ചെന്നൈയുടെ വിജയത്തിന് പിന്നിൽ എംഎസ് ധോണി – ഷെയിന്‍ വാട്സൺ

ചെന്നൈയ്ക്ക് ഓരോ മത്സരത്തിൽ ഓരോ മാച്ച് വിന്നര്‍മാരുണ്ടാകുന്നതിന് കാരണം എംഎസ് ധോണി ആണെന്ന് പറഞ്ഞ് ഷെയിന്‍ വാട്സൺ. ധോണിയ്ക്ക് ഓരോ താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്ത് കൊണ്ടുവരുവാനുള്ള പ്രത്യേക കഴിവുണ്ടെന്നും ഷെയിന്‍ വാട്സൺ കൂട്ടിചേര്‍ത്തു.

തന്റെ പഴയ പ്രതാപത്തിൽ ബാറ്റ് വീശുവാന്‍ ധോണിയ്ക്കാകുന്നില്ലെങ്കിലും ചെന്നൈയെ മുന്നിൽ നിന്ന് നയിച്ച് ഒമ്പതാമത്തെ ഐപിഎൽ ഫൈനലിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ക്വാളിഫയറിൽ ഡല്‍ഹിയ്ക്കെതിരെ മത്സരം ഫിനിഷ് ചെയ്ത് ധോണി തന്റെ പഴയ മികവിന്റെ മിന്നലാട്ടം പ്രകടമാക്കിയിരുന്നു.

വാട്സണെയും കാല്ലിസിനെയും പോലെ തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാകും

ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്സണെയും പോലെ തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. അവര്‍ ഓപ്പണിംഗോ വണ്‍ ഡൗണോ ഇറങ്ങി ബൗളിംഗും ചെയ്യുന്ന പോലെ തനിക്കും അതിന് സാധിക്കുമെന്ന് വിജയ് പറഞ്ഞു.

താനൊരു ഓള്‍റൗണ്ടറാണെങ്കിലും ബാറ്റിംഗിനാണ് കൂടുതല്‍ അറിയപ്പെടുന്നതെന്നും ഓള്‍റൗണ്ടര്‍ ആയത് കൊണ്ട് മാത്രം ബാറ്റിംഗില്‍ ആറാമതോ ഏഴാമതോ ഇറങ്ങേണ്ട കാര്യമില്ലെന്നും തനിക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ കഴിവുണ്ടെന്നും താരം പറഞ്ഞു.

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഷെയിൻ വാട്സൺ

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന മത്സരം ജയിച്ചതിന് ശേഷം ഡ്രസിങ് റൂമിൽ തന്റെ സഹ താരങ്ങളോടാണ് സജീവ ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കുകയാണെന്ന് ഷെയിൻ വാട്സൺ പറഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിന് കളിയ്ക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യമായി താൻ കരുതുന്നുണ്ടെന്നും ഷെയിൻ വാട്സൺ പറഞ്ഞു.

നേരത്തെ തന്നെ ഷെയിൻ വാട്സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും ഷെയിൻ വാട്സൺ കളിച്ചിട്ടുണ്ട്. 2018ൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയപ്പോൾ വാട്സൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 145 മത്സരങ്ങൾ വാട്സൺ കളിച്ചിട്ടുണ്ട്. അതിൽ 43 മത്സരങ്ങൾ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിച്ചത്.

ഫാഫ് – വാട്സണ്‍ കൂട്ടുകെട്ടിന് ശേഷം ചെന്നൈയുടെ രക്ഷയ്ക്കെത്തി അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും

ഷാര്‍ജ്ജയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 179 റണ്‍സ്. സാം കറനെ ഓപ്പണറാക്കിയ നീക്കം പാളിയെങ്കിലും ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി, ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്.

സാം കറനെ പൂജ്യത്തിന് നഷ്ടമായ ശേഷം പവര്‍പ്ലേയില്‍ മെല്ലെയാണ് ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ചേര്‍ന്ന് ബാറ്റ് വീശിയത്. ആദ്യ ഓവര്‍ എറിഞ്ഞ തുഷാര്‍ ദേശ്പാണ്ടേ ആണ് സാം കറനെ വീഴ്ത്തിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷെയിന്‍ വാട്സണുമായി ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ട് ഫാഫ് ഡു പ്ലെസി നേടി.

Nortje

ഫാഫ ഡു പ്ലെസി 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അതേ ഓവറില്‍ തന്നെ ഷെയിന്‍ ‍വാട്സണെ ചെന്നൈയ്ക്ക് നഷ്ടമായി. 36 റണ്‍സ് നേടിയ വാട്സണെ ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്. അമ്പാട്ടി റായിഡുവുമായി 22 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ഫാഫ് ഡു പ്ലെസിയും മടങ്ങുകയായിരുന്നു.

47 പന്തില്‍ നിന്ന് 58 റണ്‍സാണ് താരം നേടിയത്. കാഗിസോ റബാഡയാണ് ഫാഫ് ഡു പ്ലെസിയെ പുറത്താക്കിയത്. എംഎസ് ധോണിയ്ക്ക് മികവ് കണ്ടെത്താനാകാതെ മൂന്ന് റണ്‍സ് നേടി മടങ്ങിയപ്പോള്‍ പിന്നീടെത്തിയ അമ്പാട്ടി റായിഡു രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 50 റണ്‍സാണ് 21 പന്തില്‍ നിന്ന് ഈ കൂട്ടുകെട്ട് നേടിയത്. റായിഡു 25 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ 13 പന്തില്‍ 33 റണ്‍സുമായി ജഡേജയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ഇരുവരും നാല് വീതം സിക്സുകളാണ് മത്സരത്തില്‍ നേടിയത്.

വാട്സണ്‍ നല്‍കിയ മുന്‍തൂക്കം കൈവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഷെയിന്‍ വാട്സണ്‍ നേടിയ മികവാര്‍ന്ന അര്‍ദ്ധ ശതകത്തിന് ശേഷം പത്തോവറില്‍ 90 റണ്‍സെന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയോട് 10 റണ്‍സ് തോല്‍വിയേറ്റ് വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്തുാന്‍ ബുദ്ധിമുട്ടിയതിന് സമാനമായ കാഴ്ചയാണ് ചെന്നൈയുടെ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിലും കണ്ടത്. 20 ഓവറില്‍ നിന്ന് ചെന്നൈയ്ക്ക് 157 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

കഴിഞ്ഞ മത്സരത്തിലേത് പോലെ ഓപ്പണര്‍മാര്‍ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച തരത്തിലാണ് ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ബാറ്റിംഗ് ആരംഭിച്ചതെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 17 റണ്‍സ് നേടിയ ഫാഫിനെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ശിവം മാവി കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക് കൊല്‍ക്കത്തയെക്കാള്‍ വെറും 2 റണ്‍സ് മാത്രമായിരുന്നു അധികം. 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് ടീം നേടിയത്.

ഡു പ്ലെസിയ്ക്ക് പകരം ക്രീസിലെത്തിയ റായിഡുവും വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ പത്തോവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 90 റണ്‍സ് നേടി. 13ാം ഓവറിലെ ആദ്യ പന്തില്‍ അമ്പാട്ടി റായിഡുവിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമാകുകയായിരുന്നു. 69 റണ്‍സ് കൂട്ടുകെട്ടിന് ശേഷമാണ് 30 റണ്‍സ് നേടിയ റായിഡു മടങ്ങിയത്. കമലേഷ് നാഗര്‍കോടിയ്ക്കാണ് വിക്കറ്റ്.

അതെ ഓവറില്‍ തന്നെ 39 പന്തില്‍ നിന്ന് ഷെയിന്‍ വാട്സണ്‍ തന്റെ അര്‍ദ്ധ ശതകം നേടി. അവസാന 7 ഓവറില്‍ 67 റണ്‍സായിരുന്നു ആ ഘട്ടത്തില്‍ ചെന്നൈ നേടേണ്ടിയിരുന്നത്. ക്രീസില്‍ അര്‍ദ്ധ ശതകം തികച്ച ഷെയിന്‍ വാട്സണും ഒരു റണ്‍സ് നേടിയ എംഎസ് ധോണിയുമായിരുന്നു ക്രീസില്‍.

സുനില്‍ നരൈന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തില്‍ അര്‍ദ്ധ ശതകം നേടിയ ഷെയിന്‍ വാട്സണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അമ്പയറുടെ തീരുമാനം വാട്സണ്‍ പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു.

16ാം ഓവറില്‍ സുനില്‍ നരൈനെ ഒരു സിക്സും ഫോറും പറത്തി സാം കറന്‍ മത്സരത്തില്‍ വീണ്ടും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ അവസാന നാലോവറില്‍ ലക്ഷ്യം 44 റണ്‍സായി മാറി. നരൈന്റെ ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ ഓവര്‍ അവസാനിച്ചപ്പോള്‍ 14 റണ്‍സ് ആണ് ചെന്നൈ നേടിയത്.

വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ ഒരു ബൗണ്ടറി നേടിയെങ്കിലും ധോണിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ചക്രവര്‍ത്തി അന്തിമ വിജയം നേടുകയായിരുന്നു. 11 റണ്‍സായിരുന്നു ധോണിയുടെ സംഭാവന. ഓവറില്‍ നിന്ന് 5 റണ്‍സ് മാത്രം നല്‍കിയാണ് വരുണ്‍ ചക്രവര്‍ത്തി ധോണിയുടെ വലിയ വിക്കറ്റ് നേടിയത്.

അടുത്ത ഓവറില്‍ ആദ്യമായി മത്സരത്തില്‍ പന്തെറിയാനെത്തിയ ആന്‍ഡ്രേ റസ്സല്‍ സാം കറന്റെ വിക്കറ്റ് നേടി മത്സരം ചെന്നൈയ്ക്ക് കൂടുതല്‍ ദുഷ്കരമാക്കി. 11 പന്തില്‍ 17 റണ്‍സാണ് സാം കറന്‍ നേടിയത്. ഓവറില്‍ നിന്ന് വെറും 3 റണ്‍സ് വന്നപ്പോള്‍ ചെന്നൈയ്ക്ക് അവസാന രണ്ടോവറില്‍ 36 റണ്‍സ് നേടേണ്ടതായി വന്നു.

നരൈന്‍ എറിഞ്ഞ ഓവറില്‍ രണ്ട് ബൗണ്ടറി മാത്രം ചെന്നൈ ബാറ്റ്സ്മാന്മാര്‍ നേടിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 26 റണ്‍സായി മാറി. കേധാര്‍ ജാഥവ് നേരിട്ട അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രം താരം നേടിയപ്പോള്‍ ജഡേജ അവസാന മൂന്ന് പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 14 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം 10 റണ്‍സ് അകലെയായി ചെന്നൈയ്ക്ക് കീഴടങ്ങേണ്ടി വന്നു. 8 പന്തില്‍ 21 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്.

 

നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച് ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 10 വിക്കറ്റ് ജയത്തിലേക്ക് നയിച്ച ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട് സൃഷിട്ടിച്ചത് നിരവധി റെക്കോർഡുകൾ. മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 179 റൺസ് എന്ന ലക്‌ഷ്യം വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നിരുന്നു. 14 പന്തുകൾ ബാക്കിവെച്ചാണ് ചെന്നൈ ഇന്നലെ വിജയം ഉറപ്പിച്ചത്.

53 പന്തിൽ 83 റൺസ് എടുത്ത ഷെയിൻ വാട്സന്റെയും 53 പന്തിൽ റൺസ് എടുത്ത ഡു പ്ലെസ്സിയുടെയും പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന് 10 വിക്കറ്റ് ജയം നേടിക്കൊടുത്തത്. ഇന്നലത്തെ 10 വിക്കറ്റ് ജയം ഇന്ത്യൻ പ്രീമിയർ ലീഗ് ചരിതത്തിലെ വിക്കറ്റ് നഷ്ട്ടപെടാതെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ ചേസ് ചെയ്തുള്ള വിജയം കൂടിയായിരുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിതത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഇത് തന്നെയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വലിയ കൂട്ടുകെട്ടുകളുടെ കാര്യത്തിൽ ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട് ഒൻപതാം സ്ഥാനത്താണ്. കൂടാതെ ദുബായ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഈ സീസണിൽ ഒരു ടീം ചേസ് ചെയ്ത് ജയം സ്വന്തമാക്കുന്നത്. ഇതുവരെ ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീം പരാജയപെടുകയാണ് ഉണ്ടായത്. 2013ന് ശേഷം ആദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഒരു മത്സരം 10 വിക്കറ്റിന് ജയിച്ചത്. 2013ൽ ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചപ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബ് തന്നെയായിരുന്നു അവരുടെ എതിരാളികൾ.

വാട്സണ്‍, ഡു പ്ലെസി, ചെന്നൈ സൂപ്പര്‍ സിംഗ്സ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ പതിവ് ശൈലിയില്‍ കളത്തില്‍ നിറഞ്ഞപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആധികാരിക ജയം നേടി മുന്‍ ചാമ്പ്യന്മാര്‍. ഇന്ന് നേടിയത് ടീമിന്റെ രണ്ടാം ജയമാണ്. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ നിന്നാണ് വിജയം കൈപ്പിടിയിലൊതുക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും കൂടി നേടിയ 181 റണ്‍സാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി പ്രധാന സ്കോറര്‍ ആയി കളിച്ചത് ഫാഫ് ഡു പ്ലെസിയാണെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ഷെയിന്‍ വാട്സണും ഫോമിലേക്ക് ഉയരുകയായിരുന്നു.

ഫാഫ് ഡു പ്ലെസി 53 പന്തില്‍ 87 റണ്‍സും ഷെയിന്‍ വാട്സണ്‍ 53 പന്തില്‍ 83 റണ്‍സുമാണ് നേടിയത്. ഇരുവരും 11 വീതം ഫോറും നേടിയപ്പോള്‍ ഷെയിന്‍ വാട്സണ്‍ മൂന്നും ഫാഫ് ഡു പ്ലെസി ഒരു സിക്സും നേടി.

വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

രാജസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിക്കറ്റ് നഷ്ടമില്ലാത്ത തുടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ ഓപ്പണര്‍മാരായ മുരളി വിജയും ഷെയിന്‍ വാട്സണും ചേര്‍ന്ന് ആറോവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സാണ് നേടിയിട്ടുള്ളത്.

ടോം കറന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നിന്ന് വാട്സണ്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 17 റണ്‍സ് നേടിയിരുന്നു.

വാട്സണ്‍ 32 റണ്‍സും മുരളി വിജയ് 19 റണ്‍സുമാണ് നേടിയിട്ടുള്ളത്. വിജയത്തിനായി ചെന്നൈ 84 പന്തില്‍ നിന്ന് 164 റണ്‍സാണ് നേടേണ്ടത്.

ധോണിക്ക് 40 വയസ്സ് വരെ കളിക്കാൻ കഴിയുമെന്ന് ഷെയിൻ വാട്സൺ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് 40 വയസ്സ് വരെ സജീവ ക്രിക്കറ്റിൽ കളിക്കാൻ കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ധോണി തന്റെ ആരോഗ്യം നല്ല രീതിയിൽ പരിപാലിച്ചിട്ടുണ്ടെന്നും വാട്സൺ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹ താരം കൂടിയാണ് ഷെയിൻ വാട്സൺ.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ധോണി അവസാനമായി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചത്. അന്ന് ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാൽ 40 വയസ്സ് വരെ ധോണിക്ക് ഐ.പി.എല്ലിൽ മാത്രമല്ല ഇന്റർനാഷണൽ ക്രിക്കറ്റിലും കളിക്കാൻ കഴിയുമെന്നും വാട്സൺ പറഞ്ഞു. ധോണി ഇപ്പോഴും കളിക്കുന്നത് ഒരുപാട് ഇഷ്ട്ടപെടുന്നുണ്ടെന്നും റൺസ് എടുക്കാനുള്ള ഓട്ടത്തിലും സ്റ്റമ്പിന് പിറകിലും ധോണി ഇപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും വാട്സൺ പറഞ്ഞു.

ബിഗ് ബാഷ് ലീഗിന് പ്രൗഢി നഷ്ടമായി, ഐപിഎലോ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗോ ആയി താരതമ്യം ചെയ്യാനാകില്ല

ബിഗ് ബാഷ് ലീഗ് ഏറ്റവും മികച്ച ലീഗാണെന്നാണ് പല ക്രിക്കറ്റ് പണ്ഡിതന്മാരും പറയുന്നത്. ഡീന്‍ ജോണ്‍സിനെ പോലുള്ളവര്‍ ഈ അഭിപ്രായക്കാരാണ് എന്നാല്‍ ഷെയിന്‍ വാട്സണ്‍ പറയുന്നത് ബിഗ് ബാഷ് ലീഗിന്റെ പ്രൗഢി നഷ്ടമായി എന്നാണ്.

ഐപിഎലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ഗുണമേന്മയുള്ള ക്രിക്കറ്റാണ് സൃഷ്ടിക്കുന്നതെന്നും ബിഗ് ബാഷ് യഥാര്‍ത്ഥ ലക്ഷ്യത്തില്‍ വഴിമാറിയെന്നും താരം പറഞ്ഞു. മികച്ച നിലവാരമുള്ള കളികള്‍ വന്നാല്‍ തന്നെ വരുമാനവും കാഴ്ചക്കാരും വരുമെന്നത് ഈ രണ്ട് ലീഗുകളും കാണിച്ചതാണെന്നും ഷെയിന്‍ വാട്സണ്‍ വ്യക്തമാക്കി.

2018 മുതല്‍ ബിഗ് ബാഷിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചതും താരം ഒരു തെറ്റായി ചൂണ്ടിക്കാണിച്ചു. അഞ്ച് ഹോം മത്സരങ്ങളായിരുന്നപ്പോള്‍ കൂടുതല്‍ കാണികള്‍ കളി കാണാനെത്തിയിരുന്നുവെന്നും അത് ഏഴ് ഹോം മാച്ചുകളാക്കിയപ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതും ആളുകളെ കളി കാണാനെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും വാട്സണ്‍ അഭിപ്രായപ്പെട്ടു.

വാട്സണും റോയിയും ഒത്തു പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു – നദീം ഒമര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തു പോകുവാന്‍ ഷെയിന്‍ വാട്സണും ജേസണ്‍ റോയിയും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ടീം ഉടമ നദീം ഒമര്‍. ഇരുവരും പരസ്പര സഹകരണത്തോടെയല്ല കളിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് നദീം പറഞ്ഞു. റോയിയ്ക്ക് പന്ത് മിഡില്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും നദീം വ്യക്തമാക്കി.

ടോപ് ഓര്‍ഡറില്‍ പരസ്പരം സഹകരിക്കുവാന്‍ വാട്സണും റോയിയും ബുദ്ധിമുട്ടി. തനിക്ക് തോന്നിയത് ഇരുവരുടെയും കേളി ശൈലിയുടെ പ്രശ്നമായിരുന്നു അതെന്നാണ്. വാട്സണ്‍ വലിയ ഷോട്ടുകള്‍ക്ക് താല്പര്യപ്പെട്ടപ്പോള്‍ വിക്കറ്റിനിടയിലെ ഓട്ടത്തിനാണ് റോയി പ്രാമുഖ്യം കൊടുത്തതെന്ന് നദീം പറഞ്ഞു.

ഇരുവരോടും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ട് വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഓരോ കാരണം പറഞ്ഞ് അതില്‍ വിമുഖത കാണിച്ചുവെന്നും ഒമര്‍ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായിരുന്നു ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് ഇത്തവണ അവസാന നാല് സ്ഥാനത്തില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല.

ടൂര്‍ണ്ണമെന്റില്‍ 120 റണ്‍സ് സ്ട്രൈക്ക് റേറ്റോടെ ജേസണ്‍ റോയ് എ്ടട് ഇന്നിംഗ്സില്‍ നിന്ന് 233 റണ്‍സാണ് ക്വേറ്റയ്ക്ക് വേണ്ടി നേടിയത്.

റിക്കി പോണ്ടിംഗും ഷെയിന്‍ വോണും തന്റെ പ്രിയ ക്യാപ്റ്റന്മാ‍ര്‍ – ഷെയിന്‍ വാട്സണ്‍

തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്മാരാണ് റിക്കി പോണ്ടിംഗും ഷെയിന്‍ വോണുമാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്സണ്‍. ഓസ്ട്രേലിയയ്ക്കായി പതിനൊന്നായിരത്തിലധികം റണ്‍സും 291 വിക്കറ്റും നേടിയിട്ടുള്ള മുന്‍ നിര ഓള്‍റൗണ്ടറാണ് ഷെയിന്‍ വാട്സണ്‍. 307 അന്താരാഷ്ട്ര മത്സരങ്ങള്‍ താരം കളിക്കുകയും ചെയ്തു.

ഇന്ത്യയ്ക്കെതിരെ 2016 ടി20 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് വാട്സണ്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. റിക്കി പോണ്ടിംഗും ഷെയിന്‍ വോണുമാണ് തന്റെ പ്രിയ താരങ്ങള്‍. ഇരുവരും ബുദ്ധിപരമായി ഏറെ മുന്നിലായിരുന്നു കൂടാതെ ലോകോത്തര താരങ്ങളുമായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ മാധ്യമത്തോട് സംസാരിക്കവേ താരം പറഞ്ഞു.

വളരെ ഏറെ വിശ്വാസവും പിന്തുണയും തന്ന ഒരു ക്യാപ്റ്റനായിരുന്നു പോണ്ടിംഗ് എന്ന് വാട്സണ്‍ വ്യക്തമാക്കി. താന്‍ സ്വയം വിശ്വസിച്ചതിലും അധികം റിക്കി പോണ്ടിംഗ് തന്നെ വിശ്വസിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി. അതേ സമയം ഷെയിന്‍ വോണ്‍ അവിസ്മരണീയമായ ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന്‍ റോയല്‍സില്‍ കാഴ്ചവെച്ചതെന്ന് വാട്സണ്‍ പറഞ്ഞു.

രാജസ്ഥാനില്‍ നാല് സീസണ്‍ ഞാന്‍ വോണിന് കീഴെ കളിച്ചു. അവിടെ ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തി കിരീടം നേടുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും മാനേജ്മെന്റിന് അനുയോജ്യനായ ക്യാപ്റ്റനായിരുന്നു വോണ്‍. ആളുകളെ പ്രോത്സാഹിപ്പിച്ച് അവരിലെ കഴിവുകള്‍ പുറത്തെടുക്കുന്നതില്‍ ഏറെ മുന്നില്‍ നിന്നിരുന്നു വോണെന്നും വാട്സണ്‍ പറഞ്ഞു.

Exit mobile version