ധോണിയോടും ഫ്ലെമിംഗിനോടും എന്നും കടപ്പെട്ടിരിക്കുന്നു : വാട്സൺ

തന്നിൽ വിശ്വാസം അർപ്പിച്ചതിന് തനിക്ക് എല്ലാ കാലത്തും മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിംഗിനോടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരങ്ങളാണ് വാട്സണും ധോണിയും. ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിംഗ്. കഴിഞ്ഞ ഐ.പി.എല്ലിൽ തുടർച്ചയായി മോശം പ്രകടനം പുറത്തെടുത്തിട്ടും തന്നെ ധോണിയും ഫ്ലെമിംഗും ടീമിൽ ഉൾപ്പെടുത്തിയതിന് തനിക്ക് അവരോട് എല്ലാ കാലവും നന്ദി ഉണ്ടാവുമെന്ന് വാട്സൺ പറഞ്ഞു.

വേറെ ഏതൊരു ടീമിൽ ആയിരുന്നെങ്കിലും താൻ പകരക്കാരുടെ ബെഞ്ചിൽ ഇരുന്ന് താരങ്ങൾക്ക് വെള്ളം കൊടുക്കേണ്ടിവരുമായിരുന്നെന്നും വാട്സൺ പറഞ്ഞു. കഴിഞ്ഞ വർഷം ഫൈനലിൽ ഷെയിൻ വാട്സൺ നടത്തിയ വിരോചിത പ്രകടനം ചെന്നൈ സൂപ്പർ കിങ്സിനെ കിരീടം നേടുന്നതിന്റെ തൊട്ടടുത്ത്‌ എത്തിച്ചിരുന്നു. അന്ന് 59 പന്തിൽ നിന്ന് 80 റൺസാണ് വാട്സൺ നേടിയത്. 2018ലെ ഫൈനലിലും 57 പന്തിൽ 117 റൺസ് എടുത്ത് വാട്സൺ തന്റെ കരുത്ത് തെളിയിച്ചിരുന്നു.

ഷെയന്‍ വാട്സണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്, ഖുല്‍ന ടൈറ്റന്‍സിന് വേണ്ടി കളിക്കും

മുന്‍ ഓസ്ട്രേലിയന്‍ നായകനും ഓള്‍റൗണ്ടറുമായ ഷെയിന്‍ വാട്സണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്. 2019-20 സീസണിലേക്ക് ഖുല്‍ന ടൈറ്റന്‍സിന് വേണ്ടിയാണ് താരം കളിക്കുക. ഡിസംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ വാട്സണ്‍ പൂര്‍ണ്ണമായും കളിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തിനും ഫ്രാഞ്ചൈസി ടീമുകള്‍ക്കുമായി കപ്പുകള്‍ സ്വന്തമാക്കിയ താരമാണ് വാട്സണെന്നും ഇത്തരമൊരു താരത്തെ ടീമിലെത്തിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും ഖുല്‍ന ടൈറ്റന്‍സ് മാനേജിംഗ് ഡയറക്ടര്‍ കാസി ഇനാം അഹമ്മദ് പറഞ്ഞു.

ടീമിനൊപ്പം ചേരുന്നതില്‍ താനും ആഹ്ലാദത്തിലാണെന്ന് വാട്സണ്‍ പറഞ്ഞു. താന്‍ വളരെ കാലമായി കളിക്കണമെന്ന് ആഗ്രഹിച്ച ടൂര്‍ണ്ണമെന്റാണെന്നും ഇപ്പോളാണ് തനിക്ക് ഇതിനുള്ള അവസരം ലഭിച്ചതെന്നും വാട്സണും പറഞ്ഞു.

അവിശ്വസനീയം, ഒരു റണ്‍സ് ജയം നേടി മുംബൈ, നാലാം കിരീടം, അതിജീവിച്ചത് വാട്സണ്‍ ഇന്നിംഗ്സിനെ

ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ്‍ തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ രണ്ട് പന്തില്‍ നിന്ന് സിംഗിളുകള്‍ മാത്രമാണ് നേടാനായതെങ്കിലും മൂന്നാം പന്തില്‍ ഷെയിന്‍ വാട്സണ്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി മാറി. എന്നാല്‍ അടുത്ത പന്തില്‍ ഷെയിന്‍ വാട്സണ്‍ ഒരു റണ്‍സ് നേടിയ ശേഷം റണ്‍ഔട്ടായി പുറത്തായതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലായി മാറി. ശര്‍ദ്ധുല്‍ താക്കൂര്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടിയതോടെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സായി. എന്നാല്‍ ശര്‍ദ്ധുല്‍ താക്കൂറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ലസിത് മലിംഗ് മുംബൈയ്ക്ക് അഞ്ചാം കിരീടം നേടിക്കൊടുക്കുകയായിരുന്നു.

150 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു. 59 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും സഹിതം 80 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ്‍ റണ്ണൗട്ടായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജസ്പ്രീത് ബുംറയും രാഹുല്‍ ചഹാറും തന്റെ നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ബുറ രണ്ടും ചഹാര്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയ മലിംഗയും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

4 ഓവറില്‍ 33 റണ്‍സ് നേടിയ ചെന്നൈ ഓപ്പണര്‍മാരില്‍ കൂടുതല്‍ അപകടകാരിയായത് 13 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണെങ്കിലും ഡു പ്ലെസിയെ ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ മത്സരത്തിലെ ആദ്യ ബ്രേക്ക് ത്രൂ മുംബൈ നേടി. പിന്നെ ഒരു വശത്ത് വാട്സണ്‍ ബാറ്റ് ചെയ്യുമ്പോളും മറുവശത്ത് വിക്കറ്റകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മുംബൈയ്ക്കായി.

82/4 എന്ന നിലയില്‍ നിന്ന് വാട്സണ്‍-ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തില്‍ വീണ്ടും ചെന്നെയും സാധ്യതകളെ നിലനിര്‍ത്തിയത്. 30 പന്തില്‍ 62 റണ്‍സ് എന്ന് ലക്ഷ്യം നേടേണ്ടിയിരുന്ന ചെന്നൈ മലിംഗ എറിഞ്ഞ 16ാം ഓവറില്‍ 20 റണ്‍സ് നേടുകയായിരുന്നു. ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോ സിക്സ് നേടിയപ്പോള്‍ ഷെയിന്‍ വാട്സണ്‍ മൂന്ന് ബൗണ്ടറി നേടി. ഇതോടെ 24 പന്തില്‍ 42 റണ്‍സായി ലക്ഷ്യം മാറി.

അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ ഷെയിന്‍ വാട്സണ്‍ നല്‍കിയ പ്രയാസമേറിയ അവസരം രാഹുല്‍ ചഹാര്‍ കൈവിട്ടതോടെ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി മാറി. എന്നാല്‍ ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്. ഇതോടെ അവസാന മൂന്നോവറില്‍ ചെന്നൈ വിജയത്തിനായി 38 റണ്‍സ് നേടേണ്ട സ്ഥിതിയിലായി.

എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 20 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 18 റണ്‍സായി മാറി. ഷെയിന്‍ വാട്സണ്‍ ആണ് മൂന്ന് സിക്സ് നേടി കളി മാറ്റിയത്.

ജസ്പ്രീത് ബുംറ വീണ്ടുമൊരു മാസ്മരിക ഓവര്‍ എറിഞ്ഞ് 19ാം ഓവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കി ബ്രാവോയെ പുറത്താക്കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് പന്ത് കൈവിട്ടപ്പോള്‍ നാല് ബൈ റണ്‍സ് കൂടി ലഭിച്ചതോടെ അവസാന ഓവറില്‍ ലക്ഷ്യം വെറും 9 റണ്‍സ് മാത്രമായിരുന്നു.

51 റണ്‍സാണ് ബ്രാവോയും വാട്സണും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ഇതില്‍ 15 റണ്‍സാണ് ബ്രാവോ നേടിയത്. തുടര്‍ന്നും വാട്സണ്‍ ക്രീസില്‍ നിന്ന സമയത്ത് ചെന്നൈയ്ക്കായിരുന്നു വിജയ സാധ്യതയെങ്കിലും താരം പുറത്തായതോടെ ചെന്നൈയ്ക്ക് കാലിടറി ഒരു റണ്‍സ് തോല്‍വിയിലേക്ക് ടീം വീഴുകയായിരുന്നു.

ഫോമിലേക്കുയര്‍ന്ന് വാട്സണ്‍-ഫാഫ് കൂട്ടുകെട്ട്, ഫൈനലില്‍ ഇനി മുംബൈ എതിരാളികള്‍

ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഡല്‍ഹിയുടെ 147 റണ്‍സെന്ന സ്കോര്‍ 19 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പവര്‍പ്ലേയില്‍ മെല്ലെ തുടങ്ങിയ ശേഷം പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ 15 റണ്‍സ് നേടിയ ഫാഫ് പിന്നീട് സ്കോറിംഗ് അതിവേഗത്തിലാക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായെങ്കിലും ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് തികച്ച ശേഷം മാത്രമാണ് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചത്.

ഫാഫ് പുറത്തായ ശേഷം ഷെയിന്‍ വാട്സണും വേഗത്തില്‍ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. കീമോ പോള്‍ എറിഞ്ഞ 12ാം ഓവറില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സാണ് ചെന്നൈ നേടിയത്. ഇതില്‍ 24 റണ്‍സും വാട്സണ്‍ നേടിയതായിരുന്നു. ആദ്യ 20 പന്തില്‍ വെറും 18 റണ്‍സ് നേടിയ വാട്സണ്‍ പിന്നീട് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. എന്നാല്‍ ഫാഫ് ഡു പ്ലെസിയെ പോല തന്റെ അര്‍ദ്ധ ശതകം തികച്ചുടന്‍ വാട്സണും മടങ്ങുകയായിരുന്നു.

ഇരുവരും പുറത്തായ ശേഷം സുരേഷ് റെയ്നയും എംഎസ് ധോണിയെയും ചെന്നൈയ്ക്ക് നഷ്ടമായെങ്കിലും അമ്പാട്ടി റായിഡു നേടിയ 20 റണ്‍സിന്റെ ബലത്തില്‍ ചെന്നൈ 6 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് കടന്നു. ഇത് എട്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലേക്ക് എത്തുന്നത്.

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ കഴിഞ്ഞ വര്‍ഷം നേടിയ റണ്‍സ് ഇപ്രകാരം, ഈ സീസണില്‍ പാതി പോലും നേടുവാന്‍ കഷ്ടപ്പെടുന്നു

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഈ സീസണില്‍ മാറിയിരിക്കുന്നത് ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ബാറ്റിംഗ് ഫോമില്ലായ്മയാണ്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ടീം പരാജയപ്പെടുകയും കൂടി ചെയ്തതോടെ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ധോണിയും ഫ്ലെമിംഗുമെല്ലാം തുറന്ന് പറയുക കൂടി ചെയ്തു.

കഴിഞ്ഞ സീസണില്‍ ഷെയിന്‍ വാട്സണും അമ്പാട്ടി റായിഡുവും തകര്‍ത്തടിച്ചതാണ് ചെന്നൈയ്ക്ക് തുണയായി മാറിയത്. 602 റണ്‍സ് നേടിയ റായിഡുവിന്റെ ഫോം താരത്തിനു ഇന്ത്യന്‍ ടീമിലേക്ക് അവസരം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം താരം ഉറപ്പിയ്ക്കുമെന്ന സ്ഥിതിയില്‍ എത്തിയ ശേഷമാണ് 2019ല്‍ താരം ഫോമൗട്ടായി മാറുന്നത്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ താരത്തിന്റെ സ്ഥാനവും ഇത് നഷ്ടപ്പെടുത്തവാന്‍ ഇടയാക്കി. ഇന്നലെ ധോണിയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ട് പുറത്തെടത്തുവെങ്കിലും സീസണില്‍ ഇതുവരെ 261 റണ്‍സാണ് താരം നേടിയത്.

ഷെയിന്‍ വാട്സണ്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വെടിക്കെട്ട് പ്രകടനം ഉള്‍പ്പെടെ 555 റണ്‍സാണ് നേടിയത്. അതേ സമയം ഇത്തവണ 11 തവണ പവര്‍പ്ലേയില്‍ പുറത്തായ താരം നേടിയത് വെറും 268 റണ്‍സാണ്. ടീമിന്റെ എക്കാലത്തെയും പ്രതീക്ഷയായ സുരേഷ് റെയ്‍നയാകട്ടെ കഴിഞ്ഞ വര്‍ഷം 445 റണ്‍സ് നേടിയപ്പോള്‍ ഈ സീസണില്‍ വെറും 364 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

പവര്‍പ്ലേയിലെ പ്രകടനമാണ് ടീമിനെ അലട്ടുന്നത്

ചെന്നൈയുടെ ബാറ്റിംഗിലെ പ്രധാന പ്രശ്നം പവര്‍പ്ലേയിലെ പ്രകടനമാണെന്ന് തുറന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വെറും രണ്ട് തവണ മാത്രമാണ് ടീമിനു 50 റണ്‍സിനു മേല്‍ ആദ്യ ആറോവറുകളില്‍ നേടുവാനായിട്ടുള്ളത്. ഈ ഘട്ടത്തില്‍ ടീം 29 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. ബാറ്റിംഗ് ആധിപത്യം ഉറപ്പിയ്ക്കുവാനുള്ള അവസരം കൂടിയായ പവര്‍പ്ലേയിലെ പ്രകടനങ്ങളാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയെന്ന് ആണ് വിലയിരുത്തപ്പെടുന്നത്.

പല മത്സരങ്ങളില്‍ ധോണിയും വാലറ്റത്തിലെ മറ്റു താരങ്ങളും കൂടിയാണ് ടീമിനെ മികച്ച സ്കോറിലേക്കോ വിജയത്തിലേക്കോ നയിച്ചിട്ടുള്ളത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വേണ്ടത്ര വേഗത നേടുവാന്‍ ടീമിനു സാധിക്കുന്നില്ലെന്നത് സത്യമാണെന്ന് പറഞ്ഞ ഫ്ലെമിംഗ് 7 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ തങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

ചെന്നൈയിലെ പിച്ചുകളുടെ സ്വഭാവവും ടീമിന്റെ ഈ മോശം പ്രകടനത്തിന്റെ ഒരു ഉദാഹരണമാണ്. റണ്‍ സ്കോറിംഗ് മെല്ലെയാകുമെന്നുറപ്പുള്ള പിച്ചില്‍ മധ്യ ഓവറുകളില്‍ ബാറ്റിംഗ് ദുഷ്കരമാകുവാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ആറോവറില്‍ വേണ്ടത്ര റണ്‍സ് നേടേണ്ടതായിട്ടുണ്ടെങ്കിലും ചെന്നൈയ്ക്ക് അതിനു സാധിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ.

മധ്യ ഓവറുകളില്‍ കൂടതല്‍ ആക്രമിച്ച് കളിയ്ക്കുവാന്‍ ശ്രമിച്ചാല്‍ ടീം 100നു താഴെ പുറത്താകുവാനുള്ള സാധ്യതയുണ്ട്, അതിനാല്‍ തന്നെ മധ്യ ഓവറുകളില്‍ കരുതലോടെ വേണം ബാറ്റ് ചെയ്യുവാന്‍, എന്നാല്‍ അതിനു സാധ്യമാകണമെങ്കില്‍ പവര്‍പ്ലേയില്‍ റണ്‍സ് വരേണ്ടതുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. മിക്ക മത്സരങ്ങളിലും അവസാന ആറോവറില്‍ നേടുന്ന റണ്‍സാണ് ടീമിനെ വലപ്പോഴും പൊരുതാവുന്ന ടോട്ടലുകളിലേക്ക് എത്തിയ്ക്കാറെന്നും ഫ്ലെമിംഗ് പറഞ്ഞു.

വാട്സണ്‍ ഇനി ബിഗ് ബാഷില്‍ കളിയ്ക്കില്ല

തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നതിനായി ബിഗ് ബാഷിന്റെ അടുത്ത സീസണില്‍ കളിയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഷെയിന്‍ വാട്സണ്‍. 37 വയസ്സുകാരന്‍ വാട്സണ്‍ 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിഡ്നി തണ്ടറിനു വേണ്ടി കളിച്ച് വരികയായിരുന്നുവെങ്കിലും ഇനി താരം ക്ലബിനു വേണ്ടി അഞ്ചാം തവണ കളത്തിലിറങ്ങില്ലെന്ന് വ്യക്തമാക്കി. നിലവില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു ഷെയിന്‍ വാട്സണ്‍.

ബിഗ് ബാഷില്‍ 1058 റണ്‍സും 20 വിക്കറ്റുമാണ് താരം 42 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. അതേ സമയം ലോകത്തെ മറ്റു ടി20 ടൂര്‍ണ്ണമെന്റുകളില്‍ ഷെയിന്‍ വാട്സണ്‍ സജീവമായി തന്നെ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലെ വേനല്‍ക്കാല അവധി സമയത്ത് നടക്കുന്ന ബിഗ് ബാഷ് ടൂര്‍ണ്ണമെന്റിന്റെ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിയ്ക്കുവാനുള്ള അവസരം നഷ്ടമാകുന്നുവെന്നതാണ് വാട്സണ്‍ എടുത്ത തീരുമാനത്തിനു പിന്നിലുള്ള കാരണം.

വാട്സണിനെതിരെ ഒന്നും ചെയ്യാനായില്ല, റഷീദിന് അപൂര്‍വ്വമായ മോശം ദിനം

ഷെയിന്‍ വാട്സണ്‍ ബാറ്റ് ചെയ്ത രീതിയില്‍ താരത്തെ തളയ്ക്കുവാന്‍ തങ്ങള്‍ക്കൊന്നും ചെയ്യാനായില്ല എന്ന തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. അത് കൂടാതെ റഷീദ് ഖാന് മോശം ദിവസം കൂടിയായപ്പോള്‍ ചെന്നൈയെ തളയ്ക്കുവാന്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു ആയില്ല എന്ന് ടീം നായകന്‍ ഭുവനേശ്വര്‍ കുമാര്‍ പറയുകയായിരുന്നു.

റഷീദ് ഖാന്‍ 44 റണ്‍സാണ് 4 ഓവറില്‍ നിന്ന് വഴങ്ങിയത്. 1 വിക്കറ്റ് മാത്രമാണ് താരത്തിനു നേടാനായത്. സുരേഷ് റെയ്‍നയുടെ നിര്‍ണ്ണായക വിക്കറ്റ് താരം നേടിയെങ്കിലും വാട്സണിനെതിരെ കാര്യമായി ഒന്നും തന്നെ റഷീദ് ഖാനിനും ചെയ്യാനായില്ല. 4 ഓവറില്‍ 27 റണ്‍സ് വഴങ്ങിയ ഷാക്കിബ് അല്‍ ഹസനും 4 ഓവറില്‍ 26 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദും മാത്രമാണ് സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്.

ബൗളിംഗ് വിഭാഗം മികച്ച് നില്‍ക്കുന്നു, ബാറ്റിംഗ് മെച്ചപ്പെടാനുണ്ട്, പ്ലേ ഓഫുകള്‍ക്ക് അത് അനിവാര്യം

ചെന്നൈയുടെ ഈ സീസണില്‍ ബാറ്റിംഗിനെക്കാള്‍ മികച്ച് നിന്നത് ബൗളിംഗെന്ന് തുറന്ന് പറഞ്ഞ് നായകന്‍ എംഎസ് ധോണി. ബൗളിംഗ് യൂണിറ്റ് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും പ്ലേ ഓഫുകളില്‍ മുന്നേറുവാന്‍ ബാറ്റിംഗ് മെച്ചപ്പെടേണ്ട ആവശ്യമുണ്ടെന്ന് ധോണി പറഞ്ഞു.

ഇന്നലെ ഷെയിന്‍ വാട്സണിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിനെ വിജയിപ്പിച്ചത്. വാട്സണ്‍ എന്നും ചെന്നൈയുടെ മാച്ച് വിന്നറായിരുന്നു, ഈ സീസണില്‍ ബുദ്ധിമുട്ടിയെങ്കിലും കളിച്ചപ്പോളെല്ലാം മികച്ച രീതിയിലാണ് പന്ത് താരം മിഡില്‍ ചെയ്തിരുന്നതെന്നും ധോണി കൂട്ടിചേര്‍ത്തു. താരം നെറ്റ്സിലും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്, അതിനാല്‍ തന്നെ താരങ്ങളെ മോശം സമയത്ത് പിന്തുണയ്ക്കുക എന്നത് ടീം മാനേജ്മെന്റിന്റെ ഒരു ശൈലിയാണ്. ആ പിന്തുണയുടെ ഗുണഫലമാണ് ഇന്നലെ ടീം സ്വന്തമാക്കിയതെന്ന് എംഎസ് ധോണി വ്യക്തമാക്കി.

വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ് ജയം സ്വന്തമാക്കിയത്. തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും വാട്സണ്‍ പുറത്താകുമ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 16 റണ്‍സ് അകലെ മാത്രമായിരുന്നു.  മികച്ചൊരു ക്യാച്ചിലൂടെ വാട്സണെ ജോണി ബൈര്‍സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ് ലഭിച്ചത്.

53 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ വാട്സണൊപ്പം 38 റണ്‍സ് നേടിയ സുരേഷ് റെയ്‍ന നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 9 ബൗണ്ടറിയും ആറ് സിക്സുമാണ് വാട്സണ്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. വാട്സണ്‍ പുറത്തായെങ്കിലും അമ്പാട്ടി റായിഡുവും(21) കേധാര്‍ ജാഥവും(11*) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സ് വേണ്ട സ്ഥിതിയില്‍ കേധാര്‍ ജാഥവ് നേടിയ സിക്സ് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിനു ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും ജയം പിടിച്ചെടുക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ ചെന്നൈയ്ക്കായി.

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിനു ശേഷം തകര്‍ന്ന് ചെന്നൈ ബാറ്റിംഗ് നിര

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഷെയിന്‍ വാട്സണും ഫാഫ് ഡു പ്ലെസിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ടീം നേടിയത്. എംഎസ് ധോണിയില്ലാതെ കളത്തിലിറങ്ങിയ ചെന്നൈ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പന്ത് വ്യത്യാസത്തില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായതോടെ മത്സരത്തില്‍ സണ്‍റൈസേഴ്സ് പിടി മുറുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ ശേഷം 10ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഷഹ്ബാസ് നദീം ആണ് ഷെയിന്‍ വാട്സണെ പുറത്താക്കിയത്. 29 പന്തില്‍ നിന്ന് 31 റണ്‍സാണ് താരം നേടിയത്. മൂന്ന് പന്തുകള്‍ക്ക് ശേഷം അടുത്ത ഓവറില്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി വിജയ് ശങ്കര്‍ മത്സരം ചെന്നൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 31 പന്തില്‍ 45 റണ്‍‍സ് നേടി മൂന്ന് വീതം സിക്സും ഫോറും നേടി ഹൈദ്രാബാദിനു അപകടമായി തീരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വിജയ് ശങ്കര്‍ ഡു പ്ലെസിയെ പുറത്താക്കിയത്.

പിന്നീടുള്ള ഓവറുകളില്‍ സുരേഷ് റെയ്‍നയെയും(13) കേധാര്‍ ജാഥവിനെയും(1) റഷീദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുവരും തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല. ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ സാം ബില്ലിംഗ്സ് പൂജ്യത്തിനു പുറത്തായതോടെ ചെന്നൈ 14.4 ഓവറില്‍ 101/5 എന്ന നിലയിലായി.

ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ റായിഡു-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ടീമിനെ 132 റണ്‍സിലേക്ക് എത്തിച്ചത്. റായിഡു 21 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 10 റണ്‍സ് നേടി. സണ്‍റൈസേഴ്സിനു വേണ്ടി നാലോവറില്‍ വെറും 17 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം, വിജയ് ശങ്കര്‍ എന്നിവരാണ് വിക്കറ്റ് നേടിയ മറ്റു ബൗളര്‍മാര്‍.

കണ്ണഞ്ചിപ്പിക്കുന്ന വാട്സണ്‍ ശതകം, കണ്ണ് ചിമ്മി ഫ്ലഡ് ലൈറ്റുകള്‍

ഈസ്റ്റ് ബ്രിസ്ബെയിനിലെ പവര്‍കട്ട് മൂലം ബിഗ് ബാഷ് ലീഗില്‍ ഇന്ന് നടന്ന മത്സരം ഉപേക്ഷിക്കപ്പെട്ടു. സിഡ്നി തണ്ടറും ബ്രിസ്ബെയിന്‍ ഹീറ്റും തമ്മിലുള്ള മത്സരമാണ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഉപേക്ഷിക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടുകയായിരുന്നു. തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ടീം ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. 62 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ്‍ 8 ഫോറും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

10 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ബ്രിസ്ബെയിന്‍ തോല്‍വി ഉറപ്പാക്കിയ നിമിഷത്തിലാണ് ഫ്ലഡ് ലൈറ്റുകള്‍ കണ്ണ് ചിമ്മിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും ടീമുകള്‍ ഓരോ പോയിന്റ് പങ്കുവയ്ക്കുകയും ചെയ്തു.

Exit mobile version