സെമിയില്‍ അശ്വിനി – സാത്വിക് കൂട്ടുകെട്ടിനും പരാജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യയുടെ അവസാന പ്രാതിനിധ്യമായ മിക്സഡ് ഡബിള്‍സ് ജോഡിയ്ക്കും പരാജയം. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി.

ആദ്യ രണ്ട് ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ മൂന്നാം ഗെയിമില്‍ തായ്‍ലാന്‍ഡിന്റെ ജോഡികളോട് ഇന്ത്യന്‍ സഖ്യം നിറം മങ്ങിയ പ്രകടനം ആണ് പുറത്തെെടുത്തത്. 59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 20-22, 21-18, 12-21.

ഒരു വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ടാണ് ഇവര്‍.

സെമി ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, സിന്ധുവിനും സമീര്‍ വര്‍മ്മയ്ക്കും ക്വാര്‍ട്ടറില്‍ പരാജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിന് പരാജയം. ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് നേരിട്ടുള്ള ഗെയിമില്‍ 18-21,18-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

വനിത സിംഗിള്‍സില്‍ പിവി സിന്ധുവും പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍ മുട്ടുമടക്കി. സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തില്‍ 81 മിനുട്ട് നീണ്ട മത്സരത്തില്‍ അത്യന്തം ആവേശകരമായ പോരാട്ടം കാഴ്ചവെച്ചാണ് കീഴടങ്ങിയത്. സ്കോര്‍ 13-21, 21-19, 20-22 എന്ന സ്കോറിന് ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോടാണ് സമീര്‍ വര്‍മ്മയുടെ പരാജയം.

തായ്‍ലാന്‍ഡിന്റെ റാച്ചാനോക് ഇന്റാനോണിനോട് 13-21, 9-21 എന്ന സ്കോറിനാണ് സിന്ധുവിന്റെ പരാജയം.

വിജയം തുടര്‍ന്ന് സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മ. ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെയെ പരാജയപ്പെടുത്തുകയായിരുന്നു.

39 മിനുട്ട് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്ക് താരത്തിന് സമീറിന് യാതൊരുവിധത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

തായ്‍ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ജര്‍മ്മനിയുടെ ടീമിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. 56 മിനുട്ട് നീണ്ട മത്സരം 22-20, 14-21, 21-16 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു കൂട്ടുകെട്ടായ സുമീത് റെഡ്ഡി – സിക്കി റെഡ്ഡി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 14-21, 21-18, 13-21 എന്നിങ്ങനെയായിരുന്നു സ്കോര്‍.

പ്രണോയിയുടെ ഗംഭീര തിരിച്ചുവരവ്, ജൊനാഥന്‍ ക്രിസ്റ്റിയ്ക്കെതിരെ വിജയം

ആദ്യ ഗെയിം കൈവിട്ടുവെങ്കിലും ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ഇന്ത്യയുടെ എച്ച് എസ് പ്രണോയി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ 75 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരം കീഴടക്കിയത്. 18-21, 21-16, 23-21 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ വിജയം.

പുരുഷ ഡബിള്‍സില്‍ അര്‍ജ്ജുന്‍-ധ്രുവ് സഖ്യം ന്യൂസിലാണ്ട് ടീമിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി. 23-21, 21-17 എന്ന സ്കോറിനായിരുന്നു വിജയം. ഇന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ മനു അട്രി-സുമീത് റെഡ്ഡ കൂട്ടുകെട്ടിനെ കീഴടക്കി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും രണ്ടാം റൗണ്ടില്‍ കടന്നു. 22-20, 28-26 എന്നിങ്ങനെയായിരുന്നു സ്കോര്‍.

സീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സീ ജിയ ലീയെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ 2-1ന്റെ വിജയം ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ആദ്യ ഗെയിം 18-21ന് കൈവിട്ട സമീര്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം 27-25 എന്ന സ്കോറിനാണ് ഗെയിം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ സമീര്‍ രണ്ടാം ഗെയിമില്‍ 6-17ന് പിന്നിലായിരുന്നു. അവിടെ നിന്നാണ് താരം തിരിച്ചുവരവ് നടത്തിയത്.

മൂന്നാം ഗെയിമിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മത്സരം ആവേശകരമായി മുന്നേറി. എന്നാല്‍ 21-19 ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി. സ്കോര്‍: 18-21, 27-25, 21-19

അതേ സമയം വനിത സിംഗിള്‍സില്‍ തായ്‍ലാന്റിന്റെ റാച്ചാനോക് ഇന്റാനോമിനോട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍ നേരിട്ടുള്ള സെറ്റില്‍ പരാജയം ഏറ്റുവാങ്ങി. 32 മിനുട്ട് നീണ്ട മത്സരത്തില്‍ 17-21, 8-21 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി.

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍, സിന്ധുവിനും കിഡംബിയ്ക്കും ആദ്യ റൗണ്ട് വിജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയിച്ച് ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ഇന്ന് നടന്ന മത്സരങ്ങളില്‍ തായ്‍ലാന്‍ഡ് താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഇരു താരങ്ങളുടെയും വിജയം നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

സിന്ധു 21-17, 21-13 എന്ന സ്കോറിന് 43 മിനുട്ടില്‍ തായ്‍ലാന്‍ഡിന്റെ ബുസാനനെ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി തായ്‍ലാന്‍ഡ് താരം സിത്തിക്കോമിനെ 21-11, 21-11 എന്ന സ്കോറിന് 38 മിനുട്ടില്‍ പരാജയപ്പെടുത്തി.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ നിക്ലാസ്-അമേലിയ ജോഡിയെ പരാജയപ്പെടുത്തുകയായിരുന്നു. 40 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ വിജയം.

കഴിഞ്ഞാഴ്ച നടന്ന യോനക്സ് തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടുകളില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു.

Exit mobile version