ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ ചീഫ് എക്സിക്യൂട്ടീവ്

ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നടത്തിയാല്‍ ടൂര്‍ണ്ണമെന്റ് വലിയ നഷ്ടത്തിലേക്ക് വരുമെന്നും ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ള ബോര്‍ഡ് തീരുമാനം ഉചിതമാണെന്നും സറേ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞു.

ഇസിബി ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ ആണ് കൊറോണയ്ക്ക് ഇടയിലും ദി ഹണ്ട്രെഡ് ലാഭത്തില്‍ നടത്താനാകും എന്ന് വാദിക്കുന്നവരില്‍ മുന്‍പില്‍. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിനെ സഹായിക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റിനാകുമെന്നാണ് ടോം ഹാരിസണിന്റെ വാദം. 40 മില്യണ്‍ ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണ്ണമെന്റിന് 51 മില്യണ്‍ വരുമാനം ഉണ്ടാക്കാനാകുമെന്നാണ് ഹാരിസണ്‍ പ്രതീക്ഷിക്കുന്നത്.

തനിക്ക് ഇംഗ്ലണ്ട് ബോര്‍ഡുമായി വാഗ്വാദത്തിന് താല്പര്യമില്ലെങ്കിലും ഇത്തരത്തില്‍ ഒരു ലാഭം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് ഗൗള്‍ഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് കൗണ്ടികള്‍ക്ക് കൊടുക്കുവാനുള്ള പണവും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാകുകയുള്ളുവെന്നും സറേ ചീഫ് വ്യക്തമാക്കി.

ദി ഹണ്ട്രഡ് മാറ്റി വെച്ചത് നല്ല തീരുമാനം – ഓയിന്‍ മോര്‍ഗന്‍

ഈ സീസണില്‍ ഇംഗ്ലണ്ടില്‍ നടക്കില്ലെന്ന് ഉറപ്പാക്കിയ ഒരു ടൂര്‍ണ്ണമെന്റാണ് ദി ഹണ്ട്രെഡ്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന സീസണ്‍ ഇപ്പോളത്തെ കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ഇംഗ്ലണ്ട് ബോര്‍ഡ് ടൂര്‍ണ്ണമെന്റ് അടുത്ത സീസണിലേക്ക് മാറ്റി. ഈ തീരുമാനം ഏറ്റവും മികച്ചതെന്നാണ് ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെടുന്നത്.

വളരെ കഷ്ടത നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും അതിനാല്‍ തന്നെ ഇത്തരം ഒരു തീരുമാനം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും മികച്ച ഒന്നാണെന്നും താരം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുതിയ ഒരു ടൂര്‍ണ്ണമെന്റിന്റെ തുടക്കം ശരിയായ രീതിയില്‍ നടപ്പിലാക്കാനാകില്ലായിരുന്നു. അത് പരിഗണിക്കുമ്പോള്‍ ഈ തീരുമാനം മികച്ചതാണെന്ന് താരം വ്യക്തമാക്കി.

ദി ഹണ്ട്രെഡ് ഈ വര്‍ഷമില്ല, ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റി ഇംഗ്ലണ്ട് ബോര്‍ഡ്

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രഡിന്റെ ഉദ്ഘാടന സീസണ്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി ഇംഗ്ലണ്ട് ബോര്‍ഡ്. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം ബോര്‍ഡ് കൈകൊണ്ടത്. ഇംഗ്ലണ്ടിലെ പട്ടണങ്ങളെ അടിസ്ഥമാനമാക്കിയുള്ള പുരുഷ വനിത ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇംഗ്ലണ്ട് ബോര്‍ഡ് നേരത്തെ വൈറ്റാലിറ്റി ബ്ലാസ്റ്റ്, അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയ്ക്കൊപ്പം ദി ഹണ്ട്രെഡും ഈ സീസണില്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

അതേ സമയം പിന്നീട് ഇംഗ്ലണ്ടിന്റെ പ്രധാന വരുമാന സ്രോതസ്സ് ആയി മാറേണ്ട ടൂര്‍ണ്ണമെന്റ് ഇത്തരത്തില്‍ പ്രതിസന്ധി ഘടത്തില്‍ നടത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റിലെ ലാഭം ലക്ഷ്യമാക്കിയുള്ള ടൂര്‍ണ്ണമെന്റാണ് ദി ഹണ്ട്രെഡ്, അതിനാല്‍ തന്നെ ഈ സീസണിന്റെ ഒരു നല്ല പങ്ക് നഷ്ടമായ സ്ഥിതിയ്ക്ക് ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാഹചര്യം അല്ലെന്ന് സിഇഒ ടോം ഹാരിസണ്‍ വ്യക്തമാക്കി.

കൂടുതല്‍ വരുമാനവും താല്പര്യവും സൃഷ്ടിക്കാനാകുന്ന ദി ഹണ്ട്രെഡിലേക്ക് ബോര്‍ഡ് കൂടുതല്‍ ശ്രദ്ധയൂന്നണം

ഇംഗ്ലണ്ടില്‍ കോവിഡ് മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഏറെക്കുറെ ഉപേക്ഷിക്കുവാനും കൂടുതല്‍ ശ്രദ്ധ ടി20 ബ്ലാസ്റ്റിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമാകുമെന്നാണ് ബോര്‍ഡിന്റെ നയമെങ്കിലും ദി ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസണ്‍.

കൂടുതല്‍ വരുമാനും കാണികളെ ആകര്‍ഷിക്കുവാനും കഴിയുന്ന ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റുകളുമായി ഇംഗ്ലണ്ട് ബോര്‍ഡ് മുന്നോട്ട് വരണമെന്നാണ് ടോം ഹാരിസണ്‍ അഭിപ്രായപ്പെട്ടത്. ദി ഹണ്ട്രെഡിനാണ് കൂടുതല്‍ വരുമാനം ഉണ്ടാക്കുവാനുള്ള സാധ്യതയെന്നും അതിനാല്‍ തന്നെ ഇതിനെ ഒഴിവാക്കി എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തന്നെ അഭ്യൂഹം മാത്രമാണെന്ന് ടോം ഹാരിസണ്‍ വ്യക്തമാക്കി.

ജൂലൈ വരെ ക്രിക്കറ്റ് ഇല്ലെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട്, അടുത്ത ബുധനാഴ്ച ദി ഹണ്ട്രെഡിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച

തങ്ങളുടെ സമ്മര്‍ കലണ്ടര്‍ പുനഃക്രമീകരിച്ച് ഇംഗ്ലണ്ട്. പുതിയ കലണ്ടര്‍ പ്രകാരം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ജൂലൈ 1 വരെ യാതൊരു തരത്തിലുള്ള ക്രിക്കറ്റും ഇംഗ്ലണ്ടില്‍ നടത്തേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ച പ്രകാരം മേയ് 28 വരെയായിരുന്നു ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം.

ഇത് കൂടാതെ പുതുതായി തുടങ്ങാനിരുന്ന ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ബോര്‍ഡ് ബുധനാഴ്ച(ഏപ്രില്‍ 29ന്) മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മീറ്റിംഗ് ആണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

മത്സരങ്ങള്‍ ആരംഭിയ്ക്കുകയാണെങ്കില്‍ അത് അടച്ചിട്ട ഗ്രൗണ്ടുകളില്‍ മാത്രമായിരിക്കും നടക്കുക എന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഗ്രൗണ്ടുകള്‍ ബയോ-സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. എന്നാല്‍ ഇവയ്ക്കെല്ലാം സര്‍ക്കാരില്‍ നിന്നുള്ള അനുമതി ആവശ്യമാണ്.

പുതിയ ക്രമ പ്രകാരം വൈറ്റാലിറ്റി ടി20യും അന്താരാഷ്ട്ര മത്സരങ്ങളും മാത്രമാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ മുന്‍ഗണനയിലുള്ളതെന്ന് വേണം മനസ്സിലാക്കുവാന്‍. ഇപ്രകാരമാണെങ്കില്‍ കൗണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കുവാനുള്ള സാധ്യതയും ഏറെയാണെന്ന് കരുതണം.

ഫ്ലെമിംഗ് നോട്ടിംഗാം ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലേക്ക് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗും എത്തുന്നു. നോട്ടിംഗാം ആസ്ഥാനമായിട്ടുള്ള ടീമിനെയാണ് ഫ്ലെമിംഗ് പരിശീലിപ്പിക്കുക. 2005 മുതല്‍ 2007 വരെ നോട്ടിംഗാമില്‍ താരമായി കളിച്ചിട്ടുള്ള ഫ്ലെമിംഗിന് ഇത് അങ്ങോട്ടുള്ള മടങ്ങി വരവ് കൂടിയാണ്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലകനായ ഫ്ലെമിംഗിനാണ് ഏറ്റവും അധികം കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച പരിശീലകനെന്ന ബഹുമതി. ഫ്ലെമിംഗ് മൂന്ന് തവണയാണ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

ബിഗ് ബാഷില്‍ നാല് സീസണുകളില്‍ രണ്ടെണ്ണത്തിലും ഫൈനലിലേക്ക് മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിച്ച പാരമ്പര്യവും ഫ്ലെമിംഗിനുണ്ട്. മുന്‍ യോര്‍ക്ക്ഷയര്‍ താരം സാല്ലിയന്‍ ബ്രിഗ്സ് ആണ് വനിത ടീമിന്റെ പരിശീലക.

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇവരെ കൂടാതെ ടീമിന്റെ പരിശീലക സംഘത്തില്‍ ജിമ്മി ആഡംസ്, റിച്ചാര്‍ഡ് ഹാല്‍സാല്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ജയവര്‍ദ്ധനേയും ബോണ്ടും ചേര്‍ന്ന് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ ഒരുമിച്ച് നേടിയിട്ടുള്ളവരാണ്.

ലീഡ്സിന്റെ കോച്ചായി ലീമാന്‍ ദി ഹണ്ട്രെഡിനെത്തുന്നു

മുന്‍ ഓസ്ട്രേലിയന്‍ താരവും കോച്ചുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡാരെന്‍ ലീമാന്‍ ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റില്‍ ലീഡ്സ് കേന്ദ്രമായിട്ടുള്ള ഫ്രാഞ്ചൈസിയുടെ പുരുഷ കോച്ചായി എത്തുന്നു. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ഡാനിയേല്‍ ഹേസല്‍ പരിശീലിപ്പിക്കും. 2001ല്‍ കൗണ്ടി വിജയിച്ച യോര്‍ക്ക്ഷയര്‍ ടീമിന്റെ ഭാഗമായിരുന്നു ലീമാന്‍ എന്നത് താരത്തിനെ പഴയ പരിചിത മേഖലയിലേക്ക് തിരികെ എത്തുന്നുവെന്ന സന്തോഷത്തിലാണ് താനെന്ന് ലീമാന്‍ പറഞ്ഞു.

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ കോച്ചായുള്ള തന്റെ സേവനം ലീമാന്‍ അവസാനിപ്പിച്ചത്. അതേ സമയം ഈ വര്‍ഷം ജനുവരിയിലാണ് ഹേസല്‍ തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ഡര്‍‍ഹം, യോര്‍ക്ക്ഷയര്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം കിയ സൂപ്പര്‍ ലീഗില്‍ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ പരിശീലിപ്പിക്കുകയാണ് ഇപ്പോള്‍.

ദി ഹണ്ട്രെഡ് – പരിശീലകനായി ഗാരി കിര്‍സ്റ്റെനും

കാര്‍ഡിഫ് ആസ്ഥാനമാക്കിയുള്ള ദി ഹണ്ട്രെഡ് ടീമിന്റെ പരിശീലക വേഷത്തില്‍ എത്തുവാനായി ഗാരി കിര്‍സ്റ്റെനും. പുരുഷ ടീമിനെ കിര്‍സ്റ്റെനും വനിത ടീമിനെ മാത്യൂ മോട്ടുമാവും പരിശീലിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയികളായ 2011 സ്ക്വാഡിന്റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റെന്‍ ദക്ഷിണാഫ്രിക്കയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പരിശീലകനായും ഈ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാര്‍ഡിഫ് ആസ്ഥാനമായിട്ടുള്ള ഗ്ലാമോര്‍ഗനെ മൂന്ന് സീസണില്‍ പരിശീലിപ്പിച്ചയാളാണ് മാത്യൂ മോട്ട്. ടൂര്‍ണ്ണമെന്റിന്റെ പുരുഷ താരങ്ങളുടെ ഡ്രാഫ്ട് ഒക്ടോബറിലാണ് നടക്കുവാനിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി പ്രവര്‍ത്തിച്ച് കിരീടത്തിലേക്ക് നയിച്ചിരുന്നു ഷെയിന്‍ വോണ്‍. ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററിനെ സൈമണ്‍ കാറ്റിച്ചും ബ്രിമിംഗത്തിനെ ആന്‍ഡ്രൂ മക്ഡോണാള്‍ഡും പരിശീലിപ്പിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഐപിഎല്‍ പോലെ തന്നെ ശ്രദ്ധേയമാകുവാന്‍ പോകുന്ന ഒരു ടൂര്‍ണ്ണമെന്റാകും ദി ഹണ്ട്രെഡ് എന്നാണ് തന്റെ തോന്നലെന്ന് വോണ്‍ വ്യക്തമാക്കി. തന്നെ ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചത് അഭിമാനവും വളരെ ബഹുമതിയും നല്‍കുന്ന കാര്യമാണെന്നും വോണ്‍ പറഞ്ഞു. പുതിയ ടൂര്‍ണ്ണമെന്റിന്റെ കോച്ചായി എത്തുവാനാകുന്നത് തന്നെ വലിയ കാര്യമാണെന്നും ഷെയിന്‍ വോണ്‍ വ്യക്തമാക്കി.

പുതിയ പരീക്ഷണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റില്‍ ഇനി ഓറഞ്ച് ബോള്‍?

പുതുായി ആരംഭിക്കുവാനിരിക്കുന്നു “ഹണ്ട്രഡ്” എന്ന നൂറ് പന്തുകള്‍ ഒരിന്നിംഗ്സിലുള്ള ക്രിക്കറ്റിനു പരമ്പരാഗത വെള്ള പന്തിനു പകരം ഓറഞ്ച് നിറത്തിലുള്ള പന്ത് പരീക്ഷിക്കുവാനൊരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ ചര്‍ച്ചയിലുള്ള വിഷയമാണെങ്കിലും ഈ ഫോര്‍മാറ്റിനെ വ്യത്യസ്തമാക്കുവാനുള്ള ശ്രമമാണ് ഇതെന്ന് വേണം മനസ്സിലാക്കുവാന്‍.

കഴിഞ്ഞ കുറച്ച് നാളായി ഇതിന്മേല്‍ പല പരീക്ഷണങ്ങളും ഇംഗ്ലണ്ട് അക്കാഡമി താരങ്ങളിലൂടെ ബോര്‍ഡ് നടത്തി വരുന്നുണ്ട്. ഈ പരീക്ഷണങ്ങളെല്ലാം തന്നെ കുക്കബൂറയുടെ വെള്ള പന്തിലാണ് നടത്തിയതെങ്കിലും പുതിയ ടൂര്‍ണ്ണമെന്റില്‍ പുതിയ നിറത്തിലുള്ള പന്താണ് പരീക്ഷിക്കുവാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.

Exit mobile version