ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.

39 റൺസ് വീതം നേടിയ സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തുമാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍മാര്‍. 9 വിക്കറ്റുകളാണ് ഡല്‍ഹി ക്യാപിറ്റൽസിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 24 റൺസ് നേടിയ ധവാന്റെ വിക്കറ്റ് ലോക്കി ഫെര്‍ഗൂസൺ നേടി. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് സുനിൽ നരൈന്‍ നേടിയതോടെ 35/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

Kkrkolkata

പിന്നീട് സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ് 64 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 37 റൺസ് നേടിയ കൂട്ടുകെട്ടിനെ സ്റ്റീവ് സ്മിത്തിന്റെ(39) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസൺ ആണ് അവസാനിപ്പിച്ചത്.

സ്മിത്ത് വീണ ശേഷം ഹെറ്റ്മ്യറെ വെങ്കിടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ ലളിത് യാദവിന്റെ വിക്കറ്റ് സുനിൽ നരൈന്‍ നേടി.
തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ 77/2 എന്ന നിലയിൽ നിന്ന് ഡൽഹി 92/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റൺസാണ് മത്സരത്തിൽ പൊരുതാവുന്ന നിലയിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിനും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഋഷഭ് പന്ത് റണ്ണൗട്ടാകുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ, സുനില്‍ നരൈന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ലോകകപ്പ് നഷ്ടമായാലും സാരമില്ല, ആവശ്യത്തിന് വിശ്രമം എടുത്ത് ആഷസിന് തയ്യാറാകൂ – സ്മിത്തിനോട് ടിം പെയിന്‍

സ്മിത്തിനോട് പരിക്ക് മാറി വേഗം മടങ്ങി വരുവാന്‍ ശ്രമിക്കരുതെന്ന് ടിം പെയിന്റെ ഉപദേശം. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ല പരിക്ക് മാറി ടീമിലേക്ക് ആഷസ് പരമ്പര ലക്ഷ്യമാക്കി എത്തുവാന്‍ സ്മിത്ത് ശ്രമിക്കണമെന്നാണ് ടിം പെയിന്‍ സ്റ്റീവ് സ്മിത്തിനോ്ട ആവശ്യപ്പെട്ടിരിക്കുന്നത്.

സ്മിത്ത് ആഷസിന് പൂര്‍ണ്ണമായും ഫിറ്റാകണമെന്നും അതിന് ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ വ്യക്തമാക്കി. കഴിഞ്ഞ ആഷസിൽ നാല് ടെസ്റ്റിൽ നിന്ന് 774 റൺസാണ് സ്മിത്ത് നേടിയത്. ഇതിൽ എഡ്ജ്ബാസ്റ്റണിലെ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു.

കേപ്ടൗണ്‍ വിവാദത്തിന് ശേഷം മടങ്ങിയെത്തിയ താരത്തിനെതിരെ ഇംഗ്ലണ്ടില കാണികള്‍ കൂവിയാണ് പ്രതിഷേധമുയര്‍ത്തിയതെങ്കിലും താരമാകട്ടേ ബാറ്റ് കൊണ്ടായിരുന്നു മറുപടി നല്‍കിയത്. സ്മിത്ത് ബാറ്റിംഗ് ഗ്രിപ്പ് മാറ്റിയതിൽ പിന്നെയാണ് കൈമുട്ടിന് പരിക്കേറ്റ് ഇപ്പോള്‍ ടീമിന് പുറത്തായത്.

ആഷസിന് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ടി20 ലോകകപ്പിൽ നിന്ന് വിട്ട് നില്‍ക്കുവാനും തയ്യാര്‍ – സ്റ്റീവ് സ്മിത്ത്

ടി20 ലോകകപ്പ് ഒഴിവാക്കി തന്റെ പൂര്‍ണ്ണ ഫിറ്റ്നെസ്സ് ആഷസിനായി കരുതി വയ്ക്കുവാനും താന്‍ തയ്യാറാണെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. തനിക്ക് രണ്ട് ഇവന്റുകളിലും പങ്കെടുക്കുവാനാകുമെന്നാണ് തന്റെ വിശ്വാസമെങ്കിലും കൂടുതൽ താന്‍ ഉറ്റുനോക്കുന്നത് ആഷസിനെയാണെന്ന സൂചനയാണ് താരത്തിന്റെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.

പരിക്ക് മൂലം ഓസ്ട്രേലിയയുടെ വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടൂറിൽ നിന്ന് സ്റ്റീവ് സ്മിത്ത് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചിരുന്നു. താന്‍ പൂര്‍ണ്ണമായും ഫിറ്റായി ആഷസിനെത്തുവാന്‍ ടി20 ലോകകപ്പിൽ നിന്ന് വിട്ട് നില്‍ക്കണമെങ്കിൽ താന്‍ അതിന് തയ്യാറാണെന്നും സ്മിത്ത് സൂചിപ്പിച്ചു. തന്റെ പ്രധാന ലക്ഷ്യം ടെസ്റ്റ് ക്രിക്കറ്റാണെന്നും താരം സൂചിപ്പിച്ചു.

ലോകകപ്പിന് മുമ്പ് സമയം ഉണ്ടെന്നും തന്റെ പുരോഗതി അല്പം പതിഞ്ഞ മട്ടിലാണെങ്കിലും ലോകകപ്പിന് തനിക്ക് ടീമിലിടം നേടാനാകുമെന്നാണ് കരുതുന്നതെന്നും അല്ലാത്ത പക്ഷം ആഷസിന് തനിക്ക് തിരിച്ചുവരവ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും സ്മിത്ത് പറഞ്ഞു

സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ അര്‍ഹന്‍ – ടിം പെയിന്‍

ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ സ്റ്റീവ് സ്മിത്ത് അര്‍ഹനെന്ന് പറഞ്ഞ് നിലവിലത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയിന്‍. താരത്തിന് ആ സ്ഥാനം കിട്ടുവാന്‍ തന്നാലാവുന്ന സഹായം ചെയ്യുമെന്നും ടിം പെയിന്‍ പറഞ്ഞ്. താന്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചിരുന്നപ്പോള്‍ സ്മിത്ത് മികച്ചൊരു ക്യാപ്റ്റനായിരുന്നുവെന്നും ഇനിയും സ്മിത്തിന് അത് സാധിക്കുമെന്നും ടിം പെയിന്‍ പറഞ്ഞു.

തനിക്ക് പകരം സ്മിത്തിനെ ഇനിയും ക്യാപ്റ്റനാക്കിയാല്‍ താന്‍ പിന്തുണയ്ക്കുമെന്നും താരത്തിന് കീഴില്‍ കളിക്കുവാനും തയ്യാറാണെന്ന് ടിം പെയിന്‍ വ്യക്തമാക്കി. 23 മത്സരങ്ങളില്‍ ഓസ്ട്രേലിയയെ 11 വിജയത്തിലേക്കും 4 സമനിലയിലേക്കുമാണ് ടിം പെയിന്‍ നയിച്ചത്.

സ്മിത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ടോപ് ത്രീയില്‍ ബാറ്റ് ചെയ്യും – റിക്കി പോണ്ടിംഗ്

സ്റ്റീവ് സ്മിത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ സ്ഥിരമായി അവസരം ലഭിക്കുമോയെന്നത് ഉറപ്പല്ലെങ്കിലും അവസരം ലഭിയ്ക്കുമ്പോള്‍ താരത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. താരത്തിന് ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ആഗ്രഹമാണുള്ളതെന്നും അതിനായി കഠിന പ്രയത്നം താരം നടത്തി വരികയാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

സ്റ്റീവ് സ്മിത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ താരം ടീമിനായി ഏറെ റണ്‍സ് നേടുമെന്നാണ് തന്റെ വിശ്വാസമെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ റിക്കി പോണ്ടിംഗ് പറഞ്ഞു. അടുത്ത വര്‍ഷം മെഗാ ലേലം വരാനിരിക്കുന്നതിനാല്‍ തന്നെ ഇപ്രാവശ്യം മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തിന് അടുത്ത വര്‍ഷം മികച്ച വില ലഭിയ്ക്കുമെന്നതും താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുവാനുള്ള ഒരു കാരണമാണെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

രഹാനെയെ ക്യാപ്റ്റനാക്കുവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

ശ്രേയസ്സ് അയ്യറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ക്യാപ്റ്റന്‍സിയില്‍ പുതിയ വെല്ലുവിളി. ക്യാപ്റ്റനും മുന്‍ നിര ബാറ്റ്സ്മാനുമായ ശ്രേയസ്സ് അയ്യരുടെ അഭാവത്തില്‍ ടീം ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചേക്കുമെന്നാണ് ക്ലബ്ബിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പേരാണ് ഉയര്‍ന്ന് വരുന്ന മറ്റൊരു നാമം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ അജിങ്ക്യ രഹാനെയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

രാജസ്ഥാന്‍ കഴിഞ്ഞ സീസണിന് മുമ്പ് അജിങ്ക്യ രഹാനെയെയും സീസണ്‍ കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്തിനെയും റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അജിങ്ക്യ രഹാനെയ്ക്ക് ഡല്‍ഹി നിരയില്‍ ഏതാനും മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരമേ ലഭിച്ചുള്ളു. സ്മിത്തിനെ ഈ ഐപിഎല്‍ ലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ചതും ഇന്ത്യന്‍ താരമെന്ന പരിഗണനയും രഹാനെയ്ക്ക് തുണയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ടീമിന്റെ ഇപ്പോളത്തെ ഉപ നായകന്‍ ഋഷഭ് പന്ത് ആണെങ്കിലും താരത്തിന് ക്യാപ്റ്റന്‍സി ദൗത്യം ടീം മാനേജ്മെന്റ് നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ടീമിലെ മറ്റു സീനിയര്‍ താരങ്ങള്‍.

വരും ദിവസങ്ങള്‍ ഡല്‍ഹി ക്യാമ്പിനെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളുടെ ദിവസങ്ങളാണ്.

സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍

രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍. കഴിഞ്ഞ സീസണിന് ശേഷം സ്മിത്തിനെ റിലീസ് ചെയ്യുവാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിക്കുകയായിരുന്നു. 2.20 കോടി രൂപയ്ക്കായിരുന്നു സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിത്.

ലേലത്തില്‍ 2 കോടിയ്ക്ക് സ്മിത്തില്‍ താല്പര്യം അറിയിച്ചത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആയിരുന്നുവെങ്കിലും താരത്തെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി.

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന് 114 വോട്ടാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് 97 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.

ഇത് സ്മിത്തിന്റെ മൂന്നാമത്തെ അലന്‍ ബോര്‍ഡര്‍ മെഡല്‍ ആണ്. റിക്കി പോണ്ടിംഗിനും മൈക്കല്‍ ക്ലാര്‍ക്കിനും ഈ മെഡല്‍ നാല് തവണ കിട്ടിയിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവ് സ്മിത്തായിരുന്നു.

പാറ്റ് കമ്മിന്‍സ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ടണ്‍ അഗര്‍ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണര്‍മാരുടെ നഷ്ടത്തിന് ശേഷം ഓസ്ട്രേലിയയെ ആദ്യ സെഷനില്‍ മുന്നോട്ട് നയിച്ച് സ്റ്റീവ് സ്മിത്ത് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട്

ഇന്ത്യയുടെ പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിര ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയെ 17/2 എന്ന നിലയില്‍ ആക്കിയ ശേഷം ആതിഥേയരുടെ രക്ഷയ്ക്കെത്തി ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്തും അടുത്ത വമ്പന്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന മാര്‍നസ് ലാബൂഷാനെയും. മൂന്നാം വിക്കറ്റില്‍ 48 റണ്‍സ് നേടിയ കൂട്ടുകെട്ട് ഗാബ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയയെ 65/2 എന്ന നിലയിലേക്ക് നയിച്ചിട്ടുണ്ട്.

സ്മിത്ത് 30 റണ്‍സും ലാബൂഷാനെ 19 റണ്‍സുമാണ് ഇതുവരെ നേടിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് വാര്‍ണറെയും ശര്‍ദ്ധുല്‍ താക്കൂര്‍ മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കി. താക്കൂറിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് ആയിരുന്നു ഇത്.

സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍. സാന്‍ഡ്പേപ്പര്‍ ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നതെങ്കിലും ഇരു താരങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് ടീം മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ടിം പെയിന്‍ അശ്വിനുമായി നിരന്തരം പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സ്മിത്ത് ഋഷഭ് പന്തിന്റെ ഗാര്‍ഡ് മായ്ക്കുവാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്റ്റംപ് ക്യാമറയില്‍ നിന്ന് കണ്ടത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയ ഒരു സംസ്കാരം സൃഷ്ടിക്കുക എന്നതാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിഡ്നിയിലെ അവസാന ദിവസത്തെ സംഭവ വികാസങ്ങള്‍ അതില്‍ നിന്ന് പിന്നോട്ട് പോകുന്നതാണെന്നും ലാംഗര്‍ സമ്മതിച്ചു. തങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തി വന്ന നല്ല കാര്യങ്ങളെ വലിയ തോതില്‍ ഈ സംഭവങ്ങള്‍ ബാധിക്കുന്നുണ്ടെന്നും ലാംഗര്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് ടിം പെയിനിനെ വലിയ വിശ്വാസമാണെന്നും അദ്ദേഹം തന്റെ മികച്ച ക്രിക്കറ്റ് അല്ല കളിച്ചതെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനെ നയിച്ച വിധം അദ്ദേഹത്തെ ഓസ്ട്രേലിയയുടെ മികച്ച നായകന്മാരില്‍ ഒരാളാക്കുന്നുവെന്നും ലാംഗര്‍ പറഞ്ഞു. സിഡ്നിയിലെ അവസാന ദിവസം അദ്ദേഹത്തിന് ക്യാപ്റ്റനെന്ന നിലയിലും കീപ്പറെന്ന നിലയിലും ഒരു മോശം ദിവസമായി മാത്രം കണക്കാക്കാവുന്നതാണെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

സ്മിത്ത് അത് ഷാഡോ ബാറ്റിംഗിന്റെ ഭാഗമായി ചെയ്യുന്ന കാര്യമാണെന്നും അത് മനപ്പൂര്‍വ്വം ഗാര്‍ഡ് മായ്ക്കുവാന്‍ വേണ്ടി ചെയ്തതാണെന്നതിനെ താന്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്നും അല്ലാതെ സ്മിത്തിന് വേറെ ദുരുദ്ദേശ്യം അവിടെയുണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ലാംഗര്‍ വ്യക്തമാക്കി.

സ്മിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം സ്മിത്ത് ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമെന്നത് അറിയാമെന്നും അദ്ദേഹം ബാറ്റിംഗിനെക്കുറിച്ച് എപ്പോളും ചിന്തിക്കുന്ന ഒരു വ്യക്തിയാണെന്നും ലാംഗര്‍ സൂചിപ്പിച്ചു. സ്മിത്ത് എന്തെങ്കിലും തെറ്റായ കാര്യം ചെയ്തതാണെന്ന് പറയുന്നവര്‍ക്കെല്ലാം സ്ഥിരബുദ്ധിയില്ലെന്ന് മാത്രമേ താന്‍ പറയുകയുള്ളുവെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.

312 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വിജയത്തിനായി 407 റണ്‍സ്

സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഓസ്ട്രേലിയ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 312/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത്(81), കാമറൂണ്‍ ഗ്രീന്‍(84) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ടിം പെയിന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.

ലഞ്ചിന് ശേഷം അധികം വൈകാതെ ഓസ്ട്രേലിയയ്ക്ക് സ്മിത്തിനെ നഷ്ടമാകുകയായിരുന്നു. 81 റണ്‍സ് നേടിയ താരത്തെ പുറത്താക്കിയത് അശ്വിന്‍ ആയിരുന്നു. പിന്നീട് ടിം പെയിനുമായി ചേര്‍ന്ന് 104 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷം ജസ്പ്രീത് ബുംറ സാഹയുടെ കൈകളില്‍ ഗ്രീനിനെ എത്തിച്ചപ്പോള്‍ ടിം പെയിന്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

സ്മിത്തിന്റെ ശതകത്തിന് ശേഷം ഓസ്ട്രേലിയ 338 റണ്‍സിന് പുറത്ത്, ഇന്ത്യയ്ക്ക് മികച്ച തുടക്കം

249/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 338 റണ്‍സില്‍ അവസാനിപ്പ് ഇന്ത്യ. സ്റ്റീവ് സ്മിത്ത് 131 റണ്‍സ് നേടി അവസാന വിക്കറ്റായി റണ്ണൗട്ടായപ്പോള്‍ ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്കുമായി(24) നേടിയ 32 റണ്‍സ് കൂട്ടുകെട്ടാണ് മുന്നൂറ് കടക്കുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്. വാലറ്റത്തെക്കൂട്ടു പിടിച്ച് മുന്നോട്ട് നീങ്ങുവാന്‍ സ്മിത്ത് ശ്രമിച്ചുവെങ്കിലും രവീന്ദ്ര ജഡേജ താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. 91 റണ്‍സുമായി മാര്‍നസ് ലാബൂഷാനെ 62 റണ്‍സ് നേടിയ വില്‍ പുകോവസ്കി എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

അതേ സമയം ഇന്ത്യയ്ക്ക് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 26 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 68 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത്. 38 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 24 റണ്‍സ് നേടി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.

Exit mobile version