വെല്ലുവിളി ഏറ്റെടുക്കുവാന്‍ എന്നും തയ്യാറുള്ള താരമാണ് സുയാഷ് ശര്‍മ്മ – നിതീഷ് റാണ

സുയാഷ് ശര്‍മ്മയോട് താന്‍ എന്ത് ദൗത്യം നൽകിയാലും താരം അതിന് സജ്ജനാണെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ നിതീഷ് റാണ. ഇന്നലെ ആര്‍സിബിയെ പൂട്ടിയതിൽ നിര്‍‍ണ്ണായക പങ്കാണ് താരം വഹിച്ചത്.

മികച്ച രീതിയിൽ തുടങ്ങിയ ആര്‍സിബിയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഫാഫ് ഡു പ്ലെസി പുറത്താക്കി താരം ഈ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ 2.2 ഓവറിൽ 31 റൺസായിരുന്നു ആര്‍സിബി ഓപ്പണര്‍മാര്‍ നേടിയത്. തന്റെ അടുത്ത ഓവറിൽ ഷഹ്ബാസിനെയും പുറത്താക്കിയ സുയാഷ് 4 ഓവറിൽ 30 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് നേടിയത്.

താരത്തോട് ബാറ്റ് ചെയ്യുന്നത് ആരെന്ന് നോക്കേണ്ട കാര്യമില്ലെന്നും ബൗളിംഗിൽ മാത്രം ശ്രദ്ധിക്കുവാനുള്ള ഉപദേശം ആണ് കൊൽക്കത്ത താരങ്ങള്‍ നൽകുന്നതെന്നും സുയാഷ് വ്യക്തമാക്കി.

അര്‍ദ്ധ ശതകം നേടി ഇഷാന്‍ കിഷന്‍, ഫോമിലേക്ക് മടങ്ങിയെത്തി സ്കൈ, അനായാസ വിജയവുമായി മുംബൈ

കൊൽക്കത്തയ്ക്കെതിരെ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. വെങ്കിടേഷ് അയ്യര്‍ ശതകവുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ കൊൽക്കത്ത 186 റൺസ് വിജയ ലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നിൽ നൽകിയത്. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ ഫിഫ്റ്റി നേടിയും സൂര്യകുമാര്‍, തിലക് വര്‍മ്മ എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ 17.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ രോഹിത്തും ഇഷാനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 4.5 ഓവറിൽ 65 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ രോഹിത്തിന്റെ വിക്കറ്റ് നേടി സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്.

13 പന്തിൽ 20 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. അധികം വൈകാതെ ഇഷാന്‍ കിഷന്റെ വിക്കറ്റ് വരുൺ ചക്രവര്‍ത്തി നേടി. 25 പന്തിൽ 58 റൺസായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്.

പിന്നീട് സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് 38 പന്തിൽ 60 റൺസ് നേടിയ കൂട്ടുകെട്ടിനെ സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്. താരത്തിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റായിരുന്നു. 25 പന്തിൽ 30 റൺസായിരുന്നു തിലക് വര്‍മ്മയുടെ സംഭാവന.

പകരമെത്തിയ ടിം ഡേവിഡ് വരുൺ ചക്രവര്‍ത്തിയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയപ്പോള്‍ മുംബൈ വിജയത്തിന് അടുത്തേക്ക് എത്തി. 25 പന്തിൽ 43 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ വിജയത്തിനായി മുംബൈ 10 റൺസ് കൂടി നേടിയാൽ മതിയായിരുന്നു.

ടിം ഡേവിഡ് 11 പന്തിൽ 21 റൺസ് നേടി മുംബൈയുടെ വിജയം ഉറപ്പാക്കുകകയായിരുന്നു.

താരത്തെ കണ്ടത് ട്രയൽ മത്സരത്തിൽ, സുയാഷ് ആത്മവിശ്വാസമുള്ള താരം

തന്റെ ഐപിഎൽ അരങ്ങേറ്റത്തിൽ 3 വിക്കറ്റ് നേടി ശ്രദ്ധേയമായ മത്സരം ആണ് കൊൽക്കത്തയുടെ സ്പിന്നര്‍ സുയാഷ് ശര്‍മ്മ നടത്തിയത്. താരത്തിനെ ട്രയൽ മത്സരത്തിലാണ് കണ്ടതെന്നാണ് കൊൽക്കത്തയുടെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത്. താരം പരിചയസമ്പത്ത് കുറവുള്ളയാളാണെങ്കിലും മികച്ച ആറ്റിറ്റ്യൂടുള്ളയാളാണെന്നാണ് ചന്ദ്രകാന്ത് വ്യക്തമാക്കിയത്.

ട്രയൽ മത്സരത്തിൽ സുയാഷ് പന്തെറിഞ്ഞതിനെക്കുറിച്ച് ഏവര്‍ക്കും മികച്ച അഭിപ്രായമായിരുന്നുവെന്നും താരം ക്വിക് ത്രൂ ദി എയര്‍ ആണെന്നും ബാറ്റ്സ്മാന്മാര്‍ക്ക് പിക് ചെയ്യുവാന്‍ പാടാണെന്നമാണ് ചന്ദ്രകാന്ത് പറഞ്ഞത്.

സുയാഷ് ആത്മവിശ്വാസമുള്ള താരമാണെന്നും തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗിച്ചുവെന്നാണ് നിതീഷ് റാണ താരത്തെക്കുറിച്ച് പറഞ്ഞത്.

 

സ്പിന്‍ കുരുക്കിൽ വീണ് ആര്‍സിബി, കൊല്‍ക്കത്തയ്ക്ക് 81 റൺസ് വിജയം

ഐപിഎലില്‍ ആര്‍സിബിയ്ക്ക് കനത്ത പരാജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്കോറായ 204/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 17.4 ഓവറിൽ ആര്‍സിബി പുറത്താകുകയായിരുന്നു. 81 റൺസിന്റെ വിജയം ആണ് കൊൽക്കത്ത നേടിയത്.

വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും മിന്നും തുടക്കം ടീമിന് നൽകിയെങ്കിലും കോഹ്‍ലിയെ(21) നരൈനും ഫാഫ് ഡു പ്ലെസിയെ(23) വരുൺ ചക്രവര്‍ത്തിയും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ പിന്നെ കൊൽക്കത്ത പിടിമുറുക്കുന്നതാണ് കണ്ടത്.

44/0 എന്ന നിലയിൽ നിന്ന് 61/5 എന്ന നിലയിലേക്ക് ആര്‍സിബി വീഴുകയായിരുന്നു. ഇവിടെ നിന്ന് തിരിച്ചുവരവ് ആര്‍സിബിയ്ക്ക് ഒരിക്കലും സാധ്യമായിരുന്നില്ല. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്നാണ് 123 റൺസിലേക്ക് എത്തിച്ചത്. ആകാശ് ദീപ് 8 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ ഡേവിഡ് വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. സുനിൽ നരൈന്‍ 2 വിക്കറ്റും നേടി.

Exit mobile version