ഷഹീൻ അഫ്രീദിക്ക് മുന്നിൽ ബംഗ്ലാദേശ് തകർന്നു, പാകിസ്താൻ സെമിയിലേക്ക് അടുക്കുന്നു

ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ പാകിസ്താൻ ചെറിയ സ്കോറിൽ ഒതുക്കി. ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. 4 വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയുടെ പ്രകടനമാണ് പാകിസ്താന് കരുത്തായത്.

ഓപ്പണർ ഷാന്റോ 54 റൺസ് എടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി. പക്ഷെ ഷാന്റോയുടെ വേഗത കുറഞ്ഞ ബാറ്റിങും ബംഗ്ലാദേശിന് സഹായമായില്ല. ലിറ്റൺ ദാസ് 10 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയായി. സൗമ്യ സർകാർ 20 റൺസ് എടുത്തപ്പോൾ ക്യാപ്റ്റൻ ഷാകിബ് ഡക്കിൽ ഔട്ട് ആയി.

ഷഹീൻ അഫ്രീദി നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് എടുത്തത്‌. ഷദബ് 2 വിക്കറ്റും ഇഫ്തിഖാർ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ന് വിജയിച്ചാൽ പാകിസ്താന് സെമിയിൽ എത്താം.

പാകിസ്ഥാൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് യൂനിസ് ഖാൻ

പാകിസ്ഥാൻ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞ് യൂനിസ് ഖാൻ. ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് പരമ്പരകൾക്ക് തൊട്ടുമുൻപാണ് മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ കൂടിയായ യൂനിസ് ഖാൻ സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ നവംബറിലാണ് യൂനിസ് ഖാൻ രണ്ട് വർഷത്തെ കരാറിൽ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാവുന്നത്. 2022 ടി20 ലോകകപ്പ് വരെയായിരുന്നു യൂനിസ് ഖാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയിരുന്നത്.

എന്നാൽ പാകിസ്ഥാനും ബോർഡും താരവും വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിന് ഒരു ബാറ്റിംഗ് പരിശീലകൻ ഇല്ലാതെയാവും പാകിസ്ഥാൻ ടീം ഇറങ്ങുക. ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക.

2011 ലോകകപ്പിലെ ഇന്ത്യയോടുള്ള തോൽവി ഇപ്പോഴും വിഷമിപ്പിക്കുന്നു: ഉമർ ഗുൽ

2011 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി തന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ഉമർ ഗുൽ. ഇന്ത്യയോടേറ്റ തോൽവി തന്റെ കരിയറിലെ ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നാണെന്നും ഗുൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉമർ ഗുൽ തന്റെ പ്രഫഷണൽ കരിയറിലെ അവസാന മത്സരം കളിച്ചത്.

അന്നത്തെ മത്സരത്തിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും ആ തോൽവി എല്ലാ കാലവും തന്നെ വേദനിപ്പിക്കുമെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിന് പാകിസ്ഥാൻ ഇറങ്ങിയത് മികച്ച ഫോമിൽ ആയിരുന്നെന്നും മത്സരത്തിൽ പാകിസ്ഥാൻ ജയം അർഹിച്ചിരുന്നെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ ഡി.ആർ.എസ് തീരുമാനം സച്ചിന് അനുകൂലമായിരുന്നെന്നും ഗ്രൗണ്ടിൽ ഉള്ള എല്ലാവരും സച്ചിൻ ടെണ്ടുൽക്കർ ഔട്ട് ആണ് എന്നാണ് കരുതിയതെന്നും ഉമർ ഗുൽ പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ നേരത്തെ ഔട്ട് ആയിരുന്നേൽ ഫലം മറ്റൊന്ന് ആവുമായിരുന്നു എന്നും ഗുൽ പറഞ്ഞു.

അന്ന് മത്സരത്തിൽ ഇന്ത്യ 29 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 8 ഓവർ എറിഞ്ഞ ഉമർ ഗുൽ 69 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

മുഷ്താഖ് അഹമ്മദിനെയും യൂനിസ് ഖാനെയും പരിശീലകരായി നിയമിച്ച് പാകിസ്ഥാൻ

മുൻ താരങ്ങളായ യൂനിസ് ഖാനെയും മുഷ്‌താഖ്‌ അഹമ്മദിനെയും പരിശീലകരായി നിയമിച്ച്  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി യൂനിസ് ഖാനെയും സ്പിൻ ബൗളിംഗ് പരിശീലനകനായി മുഷ്‌താഖ്‌ അഹമ്മദിനെയും നിയമിച്ചത്.

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി വഖാർ യൂനിസ് ടീമിനൊപ്പം ഉണ്ട്. ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് കളിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 5ന് പരമ്പര തുടങ്ങുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് ബാധയുടെ അടിസ്ഥാനത്തിൽ മത്സരം തുടങ്ങുന്ന തിയ്യതികളിൽ മാറ്റം ഉണ്ടായേക്കാം.

പാകിസ്ഥാന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് യൂനിസ് ഖാൻ. മുഷ്‌താഖ്‌ അഹമ്മദ് 52 ടെസ്റ്റ് മത്സരങ്ങളും 144 ഏകദിന മത്സരങ്ങളും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.

“ആഷസിനേക്കാൾ വലുതാണ് ഇന്ത്യ – പാകിസ്ഥാൻ പരമ്പര”

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയെക്കാൾ വലുതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. ഇന്ത്യ – പാകിസ്ഥാൻ പരമ്പര ഉടൻ പുനരാരംഭിക്കണമെന്നും ഇത് രണ്ട് രാജ്യങ്ങളെയും ഒന്നിപ്പിക്കുമെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുന്ന കാര്യത്തിൽ ഐ.സി.സി ഇടപെടണമെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ ആവശ്യപ്പെട്ടു. സാമ്പത്തികമായും ഈ പരമ്പര രണ്ട് ക്രിക്കറ്റ് ബോർഡുകൾക്കും മികച്ചതാണെന്നും അത് കൊണ്ട് ഉടൻ തന്നെ പരമ്പര പുനരാരംഭിക്കണമെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ ആവശ്യപ്പെട്ടു.

വിജയവും പരാജയവും ഒരു മത്സരത്തിന്റെ ഭാഗമാണെന്നും ക്രിക്കറ്റ് ഒരു യുദ്ധമല്ലെന്നും അത് കൊണ്ട് ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളിക്കുന്നത് പുനരാംഭിക്കണമെന്നും സഖ്‌ലൈൻ മുഷ്‌താഖ്‌ ആവശ്യപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

“പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ബുദ്ധിശൂന്യൻ”

പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ബുദ്ധിശൂന്യനെപോലെയാണ് ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മത്സരത്തിൽ പെരുമാറിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച സർഫറാസിന്റെ നടപടിയാണ് മുൻ ഫാസ്റ്റ് ബൗളറായ ഷൊഹൈബ് അക്തറിനെ ചൊടിപ്പിച്ചത്.

2017 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ത്യ ആവർത്തിച്ച അതെ തെറ്റ് പാകിസ്ഥാൻ ഇത്തവണ അവർത്തിക്കുകയായിരുന്നെന്നും അക്തർ പറഞ്ഞു. പാകിസ്ഥാന് മത്സരം ചേസ് ചെയ്യാനുള്ള കഴിവ് ഇല്ലെന്നും പാകിസ്ഥാന്റെ ശക്തി ബൗളിംഗ് ആണെന്ന് സർഫറാസ് എന്ത് കൊണ്ട് മനസ്സിലാക്കിയില്ലെന്നും അക്തർ ചോദിച്ചു. ടോസ് വിജയിച്ചപ്പോൾ തന്നെ പാകിസ്ഥാൻ മത്സരം പകുതി ജയിച്ചിരുന്നുവെന്നും എന്നാൽ സർഫറാസ് മത്സരം തോൽക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മുൻ ഫാസ്റ്റ് ബൗളർ ആരോപിച്ചു.

ആദ്യം ബാറ്റ് ചെയ്ത് 260 റൺസ് പാകിസ്ഥാൻ നേടിയാൽപോലും അത് പ്രതിരോധിക്കാൻ പാകിസ്ഥാൻ ബൗളർമാർക്ക് കഴിയുമായിരുന്നെന്നും അക്തർ പറഞ്ഞു. വളരെദുഃഖിപ്പിക്കുന്നതും നിരാശയുളവാക്കുന്നതുമായ പ്രകടനമാണ് സർഫറാസ് നടത്തിയതെന്നും അക്തർ പറഞ്ഞു.  ഫാസ്റ്റ് ബൗളർ ഹസൻ അലിയെയും അക്തർ നിശിതമായി വിമർശിച്ചു.  മത്സരത്തിൽ 9 ഓവറിൽ ഹസൻ അലി 84 റൺസ് വഴങ്ങിയിരുന്നു.

മത്സരത്തിനിടെ ഗുരുതര പരിക്കിൽ നിന്ന് രക്ഷപെട്ട് പാകിസ്ഥാൻ താരം ഇമാമുൽ ഹഖ്

ഇംഗ്ലണ്ടുമായുള്ള പാക്കിസ്ഥാന്റെ ഏകദിന മത്സരത്തിനിടെ പാകിസ്ഥാൻ താരം താരം ഇമാമുൽ ഹഖിന് പരിക്ക്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളർ മാർക്ക് വുഡിന്റെ പന്ത് കയ്യിൽ തട്ടിയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് മത്സരത്തിൽ നിന്ന് താരം റിട്ടയർ ചെയ്യുകയും ചെയ്തു. ലോകകപ്പ് ടീമിൽ ഇടം നേടിയ ഇമാമുൽ ഹഖിന്റെ പരിക്ക് ആദ്യം ഗുരുതരമാണെന്ന് തോന്നിയെങ്കിലും താരത്തിന് ഗുരുതരമായ പരിക്കുകളില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡിന്റെ പന്ത് പുൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. 143 കിലോമീറ്റർ വേഗത്തിലുള്ള പന്താണ് താരത്തിന്റെ ശരീരത്തിൽ കൊണ്ടത്. താരത്തിന്റെ ഇടത് കൈ മുട്ടിനാണ് പരിക്കേറ്റത്. തുടർന്ന് റിട്ടയർ ചെയ്ത താരം ഹോസ്പിറ്റലിൽ പോയതിന് ശേഷം വീണ്ടും ബാറ്റ് ചെയ്യാൻ ഇറങ്ങുകയും ചെയ്തു.

Exit mobile version