അമീറും ഇമാദും പകരക്കാരായി ഹണ്ട്രഡിൽ കളിക്കും


ഹൺഡ്രഡ് 2025-ൽ കളിക്കാനുള്ള പാകിസ്ഥാൻ താരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. ഇടംകൈയ്യൻ പേസർ മുഹമ്മദ് അമീറും ഓൾറൗണ്ടർ ഇമാദ് വസീമും നോർത്തേൺ സൂപ്പർചാർജേഴ്സുമായി കരാർ ഒപ്പിട്ടു.
ബെൻ ഡ്വാർഷൂസിന് പകരക്കാരനായി അമീറും മിച്ചൽ സാന്റ്നറിന് പകരക്കാരനായി ഇമാദും (രണ്ട് മത്സരങ്ങൾക്ക് മാത്രം) ടീമിൽ എത്തുന്നത്. മാർച്ചിൽ നടന്ന ഡ്രാഫ്റ്റിൽ ഒരു പാക് താരത്തെയും തിരഞ്ഞെടുക്കാതിരുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലാണെന്നുള്ള ഊഹാപോഹങ്ങൾക്ക് ഇതോടെ അറുതിയായി.


നേരത്തെ, ഡ്രാഫ്റ്റിൽ ഒരു പാകിസ്ഥാൻ താരത്തെ പോലും തിരഞ്ഞെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എട്ട് ഫ്രാഞ്ചൈസികളിൽ നാലെണ്ണത്തിൻ്റെയും ഉടമസ്ഥാവകാശം ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകൾക്ക് ആയതാണ് ഇതിന് കാരണമെന്ന് പാകിസ്ഥാനിൽ പലരും ആരോപിച്ചു.

എന്നാൽ, രാഷ്ട്രീയമല്ല ഇതിന് പിന്നിലെ കാരണമെന്നും, പാകിസ്ഥാൻ്റെ വൈറ്റ്-ബോൾ ടൂർണമെന്റുകളിലെ തിരക്കുകൾ, ടി20-യിലെ മോശം പ്രകടനം, കഴിഞ്ഞ സീസണിൽ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരുടെ അവസാന നിമിഷങ്ങളിലെ പിന്മാറ്റം എന്നിവയാണ് ഡ്രാഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും ECB (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) വ്യക്തമാക്കിയിരുന്നു.


നേരത്തെ ഓവൽ ഇൻവിസിബിൾസിനായി കളിച്ചിട്ടുള്ള അമീറും ഇമാദും ഇപ്പോൾ ബെൻ സ്റ്റോക്സിനൊപ്പം സൂപ്പർചാർജേഴ്സ് ടീമിൽ ചേരും. തോളിലെ പരിക്ക് കാരണം സ്റ്റോക്സ് അനൗപചാരികമായ ഉപദേശകന്റെ റോൾ മാത്രമായിരിക്കും നിർവഹിക്കുക.


അതേസമയം, ഓഗസ്റ്റ് 5-ന് ആരംഭിക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായി മാർക്ക് ചാപ്മാൻ (മാഞ്ചസ്റ്റർ ഒറിജിനൽസ്), ഫർഹാൻ അഹമ്മദ് (മാഞ്ചസ്റ്റർ ഒറിജിനൽസ്), അകേൽ ഹൊസൈൻ (ട്രെന്റ് റോക്കറ്റ്സ്), ജോൺ സിംപ്സൺ, ഡാൻ ഡൗത്ത്‌വെയ്റ്റ് (ലണ്ടൻ സ്പിരിറ്റ്) എന്നിവരടക്കം നിരവധി താരങ്ങൾ ഹ്രസ്വകാല പകരക്കാരായി വിവിധ ടീമുകളിൽ എത്തിയിട്ടുണ്ട്.


ജെയിംസ് ആൻഡേഴ്സൺ 42-ആം വയസ്സിൽ ദി ഹണ്ട്രഡ് കളിക്കും


ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജെയിംസ് ആൻഡേഴ്സൺ വരാനിരിക്കുന്ന 2025 ലെ ‘ദി ഹണ്ട്രഡ്’ സീസണിൽ മാഞ്ചസ്റ്റർ ഒറിജിനൽസുമായി ഒരു വൈൽഡ്കാർഡ് കരാർ സ്വന്തമാക്കി. 42 വയസ്സുകാരനായ ആൻഡേഴ്സൺ തന്റെ കരിയറിൽ ആദ്യമായാണ് 100 പന്തുകളുടെ ഈ മത്സരത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

അദ്ദേഹം കളിക്കുകയാണെങ്കിൽ, ടൂർണമെന്റിന്റെ ചുരുങ്ങിയ ചരിത്രത്തിൽ കളിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരമായി അദ്ദേഹം മാറും.
വൈറ്റാലിറ്റി വൈൽഡ്കാർഡ് ഡ്രാഫ്റ്റിലാണ് ആൻഡേഴ്സനെ തിരഞ്ഞെടുത്തത്. ടി20 ബ്ലാസ്റ്റിൽ ലങ്കാഷെയറിനായി എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടിയ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് ഈ തിരഞ്ഞെടുപ്പിന് കാരണം.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ആൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി തുടരുകയാണ്. 2025 ലെ ഐപിഎൽ മെഗാ ലേലത്തിന്റെ ലോങ് ലിസ്റ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടിയില്ല.


ജോസ് ബട്ട്ലർ നയിക്കുന്ന ശക്തമായ മാഞ്ചസ്റ്റർ ഒറിജിനൽസ് ടീമിൽ ജോഷ് ടങ്ങ്, നൂർ അഹമ്മദ്, രചിൻ രവീന്ദ്ര, ഹെൻറിച്ച് ക്ലാസൻ എന്നിവരും ഉൾപ്പെടുന്നു. ദി ഹണ്ട്രഡ് 2025 സീസൺ ഓഗസ്റ്റ് 5 മുതൽ 31 വരെയാണ് നടക്കുന്നത്.

ദീപ്തി ശർമ്മ പിന്മാറി; 2025 ലെ ‘ദി ഹണ്ട്രഡിൽ’ ഇന്ത്യൻ താരങ്ങളില്ല


2025-ലെ ‘ദി ഹണ്ട്രഡ്’ ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരവും ഉണ്ടാകില്ല. വനിതാ ഏകദിന ലോകകപ്പ് ഉൾപ്പെടെ തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം മുന്നിൽക്കണ്ട് ജോലിഭാരം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതാണ് കാരണം.


കഴിഞ്ഞ വർഷം ലണ്ടൻ സ്പിരിറ്റിന്റെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ദീപ്തി. ബാറ്റിംഗിൽ 212 എന്ന മികച്ച ശരാശരി നിലനിർത്തുകയും 8 വിക്കറ്റുകൾ നേടുകയും ചെയ്ത ദീപ്തി ഈ വർഷവും പ്രധാന കളിക്കാരിയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യ നിലവിൽ ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ ഏർപ്പെട്ടിരിക്കുന്നതിനാലും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ വരാനിരിക്കുന്നതിനാലും, വിശ്രമത്തിനും തയ്യാറെടുപ്പിനും മുൻഗണന നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു.


ദീപ്തിക്ക് പകരം ലണ്ടൻ സ്പിരിറ്റ് ടീമിൽ ഓസ്ട്രേലിയൻ യുവ ഓൾറൗണ്ടറായ ചാർലി നോട്ട് (22) ഇടം നേടി. WBBL-ൽ മികച്ച അനുഭവസമ്പത്തുള്ള നോട്ട്, 2024-ൽ സതേൺ ബ്രേവിനായി ഒരു ചെറിയ കാലയളവിൽ കളിച്ചിട്ടുണ്ട്.
വനിതാ ഹണ്ട്രഡ് 2025 ഓഗസ്റ്റ് 5-ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ലണ്ടൻ സ്പിരിറ്റ് ലോർഡ്സിൽ ഓവൽ ഇൻവിസിബിൾസിനെ നേരിടും. ഫൈനൽ ഓഗസ്റ്റ് 31-ന് ലോർഡ്‌സിൽ വെച്ച് നടക്കും.

ബെൻ സ്റ്റോക്സ് ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ആഷസിനുള്ള ഫിറ്റ്നസിന് മുൻഗണന നൽകുന്നതിനായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി. ഹാംസ്ട്രിംഗ് പരിക്കുമായി ബുദ്ധിമുട്ടുന്ന സ്റ്റോക്സ്, നോർത്തേൺ സൂപ്പർചാർജേഴ്സ് ഹെഡ് കോച്ച് ആൻഡ്രൂ ഫ്ലിന്റോഫുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സ്റ്റോക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, അതിനുശേഷം ശ്രീലങ്ക, പാകിസ്ഥാൻ ടെസ്റ്റ് പരമ്പരകൾ ഉൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾ നഷ്ടപ്പെട്ടു. നവംബറിൽ ആഷസിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ഇന്ത്യയുമായി അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്‌, അപ്പോഴേക്ക് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആണ് സ്റ്റോക്സ് ശ്രമിക്കുന്നത്.

കെയ്ൻ വില്യംസൺ ദി ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റിനെ നയിക്കും

ന്യൂസിലാൻഡിന്റെ സ്റ്റാർ ബാറ്റ്സ്മാൻ കെയ്ൻ വില്യംസൺ വരാനിരിക്കുന്ന സീസണിൽ ലണ്ടൻ സ്പിരിറ്റിനെ നയിച്ച് കൊണ്ട് ദി ഹണ്ട്രഡിൽ അരങ്ങേറ്റം കുറിക്കും. പുതിയ നിയമങ്ങൾ പ്രകാരമുള്ള ടൂർണമെന്റിലെ ആദ്യ നേരിട്ടുള്ള വിദേശ സൈനിംഗ് താരമായി വില്യംസൺ മാറുന്നു.

കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉദ്ഘാടന സീസണിൽ നിന്ന് മുമ്പ് പിന്മാറിയ താരമാണ് വില്യംസൺ.

2024 ൽ ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് പിന്മാറിയ 34 കാരനായ അദ്ദേഹം അടുത്തിടെ ഏകദിനത്തിൽ തിരിച്ചുവരവ് നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും പാകിസ്ഥാനുമെതിരായ ത്രിരാഷ്ട്ര പരമ്പരയിലും കളിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ന്യൂസിലാൻഡിനെ അദ്ദേഹം ആകും നയിക്കുന്നത്.

ഐ പി എൽ ഫ്രാഞ്ചൈസികൾ ദി ഹണ്ട്രഡ് ടീമുകൾക്കായി ബിഡ് ചെയ്യുന്നു

മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾ ഇസിബി നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൽ ടീമുകൾക്ക് ആയി ബിഡ് സമർപ്പിച്ചിട്ടുണ്ട്. ജിഎംആർ ഗ്രൂപ്പും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സഹ ഉടമയായ അവ്‌റാം ഗ്ലേസറും ടീമിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 18-നുള്ള സമയപരിധിക്കുള്ളിൽ ലേലം വിളിക്കും. ഭൂരിപക്ഷ നിയന്ത്രണം നിലനിർത്തിക്കൊണ്ടുതന്നെ എട്ട് ഫ്രാഞ്ചൈസികളിലും 49% ഓഹരി ECB വാഗ്ദാനം ചെയ്യുന്നു, 2025-ൻ്റെ തുടക്കത്തോടെ നിക്ഷേപകരെ അന്തിമമാക്കാൻ പദ്ധതിയിടുന്നു.

നിരവധി ഐപിഎൽ ടീമുകൾ ദി ഹണ്ട്രഡിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പഞ്ചാബ് കിംഗ്‌സ് അതിൽ നിന്ന് ഇപ്പോൾ ഒഴിവായിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സും CVC ക്യാപിറ്റൽ പാർട്‌ണേഴ്‌സും ബിഡ് സമർപ്പിച്ചിട്ടുണ്ടോ എന്നതിന് സ്ഥിരീകരണവും ഇല്ല.

സിക്സ് അടിച്ച് ജയിപ്പിച്ച് ദീപ്തി ശർമ്മ, ലണ്ടൻ സ്പിരിറ്റ് ദി ഹണ്ട്രഡ് ചാമ്പ്യൻസ്

ദി ഹണ്ട്രഡ് കിരീടം നേടി ലണ്ടൻ സ്പിരിറ്റ് വനിതകൾ. ഇന്ന് നടനൻ ഫൈനലിൽ വെൽഷ് ഫയർ വനിതകളെ നേരിട്ട ലണ്ടൻ സ്പിരിറ്റ് നാലു വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെഷ് ഫയർ 100 പന്തിൽ നിന്ന് 115 റൺസ് ആയിരുന്നു എടുത്തത്.

41 പന്തിൽ നിന്ന് 54 റൺസ് എടുത്ത ജൊണാസൻ ആണ് വെൽഷ് ഫയറിന്റെ ടോപ് സ്കോറർ ആയത്. ഹെയ്ലി മാത്യൂസ് 22 റൺസും ബീമൗണ്ട് 21 റൺസും എടുത്തു. ലണ്ടൻ സ്പിരിറ്റിനായി എവ ഗ്രേയും ഗ്ലെനും 2 വിക്കറ്റ് വീതം നേടി. ഇന്ത്യൻ താരം ദീപ്തി ശർമ്മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ലണ്ടണ് വേൺയ്യി റെഡ്മയ്ൻ 34 റൺസുമായി ടോപ് സ്കോറർ ആയി.അവസാനം നിർണായകമായ 16 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ടീമിനെ ജയിപ്പിച്ചത്. 3 പന്തിൽ 4 റൺസ് വേണ്ട സമയത്ത് 6 അടിച്ചു വിജയവും കിരീടവും ഉറപ്പിക്കാ‌ ദീപ്തി ശർമ്മയ്ക്ക് ആയി.

ഹണ്ട്രഡിൽ സ്മൃതിയും റിച്ചയും കളിക്കും, ബാക്കി 15 ഇന്ത്യൻ താരങ്ങളെ ആരും വാങ്ങിയില്ല

വരാനിരിക്കുന്ന സീസണായുള്ള ദി ഹണ്ട്രഡ് ഡ്രാഫ്റ്റിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അവസരം. സ്മൃതി മന്ദാനയും റിച്ച ഘോഷും മാത്രമാണ് ടീം ലഭിച്ച ഇന്ത്യൻ താരങ്ങൾ. മന്ദാനയെ സതേൺ ബ്രേവ് സ്വന്തമാക്കി. റിച്ച ഘോഷിനെ ബർമിംഗ്ഹാം ഫീനിക്സ് ആണ് ടീമിലേക്ക് എടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ ഉൾപ്പെടെ പലരും അൺസോൾഡ് ആയി.

ജൂലായ് 23 മുതലാണ് ഹണ്ട്രഡ് സീസൺ ആരംഭിക്കുന്നത്. സ്മൃതി മന്ദാനയും റിച്ച ഘോഷും വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. മന്ദാന മുമ്പ് ദി ഹണ്ട്രഡ്ല് സതേൺ ബ്രേവിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഹർമൻപ്രീത് കൗർ മാത്രമല്ല ജെമിമ റോഡ്രിഗസ്, ദീപ്തി, ശ്രേയങ്ക പാട്ടീൽ തുടങ്ങിയ താരങ്ങൾക്കും ടീം കണ്ടെത്താൻ ആയില്ല.

ദി ഹണ്ട്രെഡിന്റെ ഡ്രാഫ്ടിനായി പേര് നൽകി സ്മൃതി മന്ഥാനയും, വാര്‍ണറും വില്യംസണും പൊള്ളാര്‍ഡും കളിക്കാനെത്തും

മാര്‍ച്ച് 20ന് നടക്കാനിരിക്കുന്ന ദി ഹണ്ട്രെഡിന്റെ ഡ്രാഫ്ടിൽ പേര് നൽകിയ 890 താരങ്ങളിൽ ഇന്ത്യയുടെ സ്മൃതി മന്ഥാനയുള്‍പ്പെടുന്നു. വനിത – പുരുഷ ഡ്രാഫ്ടിലേക്ക് മുന്‍ നിര താരങ്ങളായ മെഗ് ലാന്നിംഗ്, ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസൺ, കീറൺ പൊള്ളാര്‍ഡ് എന്നിവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുരുഷ വിഭാഗത്തിൽ എട്ട് ടീമുകള്‍ക്കും 10 താരങ്ങളെയും വനിത വിഭാഗത്തിൽ എട്ട് താരങ്ങളെയും നില നിര്‍ത്തുവാനുള്ള അവസരം നൽകിയിരുന്നു. ഇപ്രകാരം 137 താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. ഇനി 75 സ്പോട്ടുകളാണ് ഡ്രാഫ്ട് ദിനത്തിൽ പൂര്‍ത്തിയാക്കുവാനുള്ളത്.

ഇന്ത്യയിൽ നിന്ന് വനിത വിഭാഗത്തിൽ ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് എന്നിവരും പേര് നൽകിയിട്ടുണ്ട്.

 

സ്മൃതി മന്ദാനയുടെ വെടിക്കെട്ട് മതിയായില്ല, ഹണ്ട്രഡിൽ സൗത്ത് ബ്രേവിന് തോൽവി

ദി ഹണ്ട്രഡിൽ ഇന്ന് നടന്ന മത്സരത്തിൽ സൗത്ത് ബ്രേവ് വിമനെ വെൽഷ്ഫയർ വിമൻ പരാജയപ്പെടുത്തി. നാലു റൺസിന്റെ വിജയമാണ് വെൽഷ് ഫയർ നേടിയത്. ഇന്ത്യൻ സ്റ്റാർ സ്മൃതി മന്ദാനയുടെ തകർപ്പൻ ഇന്നിംഗ്സുണ്ടായിട്ടും വിജയത്തിലേക്ക് എത്താ‌ സൗത്ത് ബ്രേവിന് ആയില്ല. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെൽഷ് ഫയർ 100 പന്തിൽ 165-3 എന്ന സ്കോർ ഉയർത്തിയിരുന്നു. 65 റൺസ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വെൽഷ ഫയറിന്റെ ടോപ് സ്കോറർ ആയത്‌.

38 പന്തിൽ ആണ് 65 റൺസ് ഹെയലി എടുത്തത്‌. മറുപടി ബാറ്റിങിന് ഇറങ്ങിയ സൗത്ത് ബ്രേവിന് മികച്ച തുടക്കമാണ് ഓപ്പണിഗ് ജോഡിയായ സ്മൃതി മന്ദാനയും ഡാനിയെലെ വ്യാട്ടും നൽകിയത്. 37 പന്തിൽ 67 റൺസ് എടുത്ത വ്യാട്ടിനെ നഷ്ടമായെങ്കിലും സ്മൃതി തുടർന്നു. 42 പന്തിൽ നിന്ന് 70 റൺസ് എടുത്ത് സ്മൃതി ഒരു വശത്ത് നിന്നു എങ്കിലും വിജയ റൺ നേടാൻ സ്മൃതിക്ക് ആയില്ല. സ്മൃതിയുടെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്.

റാഷിദ് ഖാൻ ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി

റാഷിദ് ഖാൻ ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി. പരിക്ക് ആണെന്നും തനിക്ക് ഈ സീസണിൽ കളിക്കാൻ ആകില്ല എന്നും അദ്ദേഹം അറിയിച്ചു. ട്രെന്റ് റോക്കറ്റ്സിനായി മൂന്ന് മത്സരങ്ങൾ കളിക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ ഇന്നലെ മേജർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ശേഷമാണ് ഹണ്ട്രഡിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്‌.

“പരിക്കിനെത്തുടർന്ന് ഹണ്ട്രഡിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ ഞാൻ ശരിക്കും നിരാശനാണ്. ആദ്യ രണ്ട് വർഷം ഈ ടൂർണമെന്റിൽ കളിക്കാൻ സാധിച്ചത് വലിയ കാര്യമാണ്, ട്രെന്റ് റോക്കറ്റ്‌സ് മികച്ച ടീമാണ്, അടുത്ത വർഷം വീണ്ടും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.” റാഷിദ് പറഞ്ഞു.

പാകിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീം റാഷിദിനു പകരം ട്രെന്റ് റോക്കറ്റ്സിനായി കളിക്കും. ഇന്നാണ് ദി ഹണ്ട്രഡ് ആരംഭിക്കുന്നത്.

മാക്സ്വെല്ലിനെയും മിച്ചൽ മാര്‍ഷിനെയും ദി ഹണ്ട്രെഡിൽ നിന്ന് പിന്‍വലിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്വെല്ലിനോടും മിച്ചൽ മാര്‍ഷിനോടും ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ട്രെവര്‍ ബെയിലിസിന് കീഴിൽ ലണ്ടന്‍ സ്പിരിറ്റിലായിരുന്നു ഇരുവരും കളിക്കാനിരുന്നത്. US$160,000 ന്റെ കരാറിലാണ് ഇരു താരങ്ങളെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ഇന്ത്യയിലെ ഏകദിന ലോകകപ്പും 2024 ടി20 ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായുള്ള തീരുമാനം ആണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇരു താരങ്ങളും ബോര്‍ഡിന്റെ ഈ തീരുമാനത്തോട് സഹകരിക്കുകയാണെന്നും അവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഇതിലേക്ക് എത്തിയതെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് വ്യക്തമാക്കി.

Exit mobile version