“മുംബൈ ഇന്ത്യൻസിനെതിരായ പ്രകടനം ഇതുവരെ കളിച്ച ഇന്നിങ്‌സുകളിൽ ഏറ്റവും മികച്ചത് “

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ താൻ പുറത്തെടുത്ത പ്രകടനം ഇതുവരെയുള്ള തന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ചതാണെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് താരം റിതുരാജ് ഗെയ്ക്‌വാദ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തകർച്ചയെ നേരിടുന്ന സമയത്ത് പുറത്താവാതെ 55 പന്തിൽ 88 റൺസ് എടുത്ത റിതുരാജിന്റെ പ്രകടനം ചെന്നൈക്ക് ജയം നേടി കൊടുത്തിരുന്നു.

തുടർന്നാണ് ഈ പ്രകടനം തന്റെ ക്രിക്കറ്റ് ജീവിതത്തിൻറെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണെന്ന് ഋതുരാജ് പറഞ്ഞു. ഐ.പി.എല്ലിന് മുൻപ് നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം തനിക്ക് ഐ.പി.എല്ലിന് ഒരുങ്ങാൻ ഒരുപാട് സഹായിച്ചെന്നും റിതുരാജ് പറഞ്ഞു. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് 20 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ഓറഞ്ച് ക്യാപ്പ് ധരിക്കുവാനായതില്‍ സന്തോഷം, പക്ഷേ മത്സരം വിജയിക്കുകയാണ് കൂടുതല്‍ പ്രാധാന്യമുള്ള കാര്യം

ഐപിഎലില്‍ ശിഖര്‍ ധവാനില്‍ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസി. ഇന്നലെ ചെന്നൈയ്ക്ക് വേണ്ടി 38 പന്തില്‍ 56 റണ്‍സ് നേടിയ ഫാഫ് ശിഖര്‍ ധവാനെക്കാള്‍ വെറും 5 റണ്‍സിനാണ് മുന്നില്‍. ഫാഫിന് 270 റണ്‍സും ശിഖര്‍ ധവാന്‍ 265 റണ്‍സുമാണ് നേടിയിട്ടുള്ളത്.

ഓറഞ്ച് ക്യാപ് ധരിക്കാനായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ടീം വിജയിക്കുകയെന്നാണ് കൂടുതല്‍ പ്രാധാന്യമുള്ള കാര്യമെന്നും ഓറഞ്ച് ക്യാപ്പ് ഉടമ വ്യക്തമാക്കി. താനും റുതുരാജും കൂടിയുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് വളരെ പ്രൊഡക്ടീവായിരുന്നുവെന്നും ഫാഫ് ഡു പ്ലെസി അഭിപ്രായപ്പെട്ടു.

ടി20 ക്രിക്കറ്റില്‍ ചെന്നൈ പോലുള്ള ഒരു ബാറ്റിംഗ് ലൈനപ്പ് വെച്ച് മികച്ച തുടക്കം നല്‍കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചാല്‍ തന്നെ അത് ശുഭ സൂചനയാണെന്ന് ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

തന്റെ ഐപിഎലിലെ ഉയര്‍ന്ന സ്കോര്‍ നേടുവാനായതില്‍ സന്തോഷം, എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമമുണ്ട് – റുതുരാജ് ഗായക്വാഡ്

ഐപിഎലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി 44 പന്തില്‍ 75 റണ്‍സ് നേടിയ റുതുരാജ് ഗായക്വാഡാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഐപിഎലില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയിരുന്നു ഇന്നലെ താരം നേടിയത്.

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് റുതുരാജ് വ്യക്തമാക്കി.

ഈ പിച്ചില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പ്രയാസമായിരുന്നുവെന്നാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ഗ്യാപ്പില്‍ അടിക്കുകയും ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി കണ്ടെത്തുക എന്ന ലളിതമായ കാര്യമാണ് താന്‍ ചെയ്തതെന്നും റുതുരാജ് പറഞ്ഞു.

ഏത് ബൗളര്‍മാരാണ് പിച്ചില്‍ മികച്ച നില്‍ക്കുന്നതെന്നും അല്ലാത്തതെന്നും മനസ്സിലാക്കി മോശം ദിവസമുള്ള ബൗളര്‍മാര്‍ക്കെതിരെ സ്കോറിംഗ് അവസരം സൃഷ്ടിക്കുകയാണ് താന്‍ ചെയ്തതെന്നും റുതുരാജ് വ്യക്തമാക്കി.

ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം

അനായാസ ജയത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പത്ത് വിക്കറ്റ് ജയമെന്ന ചെന്നൈയുടെ മോഹം നടന്നില്ലെങ്കിലും 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു.

78 പന്തില്‍ 129 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ റുതുരാജ് ഗായ്ക്വാഡും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് നേടിയത്. 44 പന്തില്‍ 75 റണ്‍സ് നേടിയ റുതുരാജിന്റെ വിക്കറ്റ് റഷീദ് ഖാന്‍ ആണ് നേടിയത്. തന്റെ അവസാന ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്‍ മോയിന്‍ അലിയെയും(15) ഫാഫ് ഡു പ്ലെസിയെയും മടക്കിയതോടെ ചെന്നൈ 148/3 എന്ന നിലയിലേക്ക് വീണു.

ഫാഫ് 38 പന്തില്‍ 56 റണ്‍സാണ് നേടിയത്. അവശേഷിക്കുന്ന റണ്‍സ് സുരേഷ് റെയ്നയും(17*) രവീന്ദ്ര ജഡേജയും(7*) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് നേടിയത്.

ഫോമിലേക്ക് മടങ്ങിയെത്തി റുതുരാജ് ഗായ്ക്വാഡ്, ശതകം പൂര്‍ത്തിയാക്കാനാകാതെ ഫാഫ് ഡുപ്ലെസി, കൂറ്റന്‍ സ്കോര്‍ നേടി ധോണിപ്പട

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിയുടെയും റുതുരാജ് ഗായക്വാഡിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് 12.2 ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടി നേടിയത്.

42 പന്തില്‍ 64 റണ്‍സ് നേടിയ റുതുരാജിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. റുതുരാജിന് പകരം എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ 50 റണ്‍സാണ് ഫാഫിനോടൊപ്പം ഈ കൂട്ടുകെട്ട് നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ മോയിന്‍ അലി സുനില്‍ നരൈന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

Fafduplessis

ധോണി 8 പന്തില്‍ 17 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലിന്റെ മത്സരത്തിലെ ആദ്യ വിക്കറ്റായി. പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ഫാഫ് ഡുപ്ലെസി രണ്ട് സിക്സ് നേടിയെങ്കിലും തന്റെ ശതകത്തിന് അഞ്ച് റണ്‍സ് അകലെ വരെ താരത്തിന് എത്താനായുള്ളു. ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച പന്ത് ബൗണ്ടറിയില്‍ നിതീഷ് റാണ് ഡ്രോപ് ചെയ്തപ്പോള്‍ സിക്സ് വരികയും ഓവറില്‍ 19 റണ്‍സ് പിറക്കുകയും ചെയ്തു. ഇതോടെ ചെന്നൈയുടെ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സായി.

ഫാഫ് ഡു പ്ലെസി 60 പന്തില്‍ 95 റണ്‍സ് നേടി. കൊല്‍ക്കത്ത ബൗളര്‍മാരില്‍ 27 റണ്‍സ് മാത്രം വിട്ട് നല്‍കി തന്റെ നാലോവര്‍ സ്പെല്ലില്‍ 1 വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 34 റണ്‍സ് വിട്ട് നല്‍കി സുനില്‍ നരൈന്‍ ഒരു വിക്കറ്റ് നേടി.

താരങ്ങള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കുക ചെന്നൈയുടെ നയം, റുതുരാജിന് പിന്തുണയുമായി സ്റ്റീഫന്‍ ഫ്ലെമിംഗ്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ടീമിലേക്ക് എത്തിയ റുതുരാജ് ആയിരുന്നു ചെന്നൈയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍. ആ പ്രകടനത്തിന്റെ ബലത്തില്‍ ചെന്നൈ ഓപ്പണിംഗ് തന്നെ ഇത്തവണയും താരത്തിന് നല്‍കിയെങ്കിലും ഇതുവരെയുള്ള മത്സരങ്ങളില്‍ റുതുരാജ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.

ഇന്നലെ രാജസ്ഥാനെതിരെ 10 റണ്‍സ് നേടി പുറത്തായ താരം ഡല്‍ഹിയ്ക്കെതിരെ ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സും പഞ്ചാബിനെതിരെയും അതേ സ്കോറാണ് നേടിയത്. മൂന്ന് മത്സരങ്ങളിലെ പരാജയത്തിന് ശേഷം താരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

എന്നാല്‍ താരത്തിന് പിന്തുണയുമായി ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തി. താരത്തിന് ഐപിഎല്‍ 13ാം സീസണിലെ പ്രകടനത്തിന്റെ ബലത്തിലാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും അന്ന് താരം തന്റെ കഴിവ് തെളിയിച്ചതാണെന്നും ചെന്നൈ തങ്ങളുടെ താരങ്ങള്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കുന്ന ശീലമുള്ള ഫ്രാഞ്ചൈസിയാണെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു.

ചെന്നൈ താരത്തിനെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും റോബിന്‍ ഉത്തപ്പ പകരക്കാരന്‍ ഓപ്പണറായി ഉണ്ടെന്നിരിക്കവേ തന്നെ റുതുരാജിന് ഇനിയും അവസരം ലഭിയ്ക്കുമെന്ന് ഫ്ലെമിംഗ് പറഞ്ഞു. ടീം മികച്ചൊരു യുവതാരത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അതിന്റെ ഗുണം തീര്‍ച്ചയായും ലഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകവുമായി റുതുരാജ് ഗായ്ക്വാഡ്, കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചീട്ട് കീറി ചെന്നൈ സൂപ്പര്‍ കിംഗ്സ്

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ദീപക് ഹൂഡ ബാറ്റിംഗില്‍ നല്‍കിയ നേരിയ പ്രതീക്ഷ കാത്ത് സൂക്ഷിക്കുവാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത് പോയി. 18.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയം പിടിച്ചെടുത്തപ്പോള്‍ റുതുരാജ് ഗായ്ക്വാഡ് തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം നേടി ചെന്നൈയുടെ ഈ സീസണിലെ കണ്ടെത്തലായി മാറി.

9.5 ഓവറില്‍ 82 റണ്‍സാണ് ചെന്നൈയുടെ ഓപ്പണര്‍മാര്‍ നേടിയത്. ക്രിസ് ജോര്‍ദ്ദന്‍ 48 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ക്യാപ്റ്റനും കീപ്പറുമായ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ചെന്നൈയുെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനം കുറിയ്ക്കുകയായിരുന്നു. കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായ ഫാഫ് 34 പന്തില്‍ നിന്നാണ് 48 റണ്‍സ് നേടിയത്.

ഫാഫ് പുറത്തായ ശേഷം ക്രീസിലെത്തിയ റായിഡുവുമായി ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. മത്സരം അവസാന ആറോവറില്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 38 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ റുതുരാജ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തന്റെ അര്‍ദ്ധ ശതകം നേടി.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സാണ് നേടിയത്. 49 പന്തില്‍ നിന്ന് ഗായക്വാഡ് 62 റണ്‍സും അമ്പാട്ടി റായിഡു 27 പന്തില്‍ നിന്ന് 27 റണ്‍സും നേടി ചെന്നൈയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റായിഡുവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് ചെന്നൈയുടെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. അവസാന രണ്ടോവറില്‍ 30 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് നേടാനായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 10 റണ്‍സായി മാറി.

കമലേഷ് നാഗര്‍കോടി എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ അവസാന രണ്ട് പന്തുകളില്‍ നിന്ന് രണ്ട് സിക്സര്‍ പറത്തി ചെന്നൈ വിജയം പിടിച്ചെടുത്തു. 11 പന്തില്‍ 31 റണ്‍സ് നേടിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ റുതുരാജ് ഗായ്ക്വാഡും 20 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമ്പാട്ടി റായിഡുവും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

44 റണ്‍സാണ് പവര്‍പ്ലേയില്‍ ചെന്നൈ നേടിയത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടിയ ശേഷം വരുണ്‍ ചക്രവര്‍ത്തി ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു. 14 റണ്‍സ് നേടിയ വാട്സണെയാണ് വരുണ്‍ പുറത്താക്കിയത്.

പിന്നീട് ഗായക്വാഡിന് കൂട്ടായി എത്തിയ അമ്പാട്ടി റായിഡുവും അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ ചെന്നൈ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. പത്തോവറില്‍ 74 റണ്‍സിലേക്ക് ചെന്നൈയെ ഈ കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് ഇതിനെടെ റുതുരാജ് ഗായക്വാഡ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

68 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മത്സരം കൊല്‍ക്കത്തയുടെ പക്കലില്‍ നിന്ന് ചെന്നൈ തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പാറ്റ് കമ്മിന്‍സ് അമ്പാട്ടി റായിഡുവിനെ പുറത്താക്കി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 20 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന.

അടുത്ത ഓവറില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോടെ ചെന്നൈയുടെ താളം തെറ്റിത്തുടങ്ങുകയായിരുന്നു. അതേ ഓവറില്‍ സാം കറന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച് വരുണ്‍ കൈവിട്ടപ്പോള്‍ ചെന്നൈ ക്യാമ്പില്‍ അത് ആശ്വാസമായി.

അവസാന നാലോവറില്‍ 45 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറില്‍ റുതുരാജിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. 30 റണ്‍സായിരുന്നു അവസാന രണ്ടോവറില്‍ ചെന്നൈ നേടേണ്ടിയിരുന്നത്.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ ഒരു ബീമര്‍ വന്നതും അതില്‍ നിന്ന് സിക്സര്‍ ജഡേജ നേടിയതോടെ ഓവറില്‍ നിന്ന് 20 റണ്‍സ് വന്നതാണ് ചെന്നൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ അവസാന ഓവറില്‍ 10 റണ്‍സ് നേടുവാനിറങ്ങിയ ചെന്നൈയെ കമലേഷ് നാഗര്‍കോടി ‍ഞെട്ടിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ സിക്സര്‍ പറത്തി ജഡേജ കളി കൈക്കലാക്കി.

വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും 2 വീതം വിക്കറ്റ് നേടുകയായിരുന്നു.

രണ്ടാമതും നെഗറ്റീവ്, പരിശീലനത്തിന് മടങ്ങിയെത്തി റുതുരാജ് ഗായക്വാഡ്

ഐപിഎലിന്റെ ആരംഭത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ രണ്ട് താരങ്ങളാണ് കൊറോണ സ്ഥിരീകരിച്ച് ഐസോലേഷനിലേക്ക് പോയത്. ഇതില്‍ തന്നെ ദീപക് ചഹാര്‍ പിന്നീട് നെഗറ്റീവായി ടീമിന്റെ ആദ്യ മത്സരത്തില്‍ കളിച്ചുവെങ്കിലും റുതുരാജ് ഗായ്വാഡ് തന്റെ കാത്തിരിപ്പ് തുടരുകയായിരുന്നു.

ഒരു ടെസ്റ്റില്‍ നേരത്തെ നെഗറ്റീവായ താരം തന്റെ രണ്ടാം ടെസ്റ്റിലും നെഗറ്റീവായി മാറിയെന്നാണ് അറിയുന്നത്. താരം പരിശീലനത്തിനായി ടീമിനൊപ്പം ചേര്‍ന്നുവെന്നും വിവരം ലഭിയ്ക്കുന്നു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ താരം ടീമിലുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഉടനെ തന്നെ സുരേഷ് റെയ്‍നയ്ക്ക് പകരം ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരം ചെന്നൈയുടെ അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്.

ആദ്യമായി കോവിഡ് നെഗറ്റീവായി റുതുരാജ്, ഇനി കടക്കേണ്ടത് ഒരു കടമ്പ കൂടി

ആദ്യ ചെന്നൈ ക്യാമ്പില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച രണ്ട് താരങ്ങളില്‍ ഒരാളായിരുന്നു റുതുരാജ് ഗായ്ക്വാഡ്. ദീപക് ചഹാറിനോടൊപ്പം പോസിറ്റീവായ താരം പിന്നീട് നടത്തിയ ടെസ്റ്റിലും കോവിഡ് പോസിറ്റീവായി നിലകൊണ്ടപ്പോള്‍ ദീപക് ചഹാര്‍ നെഗറ്റീവ് ആകുകയും പിന്നീട് ടീമിനൊപ്പം ബയോ ബബിളില്‍ ചേരുകയും ചെയ്തു.

ഇപ്പോള്‍ റുതുരാജ് തന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവായി എന്നാണ് അറിയുന്നത്. താരം ഇനിയും ഒരു ടെസ്റ്റ് കൂടി കടക്കേണ്ടതുണ്ടെന്നാണ് അറിയുന്നത്. യാതൊരുവിധ ലക്ഷണങ്ങളും താരത്തിനില്ല. ഇപ്പോള്‍ ചെന്നൈയുടെ പരിശീലന ക്യാമ്പില്‍ ഇല്ലാത്ത ഏക താരം കൂടിയാണ് റുതുരാജ് സിംഗ്.

സുരേഷ് റെയ്‍നയ്ക്ക് ക്യാമ്പില്‍ നിന്ന് വിട്ടതോടെ ടീമില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് റുതുരാജ് ഗായ്ക്വാഡ്.

താന്‍ റുതുരാജുമായി എന്നും സംസാരിക്കുന്നുണ്ട്, താരത്തിന് പ്രശ്നങ്ങളൊന്നുമില്ല – ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

തന്റെ രണ്ടാം ടെസ്റ്റിലും കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരം റുതുരാജ് ഗായ്ക്വാഡ്. ഇതോടെ ചെന്നെ താരങ്ങളില്‍ കൊറോണ പോസിറ്റീവ് ആയ ഏക താരമായി മാറി റുതുരാജ്. നേരത്തെ ദീപക് ചഹാര്‍ തന്റെ പരിശോധനയില്‍ നെഗറ്റീവായി മാറിയ ശേഷം ടീമിനൊപ്പം ബയോ ബബിളില്‍ ചേര്‍ന്നിരുന്നു.

താന്‍ റുതുരാജുമായി എന്നും സംസാരിക്കുന്നുണ്ടെന്നാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥ് വ്യക്തമാക്കിയത്. താരത്തിന് വേറെ ഒരു പ്രശ്നവുമില്ലെന്നും യാതൊരുവിധ രോഗലക്ഷണങ്ങളുമില്ലാത്ത താരം ആരോഗ്യവാനായി തുടരുകയാണെന്നും കാശി വിശ്വനാഥ് വ്യക്തമാക്കി. എല്ലാ വ്യക്തികളിലും സുഖം പ്രാപിക്കുവാന്‍ എടുക്കുന്ന സമയം ഒന്നല്ല എന്നതാണ് മനസ്സിലാക്കേണ്ടതെന്നും കാശി സൂചിപ്പിച്ചു.

താരം കൊറോണ നെഗറ്റീവ് ആയ ശേഷം കാര്‍ഡിയോവാസ്കുലര്‍ ടെസ്റ്റുകള്‍ കൂടി പാസ്സായ ശേഷം മാത്രമാകും ടീമിനൊപ്പം ചേരുകയെന്നും ചെന്നൈ സിഇഒ വ്യക്തമാക്കി. സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും മടങ്ങിയ ചെന്നൈ ക്യാമ്പില്‍ 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ലക്ഷണങ്ങളില്ലെങ്കിലും റുതുരാജ് വീണ്ടും പോസിറ്റീവ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം റുതുരാജ് ഗായ്ക്വാഡ് രണ്ടാം പരിശോധനയിലും കോവിഡ് പോസിറ്റീവ്. വിക്കറ്റ് കീപ്പര്‍ താരം കൂടിയായ റുതുരാജ് ചെന്നൈ നിരയില്‍ ദീപക് ചഹാറിനൊപ്പം പോസ്റ്റീവായ താരങ്ങളില്‍ ഒരാളാണ്. ദീപക് ചഹാര്‍ നെഗറ്റീവായി പിന്നീടുള്ള പരിശോധനയില്‍ മാറിയെങ്കിലും റുതുരാജിന്റെ പരിശോധന ഫലം പോസിറ്റീവായി തുടരുകയാണ്.

താരം ആദ്യം മുതലെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നാണ് അറിയുന്നത്. പരിശോധനയില്‍ നെഗറ്റീവ് ആയി സ്ഥിരീകരിക്കുന്നത് വരെ താരത്തിന് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിളിലേക്ക് എത്താനാകില്ല. സുരേഷ് റെയ്‍നയ്ക്ക് പകരം ടീമില്‍ സ്ഥാനം ലഭിച്ചേക്കാവുന്ന പ്രധാനകളില്‍ ഒരാളായിരുന്നു റുതുരാജ് ഗായക്വാഡ്.

Exit mobile version