200/7 എന്ന നിലയില്‍ ഇന്ത്യ മത്സരവും പരമ്പരയും ഉറപ്പിച്ച നിമിഷത്തിലാണ് ആദില്‍ റഷീദും മാര്‍ക്ക് വുഡുമായി ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പിലൂടെ സാം കറന് ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തിയ. അവസാന കടമ്പ കടത്തുവാന്‍ താരത്തിന് സാധിച്ചില്ലെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം താരം സ്വന്തമാക്കി.
ടീമിനെ ജയത്തിലേക്ക് നയിക്കാനാകാത്തതില്‍ ദുഃഖമുണ്ടെങ്കിലും താന്‍ കളിച്ച രീതിയില്‍ സന്തോഷമുണ്ടെന്നാണ് സാം കറന് വ്യക്തമാക്കിയത്. 83 പന്തില്‍ 9 ഫോറും 3 സിക്സും അടക്കമായിരുന്നു സാം കറന് പുറത്താകാതെ 95 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിനായി താന്‍ ഇത്തരമൊരു ഇന്നിംഗ്സ് കളിച്ചിട്ട് കുറച്ച് നാളായിരുന്നുവെന്നും അതിനാല്‍ തന്നെ ഇത് മികച്ചൊരു അനുഭവമായിരുന്നു, എന്നാല്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും സാം കറന് സൂചിപ്പിച്ചു.
കൂടുതല്‍ ബോളുകളും കളിച്ച് മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ നടരാജന് കാര്യങ്ങള്‍ എളുപ്പമല്ലാതാക്കിയെന്നും സാം പറഞ്ഞു. ഈ പിച്ചിന് സമാനമായ സാഹചര്യങ്ങളില്‍ ഐപിഎല്‍ കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്നും സാം കറന് വ്യക്തമാക്കി.