Picsart 23 06 24 00 29 28 997

ഓ സഞ്ജു!!! താരത്തിന്റെ സൂപ്പര്‍ ശതകത്തിനും കേരളത്തെ വിജയത്തിലേക്ക് എത്തിക്കാനായില്ല

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസ് ഉയര്‍ത്തിയ 256 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 18 റൺസ് തോൽവി. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ശതകം കേരളത്തിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് മാത്രമേ നേടിയുള്ളു. സഞ്ജു 139 പന്തിൽ 128 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകം നേടിയ ശ്രേയസ്സ് ഗോപാലാണ് മറ്റൊരു പ്രധാന സ്കോറര്‍.

59/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സഞ്ജു സാംസണും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 53 റൺസ് നേടിയ ശ്രേയസ്സ് ഗോപാൽ പുറത്താകുമ്പോള്‍ കേരളം 138 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ രാഹുല്‍ ശര്‍മ്മ തൊട്ടടുത്ത ഓവറിൽ അബ്ദുള്‍ ബാസിത്തിനെയും അഖിൽ സ്കറിയയെും പുറത്താക്കിയപ്പോള്‍ കേരളത്തിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.

സഞ്ജു സാംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ‍താരത്തിനായില്ല. അവസാന ഓവറിൽ സഞ്ജു വീണപ്പോള്‍ സഞ്ജുവിന്റെ ഉള്‍പ്പെടെ നാല് നിര്‍ണ്ണായക വിക്കറ്റുകളുമായി രാഹുല്‍ ശര്‍മ്മ റെയിൽവേസ് ബൗളിംഗിൽ തിളങ്ങി.

Exit mobile version