ശതകം നഷ്ടമായെങ്കിലും ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്‍

കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ചേസിംഗ് ആരംഭിച്ച ഡല്‍ഹി 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കുമ്പോള്‍ ഡല്‍ഹി ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 59 റണ്‍സാണ് നേടിയത്.

സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 107 റണ്‍സാണ് 11 ഓവറില്‍ ഡല്‍ഹി നേടിയത്. സ്മിത്ത് വെറും 9 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് കൂട്ടുകെട്ടില്‍ ഭൂരിഭാഗം സ്കോറിംഗും ശിഖര്‍ ധവാന്റെ വകയായിരുന്നു. തന്റെ ശതകത്തിന് 8 റണ്‍സ് അകലെ ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ധവാന്‍ 13 ബൗണ്ടറിയും രണ്ട് സിക്സുമാണ് നേടിയത്.

പന്തും ധവാനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ധവാന്റെ വിക്കറ്റ്. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും നേടി സ്റ്റോയിനിസിന്റെ മികവില്‍ ഡല്‍ഹി 20 റണ്‍സ് നേടിയതോടെ മത്സരം പഞ്ചാബ് കൈവിടുന്ന സാഹചര്യം ഉണ്ടായി. തൊട്ടടുത്ത ഓവറില്‍ ജൈ റിച്ചാര്‍ഡ്സണ്‍ 15 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കിയെങ്കിലും സ്റ്റോയിനിസും ലളിത് യാദവും ലക്ഷ്യം 12 പന്തില്‍ 8 റണ്‍സാക്കി മാറ്റി.

സ്റ്റോയിനിസ് 13 പന്തില്‍ 27 റണ്‍സും ലളിത് യാദവ് 6 പന്തില്‍ 12 റണ്‍സും നേടി വിജയ സമയത്ത് ഡല്‍ഹിയ്ക്കായി ക്രീസിലുണ്ടായിരുന്നു.

ഡല്‍ഹി ബൗളിംഗിനെ തച്ചുതകര്‍ത്ത് മയാംഗും രാഹുലും, ഡല്‍ഹിയ്ക്ക് ജയിക്കുവാന്‍ 196 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്. 122 റണ്‍സാണ് 12.4 ഓവറില്‍ മയാംഗ് അഗര്‍വാളും ലോകേഷ് രാഹുലും നേടിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ നിലയുറപ്പിക്കുവാന്‍ അനുവദിച്ചില്ല. കൂടുതല്‍ അപകടകാരിയായത് മയാംഗ് അഗര്‍വാള്‍ ആയിരുന്നു.

36 പന്തില്‍ 69 റണ്‍സ് നേടിയ മയാംഗിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഐപിഎല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്ന ലുക്മാന്‍ മെരിവാലയാണ് മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് നേടിയത്. മയാംഗ് പുറത്തായ ശേഷം രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. 51 പന്തില്‍ 61 റണ്‍സ് നേടിയ താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.

അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റുകള്‍ നേടിയെങ്കിലും ദീപക് ഹൂഡയും ഷാരൂഖ് ഖാനും ടീമിന്റെ സ്കോര്‍ 195 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഹൂഡ 13 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന്‍ 5 പന്തില്‍ 15 റണ്‍സുമാണ് നേടിയത്.

സ്മിത്ത് ഡല്‍ഹിയ്ക്കായി കളിക്കുന്നു, പഞ്ചാബിന് വേണ്ടി ജലജ് സക്സേനയുടെ അരങ്ങേറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഋഷഭ് പന്ത്

പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്ത്. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട പഞ്ചാബ് കിംഗ്സ് ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ ടീമില്‍ ജലജ് സക്സേന ആദ്യമായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. അതേ സമയം ഡല്‍ഹി നിരയില്‍ സ്റ്റീവ് സ്മിത്ത് തിരികെ എത്തുകയാണ്.ലുക്മാന്‍ മെറിവാല ടീമിലെത്തുമ്പോള്‍ ടോം കറനും അജിങ്ക്യ രഹാനെയും പുറത്ത് പോകുന്നു.

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Chris Gayle, Deepak Hooda, Nicholas Pooran, Shahrukh Khan, Jhye Richardson, Jalaj Saxena, Mohammed Shami, Riley Meredith, Arshdeep Singh

ഡല്‍ഹി ക്യാപിറ്റല്‍സ് : Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Marcus Stoinis, Lalit Yadav, Chris Woakes, Ravichandran Ashwin, Kagiso Rabada, Avesh Khan, Lukman Meriwala

15.4 ഓവറില്‍ വിജയം സ്വന്തമാക്കി ചെന്നൈ, ആറ് വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സ് നേടിയ 106/8 എന്ന സ്കോര്‍ 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു.

റുതുരാജ് 16 പന്തില്‍ 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗായക്വാഡ് പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലി അനായാസം ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫാഫ് ഡു പ്ലെസിയും താരത്തിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. 31 പന്തില്‍ 46 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അശ്വിനാണ് നേടിയത്.

ലക്ഷ്യത്തിന് വളരെ അടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു.

മുഹമ്മദ് ഷമി പഞ്ചാബ് കിംഗ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

പഞ്ചാബിന് പണി കൊടുത്ത് ദീപക് ചഹാര്‍, ഒറ്റയാള്‍ പോരാട്ടവുമായി ഷാരൂഖ് ഖാന്‍

പഞ്ചാബ് കിംഗ്സിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ദീപക് ചഹാര്‍. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ദീപക് ചഹാര്‍ നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയ ചഹാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

26/5 എന്ന നിലയിലേക്ക് വീണ പഞ്ചാബ് കിംഗ്സിനെ ഷാരൂഖ് ഖാനും ജൈ റിച്ചാര്‍ഡ്സണും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ മോയിന്‍ അലി ആണ് തകര്‍ത്തത്. 15 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണെ ആണ് അലി പുറത്താക്കിയത്.

Sharukhkhan

മുരുഗന്‍ അശ്വിനെ കൂട്ടുപിടിച്ച് ഷാരൂഖ് ഖാന്‍ മെല്ലെ പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 30 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ 17ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോ ആണ് തകര്‍ത്തത്. 6 റണ്‍സ് നേടിയ മുരുഗന്‍ അശ്വിനെ വീഴ്ത്തിയാണ് ബ്രാവോ ഇന്നിംഗ്സില്‍ ആദ്യമായി പന്തെറിയാനെത്തിയ ഓവറില്‍ വിക്കറ്റ് നേടിയത്.

36 പന്തില്‍ 47 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പോരാട്ടം ആണ് പഞ്ചാബ് കിംഗ്സിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അവസാന ഓവറില്‍ സാം കറന്‍ ആണ് താരത്തെ പുറത്താക്കിയത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് പഞ്ചാബ് കിംഗ്സ് നേടിയത്.

ദീപക് ചഹാര്‍ തന്റെ ഓപ്പണിംഗ് സ്പെല്ലില്‍ 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് നാല് വിക്കറ്റ് നേടിയത്.

ബൗളിംഗ് തിരഞ്ഞെടുത്ത് എംഎസ് ധോണി, മാറ്റങ്ങളില്ലാതെ ചെന്നൈയും പഞ്ചാബും

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. പഞ്ചാബിന് ആദ്യ മത്സരത്തില്‍ വിജയം നേടാനായപ്പോള്‍ ഡല്‍ഹിയോട് തോല്‍വിയേറ്റ് വാങ്ങിയാണ് ചെന്നൈ രണ്ടാം മത്സരത്തിനായി എത്തുന്നത്. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: KL Rahul(w/c), Mayank Agarwal, Chris Gayle, Deepak Hooda, Nicholas Pooran, Shahrukh Khan, Jhye Richardson, Murugan Ashwin, Riley Meredith, Mohammed Shami, Arshdeep Singh

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Suresh Raina, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Dwayne Bravo, Shardul Thakur, Deepak Chahar

 

ഓഫ് സൈഡിന് വെളിയില്‍ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം – അര്‍ഷ്ദീപ് സിംഗ്

സഞ്ജുവിനെതിരെ അവസാന ഓവറില്‍ 13 റണ്‍സ് ലക്ഷ്യം ഉള്ളപ്പോള്‍ പന്തെറിയുവാന്‍ പഞ്ചാബ് കിംഗ്സ് ദൗത്യം ഏല്പിച്ചത് യുവതാരം അര്‍ഷ്ദീപ് സിംഗിനെ ആയിരുന്നു. ഓവറില്‍ നിന്ന് വെറും 8 റണ്‍സ് മാത്രം വിട്ട് നല്‍കിയ താരം അവസാന പന്തില്‍ സഞ്ജുവിനെയും വീഴ്ത്തി പഞ്ചാബിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ആ ഓവര്‍ എറിയുന്നതിന് മുമ്പ് തന്റെ ഹൃദയമിടിപ്പ് വളരെ വലുതായിരുന്നുവെന്ന് അര്‍ഷ്ദീപ് സിംഗ് വ്യക്തമാക്കി.

തന്റെ പദ്ധതി സഞ്ജുവിനെതിരെ ഓഫ് സ്റ്റംപിന് വെളിയില്‍ പന്തെറിയുക എന്നതായിരുന്നുവെന്നും താരത്തിന് ബൗണ്ടറി അല്ലാതെ സിക്സ് നേടാനാകരുതെന്നായിരുന്നുവെങ്കിലും സഞ്ജു തന്നെ ഒരു സിക്സര്‍ പറത്തിയെങ്കിലും താന്‍ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുകയും അത് ഫലം കാണുകയും ചെയ്തുവെന്ന് അര്‍ഷ്ദീപ് പറഞ്ഞു.

സ്റ്റാഫും ക്യാപ്റ്റനും വളരെ പിന്തുണ നല്‍കുന്നവരാണെന്നും പ്രാക്ടീസ് മാച്ച് മുതല്‍ തന്റെ റോള്‍ എന്താണെന്ന് അവര്‍ വിശദീകരിക്കുന്നുണ്ടെന്നും അര്‍ഷ്ദീപ് പറഞ്ഞു. അത് തനിക്ക് നല്ല ആത്മവിശ്വാസം നല്‍കിയെന്നും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ഫോം തുടരുവാന്‍ തനിക്ക് സാധിച്ചുവെന്നും അര്‍ഷ്ദീപ് പറഞ്ഞു.

അര്‍ഷ്ദീപ് തന്റെ നാലോവറില്‍ 35 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റാണ് നേടിയത്.

പൊരുതി വീണ് സഞ്ജു, രാജസ്ഥാന്റെ ചേസിംഗിന് അവസാന പന്തില്‍ ഹൃദയഭേദകമായ അന്ത്യം

222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണു. അവസാന ഓവറില്‍ 13 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ വലിയ ഷോട്ടുകള്‍ നേടുവാനാകാതെ പോയി. നാലാം പന്തില്‍ സിക്സ് നേടിയ സഞ്ജു എന്നാല്‍ അഞ്ചാം പന്തില്‍ സിംഗിള്‍ എടുക്കാതെ ക്രിസ് മോറിസിനെ മടക്കിയയച്ചു. അവസാന പന്തില്‍ അഞ്ച് റണ്‍സ് ജയിക്കുവാന്‍ വേണ്ടപ്പോള്‍ സഞ്ജു ഉയര്‍ത്തിയടിച്ച പന്ത് സിക്സ് കടക്കുമെന്ന് ഏവരും കരുതിയെങ്കിലും ദീപക് ഹൂഡ താരത്തിനെ ബൗണ്ടറി ലൈനിന് ഏതാനും മീറ്റര്‍ അകലെ പിടിച്ച് പുറത്താക്കുകയായിരുന്നു. 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 12 ഫോറും 7 സിക്സുമാണ് സഞ്ജു നേടിയത്. രാജസ്ഥാന് 217 റണ്‍സ് മാത്രം നേടാനായപ്പോള്‍ പഞ്ചാബ് കിംഗ്സ് 4 റണ്‍സ് ജയം സ്വന്തമാക്കി.

ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി ബെന്‍ സ്റ്റോക്സിനെ പുറത്താക്കിയപ്പോള്‍ അര്‍ഷ്ദീപ് മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ അപകടകാരിയാകുമെന്ന് തോന്നിപ്പിച്ച മനന്‍ വോറയെ(12) പുറത്താക്കുകയായിരുന്നു. പിന്നീട് ജോസ് ബട്‍ലറും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 45 റണ്‍സ് അതിവേഗത്തില്‍ നേടിയ കൂട്ടുകെട്ടിന് എന്നാല്‍ അധികം ആയുസ്സുണ്ടായിരുന്നില്ല. 13 പന്തില്‍ 25 റണ്‍സ് നേടിയ ജോസ് ബട്‍ലറെ ജൈ റിച്ചാര്‍ഡ്സണ്‍ ആണ് പുറത്താക്കിയത്.

പിന്നീട് സഞ്ജുവിനൊപ്പം കൂട്ടായി എത്തിയ ശിവം ഡുബേയുമായി ചേര്‍ന്ന് രാജസ്ഥാന്‍ പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. 33 പന്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ അര്‍ദ്ധ ശതകം സഞ്ജു തികയ്ക്കുകയായിരുന്നു. ഇതിനിടെ റൈലി മെറിഡിത്ത് എറിഞ്ഞ ഓവറില്‍ അമ്പയര്‍ അനില്‍ ചൗധരി സഞ്ജുവിനെ എല്‍ബിഡബ്ല്യു വിധിച്ചുവെങ്കിലും താരം അത് റിവ്യൂ ചെയ്ത് തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു.

31 പന്തില്‍ 53 റണ്‍സ് കൂട്ടുകെട്ട് ആണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. 15 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. 19 പന്തില്‍ 50 റണ്‍സ് നേടിയ സഞ്ജു – റിയാന്‍ പരാഗ് കൂട്ടുകെട്ട് ലക്ഷ്യം 24 പന്തില്‍ 48 ആക്കി ചുരുക്കുകയായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ 11 പന്തില്‍ 25 റണ്‍സ് നേടിയ റിയാന്‍ പരാഗിനെ രാജസ്ഥാന് നഷ്ടമായി. 22 പന്തില്‍ 52 റണ്‍സാണ് സഞ്ജു – പരാഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 40 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടി സഞ്ജു 54 പന്തില്‍ നിന്ന് തന്റെ ശതകം തികയ്ക്കുകയായിരുന്നു. ആ ഓവറില്‍ നിന്ന് 19 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തില്‍ 21 റണ്‍സായി.

റൈലി മെറിഡിത്ത് എറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്തില്‍ തെവാത്തിയയുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ഓവറില്‍ നിന്ന് എട്ട് റണ്‍സ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 13 ആയി. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് അര്‍ഷ്ദീപ് സിംഗ് നേടിയത്.

സഞ്ജുവിനിന്ന് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ അങ്കം, ടോസ് അറിയാം

ഐപിഎലില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് ഇന്ന് ആദ്യ മത്സരം. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ പഞ്ചാബ് കിംഗ്സിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പഞ്ചാബ് നിരയില്‍ നിക്കോളസ് പൂരന്‍, ജൈ റിച്ചാര്‍ഡ്സണ്‍, റൈലി മെറിഡിത്ത്, ക്രിസ് ഗെയില്‍ എന്നിവരാണ് വിദേശ താരങ്ങള്‍. രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ്, ജോസ് ബട്‍ലര്‍, മുസ്തഫിസുര്‍ റഹ്മാന്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ വിദേശ താരങ്ങളായി കളിക്കുന്നു. പഞ്ചാബ് കിംഗ്സ് നിരയില്‍ ഷാരൂഖ് ഖാന്‍, റൈലി മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ അരങ്ങേറ്റം നടത്തുകയാണ്.

ശിവം ഡുബേ, മനന്‍ വോറ, ചേതന്‍ സ്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം ഇന്ന് നടത്തുന്നുണ്ട്.

പഞ്ചാബ് കിംഗ്സ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാള്‍, ക്രിസ് ഗെയില്‍, നിക്കോളസ് പൂരന്‍, ദീപക് ഹൂഡ, ഷാരൂഖ് ഖാന്‍, മുരുഗന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിംഗ്, ജൈ റിച്ചാര്‍ഡ്സണ്‍, റൈലി മെറിഡിത്ത്, മുഹമ്മദ് ഷമി

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‍ലര്‍, മനന്‍ വോറ, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ്സ് ഗോപാല്‍, ചേതന്‍ സ്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍

 

ഷാരൂഖ് ഖാനില്‍ താനൊരു കീറണ്‍ പൊള്ളാര്‍ഡിനെ കാണുന്നു – അനില്‍ കുംബ്ലെ

തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍ താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചു.

താരത്തിനെ ഐപിഎല്‍ 2020 ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും ഇത്തവണ അഞ്ച് കോടി രൂപയാണ് താരത്തിന് കരാര്‍ ലഭിച്ചത്. കീറണ്‍ പൊള്ളാര്‍ഡിന്റെ ചില സാമ്യം തനിക്ക് ഷാരൂഖില്‍ തോന്നിയെന്നാണ് പഞ്ചാബ് കിംഗ്സ് മെന്റര്‍ അനില്‍ കുംബ്ലെ പറഞ്ഞത്.

താരത്തിനെ ഫ്രാഞ്ചൈസി ഈ സീസണില്‍ പിന്തുണയ്ക്കുമെന്നും ആ അവസരങ്ങള്‍ ഉപയോഗിച്ച് ടീമിനെ താരം മുന്നോട്ട് നയിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് കുംബ്ലെ വ്യക്തമാക്കി. മുംബൈയില്‍ നെറ്റ്സില്‍ താന്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുവാന്‍ ഭയപ്പെട്ടത് പോലെ തന്നെയാണ് ഷാരൂഖിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും പഞ്ചാബ് കിംഗ്സ് മെന്റര്‍ പറഞ്ഞു.

 

പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ

പുതിയ സീസണ് മുന്നോടിയായി ഐ.പി.എൽ ടീമായ പഞ്ചാബ് കിങ്സിന് പുതിയ ബൗളിംഗ് പരിശീലകൻ. മുൻ ഓസ്‌ട്രേലിയൻ ഫസ്റ്റ് ക്ലാസ് താരം ഡാമിയൻ റൈറ്റിനെയാണ് പഞ്ചാബ് കിങ്‌സ് പുതിയ ബൗളിംഗ് പരിശീലകനായി നിയമിച്ചത്. റൈറ്റ് നേരത്തെ ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹരികെയ്‌നിന്റെയും മെൽബോൺ സ്റ്റാർസിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ ന്യൂസിലാൻഡ് ടീമിന്റെ ബൗളിംഗ് പരിശീലകനായും ഡാമിയൻ റൈറ്റ് പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ളദേശ് അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായും റൈറ്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ മുഖ്യ പരിശീലകനായ അനിൽ കുംബ്ലെക്ക് പുറമെ സഹ പരിശീലകൻ ആന്റി ഫ്‌ളവർ, ബാറ്റിംഗ് പരിശീലകൻ വസിം ജാഫർ, ഫീൽഡിങ് പരിശീലകൻ ജോണ്ടി റോഡ്‌സ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തിൽ ഉള്ളത്.

ജൈ റിച്ചാര്‍ഡ്സണെ ടീമിലെത്തിക്കുവാനുള്ള കാരണം വ്യക്തമാക്കി പഞ്ചാബ് കിംഗ്സ് സിഇഒ

14 കോടി രൂപയ്ക്കാണ് ബിഗ് ബാഷില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയന്‍ താരം ജൈ റിച്ചാര്‍ഡ്സണെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഇതിന് മുമ്പ് കളിച്ചിട്ടില്ലാത്ത താരത്തെ ഇത്രയും വില കൊടുത്ത് വാങ്ങിയതിന് പിന്നിലെ കാരണം ടീം സിഇഒ സതീഷ് മേനോന്‍ വ്യക്തമാക്കി.

ജൈ റിച്ചാര്‍ഡ്സണെ സ്വന്തമാക്കണമെന്ന് ടീം നേരത്തെ ചിന്തിച്ചതാണന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരമാണ് റിച്ചാര്‍ഡ്സണ്‍ എന്നാണ് ടീമിന്റെ വിശ്വാസമെന്നും മത്സരത്തിലെ ഏത് സാഹചര്യത്തിലും പന്തെറിയാനാകുമന്നതും താരത്തിന്റെ ബാറ്റിംഗ് കരുത്തുമാണ് ടീമിലേക്ക് താരത്തെ എത്തിക്കുവാന്‍ അവസാനയറ്റം വരെ പോകുവാന്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്സിനെ പ്രേരിപ്പിച്ചതെന്ന് സതീഷ് മേനോന്‍ വ്യക്തമാക്കി.

 

Exit mobile version