ത്രിപാഠിയ്ക്കൊപ്പം മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗനും, കൊല്‍ക്കത്തയ്ക്ക് 5 വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സിനെ 123/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 20 പന്തുകള്‍ അവശേഷിക്കെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 17/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 66 റണ്‍സ് കൂട്ടുകെട്ടുമായി രാഹുല്‍ ത്രിപാഠിയും ഓയിന്‍ മോര്‍ഗനും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

Rahultripathi

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ദീപക് ഹൂഡ ത്രിപാഠിയെ മടക്കിയയച്ചത്. 41 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ 11 ഓവറില്‍ 83 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സ്കോര്‍.

ഓയിന്‍ മോര്‍ഗന്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് 12 റണ്‍സുമായി താരത്തിന് മികച്ച പിന്തുണ നല്‍കിയ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ 19 വീതം റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഇന്നത്തെ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ 30 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന്‍ ആണ് പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ നൂറ് കത്തിയത്. 18 പന്ത് നേരിട്ട താരം മൂന്ന് സിക്സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരൈന്‍,  പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അവസാന സ്ഥാനത്ത് നിന്ന് മാറുവാന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യം, അഹമ്മദാബാദിലെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടി കൊല്‍ക്കത്ത

അഹമ്മദാബാദിലെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് മത്സരത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. പഞ്ചാബ് കിംഗ്സില്‍ ഒരു മാറ്റമാണുള്ളത്. ഫാബിയന്‍ അല്ലെന് പകരം ക്രിസ് ജോര്‍ദ്ദന്‍ ടീമിലേക്ക് എത്തുന്നു.

പഞ്ചാബ് കിംഗ്സ് : KL Rahul(w/c), Mayank Agarwal, Chris Gayle, Deepak Hooda, Nicholas Pooran, Moises Henriques, Shahrukh Khan, Chris Jordan, Mohammed Shami, Ravi Bishnoi, Arshdeep Singh

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Nitish Rana, Shubman Gill, Rahul Tripathi, Sunil Narine, Eoin Morgan(c), Dinesh Karthik(w), Andre Russell, Pat Cummins, Shivam Mavi, Prasidh Krishna, Varun Chakravarthy

പവര്‍പ്ലേയില്‍ മുന്‍തൂക്കം നേടുവാന്‍ പഞ്ചാബിന് സാധിച്ചു – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെയുള്ള വിജയത്തില്‍ ഇരു ഇന്നിംഗ്സുകളിലെ പവര്‍പ്ലേയിലും മുന്‍തൂക്കം നേടുവാന്‍ പഞ്ചാബ് കിംഗ്സിന് സാധിച്ചതാണ് ടീമിന് തുണയായതെന്ന് പറഞ്ഞ് ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാള്‍. ഇന്നലെ ബൗളിംഗില്‍ പഞ്ചാബ് മുംബൈയെ പവര്‍പ്ലേയില്‍ പിടിച്ചുകെട്ടുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മുംബൈയ്ക്ക് 21 റണ്‍സാണ് നേടാനായത്. ഇത് പവര്‍പ്ലേയിലെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍ കൂടിയാണ്.

അതേ സമയം ബാറ്റിംഗില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സാണ് പവര്‍പ്ലേയ്ക്കുള്ളില്‍ നേടിയത്. ഇതിന്റെ ബലത്തിലാണ് ചെന്നൈ വിക്കറ്റില്‍ 9 വിക്കറ്റ് വിജയം നേടുവാന്‍ പഞ്ചാബിന് സാധിച്ചത്. കാര്യങ്ങള്‍ ലളിതമായി വെച്ച് ശരിയായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കുക എന്നത് ആയിരുന്നു താനും രാഹുലും ചേര്‍ന്ന് തീരുമാനിച്ചതെന്നും മയാംഗ് വ്യക്തമാക്കി.

രണ്ട് പോയിന്റ് സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും 9 വിക്കറ്റ് വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും മയാംഗ് വ്യക്തമാക്കി.

പഞ്ചാബ് ഒരു ടീമെന്ന നിലയില്‍ പതിയെ സെറ്റായി വരുന്നു – ലോകേഷ് രാഹുല്‍

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ക്യാപ്റ്റന്റെ ഇന്നിംഗ്സ് ആണ് കെഎല്‍ രാഹുല്‍ നേടിയത്. ചെറിയ സ്കോറായിരുന്നുവെങ്കിലും ചെന്നൈയിലെ വിഷമകരമായ പിച്ചില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാനായി മുഴുവന്‍ ഓവറുകളും ബാറ്റ് ചെയ്യുവാന്‍ രാഹുലിന് സാധിച്ചപ്പോള്‍ പഞ്ചാബ് 9 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്.

തന്റെ ടീമിന് പ്ലേ ഓഫ് എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരത്തെയും മാത്രം സമീപിക്കുന്ന രീതിയാണ് ടീം അവലംബിക്കുന്നതെന്നും പറഞ്ഞ പഞ്ചാബ് കിംഗ്സ് നായകന്‍ ടീം ഇപ്പോളാണ് പതിയെ സെറ്റായി വരുന്നതെന്ന് പറഞ്ഞു. ഓരോ വര്‍ഷവും പഞ്ചാബ് ഒരു പുതിയ താരത്തെ കണ്ടെത്തുന്നുണ്ടെന്നും ടീം ഒരു യുവ ടീമാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ദീപക് ഹൂഡയും ഷാരൂഖ് ഖാനുമെല്ലാം തങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം മുതലാക്കുകയാണെന്നും ഇന്നലത്തെ മത്സരത്തില്‍ രവി ബിഷ്ണോയി തനിക്ക് ലഭിച്ച അവസരം മുതലാക്കി ടീമിന് വേണ്ടി മികവ് പുലര്‍ത്തിയെന്നും ഇനിയുള്ള മത്സരങ്ങളില്‍ നിന്നും ഇത് പോലെ രണ്ട് പോയിന്റ് വീതം ലഭിയ്ക്കുമെന്നുമാണ് പ്രതീക്ഷയെന്നും കെഎല്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബിന് വിജയം നേടിക്കൊടുത്ത് രാഹുലും ഗെയിലും

132 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് കിംഗ്സിന്റെ തുടക്കം മികച്ചതായിരുന്നുവെങ്കിലും ചെന്നൈയിലെ പ്രയാസമേറിയ പിച്ചില്‍ 17.4 ഓവറിലാണ് 1 വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം നേടിയത്. കെഎല്‍ രാഹുലും ക്രിസ് ഗെയിലും രണ്ടാം വിക്കറ്റില്‍ നേടിയ 79 റണ്‍സാണ് പഞ്ചാബിന്റെ വിജയം ഉറപ്പാക്കിയത്.

നേരത്തെ മയാംഗ് അഗര്‍വാളിന്റെ കൂടെ രാഹുല്‍ ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയിരുന്നു. മയാംഗിന്റെ വിക്കറ്റ് രാഹുല്‍ ചഹാര്‍ ആണ് വീഴ്ത്തിയത്. 25 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. 50 പന്തില്‍ നിന്നാ‍ണ് ലോകേഷ് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

24 റണ്‍സായിരുന്നു അവസാന നാലോവറില്‍ വിജയത്തിനായി പഞ്ചാബ് നേടേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സാണ് പഞ്ചാബ് നേടിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ ഗെയില്‍ അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് കൈമാറി.

ലോകേഷ് രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ സിക്സും ഫോറും നേടിയപ്പോള്‍ 17.4 ഓവറില്‍ പഞ്ചാബ് വിജയം നേടി. രാഹുല്‍ 60 റണ്‍സും ഗെയില്‍ 43 റണ്‍സുമാണ് പഞ്ചാബിന് വേണ്ടി നേടിയത്.

തിളങ്ങിയത് രോഹിത്തും സൂര്യകുമാര്‍ യാദവും മാത്രം, മുംബൈയെ 131 റണ്‍സിന് ഒതുക്കി പഞ്ചാബ് കിംഗ്സ്

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 131 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയും(3), ഇഷാന്‍ കിഷനെയും(6) വേഗത്തില്‍ നഷ്ടമായ മുംബൈയെ മുന്നോട്ട് നയിച്ചത് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ആയിരുന്നു. 79 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ ഇവര്‍ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സൂര്യകുമാര്‍ യാദവിനെ രവി ബിഷ്ണോയി പുറത്താക്കിയത്. 33 റണ്‍സായിരുന്നു സൂര്യുമാര്‍ യാദവ് നേടിയത്. അധികം വൈകാതെ രോഹിത്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 52 പന്തില്‍ നിന്നാണ് രോഹിത് 63 റണ്‍സ് നേടിയത്.

ഇരുവരുടെയും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായതും പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാനും സാധിക്കാതെ പോയപ്പോള്‍ മുംബൈയുടെ സ്കോര്‍ 131 റണ്‍സില്‍ ഒതുങ്ങി.

മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും 21 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് വീതമാണ് നേടിയത്.

ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്സ്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനോട് ആദ്യം ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് കിംഗ്സ് നായകന്‍ ലോകേഷ് രാഹുല്‍. പഞ്ചാബ് നിരയില്‍ ഒരു ചേഞ്ച് ആണുള്ളത്. രവി ബിഷ്ണോയി മുരുഗന്‍ അശ്വിന് പകരം ടീമിലേക്ക് എത്തുന്നു. രോഹിത് ആദ്യം ബാറ്റ് ചെയ്യുവാനായിരുന്നു തീരുമാനം എന്ന് അറിയിച്ചു. മുംബൈ നിരയില്‍ മാറ്റമൊന്നുമില്ല.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Krunal Pandya, Kieron Pollard, Jayant Yadav, Rahul Chahar, Jasprit Bumrah, Trent Boult

പഞ്ചാബ് കിംഗ്സ്: KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Deepak Hooda, Moises Henriques, Shahrukh Khan, Fabian Allen, Mohammed Shami, Ravi Bishnoi, Arshdeep Singh

ഒടുവില്‍ സൂര്യന്‍ ഉദിച്ചു, ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്

ഐപിഎല്‍ 2021ലെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിജയം കണ്ടെത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് പഞ്ചാബ് കിംഗ്സിനെ 120 റണ്‍സിലൊതുക്കിയ ശേഷം ആ ലക്ഷ്യം 18.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദ്രാബാദ് മറികടന്നത്.

ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 10.1 ഓവറില്‍ 73 റണ്‍സ് നല്‍കി മികച്ച തുടക്കമാണ് സണ്‍റൈസേഴ്സിന് നല്‍കിയത്. ഫാബിയന്‍ അല്ലെന്‍ 37 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും ബൈര്‍സ്റ്റോയും കൂട്ടായി എത്തിയ കെയിന്‍ വില്യംസണും ചേര്‍ന്ന് ലക്ഷ്യം നാലോവറില്‍ 21 റണ്‍സാക്കി കുറച്ചു.

ബൈര്‍സ്റ്റോ 63 റണ്‍സും കെയിന്‍ വില്യംസണ്‍ 16 റണ്‍സും നേടി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 48 റണ്‍സാണ് നേടിയത്.

വീണ്ടും ബാറ്റിംഗ് മറന്ന് പഞ്ചാബ് കിംഗ്സ്, നൂറ് കടത്തി ഷാരൂഖ് ഖാന്‍

ഐപിഎലില്‍ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പഞ്ചാബ് കിംഗ്സ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ട്. 22 റണ്‍സ് വീതം നേടിയ ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍മാര്‍.

സണ്‍റൈസേഴ്സിന് വേണ്ടി  ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്. തന്റെ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് സണ്‍റൈസേഴ്സ് നിരയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറതത്തെടുത്തത്.

സണ്‍റൈസേഴ്സിനായി കേധാര്‍ ജാഥവിന്റെ അരങ്ങേറ്റം, പഞ്ചാബ് നിരയിലും രണ്ട് അരങ്ങേറ്റക്കാര്‍, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി പഞ്ചാബ് കിംഗ്സ്. പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സിന് വേണ്ടി കേധാര്‍ ജാഥവ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. അതേ സമയം ഫായിന്‍ അല്ലെന്‍, മോയിസസ് ഹെന്‍റിക്സ് എന്നിവര്‍ പഞ്ചാബ് കിംഗ്സിനായി അരങ്ങേറ്റം കുറിയ്ക്കുന്നു.

പഞ്ചാബ് നിരയില്‍ ജൈ റിച്ചാര്‍ഡ്സും റൈലി മെറിഡിത്തും ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഫാബിയന്‍ അല്ലെനും മോയിസസ് ഹെന്‍റിക്സും ടീമിലേക്ക് എത്തുമ്പോള്‍ കെയിന്‍ വില്യംസണ്‍, സിദ്ധാര്‍ത്ഥ് കൗള്‍, കേധാര്‍ ജാഥവ് എന്നിവര്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ടീമിലേക്ക് എത്തുന്നു. മനീഷ് പാണ്ടേ, മുജീബ്, അബ്ദുള്‍ സമദ് എന്നിവരാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്.

പന്ത് നനഞ്ഞിരുന്നതിനാല്‍ മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ നിയമം അത് അനുവദിക്കുന്നില്ലെന്ന് അമ്പയര്‍മാര്‍ മറുപടി നല്‍കി

ഡല്‍ഹിയ്ക്കെതിരെ മികച്ച സ്കോര്‍ നേടിയെങ്കിലും പഞ്ചാബ് കിംഗ്സിന് തോല്‍വിയായിരുന്നു ഫലം. ശിഖര്‍ ധവാന്റെ ബാറ്റിംഗ് മികവില്‍ പഞ്ചാബ് നല്‍കിയ ലക്ഷ്യം അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ പഞ്ചാബിന് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കിയത് ഡ്യൂ ആണെന്നും പഞ്ചാബ് കിംഗ്സ് നായകന്‍ പറഞ്ഞു. വെറ്റായ ബോളില്‍ പന്തെറിയുക എന്നത് പ്രയാസകരമാണെന്നും ബോള്‍ മാറ്റുവാന്‍ താന്‍ ആവശ്യപ്പെട്ടുവെങ്കിലും അമ്പയര്‍മാര്‍ റൂള്‍ ബുക്കിനെ ചൂണ്ടിക്കാണിച്ച് തന്റെ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

താനും മയാംഗും നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ഇരുനൂറിന് മേലുള്ള സ്കോര്‍ നേടേണ്ടതായിരുന്നുവെന്നും ഇനിയുള്ള മത്സരങ്ങളില്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ലോകേഷ് രാഹുല്‍ പറഞ്ഞു. തന്റെ ജന്മദിനത്തിന്റെ അന്ന് വിജയം നേടുവാനായിരുന്നുവെങ്കില്‍ അത് മധുരകരമായിരുന്നേനെ എന്നും താരം പറഞ്ഞു.

Exit mobile version