ആ അഞ്ച് സിക്സുകള്‍ക്ക് ശേഷം തന്നെ കൂടുതൽ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി, ബഹുമാനവും ലഭിയ്ക്കുന്നു – റിങ്കു സിംഗ്

ലക്നൗവിനെതിരെ 33 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റിങ്കു സിംഗിനെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരിന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിൽ അഞ്ച് സിക്സ് നേടി അവസാന ഓവറിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച റിങ്കു സിംഗ് പറയുന്നത് ഇന്നലെ ഫൈനൽ ഓവറിനിറങ്ങുമ്പോള്‍ തന്റെ മനസ്സിലൂടെ അന്നത്തെ കാര്യങ്ങള്‍ ഓടുന്നുണ്ടെന്നായിരുന്നു.

അതിനാൽ തന്നെ തനിക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ തനിക് ഒരു പന്ത് മിസ്സായെന്നും ഒരു ബോളിൽ ഫോര്‍ മാത്രം നേടാനായതും തിരിച്ചടിയായി എന്നും റിങ്കു കൂട്ടിചേര്‍ത്തു.

ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് ശേഷം തന്നെ കൂടുതൽ ആളുകള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയെന്നും ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ തന്നെ ബഹുമാനിക്കുന്നുണ്ടെന്നും റിങ്കു പറഞ്ഞു.

റിങ്കുവിന്റെ ഇന്നിംഗ്സ് പേടിപ്പിച്ചു എന്ന് ബിഷ്ണോയ്

ഇന്ന് റിങ്കു സിങിന്റെ ഇന്നിംഗ്സ് പേടിപ്പിച്ചു എന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം രവി ബിഷ്ണോയ്. റിങ്കുവിന്റെ ഇന്നിംഗ്സ് കെ കെ ആറിനെ വിജയത്തിന് വളരെ അടുത്ത് എത്തിച്ചിരുന്നു.വെറും ഒരു റണ്ണിനാണ് കെ കെ ആർ ഇന്ന് തോറ്റത്‌. റിങ്കുസിംഗ് 33 പന്തിൽ നിന്ന് 67 റൺസ് ആണ് എടുത്തത്.

“ജയിച്ചതിൽ സന്തോഷം ഉണ്ട്, എന്നാൽ റിങ്കു ബാറ്റ് ചെയ്യുന്ന രീതി പേടിപ്പിച്ചു, ഓരോ പന്തും മത്സരം കൈവിട്ടുപോകുമോ എന്ന ഭയം ആയിരുന്നു,” ബിഷ്‌ണോയ് മത്സരശേഷം പറഞ്ഞു.

“ഇന്ന് പന്ത് വിക്കറ്റിൽ മെല്ലെയേ പോകുന്നുണ്ടായിരുന്നുള്ളൂ. സ്പിന്നർമാർ നന്നായി പന്തെറിഞ്ഞാൽ ലക്ഷ്യം നേടുന്നത് ബുദ്ധിമുട്ടാകുമെന്ന് ഞങ്ങൾക്ക് തോന്നി. വിക്കറ്റ് വീഴ്ത്തുക എന്നതിലായിരുന്നു ശ്രദ്ധ. പ്ലേഓഫിൽ ഞങ്ങൾ ശക്തമായി പൊരുതി ട്രോഫി നേടാൻ ശ്രമിക്കും.” തന്റെയും ടീമിന്റെയും ബൗളിംഗിനെ കുറിച്ച് ബിഷ്‌ണോയ് സംസാരിച്ചു.

ജൈസ്വാളും റിങ്കുവും ഇന്ത്യന്‍ ടീമിലെത്തണം – ഹര്‍ഭജന്‍ സിംഗ്

റിങ്കു സിംഗിനെയും യശസ്വി ജൈസ്വാളിനെയും ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. ഇരുവരെയും പ്ലേയിംഗ് ഇലവനിൽ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറയില്ലെങ്കിലും സ്ക്വാഡിൽ ഉള്‍പ്പെടുത്തി അവര്‍ക്ക് ഈ അന്തരീക്ഷവുമായി അടുത്തിടപഴകുവാനുള്ള അവസരം നൽകണമെന്നാണ് ഹര്‍ഭജന്‍ സിംഗിന്റെ ആവശ്യം.

ഇരു താരങ്ങളും മികച്ച ഫോമിലാണെന്നും ഈ ഫോമിൽ ഇവര്‍ കളിക്കുമ്പോള്‍ തന്നെ ഇവരെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയാൽ അത് ഗുണം ചെയ്യുമെന്നും മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ വ്യക്തമാക്കി. ആരെങ്കിലും മികച്ച രീതിയിൽ കളിക്കുകയോ പ്രകടനം നടത്തുകയോ ചെയ്യുമ്പോള്‍ അവരെ സിസ്റ്റത്തിന്റെ ഭാഗമാക്കണെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് താന്‍ എന്നും അവരെ ഇന്ത്യന്‍ സ്ക്വാഡിനൊപ്പമുള്‍പ്പെടുത്തിയാൽ അവര്‍ക്കും പലതും പഠിക്കാനാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

“റിങ്കുവിന്റെ യാത്ര ഒരു ജീവിതപാഠമാണ്, എല്ലാ കൊച്ചുകുട്ടികളും അവനിൽ നിന്ന് പഠിക്കണം”

കൊൽക്കത്ത നൊഅറ്റ് റൈഡേഴ്സിന്റെ താരം റിങ്കു സിംഗ് താമസിയാതെ ഇന്ത്യൻ ടീമിലേക്ക് എത്തും എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കെകെആറിനായി സ്ഥിരതയാർന്ന പ്രകടനമാണ് റിങ്കു ഈ സീസണിൽ ഉടനീളം കാഴ്ചവെച്ചത്. റിങ്കുവിന്റെ ഫോം ഉടൻ തന്നെ ഇന്ത്യൻ ക്യാപ്പ് നേടാൻ അദ്ദേഹത്തെ സഹായിക്കുമെന്ന് ഹർഭജൻ വിശ്വസിക്കുന്നു.

“ആ ഇന്ത്യൻ അവസരം റിങ്കുവിൽ നിന്ന് വളരെ അകലെയല്ല, അവൻ ഒരു മികച്ച കളിക്കാരനാണ്. അവൻ എല്ലാ കടുപ്പമുള്ള വഴികളിലൂടെയും യാത്ര ചെയ്തു , ഇന്നത്തെ നിലയിലെത്താൻ വളരെ കഠിനാധ്വാനം ചെയ്തു. തന്നിൽ സ്വയം വിശ്വാസം ഉണ്ടായിരുന്നതിന്റെ ഫലമാണിത്. ഈ യാത്രയുടെ മുഴുവൻ ക്രെഡിറ്റും അവനാണ്.” ഹർഭജൻ പറഞ്ഞു.

അവന്റെ യാത്ര ഒരു ജീവിതപാഠമാണ്, എല്ലാ കൊച്ചുകുട്ടികളും അവനിൽ നിന്ന് പഠിക്കണം. ഹർഭജൻ സിംഗ് റിങ്കുവിനെ കുറിച്ച് പറഞ്ഞു.

കൊൽക്കത്തയെ 171 റൺസിലേക്ക് നയിച്ച് നിതീഷ് റാണയും റിങ്കു സിംഗും

സൺറൈസേഴ്സ് ഹൈദ്രാബാദിനെിരെ ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ  171 റൺസിലെത്തുവാന്‍ സഹായിച്ച് നിതീഷ് റാണയും റിങ്കു സിംഗും. ഇരുവര്‍ക്കുമൊപ്പം ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരെയും മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ 20 റൺസ് നേടിയ ജേസൺ റോയിയുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗി നേടി.

പിന്നീട് നിതീഷ് റാണ – റിങ്കു സിംഗ് കൂട്ടുകെട്ട് 61 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചുവെങ്കിലും 31 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയെ എയ്ഡന്‍ മാര്‍ക്രം സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. റസ്സൽ 15 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 31 റൺസാണ് റിങ്കു – റസ്സൽ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.

സുനിൽ നരൈനെ തൊട്ടടുത്ത ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 130/6 എന്ന നിലയിലേക്ക് വീണു. പിന്നീട് റിങ്കു കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. അവസാന ഓവറിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ റിങ്കു പുറത്തായപ്പോള്‍ നടരാജന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അനുകുൽ റോയ് 7 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് നേടിയത്.

ഈഡന്‍ ഗാര്‍ഡന്‍സിൽ ആധികാരിക വിജയവുമായി ധോണിയും സംഘവും

ചെന്നൈ നൽകിയ 236 റൺസ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങി 186 റൺസ് മാത്രം നേടി 49 റൺസ് തോൽവിയേറ്റ് വാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജേസൺ റോയിയും റിങ്കു സിംഗും മാത്രം പൊരുതി നോക്കിയപ്പോള്‍ ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഈ കൂട്ടുകെട്ടിന് ശേഷം കൊൽക്കത്തയ്ക്ക് സാധിച്ചില്ല.

ഓപ്പണിംഗിൽ ജഗദീഷനൊപ്പം നരൈനെയാണ് കൊൽക്കത്ത പരീക്ഷിച്ചതെങ്കിലും നരൈനെ ആകാശ് സിംഗും ജഗദീഷനെ തുഷാര്‍ ദേശ് പാണ്ടേയും പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വെങ്കടേഷ് അയ്യരും നിതീഷ് റാണയും 39 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും ഇന്നിംഗ്സിന് വേഗത നൽകുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

20 റൺസ് നേടിയ വെങ്കടേഷ് അയ്യരെ വിക്കറ്റിനു മുന്നിൽ കുടുക്കി മോയിന്‍ അലിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. എന്നാൽ അതേ ഓവറിൽ മോയിന്‍ അലിയെ മൂന്ന് സിക്സുകള്‍ക്ക് പായിച്ച് ജേസൺ റോയ് കൊൽക്കത്തയുടെ ഇന്നിംഗ്സിന് വേഗത നൽകി.

അടുത്ത ഓവറിൽ ജഡേജയെ നിതീഷ് റാണ ആദ്യ പന്തിൽ ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച നിതീഷ് റാണയെ റുതുരാജ് ഗായക്വാഡ് പിടിച്ച് പുറത്താകുകയായിരുന്നു. 20 പന്തിൽ 27 റൺസാണ് നിതീഷ് റാണ നേടിയത്.

അതേ ഓവറിൽ ജഡേജ റിങ്കു സിംഗിനെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കുവാന്‍ ശ്രമിച്ചപ്പോള്‍ ബെയിൽസ് ഡിസ്ലോഡ്ജ് ആകാതെ റിങ്കു രക്ഷപ്പെടുന്നതാണ് കണ്ടത്. മതീഷ പതിരാനയ്ക്കെതിരെ വെറും 5 റൺസ് മാത്രം കൊൽക്കത്ത നേടിയപ്പോള്‍ ടീം 10 ഓവറിൽ 76/4 എന്ന നിലയിലായിരുന്നു.

ജഡേജയുടെ അടുത്ത ഓവറിൽ ജേസൺ റോയ് ഒരു സിക്സും ഫോറും നേടി തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ സ്ട്രൈക്ക് ലഭിച്ച റിങ്കു സിംഗും ഒരു സിക്സ് നേടി. ഓവറിൽ നിന്ന് 19 റൺസാണ് ഇവര്‍ നേടിയത്. മഹീഷ് തീക്ഷണയെ ഒരു ഫോറും ഒരു സിക്സും റോയ് നേടിയപ്പോള്‍ 14 റൺസാണ് വന്നത്. അപ്പോളും 48 പന്തിൽ നിന്ന് 127 റൺസ് എന്ന ശ്രമകരമായ ലക്ഷ്യം ആയിരുന്നു കൊൽക്കത്തയ്ക്ക് മുന്നിലുണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ ജഡേജയ്ക്കെതിരെ വലിയ ഷോട്ടുകളുതിര്‍ക്കുവാന്‍ റോയിയും റിങ്കുവും പാടുപെട്ടുവെങ്കിലും അവസാന പന്തിൽ സിക്സര്‍ നേടി റിങ്കു ആ ഓവറിലെ നേട്ടം പത്താക്കി മാറ്റി. അടുത്ത ഓവറിൽ പതിരാനയെ ബൗണ്ടറി കടത്തി 19 പന്തിൽ നിന്ന് 51 റൺസാണ് ജേസൺ റോയ് നേടിയത്.

റോയ് ചെന്നൈ ബൗളര്‍മാരെ കടന്നാക്രമിക്കുന്നത് തുടര്‍ന്നപ്പോള്‍ മഹീഷ് തീക്ഷണ 15ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ റോയിയെ ബൗള്‍ഡാക്കി ശക്തമായ തിരിച്ചുവരവ് ചെന്നൈയ്ക്കായി നേടി. 26 പന്തിൽ 61 റൺസാണ് റോയിയുടെ സംഭാവന.

65 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 80 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് അടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ നഷ്ടമായി. മതീഷ പതിരാനയ്ക്കായിരുന്നു വിക്കറ്റ്.  അവസാന ഓവറിൽ 30 പന്തിൽ നിന്ന് റിങ്കു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

അവസാന ഓവറിൽ 30 പന്തിൽ നിന്ന് റിങ്കു തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. താരം 53 റൺസമായി പുറത്താകാതെ നിന്നപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്തയ 186 റൺസാണ് നേടിയത്. ചെന്നൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേയും മഹീഷ് തീക്ഷണയും രണ്ട് വീതം വിക്കറ്റ് നേടി.

ഒരു റിങ്കു സിംഗ് സംഭവം!!!! അവസാന 5 പന്തിൽ 5 സിക്സുകൾ പറത്തി കെ കെ ആറിന് ജയം

ഒരു റിങ്കു സിംഗ് അത്ഭുതം!! ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ചെയ്സ് ആണ് ഇന്ന് കണ്ടത്. അവസാന അഞ്ചു പന്തി അഞ്ച് സിക്സ് പറത്തി റിങ്കു സിംഗ് കെ കെ ആറിന് അത്ഭു വിജയം തന്നെ നൽകി. ഇന്ന് ഗുജറാത്തിന് എതിരെ മൂന്ന് വിക്കറ്റ് വിജയമാണ് കെ കെ ആർ നേടിയത്.

205 എന്ന വിജയലക്ഷ്യം നോക്കി ഇറങ്ങിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 15.4 ഓവറിൽ 155-3 എന്ന ശക്തമായ നിലയിൽ ആയിരുന്നു. അവിടെ നിന്ന് ഒരു റൺ എടുക്കുന്നതിനിടയിൽ നാലു വിക്കറ്റുകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. ഹാട്രിക്കുമായി റഷീദ് ഖാൻ തന്നെയാണ് കൊൽക്കത്തയെ തകർത്തത്.

17ആം ഓവറിന്റെ ആദ്യ മൂന്ന് പന്തിൽ റസൽ, നരേൻ, ഷർദ്ദുൽ താക്കൂർ എന്നിവരെ റഷീദ് പുറത്താക്കി. നേരത്തെ 40 പന്തിൽ 83 റൺസ് എടുത്ത വെങ്കിടേഷ് അയ്യറുടെയും 45 റൺസ് എടുത്ത നിതീഷ് റാണയുടെയും കരുത്തിലായിരുന്നു കൊൽക്കത്ത നല്ല രീതിയിൽ ഇന്നിങ്സ് പടുത്തത്. ഇരുവരെയും അൽസാരി ജോസഫ് പുറത്താക്കിയതോടെ കളി മാറുകയായിരുന്നു‌. പക്ഷെ ട്വിസ്റ്റുകൾ അവസാനിച്ചില്ല.

അവസാനം റിങ്കു സിംഗ് ആഞ്ഞടിച്ചത് കളിക്ക് ആവേശകരമായ അന്ത്യം നൽകി. അവസാന ഓവറിൽ 29 റൺസ് വേണ്ട മത്സരത്തിൽ യാഷ് ദയാലിനെ റിങ്കു തുടർച്ചയായി നാലു സിക്സ് അടിച്ച് ടൈറ്റൻസിനെ ഞെട്ടിച്ചു. അവസാന പന്തിൽ 4 റൺസ് എന്ന നിലയിലായി. അതും സിക്സ് അടിച്ച് റിങ്കു കെ കെ ആറിനെ ജയിപ്പിച്ചു. 21 പന്തിൽ നിന്ന് 48 റൺസ് ആണ് റിങ്കു സിംഗ് അടിച്ചത്.

ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് 204 റൺസ് നേടാൻ ഗുജറാത്ത് ടൈറ്റന്‍സിനായി. ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും(17) ചേര്‍ന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 67 റൺസാണ് ഗിൽ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

ശുഭ്മന്‍ ഗില്ലിനെയും(39) 38 പന്തിൽ അര്‍ദ്ധ ശതകം നേടിയ സായി സുദര്‍ശനെയും സുനിൽ നരൈന്‍ തന്നെയാണ് പുറത്താക്കിയത്. 53 റൺസാണ് സായി സുദര്‍ശന്‍ നേടിയത്. ഇതിനിടെ അഭിനവ് മനോഹറിന്റെ വിക്കറ്റ് സുയാഷ് ശര്‍മ്മ നേടി.

പിന്നീട് 24 പന്തിൽ 63 റൺസ് നേടിയ വിജയ് ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗുജറാത്തിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ശര്‍ദ്ധുൽ താക്കൂറിനെ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയാണ് വിജയ് ഗുജറാത്തിന്റെ സ്കോര്‍ 200 കടത്തിയത്.

റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പിടിച്ചപ്പോള്‍ 208 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായി.

ഓപ്പണര്‍മാരെ രണ്ട് പേരെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 9/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയായിരുന്നു. അവിടെ നിന്ന് നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് നേടിയ 56 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും നിതീഷ് റാണയുടെ വകയായിരുന്നു. 22 പന്തിൽ 42 റൺസ് നേടിയ റാണ ലക്നൗവിന് അപകടം വിതയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റാണയെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയത്.
29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ സ്റ്റോയിനിസ് പുറത്താക്കുമ്പോള്‍ 37 പന്തിൽ 80 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. സാം ബില്ലിംഗ്സും അയ്യരും ചേര്‍ന്ന് 66 റൺസാണ് നേടിയത്.

അധികം വൈകാതെ സാം ബില്ലിംഗ്സും(36) ആന്‍ഡ്രേ റസ്സലും വീണതോടെ കൊല്‍ക്കത്തയുടെ കാര്യം കഷ്ടത്തിലായി. റസ്സലിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

എന്നാൽ പൊരുതാതെ കീഴടങ്ങുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് റിങ്ക സിംഗും സുനിൽ നരൈനും തീരുമാനിച്ചപ്പോള്‍ 18, 19 ഓവറുകളിൽ കൊല്‍ക്കത്ത 17 വീതം റൺസ് നേടി അവസാന ഓവറിലേക്കുള്ള ലക്ഷ്യം 21 ആക്കി കുറച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റിങ്കു സിംഗ് ഒരു ഫോറും രണ്ട് സിക്സും നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ വെറും 5 റൺസായി മാറി. അടുത്ത പന്തിൽ ഒരു ഡബിള്‍ കൂടി നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പന്തിൽ 3 റൺസായി ലക്ഷ്യം മാറിയെങ്കിലും അടുത്ത പന്തിൽ താരം ഔട്ടായി. 15 പന്തിൽ 40 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്. റിങ്കുവിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ലൂയിസ് ആണ് പുറത്താക്കിയത്. സുനിൽ നരൈന്‍ 7 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്ത് നേരിട്ട ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് വിജയം ഒരുക്കി.

സച്ചിന്‍ ബേബിയ്ക്ക് ആവശ്യക്കാരില്ല, റിങ്കു സിംഗിനെ സ്വന്തമാക്കി കൊല്‍ക്കത്ത, മനന്‍ വോറ ലക്നൗവിൽ

ഐപിഎലില്‍ അൺക്യാപ്ഡ് താരങ്ങളുടെ പട്ടികയിൽ പല താരങ്ങള്‍ക്കും ഫ്രാഞ്ചൈസികളുടെ താല്പര്യം പിടിച്ച് പറ്റുവാനായില്ല. മലയാളി താരം സച്ചിന്‍ ബേബിയും ഈ പട്ടികയിൽ ഉള്‍പ്പെടുന്നു.

വിരാട് സിംഗ്, ഹിമ്മത് സിംഗ്, ഹര്‍നൂര്‍ സിംഗ്, ഹിമാന്‍ഷു റാണ, റിക്കി ഭുയി എന്നിവരാണ് ആവശ്യക്കാരില്ലാതെ പോയത്.

അതേ സമയം റിങ്കു സിംഗിനായി കൊല്‍ക്കത്ത രംഗത്തെത്തി. ലക്നൗവിന്റെ വെല്ലുവിളിയെ അതിജീവിച്ച് 20 ലക്ഷം വിലയുള്ള താരത്തിനെ 55 ലക്ഷത്തിനാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

മനന്‍ വോറയെ 20 ലക്ഷത്തിന് ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിച്ചു. മറ്റു ടീമുകളൊന്നും താരത്തിനായി രംഗത്തെത്തിയില്ല.

റിങ്കു സിംഗിന് പകരക്കാരനായി ഗുര്‍കീരത്തിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ പുതിയ താരം. റിങ്കു സിംഗിന് പകരം ഗുര്‍കീരത്ത് സിംഗ് മന്നിനെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. റിങ്കു സിംഗിന് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിനെ ഐപിഎലില്‍ നിന്ന് പുറത്ത് പോകുവാന്‍ കാരണമായത്.

റിങ്കു സിംഗ് ഏതാനും ദിവസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഗുര്‍കീരത്ത് സിംഗ് മന്നിനെ ഐപിഎല്‍ ലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും വിന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്‍ഡ്രേ റസ്സലാണ് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് പറഞ്ഞ് റസ്സലിന്റെ കൊല്‍ക്കത്തയിലെ സഹതാരം റിങ്കു സിംഗ്. 2018ല്‍ കൊല്‍ക്കത്ത നിരയിലെത്തിയ താരമാണ് റിങ്കു സിംഗ്.

തന്നോട് കൊല്‍ക്കത്തയില ഏറ്റവും അപകടകാരിയായ ചോദ്യമാരെന്ന് ചോദിച്ചപ്പോളാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ താരം ആന്‍ഡ്രേ റസ്സല്‍ ആണെന്നാണ് റിങ്കു സിംഗ് പറഞ്ഞത്. താരം അടിച്ച് പറത്തുന്ന സിക്സറുകള്‍ വളരെ അകലെയാണ് ചെന്ന് വീഴുന്നതെന്നും അത്രത്തോളം കരുത്ത് വേറെ ആരിലും താന്‍ കണ്ടിട്ടില്ലെന്നും റസ്സലിന്റെ സഹതാരം വ്യക്തമാക്കി.

റിങ്കു സിംഗിനു സസ്പെന്‍ഷന്‍

ഇന്ത്യ എ ടീമില്‍ അംഗമായ റിങ്കു സിംഗിനെ സസ്പെന്‍ഡ് ചെയ്ത് ബിസിസിഐ. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. അംഗീകൃതമല്ലാത്തൊരു ടി20 ടൂര്‍ണ്ണമന്റില്‍ താരം കളിച്ചതിനാണ് ഇപ്പോള്‍ ഈ നടപടി വന്നിരിക്കുന്നത്. അബുദാബിയിലാണ് ടൂര്‍ണ്ണമെന്റ് നടന്നത്. ജൂണ്‍ 1 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. മേയ് 31നു ഇന്ത്യ എ യുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് നാളെ തുടങ്ങാനിരിക്കവെയാണ് ഈ നടപടി.

ബോര്‍ഡുമായി കരാറിലുള്ള താരത്തിനു ബോര്‍ഡിന്റെ അനുമതിയില്ലാതെ കളിയ്ക്കാനാകില്ലെന്ന നിയമം ഉള്ളതിനാലാണ് 21 വയസ്സുകാരന്‍ താരത്തിനെതിരെ നടപടി. ഉത്തരപ്രദേശ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎലില്‍ കളിച്ചിട്ടുള്ള താരമാണ്.

Exit mobile version