ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിൽ കര്‍ക്കശമായ ബയോ ബബിളുണ്ടാകില്ല

ഇരു ടീമുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചുവെങ്കിലും ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങളെ കര്‍ക്കശമായ ബയോ ബബിളില്‍ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസൺ. താരങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും ഹാരിസൺ അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബയോ ബബിളിൽ ഇളവ് നല്‍കിയിരുന്നു.

ഇംഗ്ലണ്ട് പരിമിത ഓവര്‍ സംഘത്തിൽ 7 പേര്‍ക്ക് കോവിഡ് ബാധിച്ച ശേഷം പുതിയ സ്ക്വാഡിനെയാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തിൽ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയതോടെ കേസുകളിൽ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 12 മാസം മുമ്പുള്ള സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണിപ്പോളുള്ളതെന്നും ബയോ സുരക്ഷിതമായ സാഹചര്യങ്ങളിൽ താമസിച്ച് താരങ്ങള്‍ക്ക് മടുത്തുവെന്നും പഴയ തരത്തിൽ തീവ്രമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്നും ഹാരിസൺ വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് രണ്ടാം ഡോസ് ബിസിസിഐ നല്‍കിയത്.

ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ ചീഫ് എക്സിക്യൂട്ടീവ്

ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നടത്തിയാല്‍ ടൂര്‍ണ്ണമെന്റ് വലിയ നഷ്ടത്തിലേക്ക് വരുമെന്നും ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ള ബോര്‍ഡ് തീരുമാനം ഉചിതമാണെന്നും സറേ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് പറഞ്ഞു.

ഇസിബി ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ ആണ് കൊറോണയ്ക്ക് ഇടയിലും ദി ഹണ്ട്രെഡ് ലാഭത്തില്‍ നടത്താനാകും എന്ന് വാദിക്കുന്നവരില്‍ മുന്‍പില്‍. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിനെ സഹായിക്കുവാന്‍ ഈ ടൂര്‍ണ്ണമെന്റിനാകുമെന്നാണ് ടോം ഹാരിസണിന്റെ വാദം. 40 മില്യണ്‍ ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ടൂര്‍ണ്ണമെന്റിന് 51 മില്യണ്‍ വരുമാനം ഉണ്ടാക്കാനാകുമെന്നാണ് ഹാരിസണ്‍ പ്രതീക്ഷിക്കുന്നത്.

തനിക്ക് ഇംഗ്ലണ്ട് ബോര്‍ഡുമായി വാഗ്വാദത്തിന് താല്പര്യമില്ലെങ്കിലും ഇത്തരത്തില്‍ ഒരു ലാഭം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് ഗൗള്‍ഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് കൗണ്ടികള്‍ക്ക് കൊടുക്കുവാനുള്ള പണവും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാകുകയുള്ളുവെന്നും സറേ ചീഫ് വ്യക്തമാക്കി.

കൂടുതല്‍ വരുമാനവും താല്പര്യവും സൃഷ്ടിക്കാനാകുന്ന ദി ഹണ്ട്രെഡിലേക്ക് ബോര്‍ഡ് കൂടുതല്‍ ശ്രദ്ധയൂന്നണം

ഇംഗ്ലണ്ടില്‍ കോവിഡ് മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഏറെക്കുറെ ഉപേക്ഷിക്കുവാനും കൂടുതല്‍ ശ്രദ്ധ ടി20 ബ്ലാസ്റ്റിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമാകുമെന്നാണ് ബോര്‍ഡിന്റെ നയമെങ്കിലും ദി ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസണ്‍.

കൂടുതല്‍ വരുമാനും കാണികളെ ആകര്‍ഷിക്കുവാനും കഴിയുന്ന ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റുകളുമായി ഇംഗ്ലണ്ട് ബോര്‍ഡ് മുന്നോട്ട് വരണമെന്നാണ് ടോം ഹാരിസണ്‍ അഭിപ്രായപ്പെട്ടത്. ദി ഹണ്ട്രെഡിനാണ് കൂടുതല്‍ വരുമാനം ഉണ്ടാക്കുവാനുള്ള സാധ്യതയെന്നും അതിനാല്‍ തന്നെ ഇതിനെ ഒഴിവാക്കി എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തന്നെ അഭ്യൂഹം മാത്രമാണെന്ന് ടോം ഹാരിസണ്‍ വ്യക്തമാക്കി.

Exit mobile version