ജൂലൈ വരെ ക്രിക്കറ്റ് ഇല്ലെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട്, അടുത്ത ബുധനാഴ്ച ദി ഹണ്ട്രെഡിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച

തങ്ങളുടെ സമ്മര്‍ കലണ്ടര്‍ പുനഃക്രമീകരിച്ച് ഇംഗ്ലണ്ട്. പുതിയ കലണ്ടര്‍ പ്രകാരം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ജൂലൈ 1 വരെ യാതൊരു തരത്തിലുള്ള ക്രിക്കറ്റും ഇംഗ്ലണ്ടില്‍ നടത്തേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ച പ്രകാരം മേയ് 28 വരെയായിരുന്നു ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം.

ഇത് കൂടാതെ പുതുതായി തുടങ്ങാനിരുന്ന ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ബോര്‍ഡ് ബുധനാഴ്ച(ഏപ്രില്‍ 29ന്) മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മീറ്റിംഗ് ആണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

മത്സരങ്ങള്‍ ആരംഭിയ്ക്കുകയാണെങ്കില്‍ അത് അടച്ചിട്ട ഗ്രൗണ്ടുകളില്‍ മാത്രമായിരിക്കും നടക്കുക എന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഗ്രൗണ്ടുകള്‍ ബയോ-സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. എന്നാല്‍ ഇവയ്ക്കെല്ലാം സര്‍ക്കാരില്‍ നിന്നുള്ള അനുമതി ആവശ്യമാണ്.

പുതിയ ക്രമ പ്രകാരം വൈറ്റാലിറ്റി ടി20യും അന്താരാഷ്ട്ര മത്സരങ്ങളും മാത്രമാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ മുന്‍ഗണനയിലുള്ളതെന്ന് വേണം മനസ്സിലാക്കുവാന്‍. ഇപ്രകാരമാണെങ്കില്‍ കൗണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കുവാനുള്ള സാധ്യതയും ഏറെയാണെന്ന് കരുതണം.

Exit mobile version