ഓപ്പണര്‍മാരെ നഷ്ടമായ മുംബൈയെ വിജയത്തിലേക്ക് നയിച്ച് നത്താലി, ഹര്‍മ്മന്‍പ്രീതും മികവ് കാട്ടി

വനിത പ്രീമിയര്‍ ലീഗിലെ ആദ്യ സീസൺ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ വിജയം കുറിച്ച് കിരീടം സ്വന്തമാക്കിയത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 79/9 എന്ന നിലയിൽ എറിഞ്ഞ് പിടിച്ച ശേഷം അവസാന ഓവറുകളിൽ ഡൽഹിയ്ക്ക് തിരിച്ചുവരുവാന്‍ മുംബൈ അവസരം നൽകിയപ്പോള്‍ ഡൽഹി 131/9 എന്ന സ്കോറാണ് നേടിയത്.

ചേസിംഗിനിറങ്ങിയ മുംബൈയ്ക്ക് 23 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും നത്താലി സ്കിവ‍ർ – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 72 റൺസ് കൂട്ടിചേര്‍ത്ത് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. 37 റൺസ് നേടിയ കൗര്‍ പുറത്തായെങ്കിലും പതറാതെ ബാറ്റ് വീശിയ നത്താലിയ്ക്ക് പിന്തുണയായി മെലി കെറും നിര്‍ണ്ണായക റൺസ് നേടിയപ്പോള്‍ മുംബൈയ്ക്ക് ജയത്തിനായി അവസാന ഓവറിൽ 5 റൺസെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

മൂന്ന് പന്ത് അവശേഷിക്കെ ബൗണ്ടറി നേടി നത്താലി മുംബൈയ്ക്ക് കിരിടീം നേടിക്കൊടുത്തപ്പോള്‍ താരം 60 റൺസുമായി പുറത്താകാതെ നിന്നു. മെലി കെര്‍ 14 റൺസ് നേടി. നിര്‍ണ്ണായകമായ 39 റൺസാണ് ഈ കൂട്ടുകെട്ട് 4ാം വിക്കറ്റിൽ നേടിയത്.

 

അടിച്ച് തകര്‍ത്ത് നത്താലി, 182 റൺസ് നേടി മുംബൈ

വനിത പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തിൽ യുപിയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. യാസ്തിക ഭാട്ടിയ(21), ഹെയ്‍ലി മാത്യൂസ്(26) എന്നിവര്‍ മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയപ്പോള്‍ വെടിക്കെട്ട് പ്രകടനവുമായി പുറത്താകാതെ നിന്ന നത്താലി സ്കിവര്‍ ആണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ നൽകിയത്.

38 പന്തിൽ നിന്ന് 72 റൺസാണ് നത്താലി സ്കിവര്‍ നേടിയത്. 9 ഫോറും 2 സിക്സും ആണ് സ്കിവര്‍ നേടിയത്. മെലി കെര്‍ 29 റൺസും പൂജ വസ്ട്രാക്കര്‍ 4 പന്തിൽ 11 റൺസും നേടിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിൽ മിന്നും സ്കോറിലേക്ക് മുംബൈ എത്തി. യുപിയ്ക്കായി സോഫി എക്ലെസ്റ്റോൺ 2 വിക്കറ്റ് നേടി.

നിഷ്പ്രയാസം മുംബൈ, 34 പന്ത് അവശേഷിക്കവെ 9 വിക്കറ്റ് വിജയം, ഓള്‍റൗണ്ട് മികവുമായി ഹെയ്‍ലി

വനിത പ്രീമിയര്‍ ലീഗിൽ രണ്ടാം വിജയം നേടി മുംബൈ. ഹെയ്‍ലി മാത്യൂസിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ 156 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ 142 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

യാസ്തിക ഭാട്ടിയ(23) പുറത്താകുമ്പോള്‍ 5 ഓവറിൽ മുംബൈ 45 റൺസാണ് നേടിയത്. പിന്നീട് ഹെയ്‍ലിയും നത്താലിയും ചേര്‍ന്ന് 113 റൺസ് അപരാജിത കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ വെറും 56 പന്തിൽ നേടിയാണ് മുംബൈയുടെ രണ്ടാം വിജയം ഒരുക്കിയത്. പ്രീതി ബോസിനാണ് യാസ്തികയുടെ വിക്കറ്റ്.

ഹെയ്‍ലി 38 പന്തിൽ 77 റൺസും നത്താലി 29 പന്തിൽ 55 റൺസുമാണ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയെ 47.4 ഓവറിൽ 218 റൺസിന് ഒതുക്കിയ ശേഷം 5 വിക്കറ്റ് നഷ്ടത്തിൽ 32.1 ഓവറിലാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്.

ലോറ വോള്‍വാര്‍ഡട്(44), നദീന്‍ ഡീ ക്ലെര്‍ക്(38) എന്നിവരോടൊപ്പം ച്ലോ ട്രയൺ നേടിയ 88 റൺസ് ആണ് ദക്ഷിണാഫ്രിക്കയുടെ സ്കോറിന് മാന്യത പകര്‍ന്നത്. ഇംഗ്ലണ്ടിനായി നത്താലി സ്കിവര്‍ നാലും കാത്റിന്‍ ബ്രണ്ട് മൂന്നും വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനായി ഓപ്പണര്‍ എമ്മ ലാംബ് നേടിയ 102 റൺസ് ആണ് വിജയ എളുപ്പമാക്കിയത്. നത്താലി സ്കിവര്‍ 55 റൺസ് നേടി.

417 റൺസിൽ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് വനിതകളുടെ ഏക ടെസ്റ്റ് മത്സരത്തിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 417/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയെ ഒന്നാം ദിവസം 284 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം നത്താലി സ്കിവറിന്റെയും ആലീസ് റിച്ചാര്‍ഡ്സിന്റെയും ശതകങ്ങളാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്തേകിയത്.

സ്കിവര്‍ 169 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ആലീസ് റിച്ചാര്‍ഡ്സ് 107 റൺസാണ് നേടിയത്. എമ്മ ലാംബ്(38), സോഫി എക്ലെസ്റ്റോൺ(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി അന്നേ ബോഷ് മൂന്നും മിലാബ 2 വിക്കറ്റും നേടി.

ഓസ്ട്രേലിയ ചാമ്പ്യന്മാർ!!! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ലോക കിരീടം നേടിയത് 71 റൺസിന്

വനിത ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ ചാമ്പ്യന്മാര്‍. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 356/5 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 285 റൺസ് മാത്രമേ നേടാനായുള്ളു. നത്താലി സ്കിവര്‍ പുറത്താകാതെ 148 റൺസുമായി പൊരുതി നിന്നുവെങ്കിലും ഓസ്ട്രേലിയുടെ സ്കോറിന്റെ 71 റൺസ് അകലെ വരെ മാത്രമേ ഇംഗ്ലണ്ടിന് എത്താനായുള്ളു.

ഓസ്ട്രേലിയയ്ക്കായി അലാന കിംഗും ജെസ്സ് ജോന്നാസനും മൂന്ന് വീതം വിക്കറ്റും മെഗാന്‍ ഷൂട്ട് രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി അലൈസ ഹീലി(170), റേച്ചൽ ഹെയ്‍ന്‍സ്(68), ബെത്ത് മൂണി(62) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 356/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിന് ആദ്യ വിജയം സമ്മാനിച്ച് ഇന്ത്യ

ഇന്ത്യയ്ക്കെതിരെ വനിത ഏകദിന ലോകകപ്പിൽ 4 വിക്കറ്റ് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്ന് ഇന്ത്യയെ 134 റൺസിന് എറിഞ്ഞിട്ട ശേഷം ഇംഗ്ലണ്ട് 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

53 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹീത്തർ നൈറ്റ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിനെ നൈറ്റും നത്താലി സ്കൈവർ ചേര്‍ന്നാണ് മുന്നോട് നയിച്ചത്.

സ്കൈവർ 45 റൺസ് നേടി പുറത്തായി. ഇന്ത്യയ്ക്കായി മേഘന സിംഗ് മൂന്ന് വിക്കറ്റ് നേടി.

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന് 298 റൺസേ നേടാനായുള്ളു.

റേച്ചൽ ഹെയ്ന്‍സ്(130), മെഗ് ലാന്നിംഗ്(86) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ബാറ്റിംഗിന് കരുത്തേകിയത്. നത്താലി സ്കിവര്‍ പുറത്താകാതെ 85 പന്തിൽ 109 റൺസും താമി ബ്യൂമോണ്ട്(74), ഹീത്തര്‍നൈറ്റ്(40) എന്നിവ‍‍ർ പൊരുതി നോക്കിയെങ്കിലും വിജയം കൈവരിക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ഓസ്ട്രേലിയന്‍ ബൗളിംഗിൽ അലാന കിംഗ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെസ്സ് ജോന്നാസ്സനും താഹ്ലിയ മഗ്രാത്തും രണ്ട് വീതം വിക്കറ്റ് നേടി.

മന്ഥാനയുടെ മികവിനും രക്ഷിക്കാനായില്ല ഇന്ത്യയെ, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയത്തിന്റെ ബലത്തിൽ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ മികവിന്റെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

മന്ഥാന 51 പന്തിൽ 70 റൺസ് നേടിയപ്പോള്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ഓവറിൽ തന്നെ ഷഫാലി പുറത്തായി ശേഷം ഹര്‍ലീന്‍ ഡിയോളിനെയും ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

13/2 എന്ന നിലയിൽ നിന്ന് 68 റൺസ് നേടി മന്ഥാന – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും 36 റൺസ് നേടിയ കൗറും പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗിന്റെ താളം തെറ്റി. 8 ഫോറും 2 സിക്സും നേടിയ സ്മൃതിയെ കാത്തറിന്‍ ബ്രണ്ടാണ് പുറത്താക്കിയത്. ഷഫാലിയുടെ വിക്കറ്റും ബ്രണ്ടിനായിരുന്നു. റിച്ച ഘോഷ് 20 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റിനുടമയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡാനിയേൽ വയട്ട് 56 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 42 റൺസ് നേടി താരത്തിന് മികച്ച പിന്തുണ നല്‍കി.

മഴ നിയമത്തിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടി ഇംഗ്ലണ്ട്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ മഴ നിയമത്തിൽ 18 റൺസിന്റെ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയപ്പോള്‍ ഇന്ത്യ 8.4 ഓവറിൽ 54/3 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

27 പന്തിൽ 55 റൺസ് നേടിയ നത്താലി സ്കിവര്‍, 28 പന്തിൽ 31 റൺസ് നേടിയ ഡാനിയേല്‍ വയട്ട്, 27 പന്തിൽ 43 റൺസ് നേടിയ എമി എല്ലന്‍ ജോൺസ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിംഗിന് കരുത്തേകിയത്. ഇന്ത്യയ്ക്കായി ശിഖ പാണ്ടേ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ ഷഫാലി വര്‍മ്മയെ നഷ്ടമായ ശേഷം സ്മൃതി മന്ഥാനയും ഹര്‍ലീന്‍ ഡിയോളും ചേര്‍ന്ന് 44 റൺസ് രണ്ടാം വിക്കറ്റിൽ നേടി. 29 റൺസ് നേടിയ സ്മൃതിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത്തെ വിക്കറ്റ് നേടിയത്. അധികം വൈകാതെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിനെയും നഷ്ടമായി.

ഏതാനും പന്തുകള്‍ക്ക് ശേഷം മഴ കളി തടസ്സപ്പെടുത്തുകയും പിന്നീട് മത്സരം പുനരാരംഭിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇംഗ്ലണ്ടിന് വിജയം ലഭ്യമായി മാറുകയായിരുന്നു.

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ അനായാസ ജയം നേടി ഇംഗ്ലണ്ട്. ഇന്ത്യ നല്‍കിയ 202 റൺസ് വിജയ ലക്ഷ്യം 34.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. 87 റസ് നേടിയ താമി ബ്യൂമോണ്ടും 74 റൺസ് നേടിയ നത്താലി സ്കിവറുമാണ് ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്.

മൂന്നാം വിക്കറ്റിൽ 119 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ലൗറന്‍ വിന്‍ഫീൽഡ് ഹില്ലിന്റെയും(16), ഹീത്തര്‍ നൈറ്റിന്റെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ഏകത ബിഷ്ടും ജൂലന്‍ ഗോസ്വാമിയും ഓരോ വിക്കറ്റ് നേടി.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ 16.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആണ് മെല്‍ബേണ്‍ ലക്ഷ്യം മറികടന്നത്.

അലാന കിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് പെര്‍ത്തിന്റെ താളം തെറ്റിച്ചത്. അലാന 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. പെര്‍ത്ത് നിരയില്‍ 32 റണ്‍സ് നേടിയ ബോള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി 27 റണ്‍സ് നേടി. ഹീത്തര്‍ ഗ്രഹാം(18), സാറ ഗ്ലെന്‍(19) എന്നിവരും പെര്‍ത്തിന്റെ സ്കോറിംഗില്‍ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിന് വേണ്ടി നത്താലി സ്കിവര്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ അന്നാബെല്‍ സത്തര്‍ലാണ്ട് 30 റണ്‍സ് നേടി. മെഗ് ലാന്നിംഗ് 22 റണ്‍സും എല്‍സെ വില്ലാനി 18 റണ്‍സും നേടി പുറത്തായി. സാറ ഗ്ലെന്‍, ഹീത്തര്‍ ഗ്രഹാം, സോഫി ഡിവൈന്‍ എന്നിവര്‍ പെര്‍ത്തിന് വേണ്ടി ഓരോ വിക്കറ്റ് നേടി.

Exit mobile version