസാക്ക ഫൈനലിൽ ഇതിഹാസ താരം വിക്ടോറിയ അസരങ്കയോ നേരിടും.

മറ്റൊരു യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക

സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡും മുൻ ജേതാവും ആയ നയോമി ഒസാക്ക യു.എസ് ഓപ്പൺ സെമിഫൈനലിൽ കടന്നു. 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു ജപ്പാൻ താരം അമേരിക്കൻ താരത്തെ തകർത്തത്. മത്സരത്തിൽ സകലമേഖലയിലും ആധിപത്യം നേടിയ ഒസാക്ക മത്സരത്തിൽ എതിരാളിയെ 3 തവണ ബ്രൈക്ക് ചെയ്യുകയും 7 ഏസുകൾ ഉതിർക്കുകയും ചെയ്തു.

83 ശതമാനം ആദ്യ സർവീസുകളും 72 ശതമാനം രണ്ടാം സർവീസുകളും പോയിന്റുകൾ ആക്കി മാറ്റിയ ഒസാക്ക സർവീസ് ഗെയിമിലും വളരെ മുന്നിട്ട് നിന്നു. തന്റെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഒസാക്കക്ക് മുന്നിൽ ഷെൽബി റോജേഴ്‌സിന് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്നത് ആയിരുന്നു വാസ്തവം. സെമിഫൈനലിൽ മറ്റൊരു അമേരിക്കൻ താരമായ ഇരുപത്തി എട്ടാം സീഡ് ജെന്നിഫർ ബ്രാഡി ആണ് ഒസാക്കയുടെ എതിരാളി.

Exit mobile version