ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത രണ്ട് ഫൈനലുകള്‍ ലോര്‍ഡ്സിൽ നടക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023, 2025 പതിപ്പിന്റെ ഫൈനലുകള്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സിൽ നടക്കും. ഉദ്ഘാടന പതിപ്പിലും ലോര്‍ഡ്സായിരുന്നു വേദിയെങ്കിലും പിന്നീട് കോവിഡ് വ്യാപനം കാരണം സൗത്താംപ്ടണിലേക്ക് വേദി മാറ്റുകയായിരുന്നു.

ഐസിസി ബോര്‍ഡ് അംഗീകരിച്ച വനിത-പുരുഷ എഫ്ടിപി വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 2023-2027 സീസണിലേക്കുള്ള എഫ്ടിപിയാണ് പ്രസിദ്ധീകരിക്കുവാന്‍ പോകുന്നത്.

 

വോണിനെ ഓര്‍ത്ത് ലോര്‍ഡ്സ്, 23 സെക്കന്‍ഡ് നീണ്ട കൈയ്യടി!!!

അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ അനുസ്മരിച്ച് ലോര്‍ഡ്സ്. ലോര്‍ഡ്സിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലാണ്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ആണ് ഷെയിന്‍ വോണിന് വേണ്ടി 23 സെക്കന്‍ഡ് കൈയ്യടിയുമായി കളിക്കാരും കാണികളും ഒത്തുചേര്‍ന്നത്.

ഷെയിന്‍ വോണിന്റെ ടീ ഷര്‍ട്ട് നമ്പര്‍ 23 ആയിരുന്നു. അതിനാലാണ് 23 സെക്കന്‍ഡ് കൈയ്യടിയുമായി ഷെയിന്‍ വോണിന്റെ അനുസ്മരണം നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ലോര്‍ഡ്സിൽ ടിക്കറ്റിന് ആവശ്യക്കാരില്ല, വില്ലനായത് അധിക വില

ലോര്‍ഡ്സിൽ ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ 20000ത്തിലധികം ടിക്കറ്റുകള്‍ വാങ്ങാന്‍ ആളെത്തിയില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതിനാലാണ് ടിക്കറ്റിന് ആവശ്യക്കാരില്ലാത്തത് എന്നാണ് ഇംഗ്ലണ്ടിന്റെ ആരാധകക്കൂട്ടം ബാര്‍മി ആര്‍മി വ്യക്തമാക്കിയത്.

ബെന്‍ സ്റ്റോക്സിന്റെ കീഴിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പുതിയ അധ്യായം കുറിയ്ക്കാനൊരുങ്ങുമ്പോളാണ് സ്റ്റേഡിയത്തിൽ നിന്ന് ആരാധകര്‍ വിട്ട് നിൽക്കുന്നത്. മക്കല്ലം ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായും എത്തുകയാണ്. ക്യൂന്‍സ് പ്ലാറ്റിനം ടെസ്റ്റ് എന്നാണ് ഈ ടെസ്റ്റിനെ വിശേഷിപ്പിക്കുന്നതെങ്കിലും ആരാധകര്‍ വലിയ തോതിൽ ക്രിക്കറ്റ് കാണാനെത്തില്ലെന്നാണ് അറിയുന്നത്.

ബ്രോഡിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

സ്റ്റുവര്‍ട് ബ്രോഡ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും ടെസ്റ്റിൽ കളിക്കുന്നത് സംശയത്തിലാണെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ന് ശേഷം ഇത് ആദ്യമായാണ് രണ്ട് താരങ്ങളുമില്ലാതെ ഇംഗ്ലണ്ട് ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. ഇതിന് മുമ്പ് സമാനമായ സാഹചര്യം 2007ലാണ് ഉണ്ടായത്.

ഇരു താരങ്ങളുമില്ലാത്തതിനാൽ ലങ്കാഷയറിന്റെ പേസര്‍ സാഖിബ് മഹമ്മൂദിനെ ഇംഗ്ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോര്‍ഡ്സിലെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ലോര്‍‍ഡ്സിലെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു. മഴ കാരണം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഇന്നത്തെ ദിവസത്തെ കളി ഉപേക്ഷിച്ചത്. 59 റണ്‍സുമായി റോറി ബേൺസും 42 റണ്‍സുമായി ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിചേര്‍ത്താണ് ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378ന് എതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 2 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സിലേക്ക് എത്തിച്ചത്.

മത്സരത്തിന്റെ നാലും അഞ്ചും ദിവസങ്ങളിൽ പ്രാദേശിക സമയം 6.30 വരെ ഇന്ന് നഷ്ടപ്പെട്ട സമയം ക്രമീകരിക്കുവാനായി കളി ദൈര്‍ഘിപ്പിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഓരോ ദിവസവും അധികമായി 8 ഓവറുകളാണ് കളിക്കുവാന്‍ ഉദ്ദേശിക്കുന്നത്. അതിനര്‍ത്ഥം മത്സരം ഏറെക്കുറെ സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പാണെന്നാണ്. അല്ലെങ്കില്‍ ഇരു ടീമുകളിലൊന്നിന്റെ ബാറ്റിംഗ് തകര്‍ച്ച കാണേണ്ടതായി വരും.

ലോര്‍ഡ്സിൽ മൂന്നാം ദിവസത്തെ ആദ്യ സെഷൻ കവര്‍ന്ന് മഴ

ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ മഴ കവര്‍ന്നു. ന്യൂസിലാണ്ടിനെ 378 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 111/2 എന്ന നിലയിൽ രണ്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം ദിവസം ഇതുവരെ കളി പുനരാരംഭിക്കാനായിട്ടില്ല. ആതിഥേയര്‍ക്ക് സാക്ക് ക്രോളിയുടെയും ഡൊമിനിക്ക് സിബ്ലേയുടെയും വിക്കറ്റുകളാണ് നഷ്ടമായത്.

59 റൺ‍സുമായി റോറി ബേൺസും 42 റൺസ് റൺസ് നേടി ക്യാപ്റ്റൻ ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. 267 റൺസ് കൂടി നേടിയാലാണ് ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാൻ ഇംഗ്ലണ്ടിന് സാധിക്കുക. ഇന്നത്തെ ദിവസം ഭൂരിഭാഗവും മഴ കവര്‍ന്നാൽ മത്സരം സമനിലയിൽ അവസാനിക്കാനാണ് സാധ്യത.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം നടക്കുക.

ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാവും ഫൈനല്‍ മത്സരമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രോഫോര്‍ഡ് എന്നിവയ്ക്കൊപ്പം സൗത്താംപ്ടണും വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ ഗ്രൗണ്ടിലെ സൗകര്യങ്ങള്‍ പരിഗണിച്ച് സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റേഡിയത്തിനോട് ചേര്‍ന്ന് തന്നെ ഫൈ സ്റ്റാര്‍ സൗകര്യം ഉള്ളതിനാല്‍ തന്നെ ഈ കോവിഡ് കാലത്ത് യാത്ര വിലക്കും മറ്റും വരുന്ന സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായി മത്സരം നടത്തുവാന്‍ ഉള്ള സൗകര്യം സൗത്താംപ്ടണിലാണെന്നാണ് കണ്ടെത്തല്‍.

ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പുകാരായ മെരിലേബോണ്‍ ക്രിക്കറ്റ് ക്ലബ് അധികാരികള്‍ ഉറപ്പ് നല്‍കാത്തത് ആണ് ലോര്‍ഡ്സില്‍ നിന്ന് മത്സരം മാറ്റി വയ്ക്കുവാന്‍ ഇടയായിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. വരും ദിവസങ്ങളില്‍ ഐസിസി വേദി സംബന്ധിച്ച് അന്തിമ തീരുമാനം പുറത്ത് വിടുമെന്നാണ് അറിയുന്നത്.

മെല്‍ബേണിലെ ഈ ശതകം അല്ല, താന്‍ ലോര്‍ഡ്സില്‍ നേടിയ ശതകമാണ് തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്

വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുവാനുള്ള ചുമതലയുമായി മുന്നോട്ട് വന്ന അജിങ്ക്യ രഹാനെ ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായി മെല്‍ബേണില്‍ താന്‍ നേടിയ ശതകത്തെ മാറ്റുവാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. 223 പന്തുകള്‍ നേരിട്ട രഹാനെ മെല്‍ബേണില്‍ 112 റണ്‍സാണ് നേടിയത്.

ഒരു ഘട്ടത്തില്‍ 64/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ രഹാനെയും ജഡേജയും ചേര്‍ന്നാണ് പിന്നീട് മുന്നോട്ട് നയിച്ചത്. തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാല്‍ ഇതല്ല, ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയതായിരുന്നുവെന്നാണ് രഹാനെയുടെ മറുപടി.

2014ലാണ് രഹാനെ ലോര്‍ഡ്സില്‍ ശതകം നേടിയത്. ലോര്‍ഡ്സില്‍ മറ്റു താരങ്ങളെല്ലാം ബാറ്റ് ചെയ്യുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ താരം 103 റണ്‍സ് നേടുകയായിരുന്നു. 28 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ ലോര്‍ഡ്സില്‍ ഒരു വിജയം നേടുന്നത്. പെര്‍ത്തില്‍ 2008ല്‍ വിജയിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു പ്രാധാന്യമുള്ള ഒരു വിജയം ഇന്ത്യ വിദേശ മണ്ണില്‍ നേടിയത്.

മൂന്നാം ദിവസത്തെ രണ്ട് സെഷനുകള്‍ കവര്‍ന്ന് മഴ

ലോര്‍ഡ്സില്‍ ഒന്നാം ദിവസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടതിന് ശേഷം മൂന്നാം ദിവസത്തെ രണ്ട് സെഷനുകളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയ 80/4 എന്ന നിലയില്‍ നില്‍ക്കവെയാണ് ലഞ്ചിന് തൊട്ടുമുമ്പ് മഴയെത്തുന്നത്. സ്റ്റീവ് സ്മിത്ത് 13 റണ്‍സും മാത്യൂ വെയിഡ് റണ്ണൊന്നുമുടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ന് വെറും 37.1 ഓവര്‍ മാത്രമാണ് എറിഞ്ഞത്.

36 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസ്ട്രേലിയയുടെ നിലവിലെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 258 റണ്‍സിന് 178 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ ഇപ്പോള്‍. സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.

ചുവപ്പണിഞ്ഞ് ലോര്‍ഡ്സ് – എല്ലാം റുഥ് സ്ട്രോസ്സിന് വേണ്ടി

ഇന്ന് ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി ആരംഭിച്ചപ്പോള്‍ ലോര്‍ഡ്സ് ചുവപ്പണിഞ്ഞാണ് എത്തിയത്. മുന്‍ ഇംഗ്ലണ്ട് നായകനും ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ഡയറക്ടറുമായിരുന്നു ആന്‍ഡ്രൂ സ്ട്രോസ്സിന്റെ ഭാര്യ കരള്‍ ക്യാന്‍സര്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിട വാങ്ങിയത്. റുഥ് സ്ട്രോസ്സ് ഫൗണ്ടേഷന്‍ ഇത്തരം ക്യാന്‍സറുകളുടെ ചികിത്സയ്ക്കും ഗവേഷണത്തിനുമായി ഫണ്ട് കണ്ടെത്തുവാന്‍ വേണ്ടി ആരംഭിക്കുകയായിരുന്നു.

താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം ഇന്ന് ചുവപ്പണിഞ്ഞാണ് എത്തുന്നത്. ചുവപ്പ് ബ്ലേസറുകളില്‍ കമന്റേറ്റര്‍മാര്‍ എത്തുമ്പോള്‍ കളിക്കാര്‍ ചുവപ്പ് തൊപ്പിയും ചുവന്ന നമ്പറുകളുമാണ് അണിയുന്നത്. റുഥ് സ്ട്രോസ്സിന്റെ ഏറ്റവും പ്രിയങ്കരമായ നിറമായിരുന്നു ചുവപ്പ്, അത് തന്നെയാണ് ചുവപ്പിന് പ്രാമുഖ്യം നല്‍കുവാന്‍ തീരുമാനിക്കുവാനുള്ള കാരണം.

സ്ട്രോസ്സിന്റെ മക്കളാണ് ഇന്ന് കളിയുടെ ആരംഭം സൂചിപ്പിക്കുന്ന മണി മുഴക്കിയത്.

ലോര്‍ഡ്സ് ടെസ്റ്റ്, ആദ്യ ദിവസം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു. നാളെ ഭേദപ്പെട്ട കാലാവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനിയുള്ള ദിവസം എല്ലാം അര മണിക്കൂര്‍ നേരത്തെ കളി തുടങ്ങുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് വൈകി കാലാവസ്ഥ ഭേദമായെങ്കിലും മഴ പിന്നീട് വീണ്ടും മടങ്ങിയെത്തിയതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചതോടെ ജോഫ്ര ആര്‍ച്ചര്‍ തന്റെ അരങ്ങേറ്റത്തിനായി ഒരു ദിവസം കൂടി കാത്തിരിക്കണം.

മഴ ലോര്‍ഡ്സില്‍ ടോസ് വൈകും, ഗോള്‍ ടെസ്റ്റും വെളിച്ചക്കുറവ് മൂലം നിര്‍ത്തി വെച്ചു

മഴ മൂലം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകി മാത്രമാകം തുടങ്ങുകയെന്നാണ് അറിയുന്നത്. ലോര്‍ഡ്സില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന്റെ ടോസ് വരെ വൈകിയിരിക്കുന്ന തരത്തിലാണ് മഴ പെയ്യുന്നത്. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്ട്രേലിയ ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

അതേ സമയം ഗോള്‍ ടെസ്റ്റില്‍ ന്യൂസിലാണ്ടും ശ്രീലങ്കയും ഏറ്റുമുട്ടുന്ന ആദ്യ ദിവസം ചായയ്ക്ക് പിരിഞ്ഞ ശേഷം ഇരുണ്ട് മൂടിയ കാലാവസ്ഥ കാരണം കളി വെളിച്ചക്കുറവിനെത്തുടര്‍ന്ന് പുനരാരംഭിച്ചിട്ടില്ല.

Exit mobile version