മുംബൈയുടെ രക്ഷയ്ക്കെത്തി വര്‍മ്മ – വദേര കൂട്ടുകെട്ട്, സന്ദീപ് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടം

ബാറ്റിംഗ് തകര്‍ച്ച നേരിട്ട മുംബൈയുടെ രക്ഷയ്ക്കെത്തി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിൽ രോഹിത്തിനെയും രണ്ടാം എവറിൽ ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ആറ് റൺസ് മാത്രമായിരുന്നു സ്കോര്‍. രോഹിത്തിനെ ബോള്‍ട്ടും ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.

20/3 എന്ന നിലയിലേക്ക് വീണ ടീമിനെ തിലക് വര്‍മ്മ – മൊഹമ്മദ് നബി കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ ബോര്‍ഡിൽ 52 റൺസുള്ളപ്പോള്‍ നബിയുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. 23 റൺസായിരുന്നു നബിയുടെ സ്കോര്‍. പിന്നീട് മികച്ചൊരു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് തിലക് വര്‍മ്മ – നെഹാൽ വദേര കൂട്ടുകെട്ട് നേടിയത്.

വദേരയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റൺസ് അകലെ നഷ്ടമാകുമ്പോള്‍ ഈ കൂട്ടുകെട്ട് 99 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 49 റൺസ് നേടിയ വദേരയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 10 റൺസ് മാത്രം നേടി അവേശ് ഖാന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മ പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 45 പന്തിൽ നിന്ന് 65 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.

തൊട്ടടുത്ത പന്തിൽ സന്ദീപ് ശര്‍മ്മ ജെറാള്‍ഡ് കോയെറ്റ്സേയെയും പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. ടിം ‍ഡേവിഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് 179/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

 

സൂര്യകുമാര്‍ യാദവിന്റെ ഷോട്ടുകള്‍ കോപ്പി ചെയ്യുവാന്‍ ശ്രമിക്കാറുണ്ട്, പക്ഷേ സാധിക്കാറില്ല – നെഹാൽ വദേര

ആര്‍സിബി നൽകിയ 200 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനുമൊപ്പം നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് പുതുമുഖ താരം നെഹാൽ വദേര പുറത്തെടുത്തത്. തനിക്ക് മുന്‍ മത്സരങ്ങളിൽ നിന്ന് അപേക്ഷിച്ച് ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറങ്ങാൻ ലഭിച്ച അവസരം താന്‍ ഏറെ ആസ്വദിച്ചുവെന്നും തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിൽ അര്‍ദ്ധ ശതകം നേടാനായതിൽ സന്തോഷമുണ്ടെന്നും വദേര സൂചിപ്പിച്ചു.

താന്‍ അവസാനം വരെ ബാറ്റ് ചെയ്യുകയാണെങ്കിൽ ടീമിനായി ഫിനിഷിംഗ് റോള്‍ ചെയ്യാനാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും വദേര വ്യക്തമാക്കി. സൂര്യകുമാര്‍ യാദവ് ടോപ് ക്ലാസ് പ്ലേയറാണെന്നും താന്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കോപ്പി ചെയ്യുവാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതിന് സാധിക്കാറില്ലെന്നും താരം കൂട്ടിചേര്‍ത്തു.

മുംബൈ സ്കോറിന് മാന്യത പകര്‍ന്ന് നെഹാൽ വദേര

മുംബൈ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ട ചെന്നൈയ്ക്കെതിരെ 139 റൺസ് നേടി രോഹിത് ശര്‍മ്മയും സംഘവും. നെഹാൽ വദേരയുടെ അര്‍ദ്ധ ശതകം ആണ് വലിയ നാണക്കേടിൽ നിന്ന് മുംബൈയെ രക്ഷിച്ചത്. 14/3 എന്ന നിലയിൽ സൂര്യകുമാര്‍ യാദവിനൊപ്പവും ട്രിസ്റ്റന്‍ സ്റ്റബ്സിനൊപ്പവും നെഹാൽ നേടിയ കൂട്ടുകെട്ടുകളാണ് മുംബൈ സ്കോറിന് മാന്യത പകര്‍ന്നത്.

കാമറൺ ഗ്രീനിനെ തുഷാര്‍ ദേശ്പാണ്ടേ രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെയും രോഹിത് ശര്‍മ്മയെയും തൊട്ടടുത്ത ഓവറിൽ പുറത്താക്കി ദീപക് ചഹാര്‍ മുംബൈയെ 14/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് നേടിയ സൂര്യകുമാര്‍ യാദവ് – നെഹാൽ വദേര കൂട്ടുകെട്ടിനെ രവീന്ദ്ര ജഡേജ തകര്‍ക്കുകയായിരുന്നു.

26 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ മുംബൈ 69/4 എന്ന നിലയിലായിരുന്നു. സൂര്യ പുറത്തായ ശേഷം നെഹാൽ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് മുംബൈയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 54 റൺസാണ് നേടിയത്.

തന്റെ അര്‍ദ്ധ ശതകം തികച്ച ശേഷം അവസാന ഓവറുകളിൽ സ്കോറിംഗിന് വേഗത കൂട്ടി നെഹാൽ മുംബൈയെ മുന്നോട്ട് നയിക്കുന്നതാണ് പിന്നീട് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കണ്ടത്. 51 പന്തിൽ 64 റൺസ് നേടി താരം മടങ്ങുമ്പോള്‍ മുംബൈ 123/5 എന്ന നിലയിലായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് 20 റൺസ് നേടി അവസാന ഓവറിൽ പുറത്തായപ്പോള്‍ മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. ചെന്നൈയ്ക്കായി മതീഷ പതിരാന മൂന്നും ദീപക് ചഹാര്‍, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version