റായ്പൂരിൽ റിങ്കു വെടിക്കെട്ട്!!! ഒപ്പം കൂടി ജിതേഷ് ശര്‍മ്മയും, അവസാന രണ്ടോവറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 5 വിക്കറ്റ്

റായ്പൂരിലെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 174 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഇന്ത്യയുടെ സ്കോറിംഗിന് വേഗത നൽകിയ റിങ്കു സിംഗും ജിതേഷ് ശര്‍മ്മയും അവസാന ഓവര്‍ വരെ ക്രീസിലുണ്ടാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ടോവറിൽ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് 13 റൺസ് മാത്രമാണ്

യശസ്വി ജൈസ്വാള്‍ മിന്നും തുടക്കം നൽകിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഇന്ത്യ 50 റൺസിലെത്തി. എന്നാൽ പവര്‍പ്ലേയിലെ അവസാന ഓവറിലെ അവസാന പന്തിൽ താരം പുറത്തായി. 28 പന്തിൽ നിന്ന് 37 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

റുതുരാജ് ഗൈക്വാഡിന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ശ്രേയസ്സ് അയ്യരും സൂര്യകുമാര്‍ യാദവും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 63/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

ഗൈക്വാഡ് പിന്നീട് റൺ റേറ്റ് ഉയര്‍ത്തിയെങ്കിലും 28 പന്തിൽ 32 റൺസ് നേടി താരം പുറത്തായി. 58 റൺസാണ് റിങ്കു – ഗൈക്വാഡ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. റിങ്കുവിന് കൂട്ടായി എത്തിയ ജിതേഷ് ശര്‍മ്മയും തകര്‍ത്ത് ബാറ്റ് വീശിയപ്പോള്‍ അവസാന ഓവറുകളിൽ ഇന്ത്യയുടെ റൺ റേറ്റ് കുതിച്ചുയര്‍ന്നു.

19 പന്തിൽ 35 റൺസ് നേടി ജിതേഷ് ശര്‍മ്മ പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ ഇന്ത്യ 56 റൺസാണ് ക്ഷണനേരം കൊണ്ട് കൂട്ടിചേര്‍ത്തത്. അതേ ഓവറിൽ അക്സര്‍ പട്ടേലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന ഓവറിൽ റിങ്കു സിംഗും പുറത്തായപ്പോള്‍ ഇന്ത്യയുടെ കുതിപ്പിന് തടയിടുവാന്‍ ഓസ്ട്രേലിയയ്ക്കായി.

റിങ്കു 29 പന്തിൽ 46 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും വിക്കറ്റ് നേടി.

റിങ്കു സിംഗ് താമസിയാതെ ഏകദിനവും കളിക്കും എന്ന് നെഹ്റ

സമീപ ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന് എല്ലാ ഫോർമാറ്റിലും വലിയ മുതൽക്കൂട്ടാകാൻ യുവ ബാറ്റ്‌സ്മാൻ റിങ്കു സിങ്ങിനാകും എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്‌റ. “അദ്ദേഹം ഇത് ആദ്യമായല്ല ഈ ഫിനിഷറുടെ റോൾ ചെയ്യുന്നത്. അവന്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമല്ല, അവൻ ഒരു മികച്ച ടീം മാൻ ആണെന്ന് മനസ്സിലാക്കാം. അത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ മുതൽക്കൂട്ടായിരിക്കും.” നെഹറ പറഞ്ഞു.

“ഞങ്ങൾ ടി20 ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്, പക്ഷേ നാളെ റിങ്കുവിന് ഏകദിന ക്രിക്കറ്റും കളിക്കാൻ കഴിയും” ആശിഷ് നെഹ്‌റ ജിയോസിനിമയോട് പറഞ്ഞു,

“ഞാൻ ‘ഫിനിഷർ’ എന്ന വാക്കിന്റെ വലിയ ആരാധകനല്ല. നിങ്ങളുടെ ഓപ്പണർക്ക് ഒരു ഫിനിഷർ ആകാം, അവൻ സെഞ്ച്വറി നേടിയാൽ അയാൾക്ക് കളി പൂർത്തിയാക്കി മടങ്ങിവരാം. അവൻ എവിടെയും കളിക്കാൻ കഴിയുന്ന ഒരാളാണ്, അവൻ 50 ഓവർ ക്രിക്കറ്റിൽ മുന്നോട്ട് പോകുന്നത് എനിക്ക് കാണാം, അവന് നമ്പർ 4 മുതൽ നമ്പർ 6 വരെ ബാറ്റ് ചെയ്യാൻ കഴിയും” നെഹ്റ പറഞ്ഞു.

തന്റെ റോള്‍ അവസാന അഞ്ചോവറിൽ ബാറ്റ് ചെയ്യുക എന്നത് മാത്രം – റിങ്കു സിംഗ്

ഇന്ത്യന്‍ ടീമിലെ തന്റെ റോള്‍ എന്താണെന്ന് വ്യക്തതയുണ്ടെെന്നും അത് അവസാന അഞ്ചോവറിൽ ബാറ്റ് ചെയ്യുക എന്നതാണെന്നും പറഞ്ഞ് റിങ്കു സിംഗ്. താന്‍ ഏറെ നാളായി 5-6 സ്ഥാനത്താണ് ബാറ്റ് ചെയ്യാനെത്തുന്നതെന്നും അതിനാൽ തന്നെ സംയമനം പാലിച്ച് ഫോക്കസോട് കൂടി ബാറ്റ് ചെയ്യുവാനാണ് ശ്രമിക്കുന്നതെന്നും ബോളിനെ അതിന്റെ മെറിറ്റിൽ കളിക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും റിങ്ക പറഞ്ഞു. തന്റെ ഫിനിഷിംഗ് സ്കില്ലിൽ താന്‍ പുരോഗതി വരുത്തുവാന്‍ ശ്രമിക്കുകയാണെന്നും റിങ്കു കൂട്ടിചേര്‍ത്തു.

താന്‍ നെറ്റ് സെഷനിലും ഇതേ മനോഭാവത്തോട് കൂടിയാണ് കളിക്കുന്നതെന്നും ടീമിലെ യുവതാരങ്ങള്‍ ഈ സെറ്റപ്പ് ഏറെ ആസ്വദിക്കുന്നുണ്ടെന്നും റിങ്കു സിംഗ് വ്യക്തമാക്കി.

ധോണിയുടെ ഉപദേശം ആണ് ഫിനിഷിംഗിൽ തന്നെ സഹായിക്കുന്നത് എന്ന് റിങ്കു സിംഗ്

ഇന്നലെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിയ റിങ്കു സിംഗ് തന്റെ ഫിനിഷിംഗ് മെച്ചപ്പെടാൻ കാരണം എം എസ് ധോണി ആണെന്ന് പറഞ്ഞു. ധോണിയുമായി സംസാരിച്ചപ്പോൾ കിട്ടിയ ഉപദേശം താൻ പിന്തുടരുന്നുണ്ട് എന്നും റിങ്കു സിംഗ് പറഞ്ഞു.

“ഞങ്ങളുടെ ടീം വിജയിച്ചത് നല്ല കാര്യമാണ്. ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ എനിക്ക് പറ്റിയ സാഹചര്യമായിരുന്നു അത്. സൂര്യാ ഭായിക്കൊപ്പം കളിക്കുന്നത് എനിക്ക് നന്നായി തോന്നി. അത്തരം സ്കോറുകൾ പിന്തുടരുന്നതിന് മുമ്പ് ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ ചിന്തിക്കുകയായിരുന്നു, കൂടാതെ എനിക്ക് കഴിയുന്നത്ര ശാന്തത പാലിക്കാനും കളി അവസാന ഓവറിലേക്ക് കൊണ്ടുപോകാനും താൻ ശ്രദ്ധ കേന്ദ്രീകരിച്ചു,”റിങ്കു ബിസിസിഐയോട് പറഞ്ഞു.

“അവസാന ഓവറുകളിൽ എന്ത് ചെയ്യണം എന്ന് മഹി ഭായിയോട് താൻ സംസാരിച്ചിരുന്നു. ശാന്തനായിരിക്കാനും സ്ട്രൈറ്റ് ആയി അടിക്കാൻ നോക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതാണ് ഞാൻ പിന്തുടരുന്നത്. ഞാൻ ശാന്തനായിരിക്കാൻ ശ്രമിക്കുന്നു, എന്റെ ഷോട്ടുകൾ അടിച്ചു,” റിങ്കു കൂട്ടിച്ചേർത്തു.

റിങ്കു സിംഗ് തന്റെ ടെൻഷൻ കുറച്ചു എന്ന് സൂര്യകുമാർ

ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടി20യിലെ റിങ്കു സിംഗിന്റെ പ്രകടനത്തെ പ്രശംസിച്ച് സൂര്യകുമാർ യാദവ്‌. ഇന്നലെ അവസാനം ഇന്ത്യയെ വിജയിപ്പിച്ചത് റിങ്കു സിംഗ് ആയിരുന്നു. 14 പന്തിൽ 22 എടുത്ത പുറത്താകാതെ നിന്ന റിങ്കു സിക്സ് അടിച്ചാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

മത്സരത്തിന് ശേഷമുള്ള പ്രസന്റേഷനിൽ സംസാരിച്ച സൂര്യകുമാർ, കളിക്കാർ തങ്ങളുടെ നിലവാരം നിലനിർത്തിയതിന് അവരെ പ്രശംസിക്കുകയും റിങ്കുവിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. റിങ്കു തന്റെ ബാറ്റിംഗിലൂടെ എന്റെ ടെൻഷൻ കുറച്ചു എന്നും ക്യാപ്റ്റൻ സൂര്യകുമാർ പറഞ്ഞു.

“റിങ്കുവിന്റെ ഇന്നിംഗ്സ് കാണാൻ നല്ല രസമായിരുന്നു, ഈ സാഹചര്യം അവനു വേണ്ടി ഉണ്ടാക്കിയതാണ്. അവൻ ശാന്തനായിരുന്നു, എന്നെയും അൽപ്പം ശാന്തനാക്കി.” സൂര്യകുമാർ മത്സര ശേഷം പറഞ്ഞു.

ജയ്സ്വാളിന് സെഞ്ച്വറി, ഒപ്പം റിങ്കുവിന്റെ വെടിക്കെട്ടും, ഇന്ത്യക്ക് നല്ല സ്കോർ

ഏഷുഅൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നേപ്പാളിനെതിരെ 203 റൺസ് എന്ന ടാർഗറ്റ് ഉയർത്തി. 20 ഓവറിൽ 202-4 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറി ആണ് ഇന്ത്യക്ക് കരുത്തായത്. ജയ്സ്വാൾ 49 പന്തിൽ നിന്ന് 100 റൺസ് എടുത്തു. ടി20 അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി യശസ്വി ഇതോടെ മാറി.

7 സിക്സും 8 ഫോറും ജയ്സ്വാൾ ഇന്ന് പറത്തി. ജയ്സ്വാൾ അക്രമിച്ചു കളിച്ചു എങ്കിലും മറുവശത്ത് ഉള്ളവർ ആ പാത പിന്തുടരാത്തത് ഇന്ത്യയെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞു. റുതുരാജ് ഗെയ്ക്വാദ് 25ഉം ശുവം ദൂബെ 25ഉം എടുത്തു എങ്കിലും അത് വേഗത്തിൽ ആയിരുന്നില്ല. അവസാനം 15 പന്തിൽ 37 റൺസ് അടിച്ച റിങ്കു സിംഗ് ആണ് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത്‌. റിങ്കു 4 സിക്സുകളും 2 ഫോറും പറത്തി.

എപ്പോൾ ആക്രമിക്കണം എന്ന് റിങ്കുവിന് അറിയാം, റുതുരാജ്

രണ്ടാം ടി20യിൽ അയർലൻഡിനെതിരായ മികച്ച പ്രകടനം കാഴ്ച റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദ്. എപ്പോൾ ആക്രമിച്ചു കളിക്കണം എന്ന് റിങ്കുവിന് കൃത്യമായി അറിയാം എന്ന് റുതുരാജ് പറഞ്ഞു. “ഈ വർഷത്തെ ഐപിഎല്ലിന് ശേഷം റിങ്കു എല്ലാവരുടെയും പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ഐപിഎല്ലിൽ ഈ വർഷം ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം വളരെ പക്വത കാണിച്ചു. റിങ്കുവിന്റെ എടുത്തു പറയേണ്ട കാര്യം അവൻ ആദ്യ പന്തിൽ തന്നെ ആക്രമിക്കുന്ന താരമല്ല എന്നതാണ്.” റുതുരാജ് പറഞ്ഞു.

“അവൻ എപ്പോഴും സ്വയം സമയം നൽകുന്നു. സാഹചര്യം എന്തുതന്നെയായാലും, അവൻ എല്ലായ്പ്പോഴും അത് ചെയ്യും. കാര്യങ്ങൾ വിലയിരുത്തുകയും തുടർന്ന് ആക്രമണ മോഡിലേക്ക് പോകുകയും ചെയ്യുന്നു.” റുതുരാജ് തുടർന്നു.

“വരാനിരിക്കുന്ന എല്ലാ കളിക്കാർക്കും അല്ലെങ്കിൽ ഫിനിഷർ ആകാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് പഠിക്കാനുള്ള നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ കുറച്ച് സമയമെടുക്കുന്നത് എല്ലായ്പ്പോഴും പ്രധാനമാണ്. എപ്പോൾ ആക്രമിക്കണമെന്ന് അവന് അവനറിയാം. അവൻ ശരിയായ സമയത്ത് അത് ചെയ്യുന്നു. അരങ്ങേറ്റം കൂടിയായതിനാൽ അദ്ദേഹത്തിന് ഇതൊരു സുപ്രധാന ഇന്നിംഗ്‌സായിരുന്നു. ഇത് അദ്ദേഹത്തെ വളരെയധികം സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു, ”ഗെയ്‌ക്‌വാദ് പറഞ്ഞു.

ഇന്നലെ 21 പന്തിൽ 38 റൺസ് നേടിയ റിങ്കു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

പത്ത് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇതെന്ന് റിങ്കു സിംഗ്

ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ 33 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് ആയി 21 പന്തിൽ 38 റൺസ് നേടിയ റിങ്കു സിംഗ് ആയിരുന്നു മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്ക് ആയി ആദ്യമായി ബാറ്റു ചെയ്തപ്പോൾ തന്നെ പ്ലയർ ഓഫ് ദി മാച്ച് ആയതിൽ സന്തോഷവാൻ ആണ് എന്ന് റിങ്കു മത്സര ശേഷം പറഞ്ഞു.

തന്റെ ആദ്യ 15 പന്തിൽ 15 റൺസ് നേടിയ റിങ്കു, മത്സരത്തിന്റെ അവസാന 2 ഓവറിൽ ആഞ്ഞടിച്ച് ഇന്ത്യയെ 20 ഓവറിൽ 185/5 എന്ന നിലയിൽ എത്തിച്ചു.

“വളരെ സന്തോഷം തോന്നുന്നു. ഇത് എന്റെ രണ്ടാമത്തെ ഗെയിമാണ്, ബാറ്റ് ചെയ്യാൻ വളരെ കാത്തിരിക്കുകയായിരുന്നു. ഐപിഎല്ലിൽ ഞാൻ ചെയ്തത് ആവർത്തിക്കാൻ ആണ് ശ്രമിച്ചത്. ” റിങ്കു പറഞ്ഞു.

“ഞാൻ 10 വർഷമായി കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ ഫലമാണ് ഈ പ്രകടനം. ഞാൻ ചെയ്ത കഠിനാധ്വാനത്തിന് ഇപ്പോൾ പ്രതിഫലം ലഭിക്കുന്നു. ഞാൻ ബാറ്റ് ചെയ്ത ആദ്യ ഗെയിമിൽ തന്നെ നല്ല പ്രകടനം നടത്താൻ കഴിഞ്ഞു. ഇതിൽ കൂടുതൽ സന്തോഷം ലഭിക്കില്ല,” റിങ്കു പറഞ്ഞു.

റുതുരാജിന് അര്‍ദ്ധ ശതകം, അടിച്ച് തകര്‍ത്ത് സഞ്ജുവും റിങ്കുവും, ഇന്ത്യയ്ക്ക് 185 റൺസ്

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ. 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ഇന്ത്യ നേടിയത്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി റുതുരാജ് ഗായക്വാഡ്, സഞ്ജു സാംസൺ കൂട്ടുകെട്ടാണ് തിളങ്ങിയത് തുടക്കത്തിൽ തിളങ്ങിയത്. അവസാന ഓവറുകളിൽ റിങ്കു സിംഗും ശിവം ഡുബേയും റൺസ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ അയര്‍ലണ്ടിന് മുന്നിൽ മികച്ച വെല്ലുവിളി ഉയര്‍ത്തി.

റുതുരാജ് 43 പന്തിൽ 58 റൺസ് നേടിയപ്പോള്‍ സഞ്ജു സാംസൺ 26 പന്തിൽ 40 റൺസ് നേടി പുറത്തായി. 34/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ 71 റൺസ് കൂട്ടുകെട്ടുമായി സഞ്ജു – റുതുരാജ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സഞ്ജു പുറത്തായ ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച റുതുരാജിന്റെ വിക്കറ്റും ബാരി മക്കാര്‍ത്തി നേടി. നേരത്തെ വൺ ഡൗണായി ഇറങ്ങിയ തിലക് വര്‍മ്മയെയും മക്കാര്‍ത്തിയാണ് പുറത്താക്കിയത്.

അവസാന ഓവറുകളിൽ റിങ്കു സിംഗും ശിവം ഡുബേയും തകര്‍ത്തടിച്ചപ്പോള്‍ അഞ്ചാം വിക്കറ്റിൽ 55 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. റിങ്കു 21 പന്തിൽ 38 റൺസും ശിവം ഡുബേ 16 പന്തിൽ 22 റൺസും നേടി.

റിങ്കുവിന് യുവരാജിനെയും ധോണിയെയും പോലെ ഇന്ത്യയുടെ ഫിനിഷറായി മാറാൻ ആകും എന്ന് കിരൺ മോറെ

റിങ്കു സിങിന് കൂടുതൽ അവസരം ലഭിച്ച എംഎസ് ധോണിയെയും യുവരാജ് സിങ്ങിനെയും പോലെ മികച്ച ഫിനിഷറായി മാറാൻ റിങ്കു സിംഗിന് ആകും എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ.

“ഇന്ത്യൻ ടീമിലെ റിങ്കുവിന് അവസരം ലഭിക്കാനായി ഞാൻ കാത്തിരിക്കുകയായിരുന്നു. 5ആം സ്ഥാനത്തും ആറാം സ്ഥാനത്തും, അവൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മികച്ച ഫിനിഷറായി മാറുകയും ചെയ്യും. എംഎസ് ധോണിയെയും യുവരാജ് സിങ്ങിനെയും നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. അതിനുശേഷം ഞങ്ങൾക്ക് അവരെപ്പോലെ ഒരു കളിക്കാരനെ ലഭിച്ചിട്ടില്ല, ”ജിയോ സിനിമയുമായുള്ള സംഭാഷണത്തിൽ കിരൺ മോർ പറഞ്ഞു

“ഞങ്ങൾ അത്തരം കളിക്കാരെ ഉണ്ടാക്കാൻ ശ്രമിച്ചു, പക്ഷേ അത് ഇതുവരെ പ്രവർത്തിച്ചില്ല. തിലക് വർമ്മയും ഉണ്ട്, അദ്ദേഹത്തിനും ആ വേഷം ചെയ്യാൻ കഴിയും. ഒരു മികച്ച ഫീൽഡർ കൂടിയാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, അദ്ദേഹം വളരെയധികം മെച്ചപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജേഴ്സി അണിയുമ്പോൾ കണ്ണ് നിറയും എന്ന് റിങ്കു സിംഗ്

ഏഷ്യൻ ഗെയിംസിന് ഉള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ച റിങ്കു സിങ് താൻ അൽപ്പം വികാരഭരിതനാണെന്നും ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ തന്റെ കണ്ണ് നിറയും എന്ന് ഉറപ്പാണെന്നും റിങ്കു പറയുന്നു.

“ഞാൻ ശക്തനായ ഒരു വ്യക്തിയാണ്, പക്ഷേ അൽപ്പം ഇമോഷണലുമാണ്. ഞാൻ ആദ്യമായി ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ കുറച്ച് കണ്ണുനീർ പൊഴിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ദീർഘവും ദുഷ്‌കരവുമായ ഒരു യാത്രയായിരുന്നു,” റിങ്കു RevSportz-നോട് പറഞ്ഞു.

“എല്ലാവരും ഇന്ത്യക്ക് വേണ്ടി കളിക്കാൻ സ്വപ്നം കാണുന്നു, ആ ജേഴ്സി ധരിക്കുക അതാണ് പ്രധാനം. ഞാൻ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ല, കാരണം നിങ്ങൾ എത്രത്തോളം ചിന്തിക്കുന്നുവോ അത്രയധികം ഭാരം നിങ്ങൾ സ്വയം വഹിക്കും. ഒരു ദിവസം ഒരു ദിവസം എന്ന നിലയിലാണ് ജീവിതം എടുക്കുന്നത്.” റിങ്കു പറഞ്ഞു.

“പ്രൊഫഷണൽ സ്‌പോർട്‌സ് തിരഞ്ഞെടുക്കുമ്പോൾ ഒരു ദിവസം അല്ലെങ്കിൽ മറ്റൊരു ദിവസം തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ഇന്ത്യൻ ജേഴ്‌സി ധരിക്കുന്നത് കാണുമ്പോൾ എന്റെ കുടുംബവും മാതാപിതാക്കളും എന്നെക്കാൾ സന്തോഷിക്കുമെന്ന് എനിക്കറിയാം. വർഷങ്ങളായി അവർ അതിനായി കാത്തിരിക്കുകയാണ്. അവർ എന്റെ പോരാട്ടം കണ്ടിട്ടുണ്ട്, അവർ എന്നെ സഹായിച്ചിട്ടുണ്ട്, എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ ജഴ്‌സി അണിയുന്ന ദിവസം അവർക്കായി സമർപ്പിക്കും,” അദ്ദേഹം പറഞ്ഞു

താനെത്ര റൺസ് അടിച്ചിട്ടും ടീം പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ പിന്നെന്ത് കാര്യം – റിങ്കു സിംഗ്

ഐപിഎലില്‍ തന്റെ ഏറ്റവും മികച്ച സീസണിലൂടെയാണ് റിങ്കു സിംഗ് കടന്ന് പോയത്. ഗുജറാത്തിനെതിരെ അവസാന ഓവറിൽ 29 റൺസ് ചേസ് ചെയ്ത താരം ലക്നൗവിനെതിരെ കൊൽക്കത്തയെ വിജയത്തിന് തൊട്ടരികില്‍ വരെ എത്തിച്ചിരുന്നു. എന്നാൽ ടീം ഒരു റൺസിന് പരാജയം ഏറ്റുവാങ്ങി.

താന്‍ എത്ര റൺസടിച്ച് കൂട്ടിയാലും ടീം പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ പിന്നെന്ത് കാര്യം എന്നാണ് ഐപിഎല്‍ 2023ലെ സ്റ്റാര്‍ താങ്കളായി എന്ന ചോദ്യത്തിന് മറുപടിയായി റിങ്കു പറ‍ഞ്ഞത്. തന്റെ മികച്ച പ്രകടനം സത്യമാണ് പക്ഷേ അത് പിന്നിലെ കാര്യമാണെന്നും ഇനി ഭാവിയെക്കുറിച്ചാണ് ഫോക്കസ് ചെയ്യേണ്ടതെന്നും റിങ്കു കൂട്ടിചേര്‍ത്തു.

പ്രാദേശിക ക്രിക്കറ്റിലും താന്‍ 5 – 6 സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നതെന്നും അതിനാൽ തന്നെ ഈ സാഹചര്യം തനിക്ക് സുപരിചിതനാണെന്നും റിങ്കു സിംഗ് വ്യക്തമാക്കി.

Exit mobile version