റേച്ചൽ ഹെയ്ന്‍സ് ഗുജറാത്ത് ജയന്റ്സിന്റെ മുഖ്യ കോച്ച്

വനിത പ്രീമിയര്‍ ലീഗിൽ റേച്ചൽ ഹെയ്ന്‍സിനെ മുഖ്യ കോച്ചായി പ്രഖ്യാപിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സ്. മുന്‍ ഓസ്ട്രേലിയന്‍ താരത്തിനെ കൂടാതെ ബാറ്റിംഗ് കോച്ചായി തുഷാര്‍ ആറോതെയെയും നൂഷിന്‍ അൽ ഖാദീറിനെ ബൗളിംഗ് കോച്ചായും ഫ്രാഞ്ചൈസി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ലോകകപ്പ് വിജയിച്ച അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരുന്നു നൂഷിന്‍. ടീമിന്റെ മെന്ററായി ഇന്ത്യന്‍ ഇതിഹാസം മിത്താലി രാജും ഉണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് റേച്ചൽ ഹെയ്‍ൻസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ബാറ്റിംഗ് താരം റേച്ചൽ ഹെയ്ന്‍സ്. ഓസ്ട്രേലിയയ്ക്കായി 6 ടെസ്റ്റുകളും 77 ഏകദിനങ്ങളും 84 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം ഓസ്ട്രേലിയയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ വനിത താരങ്ങളുടെ പട്ടികയിൽ 9ാം സ്ഥാനത്താണുള്ളത്.

ഓസ്ട്രേലിയയുടെ രണ്ട് ടി20 ലോകകപ്പ്, ഒരു ഏകദിന ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണം എന്നിവ നേടിയ ടീമിൽ അംഗമായിരുന്നു ഹെയ്‍ന്‍സ്. വനിത ബിഗ് ബാഷ് ലീഗിന്റെ എട്ടാം സീസണോട് കൂടി താരം ക്രിക്കറ്റിൽ നിന്ന് തന്നെ റിട്ടയര്‍ ചെയ്യുമെന്നാണ് അറിയുന്നത്.

ആദ്യ സെമി, കൂറ്റൻ സ്കോര്‍ നേടി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പ് സെമിയിൽ വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് വെല്ലിംഗ്ടണിൽ നടക്കുന്ന സെമിയിൽ ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അലൈസ ഹീലി – റേച്ചൽ ഹെയ്ന്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് 216 റൺസാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്. ഹീലി 129 റൺസ് നേടി പുറത്തായപ്പോള്‍ ഹെയ്ന്‍സ് 85 റൺസാണ് നേടിയത്.

ബെത്ത് മൂണി 43 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 45 ഓവറിൽ 305 റൺസ് നേടി.

ഏഴ് വിക്കറ്റ് വിജയം, കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ

വിന്‍ഡീസിനെ 131 റൺസിലൊതുക്കി 30.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ. വനിത ഏകദിന ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ നേടിയ വിജയം ടീമിന്റെ നാലാമത്തെ വിജയം ആയിരുന്നു.

റേച്ചൽ ഹെയ്‍ന്‍സ് പുറത്താകാതെ 83 റൺസ് നേടിയാണ് ഓസീസ് വിജയം ഒരുക്കിയത്. ബെത്ത് മൂണി 28 റൺസ് നേടി. 7 റൺസ് നേടുന്നതിനിടെ ഓസ്ട്രേലിയയ്ക്ക് 2 വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കാര്യമായ പ്രശ്നം സൃഷ്ടിക്കുവാന്‍ വിന്‍ഡീസിന് സാധിച്ചില്ല.

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന് 298 റൺസേ നേടാനായുള്ളു.

റേച്ചൽ ഹെയ്ന്‍സ്(130), മെഗ് ലാന്നിംഗ്(86) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ബാറ്റിംഗിന് കരുത്തേകിയത്. നത്താലി സ്കിവര്‍ പുറത്താകാതെ 85 പന്തിൽ 109 റൺസും താമി ബ്യൂമോണ്ട്(74), ഹീത്തര്‍നൈറ്റ്(40) എന്നിവ‍‍ർ പൊരുതി നോക്കിയെങ്കിലും വിജയം കൈവരിക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ഓസ്ട്രേലിയന്‍ ബൗളിംഗിൽ അലാന കിംഗ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെസ്സ് ജോന്നാസ്സനും താഹ്ലിയ മഗ്രാത്തും രണ്ട് വീതം വിക്കറ്റ് നേടി.

വനിത ആഷസ്, തുടക്കം പാളിയെങ്കിലും ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

വനിത ആഷസിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 327/7 എന്ന നിലയിൽ. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

4/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എല്‍സെ പെറി(18)യുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 39 റൺസ് നേടിയ ശേഷം ലാന്നിംഗുമായുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഹെയിന്‍സ് ആണ് ഓസ്ട്രേലിയയെ തിരികെ ട്രാക്കിലെത്തിച്ചത്.

169 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇരുവരെയും 3 പന്ത് വ്യത്യാസത്തിൽ ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ ടീം 212/5 എന്ന നിലയിലേക്ക് വീണു. ലാന്നിംഗ് 93 റൺസ് നേടി പുറത്തായപ്പോള്‍ റേച്ചൽ 86 റൺസാണ് നേടിയത്.

പിന്നീട് താഹ്‍ലിയ മക്ഗ്രാത്തും ആഷ്‍ലൈ ഗാര്‍ഡ്നറും ചേര്‍ന്നാണ് ഓസ്ട്രേലിയയുടെ മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റിൽ 84 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഗാര്‍ഡ്നറെയും നഷ്ടമായി.

56 റൺസ് നേടിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി കാതറിന്‍ ബ്രണ്ട് തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. 52 റൺസ് നേടിയ താഹ്‍ലിയ ഒന്നാം ദിവസത്തെ അവസാന പന്തിൽ പുറത്താകുകയായിരുന്നു.

റേച്ചൽ ഹെയിന്‍സ് ടെസ്റ്റിനും ടി20യ്ക്കുമില്ല

ഓസ്ട്രേലിയയുടെ വനിത താരം റേച്ചൽ ഹെയിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിലും ടി20 പരമ്പരയിലും കളിക്കില്ല. മൂന്നാം ഏകദിനത്തിനിടെ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനാണ് റേച്ചൽ.

ചരിത്രമാകുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ കളിക്കുവാനുള്ള അവസരം നഷ്ടമായതിൽ താരം ഏറെ ദുഖിതയാണെന്നാണ് ഓസ്ട്രേലിയ കോച്ച് മാത്യൂ മോട്ട് പറഞ്ഞത്. ടെസ്റ്റ് മത്സരങ്ങള്‍ എപ്പോളും സംഭവിക്കുന്നതല്ലെന്നത് തന്നെയാണ് ഈ വിഷമത്തിന് കാരണം.

ഹെയിന്‍സിന്റെ അഭാവത്തിൽ ബെത്ത് മൂണിയാകും ഓസ്ട്രേലിയയുടെ ഓപ്പണറായി എത്തുന്നത്. താരത്തിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും മത്സരത്തിൽ മൂണിയുണ്ടാകുമെന്നാണ് കോച്ച് പറയുന്നത്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ അനായാസകരമായ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 225/8 എന്ന സ്കോറാണ് നേടിയത്. മിത്താലി രാജ്(61), യസ്തി ഭാട്ടിയ(35) എന്നിവരോടൊപ്പം പുറത്താകാതെ 32 റൺസ് നേടിയ റിച്ച ഘോഷ് ആണ് തിളങ്ങിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ നാല് വിക്കറ്റ് നേടി. സോഫി മോളിനക്സ്, ഡാര്‍ളിംഗ്ടൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഓസ്ട്രേലിയയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 126 റൺസ് നേടി നല്‍കിയ അടിത്തറയുടെ മേലെയാണ് ടീമിന്റെ 9 വിക്കറ്റ് വിജയം. 77 റൺസ് നേടിയ അലൈസ ഹീലിയെ ടീമിന് നഷ്ടമായെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു.

41 ഓവറിൽ ഓസ്ട്രേലിയ വിജയം കൈവരിക്കുമ്പോള്‍ രണ്ടാം വിക്കറ്റിൽ ലാന്നിംഗ് – ഹെയിന്‍സ് കൂട്ടുകെട്ട് 101 രൺസാണ് നേടിയത്. ഹെയിന്‍സ് 93 റൺസും മെഗ് ലാന്നിംഗ് 53 റൺസും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

21 നോട്ട് ഔട്ട്, ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയ

തുടര്‍ച്ചയായി 21 ഏകദിന വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയന്‍ വനിത ടീം. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഓസ്ട്രേലിയ ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2003ല്‍ റിക്കി പോണ്ടിംഗിന്റെ കീഴില്‍ പുരുഷ ടീം നേടിയ 21 വിജയത്തിന്റെ അപരാജിത കുതിപ്പിനൊപ്പമാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ഇപ്പോളെത്തിയത്.

നിലവില്‍ ലോക ടി20 ചാമ്പ്യന്മാര്‍ കൂടിയാണ് ഓസ്ട്രേലിയന്‍ വനിത ടീം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 325/5 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇന്ന് നേടിയത്. 96 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്ന്‍സിനൊപ്പം അലൈസ ഹീലി(87), അന്നബെല്‍ സത്തര്‍ലാണ്ട്(35), ആഷ്ലൈ ഗാര്‍ഡ്നര്‍(34), ബെത്ത് മൂണി(29*), താഹ്‍ലിയ മക്ഗ്രാത്ത്(29*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോര്‍ ഓസ്ട്രേലിയ നേടിയത്.

27 ഓവറില്‍ വെറും 93 റണ്‍സിനാണ് ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ എറിഞ്ഞ് വീഴ്ത്തിയത്. 41 റണ്‍സുമായി ആമി സാത്തെര്‍ത്ത്‍വൈറ്റാണ് ടീമിന്റെ ടോപ് സ്കോറര്‍. മാഡി ഗ്രീന്‍ 22 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ട്, ജെസ്സ് ജോന്നാസെന്‍, ആഷ്‍ലൈ ഗാര്‍ഡ്നര്‍, സോഫി മോളിനെക്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. അന്നബെല്‍ സത്തര്‍ലാണ്ടും ജോര്‍ജ്ജിയ വെയര്‍ഹാമും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും ന്യൂസിലാണ്ട് താരം സൂസി ബൈറ്റ്സുമാണ് വനിത ബിഗ് ബാഷിന്റെ ഇടയ്ക്ക് തന്നെ ഈ ടൂര്‍ണ്ണമെന്റും നടത്തുന്നതിനെതിരെ പ്രതികരിച്ചത്.

ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന വിദേശ വനിത താരങ്ങളും ബിഗ് ബാഷില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളും ഇതുമായി എത്തരത്തില്‍ പൊരുത്തപ്പെടുമെന്ന് കണ്ടറിയേണ്ടത് തന്നെയാണെന്നാണ് അലൈസ ഹീലി പറഞ്ഞത്. താരം ഇതിനെക്കുറിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 29 വരെയാണ് വനിത ബിഗ് ബാഷ് നടത്തുവാനിരിക്കുന്നത്. ഐപിഎല്‍ പ്ലേ ഓഫുകള്‍ക്ക് ഒപ്പമാണ് വനിത ടി20 ചലഞ്ച് നടത്തുവാനുള്ള ബിസിസിഐ തീരുമാനം. സത്യമാണെങ്കില്‍ ഇത് നാണക്കേടാണെന്നാണ് റേച്ചല്‍ ഹെയ്ന്‍സ് ട്വീറ്റ് ചെയ്തത്. ലോകത്തെ മുന്‍ നിര പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ട ഒന്നാണെന്നും റേച്ചല്‍ ഹെയ്ന്‍സ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

https://twitter.com/RachaelHaynes/status/1289864298705989633

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റസും തന്റെ അതൃപ്തി അറിയിച്ചു. വനിത ബിഗ് ബാഷിനും വനിത ഐപിഎലിനും ഏറ്റ വലിയ തിരിച്ചടിയാണ് ഈ തീരുമാനം എന്നാണ് ബെയ്റ്റ്സ് പറഞ്ഞത്.

10/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ് കൂട്ടുകെട്ട്

വനിത ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം കൈവിട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ 123 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിന് മുമ്പ് അലൈസ ഹീലിയെ നഷ്ടമായ ടീം 3.2 ഓവറില്‍ 10/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഓസ്ട്രേലിയ രണ്ടാം തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളില്‍ നിന്ന് റേച്ചല്‍ ഹെയ്ന്‍സ്-മെഗ് ലാന്നിംഗ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടു വരികയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 95 റണ്‍സാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ.

ഒപ്പത്തിനൊപ്പം ഇരു ടീമുകളും നീങ്ങിയപ്പോള്‍ 30 പന്തില്‍ നിന്ന് 44 റണ്‍സായിരുന്നു അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. സുഗന്ദിക കുമാരി എറിഞ്ഞ 16ാം ഓവറില്‍ റേച്ചല്‍ ഹെയ്‍ന്‍സ് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 18 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം 24 പന്തില്‍ 26 ആയി ചുരുങ്ങി.

റേച്ചല്‍ ഹെയ്‍ന്‍സിന്റെ ക്യാച്ച് ശ്രീലങ്ക കൈവിട്ടുവെങ്കിലും തൊട്ടുത്ത ഓവറില്‍ താരം പുറത്തായപ്പോള്‍ ഓസ്ട്രേലിയ 17 പന്തില്‍ 18 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 47 പന്തില്‍ നിന്ന് 60 റണ്‍സാണ് റേച്ചല്‍ നേടിയത്. അതേ ഓവറില്‍ തന്നെ മെഗ് ലാന്നിംഗിന്റെ ക്യാച്ചും ശ്രീലങ്ക കൈവിട്ടു. അതിന് ശേഷം ലാന്നിംഗും നിക്കോള കാറെയും നേടിയ ബൗണ്ടറികള്‍ ടീമിനെ വിജയത്തിന് കൂടുതല്‍ അരികിലേക്ക് എത്തിച്ചു.

നിക്കോള കാറയെ നഷ്ടമായെങ്കിലും മെഗ് ലാന്നിംഗും എല്‍സെ പെറിയും ചേര്‍ന്ന് 3 പന്ത് അവശേഷിക്കെ ഓസ്ട്രേലിയയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മെഗ് ലാന്നിംഗ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി ചാമരി അട്ടപ്പട്ടു അര്‍ദ്ധ ശതകം നേടി. 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റനൊപ്പം അനുഷ്ക സഞ്ജീവനി(25), ഉമേഷ തിമാഷിനി(20), നീലാക്ഷി ഡി സില്‍വ(18) എന്നിവരും നിര്‍ണ്ണായക പ്രകടനം നടത്തി. എന്നിരുന്നാലും അട്ടപ്പട്ടു പുറത്തായ ശേഷം ശ്രീലങ്കയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം 122 എന്ന സ്കോര്‍ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോളി സ്ട്രാനോ, നിക്കോള കാറെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് വിജയം, വിജയം ഒരുക്കിയത് മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ട്

ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ 19.3 ഓവറില്‍ 150 റണ്‍സ് നേടി 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് നേടിയ അര്‍ദ്ധ ശതക പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് 147 റണ്‍സിലേക്ക് എത്തുവാന്‍ സഹായകരമായത്. 51 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും അടക്കമാണ് നീകെര്‍ക്ക് തന്റെ 62 റണ്‍സ് നേടിയത്. ലിസെല്‍ ലീ 29 റണ്‍സും മരിസാനെ കാപ്പ് 22 റണ്‍സുമാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഡെലിസ്സ കിമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗ് ലാന്നിംഗ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ മെഗ് ലാന്നിംഗ്സിന് പിന്തുണയായി റെയ്ച്ചല്‍ ഹെയ്ന്‍സ് 39 റണ്‍സ് നേടിയപ്പോള്‍ നിക്കോള കാറെ 13 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

ഒരു ഘട്ടത്തില്‍ 35/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ടുമായി മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ടാണ് ടീമിന് തുണയായി മാറിയത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായെങ്കിലും പിന്നീടുള്ള സ്കോര്‍ നിക്കോള കാറെയും അന്നാബെല്‍ സത്തര്‍ലാണ്ടും വിജയം ഉറപ്പാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ്പ് നാല് വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയാണ് താരത്തിന്റെ മാസ്മരിക പ്രകടനം.

Exit mobile version