ബാബറിന് പുറമെ ഇവര്‍ രണ്ട് പേരും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാര്‍ – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഏറെ ആശ്രയിക്കുക ബാബര്‍ അസമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് സഖ്‍ലൈന്‍ മുഷ്താഖ്. എന്നാൽ പാക് നിരയിൽ ബാബര്‍ മാത്രമല്ല മാച്ച് വിന്നര്‍ എന്നും മുഹമ്മദ് റിസ്വാനും ഷദബ് ഖാനും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാരാണെന്നും സഖ്‍ലൈന്‍ കൂട്ടിചേര്‍ത്തു.

മുഹമ്മദ് റിസ്വാന് ടി20 ഫോര്‍മാറ്റിൽ കളിക്കുവാനുള്ള പ്രത്യേക കഴിവും മൈന്‍ഡ്സെറ്റും ഉണ്ടെന്നും ഷദബ് ഖാന് ഒറ്റയ്ക്ക് ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരമാണെന്നും സഖ്‍ലൈന്‍ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ പോരാട്ടം നാളെയാണ് നടക്കുന്നത്. 2021 ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പത്ത് വിക്കറ്റ് വിജയത്തിൽ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ആണ് ബാറ്റിംഗിൽ തിളങ്ങിയത്.

കോഹ്‍ലിയെ വിലകുറച്ച് കാണരുത് – സഖ്‍ലൈന്‍ മുഷ്താഖ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം നാളെ ഏഷ്യ കപ്പിൽ നടക്കുവാനിരിക്കവേ പാക്കിസ്ഥാന് മുന്നറിയിപ്പുമായി മുന്‍ പാക്കിസ്ഥാന്‍ താരവും നിലവിൽ ടീമിന്റെ മുഖ്യ കോച്ചുമായ സഖ്‍ലൈന്‍ മുഷ്താഖ്. ഫോമിൽ അല്ലെങ്കിലും വിരാട് കോഹ്‍ലിയെ വിലകുറിച്ച് കാണരുതെന്നാണ് അദ്ദേഹം തന്റെ ടീമംഗങ്ങളോട് ആവശ്യപ്പെട്ടത്.

ക്രിക്കറ്റിംഗ് ലോകത്തെ 12-15 വര്‍ഷത്തോളം ഭരിച്ച വ്യക്തിയാണ് വിരാട് കോഹ്‍ലിയെന്നും താരത്തെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും പാക് താരങ്ങള്‍ക്ക് സഖ്‍ലൈന്‍ മുന്നറിയിപ്പ് നൽകി.

2021 ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ പത്ത് വിക്കറ്റ് വിജയം ആണ് പാക്കിസ്ഥാന്‍ നേടിയത്.

ഏത് ബാറ്റിംഗ് നിരയെ തകര്‍ക്കുവാനുള്ള പേസര്‍മാര്‍ ഇപ്പോളും പാക്കിസ്ഥാന്റെ പക്കലുണ്ട് – സഖ്‍ലൈന്‍ മുഷ്താഖ്

ഷഹീന്‍ അഫ്രീദിയുടെ അഭാവത്തിലും പാക്കിസ്ഥാന്റെ പേസ് ബൗളിംഗ് നിരയ്ക്ക് ഏത് ബാറ്റിംഗ് നിരയെയും തകര്‍ക്കുവാനുള്ള ശേഷിയുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം സഖ്‍ലൈന്‍ മുഷ്താഖ്. നസീം ഷാ, ഹാരിസ്, റൗഫ്, മുഹമ്മദ് ഹസ്നൈന്‍ എന്നിവരടങ്ങിയ പേസ് നിരയ്ക്ക് ലോകത്തിലെ ഏത് ബാറ്റിംഗ് നിരയെയും തകര്‍ക്കുവാനുള്ള കഴിവുള്ളവരാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിൽ ഇരു ടീമുകളിലും പ്രധാന ബൗളറുടെ അഭാവം ഉണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും ഏഷ്യ കപ്പിൽ കളിക്കുന്നില്ല.

സഖ്‌ലൈൻ മുഷ്‌താഖ്‌ പാകിസ്ഥാൻ പരിശീലക സ്ഥാനത്തേക്ക്

മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ പരിശീലകനാവുമെന്ന് സൂചനകൾ. മിസ്ബാഹുൽ ഹഖ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാകിസ്ഥാൻ പുതിയ പരിശീലകനായുള്ള തിരച്ചിൽ തുടങ്ങിയത്. നേരത്തെ റദ്ദാക്കപ്പെട്ട ന്യൂസിലാൻഡ് പരമ്പരക്കായുള്ള പാകിസ്ഥാൻ ടീമിന്റെ താത്കാലിക പരിശീലകനായി സഖ്‌ലൈൻ മുഷ്‌താഖിനെയും അബ്ദുൽ റസാഖിനെയും നിയമിച്ചിരുന്നു.

നേരത്തെ പരിശീലകനായിരുന്ന മിസ്ബാഹുൽ ഹഖും ബൗളിംഗ് പരിശീലകനായിരുന്ന വഖാർ യൂനിസും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡനെ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാണ്ടറിനെ ബൗളിംഗ് പരിശീലകനാണ് നിയമിച്ചിരുന്നു.

മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ അർഹമായ പരിഗണന നൽകിയില്ലെന്ന് സഖ്‌ലൈൻ മുഷ്‌താഖ്‌

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ അർഹമായ പരിഗണന നൽകിയില്ലെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. താൻ എപ്പോഴും പോസറ്റീവ് ആയ കാര്യങ്ങളാണ് പറയാൻ ശ്രമിക്കാറുള്ളതെന്നും എന്നാൽ ഇത് പറയാതിരിക്കാൻ കഴിയില്ലെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ പറഞ്ഞു. ധോണിയെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ടെന്നും താരത്തിന് ബി.സി.സി.ഐ ഒരു വിടവാങ്ങൽ മത്സരം നടത്തണമായിരുന്നെന്നും സഖ്‌ലൈൻ പറഞ്ഞു.

ധോണിയെ പോലെ ഒരു വലിയ താരത്തോടെ ബി.സി.സി.ഐ നല്ല രീതിയിൽ അല്ല പെരുമാറിയതെന്നും ധോണിയുടെ വിരമിക്കൽ ഒരിക്കലും ഇത്തരത്തിൽ ആവരുതെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു. ഇത് തന്റെ മനസ്സിൽ നിന്ന് വരുന്ന വാക്കുക്കൾ ആണെന്നും ഇതുപോലെയാണ് ലക്ഷകണക്കിന് ആരാധകരും ചിന്തിക്കുന്നതെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ പറഞ്ഞു. താൻ ഈ രീതിയിൽ പറയുന്നത് കൊണ്ട് ഖേദം ഉണ്ടെന്നും എന്നാൽ ബി.സി.സി.ഐ ധോണിയോട് നല്ല രീതിയിൽ പെരുമാറിയില്ലെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ പറഞ്ഞു. ഓഗസ്റ്റ് 15നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

“ദൂസര” എന്ന പേര് വരുവാന്‍ കാരണം മോയിന്‍ ഖാന്‍ – ഹര്‍ഭജന്‍ സിംഗ്

സഖ്‍ലൈന്‍ മുഷ്താഖ് ആണ് ലോക ക്രിക്കറ്റിലേക്ക് ദൂസരയെ പരിചയപ്പെടുത്തുന്നത്. ഷെയിന്‍ വോണിനെയോ മുത്തയ്യ മുരളീധരനെയോ പോലെ വാഴ്ത്തപ്പെട്ടിട്ടില്ലെങ്കിലും ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു സഖ്‍ലൈന്‍. സഖ്‍ലൈന്‍ ദൂസര എറിഞ്ഞ പോലെ ആ പന്ത് മികച്ച രീതിയില്‍ എറിയുവാന്‍ സാധിച്ച മറ്റൊരു താരമാണ് ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗ്.

തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടി കൊടുത്തത് ദൂസര എറിയുവാനുള്ള കഴിവാണെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. ദൂസരയ്ക്ക് ദൂസരയെന്ന പേര് വരുവാന്‍ കാരണം എന്നാല്‍ മോയിന്‍ ഖാന്‍ ആണെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. അന്ന് ഇന്ത്യയില്‍ ആരും ഈ വൈവിധ്യം എറിഞ്ഞിരുന്നില്ല.

എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് മോയിന്‍ ഖാന്‍ താരത്തോട് ദൂസര എറിയുവാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മറ്റുള്ളവരും ആ വൈവിധ്യത്തെ ദൂസരയെന്ന് വിളിക്കുവാന്‍ തുടങ്ങിയതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. താന്‍ ഇതിനെ ലെഗ്-കട്ടര്‍ എന്നാണ് വിളിച്ചിരുന്നതെങ്കിലും മോയിന്‍ ഖാന്‍ സ്റ്റംപിന് പിറകില്‍ നിന്ന് വിളിച്ചിരുന്നതാണ് ദൂസരയെ ദൂസരയാക്കിയതെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.

“വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് മുഴുവൻ ലഭിക്കുന്നതിന് തുല്യം”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യൻ ടീമിനെ മുഴുവൻ പുറത്താക്കുന്നതിന് തുല്യമാണെന്ന് താൻ ഇംഗ്ലണ്ട് സ്പിന്നര്മാരായ മൊയീൻ ഖാനോടും ആദിൽ റാഷിദിനോടും പറഞ്ഞതെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. വിരാട് കോഹ്‌ലി 11 താരങ്ങൾക്ക് തുല്യമാണെന്നും 11 താരങ്ങൾ ഒരാളിൽ ഉള്ള രീതിയിൽ താരത്തെ പരിഗണിക്കണമെന്നും താൻ ഇംഗ്ലണ്ട് സ്പിന്നർമാരോട് പറഞ്ഞെന്ന് സഖ്‌ലൈൻ മുഷ്‌താഖ്‌ വെളിപ്പെടുത്തി.

ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ എന്ന നിലക്ക് വിരാട് കോഹ്‌ലിക്ക് അഹങ്കാരം ഉണ്ടാവുമെന്നും താരത്തിനെതിരെ ഒരു ഡോട്ട് ബോൾ എറിഞ്ഞാൽ താരത്തിന്റെ അഹങ്കാരത്തിന് തിരിച്ചടിയാവുമെന്നും സഖ്‌ലൈൻ പറഞ്ഞു. നിങ്ങൾ വിരാട് കോഹ്‌ലിയെ ഈ അവസരത്തിൽ പുറത്താക്കിയാൽ താരത്തിന് തീർച്ചയായും ദുഃഖം ഉണ്ടാവുമെന്നും ഇതെല്ലം ഒരു മൈൻഡ് ഗെയിം ആണെന്നും സഖ്‌ലൈൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് വരെ സഖ്‌ലൈൻ മുഷ്‌താഖ്‌ ഇംഗ്ലണ്ട് ടീമിന്റെ ബൗളിംഗ് ഉപദേശകനായിരുന്നു.

പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തില്‍ സഖ്‍ലൈനിന് പുതിയ ദൗത്യം

സഖ്‍ലൈന്‍ മുഷ്താഖിനെ പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിന്റെ അന്താരാഷ്ട്ര താരങ്ങളുടെ വികസനത്തിന്റെ തലവനായി നിയമിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലുള്ള സംവിധാനത്തെ ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികള്‍. സഖ്‍ലൈനിന് പുറമെ ഗ്രാന്റ് ബ്രാഡ്ബേണിനെ ഹൈ പെര്‍ഫോമന്‍സ് കോച്ചിംഗ് തലവനും ആക്കിയിട്ടുണ്ട്.

ന്യൂസിലാണ്ടിന് വേണ്ടി ഏഴ് ടെസ്റ്റുകളും 11 ഏകദിനങ്ങളും കളിച്ച ബ്രാഡ്ബേണ്‍ സ്കോട്‍ലാന്‍ഡിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ചാണ് ഈ മുന്‍ ന്യൂസിലാണ്ട് താരം. ബ്രാഡ്ബേണിന് പകരം പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് കോച്ചായി ആര് വരുമെന്നത് ഉടന്‍ പ്രഖ്യാപിക്കും.

ബംഗ്ലാദേശ്, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സഖ്‍ലൈന്‍ മുഷ്താഖ്. പാക്കിസ്ഥാന്‍, ക്രിക്കറ്റ് ഓസ്ട്രേലിയ, ന്യൂസിലാണ്ട് ക്രിക്കറ്റ് എന്നിവരുടെ കണ്‍സള്‍ട്ടന്റായും സഖ്‍ലൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

700 ടെസ്റ്റ് വിക്കറ്റുകള്‍ ഹര്‍ഭജന് അനായാസം നേടാമായിരുന്നു

ഹര്‍ഭജന്‍ സിംഗിന് 700 ടെസ്റ്റ് വിക്കറ്റ് അനായാസം നേടാമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസം സഖ്‍ലൈന്‍ മുഷ്താഖ്. ഇന്ത്യ അശ്വിന് വേണ്ടി ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ 103 ടെസ്റ്റുകളില്‍ നിന്ന് 413 വിക്കറ്റാണ് ഹര്‍ഭജന്‍ നേടിയത്. രണ്ട് ഓഫ് സ്പിന്നര്‍മാരെ വേണ്ടെന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം ആണ് ഹര്‍ഭജന് തിരിച്ചടിയായത്.

എന്നാല്‍ ഇരുവരുടെയും ബൗളിംഗ് ശൈലി വ്യത്യസ്തമായതിനാല്‍ തന്നെ രണ്ട് പേരെയും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് സഖ്‍ലൈന്‍ പറഞ്ഞു. രണ്ട് റൈറ്റ്-ആം പേസര്‍മാര്‍ ഒരേ സമയം ടീമുകളില്‍ കളിക്കുമ്പോള്‍ എന്ത് കൊണ്ട് രണ്ട് റൈറ്റ്-ആം സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും സഖ്‍ലൈന്‍ ചോദിച്ചു.

2011ല്‍ ടീമില്‍ നിന്ന് ആദ്യം സ്ഥാന നഷ്ടമാകുമ്പോള്‍ 98 ടെസ്റ്റുകളാണ് ഹര്‍ഭജന്‍ കളിച്ചത്, അതിന് ശേഷം ഏതാനും ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ടീമിലെ സ്ഥിരം സ്ഥാനം താരത്തിന് നഷ്ടമായി. ഹര്‍ഭജന്റെ കഴിവ് വെച്ച് 700 ടെസ്റ്റ് വിക്കറ്റുകള്‍ താരം അനായാസം മറികടന്നേനെ എന്നാണ് സഖ്‍ലൈന്‍ പറഞ്ഞത്.

ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സഖ്‍ലൈന്‍ പറഞ്ഞു.

അശ്വിനും ജഡേജയും ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റുകള്‍ കളിക്കും

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും നൂറ് ടെസ്റ്റുകള്‍ കളിക്കുമെന്ന് അഭിപ്രായപ്പെട്ട് പാക് മുന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ പുതുമുഖ താരങ്ങള്‍ ഏറെ വന്നിട്ടുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം ഇരുവരില്‍ നിന്നും വരുന്നുണ്ടെന്ന് സഖ്‍ലൈന്‍ പറഞ്ഞു. ഇവര്‍ രണ്ട് പേരും ലോകോത്തര ബൗളര്‍മാരാണ്. രണ്ട് പേരും നൂറ് ടെസ്റ്റ് പൂര്‍ത്തിയാക്കുമെന്ന് തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് സഖ്‍ലൈന്‍ വ്യക്തമാക്കി.

71 ടെസ്റ്റില്‍ നിന്ന് അശ്വിന്‍ 365 വിക്കറ്റ് നേടിയപ്പോള്‍ 49 ടെസ്റ്റ് കളിച്ച ജഡേജയുടെ നേട്ടം 213 വിക്കറ്റാണ്. പ്രായവും ഇവര്‍ക്ക് അനുകൂലമാണെന്നും അതിനാല്‍ തന്നെ നൂറ് ടെസ്റ്റ് രണ്ട് താരങ്ങള്‍ക്കും കളിക്കാനാകുമെന്നും സഖ്‍ലൈന്‍ വ്യക്തമാക്കി. പുതിയ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ താന്‍ ഉറ്റുനോക്കുന്ന മറ്റൊരു താരം കുല്‍ദീപ് യാദവാണഎന്നും സഖ്‍‍ലൈന്‍ അഭിപ്രായപ്പെട്ടു.

അശ്വിനെ എങ്ങനെ ഇന്ത്യയ്ക്ക് പുറത്തിരുത്തുവാന്‍ കഴിയുന്നു – സഖ്‍ലൈന്‍ മുഷ്താഖ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ അപ്പോളത്തെ മുന്‍ നിര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും ഇന്ത്യ അവസരം നല്‍കിയ ശേഷം പിന്നീട് അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തുവാന്‍ സാധിക്കാതിരിക്കുകയായിരുന്നു.

ഏഷ്യ കപ്പ് 2018 രവീന്ദ്ര ജഡേജ തിരിച്ചുവരവ് നടത്തിയെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് സ്പിന്നര്‍ ഇപ്പോളും പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്ത് തന്നെയാണ്. ഇപ്പോള്‍ മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ് ചോദിക്കുന്നത് അശ്വിനെ പോലെ വിക്കറ്റ് നേടുവാന്‍ കഴിവുള്ള താരത്തെ എങ്ങനെ പുറത്തിരുത്തുവാന്‍ ഇന്ത്യയ്ക്ക് കഴിയുന്നു എന്നാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് നേടുവാന്‍ കഴിയുന്ന ഒരു താരത്തിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ എപ്പോളും എളുപ്പത്തില്‍ വിക്കറ്റ് നേടാനാകുമെന്ന പക്ഷക്കാരനാണ് താനെന്ന് സഖ്‍ലൈന്‍ പറഞ്ഞു. ടെസ്റ്റാണ് ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റെന്നും അവിടെ തിളങ്ങുന്ന ബൗളര്‍ക്ക് ഏകദിനത്തിലും വിക്കറ്റ് നേടാനാകുമെന്ന് സഖ്‍ലൈന്‍ പറഞ്ഞു.

നിങ്ങള്‍ റിസ്റ്റ് സ്പിന്നറാണെങ്കിലും ഫഇംഗര്‍ സ്പിന്നറാണെങ്കിലും ക്ലാസ്സ് സ്ഥിരമായ ഒന്നാണ്. അശ്വിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തിരിത്തുകയാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും സഖ്‍ലൈന്‍ പറഞ്ഞു. വിക്കറ്റ് എടുക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിയ്ക്ക് റണ്‍സ് വിട്ട് കൊടുക്കാതിരിക്കാനുമാകുമെന്ന് സഖ്‍ലൈന്‍ പറഞ്ഞു.

“ആഷസിനേക്കാൾ വലുതാണ് ഇന്ത്യ – പാകിസ്ഥാൻ പരമ്പര”

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയെക്കാൾ വലുതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. ഇന്ത്യ – പാകിസ്ഥാൻ പരമ്പര ഉടൻ പുനരാരംഭിക്കണമെന്നും ഇത് രണ്ട് രാജ്യങ്ങളെയും ഒന്നിപ്പിക്കുമെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുന്ന കാര്യത്തിൽ ഐ.സി.സി ഇടപെടണമെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ ആവശ്യപ്പെട്ടു. സാമ്പത്തികമായും ഈ പരമ്പര രണ്ട് ക്രിക്കറ്റ് ബോർഡുകൾക്കും മികച്ചതാണെന്നും അത് കൊണ്ട് ഉടൻ തന്നെ പരമ്പര പുനരാരംഭിക്കണമെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ ആവശ്യപ്പെട്ടു.

വിജയവും പരാജയവും ഒരു മത്സരത്തിന്റെ ഭാഗമാണെന്നും ക്രിക്കറ്റ് ഒരു യുദ്ധമല്ലെന്നും അത് കൊണ്ട് ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളിക്കുന്നത് പുനരാംഭിക്കണമെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Exit mobile version