ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സായ് സുദർശനെ ഉൾപ്പെടുത്തണം എന്ന് രവി ശാസ്ത്രി


മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, മികച്ച ഫോമിലുള്ള ഐപിഎൽ താരം സായ് സുദർശനെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബിസിസിഐ സെലക്ടർമാരോട് അഭ്യർത്ഥിച്ചു. ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎൽ 2025ൽ 456 റൺസ് നേടിയ സുദർശൻ എല്ലാ ഫോർമാറ്റുകൾക്കും അനുയോജ്യനാണെന്നും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ശക്തമായ ടെക്നിക്കും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് അനുഭവവും പരിഗണിച്ച് ടീമിൽ എടുക്കണമെന്നും ശാസ്ത്രി വിശ്വസിക്കുന്നു.


“സുദർശൻ ഒരു മികച്ച കളിക്കാരനായി തോന്നുന്നു. നല്ല ടെക്നിക്കുള്ള ഇടംകയ്യൻ ബാറ്റ്സ്മാൻ എന്ന നിലയിൽ, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള എന്റെ പരിഗണനയിലുള്ള കളിക്കാരനാണ് അവൻ,” ഐസിസി റിവ്യൂവിൽ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.


ശ്രേയസ് അയ്യരും ഒരു സാധ്യതയാണെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, ടെസ്റ്റ് ടീമിലെ സ്ഥാനങ്ങൾക്കുള്ള മത്സരം കടുത്തതാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, അർഷദീപ് സിംഗ്, ഖലീൽ അഹമ്മദ് എന്നിവരെ സാധ്യതയുള്ള ഓപ്ഷനുകളായി ചൂണ്ടിക്കാട്ടി, ഒരു ഇടംകയ്യൻ പേസറെ ടീമിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജൂൺ 20ന് ഹെഡിംഗ്‌ലിയിൽ ആരംഭിക്കും. ഇത് പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെയും (2025-27) തുടക്കമാണ്.

അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യ 2007ലെ പോലെ യുവ നിരയെ തിരഞ്ഞെടുക്കുമെന്ന് കരുതുന്നു – രവി ശാസ്ത്രി

2007 ടി20 ലോകകപ്പ് പോലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഇന്ത്യ യുവ നിരയെയാവും അടുത്ത ടി20 ലോകകപ്പിൽ കളിപ്പിക്കുക എന്ന് പറഞ്ഞ് രവി ശാസ്ത്രി. 2024ൽ ആണ് അടുത്ത ടി20 ലോകകപ്പ്. ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി ഇന്ത്യ വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിന് ഇറങ്ങണമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും നായകന്‍ രോഹിത്താണെങ്കിലും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 2022 ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം രോഹിത് ഈ ഫോര്‍മാറ്റിൽ കളിച്ചിട്ടില്ല. അതിന് ശേഷം ഇന്ത്യ 8 ടി20 മത്സരങ്ങളിൽ കളിച്ചപ്പോള്‍ അതിൽ 5 എണ്ണത്തിൽ വിജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം ടൈയിൽ അവസാനിച്ചു.

2023 ഏകദിന ലോകകപ്പിന് ശേഷമുള്ള അടുത്ത രണ്ട് ലോകകപ്പുകള്‍ ടി20 ആണെന്നും ഇപ്പോള്‍ ഇന്ത്യയുടെ ടി20 സ്റ്റാന്‍ഡ്ബൈ ക്യാപ്റ്റനായ ഹാര്‍ദ്ദിക് ടീമിനെ നയിക്കുമെന്നും ആ ടൂര്‍ണ്ണമെന്റുകളിൽ യുവനിരയെ ആവും ഇന്ത്യ അയയ്ക്കുക എന്നും ശാസ്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പുള്ള സ്ക്വാഡ് സ്ട്രെംഗ്ത്ത് മുംബൈയ്ക്കില്ല, അത് രോഹിത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് – രവി ശാസ്ത്രി

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വിനയായത് അവരുടെ പഴയ റിസോഴ്സുകളുടെ സേവനം ലഭ്യമല്ലെന്നതാണെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നുണ്ടെന്നത് സത്യമാണെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് രോഹിത്തിന് ക്യാപ്റ്റന്‍സ് എളുപ്പമായിരുന്നുവെങ്കിൽ ഇന്ന് അതല്ല സ്ഥിതിയെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.

മുംബൈയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ കോര്‍ സംഘത്തെ നഷ്ടമായ ശേഷം കാര്യങ്ങള്‍ പഴയ പോലെയല്ലെന്ന സൂചനയാണ് രവി ശാസ്ത്രി വന്നത്. ലസിത് മലിംഗയുടെയും കീറൺ പൊള്ളാര്‍ഡിന്റെ റിട്ടയര്‍മെന്റും പുതിയ രണ്ട് ടീമുകള്‍ വന്നതോടെ ഹാര്‍ദ്ദിക്കിനെയും ക്രുണാലിനെയും നഷ്ടമായതും ജസ്പ്രീത് ബുംറയുടെ പരിക്കും കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രയാസമാക്കുയാണ്.

ഇതിനൊപ്പം രോഹിത്തിന്റെ മോശം ഫോം കൂടി വന്നപ്പോള്‍ പഴയ പ്രതാപ കാലത്തിന്റെ ഏഴയയലത്ത് മുംബൈയ്ക്ക് എത്തുവാനാകുന്നില്ല.

ഐപിഎലിലെ പ്രകടനം ആണ് രഹാനെയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമിൽ ഇടം നൽകിയതെന്ന് കരുതുന്നവര്‍ മൂഢന്മാര്‍ – രവി ശാസ്ത്രി

2-3 ഐപിഎൽ മത്സരങ്ങളുടെ പ്രകടനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ടീമിൽ അജിങ്ക്യ രഹാനെയ്ക്ക് ഇടം ലഭിച്ചതെന്ന് കരുതുന്നവര്‍ മൂഡന്മാരാണെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഈ പറയുന്നവര്‍ കഴിഞ്ഞ ആറ് മാസം അജിങ്ക്യ രഹാനെയുടെ ഫസ്റ്റ് ക്ലാസ് സീസൺ നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നുവെന്ന് പറയേണ്ടി വരുമന്നും രവി ശാസ്ത്രി വ്യക്തമാക്കി.

600ലധികം റൺസാണ് അജിങ്ക്യ രഹാനെ ഫസ്റ്റ് ക്ലാസ് സീസണിൽ നേടിയത്. മുംബൈയ്ക്ക് അത്ര മികച്ച രഞ്ജി ട്രോഫി സീസണായിരുന്നില്ലെങ്കിലും മികച്ച പ്രകടനം ആണ് രഹാനെ നടത്തിയത്.

ഇന്ത്യന്‍ പേസര്‍മാര്‍ എന്‍സിഎയിൽ റസിഡന്റ് പെര്‍മിറ്റ് എടുക്കുന്ന അവസ്ഥ – രവി ശാസ്ത്രി

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് അടിക്കടി പരിക്കേൽക്കുന്നത് ആശങ്കയുള്ള കാര്യമാണെന്ന് പറ‍ഞ്ഞ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞ് തിരികെ വരുമ്പോള്‍ പരിക്കേൽക്കുവാനാണെങ്കിൽ നിങ്ങള്‍ എന്‍സിഎയിൽ പോകുന്നത് എന്തിനാണെന്നും ബൗളര്‍മാരെ നിശിതമായി വിമര്‍ശിച്ച് രവി ശാസ്ത്രി ആരാഞ്ഞു.

ദീപക് ചഹാറിന്റെ പരിക്ക് ആണ് ഇത്തരത്തിലൊരു പരമാര്‍ശം നടത്തുവാന്‍ ശാസ്ത്രിയെ പ്രേരിപ്പിച്ചിരിക്കുന്നത്. മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ ഒരു ഓവര്‍ എറിഞ്ഞ ശേഷം ഹാംസ്ട്രിംഗ് പരിക്കുമായി താരം മടങ്ങുകയായിരുന്നു.

കഴി‍ഞ്ഞ ഏതാനും മാസമായി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മൊഹിസിന്‍ ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്.

ഞാനാണ് കോച്ചെങ്കിൽ ഓസ്ട്രേലിയയെ 4-0ന് തോല്പിക്കുവാനുള്ള പിച്ചൊരുക്കുവാന്‍ ശ്രമിക്കും – രവി ശാസ്ത്രി

കോച്ചായിരുന്നുവെങ്കിൽ ഓസ്ട്രേലിയയെ 4-0ന് പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുക എന്നതാകും തന്റെ ലക്ഷ്യം എന്ന് പറഞ്ഞ് രവി ശാസ്ത്രി. താന്‍ അതിന് വേണ്ടി പിച്ച് ഒരുക്കുവാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.

ആദ്യ സെഷനിൽ തന്നെ ലെഗ് സ്റ്റംപിൽ പിച്ച് ചെയ്യുന്ന പന്ത് ഓഫ് സ്റ്റംപിൽ കൊള്ളുന്ന തരത്തിലുള്ള പിച്ചാവും താന്‍ ആവശ്യപ്പെടുകയെന്നും രവി ശാസ്ത്രി പറഞ്ഞു. നാഗ്പൂരിൽ ഇന്ത്യ ഒരുക്കുന്ന പിച്ചിനെക്കുറിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങളിൽ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സൂര്യകുമാര്‍ യാദവ് ഡിവില്ലിയേഴ്സിന് സമം – രവി ശാസ്ത്രി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍ ആണ് സൂര്യകുമാര്‍ യാദവ് എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന എബി ഡി വില്ലിയേഴ്സിന് സമമാണ് ഇന്ത്യന്‍ താരം എന്നും രവി ശാസ്ത്രി കൂട്ടിചേര്‍ത്തു.

എബി ഡി വില്ലിയേഴ്സ് തന്റെ സ്പെഷ്യൽ ഇന്നിംഗ്സ് കളിക്കുമ്പോള്‍ എതിരാളികള്‍ നിഷ്പ്രഭമാകുന്നതിന് സമാനമായ കാര്യമാണ് സൂര്യകുമാര്‍ യാദവ് ഫോമിൽ ആയാൽ സംഭവിക്കുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

അടുത്തിടെയായി മികച്ച ഫോമിൽ കളിക്കുന്ന സ്കൈ ഇന്നലെ ന്യൂസിലാണ്ടിനെതിരെ മഴ കാരണം ഉപേക്ഷിച്ച മത്സരത്തിൽ 25 പന്തിൽ നിന്ന് 34 റൺസാണ് നേടിയത്. 2022ൽ മാത്രം സൂര്യകുമാര്‍ യാദവ് ടി20 അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് ആയിരം റൺസ് തികച്ചിരുന്നു.

ഇന്ത്യന്‍ ടീം സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് പോകേണ്ട സമയം ആയി – രവി ശാസ്ത്രി

രോഹിത് ശര്‍മ്മയുടെ വര്‍ക്ക് ലോഡ് കുറയ്ക്കുന്നതിനായി ടി20യിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പരിഗണിക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. നാളെ ന്യൂസിലാണ്ടിനെതിരെ ആരംഭിയ്ക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയെ ഹാര്‍ദ്ദിക് ആണ് നയിക്കുന്നത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് തോൽവിയ്ക്ക് ശേഷം രോഹിത്തിന് പകരം ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മൂന്ന് ഫോര്‍മാറ്റിലും രോഹിത് നയിക്കുന്നതിന് പകരം ടി20യിൽ യുവ ക്യാപ്റ്റന്‍ വരുന്നതിൽ തെറ്റില്ലെന്നാണ് രവി ശാസ്ത്രി പറയുന്നത്.

ടി20 ഫോര്‍മാറ്റിൽ പുതിയൊരു ക്യാപ്റ്റന്‍ വരുന്നതിൽ യാതൊരുവിധ തെറ്റുമില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് അയര്‍ലണ്ടിലും ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നു.

“ഈ ഇന്ത്യൻ ടീമിൽ യുവത്വം ഇല്ല” ഫീൽഡിംഗിൽ അവസാന 5-6 വർഷത്തിലെ ഏറ്റവും മോശം പ്രകടനം എന്ന് രവി ശാസ്ത്രി

ഇന്ത്യൻ ടീമിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. അവസാന വർഷങ്ങളായി എല്ലാ മുൻനിര ഇന്ത്യൻ ടീമുകളെയും നോക്കുകയാണെങ്കിൽ, യുവത്വവും അനുഭവപരിചയവും ആ ടീമുകളിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ടീമിൽ യുവത്വം കാണാൻ ആകുന്നില്ല. ഫീൽഡിൽ ഇത് തുറന്നുകാട്ടപ്പെടുന്നു. രവി ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച്-ആറ് വർഷത്തെ ടീമെടുത്താൽ ഫീൽഡിങിന്റെ കാര്യത്തിലെ ഏറ്റവും മോശം ടീമാകും ഇത്. മറ്റു ടീമുകൾക്ക് ഒപ്പം നിൽക്കാൻ ഈ ടീമുനാകില്ല. വലിയ ടൂർണമെന്റുകളിൽ ഈ ഫീൽഡിലെ പ്രകടനം മോശമായി ബാധിക്കും. സ്റ്റാർ സ്പോർട്സിൽ രവി ശാസ്ത്രി പറഞ്ഞു.

ഫീൽഡ് മോശം ആയത് കൊണ്ട് എല്ലാ കലീയിലും 15-20 റൺസ് അധികം എടുക്കേണ്ടി വരും. ജഡേജ ഇല്ല എന്നത് വലിയ അഭാവമാണ് ഫീൽഡിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കോഹ്ലി ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ ഒരു ഫിഫ്റ്റി അടിച്ചാൽ തന്നെ എല്ലാവരും വായടക്കും” – രവി ശാസ്ത്രി

ഏഷ്യാ കപ്പിൽ വിരാട് കോഹ്ലി തന്റെ മികവിലേക്ക് തിരികെയെത്തും എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കോഹ്ലി എടുത്ത ഇടവേള അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് രവി ശാസ്ത്രി പറയുന്നു.

വലിയ കളിക്കാർ തക്കസമയത്ത് ഉണരും. അവർക്ക് ഒരു ഇടവേള ആവശ്യമാണ്; മാനസികമായ ഒരു ക്ഷീണം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ വരെ എത്തും. മോശം അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു കളിക്കാരൻ പോലും ഇല്ലം രവി ശാസ്ത്രി പറയുന്നു.

“കോഹ്ലി ഒരു ശാന്തമായ മനസ്സോടെ മടങ്ങിവരും, ആദ്യ ഗെയിമിൽ തന്നെ കോഹ്ലിക്ക് ഫിഫ്റ്റി നേടാൻ ആയ, ബാക്കിയുള്ളവർ വായ അടക്കും” രവി ശാസ്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ സംഭവിച്ചത് ചരിത്രമാണ്. പൊതു ജനം കാര്യങ്ങൾ പെട്ടെന്ന് മറക്കും. ഒരു കളി നന്നായി കളിച്ചാൽ അവർ കോഹ്ലിക്ക് പിന്തുണയുമായി ഉണ്ടാകും എന്നും രവി ശാസ്ത്രി പറഞ്ഞു.

ഉമ്രാന്‍ മാലികിനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ആയിട്ടില്ല – രവി ശാസ്ത്രി

പേസ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ സംഘത്തിൽ ഇടം ലഭിച്ചിട്ടുണ്ട്. താരത്തിന് ആദ്യ മത്സരത്തിൽ അവസരം ലഭിയ്ക്കാതെ പോയപ്പോള്‍ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് അവസരം ലഭിയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ട കാര്യം ആണ്.

എന്നാൽ താരത്തിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. താരത്തിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ഇപ്പോള്‍ ലോകകപ്പ് പോലുള്ള വലിയ പ്ലാറ്റ്ഫോമിലേക്ക് താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

താരത്തെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും ആദ്യം ഏകദിനങ്ങളിലും പിന്നെ റെഡ് ബോള്‍ ക്രിക്കറ്റിലും കളിക്കുവാന്‍ അവസരം കൊടുത്ത് താരത്തെ ഗ്രൂം ചെയ്ത് കൊണ്ട് വരികയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.

 

ഫിറ്റാണെങ്കിൽ വാഷിംഗ്ടൺ സുന്ദർ ലോകകപ്പ് ടീമിലുണ്ടാവണം – രവി ശാസ്ത്രി

പരിക്കെല്ലാം മാറി വാഷിംഗ്ടൺ സുന്ദർ ഫിറ്റാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരത്തിന് ഇടം നൽകണമെന്ന് പറഞ്ഞ് രവി ശാസ്ത്രി. താരത്തിനെ പവര്‍പ്ലേയിൽ ഉപയോഗിക്കാം എന്നതും ബാറ്റിംഗ് സംഭാവനയും പരിഗണിക്കുമ്പോള്‍ താരം ലോകകപ്പ് ടീമിലേക്കുള്ള കരുത്തനായ സ്ഥാനാര്‍ത്ഥിയാകും എന്നും രവി ശാസ്ത്രി വ്യക്തമാക്കി.

യൂസുവേന്ദ്ര ചഹാലിനൊപ്പം ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പട്ടിക തികയ്ക്കുവാന്‍ ഏറ്റവും അനുയോജ്യന്‍ വാഷിംഗ്ടൺ സുന്ദർ ആണെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു. ഐപിഎലിനിടെ ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും പരിക്ക് വില്ലനായി മാറുകയായിരുന്നു.

Exit mobile version