ടി20 ഐ പരമ്പരയിൽ നിന്ന് ശിവം ദുബെ പുറത്ത്, പകരം തിലക് വർമ്മ ടീമിൽ

പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഓൾറൗണ്ടർ ശിവം ദുബെയെ ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ ശനിയാഴ്ച അറിയിച്ചു. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ പ്രധാന താരമായ ദൂബെക്ക് മുഴുവൻ പരമ്പരയും നഷ്‌ടമാകും.

അദ്ദേഹത്തിന് പകരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയനായ ഇടംകൈയ്യൻ ബാറ്റർ തിലക് വർമ്മയെ സെലക്ഷൻ കമ്മിറ്റി വിളിച്ചു.

തിലക് വർമ്മ, ഇന്ത്യയ്‌ക്കായി ഇതിനകം 16 ടി20 ഇൻ്റർനാഷണലുകളിൽ കളിച്ചിട്ടുണ്ട്, ഞായറാഴ്ചത്തെ ആദ്യ മത്സരത്തിന് മുന്നോടിയായി ഗ്വാളിയോറിൽ ടീമിനൊപ്പം തിലക് വർമ്മ ചേരും.

മുംബൈയുടെ രക്ഷയ്ക്കെത്തി വര്‍മ്മ – വദേര കൂട്ടുകെട്ട്, സന്ദീപ് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടം

ബാറ്റിംഗ് തകര്‍ച്ച നേരിട്ട മുംബൈയുടെ രക്ഷയ്ക്കെത്തി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിൽ രോഹിത്തിനെയും രണ്ടാം എവറിൽ ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ആറ് റൺസ് മാത്രമായിരുന്നു സ്കോര്‍. രോഹിത്തിനെ ബോള്‍ട്ടും ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.

20/3 എന്ന നിലയിലേക്ക് വീണ ടീമിനെ തിലക് വര്‍മ്മ – മൊഹമ്മദ് നബി കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ ബോര്‍ഡിൽ 52 റൺസുള്ളപ്പോള്‍ നബിയുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. 23 റൺസായിരുന്നു നബിയുടെ സ്കോര്‍. പിന്നീട് മികച്ചൊരു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് തിലക് വര്‍മ്മ – നെഹാൽ വദേര കൂട്ടുകെട്ട് നേടിയത്.

വദേരയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റൺസ് അകലെ നഷ്ടമാകുമ്പോള്‍ ഈ കൂട്ടുകെട്ട് 99 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 49 റൺസ് നേടിയ വദേരയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 10 റൺസ് മാത്രം നേടി അവേശ് ഖാന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മ പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 45 പന്തിൽ നിന്ന് 65 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.

തൊട്ടടുത്ത പന്തിൽ സന്ദീപ് ശര്‍മ്മ ജെറാള്‍ഡ് കോയെറ്റ്സേയെയും പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. ടിം ‍ഡേവിഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് 179/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

 

മൂന്നാം നമ്പറിലിറങ്ങി സഞ്ജുവിന്റെ കന്നി ഏകദിന ശതകം!!! ഇന്ത്യയ്ക്ക് 296 റൺസ്

സഞ്ജു സാംസൺ നേടിയ ശതകത്തിന്റെ മികവിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 296 റൺസ്. 108 റൺസാണ് സഞ്ജു 114 പന്തിൽ നിന്ന് നേടിയത്. തിലക് വര്‍മ്മ 52 റൺസും റിങ്കു സിംഗ് 38 റൺസും നേടിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

101/3 എന്ന നിലയിൽ നിന്ന് സഞ്ജു – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയ 116 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്നും നാന്‍ഡ്രേ ബര്‍ഗര്‍ രണ്ടും വിക്കറ്റ് നേടി.

ഇന്ത്യ തുടരെ മൂന്ന് ടി20 മത്സരങ്ങള്‍ തോറ്റിട്ടില്ലെന്നറിയാം എന്നത് ആത്മവിശ്വാസം നൽകി – സൂര്യകുമാര്‍ യാദവ്

ഇന്ത്യ ടി20യിൽ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റിട്ടില്ലെന്ന് തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും അത് തനിക്ക് ആത്മവിശ്വാസം നൽകിയെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസിനെതിരെ ടി20 മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട് സൂര്യകുമാര്‍ യാദവ്.

മറുവശത്ത് തിലക് വര്‍മ്മയുടെ ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും താനും തിലകും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഒരുമിച്ച് ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നതും തങ്ങള്‍ക്ക് തുണയായി എന്നും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.

“തിലക് വർമ്മ ഇന്ത്യക്ക് ആയി മറ്റു ഫോർമേറ്റിലും അടുത്തു തന്നെ കളിക്കും”

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലും നല്ല പ്രകടനം കാഴ്ചവെച്ച തിലക് വർമ്മ മറ്റ് ഫോർമാറ്റുകളുടെ ടീമിലേക്കുള്ള വാതിലുകളും അടുത്ത് തന്നെ തുറക്കും എന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് താരം അഭിനവ് മുകുന്ദ്. ഗയാനയിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ വർമ്മ പുറത്താകാതെ 49 റൺസ് നേടിയിരുന്നു.

“ടീമിന് ആവശ്യമായ റോൾ അദ്ദേഹം ചെയ്തു, തിലക് വർമ്മ ഇഷ്ടാനുസരണം കളിക്കുകയല്ല ചെയ്തത്. അവൻ തന്റെ ദൗത്യം ചെയ്യാനാണ് ഇറങ്ങിയത്. സൂര്യകുമാർ നന്നായി ബാറ്റു ചെയ്യുമ്പോൾ താനും അതുപോലെ കളിക്കേണ്ടതില്ല എന്ന് തിലകിന് അറിയാമായിരുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ പക്വത എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത്” മുകുന്ദ് പറഞ്ഞു.

“ഈ പരമ്പരയിൽ നമ്മൾ കണ്ടതിൽ നിന്ന്, മറ്റ് ഫോർമാറ്റുകളുടെ വാതിലുകൾ അദ്ദേഹം ശരിക്കും മുട്ടുകയാണ്, ”മുകുന്ദ് കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മയുടെ പിന്തുണ ആണ് തന്റെ പ്രകടനങ്ങൾക്ക് കരുത്തായത് എന്ന് തിലക് വർമ്മ

ഐ പി എൽ ആണ് താൻ ഇന്ത്യൻ ടീമിലേക്ക് എത്താൻ കാരണം എന്ന് തിലക് വർമ്മ. വെസ്റ്റിൻഡീസിന് എതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയ തിലക് ആദ്യ രണ്ട് ഇന്നിംഗ്സിലും ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു. ഇന്ത്യക്ക് ആയുള്ള തന്റെ ആദ്യ അർധ സെഞ്ച്വറിയും തിലക് വർമ്മ നേടി കഴിഞ്ഞു.

“രണ്ട് ഐപിഎൽ സീസണുകൾ ആണ് വഴിത്തിരിവായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അവിടെയുള്ള എന്റെ പ്രകടനങ്ങൾ കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്,” തിലക് വർമ്മ പറഞ്ഞു. “ഞാൻ ഐ പി എൽ കളിച്ച ആ ആത്മവിശ്വാസത്തോടെ കളിക്കുകയാണ്, ഞാൻ ചെയ്യുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.₹ അദ്ദേഹം പറഞ്ഞു.

“എന്റെ ആദ്യ ഐ‌പി‌എൽ സീസണിൽ, രോഹിത് ശർമ്മ എന്നോട്, ഞാൻ ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാണെന്നു പറഞ്ഞു, അത് എനിക്ക് വലിയ ഉത്തേജനമായിരുന്നു. അത് എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. അന്നുമുതൽ അദ്ദേഹം എന്നോട്് ഞാൻ സ്ഥിരത പുലർത്തണം, അതിനായി കളിക്കളത്തിന് പുറത്ത് അച്ചടക്കം പാലിക്കേണ്ടതുണ്ട്, എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ മാർഗനിർദേശം സ്വീകരിക്കുകയും അദ്ദേഹം എന്നോട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നു.” തിലക് വർമ്മ പറഞ്ഞു.

തിലക് വർമ്മ ഭാവിയിൽ ഇന്ത്യയെ ഒരുപാട് മത്സരങ്ങൾ ജയിപ്പിക്കും എന്ന് അർഷ്ദീപ്

ഇന്ത്യക്ക് ആയി ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വർമ്മയെ പ്രശംസിച്ച് ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗ്. തിലക് വർമ്മയുടെ വിക്കറ്റ് ഇന്ത്യ കളി തോൽക്കാൻ കാരണം എന്നും അർഷ്ദീപ് പറഞ്ഞു. ഇന്നലെ 22 പന്തിൽ 39 റൺസ് എടുക്കാൻ തിലക് വർമ്മക്ക് ആയിരുന്നു.

“തിലക് വർമ്മയുടെ വിക്കറ്റാണ് കളിയിലെ വഴിത്തിരിവ് എന്ന് എനിക്ക് പറയാനാവില്ല. അത് അദ്ദേഹത്തിന്റെ കളിയുടെ ശൈലിയുടെ ഭാഗമാണ്. അവൻ ധാരാളം ആക്രമണ ഷോട്ടുകൾ കളിക്കുന്നു, അവയിൽ ചില അവസരങ്ങൾ അവ എതിരാളികൾക്ക് നൽകും, പക്ഷേ നമ്മൾ കണ്ടതുപോലെ, അവൻ വളരെ കഴിവുള്ളവനാണ്.” അർഷ്ദീപ് പറഞ്ഞു.

“അദ്ദേഹത്തെ അരങ്ങേറ്റം മികച്ചതായിരുന്നു, കുറച്ച് മനോഹരമായ ഷോട്ടുകൾ കളിച്ചു, ഭാവിയിൽ ടീമിനെ ഒരുപാട് മത്സരങ്ങൾ വിജയിപ്പിക്കാൻ അദ്ദേഹം സഹായിക്കും, ”അർഷ്ദീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാമറൺ ഗ്രീനിന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം, 192 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 192/5 എന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. കാമറൺ ഗ്രീന്‍ 40 പന്തിൽ പുറത്താകാതെ 64 റൺസും ഇഷാന്‍ കിഷന്‍(38), രോഹിത് ശര്‍മ്മ(28), തിലക് വര്‍മ്മ(17 പന്തിൽ 37 റൺസ്), ടിം ഡേവിഡ്(16) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ ഈ സ്കോര്‍ നേടിയത്.

2 വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സെന്‍ ആണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഓപ്പണിംഗ് വിക്കറ്റിൽ 4.4 ഓവറിൽ 41 റൺസാണ് രോഹിതും ഇഷാനും ചേര്‍ന്ന് നേടിയത്.

രണ്ടാം വിക്കറ്റിൽ ഗ്രീന്‍ – ഇഷാന്‍ കൂട്ടുകെട്ട് 46 റൺസ് കൂടി നേടി. സൂര്യകുമാര്‍ യാദവ് മോശം ഫോം തുടര്‍ന്നപ്പോള്‍ ജാന്‍സെന്‍ ഇഷാനെ പുറത്താക്കിയ ഓവറിൽ തന്നെ യാദവിനെയും മടക്കിയയ്ച്ചു. നാലാം വിക്കറ്റിൽ 56 റൺസ് തിലക് വര്‍മ്മയ്ക്കൊപ്പം ഗ്രീന്‍ നേടി. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡ് – ഗ്രീന്‍ കൂട്ടുകെട്ട് 41 റൺസാണ് നേടിയത്.

അര്‍ദ്ധ ശതകം നേടി ഇഷാന്‍ കിഷന്‍, ഫോമിലേക്ക് മടങ്ങിയെത്തി സ്കൈ, അനായാസ വിജയവുമായി മുംബൈ

കൊൽക്കത്തയ്ക്കെതിരെ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. വെങ്കിടേഷ് അയ്യര്‍ ശതകവുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ കൊൽക്കത്ത 186 റൺസ് വിജയ ലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നിൽ നൽകിയത്. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ ഫിഫ്റ്റി നേടിയും സൂര്യകുമാര്‍, തിലക് വര്‍മ്മ എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ 17.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ രോഹിത്തും ഇഷാനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 4.5 ഓവറിൽ 65 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ രോഹിത്തിന്റെ വിക്കറ്റ് നേടി സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്.

13 പന്തിൽ 20 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. അധികം വൈകാതെ ഇഷാന്‍ കിഷന്റെ വിക്കറ്റ് വരുൺ ചക്രവര്‍ത്തി നേടി. 25 പന്തിൽ 58 റൺസായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്.

പിന്നീട് സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് 38 പന്തിൽ 60 റൺസ് നേടിയ കൂട്ടുകെട്ടിനെ സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്. താരത്തിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റായിരുന്നു. 25 പന്തിൽ 30 റൺസായിരുന്നു തിലക് വര്‍മ്മയുടെ സംഭാവന.

പകരമെത്തിയ ടിം ഡേവിഡ് വരുൺ ചക്രവര്‍ത്തിയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയപ്പോള്‍ മുംബൈ വിജയത്തിന് അടുത്തേക്ക് എത്തി. 25 പന്തിൽ 43 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ വിജയത്തിനായി മുംബൈ 10 റൺസ് കൂടി നേടിയാൽ മതിയായിരുന്നു.

ടിം ഡേവിഡ് 11 പന്തിൽ 21 റൺസ് നേടി മുംബൈയുടെ വിജയം ഉറപ്പാക്കുകകയായിരുന്നു.

എന്റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് പൂവണിഞ്ഞത്, രോഹിത്തുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് തിലക് വര്‍മ്മ

തന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു രോഹിത് ഭയ്യയോടൊപ്പം ബാറ്റ് ചെയ്യുക എന്നത് എന്നും അത് ഇന്ന് സാധിച്ചുവെന്നും പറഞ്ഞ് തിലക് വര്‍മ്മ. തനിക്ക് ഇപ്പോള്‍ ആ അവസരം ലഭിച്ചപ്പോള്‍ അതിനോടൊപ്പം ഒരു മികച്ച കൂട്ടുകെട്ടും സാധ്യമായപ്പോള്‍ സ്പെഷ്യൽ ഫീലിംഗാണുള്ളതെന്നും തിലക് വര്‍മ്മ വ്യക്തമാക്കി.

സാധാരണ മൂന്നും നാലും വിക്കറ്റുകള്‍ വീണ ശേഷം മാത്രമാണ് തിലക് വര്‍മ്മ ബാറ്റിംഗിനെത്തുന്നത്. ഇന്നലെ ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടമായ ശേഷം വൺ ഡൗണിൽ തിലക് വര്‍മ്മയെ മുംബൈ ഇറക്കി.

രോഹിത്തും തിലകും ചേര്‍ന്ന് 68 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 139/1 എന്ന അതിശക്തമായ നിലയിലേക്ക് മുംബൈയെ എത്തിച്ച ശേഷം 41 റൺസ് നേടിയ തിലക് പുറത്തായപ്പോള്‍ മുംബൈ അവസാന പന്തിൽ മാത്രമാണ് വിജയം കൈക്കലാക്കിയത്.

സഞ്ജുവിന് അര്‍ദ്ധ ശതകം, ഇന്ത്യ എയ്ക്ക് 284 റൺസ്

ന്യൂസിലാണ്ട് എയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 284 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ എ. ക്യാപ്റ്റന്‍ സഞ്ജു സാംസണും തിലക് വര്‍മ്മയും ശര്‍ദ്ധുൽ താക്കുറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 49.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

54 റൺസ് നേടിയ സ‍ഞ്ജു ടോപ് സ്കോറര്‍ ആയപ്പോള്‍ ശര്‍ദ്ധുൽ 33 പന്തിൽ നിന്ന് 51 റൺസാണ് നേടിയത്. തിലക് വര്‍മ്മ 50 റൺസും ഋഷി ധവാന്‍ 34 റൺസും നേടി. അഭിമന്യു ഈശ്വരന്‍ 39 റൺസ് നേടി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കൽ റിപ്പൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പണം തന്നെ ബാധിക്കുവാന്‍ അനുവദിക്കില്ല, പൈസ കൈകാര്യം ചെയ്യുന്നത് പിതാവ് – തിലക് വര്‍മ്മ

ഐപിഎലില്‍ ഈ സീസണിലെ കണ്ടെത്തലുകളിൽ ഒരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മ. മോശം സീസണിൽ മുംബൈയ്ക്ക് ആശ്വാസമെന്ന് പറയാവുന്നത് താരത്തിന്റെ പ്രകടനം ആയിരുന്നു.

19 വയസ്സുകാരന്‍ താരത്തെ മുംബൈ 1.7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്ന് 394 റൺസ് നേടിയ താരം ആയിരുന്നു പല മത്സരങ്ങളിലും മുംബൈയുടെ മുഖം രക്ഷിച്ചത്.

എന്നാൽ തനിക്ക് ലഭിച്ച പണം തന്നെ ബാധിക്കാതിരിക്കുവാന്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. താന്‍ പണമെല്ലാം പിതാവിനെയാണ് ഏല്പിച്ചതെന്നും അത് കൈകാര്യം ചെയ്യുവാന്‍ അദ്ദേഹത്തിനെ ഏല്പിച്ച് താന്‍ ഇപ്പോളും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തിലക് വര്‍മ്മ വ്യക്തമാക്കി.

തന്റെ പിതാവ് ഒരു ഇലക്ട്രീഷ്യനായിരുന്നുവെന്നും താന്‍ ഒരു ഡോക്ടര്‍ ആവണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മുംബൈ ഇന്ത്യന്‍ താരം സൂചിപ്പിച്ചു. തനിക്ക് പരമ്പരാഗത കരിയര്‍ ഉപാദികളെക്കുറിച്ച് അല്ലാതെ ഒന്നും ചിന്തിക്കാനാകില്ലായിരുന്നുവെന്നും കാരണം തന്റെ കുടുംബത്തിന് സ്ഥിരവരുമാനം വേണ്ടത് അത്രമാത്രം നിര്‍ണ്ണായകമായ ഒന്നായിരുന്നുവെന്നും തിലക് കൂട്ടിചേര്‍ത്തു.

Exit mobile version