ഇന്ത്യൻ വംശജയായ ഹസ്രത് ഗിൽ WBBL 2024-ൽ മെൽബൺ സ്റ്റാർസിൽ കളിക്കും

18 കാരിയായ ഇന്ത്യൻ വംശജയായ ക്രിക്കറ്റ് താരം ഹസ്രത് ഗിൽ, വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിന് (WBBL) 2024-ൽ മെൽബൺ സ്റ്റാർസുമായി കരാർ ഒപ്പുവച്ചു. ടൂർണമെൻ്റ് ആരംഭിക്കാനിരിക്കെ, ഇന്ത്യൻ അന്താരാഷ്‌ട്ര താരങ്ങളായ ദീപ്തി ശർമ്മ, യാസ്തിക ഭാട്ടിയ എന്നിവരോടൊപ്പം അവർ സ്റ്റാർസ് ടീമിലെത്തി.

പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഗിൽ അടുത്തിടെ 2024-25 വനിതാ ദേശീയ ക്രിക്കറ്റ് ലീഗിനായി (WNCL) വിക്ടോറിയയുമായി തൻ്റെ കന്നി കരാർ നേടിയിരുന്നു. ഈ വർഷമാദ്യം, ശ്രീലങ്കയിൽ ഓസ്‌ട്രേലിയ U19-നെ പ്രതിനിധീകരിച്ച്, വനിതാ അണ്ടർ 19 ടി20 ടൂർണമെൻ്റിൽ 48 റൺസും ആറ് വിക്കറ്റും നേടി ഹസ്രത് തൻ്റെ ഓൾറൗണ്ട് കഴിവുകൾ പ്രകടിപ്പിച്ചിരുന്നു.

ഒക്‌ടോബർ 27 ന് പെർത്തിലെ WACA യിൽ പെർത്ത് സ്‌കോർച്ചേഴ്‌സിനെതിരെ മെൽബൺ സ്റ്റാർസ് WBBL കാമ്പെയ്ൻ ആരംഭിക്കും. കഴിഞ്ഞ സീസണിൽ നിരാശാജനകമായ ഏഴാം സ്ഥാനത്തിന് ശേഷം, ഈ വർഷം തങ്ങളുടെ നില മെച്ചപ്പെടുത്താനാണ് സ്റ്റാർസ് ലക്ഷ്യമിടുന്നത്.

ബിഗ് ബാഷിൽ സ്മൃതി മന്ദാന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ കളിക്കും

വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് (WBBL) സീസണിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ കളിക്കും. സ്മൃതിയുടെ ബിഗ് ബാഷിലെ നാലാം ക്ലബാകും ഇത്. മുമ്പ് ബ്രിസ്ബെയ്ൻ ഹീറ്റ്, ഹോബാർട്ട് ഹുറികെൻസ്, സിഡ്നി തണ്ടർ തുടങ്ങിയ WBBL ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

രണ്ട് ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡുകൾ നേടിയ സ്മൃതി മന്ദാന മുമ്പ് സ്‌ട്രൈക്കേഴ്‌സ് കോച്ച് ലൂക്ക് വില്യംസിന് കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ കളിച്ചിട്ടുണ്ട്. അവിടെ ഈ വർഷമാദ്യം അവർ ഒരുമിച്ച് കിരീടം നേടിയിരുന്നു.

ഒക്ടോബർ 27-ന് അഡ്‌ലെയ്ഡ് ഓവലിൽ ബ്രിസ്ബേൻ ഹീറ്റിനെതിരെ സ്‌ട്രൈക്കേഴ്‌സ് അവരുടെ സീസൺ ആരംഭിക്കും.

പരിക്ക്, അലൈസ ഹീലിയ്ക്ക് ശസ്ത്രക്രിയ

അലൈസ ഹീലിയ്ക്ക് പരിക്ക്. താരം ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നാണ് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സ് പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. അതേ സമയം പകരക്കാരിയെ സിഡ്നി സിക്സേഴ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ സീസൺ പൂര്‍ണ്ണമായി താരത്തിന് നഷ്ടമാകില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഹീലിയുടെ അഭാവത്തിൽ യുവ കീപ്പര്‍ കേറ്റ് പെല്ലേയ്ക്ക് രണ്ടാം മത്സരം ലഭിയ്ക്കുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 19ന് താരം മെൽബേൺ സ്റ്റാര്‍സിനെതിരെ തന്റെ വനിത ബിഗ് ബാഷ് അരങ്ങേറ്റം കുറിച്ചിരുന്നു.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് വനിത ബിഗ് ബാഷ് ജേതാക്കള്‍

സിഡ്നി സിക്സേഴ്സിനെ പരാജയപ്പെടുത്തി വനിത ബിഗ് ബാഷ് 2022 കിരീട ജേതാക്കളായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് 10 റൺസ് വിജയം ആണ് സ്ട്രൈക്കേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 147/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേഴ്സ് 20 ഓവറിൽ 137 റൺസിന് ഓള്‍ഔട്ട് ആയി.

37 പന്തിൽ 52 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ് സ്ട്രൈക്കേഴ്സ് ബാറ്റിംഗിൽ തിളങ്ങിയത്. കേറ്റി മാക് 31 റൺസും താഹ്‍ലിയ മഗ്രാത്ത് 24 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന് വേണ്ടി എൽസെ പെറി(33), മൈറ്റലന്‍ ബ്രൗൺ(34), നികോള്‍ ബോള്‍ട്ടൺ(32) എന്നിവരെല്ലാം തങ്ങളുടെ ഇന്നിംഗ്സ് അവസാനം വരെ കൊണ്ടു പോകാനാകാതെ പുറത്തായത് ടീമിന് വിനയായി.

ബൗളിംഗിലും 2 വിക്കറ്റുമായി ഡോട്ടിന്‍ തിളങ്ങിയപ്പോള്‍ അവസാന ഓവറിൽ 23 റൺസായിരുന്നു വിജയത്തിനായി സിക്സേഴ്സ് നേടേണ്ടിയിരുന്നത്. അതിൽ 12 റൺസ് നേടാന്‍ മാത്രേ സിക്സേഴ്സിന് സാധിച്ചുള്ളു.

ദി ഹണ്ട്രെഡും ബിഗ് ബാഷും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിച്ചു, ഇന്ത്യന്‍ വനിതകള്‍ക്കും അത് പോലെ ഒരു ലീഗ് വേണം – സ്മൃതി മന്ഥാന

വനിത ഐപിഎൽ ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള കാര്യമാണെന്ന് പറ‍ഞ്ഞ് ഇന്ത്യന്‍ വനിത താരം സ്മൃതി മന്ഥാന. ദി ഹണ്ട്രെഡും ബിഗ് ബാഷും മികച്ച ടൂര്‍ണ്ണമെന്റുകളാണ്, അത് വിദേശ താരങ്ങള്‍ക്കും അതാത് രാജ്യങ്ങളിലെ പ്രാദേശിക താരങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്ത് വളരെ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് പോലെ ഇന്ത്യയിലും ഒരു വനിത ഐപിഎൽ പോലുള്ള ഒന്ന് വരികയാണെങ്കിൽ അത് വലിയ സഹായം ആകുമെന്നും സ്മൃതി വ്യക്തമാക്കി.

ബിഗ് ബാഷിലും ദി ഹണ്ട്രെഡിലും കളിക്കുന്നത് വഴി താരങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഇത്തരത്തിലൊരു ടൂര്‍ണ്ണമെന്റ് ഇന്ത്യയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മൃതി സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും സീസണിലായി ബിസിസിഐ ഐപിഎലിനിടെ സാംപിള്‍ രീതിയിൽ വനിത ചലഞ്ചര്‍ ട്രോഫി സംഘടിപ്പിക്കാറുണ്ടെങ്കിലും വെറും മൂന്ന് ടീമുകളും അഞ്ചിൽ താഴെ ദിവസവും മാത്രമാണ് മത്സരം നീണ്ട് നിൽക്കുന്നത്. ഇതിന് സമഗ്രമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ജെമിമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും

ഇന്ത്യൻ വനിതാ ദേശീയ ടീം താരം ജെമീമ റോഡ്രിഗ അടുത്ത സീസൺ വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കും.ഒക്ടോബറിൽ ആണ് വനിതാ ബിഗ് ബാഷ് ലീഗാരംഭിക്കുന്നത്. ഇന്ത്യ ബാറ്റർ ജെമിമ റോഡ്രിഗസ് മെൽബൺ സ്റ്റാർസിനായി കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്.

കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനായായിരുന്നു ജെമിമ റോഡ്രിഗസ് കളിച്ചത്. 333 റൺസ് അവർക്ക് വേണ്ടി നേടാൻ ജെമിമക്ക് ആയിരുന്നു. വനിതാ ഏഷ്യാ കപ്പിനു ശേഷം ആകും ജെമിമ മെൽബൺ സ്റ്റാർസിനൊപ്പം ചേരുക

ലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും

ഹോബാര്‍ട്ടിൽ നടക്കേണ്ട വനിത ബിഗ് ബാഷ് മത്സരങ്ങള്‍ ടാസ്മാനിയയിലെ ലോക്ക്ഡൗൺ കാരണം നടക്കാതെ പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്ക്ഡൗൺ നിലനില്‍ക്കുമെങ്കിലും ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയന്‍ സര്‍ക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് അനുകൂല തീരുമാനം വന്നത്. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചു.

ടാസ്മാനിയയിൽ ലോക്ക്ഡൗൺ, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് ഭീഷണി

ടാസ്മാനിയ ലോക്ക്ഡൗണിലേക്ക് പോയതോടെ വനിത ബിഗ് ബാഷിൽ ഹോബാര്‍ട്ടിൽ നടക്കുന്ന മത്സരങ്ങള്‍ക്ക് ഭീഷണി. മത്സരങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് ദിവസത്തേക്കാണ് ടാസ്മാനിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 19, 20 തീയ്യതികിളിലായി നാല് മത്സരങ്ങളാണ് ഹോബാര്‍ട്ടിലെ ബെല്ലേറീവ് ഓവലില്‍ നടക്കാനിരിക്കുന്നത്. വനിത ബിഗ് ബാഷിൽ ആദ്യത്തെ 20 മത്സരങ്ങള്‍ ഹോബാര്‍ട്ടിലാണ് നടക്കുന്നത്. പിന്നീട് ടൂര്‍ണ്ണമെന്റ് അഡിലെയ്ഡ്, പെര്‍ത്ത്, മക്കായി എന്നിവിടങ്ങളിലേക്ക് നീങ്ങും.

8 ടീമിൽ ഏഴ് ടീമും ഹോബാര്‍ട്ടിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.

ഫൈനല്‍ സ്ഥാനം കൈവിട്ട് ബ്രിസ്ബെയിന്‍ ഹീറ്റ്, സിഡ്നി തണ്ടറിന്റെ അവിശ്വസനീയ തിരിച്ചുവരവ്

3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

144 റണ്‍സ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ബ്രിസ്ബെയിന്‍ 131 റണ്‍സിന് 18.3 ഓവറില്‍ ഓള്‍ഔട്ട് ആയി. 17 പന്തില്‍ നിന്ന് 37 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന ലൗറ കിമ്മിന്‍സിന്റെ വിക്കറ്റ് 17ാം ഓവറിന്റെ അവസാന വിക്കറ്റില്‍ വീഴ്ത്തിയാണ് മത്സരത്തിലേക്ക് സിഡ്നി തണ്ടറിന്റെ ശക്തമായ തിരിച്ചുവരവ്.

ജോര്‍ജ്ജിയ റെഡ്മെൈന്‍(25), നദൈന്‍ ഡീ ക്ലെര്‍ക്ക്(27), ജെസ്സ് ജെനാസ്സെന്‍(19) എന്നിവരും റണ്‍സ് കണ്ടെത്തിയെങ്കിലും വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി സിഡ്നി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. 3 വിക്കറ്റുമായി ഹന്ന ഡാര്‍ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം നേടി സമാന്ത ബെയ്റ്റ്സും സാമി-ജോ-ജോണ്‍സണുമാണ് തണ്ടര്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തണ്ടറിന് വേണ്ടി 48 റണ്‍സുമായി ക്യാപ്റ്റന്‍ റെയ്ച്ചല്‍ ഹെയ്‍ന്‍സ് ടോപ് സ്കോറര്‍ ആയി. താമി ബ്യൂമോണ്ട് ഓപ്പണിംഗ് ഇറങ്ങി 27 റണ്‍സ് നേടിയാണ് ടീമിന്റെ സ്കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലേക്ക് എത്തിച്ചത്.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ സിഡ്നി തണ്ടറിന്റെ എതിരാളികള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ്.

വനിത ബിഗ് ബാഷ്, സെമി ലൈനപ്പ് ഇപ്രകാരം

വനിത ബിഗ് ബാഷില്‍ സെമി ഫൈനല്‍ ലൈനപ്പ് തയ്യാര്‍. ആദ്യ സെമിയില്‍ ബുധനാഴ്ച (25 നവംബര്‍) മെല്‍ബേണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ നവംബര്‍ 26ന് ബ്രിസ്ബെയിന്‍ ഹീറ്റും സിഡ്നി തണ്ടറും ഏറ്റുമുട്ടും. നവംബര്‍ 28 ശനിയാഴ്ച ആണ് ഫൈനല്‍.

പോയിന്റ് പട്ടികയില്‍ 19 പോയിന്റുമായി മെല്‍ബേണ്‍ സ്റ്റാര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ബ്രിസ്ബെയിന്‍ ഹീറ്റ് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തും സിഡ്നി തണ്ടര്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്തുമത്തി.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സും സിഡ്നി സിക്സേഴ്സും 14 വീതം പോയിന്റ് നേടിയെങ്കിലും മികച്ച റണ്‍ റേറ്റിന്റെ ബലത്തില്‍ നാലാം സ്ഥാനക്കാരായി പെര്‍ത്ത് സെമി ഉറപ്പിച്ചു. 48 പന്തില്‍ ശതകം നേടിയ അലൈസ ഹീലിയുടെ മികവില്‍ അവസാന മത്സരത്തില്‍ സിക്സേഴ്സ് വിജയം നേടിയെങ്കിലുംം റണ്‍ റേറ്റില്‍ പെര്‍ത്തിന് പിന്നില്‍ പോകുകയായിരുന്നു.

സിഡ്നി സിക്സേഴ്സിന് 25000 ഡോളര്‍ പിഴ

പ്രധാന സ്ക്വാഡില്‍ അംഗമല്ലാത്ത താരമായ ഹെയ്‍ലി സില്‍വര്‍-ഹോംസിനെ ടീം ഷീറ്റില്‍ ഉള്‍പ്പെടുത്തിയതിന് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സിന് കനത്ത പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അഡ്മിനിസ്ട്രേറ്റീവ് പിഴവ് സംഭവിച്ചുവെന്ന് സിഡ്നി മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള മത്സരം ആരംഭിച്ച ശേഷം മാത്രമാണ് മനസ്സിലാക്കിയത്.

സില്‍വര്‍-ഹോംസിന്റെ പരിക്ക് റെനഗേഡ്സിനെതിരായ മത്സരത്തിന് മുമ്പ് മാറിയെങ്കിലും താരത്തിനെ തിരികെ പ്രൈമറി സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം വനിത ബിഗ് ബാഷ് ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ താരത്തെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

സില്‍വര്‍-ഹോംസിന് മത്സരത്തില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്സ് കഴിഞ്ഞ ശേഷം തെറ്റ് മനസ്സിലാക്കിയ ടീം മാനേജ്മെന്റ് കുറ്റം സമ്മതിച്ചതോടെ ഒരു ബൗളര്‍ കുറവായി മത്സരത്തില്‍ സിക്സേഴ്സ് പന്തെറിയേണ്ടി വന്നു.

സിക്സേഴ്സില്‍ നിന്നുള്ള ഈ പിഴവ് വളരെ ഗൗരവമേറിയതാണെന്നു 25000 ഡോളര്‍ പിഴ വിധിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും ഈ വിഷയം അന്വേഷിച്ച ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും ന്യൂസിലാണ്ട് താരം സൂസി ബൈറ്റ്സുമാണ് വനിത ബിഗ് ബാഷിന്റെ ഇടയ്ക്ക് തന്നെ ഈ ടൂര്‍ണ്ണമെന്റും നടത്തുന്നതിനെതിരെ പ്രതികരിച്ചത്.

ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന വിദേശ വനിത താരങ്ങളും ബിഗ് ബാഷില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളും ഇതുമായി എത്തരത്തില്‍ പൊരുത്തപ്പെടുമെന്ന് കണ്ടറിയേണ്ടത് തന്നെയാണെന്നാണ് അലൈസ ഹീലി പറഞ്ഞത്. താരം ഇതിനെക്കുറിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 29 വരെയാണ് വനിത ബിഗ് ബാഷ് നടത്തുവാനിരിക്കുന്നത്. ഐപിഎല്‍ പ്ലേ ഓഫുകള്‍ക്ക് ഒപ്പമാണ് വനിത ടി20 ചലഞ്ച് നടത്തുവാനുള്ള ബിസിസിഐ തീരുമാനം. സത്യമാണെങ്കില്‍ ഇത് നാണക്കേടാണെന്നാണ് റേച്ചല്‍ ഹെയ്ന്‍സ് ട്വീറ്റ് ചെയ്തത്. ലോകത്തെ മുന്‍ നിര പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ട ഒന്നാണെന്നും റേച്ചല്‍ ഹെയ്ന്‍സ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

https://twitter.com/RachaelHaynes/status/1289864298705989633

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റസും തന്റെ അതൃപ്തി അറിയിച്ചു. വനിത ബിഗ് ബാഷിനും വനിത ഐപിഎലിനും ഏറ്റ വലിയ തിരിച്ചടിയാണ് ഈ തീരുമാനം എന്നാണ് ബെയ്റ്റ്സ് പറഞ്ഞത്.

Exit mobile version