സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉണ്ടാകണം എന്ന് ക്രിസ് ഗെയ്ൽ


സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ അനാവശ്യമാണെന്നും ഗെയ്ൽ പറഞ്ഞു.

“അവൻ ടെസ്റ്റ് ടീമിൽ ഉണ്ടാകേണ്ടതാണ്. ഒരു സെഞ്ചുറി നേടിയിട്ടും അവനെ ടീമിൽ എടുത്തില്ല. അവൻ ഭാരം കുറച്ചതായി ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടിരുന്നു. അവന്റെ ഭാരം ഒരു പ്രശ്നമേ അല്ല. അവൻ ഇപ്പോഴും റൺസ് നേടുന്നുണ്ട്,” ഗെയ്ൽ പറഞ്ഞു.

മികച്ച ആഭ്യന്തര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സർഫറാസിന് അവസരം നൽകാത്തതിൽ താരം നിരാശ പ്രകടിപ്പിച്ചു.
ബോർഡർ-ഗവാസ്കർ ട്രോഫിയിലും ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലും സർഫറാസിന് അവസരം ലഭിക്കാത്തതിനെക്കുറിച്ചും ഗെയ്ൽ സംസാരിച്ചു. “ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരമാണ് അവൻ. അവന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണ് ടീമിൽ എടുക്കാത്തതെങ്കിൽ അത് സങ്കടകരമാണ്. ഇന്ത്യക്ക് ഒരുപാട് പ്രതിഭകളുണ്ട്, പക്ഷേ അവർക്ക് അവസരം നൽകണം,” ഗെയ്ൽ കൂട്ടിച്ചേർത്തു.

അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ സർഫറാസിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെയ്ൽ പറഞ്ഞു.

പൃഥ്വി ഷാ സർഫറാസ് ഖാനെ കണ്ട് പ്രചോദനമുൾക്കൊള്ളണം എന്ന് പീറ്റേഴ്സൺ


സർഫറാസ് ഖാൻ അടുത്തിടെ നേടിയ ശ്രദ്ധേയമായ ഫിറ്റ്നസ് പരിവർത്തനത്തിൽ നിന്ന് പഠിക്കാൻ പൃഥ്വി ഷായോട് ആവശ്യപ്പെട്ടുകൊണ്ട് കെവിൻ പീറ്റേഴ്സൺ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചക്ക് തിരികൊളുത്തി. ടെസ്റ്റ് കരിയർ പുനരുജ്ജീവിപ്പിക്കാനായി സർഫറാസ് 17 കിലോയോളം ഭാരം കുറച്ചതിനെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പ്രശംസിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കിടയിലും ഭാരത്തിന്റെ പേരിൽ പലപ്പോഴും വിമർശനം നേരിട്ടിട്ടുള്ള സർഫറാസിനെ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65.98 ശരാശരിയുള്ള സർഫറാസ്, ഇന്ത്യക്കായി ആറ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, എല്ലാം സ്വന്തം നാട്ടിൽ വെച്ചായിരുന്നു. ഈ മത്സരങ്ങളിൽ നിന്ന് 37.10 ശരാശരിയിൽ 371 റൺസ് നേടി. വിദേശ പര്യടനങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് സെലക്ടർമാർ അദ്ദേഹത്തിന്റെ ടെക്നിക്കിന്റെ അടിസ്ഥാനത്തിൽ ന്യായീകരിച്ചു. എന്നാൽ വിദേശത്ത് റെഡ്-ബോൾ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം (ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 69.75 ശരാശരിയിൽ 279 റൺസ്) വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്.

“അസാധാരണമായ ശ്രമം,! വലിയ അഭിനന്ദനങ്ങൾ. ഇത് കളിക്കളത്തിൽ മികച്ചതും സ്ഥിരതയുള്ളതുമായ പ്രകടനങ്ങളിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പീറ്റേഴ്സൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ആരെങ്കിലും ഇത് പൃഥ്വിക്ക് കാണിച്ചു കൊടുക്കാമോ? ഇത് സാധ്യമാണ്!” പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.


ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൃഥ്വി ഷാ ഫിറ്റ്നസ് പ്രശ്നങ്ങൾ, അച്ചടക്കമില്ലായ്മ, സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ എന്നിവ കാരണം കരിയറ താളം തെറ്റി നിൽക്കുകയാണ്.

ഫിറ്റ്നസ് ലെവൽ പറഞ്ഞ് ഇനി വിമർശിക്കേണ്ട! സർഫറാസ് ഖാൻ 2 മാസം കൊണ്ട് 17 കിലോ കുറച്ചു


ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ 17 കിലോ ഭാരം കുറച്ച് ആരാധകരുടെ കയ്യടി നേടി. അവസരം കിട്ടിയപ്പോൾ എല്ലാം റൺസ് നേടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും, സമീപകാലത്തായി അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ ഭാരം കുറയ്ക്കൽ അദ്ദേഹത്തിന്റെ കളിയിലുള്ള അർപ്പണബോധവും ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരമായൊരിടം നേടുന്നതിന് തടസ്സമായി നിന്ന കാര്യങ്ങളെ മറികടക്കാനുള്ള ദൃഢനിശ്ചയവും വ്യക്തമാക്കുകയാണ്.


2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ സർഫറാസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ അതിനുശേഷം ദേശീയ ടീമിൽ അദ്ദേഹത്തിന് സ്ഥിരമായി ഇടം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് മുൻ താരങ്ങളുടെയും ആരാധകരുടെയും വിമർശനത്തിന് ഇടയാക്കിയിരുന്നു. ജിമ്മിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സർഫറാസ് തന്റെ ഫിറ്റ്നസ് അപ്ഡേറ്റ് ആരാധകരെ അറിയിച്ചത്.


ഇന്ത്യ ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ സർഫറാസ് ഖാന്റെ വെടിക്കെട്ട് സെഞ്ച്വറി


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ബെക്കൻഹാമിൽ നടന്ന ഇന്ത്യ എ ടീമും സീനിയർ ഇന്ത്യൻ ടീമും തമ്മിലുള്ള ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ, സർഫറാസ് ഖാൻ 76 പന്തിൽ സെഞ്ച്വറി നേടി തിളങ്ങി. ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം തിരികെ പിടിക്കാനുള്ള ശക്തമായ ശ്രമമാണ് സർഫറാസ് നടത്തിയത്.
പ്രധാന ടീമിൽ നിന്ന് പുറത്തായെങ്കിലും, സർഫറാസ് നിർഭയമായ ഇന്നിംഗ്സാണ് കളിച്ചത്.

15 ഫോറുകളും 2 സിക്സറുകളും സഹിതം 101 റൺസ് നേടിയ അദ്ദേഹം, ഇംഗ്ലണ്ട് ലയൺസിനെതിരായ മുൻ അനൗദ്യോഗിക ടെസ്റ്റിൽ നേടിയ 92 റൺസിന് പിന്നാലെ തന്റെ മികച്ച ഫോം തുടരുകയാണ്.


മറുവശത്ത്, ജസ്പ്രീത് ബുംറക്ക് താളം കണ്ടെത്താനായില്ല. വിക്കറ്റുകളൊന്നും നേടാതെയാണ് അദ്ദേഹം ഇന്നത്തെ കളി അവസാനിപ്പിച്ചത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയെങ്കിലും റൺസ് ഒരുപാട് വഴങ്ങി. പ്രസിദ്ധ് കൃഷ്ണയും നിതീഷ് കുമാർ റെഡ്ഡിയും യഥാക്രമം രണ്ട് വിക്കറ്റുകളും ഒരു വിക്കറ്റും വീഴ്ത്തി.


രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ ടീം 6 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ്. അവർക്ക് 160 റൺസിന്റെ ലീഡുണ്ട്. സായ് സുദർശൻ (38), ഇഷാൻ കിഷൻ (45), വാഷിംഗ്ടൺ സുന്ദർ (35) എന്നിവരും മികച്ച പിന്തുണ നൽകി. എന്നാൽ, ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് പൂജ്യത്തിന് പുറത്തായി.


അഞ്ച് മത്സരങ്ങളുള്ള ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള അവസാനത്തെ പരിശീലന മത്സരമാണിത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ ഇതിഹാസതാരങ്ങൾ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പുതിയ യുഗത്തിനും ഇത് അടയാളപ്പെടുത്തുന്നു.

സർഫറാസ് ഖാന് സെഞ്ച്വറി, പന്തിന് അർധ സെഞ്ച്വറി, ഇന്ത്യ പൊരുതുന്നു

ന്യൂസിലൻഡിന് എതിരായ ടെസ്റ്റിന്റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 344-3 എന്ന നിലയിൽ. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കുന്നതിന് അടുത്ത് എത്താൻ ഇന്ത്യക്ക് ആയി. മഴ കാരണം ആണ് കളി നേരത്തെ ലഞ്ചിന് പിരിഞ്ഞത്. ഇന്ത്യ ഇപ്പോൾ 12 റൺസ് മാത്രം പിറകിലാണ്. സർഫറാസ് ഖാൻ ഇന്ത്യക്ക് ആയി സെഞ്ച്വറി നേടി.

സർഫറാസ് ഖാന്റെ കന്നി സെഞ്ച്വറി ആണിത്. 154 പന്തിൽ നിന്ന് 125 റൺസ് എടുത്ത് സർഫറാസിന്റെ ഇന്നിങ്സിൽ 3 സിക്സും 16 ഫോറും ഇതുവരെ ഉണ്ട്. റിഷഭ് പന്ത് സർഫറാസിന് മികച്ച പിന്തുണയാണ് നൽകുന്നത്.

പരിക്ക് മാറി ബാറ്റിങിന് എത്തിയ പന്ത് അർധ സെഞ്ച്വറുയുമായി ക്രീസിൽ നിൽക്കുന്നു. റിഷഭ് 56 പന്തിൽ നിന്ന് 53 റൺസ് നേടി നിൽക്കുന്നു. 5 ഫോറും 3 സിസ്കും പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

ഇന്ന് ഒരു നല്ല ലീഡിലേക്ക് എത്താൻ ആകും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യക്ക് ടോസ്, ഗില്ലിന് പകരം സർഫറാസ് ടീമിൽ

ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റു ചെയ്യാൻ ഇന്ത്യയെ അയക്കാൻ തീരുമാനിച്ചു. ഇന്നലെ മഴ കാരണം ടെസ്റ്റിന്റെ ആദ്യ ദിനം തീർത്തും നഷ്ടമായിരുന്നു. ഇന്ത്യൻ ടീമിൽ ബംഗ്ലാദേശ് ടെസ്റ്റിൽ നിന്നും രണ്ട് മാറ്റങ്ങൾ ഉണ്ട്.

ശുഭ്മൻ ഗില്ലിന് പകരം സർഫറാസ് ഖാൻ ടീമിൽ എത്തി. പരിക്ക് കാരണമാണ് ഗിൽ പുറത്തായത്. പേസർ ആകാശ് ദീപിന് പകരം കുൽദീപ് യാദവും സ്ക്വാഡിൽ എത്തി.

1st TEST. New Zealand Playing XI : T Latham (c), D Conway, W Young, R Ravindra, D Mitchell, T Blundell (wk), G Phillips, T Southee, M Henry, W O’Rourke, A Patel.

TEST.India Playing XI : R Sharma (c), Y Jaiswal, V Kohli, R Pant (wk), KL Rahul, S Khan, R Jadeja, R Ashwin, M Siraj, K Yadav, J Bumrah.

ബറോഡയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി ഓപ്പണറിൽ സർഫറാസ് ഖാൻ കളിക്കില്ല

ഒക്‌ടോബർ 11 ന് ആരംഭിക്കുന്ന ബറോഡയ്‌ക്കെതിരായ ടീമിൻ്റെ രഞ്ജി ട്രോഫി ഓപ്പണർ മികച്ച മുംബൈ ബാറ്റർ സർഫറാസ് ഖാന് നഷ്ടമാകും. ഇറാനി കപ്പിൽ 222* എന്ന മാച്ച് വിന്നിംഗ് നേടിയ സർഫറാസ്, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ആയി പോവുകയാണ്.

സർഫറാസ് ഇന്ത്യൻ ടീമിൽ തൻ്റെ സ്ഥാനം നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു. ന്യൂസിലൻഡിന് എതിരായ ഇന്ത്യൻ ടെസ്റ്റ് ടീം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ എവേ മത്സരത്തിൽ ബറോഡയെ നേരിടും. തുടർന്ന് മഹാരാഷ്ട്രയ്‌ക്കെതിരായ ഹോം മത്സരം ഒക്ടോബർ 18 നും ആരംഭിക്കും.

ഇറാനി കപ്പിൽ സർഫറാസ് ഖാൻ ഇരട്ട സെഞ്ച്വറിയുമായി ഹീറോ!!

ഒക്‌ടോബർ 2 ന് നടന്നുകൊണ്ടിരിക്കുന്ന ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഉജ്ജ്വല ഇരട്ട സെഞ്ചുറിയുമായി സർഫറാസ് ഖാൻ മുംബൈ ടീമിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തി. 150 പന്തിൽ തൻ്റെ 15-ാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി പൂർത്തിയാക്കിയ സർഫറാസ് ആ സെഞ്ച്വറി 255 പന്തിൽ ഇരട്ട സെഞ്ചുറിയാക്കി മാറ്റി. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ രണ്ടാം ദിവസം മുംബൈയെ കമാൻഡിംഗ് പൊസിഷനിൽ നിൽക്കുകയാണ്.

മുംബൈ ഒന്നാം ദിനം 139ന് 4 എന്ന നിലയിൽ പൊരുതിക്കൊണ്ടിരുന്നപ്പോൾ, അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ചേർന്ന് സർഫറാസ് ഇന്നിംഗ്‌സ് സുസ്ഥിരമാക്കി, 97 റൺസിൽ വീണ രഹാനെയ്ക്ക് സെഞ്ച്വറി നഷ്ടമായെങ്കിലും സർഫറാസ് തൻ്റെ ആക്രമണം തുടർന്നു. 23 ബൗണ്ടറികളും 3 സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. തനുഷ് കൊട്ടിയൻ്റെ 67 റൺസിൻ്റെ മികച്ച സംഭാവനയും നൽകി.

കളിയിൽ ഇപ്പോൾ മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 486 എന്ന സ്‌കോറിൽ നിൽക്കുകയാണ്.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലും സർഫറാസ് ഖാൻ കളിക്കില്ല

കാൻപൂർ, സെപ്റ്റംബർ 23, 2024: 26-കാരനായ സർഫറാസ് ഖാൻ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമായേക്കില്ല, സെപ്റ്റംബർ 27-ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ. പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ, രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈയെ പ്രതിനിധീകരിച്ച് ഇറാനി കപ്പിൽ സർഫറാസ് കളിക്കും.

രണ്ടാം ടെസ്റ്റ് നടക്കുന്ന കാൺപൂരിൽ നിന്ന് അൽപ്പം അകലെയുള്ള ലഖ്‌നൗവിൽ ഒക്ടോബർ ഒന്നിന് ആണ് ഇറാനി കപ്പ് ആരംഭിക്കുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മുംബൈ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും.

ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സർഫറാസ്, തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട അർധസെഞ്ചുറി നേടി. മൂന്ന് ടെസ്റ്റുകളിൽ നിന്ന് അഞ്ച് ഇന്നിംഗ്‌സുകളിൽ ആയി 200 റൺസ് തികച്ചിരുന്നു.

ഇറാനി കപ്പിനുള്ള മുംബൈ ടീമിൽ ശ്രേയസ് അയ്യർ, മുഷീർ ഖാൻ, ഷംസ് മുലാനി, തനുഷ് കൊട്ടിയാൻ എന്നിവരും ഉണ്ട്. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശാർദുൽ താക്കൂറും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlight: Sarfaraz Khan may miss India’s second Test against Bangladesh, with Mumbai possibly requesting his participation in the Irani Cup starting October 1.

സർഫറാസ് ഖാനും ദ്രുവ് ജുറെലിനും BCCI കരാർ

ഇന്ത്യയുടെ പുതിയ ബാറ്റിംഗ് താരങ്ങൾ ആയ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനും ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്‌റ്റ് ലഭിച്ചു. ഗ്രൂപ്പ് സിയിൽ ഒരു കോടി രൂപ വാർഷിക റിട്ടൈനർഷിപ്പ് ഫീസിൽ വരുന്ന കരാറിൽ ആണ് ഇരുവരെയും ഉൾപ്പെടുത്തിയത്‌. നിലവിലെ സീസണിൽ മൂന്ന് ടെസ്റ്റുകൾ കളിക്കുക എന്ന മാനദണ്ഡം ഇവർ അഞ്ചാം ടെസ്റ്റോടെ പൂർത്തിയാക്കിയിരുന്നു.

തിങ്കളാഴ്ച ചേർന്ന ബിസിസിഐ അപെക്‌സ് കൗൺസിൽ യോഗത്തിലാണ് ഇവരുടെ പേരുകൾ അംഗീകരിച്ചത്. സർഫറാസ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ നേടിയിരുന്നു‌. ജുറെലും ഈ പരമ്പര മികച്ചതായിരിന്നു. റാഞ്ചിയിലെ ചേസിംഗിൽ 90, 39 നോട്ടൗട്ട് സ്‌കോറുകൾ നേടിയ ജൂറൽ തൻ്റെ രണ്ടാമത്തെ കളിയിൽ തന്നെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.

ഇപ്പോഴാണ് ലേലം എങ്കിൽ സർഫറാസിന് ഐ പി എല്ലിൽ ടീം ലഭിച്ചേനെ എന്ന് ആകാശ് ചോപ്ര

ഇന്ത്യക്ക് ആയി ടെസ്റ്റ് ക്രിക്കറ്റിൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന സർഫറാസ് ഖാനെ ഐ പി എല്ലിൽ ഇത്തവണ ഒരു ടീമും ലേലത്തിൽ എടുത്തിരുന്നില്ല. ഇപ്പോൾ ആണ് ലേലം നടക്കുന്നത് എങ്കിൽ സർഫറാസിന് എളുപ്പത്തിൽ അവസരം കിട്ടിയേനെ എന്ന് ആകാശ് ചോപ്ര പറഞ്ഞു. ഐ പി എൽ ലേലത്തിൽ പക്ഷപാതം ഉണ്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“സർഫറാസിന് ഐ പി എല്ലിൽ ടീമില്ല എന്നതിൽ ഞാൻ വ്യക്തിപരമായി അത്ര ആശ്ചര്യപ്പെടുന്നില്ല, പാറ്റ് കമ്മിൻസിന് 20.50 കോടി രൂപ ലഭിച്ചതിൽ ആണ് എനിക്ക് ആശ്ചര്യം. സമീപകാലത്ത് ഐ പി എൽ ലേലങ്ങൾ അങ്ങനെയാണ്. അവിടെ പക്ഷപാതം ഉണ്ട്. ലേലം നാളെ ആയിരുന്നെങ്കിൽ, സർഫറാസിന് കരാർ ലഭിക്കുമായിരുന്നു.” ആകാശ് ചോപ്ര പറഞ്ഞു.

“കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷം വരെ ആ ഫോർമാറ്റിലും ആ ടൂർണമെൻ്റിലും നിങ്ങൾ എങ്ങനെ കളിച്ചു എന്നതിനെ ആശ്രയിച്ച് ആയിരിക്കണം ലേലം എന്നാണ് തന്റെ അഭിപ്രായം. സർഫറാസിന് 18 വയസ്സ് മുതൽ ഐ പി എല്ലിൽ കരാറുണ്ടായിരുന്നു. അവൻ രണ്ടോ മൂന്നോ ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുണ്ട്,” ചോപ്ര പറഞ്ഞു.

“എന്നാൽ സത്യം പറയട്ടെ, അദ്ദേഹത്തിന് അധികം അവസരങ്ങൾ ഐ പി എല്ലിൽ ലഭിച്ചിട്ടില്ല. അവനെ ലേലത്തിൽ എടുക്കാത്തതിൽ ആരും അന്ന് അതിശയപ്പെട്ടില്ല. അതിനാലാണ് ആ സമയത്ത് ചർച്ചകൾ ഒന്നും ഉണ്ടാകാതിരുന്നത്,” അദ്ദേഹം പറഞ്ഞു.

സർഫറാസ് ഖാന്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച് സുനിൽ ഗവാസ്കർ

സർഫറാസ് ഖാനെ വിമർശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ചായയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സർഫറാസ് ഖാൻ ഔട്ട് ആയിരുന്നു. ഈ ഷോട്ട് സെലക്ഷനെ ആണ് സുനിൽ ഗവാസ്‌കർ വിമർശിച്ചത്. 56 റൺസെടുത്താണ് ഇന്ന് സർഫറാസ് പുറത്തായത്.

“സർഫറാസ് കളിച്ച ആ ഷോട്ടിന് പറ്റിയ ബോൾ ആയിരുന്നില്ല അത്. ഷോട്ട് പിച്ച് ബോളായിരുന്നില്ല അത്‌‌. ആ ഷോട്ടിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടു വന്നു. നിങ്ങൾ ചായയ്ക്ക് ശേഷമുള്ള ആദ്യ പന്ത് കളിക്കുകയാണ്. നിങ്ങൾക്ക് കുറച്ച് ശ്രദ്ധ വേണം” – ഗവാസ്കർ പറഞ്ഞു.

“ഡോൺ ബ്രാഡ്മാൻ എന്നോട് മുന്നെ പറഞ്ഞിട്ടുണ്ട് ‘ഞാൻ അഭിമുഖീകരിക്കുന്ന ഓരോ പന്തും, ഞാൻ 200 റണ്ണിൽ ആണെങ്കിലും, ഞാൻ 0-ൽ ആണെന്ന് കരുതിയാണ് നേരിടാറ് എന്ന്’‌ അപ്പോൾ ആണ് ഇവിടെ സർഫറാസ് സെഷൻ്റെ ആദ്യ പന്തിൽ ഇത്തരമൊരു ഷോട്ട് കളിക്കുന്നത്” ഗവാസ്‌കർ പറഞ്ഞു.

Exit mobile version