ഗോളടി തുടങ്ങി വിക്ടർ ഗ്യോകെറസ്, പ്രീ സീസണിൽ ജയവുമായി ആഴ്‌സണൽ

തങ്ങളുടെ അവസാന പ്രീ സീസൺ മത്സരമായ എമിറേറ്റ്‌സ് കപ്പ് ഫൈനലിൽ അത്ലറ്റിക് ക്ലബിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 3-0 നു തോൽപ്പിച്ചു ആഴ്‌സണൽ. തങ്ങളുടെ മികവിലേക്ക് ആഴ്‌സണൽ ഉയർന്ന മത്സരത്തിൽ 34 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. മാർട്ടിൻ സുബിമെന്റിയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഒരു ഹെഡറിലൂടെ വിക്ടർ ഗ്യോകെറസ് ആണ് ആർട്ടെറ്റയുടെ ടീമിന് മുൻതൂക്കം നൽകിയത്. ടീമിൽ ചേർന്ന ശേഷം സ്വീഡിഷ് താരം ക്ലബിന് ആയി നേരിടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്.

2 മിനിറ്റിനുള്ളിൽ ഒരു വേഗതയേറിയ കൗണ്ടറിൽ നിന്നു ഗ്യോകെറസ് മറിച്ചു നൽകിയ പന്ത് മാർട്ടിനെല്ലി സാകക്ക് നൽകി തുടർന്ന് ഈ നീക്കം തടയാൻ ആയി കയറി വന്ന ഉനയ് സൈമണിനെ മറികടന്നു വലത് കാലൻ അടിയിലൂടെ ഗോളാക്കി മാറ്റിയ ബുകയോ സാക ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ ആണ് ആഴ്‌സണൽ തുറന്നത്. ഇടക്ക് മദുയെക്കയുടെ ക്രോസിൽ നിന്നു ഗ്യോകെറസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 82 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടറിൽ നിന്നു സാകയുടെ പാസിൽ നിന്നു ഗോൾ നേടിയ കായ് ഹാവർട്സ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു ഗോൾ വരെ പന്തുമായി ഓടിയ ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഹാവർട്സ് ഈ ഗോൾ നേടുക ആയിരുന്നു.

പ്രീ സീസണിൽ ടോട്ടനത്തോട് തോൽവി വഴങ്ങി ആഴ്‌സണൽ

ഹോംകോങിൽ ഒരു ഫുട്‌ബോൾ മത്സരം കാണാൻ എത്തിയ റെക്കോർഡ് കാണികൾക്ക് മുന്നിൽ ടോട്ടനത്തോട് തോൽവി വഴങ്ങി ആഴ്‌സണൽ. സ്റ്റേഡിയം നിറഞ്ഞ ആഴ്‌സണൽ ആരാധകർക്ക് ഫലം നിരാശയാണ് നൽകിയത്. പ്രീ സീസണിൽ ആഴ്‌സണലിന്റെ ആദ്യ തോൽവി ആണ് ഇത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് തോമസ് ഫ്രാങ്കിന്റെ ടീം ആഴ്‌സണലിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ 2 തവണയാണ് ടോട്ടനം ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. ആഴ്‌സണൽ ആവട്ടെ പലപ്പോഴും ടോട്ടനം പ്രതിരോധത്തെയും പരീക്ഷിച്ചു.

45 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഗോൾ കീപ്പർ റയ നൽകിയ പാസ് ലൂയിസ് കെല്ലിയിൽ നിന്നു തട്ടിയെടുത്ത പാപ്പ സാർ ഗോൾ പോസ്റ്റിൽ നിന്ന് ഒരുപാട് കയറി നിന്ന റയയെ മറികടന്നു ഗോൾ നേടുക ആയിരുന്നു. 35 വാര അകലെ നിന്നു സാർ വലത് കാലൻ അടി കൊണ്ടാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ആഴ്‌സണൽ ശ്രമിച്ചെങ്കിലും ടോട്ടനം മുൻതൂക്കം കൈവിട്ടില്ല. ആഴ്‌സണലിന് ആയി വിക്ടർ ഗ്യോകെറസ്, ക്രിസ്റ്റ്യൻ മൊസ്ക്വര എന്നിവർ 77 മത്തെ മിനിറ്റിൽ അരങ്ങേറ്റവും കുറിച്ചു.

സിംഗപ്പൂരിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും തോൽപ്പിച്ചു ആഴ്‌സണൽ

സിംഗപ്പൂരിൽ നടന്ന തങ്ങളുടെ രണ്ടാം പ്രീ സീസൺ മത്സരത്തിലും ജയം കണ്ടെത്തി ആഴ്‌സണൽ. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ 3-2 ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. മത്സരത്തിന് മുമ്പ് തങ്ങളുടെ പുതിയ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിനെ ആഴ്‌സണൽ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചിരുന്നു. ഇരു ടീമുകളും പ്രമുഖതാരങ്ങളെ കളത്തിൽ ഇറക്കിയ മത്സരത്തിൽ ആറാം മിനിറ്റിൽ ടൊണാലിയുടെ പാസിൽ നിന്നു പുതുതായി ടീമിൽ എത്തിയ ആന്റണി എലാങ ന്യൂകാസ്റ്റിലിന് മുൻതൂക്കം നൽകി. എന്നാൽ 33 മത്തെ മിനിറ്റിൽ കായ് ഹാവർട്സിന്റെ ബാക്ക് ഹീൽ പാസിൽ നിന്നു ഗോൾ നേടിയ മിഖേൽ മെറീനോ ആഴ്‌സണലിനെ ഒപ്പം എത്തിച്ചു.

തുടർന്ന് തൊട്ടടുത്ത നിമിഷം വേഗത്തിൽ എടുത്ത ഫ്രീകിക്കിൽ നിന്നു ഹാവർട്സിന്റെ ക്രോസ് തടയാനുള്ള അലക്‌സ് മർഫിയുടെ ശ്രമം സ്വന്തം പോസ്റ്റിൽ പതിച്ചതോടെ ആഴ്‌സണൽ മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തി. തുടർന്ന് 58 മത്തെ മിനിറ്റിൽ ലൂയിസ് മൈലിയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ജേക്കബ്‌ മർഫി ന്യൂകാസ്റ്റിലിനെ ഒപ്പം എത്തിച്ചു. തുടർന്ന് 15 കാരനായ ആഴ്‌സണൽ യുവതാരം മാക്‌സ് ഡോൺമാന്റെ മികവിന് ആണ് കാണികൾ സാക്ഷിയായത്. രണ്ടു തവണ ന്യൂകാസ്റ്റിൽ ഗോൾ കീപ്പർമാരെ പരീക്ഷിച്ച ഡോൺമാൻ 84 മത്തെ മിനിറ്റിൽ പെനാൽട്ടിയും നേടി. 15 കാരന്റെ നീക്കം തടയാൻ ജോലിന്റൻ താരത്തെ ഫൗൾ ചെയ്യുക ആയിരുന്നു. തുടർന്ന് പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു.

സാകയുടെ ഗോളിൽ മിലാനെ തോൽപ്പിച്ചു ആഴ്‌സണൽ പ്രീ സീസൺ തുടങ്ങി

സിംഗപ്പൂരിൽ നടന്ന തങ്ങളുടെ ഈ സീസണിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ ജയം കണ്ടു ആഴ്‌സണൽ. പുതുതായി ടീമിൽ എത്തിയ നോർഗാർഡ്, സുബിമെന്റി, കെപ്പ തുടങ്ങിയവർ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ മാക്‌സ് ഡോൺമാൻ, സാൽമൺ, ജോഷ് നിക്കോൾസ് തുടങ്ങിയ യുവതാരങ്ങളും പന്ത് തട്ടി. ആഴ്‌സണൽ ആധിപത്യം ആണ് 2 പകുതികളിലും കാണാൻ ആയത്.

രണ്ടാം പകുതിയിൽ ജേക്കബ് കിവിയോറിന്റെ മികച്ച ക്രോസിൽ നിന്നു 53 മത്തെ മിനിറ്റിൽ ഗോൾ നേടിയ ബുകയോ സാക ആഴ്‌സണലിന് ജയം സമ്മാനിച്ചു. യുവ ഗോൾ കീപ്പർ ലോറൻസോ ടോറിയാനിയുടെ സേവുകൾ ആണ് മിലാനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു രക്ഷിച്ചത്. അരങ്ങേറ്റത്തിൽ കിട്ടിയ മിനുറ്റുകളിൽ തന്റെ മികവ് 15 കാരനായ മാക്‌സ് ഡോൺമാൻ കാണിച്ചതും ശ്രദ്ധേയമായിരുന്നു. മത്സര ശേഷം നടന്ന പ്രദർശന പെനാൽട്ടി ഷൂട്ട് ഔട്ടിൽ 3 വീതം പെനാൽട്ടി രക്ഷച്ചു കെപ്പയും,ടോറിയാനിയും തിളങ്ങി. മിലാൻ ആണ് പെനാൽട്ടി ഷൂട്ട് ഔട്ട് ജയിച്ചത്.

പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു ആഴ്‌സണൽ

അമേരിക്കയിൽ സോഫി സ്റ്റേഡിയത്തിൽ വെച്ചു നടന്ന പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു ആഴ്‌സണൽ. ഇരു ടീമുകളും യുവതാരങ്ങൾക്ക് നന്നായി അവസരം നൽകിയ മത്സരത്തിൽ 2-1 നു ആണ് 90 മിനിറ്റിനു ശേഷം ആഴ്‌സണൽ ജയിച്ചത്. യുണൈറ്റഡ് മികച്ച രീതിയിൽ തുടങ്ങിയ മത്സരത്തിൽ പത്താം മിനിറ്റിൽ മാർക്കോസ് റാഷ്ഫോർഡ് നൽകിയ പാസിൽ നിന്നു റാസ്മസ് ഹോയിലുണ്ടിലൂടെ അവർ ആണ് ആദ്യം മുന്നിൽ എത്തിയത്. മികച്ച ഗോൾ ആയിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം താരം പരിക്കേറ്റു പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി.

Gabriel Martinelli

എന്നാൽ 26 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ തിരിച്ചെത്തി. മികച്ച നീക്കത്തിന് ശേഷം ഏഥൻ ന്വനെരി നൽകിയ മികച്ച പന്തിൽ നിന്നു ഗബ്രിയേൽ ജീസുസ് ആണ് ആഴ്‌സണൽ സമനില ഗോൾ നേടിയത്. ഇതിനു ശേഷം ആദ്യ മത്സരത്തിനു ഇറങ്ങിയ പ്രതിരോധതാരം ലെനി യോറോയും പരിക്കേറ്റു പുറത്ത് പോയത് യുണൈറ്റഡിന് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ ആണ് ഇരു ടീമുകളും വരുത്തിയത്. 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ്-സ്‌കെല്ലിയുടെ പാസിൽ നിന്ന് അതുഗ്രൻ ഗോൾ കണ്ടെത്തിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. അതേസമയം മുമ്പ് തീരുമാനിച്ചത് പോലെ മത്സരത്തിനു ശേഷം നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ യുണൈറ്റഡ് ആണ് 4-3 നു ജയം കണ്ടത്.

പ്രീ സീസൺ മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയവുമായി ആഴ്‌സണൽ

അമേരിക്കയിൽ നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് ആയ ബോൺമൗതിനെ മറികടന്ന് ആഴ്‌സണൽ. 1-1 നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ആഴ്‌സണൽ ജയം കണ്ടത്. നിരവധി യുവതാരങ്ങൾക്ക് അവസരം നൽകിയ ആർട്ടെറ്റയുടെ ടീമിന് ആയി 18 മിനിറ്റിൽ ഫാബിയോ വിയേരയാണ് ആദ്യ ഗോൾ നേടിയത്. റീസ് നെൽസന്റെ പാസിൽ നിന്നു വോളിയിലൂടെ ആയിരുന്നു വിയേര ഗോൾ നേടിയത്.

രണ്ടാം പകുതിയിലും ആഴ്‌സണൽ നിരവധി മാറ്റങ്ങൾ ആണ് വരുത്തിയത്. തുടർന്ന് 73 മത്തെ മിനിറ്റിൽ സെമനിയോയിലൂടെ ബോൺമൗത് സമനില ഗോൾ കണ്ടെത്തുക ആയിരുന്നു. 90 മിനിറ്റിനു ശേഷം തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആഴ്‌സണൽ ജയം കാണുക ആയിരുന്നു. ഫിലിപ്പ് ബില്ലിങ്, റയാൻ ക്രിസ്റ്റി എന്നിവരുടെ പെനാൽട്ടി രക്ഷിച്ച കാൾ ഹെയിൻ ആണ് ആഴ്‌സണൽ രക്ഷകൻ ആയത്. ട്രൊസാർഡിന്റെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ 5-4 നു ആയിരുന്നു ആഴ്‌സണലിന്റെ ഷൂട്ട് ഔട്ട് ജയം. പ്രീ സീസണിൽ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ആഴ്‌സണൽ നേരിടുക.

ജോവൻ ഗാമ്പർ ട്രോഫി: കിരീടം നിലനിർത്തി ബാഴ്‌സലോണ, വരവറിയിച്ചു ലമീൻ യമാൽ

സീസണിന് ആരംഭം കുറിച്ച് ബാഴ്‌സലോണ സംഘടിപ്പിക്കുന്ന ജോവൻ ഗാമ്പർ ട്രോഫിയിൽ ആതിഥേയർക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു ബാഴ്‌സയുടെ ജയം. ലെവെന്റോവ്സ്കി, ഫെറാൻ ടോറസ്, ഫാറ്റി, ആബ്ദെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ടോട്ടനത്തിന്റെ ഗോളുകൾ ഒലിവർ സ്കിപ്പിലൂടെ ആയിരുന്നു. അവസാന പത്ത് മിനിറ്റുകൾ മാത്രം കളത്തിൽ എത്തിയ യുവതാരം ലമീൻ യമാൽ തന്റെ പ്രതിഭ ഒരിക്കൽ കൂടി പുറത്തെടുത്തു. ടീമുകൾ ഇനി ലീഗ് മത്സരങ്ങളിലേക്ക് തിരിയും.

ബാഴ്‌സയുടെ മുന്നറ്റങ്ങളോടെ തന്നെയാണ് മത്സരം തുടങ്ങിയത്. ഒളിമ്പിക് സ്റ്റേഡിയത്തിൽ മുപ്പതയ്യായിരത്തോളം കാണികൾ എത്തി. സീസണിൽ ബാഴ്‌സയുടെ തട്ടകം ഈ സ്റ്റേഡിയം ആയിരിക്കും. മൂന്നാം മിനിറ്റിൽ തന്നെ ലെവെന്റോവ്സ്കിയിലൂടെ ബാഴ്‌സ വല കുലുക്കി. വലത് വിങ്ങിലൂടെ കുതിച്ച റാഫിഞ്ഞ ഉയർത്തി നൽകിയ ബോളിൽ പോളിഷ് സ്‌ട്രൈക്കർ അനായാസം ലക്ഷ്യം കണ്ടു. പിന്നീട് റാഫിഞ്ഞക്ക് ലഭിച്ച സുവർണാവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 23ആം മിനിറ്റിൽ റെഗുലിയോണിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടുത്തിട്ടത് വലയിലേക്ക് എത്തിച്ച് സ്കിപ്പ് സ്‌കോർ സമനിലയിൽ ആക്കി. 27ആം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യാൻ സ്ഥാനം തെറ്റി നിന്ന കീപ്പറെ മറികടക്കാൻ റാഫിഞ്ഞ ശ്രമം നടത്തിയെങ്കിലും വിസാരിയോ മികച്ച ഒരു സേവിലൂടെ ടീമിന്റെ രക്ഷക്കെത്തി. 36 ആം മിനിറ്റിൽ പെരിസിച്ചിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് സ്കിപ്പ് വീണ്ടും ഗോൾ നേടി ടോട്ടനത്തിന് ലീഡ് സമ്മാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് കീപ്പർ മാത്രം മുന്നിൽ നിൽക്കെ മനോർ സോളോമന് ലഭിച്ച അവസരം താരം കീപ്പറുടെ നേരെ ആയി

രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. പെഡ്രിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന പോയി. പെഡ്രോ പൊറോയുടെ തകർപ്പൻ ശ്രമം റ്റെർ സ്റ്റഗൻ സേവ് ചെയ്തു. അലോൺസോയുടെ ത്രൂ ബോളിൽ റാഫിഞ്ഞയുടെ ശ്രമം സാഞ്ചസ് ക്ലിയർ ചെയ്തു. പകരക്കാരായി ലമീൻ യാമാൽ എത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. ഡിഫെൻസിൽ നിന്നും ഉയർത്തി നൽകിയ ബോൾ പിടിച്ചെടുത്ത് വലത് വിങ്ങിലൂടെ കുതിച്ച യമാൽ നൽകിയ പാസിൽ ഫെറാൻ ടോറസ് സമനില ഗോൾ നേടി. 90 ആം മിനിറ്റിൽ ഫാറ്റിയിലൂടെ ബാഴ്‌സ ലീഡ് തിരിച്ചു പിടിച്ചു. ഒരിക്കൽ കൂടി ലമീൻ യമാലിന്റെ നീക്കം നിർണായകമായപ്പോൾ ഫെറാൻ ടോറസിന്റെ അസിസ്റ്റിലാണ് ഫാറ്റി വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ മറ്റൊരു യുവതാരം ഫെർമിൻ ലോപസിന്റെ പാസിൽ ആബ്ദെ ഗോൾ നേടി പട്ടിക പൂർത്തിയാക്കി. മത്സരത്തിൽ വലിയൊരു ഭാഗം ലീഡ് കൈവശം വെച്ച ടോട്ടനം ബാഴ്‌സയെ വിറപ്പിച്ചു തന്നെയാണ് കീഴടങ്ങിയത്. സാവിയുടെ സബ്സ്റ്റിട്യൂട്ടുകൾ മത്സരത്തിൽ നിർണായകമായി. യുവതാരങ്ങൾ തിളങ്ങിയതോടെ ഗാമ്പർ ട്രോഫി വീണ്ടും ബാഴ്‌സയുടെ ഷെൽഫിൽ എത്തി.
(Pic credit: https://twitter.com/poblaugrana)

ഹാട്രിക്കുമായി ഹാരി കെയ്ൻ; ശക്തർ ഡൊണെസ്കിനെ തകർത്ത് ടോട്ടൻഹാം

സ്പർസിൽ നിന്നുള്ള കൂടുമാറ്റം ചൂടുപിടിച്ചിരിക്കെ ഇന്ന് നടന്ന പരിശീലന മത്സരത്തിൽ
ഹാട്രിക്ക് അടക്കം നാല് ഗോളുകൾ നേടി ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നുന്ന പ്രകടനം. താരത്തിന്റെ ഗോൾ അടക്കം ഒന്നിനെതിരെ അഞ്ച് എന്ന സ്കോറിന് ശക്തർ ഡൊണെസ്കിനെ ടോട്ടൻഹാം തകർത്തു വിട്ടു. ഇംഗ്ലീഷ് ടീമിന്റെ മറ്റൊരു ഗോൾ യുവതാരം ഡേൻ സ്‌കാർലറ്റ് നേടി. ശക്തറിന്റെ ആശ്വാസ ഗോൾ കെൽസിയുടെ പേരിൽ കുറിച്ചു. ജോവൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ ആണ് അടുത്ത മത്സരത്തിൽ ടോട്ടനത്തിന് നേരിടാൻ ഉള്ളത്.

പുതിയ താരം ജെയിംസ് മാഡിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടനം കളത്തിൽ എത്തിയത്. കെയിനിനൊപ്പം സോൺ, കുലുസെവ്സ്കി എന്നിവർ മുന്നേറ്റത്തിൽ എത്തി. മൂന്നാം മിനിറ്റിൽ തന്നെ കെയ്നിന്റെ ശ്രമം കീപ്പർ തടുത്തു. റിബൗണ്ടിൽ കിട്ടിയ അവസരം എമേഴ്‌സൻ തുലച്ചു. കീപ്പറുടെ കരങ്ങൾ ആണ് ആദ്യ ഗോൾ വീഴുന്നത് വരെ ശക്തറിനെ കാത്തത്. മാഡിസനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് 38ആം മിനിറ്റിൽ കെയ്ൻ ആദ്യ ഗോൾ നേടി. 45 ആം മിനിറ്റിൽ സികന്റെ തകർപ്പൻ ഒരു ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിൽ എത്തിച്ച് കെൽസി സ്‌കോർ തുല്യ നിലയിൽ ആക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോട്ടനം ലീഡ് വീണ്ടെടുത്തു. ശക്തറിന്റെ ഗോളിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ മാഡിസന്റെ ക്രോസിൽ തല വെച്ചാണ് കെയ്ൻ രണ്ടാം ഗോൾ നേടിയത്. 55ആം മിനിറ്റിൽ കുലുസെവ്സ്കിയുടെ അസിസ്റ്റിൽ കെയിൻ ഹാട്രിക് തികച്ചു. 80 ആം മിനിറ്റിൽ മനോർ സോളോമന്റെ ഷോട്ട് കീപ്പർ തടുത്തിട്ടപ്പോൾ കൃത്യമായി ഇടപെട്ടാണ് ഹാരി കെയ്ൻ തന്റെ അവസാന ഗോൾ കുറിച്ചത്. പിന്നീട് താരത്തിനെ പിൻവലിച്ച കോച്ച് ഡേൻ സ്കാർലറ്റിന് അവസരം നൽകി. വലിയ ഹർഷാരവത്തോടെയാണ് കെയ്നിന് ആരാധകർ വിടവാങ്ങൽ നൽകിയത്. കോച്ചിനെ വിശ്വാസം കാത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ തകർപ്പൻ ഒരു ഗോളിലൂടെ ഡേൻ പട്ടിക തികച്ചു.

ഗോൾ വല നിറച്ച് വമ്പന്മാർ, ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്

യൂറോപ്പിലെ വമ്പന്മാർ മുഖാ മുഖം വന്ന പ്രീ സീസൺ പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിലൂടെ ലിവർപൂളിനെ വീഴ്ത്തി ബയേൺ മ്യൂണിച്ച്. രണ്ടു തവണ പിറകിൽ നിന്നും തിരിച്ചു വന്ന ജർമൻ ചാമ്പ്യന്മാർക്കായി ഗ്നാബറി, സാനെ, സ്റ്റാനിസിച്ച് എന്നിവർ വല കുലുക്കിയപ്പോൾ അവസാന നിമിഷം വിജയ ഗോളുമായി യുവതാരം ക്രാറ്റ്സിഗ് വരവറിയിച്ചു. ലിവർപൂളിനായി ഗാക്പോ, വാൻ ഡൈക്ക്, ലൂയിസ് ഡിയാസ് എന്നിവർ ഗോൾ കണ്ടെത്തി. മത്സരത്തിന്റെ ഭാഗമായി “സിംഗപ്പൂർ ട്രോഫി” ബയേണിന് സമ്മാനിച്ചു.

സമ്പൂർണ ഫസ്റ്റ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. കിം മിൻ ജെ ബയേണിനായി തുടക്കത്തിൽ തന്നെ എത്തി. പുതിയ താരങ്ങൾ ആയ മാക് അലിസ്റ്റർ, സോബോസ്ലായി എന്നിവർ ലിവർപൂളിന്റെ മധ്യനിര നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ ഗോൾ വീണു തുടങ്ങി. ജോട്ടയുടെ പാസ് സ്വീകരിച്ചു പിച്ചിന്റെ ഇടത് ഭാഗത്ത് നിന്നും ബയേണിന്റെ നാലോളം പ്രതിരോധ താരങ്ങളെ പിന്തള്ളി കൊണ്ട് ബോക്സിലേക്ക് കയറിയാണ് ഗാക്പോ സ്‌കോർ ബോർഡ് തുറന്നത്. 28ആം മിനിറ്റിൽ റോബർട്സന്റെ കോർണറിൽ തല വെച്ച് വാൻ ഡൈക്ക് ലീഡ് ഇരട്ടിയാക്കി. എന്നാൽ പിന്നീട് ബയേൺ മത്സരത്തിലേക്ക് തിരിച്ചു വന്നു. 33ആം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നും കിം മിൻ ജെ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഗ്നാബറി അനായാസം വല കുലുക്കി. ഇടവേളക്ക് മുൻപ് ഇടത് വിങ്ങിലൂടെ മുന്നേറിയ ഗ്നാബറി ബോക്സിനുള്ളിൽ മാർക് ചെയ്യപെടാതെ നിന്ന സാനെക്ക് പന്ത് കൈമാറിയപ്പോൾ താരം ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയോടെ ടീമുകൾ നിരവധി മാറ്റങ്ങൾ കൊണ്ടു വന്നു. 66ആം മിനിറ്റിൽ സലയുടെ പാസിൽ നിന്നും ലൂയിസ് ഡിയാസ് വീണ്ടും ലിവർപൂളിന്റെ ലീഡ് തിരികെ പിടിച്ചു. 80ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നുള്ള ബയേണിന്റെ ശ്രമം കീപ്പർ തടുത്തപ്പോൾ തക്കം പ്രതിരുന്ന സ്റ്റാനിസിച്ച് ബയേണിന്റെ മൂന്നാം ഗോൾ കണ്ടെത്തി. പിറകെ ഗോൾ നേടാനുള്ള സുവർണാവസരം കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡാർവിൻ ന്യൂനസ് തുലച്ചു. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഡി ലൈറ്റിന്റെ ലോങ് ബോൾ നിയന്ത്രണത്തിലാക്കി കുതിച്ച ക്രാറ്റ്സിഗ് ബോക്സിലേക്ക് കയറി തൊടുത്ത മിന്നുന്നൊരു ഷോട്ടിലൂടെ ബയേൺ ജയമുറപ്പിച്ചു. പിറകെ കോമാന്റെയും മാസ്രോയിയുടെയും തുടർച്ചയായ അവസരങ്ങൾ അലിസൻ രക്ഷപ്പെടുത്തുകയും ചെയ്തു.

ഗോളുമായി ഫാറ്റി; മിലാനെതിരെ വിജയവുമായി ബാഴ്‌സലോണ

അമേരിക്കൻ മണ്ണിലെ അവസാന പ്രീ സീസൺ പോരാട്ടത്തിൽ മിലാനെ നേരിടാൻ ഇറങ്ങിയ ബാഴ്‌സലോണക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. രണ്ടാം പകുതിയിൽ ആൻസു ഫാറ്റി നേടിയ ഗോൾ ആണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇതോടെ സ്വദേശത്തേക്ക് മടങ്ങുന്ന ടീമുകൾ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടരും. ജോവാൻ ഗാമ്പർ ട്രോഫിയിൽ ടോട്ടനത്തെയാണ് ഇനി ബാഴ്‌സക്ക് നേരിടാൻ ഉള്ളത്. ട്രെന്റോ, നോവാര തുടങ്ങിയ ടീമുകളുമായി മിലാൻ പരിശീലന മത്സരത്തിൽ ഏർപ്പെടും.

ടീം വിടുമെന്ന് ഉറപ്പായ ഡെമ്പലെ ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. പുലിസിച്ച്, ലോഫറ്റസ് ചീക്, റെയ്ന്റെഴ്‌സ് തുടങ്ങി പുതിയ താരങ്ങളെ എല്ലാം മിലാൻ അണിനിരത്തി. തുടക്കത്തിൽ ബാഴ്‌സയുടെ സമ്പൂർണ ആധിപത്യം ആയിരുന്നു. മിലാൻ തുടർച്ചയായ പന്ത് നഷ്ടപ്പെടുത്തി. റാഫിഞ്ഞയിലൂടെ ആയിരുന്നു കൂടുതൽ മുന്നേറ്റങ്ങളും. മറു വശത്ത് ലിയവോയെ കണ്ടെത്താൻ മിലാൻ ബുദ്ധിമുട്ടി. ഒൻപതാം മിനിറ്റിൽ ബാഴ്‌സയുടെ കോർണർ മേഗ്നൻ തടുത്തു. പിന്നീട് മറ്റൊരു കോർണറിലൂടെ എത്തിയ പന്തിൽ കുണ്ടെയുടെ ശ്രമം പോസ്റ്റിൽ ഇടിച്ചു തെറിച്ചു. പതിയെ മിലാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. എതിർ ബോക്സിലേക്ക് തുടർച്ചയായ നീക്കങ്ങൾ എത്തി. 18 ആം മിനിറ്റിൽ മിലാന്റെ കോർണറിൽ ടോമോരിയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. കൗണ്ടറിൽ റാഫിഞ്ഞയിലൂടെ എത്തിയ നീക്കം പക്ഷെ ഫെറാൻ ടോറസിന് നിയന്ത്രിക്കാൻ ആയില്ല. മികച്ചൊരു നീകത്തിനൊടുവിൽ ദുഷകരമായ ആംഗിളിൽ നിന്നും ലിയാവോ തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തി. കൗണ്ടറിൽ നിന്നും ലിയാവോയുടെ ഷോട്ട് പോസ്റ്റിൽ നിന്നും അകന്ന് പോയി. 54ആം മിനിറ്റിൽ ഡി യോങ് ഉയർത്തി നൽകിയ ബോളിൽ അരോവോ ഹെഡർ ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടു പിറകെ ഫാറ്റിയുടെ ഗോൾ എത്തി. ഇടത് വിങ്ങിലൂടെ എത്തിയ നീകത്തിനൊടുവിൽ ബോക്സിലേക്ക് കയറി താരം തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. 65ആം മിനിറ്റിൽ റാഫിഞ്ഞ നയിച്ച മുന്നേറ്റം ലെവെന്റോവ്സ്കി ബോക്സിലേക്ക് ഉയർത്തി നൽകിയപ്പോൾ അരോഹോ വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചിരുന്നു. 75ആം മിനിറ്റിൽ മിലാന് സമനില ഗോൾ നേടാനുള്ള സുവർണാവസരം കൈവന്നു. ഡെസ്റ്റിന്റെ കാലുകളിൽ പന്ത് റാഞ്ചിയ റെയ്ന്റെഴ്‌സിൽ നിന്നും പാസ് സ്വീകരിച്ച് കുതിച്ച ലിയാവോ ബോസ്‌കിനുള്ളിൽ താരത്തിന് തന്നെ പന്ത് കൈമാറിയെങ്കിലും ഷോട്ട് ലക്ഷ്യത്തിൽ നിന്നും വളരെ അകന്ന് പോയി. പിന്നീടും ഇരു ഭാഗത്തും അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ ആക്കി മാറ്റുന്നതിൽ ടീമുകൾ പരാജയമായി. അവസാന അരമണിക്കൂറിൽ കഴിയുന്നത്രയും താരങ്ങൾക്ക് അവസരം നൽകാനാണ് ടീമുകൾ ശ്രമിച്ചതും.

കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബറിൽ യു എ ഇയിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂർ സെപ്റ്റംബറിൽ നടക്കുമെന്ന് Halfway Football റിപ്പോർട്ട് ചെയ്യുന്നു. ഡൂറണ്ട് കപ്പ് കഴിഞ്ഞ ശേഷമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ യാത്ര. പ്രീസീസൺ ടൂറിനായി ഇത്തവണയും യു എ ഇയിലേക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് യാത്ര ചെയ്യുന്നത്. യു എ ഇയിലേക്കോ ഖത്തറിലേക്കോ പോകാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ക്ഷണം ഉണ്ടായിരുന്നത്. കഴിഞ്ഞ പ്രീസീസൺ സാമ്പത്തികമായി വിജയമായിരുന്നത് കൊണ്ട് പരിശീലകൻ ഇവാൻ വുകമാനോവിച് ആ പ്രീസീസൺ യാത്രയിൽ സന്തുഷ്ടവനായതും കൊണ്ട്, കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും യു എ ഇ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

സെപ്റ്റംബർ 1നും 20നു ഇടയിൽ ആകും യു എ ഇ യാത്ര എന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്സ് യു എ ഇയിലെ ചില വലിയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും.യു എ ഇയിലെ ഒന്നാം ഡിവിഷനിലെ ടീമുകളുമായി തന്നെ ആകും സൗഹൃദ മത്സരങ്ങൾ.

കഴിഞ്ഞ പ്രീസീസൺ ടൂറിന് ഇടയിൽ ഇന്ത്യയെ ഫിഫ വിലക്കിയത് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിനെ ബാധിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സൗഹൃദ മത്സരങ്ങളും പദ്ധതി പ്രകാരം നടത്താൻ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. ഇത്തവണ അതിനൊക്കെ പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനാകും.

യു എ ഇയിൽ നടക്കുന്ന മത്സരങ്ങൾക്ക് ആരാധകർക്ക് പ്രവേശനം ഉണ്ടാകും. ഒപ്പം ബ്ലാസ്റ്റേഴ്സ് മത്സരം തത്സമയം ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ജൂലൈയിൽ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പ് പുനരാരംഭിക്കുകയും ചെയ്യും.

വിലക്ക് മാറി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ മത്സരം നടക്കാൻ സാധ്യത ഇല്ല

ഫിഫ വിലക്ക് കാരണം ഉപേക്ഷിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങൾ വിലക്ക് മാറി എന്നത് കൊണ്ട് നടക്കില്ല. നേരത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ മത്സരങ്ങൾ നടക്കില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളുടെ സമയം കഴിഞ്ഞു എങ്കിലും ഓഗസ്റ്റ് 28ന് നടക്കേണ്ട അവസാന പ്രീസീസൺ മത്സരം എങ്കിലും നടന്നിരുന്നു എങ്കിൽ ആരാധകർ പ്രത്യാശിച്ചു.

എന്നാൽ ഇനി സൗഹൃദ മത്സരം കളിക്കാൻ വീണ്ടും അനുമതി എടുക്കേണ്ടതുണ്ട് എന്നതിനാൽ 28നുള്ള മത്സരം നടത്താൻ ആയേക്കില്ല. കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ നിന്ന് തിരിച്ചുവരുന്നത് നീട്ടാൻ തീരുമാനിച്ച് പുതിയ സൗഹൃദ മത്സരങ്ങൾ സങ്കടിപ്പിക്കാൻ ശ്രമിച്ചാൽ മാത്രമെ യു എ ഇയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കാൻ സാധ്യതയുള്ളൂ.

അങ്ങനെ ഒരു പദ്ധതി ഉണ്ടാകും എന്ന് ക്ലബ് ഇതുവരെ സൂചന നൽകിയിട്ടില്ല. അൽനാസർ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നി ക്ലബുകളെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ നേരിടേണ്ടിയിരുന്നത്.

Exit mobile version