കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

വനിത ബിഗ് ബാഷിൽ മാരിസാന്നെ കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. കഴിഞ്ഞ സീസണിൽ ഫൈനലില്‍ കാപ്പ് ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസും 12 വിക്കറ്റുമാണ് കഴി‍ഞ്ഞ വനിത ബിഗ് ബാഷിൽ കാപ്പിന്റെ സംഭാവന.

ഫൈനലില്‍ താരം 31 റൺസുമായി പുറത്താകാതെ നിൽക്കുകയും 1 വിക്കറ്റും നേടുകയുണ്ടായി. കഴിഞ്ഞ സീസണിൽ പെര്‍ത്തിനൊപ്പം കിരീടം നേടിയ ആവേശത്തിലാണ് താനെന്നും ഇത്തവണയും അതിനായി ശ്രമിക്കുവാന്‍ കഴിയുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും കാപ്പ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, കാപ്പിന് 150 റൺസ്, ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസിന് പുറത്ത്

ടൊണ്ടണിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള വനിത ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 284 റൺസിൽ അവസാനിച്ചു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മാരിസാന്നേ കാപ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായത്. താരം 150 റൺസാണ് നേടിയത്.

Marizannekapp

ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് 4 വിക്കറ്റ് നേടിയപ്പോള്‍ ലോറന്‍ ബെൽ 2 വിക്കറ്റും നേടി.

വീണ്ടും ത്രില്ല‍ർ, വീണ്ടും തോൽവിയേറ്റ് വാങ്ങി ന്യൂസിലാണ്ട്, ഇത്തവണ ദക്ഷിണാഫ്രിക്ക വക

ആതിഥേയരായ ന്യൂസിലാണ്ടിന് വനിത ഏകദിന ലോകകപ്പിൽ വീണ്ടും തിരിച്ചടി. ഇന്ന് നടന്ന ത്രില്ല‍‍ർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 3 പന്തുകള്‍ അവശേഷിക്കവെയാണ് ന്യൂസിലാണ്ടിനെതിരെ 2 വിക്കറ്റ് വിജയം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം ജയം ആയിരുന്നു ഇന്നത്തേത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 228 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 49.3 ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം സ്വന്തമാക്കി.

67 റൺസ് നേടിയ ലോറ വോള്‍വാ‍ർ‍‍‍ഡ്ടും 51 റൺസ് നേടി സൂനേ ലൂസും ദക്ഷിണാഫ്രിക്കയെ 161/2 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അമേലിയ കെര്‍ വീണ്ടും മത്സരത്തിലേക്ക് ന്യൂസിലാണ്ടിനെ തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്.

ലോറയെയും മിഗ്നൺ ഡു പ്രീസിനെയും അടുത്തടുത്ത ഓവറുകളിൽ അമേലിയ കെര്‍ പുറത്താക്കിയപ്പോള്‍ സൂനേ ലൂസിന്റെ വിക്കറ്റ് ഹന്നാ റോ നേടി. 170/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ പിന്നീട് മരിസാന്നേ കാപ്പിന്റെ ഇന്നിംഗ്സ് ആണ് മുന്നോട്ട് നയിച്ചത്.

12 പന്തിൽ 14 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഷബ്നിം ഇസ്മൈലിന്റെ വിക്കറ്റ് 49ാം ഓവറിന്റെ രണ്ടാം ഓവറിൽ നഷ്ടമായപ്പോള്‍ കാപ്പ് ഓവറിൽ നിന്ന് ബൗണ്ടറി നേടി ലക്ഷ്യം ഒരോവറിൽ 6 ആക്കി മാറ്റി.

അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ കാപ്പ് ലക്ഷ്യം രണ്ട് റൺസായി കുറച്ചു. അടുത്ത രണ്ട് പന്തുകളിൽ രണ്ട് സിംഗിളുകള്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വിജയം ഉറപ്പായി. ന്യൂസിലാണ്ടിനായി അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഫ്രാന്‍സസ് മക്കേ രണ്ട് വിക്കറ്റും നേടിയെങ്കിലും 34 റൺസുമായി പുറത്താകാതെ നിന്ന മരിസാന്നേ കാപ്പ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി.

ചാമ്പ്യന്മാർക്ക് വിജയം കിട്ടാക്കനി, 20 വർഷത്തിനിടെ ഇംഗ്ലണ്ടിനെ ആദ്യമായി പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

വനിത ഏകദിന ലോകകപ്പിൽ വീണ്ടും തോൽവിയേറ്റ് വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ന് 3 വിക്കറ്റ് വിജയം ദക്ഷിണാഫ്രിക്ക 4 പന്ത് ബാക്കി നില്‍ക്കവെ നേടിയപ്പോള്‍ അത് ചരിത്ര നിമിഷം കൂടിയായിരുന്നു. 20 വ‍ർഷത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ വിജയം നേടുന്നത്.

49ാം ഓവറിന്റെ രണ്ടാം പന്തിൽ 32 റൺസ് നേടിയ മരിസാന്നേ കാപ്പിന്റെ വിക്കറ്റ് നഷ്ടമായത് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ ബാധിച്ചു. അപ്പോള്‍ പത്ത് പന്തിൽ പത്ത് റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.

പകരം ക്രീസിലെത്തിയ ഷബ്നിം ഇസ്മൈൽ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടിയതോടെ ലക്ഷ്യം 9 പന്തിൽ ആറായി മാറി. ഓവറിൽ നിന്ന് 2 റൺസ് കൂടി വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 4 റൺസായി മാറി.

ലക്ഷ്യം രണ്ട് പന്തിൽ മറികടന്ന് ത്രിഷ ഷെട്ടിയും(13*) ഷബ്നിം ഇസ്മൈലും(5*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നിമിഷം സമ്മാനിക്കുകയായിരുന്നു.

ലോറ വോള്‍വാർ‍‍ഡട് 77 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. സൂനേ ലൂസ് 36 റൺസും ടാസ്മിൻ ബ്രിട്ട്സ് 23 റൺസും നേടി നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി താമി ബ്യൂമോണ്ട്(62), ആമി എല്ലൻ ജോൺസ്(53) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 9 വിക്കറ്റ് നഷ്ടത്തിൽ 235 റൺസിലേക്ക് എത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാന്നേ കാപ്പ് 5 വിക്കറ്റ് നേടി. ച്ലോ ട്രയൺ 2 വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിജയം

ഇന്ത്യയെ 188 റണ്‍സില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 10 പന്ത് അവശേഷിക്കെ മറികടന്ന് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ നാലാം ജയം ആണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മിഗ്നണ്‍ ഡു പ്രീസ് – അന്നേ ബോഷ് കൂട്ടുകെട്ട് ആണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. 27/3 എന്ന നിലയില്‍ വീണ ടീമിനെ ഈ കൂട്ടുകെട്ട് 96 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിക്കുകയായിരുന്നു. 58 റണ്‍സ് നേടിയ അന്നേ ബോഷിനെയും 57 റണ്‍സ് നേടിയ മിഗ്നണിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും മത്സരത്തില്‍ പിടിമുറുക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

മരിസാന്നേ കാപ്പും നദീന്‍ ഡീ ക്ലെര്‍ക്കും ആറാം വിക്കറ്റില്‍ 57 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഉറപ്പാക്കിയത്. കാപ്പ് 36 റണ്‍സും നദീന്‍ 19 റണ്‍സും നേടി ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി രാജേശ്വരി ഗായക്വാഡ് മൂന്ന് വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന

ദക്ഷിണാഫ്രിക്കയുടെ ന്യൂ ബോള്‍ ബൗളിംഗ് സഖ്യമായ മരിസാനെ കാപ്പും ഷബ്നിം ഇസ്മൈലും ലോകത്തിലെ തന്നെ മുന്തിയ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇരുവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അവര്‍ക്കെതിരെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുവാന്‍ ഏറെ പ്രയാസകരമാണെന്ന് സ്മൃതി വ്യക്തമാക്കി.

ലോകത്തിലെ ഒന്നാം നിര പേസര്‍മാരാണ് ഇരുവരും എന്നും ഇരുവരും തങ്ങളുടെ ബൗളിംഗ് സമീപനത്തില്‍ ഏറെ വ്യത്യസ്തരാണെന്നും സ്മൃതി പറഞ്ഞു. ഇരുവരും എറിയുന്ന പന്തുകളുടെ ലൈനും ലെംഗ്ത്തും തന്നെ വ്യത്യസ്തമായതിനാല്‍ ഇരുവശത്ത് നിന്നും ഇവര്‍ പന്തെറിയുമ്പോള്‍ നടത്തേണ്ട അഡ്ജസ്റ്റ്മെന്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് സ്മൃതി പറഞ്ഞു.

താന്‍ അവരെ ആറ് വര്‍ഷത്തോളമായി കളിക്കുന്നതിനാല്‍ അവരുടെ ശക്തി തനിക്ക് അറിയാമെന്നും അവരെന്താവും ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലാക്കി എറിയുന്ന പന്തിനെ മാത്രം ശ്രദ്ധിച്ച് നേരിടുവാനാണ് ശ്രമിക്കാറെന്നും സ്മൃതി സൂചിപ്പിച്ചു. ഇത് മാത്രമാണ് തന്റെ അവര്‍ക്കെതിരെയുള്ള നയം എന്നും സ്മതി വ്യക്തമാക്കി.

രണ്ടാം മത്സരത്തിലും പാക്കിസ്ഥാന് പരാജയം

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നല്‍കിയ 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന് പരാജയം. 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിലാണ് 252 റണ്‍സ് നേടിയത്.

45 പന്തില്‍ 68 റണ്‍സ് നേടിയ മരിസാനെ കാപ്പ്, ലിസെല്ലേ ലീ(47), സൂനേ ലൂസ്(32), ലാര ഗോഡാള്‍(26), ലോറ വോള്‍വാര്‍ഡട്(27) എന്നിവരാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി ഡയാന ബൈഗ്, നശ്ര സന്ധു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന് 239 റണ്‍സ് മാത്രമേ നേടാനായുള്ളു. 81 റണ്‍സുമായി ആലിയ റിയാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ നിദ ദാര്‍ 51 റണ്‍സും ഒമൈമ സൊഹൈല്‍ 41 റണ്‍സും നേടി. 4 വിക്കറ്റ് നേടിയ അയാബോംഗ ഖാകയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. മരിസാനെ കാപ്പ് മൂന്ന് വിക്കറ്റ് നേടി ബൗളിംഗിലും തിളങ്ങി.

ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് വിജയം, വിജയം ഒരുക്കിയത് മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ട്

ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ 19.3 ഓവറില്‍ 150 റണ്‍സ് നേടി 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് നേടിയ അര്‍ദ്ധ ശതക പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് 147 റണ്‍സിലേക്ക് എത്തുവാന്‍ സഹായകരമായത്. 51 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും അടക്കമാണ് നീകെര്‍ക്ക് തന്റെ 62 റണ്‍സ് നേടിയത്. ലിസെല്‍ ലീ 29 റണ്‍സും മരിസാനെ കാപ്പ് 22 റണ്‍സുമാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഡെലിസ്സ കിമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗ് ലാന്നിംഗ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ മെഗ് ലാന്നിംഗ്സിന് പിന്തുണയായി റെയ്ച്ചല്‍ ഹെയ്ന്‍സ് 39 റണ്‍സ് നേടിയപ്പോള്‍ നിക്കോള കാറെ 13 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

ഒരു ഘട്ടത്തില്‍ 35/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ടുമായി മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ടാണ് ടീമിന് തുണയായി മാറിയത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായെങ്കിലും പിന്നീടുള്ള സ്കോര്‍ നിക്കോള കാറെയും അന്നാബെല്‍ സത്തര്‍ലാണ്ടും വിജയം ഉറപ്പാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ്പ് നാല് വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയാണ് താരത്തിന്റെ മാസ്മരിക പ്രകടനം.

Exit mobile version